2017-10-16

മനുഷ്യര്‍ ജയിച്ചു, ബി ജെ പി തോറ്റു


ബി ജെ പിക്കും മുസ്‌ലിം ലീഗിന്റെ വിമതനെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തുവന്ന സ്വതന്ത്രനുമൊഴിച്ച് ബാക്കിയുള്ളവര്‍ക്കൊക്കെ വിജയം അവകാശപ്പെടാവുന്നതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഫലം. ലഭിച്ച വോട്ടുകളുടെ കണക്കിനെ മാത്രം അധികരിച്ചാണ് ഈ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗിന്റെ കെ എന്‍ എ ഖാദറിന് 23,310 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2016ല്‍ പി കെ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷവുമായി താരമ്യം ചെയ്യുമ്പോള്‍ 14,747 വോട്ട് കുറവ്. അത്രയും ഭൂരിപക്ഷം കുറക്കാനായത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലാത്തതിന് തെളിവായും കൂടുതലാളുകള്‍ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നതിന്റെ സൂചനയായും വിശദീകരിക്കാന്‍ സി പി എമ്മിനും ഇടത് ജനാധിപത്യ മുന്നണിക്കും സാധിക്കും. വേങ്ങര മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാ പഞ്ചായത്തിലും 2016നെ അപേക്ഷിച്ച് മുസ്‌ലിം ലീഗിന് വോട്ടുകുറഞ്ഞുവെന്നത് ഈ വാദത്തെ സാധൂകരിക്കുകയും ചെയ്യും.

എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി എന്ന തലപ്പൊക്കമുള്ള നേതാവ് മത്സരിക്കുമ്പോള്‍ കിട്ടുന്ന വോട്ട്, കെ എന്‍ എ ഖാദറിന് ലഭിക്കാതിരിക്കുക സ്വാഭാവികമാണ്. കെ എന്‍ എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ലീഗിലുണ്ടായ അതൃപ്തി കൂടി പരിഗണിക്കുമ്പോള്‍ വിജയത്തിന് തിളക്കമുണ്ടെന്ന് പറയേണ്ടി വരും.


2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 3049 വോട്ട് മാത്രം നേടിയ എസ് ഡി പി ഐ ഇക്കുറി 8648 വോട്ട് നേടി. വോട്ട് ഇരട്ടിയലധികം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. മുസ്‌ലിം ലീഗിനോടോ ലീഗ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ എ ഖാദറിനോടോ ഉള്ള അതൃപ്തി  എസ് ഡി പി ഐയുടെ പക്കലേക്ക് ചാഞ്ഞുവെന്ന് ചുരുക്കം. ബി ജെ പിക്ക് 1327 വോട്ട് കുറവാണ് 2016നെ അപേക്ഷിച്ച് ലഭിച്ചത്.


ഒരു മണ്ഡലത്തില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടക്കെ, ഐക്യ - ഇടത് മുന്നണികള്‍ അവരുടെ മുഴുവന്‍ കരുത്തും പ്രചാരണ രംഗത്ത് വിനിയോഗിക്കും. അതുകൊണ്ട് തന്നെ ബി ജെ പിക്ക് വോട്ട് കുറയുക സ്വാഭാവികമാണ്. എന്നാല്‍ വേങ്ങര തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഭിന്നമാണ്.  ബി ജെ പി സകലശക്തിയും സമാഹരിച്ച്, കേരളത്തില്‍ പ്രചാരണം ആരംഭിക്കുകയും സാധ്യമായ എല്ലാ വിഷയങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയും ചെയ്ത സമയമായിരുന്നു ഇത്. അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിങ്ങനെ ബി ജെ പിയുടെ ഏതാണ്ടെല്ലാ കേന്ദ്ര നേതാക്കളും കേരള പര്യടനം നടത്തിയ സമയം. അതൊന്നും ചെറിയ ചലനം പോലും വേങ്ങരയിലുണ്ടാക്കിയില്ല, ബി ജെ പിക്ക് വോട്ട് കുറയുകയും ചെയ്തു. അവരുടെ വര്‍ഗീയ അജന്‍ഡയെ നിരസിക്കേണ്ടതുണ്ടെന്ന് ചെറു ശതമാനം ബി ജെ പി അനുഭാവികള്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതാണ്  വേങ്ങര നല്‍കുന്ന വലിയ വിജയം.


ഈ വിജയത്തിനൊരു മറുവശമുണ്ട്. അത് എസ് ഡി പി ഐയുടെ വോട്ടിലുണ്ടായ വര്‍ധനയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ ഒമ്പതിനായിരത്തിലധികം വോട്ട് എസ് ഡി പി ഐ നേടിയിരുന്നു. എസ് ഡി പി ഐയുടെ നേതൃനിരയില്‍ പ്രധാനിയായ നാസറുദ്ദീന്‍ എളമരമാണ് അന്ന് മത്സരിച്ചത്. പരമാവധി വോട്ട് സമാഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ അവര്‍ നടത്തിയ പ്രചാരണം ലക്ഷ്യം കണ്ടതിന്റെ ഫലമായിരുന്നു ആ വോട്ട്. അത്രത്തോളമെത്താന്‍ അവര്‍ക്ക് സാധിച്ചില്ല ഇക്കുറിയെങ്കിലും ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ തള്ളിക്കളഞ്ഞതുപോലെ അതിനെ പ്രതിരോധിച്ചുകൊണ്ട് എസ് ഡി പി ഐ നടത്തിയ തീവ്ര പ്രചാരണം തള്ളിക്കളയപ്പെട്ടില്ല. എസ് ഡി പി ഐയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ മുസ്‌ലിം ലീഗിന് സാധിച്ചില്ല എന്നതാണ് വസ്തുത. അവര്‍ക്ക് ഗുണം ചെയ്യും വിധത്തില്‍, തീവ്ര നിലപാടെടുക്കാന്‍ മുസ്‌ലിം ലീഗിലെ ചില നേതാക്കളെങ്കിലും തയ്യാറാകുകയും ചെയ്തു.


ഈ തിരഞ്ഞെടുപ്പുകാലത്ത് സജീവമായി നിന്ന ഹാദിയ കേസിലും കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും എസ് ഡി പി ഐ പൊതുവിലെടുത്ത നിലപാട്, ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആര്‍ എസ് എസ്സിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതായിരുന്നു. ഇതേ അഭിപ്രായം ആവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെപ്പോലുള്ളവര്‍ മടി കാണിക്കാതിരുന്നത്, വേങ്ങരയിലെ മുസ്‌ലിംകള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് എസ് ഡി പി ഐക്കുണ്ടായ വോട്ട് വര്‍ധന. ഹാദിയ കേസില്‍ കൃത്യസമയത്ത് നിലപാടെടുക്കാന്‍ സി പി എം നേതൃത്വം മടി കാണിച്ചതും കൊടിഞ്ഞി ഫൈസല്‍ വധത്തിലും തുടര്‍ന്നുണ്ടായ പ്രതികാരക്കൊലയിലും പൊലീസിന്റെ ഭാഗത്തുണ്ടായ യുക്തിക്ക് നിരക്കാത്ത നടപടികളെ തിരുത്തുന്നതില്‍ ഭരണനേതൃത്വം കൃത്യസമയത്ത് ഇടപെടാതിരുന്നതും അനുകൂലമാക്കാന്‍ എസ് ഡി പി ഐക്ക് സാധിച്ചിട്ടുണ്ട്. അതിലേക്ക് എരി പകരുന്നതായിരുന്നു ലീഗ് നേതാക്കളില്‍ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍. ഈ സാഹചര്യം തുടരുന്നത്, ഇടതുപക്ഷത്തിനല്ല, മുസ്‌ലിം ലീഗിനും അതുള്‍ക്കൊള്ളുന്ന യു ഡി എഫിനുമാണ് ഭാവിയില്‍ കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വോട്ടുകളില്‍ വലിയൊരളവ് യു ഡി എഫിന്റേതായിരുന്നുവെന്ന് ഓര്‍ക്കുക. ആഘാതമുണ്ടാകുക മലപ്പുറത്തായിക്കൊള്ളണമെന്നില്ലെന്ന് മാത്രം.


എല്‍ ഡി എഫിനെ സംബന്ധിച്ച്, വേങ്ങരയിലെ ലീഡ് കുറക്കാനായത് അവരുടെ ഭരണത്തിനുള്ള അംഗീകാരമായി പ്രചരിപ്പിക്കാന്‍ സാധിക്കും. ലീഗിന്റെ ശക്തിദുര്‍ഗമായ മണ്ഡലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കാനായെന്നും അവകാശപ്പെടാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചതില്‍ ന്യൂനപക്ഷങ്ങള്‍ വലിയ പങ്കു വഹിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് പറയുകയും ചെയ്യാം. എന്നാല്‍, അതിന് ഉതകുന്ന വിധത്തിലുള്ള നയ നിലപാടുകളാണോ ഭരണത്തിലിരുന്ന ഒന്നര വര്‍ഷത്തിനിടെ സി പി   എമ്മിന്റെ ഭാഗത്തു നിന്നും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായത് എന്ന ഗൗരവമായ ആലോചനക്ക് അവരെ പ്രേരിപ്പിക്കേണ്ടത് കൂടിയാണ് വേങ്ങരയില്‍ ലഭിച്ച അധിക വോട്ട്. ഒപ്പം മതനിരപേക്ഷ നിലപാടിനൊപ്പം നിന്ന 18 ശതമാനത്തോളം വരുന്ന വേങ്ങരയിലെ മുസ്‌ലിം ഇതര വോട്ടര്‍മാരുടെ നിലപാടും പ്രത്യേകമായി ഇടതുപക്ഷം കണക്കിലെടുക്കേണ്ടതുണ്ട്. സംഘ് അജന്‍ഡകളെ അവരില്‍ വലിയൊരു വിഭാഗം നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നിന്ന് യു ഡി എഫ്, വിശിഷ്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേകിച്ച് പാഠങ്ങളൊന്നും ഉള്‍ക്കൊണ്ടിട്ടില്ലെന്ന തോന്നല്‍ വോട്ടര്‍മാരിലുണ്ടന്ന തിരിച്ചറിവാണ് ആ മുന്നണിക്കും അതിലെ വലിയ കക്ഷികളിലൊന്നായ ലീഗിനുമുണ്ടാകേണ്ടത്. ലീഗിതര വോട്ടുകളെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ ബാധ്യതപ്പെട്ട കോണ്‍ഗ്രസിന്റെ പരാജയം കൂടിയാകാം വേങ്ങരയിലെ ഭൂരിപക്ഷത്തിലുണ്ടായ ചോര്‍ച്ച. അതിക്കുറി ബി ജെ പിയിലേക്ക് പോയില്ലെന്ന് മാത്രം. സോളാര്‍  തട്ടിപ്പുമായി ബന്ധപ്പെട്ട് അഴിമതി - ലൈംഗിക ആരോപണങ്ങള്‍ നേരിടുകയാണ് കോണ്‍ഗ്രസിന്റെ നേതൃനിര. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് പുറമെ. ഇത് കോണ്‍ഗ്രസിനെ മാത്രമല്ല, യു ഡി എഫിനെയും ദുര്‍ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ലീഗിന്റെ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തില്‍ ഭൂരിപക്ഷം പതിനാലായിരത്തിലധികം കുറയുന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. അതു തിരിച്ചറിയുന്നതില്‍ ലീഗിനൊപ്പം ഉത്തരവാദിത്തം കോണ്‍ഗ്രസിനുമുണ്ട്.


രാജ്യത്താകെ മറുശബ്ദമില്ലാതാക്കിക്കൊണ്ടിരുന്ന നരേന്ദ്ര മോദിയും സംഘ്പരിവാരവും പല കാരണങ്ങളാല്‍ പ്രതിരോധത്തിലാകുകയാണ്. സാമ്പത്തിക വളര്‍ച്ച മുരടിക്കുകയും ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ അപാകം മൂലം വ്യാപാര - വാണിജ്യ സമൂഹം അതൃപ്തിയിലാകുകയും തൊഴിലില്ലായ്മ വര്‍ധിച്ചത് യുവാക്കളെ അസന്തുഷ്ടരാക്കുകയും ചെയ്തതാണ് മൂന്നര വര്‍ഷത്തിന് ശേഷം പ്രതിപക്ഷ ശബ്ദത്തിന് മുഴക്കമുണ്ടാക്കിയത്. അതിന്റെ ഫലം കൂടിയാണ് വേങ്ങരക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കണ്ടത്. 2014ല്‍ ബി ജെ പിയുടെ വിനോദ് ഖന്ന 1,36,065 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സുനില്‍ ഝാക്കര്‍ 1,93,219 വോട്ടിന് വിജയിച്ചു. വിനോദ് ഖന്ന അന്തരിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഏതാനും മാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ തുടര്‍ച്ചയാണിതെന്ന് ബി ജെ പിക്ക് വാദിക്കാമെങ്കിലും സുനില്‍ ഝാക്കറിന് ലഭിച്ച വലിയ ഭൂരിപക്ഷം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോടുള്ള ജനത്തിന്റെ കൃത്യമായ വിയോജിപ്പിന് ദൃഷ്ടാന്തമാണെന്ന് വസ്തുതകള്‍ വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാകും.


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വൈകാതെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഹുല്‍ ഗാന്ധി, മുന്‍കാലത്തില്‍ നിന്ന് ഭിന്നമായി നേതൃഗുണം പ്രകടിപ്പിക്കുകയും യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന്റെ വാക്കുകള്‍ക്ക് മുന്‍കാലത്തില്ലാത്ത പ്രാധാന്യം മാധ്യമങ്ങളിലും സമൂഹത്തിലും ലഭിക്കുകയും ചെയ്യുന്നു. അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രാഹുലിന്റെ സന്ദര്‍ശനങ്ങള്‍ ആളെക്കൂട്ടുകയും ചെയ്യുന്നു. ഇവ്വിധമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിയാത്തത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമായിരിക്കും. തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. വേങ്ങരയിലെ യു ഡി എഫിന്റെ ഭൂരിപക്ഷം കുറക്കാന്‍ തീരുമാനിച്ചപ്പോള്‍ വേങ്ങരയിലെ വോട്ടര്‍മാര്‍ അതേക്കുറിച്ച് കൂടി ചിന്തിച്ചിട്ടുണ്ടാകും.


മുസ്‌ലിം ലീഗിലെ അധികാരഘടനയിലും വേങ്ങര (സ്ഥാനാര്‍ഥി നിര്‍ണയവും ഭൂരിപക്ഷവും) ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എല്ലാ തീരുമാനവും പി കെ കുഞ്ഞാലിക്കുട്ടിയുടേതായിരുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്ന് ഇവിടം ആവര്‍ത്തിക്കുന്നു. ഈ ഘടനാമാറ്റത്തെ ലീഗ് എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നത് കുടിയാണ് വേങ്ങരാനന്തരം കേരള രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്.

2017-10-09

ഘര്‍വാപ്പസി: നിശ്ശബ്ദതയുടെ അര്‍ഥമെന്ത്?


'മുസ്‌ലിംകളെല്ലാം ഭീകരരല്ല, എന്നാല്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യം അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ. നരേന്ദ്ര മോദി സമവാക്യമായി അവതരിപ്പിക്കുന്നതിന് ഏറെ മുമ്പ് തന്നെ രാജ്യത്ത് ഇത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. എവിടെ സ്‌ഫോടനമുണ്ടായാലും അതിന്റെ ഭൗതിക ആഘാതം മുഴുവനായി പുറത്തുവരും മുമ്പേ തന്നെ, ആസൂത്രണം ചെയ്ത മുസ്‌ലിം ഭീകരവാദ സംഘടനകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ റിപ്പോര്‍ട്ടുകളെ സാധൂകരിക്കും വിധത്തില്‍, പൊലീസ് അറസ്റ്റുകള്‍ നടത്തുന്നതായിരുന്നു പതിവ്. ഇതിങ്ങനെ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. അതിലൂടെ ഒരു സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി, വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ഭൂരിപക്ഷമതത്തെ ഒരു പക്ഷത്തേക്ക് നിര്‍ത്തി കരുത്താര്‍ജിക്കാനുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘും പരിവാര സംഘടനകളും ശ്രമിച്ചത്.


മലേഗാവ്, മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലും സംഝോത എക്‌സ്പ്രസിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലയാണെന്ന അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങള്‍ പുറത്തുവരികയും ഈ സ്‌ഫോടനങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ച് സ്വാമി അസിമാനന്ദ കുറ്റസമ്മതമൊഴി നല്‍കുകയും ചെയ്തതോടെ 'ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന് ആവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി. വിവിധ സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘകാലം വിചാരണത്തടവ് അനുഭവിക്കേണ്ടി വന്ന മുസ്‌ലിം ചെറുപ്പക്കാരെ കോടതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയക്കുന്നതിന്റെ എണ്ണം കൂടിയതും സംഘ പ്രചാരണത്തിന്റെ മുനയൊടിച്ചു. ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും പ്രജ്ഞാ സിംഗ്, കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി അസിമാനന്ദ തുടങ്ങിയ ഏതാനും പേര്‍ അറസ്റ്റിലാകുകയും ചെയ്തതിന് ശേഷം രാജ്യത്ത് സ്‌ഫോടനങ്ങളുടെ എണ്ണം കുറഞ്ഞുവെന്നത് വസ്തുതയായി രാജ്യത്തിന് മുന്നിലുണ്ട് താനും.


സ്വാതന്ത്ര്യാനന്തരം രാജ്യത്ത് പലഭാഗത്തായി അരങ്ങേറിയ വര്‍ഗീയ കലാപങ്ങളുടെയെല്ലാം ഒരു വശത്ത് ആര്‍ എസ് എസ് ഉണ്ടായിരുന്നുവെന്നും പലേടത്തും കലാപം അവരുടെ സൃഷ്ടിയായിരുന്നുവെന്നും വിവിധ ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചതിലെ പങ്ക് കണക്കിലെടുത്താല്‍ ഹിന്ദുത്വ ഭീകരതയുടെ ചരിത്രം അന്ന് തുടങ്ങുന്നുവെന്ന് പറയാം. എങ്കിലും അതൊരു മൂര്‍ത്തരൂപമായി ഇന്ത്യന്‍ സമൂഹത്തിന് മുന്നിലെത്തുന്നത് 2007ലാണ്, 'കാവി ഭീകരത' എന്ന പ്രയോഗം 2002ല്‍ വ്യവഹരിക്കപ്പെട്ടു തുടങ്ങിയെങ്കിലും. മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 2008ല്‍ പ്രഗ്യാ സിംഗ് അറസ്റ്റിലാകുന്നതോടെയാണ് ഭീകരാക്രമണങ്ങളില്‍ പരിവാര്‍ സംഘടനകളുടെ പങ്കാളിത്തം പതുക്കെ പുറത്തേക്കുവരുന്നത്.


സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാന്‍ഗ്രെ,  സുനില്‍ ജോഷി, നരേഷ് കോണ്ട്വാര്‍, ഹിമാംശു പാന്‍സെ, സുധാകര്‍ ദ്വിവേദി എന്നിങ്ങനെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നിരവധി പേരെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ന്ന് വന്നു. അഭിനവ് ഭാരതിന് പുറമെ സനാതന്‍ സന്‍സ്ഥ, ബജ്‌റംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ക്കും ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളതായി വിവിധ കേസുകളിലെ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇന്ദ്രേഷ് കുമാര്‍ മുതല്‍ ഇപ്പോഴത്തെ സര്‍ സംഘ് ചാലക് മോഹന്‍ ഭഗവത് വരെയുള്ളവരുടെ പേരുകള്‍ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതമൊഴിയില്‍ ഉള്‍പ്പെടുകയും ചെയ്തു.


ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും 'ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യം വൈരുദ്ധ്യത്തെ നേരിടുകയും ചെയ്ത 2008ന് പിറകെയാണ് ലവ് ജിഹാദ് പ്രചാരണം ആരംഭിക്കുന്നത്. ഇത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. ഭീകരതയുടെ പേരില്‍ ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്നത് ഇനിയുമങ്ങോട്ട് എളുപ്പമാകില്ലെന്ന തോന്നലില്‍, കുറേക്കൂടി എളുപ്പത്തില്‍ നടത്താവുന്ന, വിഷാംശം കൂടുതലുള്ള പ്രചാരണം ആരംഭിച്ചതാകണം. അത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഫലം കണ്ടു, കേരളത്തില്‍. അതുകൊണ്ടാണ് അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ ഉള്‍ക്കൊള്ളിച്ച്  സംഘ ബന്ധമുള്ള ചില വെബ്‌സൈറ്റുകള്‍ ആരംഭിക്കുകയും കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത പ്രചാരണത്തിന് സാധൂകരണം നല്‍കും വിധത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരള കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സും രംഗത്തുവന്നത്. കേരളത്തിലും കര്‍ണാടകത്തിലും 2009ല്‍ ആരംഭിച്ച ഈ പ്രചാരണം, പിന്നീട് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍ പ്രദേശില്‍ ആവര്‍ത്തിച്ചു. അതിന്റെ മറവില്‍ സൃഷ്ടിച്ച വര്‍ഗീയ സംഘര്‍ഷത്തിന്റെ മുതലെടുപ്പിന് ലോക് സഭാ തെരഞ്ഞെടുപ്പ് വേദിയാകുകയും ചെയ്തു.


2009ല്‍ കേരളത്തിലും കര്‍ണാടകത്തിലും ആരംഭിച്ച പ്രചാരണത്തിന്, ആധികാരികതയുടെ സ്പര്‍ശം നല്‍കുന്നതില്‍ നീതിന്യായ സംവിധാനത്തിന്റെ ഇടപെടലും വലിയ പങ്കുവഹിച്ചിരുന്നു. പത്തനംതിട്ടയിലെ രണ്ട് പെണ്‍കുട്ടികളെ മതംമാറാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ മുസ്‌ലിംകളായ രണ്ട് ചെറുപ്പക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, കേരളത്തില്‍ 'ലവ് ജിഹാദ്' അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷത്തിനിടെ നടന്ന മതപരിവര്‍ത്തനങ്ങളില്‍ 'ലവ് ജിഹാദി'ന്റെ സാന്നിധ്യമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉത്തരവിട്ടു. 'ലവ് ജിഹാദി'നായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഇതിനായി വിദേശത്തു നിന്ന് പണം വരുന്നുണ്ടോ എന്നും അന്വേഷിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.


ഇക്കാര്യത്തില്‍ അന്നത്തെ ഡി ജി പി നല്‍കിയ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി നിരസിച്ച കോടതി, പിന്നീട് എല്ലാ ജില്ലാ പൊലീസ് മേധാവികളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പതിനാല് ജില്ലാ പൊലീസ് മേധാവിമാരും ഇത്തരം സംഗതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ണാടകത്തില്‍ ഈ പ്രചാരണം നടക്കുമ്പോള്‍ ബി ജെ പി നേതാവ് ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിയും വി എസ് ആചാര്യ ആഭ്യന്തര മന്ത്രിയുമായിരുന്നു. ആ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഐ ഡി) അന്വേഷണം ഒന്നും കണ്ടെത്താതെയാണ് അവസാനിച്ചത്.


നിയമപരമായ നടപടികള്‍ അങ്ങനെ അവസാനിച്ചുവെങ്കിലും അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനുള്ള മുഖ്യ ആയുധമായി ഇതിനെ സംഘ്പരിവാരം നിലനിര്‍ത്തുകയായിരുന്നു. അതിനെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഹാദിയയും ആതിരയും ഉള്‍പ്പെട്ട കേസുകള്‍ അതിനൊരു അവസരം നല്‍കിയെന്ന് മാത്രം. ആ അവസരം നിഷേധിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പക്ഷത്തുനില്‍ക്കാനുമുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു കേരളത്തിലെ സമൂഹത്തിനും അതില്‍ സജീവമായ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും. എന്നാല്‍ വേണ്ട സമയത്ത് ഈ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടതുകൊണ്ടാണ്, സമൂഹത്തിലാകെ സംശയം വിതറാന്‍ പാകത്തില്‍ ഈ രണ്ടു കേസുകളെ ഉപയോഗിക്കാന്‍ സംഘ്പരിവാരത്തിന് സാധിച്ചത്.


2009ല്‍ 'ലവ് ജിഹാദ്' എന്ന വ്യാജ പ്രചാരണം ആരംഭിച്ച സമയത്തും സ്വന്തം ഉത്തരവാദിത്തത്തോട് നീതിപുലര്‍ത്തിയിരുന്നില്ല മതനിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍. ഹിന്ദു സമൂഹത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമാണ്, സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ജനത്തെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള സ്വന്തം കഴിവിലുള്ള വിശ്വാസത്തേക്കാള്‍ അവരെ ഭരിച്ചത്. ഇപ്പോഴും അതുതന്നെ ഭരിക്കുന്നു. മുമ്പ്, ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം, അന്വേഷണങ്ങള്‍ ആരംഭിക്കും മുമ്പ് മുസ്‌ലിംകളില്‍ ചുമത്തി ആ സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയപ്പോഴും ഇതേ മനോഭാവമാണ് മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ കാട്ടിയത്. ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍പ്പോലും യഥാവിധി അന്വേഷണം നടത്തി, വസ്തുത പുറത്തുകൊണ്ടുവരാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ കാട്ടിയില്ലെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.


'ലവ് ജിഹാദ്' പ്രചാരണത്തിന് കാറ്റുപിടിപ്പിക്കാന്‍ പാകത്തില്‍ നിസ്സംഗത പാലിച്ച മത നിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍, ഇതര മതസ്ഥരെ പ്രണയിക്കുകയോ അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ (ആണ്‍കുട്ടികളെയും) തടവില്‍പാര്‍പ്പിച്ച് കടുത്ത പീഡനങ്ങളേല്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഉയരുമ്പോഴും നിസ്സംഗത തുടരുകയോ പേരിനു മാത്രം പ്രതികരിച്ച് പിന്‍വാങ്ങുകയോ ചെയ്യുകയാണ്. 'ലവ് ജിഹാദ്' പ്രചാരണത്തെ സാധൂകരിക്കാന്‍ വളരെ വേഗം രംഗത്തെത്തിയവര്‍, ഈ നിയമവിരുദ്ധതക്ക് മുന്നില്‍ മൗനം പാലിക്കുന്നു.


പരാതി പരിഗണിച്ച നീതിന്യായ സംവിധാനം സംഗതി ഗൗരവമേറിയതെന്ന നിരീക്ഷണം നടത്തി, അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കി കാത്തിരിക്കുന്നു. ലവ് ജിഹാദെന്ന പ്രചാരണം കണക്കിലെടുത്ത് ഡി ജി പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ജാഗ്രത, 'ഘര്‍ വാപ്പസി' കേന്ദ്രത്തിന്റെ കാര്യത്തില്‍ നീതിന്യായ സംവിധാനത്തിനുണ്ടായോ എന്ന് സംശയം. മൂന്ന് പെണ്‍കുട്ടികളും   ശിവശക്തി യോഗ കേന്ദ്രത്തിലെ (എറണാകുളത്തെ ഘര്‍ വാപ്പസി കേന്ദ്രം) മുന്‍ ജീവനക്കാരനും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും  കാര്യക്ഷമമായ അന്വേഷണത്തിന് പോലീസ് അറയ്ക്കുന്നു. ഈ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നും  അവരുടെ നഗ്നചിത്രങ്ങളെടുത്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടും സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമെന്ന് പ്രഖ്യാപിച്ച ഇടത് മുന്നണിയും അതിന്റെ മുഖ്യമന്ത്രിയും അന്വേഷണം ഊര്‍ജിതമാക്കാന്‍ പാകത്തില്‍ നടപടി സ്വീകരിക്കുന്നില്ല.


'ഘര്‍ വാപ്പസി' കേന്ദ്രത്തിനെതിരായ പരാതിയില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാതിരിക്കുമ്പോള്‍ 'ലവ് ജിഹാദ്' എന്ന വ്യാജത്തെ പരോക്ഷമായി അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയണം. ഹാദിയക്ക് തടങ്കല്‍ വിധിച്ച നീതിന്യായ സംവിധാനവും 'ഘര്‍ വാപ്പസി' കേന്ദ്രങ്ങളെ പരോക്ഷമായി സാധൂകരിക്കുകയാണ്. രാഷ്ട്രീയ, ഭരണ, നിയമപാലന, നീതിന്യായ സംവിധാനങ്ങളൊക്കെ, ഏറിയും കുറഞ്ഞും ഭൂരിപക്ഷ വര്‍ഗീയതയോട് ചാഞ്ഞുനില്‍ക്കുന്നുവെന്ന പല്ലവി കൂടുതല്‍ അര്‍ഥവത്താക്കുകയാണ് ഈ സാഹചര്യം. ജനാധിപത്യ- മതനിരപേക്ഷ സങ്കല്‍പ്പം, ഭൂരിപക്ഷ വര്‍ഗീയതയില്‍ അധിഷ്ഠിതമായ ജനാധിപത്യ, മതനിരപേക്ഷ സങ്കല്‍പ്പമെന്ന് തിരുത്തി വായിക്കേണ്ടിവരും.

2017-09-26

മേരെ പ്യാരെ ദേശ് വാസിയോം...നിക്കര്‍ കീറി


അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച് പെട്രോളും ഡീഡലും മണ്ണെണ്ണയും പ്രകൃതി വാതകവുമൊക്കെയാക്കി ചില്ലറ വിപണിയില്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതായിരുന്നു കുറച്ച് വര്‍ഷം മുമ്പ് വരെയുള്ള പതിവ്. ഇവക്കൊക്കെ നല്‍കേണ്ട സബ്‌സിഡി നിശ്ചയിക്കുക സര്‍ക്കാറായിരിക്കും. സബ്‌സിഡി നല്‍കി ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോഴുമ്പോള്‍ എണ്ണ വിതരണക്കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തി നല്‍കും. പെട്രോളിനുള്ള സബ്‌സിഡി രണ്ടാം യു പി എ സര്‍ക്കാര്‍ ഇല്ലാതാക്കി. ഡീസലിന്റേത് നരേന്ദ്ര മോദി സര്‍ക്കാറും. ഇറക്കുമതി ചെയ്യാനും സംസ്‌കരിക്കാനും വിതരണം ചെയ്യാനുമുള്ള ചെലവ് കണക്കാക്കി ഇവ രണ്ടിന്റെയും വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കായി. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ തോതില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. ഇനി വേണം കണക്കുകളിലേക്ക് വരാന്‍.


പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഇനത്തില്‍ 2009ല്‍ കേന്ദ്ര സര്‍ക്കാറിനുണ്ടായിരുന്ന ബാധ്യത ഒരു ലക്ഷത്തി മൂവായിരം കോടി രൂപയായിരുന്നു. അന്ന് അസംസ്‌കൃത എണ്ണക്ക് ബാരലിന് 140 ഡോളറായിരുന്നു വില. 2010ല്‍ സബ്‌സിഡി ബാധ്യത 46,000 കോടിയായി. ഇത്രയും വലിയ ബാധ്യത സബ്‌സിഡി ഇനത്തില്‍ പേറുമ്പോഴും അസംസ്‌കൃത എണ്ണയുടെ എക്‌സൈസ് നികുതി കുറച്ച്, പെട്രോളിന്റെയും ഡീസലിന്റെയും വില പിടിച്ചു നിര്‍ത്തിയിരുന്നു അന്നത്തെ യു പി എ സര്‍ക്കാര്‍.


അസംസ്‌കൃത എണ്ണക്ക് ബാരലിന് ഇപ്പോള്‍ 56 ഡോളര്‍ വരെയാണ് വില. നാല്‍പ്പത് ഡോളര്‍ വരെ താഴ്ന്നതിന് ശേഷമാണ് ഉയര്‍ന്നത്. ഇനിയും ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. പെട്രോളിനും ഡീസലിനും സബ്ഡിയില്ലാത്തതിനാല്‍ ആ ബാധ്യത കേന്ദ്ര സര്‍ക്കാറിനില്ല. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി പരിമിതപ്പെടുത്തകയാല്‍ അതുവഴിയുള്ള ബാധ്യതയും കുറവ്. ശരാശരി 50,000 കോടി രൂപയുടെ ബാധ്യതയില്‍ നിന്ന് കേന്ദ്ര ഖജനാവ് ഒഴിവായെന്ന് കണക്കാക്കാം. അസംസ്‌കൃത എണ്ണക്കുമേലുള്ള എക്‌സൈസ് നികുതി പലകുറി ഉയര്‍ത്തിയതു വഴി ഖജനാവിലേക്ക് കിട്ടുന്ന വരുമാനം ലാഭവും. 2015 - 16 സാമ്പത്തിക വര്‍ഷത്തില്‍ എക്‌സൈസ് നികുതി വഴി കേന്ദ്രം സമാഹരിച്ചത് 1.99 ലക്ഷം കോടി രൂപയാണ്. ഒഴിവായ സബ്‌സിഡി ബാധ്യത കൂടി കണക്കിലെടുത്താല്‍ ലാഭക്കണക്ക് രണ്ടര ലക്ഷം കോടിയാകും.


2016 - 17ല്‍ ഈ തുക ഉയരാനേ സാധ്യതയുള്ളൂ. രണ്ടു വര്‍ഷം കൊണ്ട് ചുരുങ്ങിയത് അഞ്ച് ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവില്‍ അധികമായുണ്ടായി. എക്‌സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലും ഏതാണ്ട് രണ്ടര ലക്ഷം കോടി കേന്ദ്ര ഖജനാവില്‍ അധികമായെത്തും.


ഇനി നോക്കേണ്ടത് ധനക്കമ്മിയുടെ കണക്കാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമായി ധനക്കമ്മി പരിമിതപ്പെടുത്തണമെന്ന നിയമം (ധന ഉത്തരവാദിത്ത നിയമം) പാര്‍ലിമെന്റ് പാസ്സാക്കിയിട്ട് ദശകങ്ങളായി. ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. നടപ്പു സാമ്പത്തിക വര്‍ഷം (2017-18) ധനക്കമ്മി 3.2 ശതമാനമായി ചുരുക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ഏപ്രില്‍ ഒന്നിന് ധനകാര്യ വര്‍ഷം തുടങ്ങി ജൂലൈ 31 ആകുമ്പോഴേക്കും (നാല് മാസം) ബജറ്റില്‍ പറഞ്ഞ ധനക്കമ്മിയുടെ 92.4 ശതമാനമായി(ഏതാണ്ട് 5.05 ലക്ഷം കോടി). ബജറ്റ് പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നാല്‍ ബാക്കി എട്ട് മാസം കൊണ്ട് വരുത്താവുന്ന ധനക്കമ്മി 7.6 ശതമാനം മാത്രം. 3.2ശതമാനമെന്ന ലക്ഷ്യത്തില്‍ ഉറച്ചുനിന്നാല്‍ വലിയതോതില്‍ ചെലവ് ചുരുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള  യാത്രയുടെ വേഗം കൂടും.


കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ ധനക്കമ്മി 3.2 ശതമാനമാക്കുക എന്ന ലക്ഷ്യം മറന്ന് 50,000 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷം അധികമായി ചെലവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ വലുപ്പം കണക്കിലെടുത്താല്‍ 50,000 കോടി രൂപയെന്നത് വലിയൊരു തുകയല്ല. ദേശീയ പാതാ വികസനം, റെയില്‍വേയിലെ നടപ്പു പദ്ധതികള്‍ തുടങ്ങിയവ വേഗത്തിലാക്കാന്‍ പോലും ഈ തുക മതിയാകില്ല. മാത്രമല്ല, അധികമായി അനുവദിക്കുന്ന പണത്തില്‍ വലിയൊരു ഭാഗം ഭരണ നടപടികളുടെ ചെലവിലേക്ക് മാറ്റിവെക്കേണ്ടിയും വരും. പ്രതിസന്ധിയുടെ ആഴമറിഞ്ഞുള്ള മരുന്നല്ല ധനമന്ത്രി കുറിക്കുന്നത് എന്ന് ചുരുക്കം. വരുത്താവുന്ന ധനക്കമ്മിയുടെ 92.4 ശതമാനത്തിലേക്ക് എത്താന്‍ പാകത്തില്‍ ധനവിനിയോഗം ആദ്യത്തെ നാല് മാസം കൊണ്ട് നടത്തുകയും ആദ്യ പാദത്തില്‍ വളര്‍ച്ച ചുരുങ്ങുകയും ചെയ്തുവെങ്കില്‍, ബാക്കിയുള്ള എട്ട് മാസം 50,000 കോടി അധികമായി ചെലവിട്ടതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകാനില്ല.


2014ലും 2015ലും രാജ്യം വലിയ വരള്‍ച്ചയെ നേരിട്ടു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വരള്‍ച്ചയുണ്ടാകുന്നത് അപൂര്‍വമാണ്. ഈ സാഹചര്യം കാര്‍ഷിക മേഖലയെ വല്ലാതെ തളര്‍ത്തിയിരുന്നു. 2016ല്‍ കാലവര്‍ഷം മെച്ചപ്പെടുകയും കാര്‍ഷിക മേഖല ഉണര്‍വ് കാട്ടുകയും ചെയ്തപ്പോഴാണ് 2016ല്‍ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി എടുത്തത്. അതോടെ കാര്‍ഷിക മേഖല വീണ്ടും പ്രതിസന്ധിയിലായി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം പ്രതിസന്ധി നേരിട്ട കാര്‍ഷിക മേഖല ഇനി തിരികെക്കയറണമെങ്കില്‍ എത്രകാലം വേണ്ടിവരുമെന്നതില്‍ തിട്ടമില്ല.  കാര്‍ഷിക മേഖലയുടെ പ്രതിസന്ധി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചിട്ടുണ്ട്.


രാജ്യത്തെ ഏറ്റവും വലിയ കമ്പോളമാണ് ഗ്രാമീണ മേഖല. അവിടം നിശ്ചലമാകുന്നുവെന്നാല്‍ ഉപഭോഗം കുറയുന്നുവെന്നും വ്യാവസായിക ഉത്പാദനം ചുരുങ്ങുന്നുവെന്നുമാണ് അര്‍ഥം. അതുകൊണ്ടാണ് 2016 - 17ല്‍ 7.4ശതമാനമായി ചുരുങ്ങിയ വ്യാവസായിക ഉത്പാദനം 2017 -18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.6 ശതമനമായി ഇടിഞ്ഞത്. ഈ നില തുടര്‍ന്നാല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കാവും രാജ്യം നീങ്ങുക. മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് വലിയ സംഭാവന നല്‍കുകയും വലിയ തോതില്‍ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്തിരുന്ന നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലാണ്. മറ്റിടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. അല്‍പ്പമെങ്കിലും മെച്ചം സേവന മേഖലയാണ്. ജി എസ് ടി നടപ്പാക്കിയതോടെ അവിടെയും ചെറിയ പിന്നാക്കം പോക്ക് ദൃശ്യമാകുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ വരുംപാദങ്ങളിലെ വളര്‍ച്ചയെ ഇത് കൂടുതല്‍ താഴേക്ക് നയിക്കും.


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര സ്വകാര്യ നിക്ഷേപത്തിന്റെ തോത് കുറയുകയാണുണ്ടായതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ സമ്മതിക്കുന്നുണ്ട്. ആഭ്യന്തര കുത്തകകകള്‍ക്ക് കൈയയച്ച് സഹായം നല്‍കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ബേങ്കുകളുടെ കിട്ടാക്കടത്തില്‍ വലിയൊരു ശതമാനം ഈ കുത്തകകളുടേതായിരുന്നു. അത് എഴുതിത്തള്ളി, ഋണബാധ്യതയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. എന്നിട്ടും നിക്ഷേപത്തിന് സ്വകാര്യ മേഖല തയ്യാറാകുന്നില്ലെങ്കില്‍, വിശ്വാസത്തോടെ നിക്ഷേപം നടത്താവുന്ന അന്തരീക്ഷം രാജ്യത്തില്ലെന്നാണ് അര്‍ത്ഥം. തീവ്ര വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാനും വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ നിക്ഷേപകരെ പിന്നാക്കം വലിക്കുന്നുണ്ടാകണം.


നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചുവെന്നതാണ് സര്‍ക്കാറിന് അവകാശപ്പെടാവുന്ന ഏക നേട്ടം. ഇതിലധികവും ഓഹരിക്കമ്പോളത്തിലേക്ക് എത്തുന്നവ മാത്രമാണ്. റെയില്‍വേ, പ്രതിരോധം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളും വിദേശ നിക്ഷേപത്തിന് തുറന്നിട്ടിട്ടുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ഇത് തുറന്നിടുന്നത് രാജ്യ സുരക്ഷക്ക് എത്രത്തോളം ഗുണകരമാണ് എന്ന ആലോചന 'രാജ്യ സ്‌നേഹിക'ള്‍ക്ക് ഉണ്ടായതുമില്ല. എന്നിട്ടും ഈ മേഖലകളില്‍ വിദേശ നിക്ഷേപമെത്തിയോ എന്നതില്‍ സംശയം. നിക്ഷേപമെത്തിയിരുന്നുവെങ്കില്‍ തൊഴിലവസരങ്ങളുടെ സൃഷ്ടിയിലെങ്കിലും ചെറിയ മാറ്റം കാണുമായിരുന്നു.


ആസൂത്രണവും ദീര്‍ഘ വീക്ഷണവും ഇല്ലാതിരിക്കുകയും അധികാരം പൂര്‍ണമായും ഒരാളില്‍ കേന്ദ്രീകരിക്കുകയും 'ഞാന്‍' മാത്രമാണ് ശരിയെന്ന് ഏകാധിപതി വിശ്വസിക്കുകയും ചെയ്യുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചോ അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചോ ആലോചനകളുണ്ടാകില്ല. അത്തരം ആലോചനകള്‍ക്ക് പരമാധികാരി പഴുതു നല്‍കുകയുമില്ല. സമ്പദ് വ്യവസ്ഥയെ കൃത്യമായി മനസ്സിലാക്കുന്നവരുടെ അഭിപ്രായങ്ങളെ പരിഗണിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നതിന് തെളിവാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് അടുത്തിടെ നടത്തിയ തുറന്നുപറച്ചിലുകള്‍. രണ്ട് വരള്‍ച്ചയെ നേരിട്ട് തളര്‍ന്നു നില്‍ക്കുന്ന കാര്‍ഷിക മേഖലക്ക് പൊടുന്നനെയുള്ള നോട്ട് പിന്‍വലിക്കല്‍ ഏല്‍പ്പിക്കുന്ന ആഘാതം താങ്ങാനാകില്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.


അത്തരമൊരു നടപടി, ചെറികിട - ഇടത്തരം വ്യവസായങ്ങളെ, വ്യാപാര - വാണിജ്യ മേഖലകളെ ഏതളവില്‍ ബാധിക്കുമെന്ന ആലോചനയുണ്ടായുമില്ല. 'ഞാന്‍' മാത്രം ഭരിക്കുന്ന ഒരു സമ്പ്രദായത്തില്‍ അത്തരം ആലോചനകള്‍ക്ക് പ്രസക്തിയുണ്ടാകില്ല. വകുപ്പു വിഭജിച്ചപ്പോള്‍ നയപരമായ കാര്യങ്ങളൊക്കെ 'എന്റെ' അധികാരത്തിന്‍ കീഴിലാക്കിയത് അതുകൊണ്ടാണല്ലോ!
ശബ്ദ ഘോഷത്തോടെ പ്രഖ്യാപിക്കുന്ന വലിയ പദ്ധതികളോ കപട ദേശീയതയിലൂന്നിയുള്ള വികാരം വളര്‍ത്തലോ തീവ്ര വര്‍ഗീയത പ്രയോഗിച്ചുള്ള വിദ്വേഷം വളര്‍ത്തലോ രാജ്യത്തെ സാമ്പത്തി യാഥാര്‍ഥ്യങ്ങളെ ഇല്ലതക്കാന്‍ പര്യാപ്തമല്ലെന്ന് ഇനിയും മനസ്സിലായിട്ടില്ല, പരമാധികാരിക്കും അദ്ദേഹത്തെ ഓച്ഛാനിച്ചു നില്‍ക്കുന്ന സംഘ്പരിവാര നേതാക്കള്‍ക്കും. ഗുജറാത്ത് മാതൃകയില്‍ അധികാരത്തുടര്‍ച്ച സമ്മാനിക്കാന്‍ കണ്‍കെട്ടു വിദ്യകളും വര്‍ഗീയതയും മതിയാകുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ നയിക്കുന്നത്. പക്ഷേ, വയറ്റത്തടിയേല്‍ക്കുന്ന ജനം ഈ വിശ്വാസത്തിനൊപ്പം എത്രകാലം നില്‍ക്കും?


പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള അധിക വരുമാനം, കള്ളപ്പണം തടയാനുള്ള നടപടികളുടെ ഭാഗമായി (സ്വയം വെളിപ്പെടുത്തലും നോട്ട് പിന്‍വലിക്കലുമുള്‍പ്പെടെ) ആദായ നികുതി ഇനത്തില്‍ ലഭിച്ചെന്ന് മോദി അവകാശപ്പെടുന്ന അധിക തുക, ഭക്ഷ്യവസ്തുക്കള്‍, വളം തുടങ്ങിയവയുടെ സബ്‌സിഡി പരിമിതപ്പെടുത്തിയതിലൂടെ ഒഴിവായ ബാധ്യത എന്നിങ്ങനെ പല അനുകൂല സാമ്പത്തിക ഘടകങ്ങളുമുണ്ടായിരിക്കെയാണ് വളര്‍ച്ചാ മുരടിപ്പിലേക്ക് രാജ്യത്തെ മോദിയും സംഘവും നയിച്ചത്. അതില്‍ നിന്ന് കരകയറാനുള്ള ഒരു വഴിയും ജെയ്റ്റ്‌ലിക്ക് മുന്നില്‍ തെളിയുന്നില്ല. ജെയ്റ്റ്‌ലി കണ്ടെത്തുന്ന വഴി, പരമാധികാരി അംഗീകരിച്ചുകൊള്ളണമെന്നുമില്ല. ചൈനയേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് ഊറ്റം കൊണ്ടവര്‍, ഇതുവരെ കാണാത്ത മാന്ദ്യത്തിലേക്ക് രാജ്യത്തെ എത്തിക്കുമോ  എന്നേ അറിയേണ്ടതുള്ളൂ.

2017-09-19

കറന്റ് അക്കൗണ്ട് കമ്മി (മോദി ബ്രാന്‍ഡ്)


2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ, 1998 മുതല്‍ അധികാരത്തിലിരുന്ന, ബി ജെ പി നയിച്ച ദേശീയ ജനാധിപത്യ സഖ്യം (നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സ് - എന്‍ ഡി എ) നേരിട്ടത് 'ഇന്ത്യ തിളങ്ങുന്നു'വെന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട തിരഞ്ഞെടുപ്പുകളിലൊക്കെ ഉയര്‍ന്ന മുദ്രാവാക്യങ്ങളില്‍ നിന്ന് ഭിന്നമായൊരു മുദ്രാവാക്യം അവതരിപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചത്, യുവാക്കളെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടായിരുന്നു. സാമ്പത്തിക വളര്‍ച്ചയുടെ തോത് ഉയര്‍ത്തുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലിരുന്ന സര്‍ക്കാറിന് സാധിച്ചുവെന്നും അതിലൂടെയുണ്ടായ 'തിളക്കം' വോട്ടിംഗിനെ സ്വാധീനിക്കുമെന്നുമായിരുന്നു കണക്ക് കൂട്ടല്‍. വ്യക്തികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാതെ, രാജ്യത്തെ മുന്നില്‍ വെച്ച് നടത്തിയ പ്രചാരണത്തെ വിശ്വാസത്തിലെടുക്കാന്‍ രാജ്യത്തെ വോട്ടര്‍മാര്‍ തയ്യാറായില്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത യൂനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യു പി എ) ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്തു.


പത്ത് വര്‍ഷത്തിന് ശേഷം രാജ്യം, പാര്‍ട്ടി, പാര്‍ട്ടിയുടെ നയങ്ങള്‍ എന്നിവയെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട്, നരേന്ദ്ര മോദിയെന്ന ബ്രാന്‍ഡ് തിരഞ്ഞെടുപ്പു വിപണിയില്‍ അവതരിപ്പിച്ച് വിജയം വരിക്കാന്‍ ബി ജെ പിക്കായി. പാര്‍ട്ടി മുന്‍കൈ എടുത്ത് രൂപവത്കരിച്ചതായിരുന്നില്ല ആ ബ്രാന്‍ഡ്. മറിച്ച് മോദി തന്നെ മുന്‍കൈ എടുത്ത് ആരംഭിച്ച ബ്രാന്‍ഡ് ബില്‍ഡിംഗ് പിന്നീട് ബി ജെ പിക്കും സംഘ്പരിവാരത്തിലെ ഇതര ഘടകങ്ങള്‍ക്കും ഏറ്റെടുക്കേണ്ടി വരികയായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണത്തിലൂടെ ലക്ഷ്യമിട്ട യുവാക്കളെയും ഇടത്തരക്കാരെയും നഗരവാസികളെയുമാണ് മോദി എന്ന ബ്രാന്‍ഡും ലക്ഷ്യമിട്ടത്.


വ്യാഴവട്ടത്തിലേറെ നീണ്ട ഭരണത്തിലൂടെ, ഗുജറാത്തില്‍ വലിയ വികസനമുണ്ടാക്കിയെന്ന, ഏറെക്കുറെ പൊള്ളയായ, അവകാശവാദത്തെ സ്ഥാപിച്ചെടുക്കുകയായിരുന്നു ആദ്യത്തെ പടി. ജനങ്ങളുടെ പ്രക്ഷോഭത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിന്ന് കുടിയൊഴിയേണ്ടിവന്ന ടാറ്റയെ ഗുജറാത്തിലേക്ക് ക്ഷണിച്ച്, നാനോ നിര്‍മാണ  പ്ലാന്റ് സ്ഥാപിക്കാന്‍ അവസരമൊരുക്കിയത് 'വികസന നായകന്‍' എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഗുജറാത്തിലെ നേതാവ് എന്നതില്‍ നിന്ന് ദേശീയ നേതാവ് എന്നതിലേക്ക് വളരുന്നതിലും ഇത് നല്‍കിയ സഹായം ചെറുതായിരുന്നില്ല. ഗുജറാത്ത് വംശഹത്യാ ശ്രമവും വ്യാജ ഏറ്റുമുട്ടലുകളും നല്‍കിയ പ്രതികൂല പ്രതിച്ഛായയെ മറികടക്കുന്നതിന് വേണ്ടി കൂടിയാണ് വികസന മുദ്രാവാക്യം നരേന്ദ്ര മോദിയും അദ്ദേഹം വാടകക്കെടുത്ത പ്രചാരകരും മുന്നോട്ടുവെച്ചത്.


2008ല്‍ ആരംഭിച്ച ആഗോളമാന്ദ്യത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചത്, 2013 - 14 കാലത്തെ ബ്രാന്‍ഡ് ബില്‍ഡിംഗ്  പരിശ്രമത്തില്‍ നരേന്ദ്ര മോദി വലിയ തോതില്‍ ഉപയോഗിച്ചിരുന്നു. 2009ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ യു പി എ സര്‍ക്കാറിന്റെ പരാജയത്തിന് തെളിവായി വളര്‍ച്ചാ മുരടപ്പിനെ ചിത്രീകരിച്ചു. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതും അന്ന് നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളിലെ മുഖ്യ ഇനങ്ങളായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് വേഗം കൂടിയപ്പോള്‍ 'ഞാന്‍' അധികാരത്തിലെത്തിയാല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂട്ടുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമൊക്കെ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.


അധികാരത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍, യുവാക്കളെയും ഇടത്തരക്കാരെയും ആകര്‍ഷിക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങളൊക്കെ വെള്ളത്തില്‍ വരച്ചവര പോലെയായിരിക്കുന്നു. സമ്പദ് ഘടനയുടെ വിവിധ സൂചികകള്‍ സംസാരിക്കുന്ന തെളിവായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ്. അതിലേറ്റവും പുതിയയാണ് കറന്റ് അക്കൗണ്ട് കമ്മിയുടെ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (2016-17) ആദ്യത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ദശാംശം ഒരു ശതമാനമായിരുന്ന കമ്മി, 2017 - 18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2.4 ശതമാനമായി ഉയര്‍ന്നു.


രാജ്യത്തിന് കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തെ ഇറക്കുമതിക്കു വേണ്ടിവരുന്ന ചെലവുമായി താരതമ്യം ചെയ്താണ് കറന്റ് അക്കൗണ്ട് കമ്മി കണക്കാക്കുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.4 ശതമാനം കമ്മിയെന്ന് പറഞ്ഞാല്‍ കയറ്റുമതിയിലൂടെ ലഭിച്ച വരുമാനത്തേക്കാള്‍ 1430 കോടി ഡോളര്‍ (ഏകദേശം 91,500 കോടി രൂപ) അധികമായി ഇറക്കുമതിക്ക് ചെലവിട്ടു എന്നാണ് അര്‍ഥം. അതായത് രാജ്യത്തു നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിരിക്കുന്നുവെന്ന് ചുരുക്കം. സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടിയതും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ദുര്‍ബലമായി തുടരുന്നതും കമ്മി കൂടാന്‍ കാരണമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതികമായി ഇത് ശരിയായിരിക്കാമെങ്കിലും ഉത്പാദനം വര്‍ധിപ്പിക്കാനും ആഗോള വിപണിയില്‍ മത്സരിക്കാനും പാകത്തില്‍ ആഭ്യന്തര നിര്‍മാണ മേഖല കരുത്താര്‍ജിച്ചില്ലെന്നതാണ് വസ്തുത. കരുത്താര്‍ജിച്ചില്ലെന്ന് മാത്രമല്ല, ദുര്‍ബലമാകുകയും ചെയ്തു. അതിന് തെളിവാണ് ആഭ്യന്തര വളര്‍ച്ചാ നിരക്ക് കഴിഞ്ഞ പാദത്തില്‍ 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞത്.


നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിരുന്നു. (നിരക്ക് ഉയരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള നടപടിയായിരുന്നു ഇതെന്ന വിമര്‍ശം അന്ന് തന്നെ ഉയര്‍ന്നിരുന്നു) ഇതേത്തുടര്‍ന്ന് അധികാരമേറ്റതിന് ശേഷമുള്ള ഏതാനും പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നുനിന്നു. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 9.2 ശതമാനമായിരുന്നു നിരക്ക്. അതിന് ശേഷം തുടര്‍ച്ചയായി നിരക്ക് താഴ്ന്നു. 2016 നവംബര്‍ എട്ടിനാണ് (കു)പ്രസിദ്ധമായ നോട്ട് പിന്‍വലിക്കല്‍ നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നത് ജൂലൈ ഒന്നിനും. ഇത് രണ്ടും വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പക്ഷേ, ഇതിനൊക്കെ മുമ്പേ തന്നെ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞുതുടങ്ങിയിരുന്നു.


സാമ്പത്തിക വളര്‍ച്ചക്ക് ഉതകും വിധത്തില്‍ നിക്ഷേപം ആകര്‍ഷിക്കാനോ ഉത്പാദന വര്‍ധനക്ക് സഹായകമാകും വിധത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കാനോ മോദി സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചുരുക്കം. അതിന്റെ കൂടെയാണ് നോട്ട് പിന്‍വലിച്ചതോടെ സൃഷ്ടിക്കപ്പെട്ട സ്തംഭനാവസ്ഥ. സാമ്പത്തിക വളര്‍ച്ചയിലേക്ക് നിര്‍ണായക സംഭാവനകള്‍ ചെയ്യുന്ന കൃഷി, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയെയൊക്കെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചു. ഇതില്‍ കൃഷി, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ എന്നിവയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇനിയും കാലമെടുക്കും. അതായത് ഈ മേഖലയില്‍ നിന്ന് വളര്‍ച്ചാ നിരക്കിലേക്കുള്ള സംഭാവന കുറഞ്ഞുതന്നെ നില്‍ക്കും. ഇവിടങ്ങളില്‍ പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമില്ല.


ഉത്പാദനത്തിലുണ്ടാകുന്ന ഈ ഇടിവാണ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ടാണ് കറന്റ് അക്കൗണ്ട് കമ്മി, സമീപകാലത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതും. ഈ അവസ്ഥ തത്കാലത്തേക്കൊന്നും പരിഹരിക്കപ്പെടില്ലെന്നാണ് വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് കാണിക്കുന്നത്. ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത് എന്ന് ചുരുക്കം. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികളെ പ്രയോജനപ്പെടുത്തി വളര്‍ച്ചാ വേഗം കൂട്ടുക എന്നത് മാത്രമാണ് തത്കാലം സര്‍ക്കാറിന് മുന്നിലുള്ള മാര്‍ഗം. എന്നാല്‍ അതിലും കാര്യമായൊന്നും മുന്നേറാനായിട്ടില്ലെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് ശേഷം പ്രഖ്യാപിച്ച പല പദ്ധതികളും പ്രയോഗത്തിലേക്ക് എത്തിയിട്ടില്ല. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ആരംഭിക്കുകയും തുടരുകയും ചെയ്യുന്ന പദ്ധതികളുടെ വേഗം കൂട്ടാനും സാധിച്ചിട്ടില്ല. 16.9 ലക്ഷം കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന 1201 പദ്ധതികളില്‍ 25 ശതമാനവും ലക്ഷ്യമിട്ട വേഗത്തില്‍ മുന്നോട്ടുപോകുന്നില്ല. ഇതില്‍ പലതിന്റെയും ചെലവ് ആദ്യം കണക്കാക്കിയതിലും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് ഏത് വിധത്തിലാണോ പദ്ധതികള്‍ നടന്നിരുന്നത്, ആ പാതയില്‍ നിന്ന് വലിയ മാറ്റമുണ്ടായിട്ടില്ല. കല്‍ക്കരി, ഊര്‍ജം, റെയില്‍വേ, പെട്രോളിയം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇവ്വിധം ഇഴയുന്നത്. പദ്ധതി നടത്തിപ്പിന് പണം കണ്ടെത്താനാകാത്തതും ഭൂമി യഥാസമയം ഏറ്റെടുക്കാനാകാത്തതും പരിസ്ഥിതി അനുമതി ലഭിക്കാത്തതുമൊക്കെയാണ് പ്രധാന തടസ്സങ്ങള്‍. ഈ മേഖലകളില്‍ തന്നെയാണ് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതും. കൊട്ടിഘോഷിക്കപ്പെട്ട സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയവയും വലിയതോതില്‍ മുന്നേറിയിട്ടില്ല.


പെട്രാളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി ഏതാണ്ട് ഇല്ലാതാക്കുകയും കസ്റ്റംസ് നികുതി പലകുറി ഉയര്‍ത്തുകയും ചെയ്യുക വഴി പ്രതിവര്‍ഷം സര്‍ക്കാറിനുള്ള അധിക വരുമാനം രണ്ടര ലക്ഷം കോടിയാണ്. മറ്റു സബ്‌സിഡികള്‍ പരിമിതപ്പെടുത്തിയതിലൂടെ കേന്ദ്ര ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയ കോടികള്‍ വേറെ. ഇതൊക്കെയായിട്ടും നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തായാക്കാന്‍ പാകത്തിലുള്ള പണം കണ്ടെത്താന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. നോട്ട് പിന്‍വലിച്ചതോടെ, കള്ളപ്പണത്തിന്റെ സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്നും ബേങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടുവെന്നുമാണ് അവകാശവാദം. വന്‍കിട പദ്ധതികള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള ശേഷി ബേങ്കുകള്‍ക്ക് ഉണ്ടായെന്നും. എന്നാല്‍ ഇതും പണമൊഴുകാന്‍ സഹായിക്കുന്നില്ലെന്നാണ്, കേന്ദ്ര സര്‍ക്കാറിന്റെ തന്നെ അവലോകന റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്.


'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം പരാജയപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുകയാണ് നരേന്ദ്ര മോദി ബ്രാന്‍ഡും. അത് കൂടുതല്‍ വ്യക്തമാകും വരും നാളുകളില്‍. ഈ സാമ്പത്തിക പ്രതിസന്ധിയുടെ മറുപുറം, തീവ്ര അജന്‍ഡകള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുവെക്കപ്പെടുമെന്നതാണ്. വികസനനായകന്‍ എന്ന നിലക്കല്ല, വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷം മുതലെടുത്താണ് നരേന്ദ്ര മോദി വ്യാഴവട്ടത്തിലേറെക്കാലം ഗുജറാത്ത് ഭരിച്ചത്. അതേ മാതൃക രാജ്യത്തേക്ക് വ്യാപിപ്പിക്കാന്‍, ഇതിനകം ആരംഭിച്ച നീക്കങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകാനാണ് ഇട. ജനങ്ങളെ കൂടുതല്‍ ഭിന്നിപ്പിച്ച്, സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനൊപ്പം സാമൂഹിക സംഘര്‍ഷങ്ങളുടെ ആധിക്യത്തിന് കൂടി രാജ്യം വേദിയായേക്കും. കറന്റ് അക്കൗണ്ടിലെ കമ്മി നികത്താന്‍ സംഘ്പരിവാരം എക്കാലവും ഉപയോഗപ്പെടുത്തുന്നത്, വര്‍ഗീയവിഷത്തെയാണ്.