2009-04-02

കപട ദേശീയതയും കോടതികളും


ഭൂരിപക്ഷമതത്തിന്റെ ചിഹ്നങ്ങളും ആശയങ്ങളും ദേശീയതയുമായി ചേര്‍ത്തു നിര്‍ത്തി വ്യാജ ദേശീയത നിര്‍വചിക്കുകയും അത്‌ രാഷ്‌ട്രീയമായി മുതലെടുക്കുകയും ചെയ്യുന്ന പതിവ്‌ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യയില്‍ വ്യാപകമാണ്‌. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ രാജ്യ സുരക്ഷയെക്കുറിച്ചും രാജ്യ സ്‌നേഹത്തെക്കുറിച്ചുള്ള വ്യാജ സങ്കല്‍പ്പങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ദേശത്തിന്റെ ഐക്യവും അഖണ്ഡതയും ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു, ഇവ നിലനിര്‍ത്താന്‍ വോട്ടുചെയ്യൂ എന്ന പ്രചാരണം കോണ്‍ഗ്രസ്‌ അഴിച്ചുവിടുന്നത്‌ 1985ലെ തിരഞ്ഞെടുപ്പുകാലത്താണ്‌. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടതിന്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍. പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദികള്‍ ഇന്ദിരയെ വധിച്ചു, അവര്‍ രാജ്യത്തന്റെ അഖണ്ഡതക്കും ഐക്യത്തിനും നേര്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ വെന്ന്‌ സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിനു മാത്രമേ ഐക്യം നിലനിര്‍ത്താനാവൂ എന്ന്‌ അന്ന്‌ പാര്‍ട്ടി വാദിച്ചു. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലേക്ക്‌ ഇന്ദിരാഗാന്ധി സൈന്യത്തെ നിയോഗിച്ചതും ഖാലിസ്ഥാന്‍ വാദത്തെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട പോലീസും സൈന്യവും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുമെല്ലാം മറയ്‌ക്കപ്പെട്ടു. എല്ലാം തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി നിര്‍മിക്കപ്പെട്ട ദേശീയതയിലേക്ക്‌ ചുരുങ്ങി. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ശക്തി പ്രാപിച്ച ഭാരതീയ ജനതാ പാര്‍ട്ടിയും അവരുടെ ശക്തി സ്രോതസ്സായ സംഘ പരിവാര്‍ സംഘടനകളുമാണ്‌ ദേശീയതയുടെ വക്താക്കളായി പിന്നീട്‌ രംഗത്തെത്തിയത്‌. ഭൂരിപക്ഷ മതത്തിന്റെ ചിഹ്നങ്ങളും ആശയങ്ങളും ശീലങ്ങളുമാണ്‌ ദേശീയതയുടെ അടയാളങ്ങളെന്ന്‌ അവര്‍ പരസ്യമായി തന്നെ പ്രചരിപ്പിച്ചു. നഗരവാസികളായ ഇടത്തരക്കാര്‍ക്കിടയിലാണ്‌ ഇത്തരം ആശയങ്ങള്‍ക്ക്‌ പെട്ടെന്ന്‌ വേരോട്ടമുണ്ടായത്‌. അതുകൊണ്ടാണ്‌ നഗരങ്ങളില്‍ ബി ജെ പിക്ക്‌ സ്വാധീനം വര്‍ധിച്ചതും. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതും അതിലെല്ലാം പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പങ്ക്‌ ആരോപിക്കപ്പെടുകയോ കണ്ടെത്തപ്പെടുകയോ ചെയ്യുകയും ചെയ്‌തതോടെ ദേശീയതയെ സംബന്ധിച്ച സംഘ നിര്‍വചനങ്ങള്‍ക്ക്‌ സ്വീകാര്യതയേറി. ഏറ്റവും ഒടുവില്‍ നടന്ന മുംബൈ ഭീകരാക്രമണം ഉദാഹരണമാണ്‌. രാജ്യസുരക്ഷയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക്‌ ഇതോടെ ബി ജെ പി തുടക്കമിട്ടു. ഇത്തരം ആക്രമണങ്ങള്‍ക്ക്‌ തടയിടാന്‍ ബി ജെ പി മുന്നോട്ടുവെക്കുന്ന ദേശീയതയുടെ പരിപാടികളിലൂടെ മാത്രമേ കഴിയൂ എന്ന നിലക്കാണ്‌ പ്രചാരണം. പല ജിഹ്വകളിലൂടെ പല തലങ്ങളില്‍ നടക്കുന്ന ഈ പ്രചാരണം രാജ്യത്തിന്റെ ഭരണഘടനയുടെ ഭാഗമായ സംവിധാനങ്ങളിലെല്ലാം സ്വാധീനം ചെലുത്തുന്നുണ്ട്‌ എന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ബി ജെ പിയുടെ അജണ്ടയായിട്ടല്ലെങ്കില്‍ കൂടി നീതിനിര്‍വഹണ സംവിധാനത്തിലും കപട ദേശീയത സ്വാധീനംചെലുത്തിത്തുടങ്ങിയോ എന്ന സംശയം ബലപ്പെടുകയാണ്‌. ഏറ്റവും ഒടുവില്‍ നടന്‍ സഞ്‌ജയ്‌ ദത്തിന്‌ സ്ഥാനാര്‍ഥിയാവുന്നതിനുള്ള അവസരം നിഷേധിച്ചുകൊണ്ട്‌ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവും അതിന്‌ മുമ്പ്‌ കോടതിയില്‍ മുതിര്‍ന്ന വക്കീലന്‍മാര്‍ അവതരിപ്പിച്ച വാദഗതികളും ഈ ആശങ്കയാണ്‌ ഉയര്‍ത്തുന്നത്‌. 1993ലെ ബോംബെ സ്‌ഫോടന പരമ്പരയുടെ ഗൂഢാലോചനയില്‍ സഞ്‌ജയ്‌ പങ്കാളിയായി എന്ന്‌ ആരോപണമുണ്ടായിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ ഒരാളില്‍ നിന്ന്‌ എ കെ അമ്പത്തിയേഴ്‌ തോക്ക്‌ അനധികൃതമായി വാങ്ങിയെന്നും ആരോപണമുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കു ശേഷം ഗൂഢാലോചനക്കേസില്‍ സഞ്‌ജയിനെ മുംബൈയിലെ ടാഡ പ്രത്യേക കോടതി കുറ്റക്കരനല്ലെന്ന്‌ കണ്ട്‌ വെറുതെവിട്ടു. അനധികൃതമായി ആയുധം കൈവശം വെച്ചതിന്‌ ആറു വര്‍ഷം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്‌തു. തന്റെ കുടുംബം ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയില്‍ ആയുധം വാങ്ങി സൂക്ഷിക്കുകയായിരുന്നുവെന്ന്‌ സഞ്‌ജയ്‌ കോടതിയില്‍ കുറ്റസമതം നടത്തുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ശിക്ഷ. ഇതിലപ്പുറം ആയുധംസൂക്ഷിച്ചതിന്‌ തെളിവുകളൊന്നുമില്ലായിരുന്നു. ഈ കേസിലെ ശിക്ഷ സ്റ്റേ ചെയ്‌ത്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹരജി. 2004ല്‍ പഞ്ചാബിലെ അമൃത്‌സര്‍ മണ്ഡലത്തില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മുന്‍ ക്രിക്കറ്റ്‌ താരം നവജ്യോത്‌ സിംഗ്‌ സിദ്ദു കൊലക്കേസില്‍ കുറ്റക്കാരനാണെന്ന്‌ ചണ്ഡീഗഢ്‌ ഹൈക്കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ലോക്‌സഭാംഗത്വം രാജിവെച്ച സിദ്ദു ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചു. അമൃത്‌സര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ വേണ്ടിയാണ്‌ ശിക്ഷ സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ടത്‌. സിദ്ദുവിന്റെ ശിക്ഷ സ്റ്റേ ചെയ്‌ത സുപ്രീം കോടതി മത്സരിക്കാന്‍ അവസരമൊരുക്കിക്കൊടുത്തിരുന്നു. ഇക്കാര്യം സഞ്‌ജയിന്റെ ഹരജി പരിഗണിക്കവെ അഭിഭാഷകനായ ഹരീഷ്‌ സാല്‍വെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സഞ്‌ജയ്‌ ദത്തിന്റെ ഹരജിയുടെ മൂല്യം പരിഗണിക്കുന്നില്ലെന്ന്‌ വ്യക്തമാക്കിയ കോടതി സിദ്ദുവിന്റെ കേസും ഈ കേസും തമ്മില്‍ തുലനം ചെയ്യാനാവില്ലെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തു. കൊലക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യാന്‍ ബുദ്ധിമുട്ടു തോന്നാതിരുന്ന കോടതിക്ക്‌ അനധികൃതമായിആയുധം കൈവശംവെച്ച കേസിലെ ശിക്ഷ സ്റ്റേ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായി. ഇവിടെയാണ്‌ ദേശീയതയെ സംബന്ധിച്ച വലതുപക്ഷ ആശയങ്ങളുടെ സ്വാധീനത്തിന്റെ ശക്തി മനസ്സിലാവുന്നത്‌. 1993ല്‍ അനധികൃതമായി ആയുധം കൈവശം വെച്ച പ്രതി രാജ്യത്തിനും അതിന്റെ അഖണ്ഡതക്കുമെതിരായ യുദ്ധപ്രഖ്യാപനമാണ്‌ നടത്തിയതെന്ന വ്യാഖ്യാനം തള്ളിക്കളയാന്‍ കോടതിക്ക്‌ കഴിയില്ല തന്നെ. കൊലക്കേസ്‌ വ്യക്തികള്‍ മാത്രമുള്‍ക്കൊള്ളുന്നതാണ്‌. അനധികൃതമായി ആയുധം കൈവശം വെക്കുന്നത്‌ ദേശീയതയും രാജ്യസ്‌നേഹവുമുള്‍ക്കൊള്ളുന്ന വ്യാപ്‌തിയേറിയ കേസാണ്‌. അതില്‍ ശിക്ഷ സ്റ്റേ ചെയ്‌താല്‍ `ദേശീയവാദി'കളില്‍ നിന്ന്‌ ഉയരാന്‍ ഇടയുള്ള വിമര്‍ശനങ്ങളെ കോടതിക്ക്‌ ഭയമുണ്ട്‌. അതുകൊണ്ടാണ്‌ ഈ ഹരജിയുടെ മൂല്യത്തിലേക്ക്‌ കടക്കുന്നില്ല എന്ന്‌ കോടതി പ്രത്യേകം വ്യക്തമാക്കിയത്‌. ഈ വിധിയില്‍ ഒരുവിധ അഭി്രപ്രായ പ്രകടനങ്ങള്‍ക്കും മുതിരുന്നില്ല എന്നും ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ വിധിയിലുണ്ടെങ്കില്‍ അത്‌ ഈ കേസിലേത്‌ മാത്രമായി പരിമിതപ്പെടുത്തുകയാണെന്നും കോടതി പ്രത്യേകം പറയുന്നു. ദേശീയതയും രാജ്യസ്‌നേഹവും ഉള്‍ക്കൊള്ളാത്ത കേസുകളില്‍ ശിക്ഷ സ്റ്റേ ചെയ്‌ത്‌ മത്സരിക്കാന്‍ അനുമതി നല്‍കുമെന്ന വ്യംഗ്യമാണ്‌ ഇതിലുള്ളത്‌ എന്ന്‌ കരുതേണ്ടിവരും. നിയമലംഘകര്‍ നിയമനിര്‍മാതാക്കളാവുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ്‌ സഞ്‌ജയ്‌ ദത്തിന്റെ ഹരജിയെ എതിര്‍ത്ത മുതിര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്‌. നിയമലംഘനത്തിന്റെ മഹത്തായ ചരിത്രം അറിയാത്തവരാണ്‌ ഇവരെന്ന്‌ കരുതുക വയ്യ. സഞ്‌ജയ്‌ ദത്തിന്റെ കാര്യത്തില്‍ ഇത്തരം ചരിത്രങ്ങളൊന്നുമില്ല. പക്ഷെ, കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക്‌ കാരണമായ ഒരു നിയമത്തിന്റെ പുനപ്പരിശോധനക്ക്‌ കാരണക്കാരനായ വ്യക്തിയാണ്‌ സഞ്‌ജയ്‌ എന്നത്‌ മറക്കാനാവില്ല. ഇന്ദിരാഗാന്ധിയുടെ വധത്തിന്‌ ശേഷം രാജീവ്‌ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിയമാണ്‌ ടെററിസ്റ്റ്‌ ആന്‍ഡ്‌ ഡിസ്‌റപ്‌റ്റീവ്‌ ആക്‌ടിവിറ്റീസ്‌ പ്രിവന്‍ഷന്‍ ആക്‌ട്‌ (ഭീകരപ്രവര്‍ത്തനങ്ങളും മറ്റ്‌ വിഘടനവാദ പ്രവര്‍ത്തനങ്ങളും തടയല്‍ നിമയം -ടാഡ). ഈ നിയമപ്രകാരം അറസ്റ്റിലാവുന്നവര്‍ക്ക്‌ ജാമ്യത്തിന്‌ അവകാശമുണ്ടായിരുന്നില്ല. നിയമം പ്രാബല്യത്തിലായതോടെ അറസ്റ്റുകളില്‍ ഭൂരിഭാഗവും ടാഡ പ്രകാരമായി. നിരവധി പേര്‍ പുറംലോകം കാണാനാവാതെ ജയിലില്‍ വിചാരണത്തടവുകാരായി കഴിഞ്ഞു. ബോംബെയിലും മറ്റും ഈ നിയമപ്രകാരം നിരവധി അറസ്റ്റുകള്‍ നടന്നു. ബോംബെ സ്‌ഫോടന പരമ്പരക്കു ശേഷം സഞ്‌ജയ്‌ ദത്തിനെ അറസ്റ്റുചെയ്‌തതും ഇതേ നിയമപ്രകാരമായിരുന്നു. ഒന്നര വര്‍ഷം ദത്ത്‌ ജയിലില്‍ കഴിഞ്ഞു. ടാഡ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട്‌ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരുടെ ദുരിതങ്ങള്‍ പുറം ലോകം അറിയാന്‍ തുടങ്ങിയത്‌ സഞ്‌ജയ്‌ ദത്ത്‌ ജയിലിലായതോടെയാണ്‌. നടന്‍ എന്ന നിലക്കുണ്ടായിരുന്ന പ്രശസ്‌തി, പിതാവ്‌ സുനില്‍ ദത്ത്‌ കോണ്‍ഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായിരുന്നത്‌ ഇവരണ്ടുമാണ്‌ സഞ്‌ജയിന്റെ കേസ്‌ വാര്‍ത്തകളില്‍ നിറയാന്‍ കാരണമായത്‌. ഇതിനൊപ്പം ടാഡ ചുമത്തപ്പെട്ട മറ്റാളുകളുടെ ദുരിതങ്ങളും പുറത്തുവന്നു. ടാഡയെക്കുറിച്ച്‌ പുനര്‍വിചിന്തനം വേണമെന്ന ആവശ്യം ശക്തമായി. ഇതിന്റെ എല്ലാം ഫലമായാണ്‌ ടാഡ പിന്നീട്‌ പിന്‍വലിക്കപ്പെട്ടത്‌. 1999ല്‍ അധികാരത്തില്‍ വന്ന എന്‍ ഡി എ സര്‍ക്കാര്‍ ഭീകരവിരുദ്ധ നിയമമായ പോട്ട കൊണ്ടുവന്നപ്പോള്‍ ജാമ്യം നിഷേധിച്ച്‌ തടവില്‍ വെക്കാവുന്ന കാലയളവ്‌ 180 ദിവസമായി നിജപ്പെടുത്താനെങ്കിലും തീരുമാനിച്ചതും ദത്തിന്റെ കേസിനെത്തുടര്‍ന്ന്‌ ഉയര്‍ന്ന മുറവിളികളുടെ അടിസ്ഥാനത്തിലായിരുന്നു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന്‌ ഉറപ്പാക്കലാണ്‌ നിയമത്തിന്റെയും നീതിനിര്‍വഹണ സംവിധാനത്തിന്റെയും പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. നിയമനിര്‍മാണസഭകളിലൊന്നും അംഗമാവാതെ അതിലേക്ക്‌ സംഭാവനചെയ്‌തയാളായി സഞ്‌ജയ്‌ ദത്തിനെ കാണേണ്ടിവരും. നിയമലംഘകര്‍ നിയമനിര്‍മാതാക്കളാവുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയ മുതിര്‍ന്ന അഭിഭാഷകര്‍ക്ക്‌ ഈ സമകാലിക ചരിത്രം ഓര്‍ക്കേണ്ട ബാധ്യതയുണ്ടായിരുന്നു. അവരുടെമനപ്പൂര്‍വമായ മറവിക്ക്‌ കപടദേശീയത എന്ന ചതിക്കുഴിക്കപ്പുറം കാരണങ്ങള്‍ തേടേണ്ടതില്ല. ഇത്തരം അപേക്ഷകളില്‍ അനുകൂല തീരുമാനം എടുക്കുന്നത്‌ രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വത്‌കരണത്തെ പ്രോത്സാഹിപ്പിക്കുമെന്ന നിലപാടാണ്‌ മറ്റു ചില അഭിഭാഷകര്‍ കോടതിയില്‍ കൈക്കൊണ്ടത്‌. കുറ്റകൃത്യങ്ങളുടെ ലോകത്ത്‌ തുടര്‍ച്ചയായുണ്ടാവുകയും നിരവധി കേസുകളില്‍ പ്രതിയാവുകയും ചെയ്‌ത നിരവധിയാളുകള്‍ പതിനഞ്ചാം ലോക്‌സഭയിലേക്ക്‌ മത്സരിക്കുന്നുണ്ട്‌. ഇത്തരക്കാരെ കൂടുതല്‍ മത്സരരംഗത്തിറക്കിയിരിക്കുന്നത്‌ കപട ദേശീയതയുടെ പ്രധാന വക്താവായ ബി ജെ പിയുമാണ്‌. കാന്ദമാലില്‍ ക്രൈസ്‌തവരുടെ വംശഹത്യക്ക്‌ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ മനോജ്‌ പ്രധാന്‍ ബി ജെ പിയുടെ സ്ഥാനാര്‍ഥിയാണ്‌. മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിപ്പട്ടികകളിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യം ചെറുതല്ല. ഇതറിയാത്തവരാണ്‌ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെന്ന്‌ കരുതാനാവില്ല. മറ്റു കേസുകളെപ്പോലെയല്ല സഞ്‌ജയ്‌ ദത്തിനെതിരായ കേസ്‌ എന്ന്‌ അവരും കരുതുന്നുണ്ട്‌. വ്യക്തികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന കേസും ദേശീയതയും രാജ്യസ്‌നേഹവും ഉള്‍ക്കൊള്ളുന്ന കേസും തമ്മിലുള്ള അന്തരം ഇവരും മനസ്സിലാക്കിയിരിക്കുന്നു. സുപ്രീംകോടതി സഞ്‌ജയ്‌ ദത്തിന്റെ കേസില്‍ വിധിപറയുമ്പോള്‍ മറ്റൊരു നാടകം മുംബൈയില്‍ അരങ്ങേറിക്കൊണ്ടിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിന്റെ അഭിഭാഷകയായി കോടതി നിയമിച്ച അഞ്‌ജലി വാഘ്‌മാറെയുടെ വീട്ടിലേക്ക്‌ ശിവസേനക്കാരുടെ പ്രതിഷേധ മാര്‍ച്ച്‌. കസബിന്‌ അഭിഭാഷകനുണ്ടാവുന്നത്‌ ദേശീയവികാരമുള്ളവര്‍ക്ക്‌ സഹിക്കാനാവില്ലല്ലോ. മുമ്പ്‌ കേരളത്തില്‍ വേരുകളുള്ള പാക്കിസ്ഥാന്‍ പൗരന്‍ ഫഹദിനെ ഭീകരവാദം ആരോപിച്ച്‌ ബാംഗ്ലൂര്‍ പോലീസ്‌ അറസ്റ്റുചെയ്‌തപ്പോള്‍ ഫഹദിനുവേണ്ടി ഹാജരാകാന്‍ തയ്യാറല്ലെന്ന്‌ കര്‍ണാടകത്തിലെ അഭിഭാഷകര്‍ പ്രഖ്യാപിച്ചത്‌ കൂടി ഓര്‍മിക്കുക. പ്രതിസ്ഥാനത്തുള്ളയാളുടെ ഭാഗം പറയാന്‍ ഒരാളുണ്ടാവുക എന്നത്‌ ഇന്ത്യന്‍ നീതിന്യായ പ്രക്രിയയുടെ സുതാര്യതയുടെ അവിഭാജ്യ ഘടകമാണ്‌. അതിനെ പരസ്യമായി എതിര്‍ക്കുന്നത്‌ കപട ദേശീയവാദത്തിന്റെ സ്വാധീനത്തിലേക്ക്‌ നീതിന്യായ വ്യവസ്ഥിതിയെ എത്തിക്കാനുള്ള ശ്രമമായിത്തന്നെ കാണണം. ഇത്തരം ശ്രമങ്ങള്‍ നീതിന്യായ വ്യവസ്ഥയില്‍, ചുരുങ്ങിയത്‌ അഭിഭാഷകരുടെയും ജഡ്‌ജിമാരുടെയും ചിന്തകളിലെങ്കിലും, വിള്ളലുകള്‍ ഉണ്ടാക്കിയിരിക്കുന്നു എന്ന്‌ ശങ്കിക്കേണ്ടിയിരിക്കുന്നു. നവജ്യോത്‌ സിംഗ്‌ സിദ്ദുവിന്റെയും സഞ്‌ജയ്‌ ദത്തിന്റെയും ഹരജികളിന്‍മേലുള്ള സുപ്രീം കോടതി വിധികള്‍ ഈ ശങ്കക്ക്‌ അടിസ്ഥാനവുമുണ്ടാക്കുന്നു.

4 comments:

  1. സ്വാഗതം!
    പാര‍ഗ്രാഫ് തിരിക്കാത്തതിനാല്‍ വായന ദുഷ്കരം. :(

    ReplyDelete
  2. നന്നായിരിക്കുന്നു വിശകലനം.
    ആശംസകള്‍.

    ReplyDelete
  3. നല്ല ലേഖനം. അജ്മല്‍ ഖസബിന്റെ അഭിഭാഷകയെ ആക്രമിക്കുക വഴി, തങ്ങള്‍ മുന്നോട്ട് വെക്കുന്ന ദേശീയതയുടെ വികൃത മുഖം വാനരസേനക്കാര്‍ ലോകത്തിനു മുന്പില്‍ തുറന്നു കാണിക്കുന്നു.

    ReplyDelete
  4. കാലിക പ്രസക്തിയുള്ള ഒരു പ്രശ്നമാണ് ചൂണ്ടി കാണിച്ചത് .നമ്മുടെ നീധിന്യായ വ്യവസ്ഥകള്‍ ‍എത്ര കണ്ടു മലീമസ്സമായതിന്‍റെ ഒരു പുതിയ തെളിവുകൂടി എന്ന് മാത്രം കണ്ടാല്‍ മതി .പരമോന്നത നീധിപീഠം എന്നാ വാക്ക് കളവു പോയിരിക്കുന്നു .

    ReplyDelete