2009-07-18

സാമന്ത സായൂജ്യം


സൈനികേതര ആണവമേഖലയിലെ സഹകരണത്തിന്‌ അമേരിക്കയുമായി കരാര്‍ ഒപ്പിടുമ്പോള്‍ ഉയര്‍ന്നു കേട്ടിരുന്ന ആശങ്കകള്‍ യാഥാര്‍ഥ്യമാവുന്നുവെന്നാണ്‌ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ശീതയുദ്ധകാലത്ത്‌ ചേരിചേരാ പ്രസ്ഥാനത്തിന്‌ രൂപം നല്‍കുകയും അമേരിക്കയുമായി സൗഹൃദം പുലര്‍ത്തുന്നതില്‍ ദീര്‍ഘകാലം വിമുഖത കാട്ടുകയും ചെയ്‌ത ഇന്ത്യയെ വളഞ്ഞു പിടിക്കുകയാണ്‌ അവരിപ്പോള്‍. അതിന്‌ ആയുധമാവുന്നത്‌ ആണവകരാറെന്ന ബ്രഹ്മാസ്‌ത്രവും. യു എസ്‌ വിദേശകാര്യ സെക്രട്ടറി ഹില്ലാരി ക്ലിന്റണ്‍, ഇപ്പോള്‍ നടത്തുന്ന ഇന്ത്യാ സന്ദര്‍ശനം ഈ പരോക്ഷ അധിനിവേശത്തില്‍ സുപ്രധാനമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്‌ സ്വീകരിക്കേണ്ട തുടര്‍ നടപടികളും പ്രതിരോധ മേഖലയില്‍ ഒപ്പുവെക്കേണ്ട മൂന്ന്‌ കരാറുകളുമാണ്‌ ഹില്ലാരിയുയെ സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം.


ആണവ കരാറില്‍ ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ ഒപ്പുവച്ചുവെങ്കിലും അത്‌ പ്രാബല്യത്തിലാക്കാന്‍ ഏറെക്കുറെ ഒരു വര്‍ഷം കൂടി വേണ്ടിവരുമെന്നാണ്‌ കരുതുന്നത്‌. സൈനിക, സൈനികേതര ആണവ മേഖലയുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ ഉറപ്പുകള്‍ നേടിയെടുക്കാന്‍ അമേരിക്കയും ഇന്ധന സമ്പുഷ്‌ടീകരണവും പുനസ്സംസ്‌കരണവും സംബന്ധിച്ച്‌ അമേരിക്കയില്‍ നിന്ന്‌ കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാന്‍ ഇന്ത്യയും ശ്രമിച്ചുവരികയാണ്‌. ആണവ ഇന്ധനങ്ങളുടെ പുനസ്സംസ്‌കരണത്തിന്‌ അനുവാദം നല്‍കുന്നത്‌ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്തമാസം ആരംഭിക്കുമെന്നാണ്‌ ഇരുരാജ്യങ്ങളും അറിയിച്ചിരിക്കുന്നത്‌. അമേരിക്കയില്‍ നിന്ന്‌ വാങ്ങുന്ന ആണവ ഇന്ധനം ഊര്‍ജോത്‌പാദനത്തിന്‌ വിനിയോഗിച്ച ശേഷം വീണ്ടും സംസ്‌കരിച്ച്‌ ഇന്ധനമാക്കുന്നതിനുള്ള അനുമതിയാണ്‌ ഇന്ത്യ ആവശ്യപ്പെടുന്നത്‌. ഇത്തരം പുനസ്സംസ്‌കരണത്തിനിടയില്‍ സൈനികാവശ്യത്തിനുള്ള ഇന്ധനം വേര്‍തിരിച്ചെടുക്കാനാവും. ഇതുകൊണ്ടാണ്‌ പുനസ്സംസ്‌കരണത്തിന്‌ അനുമതി നല്‍കുന്നത്‌ സംബന്ധിച്ച്‌ തര്‍ക്കം നിലനിര്‍ത്തുന്നത്‌. ഇതിനൊപ്പം ഇന്ധന സമ്പുഷ്‌ടീകരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നത്‌ സംബന്ധിച്ച തര്‍ക്കങ്ങളും ഉണ്ടായേക്കാം.


ആണവ നിര്‍വ്യാപന കരാറില്‍ (എന്‍ പി ടി) ഒപ്പുവെക്കാത്ത രാജ്യങ്ങള്‍ക്ക്‌ ഇന്ധന സമ്പുഷ്‌ടീകരണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറരുതെന്ന്‌ അടുത്തിടെ ചേര്‍ന്ന ജി എട്ട്‌ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ തീരുമാനമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി ജി എട്ട്‌ ഉച്ചകോടിയല്ലെന്നും അതുകൊണ്ട്‌ ആ തീരുമാനം ബാധകമാവില്ലെന്നുമുള്ള ധനകാര്യ മന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജിയുടെ വാദം മുഖവിലക്കെടുക്കാം. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയും (ഐ എ ഇ എ), ആണവ സാമഗ്രികളുടെ വിതരണക്കാരായ രാജ്യങ്ങളുടെ സംഘടന (എന്‍ എസ്‌ ജി)യുമാണ്‌ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്‌ എന്ന വാദവും അംഗീകരിക്കാം. പക്ഷേ, ഐ എ ഇ എയുടെയും എന്‍ എസ്‌ ജിയുടെയും നിലപാടുകള്‍ തീരുമാനിക്കുന്നത്‌ ജി എട്ട്‌ രാജ്യങ്ങള്‍ തന്നെയാണെന്ന വസ്‌തുത തള്ളിക്കളയാവുന്നതല്ല. ഈ രാജ്യങ്ങളുടെ സമ്മര്‍ദത്തിന്‌ വഴങ്ങി ഐ എ ഇ എയും എന്‍ എസ്‌ ജിയും പുതിയ നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കാനുള്ള സാധ്യത ഏറെയാണ്‌.


മാത്രമല്ല ആണവായുധ നിര്‍വ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന്‌ ഹില്ലാരി ക്ലിന്റന്‍ ആവര്‍ത്തിക്കുമ്പോള്‍ ജി എട്ട്‌ ഉച്ചകോടിയില്‍ തീരുമാനിച്ചതിന്റേ അതേ പാതയിലാണ്‌ അമേരിക്ക നീങ്ങുന്നത്‌ എന്ന്‌ ഏറെക്കുറെ വ്യക്തമാണ്‌. നിര്‍വ്യാപന കരാറിലും സമഗ്ര അണ്വായുധ പരീക്ഷണ നിരോധ കരാറിലും (സി ടി ബി ടി) ഇന്ത്യ ഒപ്പുവെക്കണമെന്ന്‌ നേരിട്ട്‌ ആവശ്യപ്പെടുന്നില്ലെന്ന്‌ മാത്രം. വൈകാതെ അത്തരം ആവശ്യം മുന്നോട്ടുവെക്കാന്‍ അമേരിക്ക തയ്യാറാവുമെന്ന്‌ തന്നെ കരുതണം. ആണവ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുമെങ്കിലും അതിന്‌ ശേഷം അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന ആണവ റിയാക്‌ടറുകള്‍ എവിടെയൊക്കെ ആയിരിക്കുമെന്ന്‌ വ്യക്തമാക്കാന്‍ അമേരിക്ക ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. അത്‌ ഹില്ലാരിയുടെ സന്ദര്‍ശന കാലത്ത്‌ ഉണ്ടാവുമെന്ന്‌ കരുതുന്നു.


ഗുജറാത്തും ആന്ധ്രാ പ്രദേശും കര്‍ണാടകവുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്‌. പതിനായിരം മെഗാവാട്ട്‌ വൈദ്യുതി ഈ നിലയങ്ങളില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുമെന്ന ഉറപ്പും അമേരിക്കന്‍ കമ്പനികള്‍ക്ക്‌ നല്‍കേണ്ടിവരും. അമേരിക്കന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വില നല്‍കി വേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. വൈകാതെ ഇന്ത്യന്‍ ഊര്‍ജ മേഖല അമേരിക്കന്‍ നിയന്ത്രണത്തില്‍ വരുമെന്ന്‌ തന്നെയാണ്‌ ഇതിനര്‍ഥം.
ആണവ കരാറും ഊര്‍ജ മേഖലയിലേക്കുള്ള അമേരിക്കന്‍ കമ്പനികളുടെ കടന്നുവരവും ഏറെ മുമ്പേ ആസൂത്രണം ചെയ്‌ത പദ്ധതിയുടെ ഭാഗമാണെന്നും ഇവിടെ വ്യക്തമാവുന്നുണ്ട്‌. ഒരുപക്ഷെ 1998ല്‍ ഇന്ത്യ നടത്തിയ രണ്ടാമത്തെ അണുപരീക്ഷണവും അതിന്‌ ശേഷം പ്രധാനമന്ത്രി എ ബി വാജ്‌പയ്‌ നടത്തിയ അമേരിക്കന്‍ സന്ദര്‍ശവുമായി വരെ ഈ ആസൂത്രണത്തിന്‌ ബന്ധമുണ്ടെന്ന്‌ കരുതേണ്ടിവരും. ഇതിനെല്ലാം ശേഷമാണ്‌ ഇന്ത്യയിലെ വൈദ്യുതി മേഖലയെ ഉത്‌പാദനം, പ്രസരണം, വിതരണം എന്നിവയാക്കി തിരിച്ച്‌ മൂന്ന്‌ കമ്പനികളും ലാഭകേന്ദ്രങ്ങളുമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ വൈദ്യുതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നത്‌.


2001ല്‍ അവതരിപ്പിച്ച ബില്ല്‌ 2003ല്‍ അംഗീകരിക്കപ്പെട്ടു. ഉത്‌പാദന, വിതരണ മേഖലകളില്‍ സ്വകാര്യ മേഖലയെ കൂടുതലായി പങ്കാളികളാക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. നിയമം പാസ്സാക്കി ഇത്ര കാലമായിട്ടും ആഭ്യന്തര കുത്തക കമ്പനികള്‍ ഊര്‍ജോത്‌പാദന മേഖലയില്‍ കാര്യമായി ഇടപെട്ടിട്ടില്ല. ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുക എന്നത്‌ അവരെ സംബന്ധിച്ച്‌ ഏറെക്കുറെ അപ്രാപ്യവുമാണ്‌. അതുകൊണ്ടുതന്നെ 2003ലെ വൈദ്യുതി നിയമത്തിലൂടെ പാതയൊരുക്കിയത്‌ അമേരിക്കന്‍ കമ്പനികള്‍ക്കാണെന്ന്‌ കരുതുന്നതില്‍ തെറ്റില്ല. 2005ല്‍ തന്നെ ആണവകരാറിനുള്ള ശ്രമങ്ങള്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ ആരംഭിച്ചിരുന്നുവെന്നത്‌ കൂടി ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്‌.


തുടക്കത്തില്‍ ഉത്‌പാദന രംഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ വൈകാതെ വിതരണ രംഗത്തേക്ക്‌ കൂടി കടന്നുവരും. അവരുടെ വൈദ്യുതി, അവര്‍ നിശ്ചയിക്കുന്ന വിലക്ക്‌ വാങ്ങേണ്ടിവരും ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ റിയാക്‌ടറുകള്‍ വാങ്ങി സ്ഥാപിക്കാന്‍ തീരുമാനിച്ചാല്‍ അതിന്‌ ചെലവഴിക്കേണ്ടിവരിക പതിനായിരക്കണക്കിന്‌ കോടി രൂപയായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്‌ കേന്ദ്രം തയ്യാറാവാന്‍ ഇടയില്ല. അതറിഞ്ഞുകൊണ്ടാണ്‌ എവിടെയൊക്കെ റിയാക്‌ടറുകള്‍ സ്ഥാപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ വ്യക്തമാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്‌. കരാര്‍ പ്രാബല്യത്തിലായാല്‍ അധികം വൈകാതെ ഇന്ത്യന്‍ ഊര്‍ജ വിപണിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. ഒപ്പം ഇന്ത്യയുമായി ആണവ സഹകരണ കരാറുണ്ടാക്കിയ റഷ്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളാനും അവര്‍ ലക്ഷ്യമിടുന്നു.


ഈ ലാഭമെടുക്കലിന്‌ പിറകെയാണ്‌ പ്രതിരോധ മേഖലയുമായുണ്ടാക്കുന്ന കരാറുകള്‍. 1974ല്‍ നടത്തിയ ആദ്യത്തെ അണ്വായുധപരീക്ഷണത്തിന്‌ ശേഷം ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം എന്‍ എസ്‌ ജിയുടെ തീരുമാനത്തോടെ ഇല്ലാതാക്കപ്പെട്ടത്‌. ഇന്ത്യയുമായി ആയുധ ഇടപാടുകള്‍ നടത്തുന്നതിന്‌ ഇതോടെ അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ക്ക്‌ സൗകര്യം ലഭിച്ചു. പക്ഷേ, അമേരിക്ക ആഭ്യന്തരമായി നിര്‍മിച്ച ചില നിയമങ്ങള്‍ ഇതിന്‌ തടസ്സമാണ്‌. ആ നിയമത്തിന്‌ അനുസരിച്ചുള്ള പ്രതിരോധ കരാറുകളില്‍ ഇന്ത്യയെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കിണഞ്ഞ്‌ ശ്രമിക്കുന്നത്‌ അതിനാലാണ്‌. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ അവസാനകാലത്ത്‌ ഇന്ത്യയില്‍ ഒരു ഭരണമാറ്റമുണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വലിയ സമ്മര്‍ദമാണ്‌ ചെലുത്തിയിരുന്നത്‌. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ, ഇടതുപാര്‍ട്ടികളുടെ മൂക്കുകയറില്ലാതെ അധികാരത്തിലെത്തിയത്‌ അവര്‍ക്ക്‌ ഏറെ സന്തേഷം പകര്‍ന്നട്ടുണ്ട്‌. പ്രതിരോധ കരാറുകള്‍ എളുപ്പത്തില്‍ പ്രാബല്യത്തിലാക്കാമെന്നും ഇന്ത്യന്‍ ആയുധ വിപണി വൈകാതെ തുറന്നു കിട്ടുമെന്നും അവര്‍ കരുതുന്നു. അതിനുള്ള പ്രധാന തടസ്സം എന്‍ഡ്‌ യൂസ്‌ വെരിഫിക്കേഷനുള്ള കരാറാണ്‌. അമേരിക്ക നല്‍കുന്ന ആയുധങ്ങളും ആയുധ നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യയും സാമഗ്രികളും നിര്‍ദിഷ്‌ട ആവശ്യങ്ങള്‍ക്ക്‌ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ ഉറപ്പാക്കുന്നതാണ്‌ ഈ കരാര്‍. ഇത്‌ ഉറപ്പാക്കുന്നതിന്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ആയുധ വിപണി മാത്രമല്ല, സേനാ കേന്ദ്രങ്ങളും ആയുധ ശേഖരണ ശാലകളും അമേരിക്കക്ക്‌ മുന്നില്‍ തുറന്നിടണമെന്ന്‌ അര്‍ഥം.


ആണവ ഇന്ധനങ്ങളുടെ പുനസ്സംസ്‌കരണത്തിനുള്ള അനുമതി ഇന്ത്യക്ക്‌ അമേരിക്ക നല്‍കിയാലും എന്‍ഡ്‌ യൂസ്‌ വെരിഫിക്കേഷന്‍ കരാര്‍ ബാധകമാവും. പുനസ്സംസ്‌കരണത്തിനിടെ ഉത്‌പാദിപ്പിക്കാവുന്ന പ്ലൂട്ടോണിയം ആയുധാവശ്യങ്ങള്‍ക്ക്‌ ഇന്ത്യ ഉപയോഗിക്കുന്നില്ല എന്ന്‌ ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ അവര്‍ക്ക്‌ കഴിയും. സൈനികേതര ആണവ നിലയങ്ങള്‍ ഐ എ ഇ എയുടെ പരിശോധനക്ക്‌ വിധേയമാക്കുമ്പോള്‍ സൈനിക ആണവ സംവിധാനങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്‌ വിധേയമാക്കേണ്ടിവരുന്ന അവസ്ഥ. ഇന്ത്യനന്‍ ആണവ, സൈനിക മേഖലയെ ആകെ അമേരിക്കക്ക്‌ തുറന്ന്‌ നല്‍കുക എന്നതായിരിക്കും ഫലം. ഇന്ത്യാ-അമേരിക്ക നയതന്ത്ര ബന്ധം സുഗമമായി മുന്നേറുന്ന ഒരു അവസ്ഥയില്‍ ഇതൊന്നും ഉണ്ടാവണമെന്നില്ല. പക്ഷേ, അതില്‍ ഉലച്ചിലുണ്ടായാല്‍ പരിശോധനകളുടെ പേരില്‍ ഇന്ത്യയെ ക്രൂശിക്കാന്‍ അമേരിക്കക്ക്‌ എളുപ്പമായിരിക്കും.


അവിടെയാണ്‌ വിദേശനയത്തിന്റെ പ്രസക്തി ഉയര്‍ന്നുവരുന്നത്‌. അന്താരാഷ്‌ട്ര ബന്ധങ്ങളുടെ കാര്യത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളുടെ ചുവടു പിടിച്ച്‌ മാത്രമേ നയ, നിലപാടുകള്‍ സ്വീകരിക്കാന്‍ ഇന്ത്യക്ക്‌ കഴിയൂ. സ്വതന്ത്ര വിദേശനയമെന്നത്‌ മരീചികയാവുമെന്ന്‌ ചുരുക്കം. വാണിജ്യ, വ്യാപാര മേഖലകളില്‍ ഇതിനകം തന്നെ അമേരിക്കന്‍ ഇംഗിതങ്ങള്‍ക്ക്‌ വഴിപ്പെട്ടു കഴിഞ്ഞ രാജ്യം ഈ മേഖലകളില്‍ കൂടി ഈ വഴി സ്വീകരിക്കുന്നതോടെ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്ക്‌ എന്ന ഭരണഘടനയിലെ പരാമര്‍ശത്തിന്‌ പ്രത്യേക അര്‍ഥമൊന്നുമുണ്ടാവില്ല. യു എസ്‌ ഭരണകൂടത്തില്‍ നിന്ന്‌ ഉത്തരവുകള്‍ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന അപ്രഖ്യാപിത കോളനിയുടെ അന്തസ്സ്‌ മാത്രമേ നമുക്കുണ്ടാവൂ. ഇന്ത്യയുടെ വിവിധ വിപണികളില്‍ നിന്നുള്ള ലാഭം കപ്പമാക്കി അമേരിക്ക വരവുവെച്ചോളും. ഇസ്റ്റ്‌ ഇന്ത്യാ കമ്പനി നേരിട്ട്‌ കപ്പം സ്വീകരിച്ചപ്പോള്‍ യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക പരോക്ഷമായി അത്‌ ഈടാക്കുന്നുവെന്ന വ്യത്യാസമേയുണ്ടാവൂ.


പ്രതിരോധ മേഖലയില്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റൊരു കരാര്‍ അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുക എന്നതാണ്‌. ഈ അനുമതി ഇന്ത്യക്ക്‌ തിരിച്ചുമുണ്ടാവും. മറ്റു രാജ്യങ്ങളിലൊന്നും ആക്രമണം നടത്താത്ത ഇന്ത്യക്ക്‌ ഈ അനുമതി കൊണ്ട്‌ പ്രത്യേകിച്ച്‌ നേട്ടമൊന്നുമില്ല. പക്ഷേ, അഫ്‌ഗാനിസ്ഥാനില്‍ ആക്രമണം ശക്തമാക്കുകയും ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിടുകയും ചെയ്യുന്ന അമേരിക്കക്ക്‌ ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി ലഭിക്കുന്നത്‌ ഗുണകരമാണ്‌. ആക്രമണത്തിന്‌ ഇന്ത്യന്‍ സഹായം ലഭിച്ചാല്‍ അധിനിവേശ വിരുദ്ധ പോരാളികളുടെ ലക്ഷ്യ സ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനവും ഉയരും. ഇന്ന്‌ പാക്കിസ്ഥാനില്‍ നടക്കുന്ന പൊട്ടിത്തെറികള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കും.


ഊര്‍ജോത്‌പാദനത്തേക്കാളും അമേരിക്കയില്‍ നിന്ന്‌ ലഭിക്കാനിടയുള്ള ആയുധത്തേക്കാളും പ്രധാനമാണ്‌ ജീവിക്കാനുള്ള അവകാശമെന്നത്‌ മന്‍മോഹന്‍ സിംഗും കൂട്ടരും മറന്നുപോയിരിക്കുന്നു. ഇതേക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ അലോസരപ്പെടുത്താതിരിക്കാനുള്ള ജനവിധിയും അവര്‍ സ്വന്തമാക്കിയിരിക്കുന്നു. അതുകൊണ്ട്‌ ബരാക്‌ ഒബാമക്കും ഹില്ലാരി ക്ലിന്റനും സിന്ദാബാദ്‌ വിളിക്കുക മാത്രമേ നമുക്ക്‌ കരണീയമായുള്ളൂ.

No comments:

Post a Comment