2009-08-01

നീതിയും ന്യായാസനങ്ങളും


ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അര്‍ഹരാവയവര്‍ക്ക്‌ വേഗത്തില്‍ നീതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. ജഡ്‌ജിമാര്‍ അഴിമതി നടത്തുന്നുവെന്ന ആരോപണം പല കോണുകളില്‍ നിന്ന്‌ ഉയരുകയും ചില കേസുകളിലെങ്കിലും അത്‌ അടിസ്ഥാനമില്ലാത്തതല്ലെന്ന്‌ കണ്ടെത്തുകയും ചെയ്‌ത സാഹചര്യത്തില്‍ ജഡ്‌ജിമാരുടെ നിയമനത്തിന്‌ സ്വീകരിക്കേണ്ട പൊതുരീതിയെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്‌. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്‌ജിയായിരുന്ന സൗമിത്ര സെന്നിനെതിരെ ഇംപീച്ച്‌മെന്റിന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ തന്നെ ശിപാര്‍ശ ചെയ്യുകയും ഉണ്ടായി. ഇത്തരം നടപടികള്‍ നടക്കുമ്പോള്‍ തന്നെ ജുഡീഷ്യല്‍ സംവിധാനത്തിനുള്ളിലെ നൈതികത സംബന്ധിച്ച്‌ വേണ്ടത്ര ആലോചനകള്‍ നടക്കുന്നുണ്ടോ എന്നത്‌ സംശയമാണ്‌. പൊതുസമൂഹത്തില്‍ പോലും ഇത്തരം ചര്‍ച്ചകള്‍ സജീവമല്ല.


രണ്ട്‌ സംഭവങ്ങള്‍ ഇതിന്‌ തെളിവായി പരിഗണിക്കാം. ഒന്ന്‌ ഷോപിയാനില്‍ രണ്ട്‌ യുവതികളെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന സംഭവത്തിലെ കോടതി നടപടികളാണ്‌. മറ്റൊന്ന്‌ തമിഴ്‌നാട്ടില്‍ മാര്‍ക്ക്‌ ലിസ്റ്റ്‌ തട്ടിപ്പ്‌ കേസില്‍ ആരോപണവിധേയര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന്‌ കേന്ദ്രമന്ത്രി ഇടപെട്ടു എന്നതും. രണ്ടിടത്തും ഉയര്‍ന്ന നീതിപീഠമോ അതില്‍ ഇരിക്കുന്നവരോ സ്വീകരിച്ച നിലപാടുകള്‍ സംശയമുണര്‍ത്തുന്നു.


ഷോപിയാനില്‍ രണ്ട്‌ യുവതികള്‍ കൊല്ലപ്പെട്ട സംഭവം വലിയ പ്രക്ഷോഭത്തിന്‌ കാരണമായിരുന്നു. പട്ടാളക്കാരോ പോലീസോ ഉള്‍പ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളും കൊലപാതകങ്ങളും അപൂര്‍വമല്ലാത്ത രാജ്യമായതിനാലാണ്‌ പ്രക്ഷോഭത്തിന്‌ ആക്കം കൂടിയത്‌. സംഭവം നടന്നയുടന്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്‌ യുവതികള്‍ മുങ്ങിമരിച്ചതാണെന്നാണ്‌. പ്രക്ഷോഭത്തിന്റെ ഫലമായി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്‍, തെളിവ്‌ നശിപ്പിക്കാന്‍ കൂട്ടുനിന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുകയും ചെയ്‌തു. ഷോപിയാന്‍ പോലീസ്‌ സൂപ്രണ്ട്‌, ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌, സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍, ഫോറന്‍സിക്‌ ലബോറട്ടറിയിലെ ഉദ്യോഗസ്ഥന്‍ എന്നിവര്‍ തെളിവ്‌ നശിപ്പിച്ചുവെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.


ഇതിന്‌ ശേഷമാണ്‌ കോടതി നടപടികളുടെ നാടകീയത ആരംഭിക്കുന്നത്‌. ഹൈക്കോടതി അഭിഭാഷകരുടെ സംഘടന സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹരജി പരിഗണിച്ച ജമ്മു കാശ്‌മീര്‍ ഹൈക്കോടതി കര്‍ശനമായ ചില നടപടികള്‍ക്കാണ്‌ മുതിര്‍ന്നത്‌. തെളിവ്‌ നശിപ്പിച്ചുവെന്ന്‌ ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ്‌ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇവര്‍ കീഴ്‌ക്കോടതികളില്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ ഹൈക്കോടതിക്ക്‌ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. അസാധാരണമായ ഒരു നടപടി എന്ന്‌ ഏതൊരാള്‍ക്കും തോന്നുന്നതായിരുന്നു ഇത്‌. പക്ഷേ, ഈ കേസിന്റെ സാഹചര്യം പരിഗണിക്കുമ്പോള്‍ അത്‌ അത്ര അസാധാരണമായിരുന്നില്ല എന്ന്‌ വിലയിരുത്തേണ്ടിവരും.


യുവതികളെ ബലാത്സംഗം ചെയ്‌തുകൊന്നുവെന്ന്‌ ആരോപിക്കപ്പെടുന്നവര്‍ അര്‍ധ സൈനിക വിഭാഗത്തിലോ പോലീസിലോ അംഗങ്ങളാണ്‌. തെളിവ്‌ നശിപ്പിച്ചുവെന്ന്‌ ആരോപിക്കപ്പെടുന്നവരില്‍ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ മുതലുള്ള ഉദ്യോഗസ്ഥരുണ്ട്‌. ഈ കുറ്റകൃത്യം അന്വേഷിക്കുന്നത്‌ സംസ്ഥാന പോലീസാണ്‌. കള്ളനും പോലീസും ഒരേ ഗണത്തില്‍പ്പെടുമ്പോള്‍ അന്വേഷണത്തിന്റെ കാര്യക്ഷമതയില്‍ സംശയങ്ങളുണ്ടാവുക സ്വാഭാവികം. തെളിവ്‌ നശിപ്പിച്ചുവെന്ന ആരോപണം ജില്ലാ പോലീസ്‌ സൂപ്രണ്ടിന്‌ നേര്‍ക്ക്‌ ഉയരുമ്പോള്‍ സംരക്ഷിക്കപ്പെടുന്ന കുറ്റവാളികള്‍ അതിലും ഉയര്‍ന്ന റാങ്കിലുള്ളവരോ അല്ലെങ്കില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരോ ആണെന്നത്‌ വ്യക്തം. അവരെ കണ്ടെത്തണമെങ്കില്‍ ചില കടുത്ത നടപടികള്‍ വേണമെന്ന്‌ സംസ്ഥാന ഹൈക്കോടതിക്ക്‌ തോന്നിയിട്ടുണ്ടാവണം. അതുകൊണ്ടാണ്‌ അറസ്റ്റിന്‌ ഉത്തരവിട്ടതും ജാമ്യം അനുവദിക്കുന്നതിന്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും.


ഈ വിധി ചോദ്യം ചെയ്‌ത്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയില്‍ വലിയ അതൃപ്‌തി രേഖപ്പെടുത്തുകയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ബഞ്ച്‌ ചെയ്‌തത്‌. അറസ്റ്റിന്‌ കോടതി എന്തുകൊണ്ട്‌ ഉത്തരവിട്ടു എന്നത്‌ പ്രധാന പ്രശ്‌നമായി സുപ്രീം കോടതിയില്‍ ഉന്നയിക്കപ്പെട്ടു. അറസ്റ്റിന്‌ തക്ക തെളിവുണ്ടെങ്കില്‍ പിന്നെ ഇക്കാര്യത്തിന്‌ കോടതിയുടെ ഉത്തരവ്‌ എന്തിന്‌ എന്നും ചോദ്യം ഉയര്‍ന്നു. രാജ്യത്തെ പോലീസ്‌ സംവിധാനത്തെക്കുറിച്ച്‌ കേട്ടറിവെങ്കിലുമുള്ളവര്‍ ഇത്തരം ചോദ്യം ഉന്നയിക്കില്ല എന്നുറപ്പ്‌. ആരോപണവിധേയനായത്‌ ജില്ലാ പോലീസ്‌ സൂപ്രണ്ടാണെങ്കില്‍ കൂടി അറസ്റ്റ്‌ ചെയ്യാനും ചോദ്യം ചെയ്‌ത്‌ യാഥാര്‍ഥ്യം കണ്ടെത്താനും പാകത്തിലുള്ള ഉയര്‍ന്ന നീതി ബോധം സേനയിലുണ്ടായിരുന്നുവെങ്കില്‍ ഷോപിയാന്‍ പോലുള്ള സംഭവങ്ങള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ.


തെളിവ്‌ നശിപ്പിച്ചതിന്‌ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ കൂടുതല്‍ ചോദ്യം ചെയ്‌താല്‍ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനും പറഞ്ഞിരുന്നു. ഇതിന്‌ പോലീസ്‌ സ്വയം തയ്യാറാവാത്ത സാഹചര്യത്തില്‍ ഹൈക്കോടതി അതിന്‌ ഉത്തരവിട്ടു. നിയമവ്യവസ്ഥയനുസരിച്ച്‌ കോടതികള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന കാര്യമായിരിക്കില്ല ഇത്‌. പക്ഷേ, നീതി ലഭ്യമാക്കാന്‍ ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന ചില കാര്യങ്ങളെങ്കിലും അതിന്റെ വികാരം മനസ്സിലാക്കി അംഗീകരിക്കപ്പെടേണ്ടതുണ്ട്‌. അല്ലെങ്കില്‍ കാശ്‌മീരില്‍ ഇക്കാലത്തിനിടെ കാണാതായ ആയിരക്കണക്കിന്‌ യുവാക്കളെ സംബന്ധിച്ച കേസുകളുടെ കൂട്ടത്തിലേക്ക്‌ ഇതും വൈകാതെ മാറ്റപ്പെടും. ഇവരെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ട ഹൈക്കോടതി, ഷോപിയാനിലെ ജനങ്ങളോട്‌ പ്രക്ഷോഭം അവസാനിപ്പിച്ച്‌ അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ ആവശ്യം അംഗീകരിച്ച്‌ അവര്‍ പ്രക്ഷോഭം പിന്‍വലിക്കുകയും ചെയ്‌തു. ഒരു ജനതക്ക്‌ ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ്‌ ഇത്‌ കാണിക്കുന്നത്‌. ഈ വിശ്വാസ്യതയുടെ കടക്കല്‍ കത്തിവെക്കുകയാണ്‌ ഫലത്തില്‍ സുപ്രീം കോടതി ചെയ്‌തത്‌.


ജനങ്ങളുടെ വികാരത്തെ അടിസ്ഥാനമാക്കി നീതിനിര്‍വഹണം സാധ്യമാവില്ല എന്നത്‌ അംഗീകരിക്കാം. പക്ഷേ, തെളിവ്‌ നശിപ്പിച്ചുവെന്ന്‌ ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയവര്‍ക്കെതിരായ നടപടി ലഘൂകരിക്കുമ്പോള്‍ അത്‌ പൊതുവികാരം എതിരാക്കുമെന്നുറപ്പ്‌.


തമിഴ്‌നാട്ടില്‍ വ്യാജ മാര്‍ക്ക്‌ ലിസ്റ്റ്‌ കേസില്‍ ആരോപണവിധേയരായ കിരുബ ശ്രീധര്‍, പിതാവ്‌ ഡോ. കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന്‌ തന്നെ സ്വാധീനിക്കാന്‍ ഒരു കേന്ദ്ര മന്ത്രി ശ്രമിച്ചുവെന്ന്‌ മദ്രാസ്‌ ഹൈക്കോടതിയിലെ ജഡ്‌ജി ആര്‍ രഘുപതി കോടതിയില്‍ പരസ്യമായി പറഞ്ഞതാണ്‌. പക്ഷേ, ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നിട്ടില്ല എന്നാണ്‌ സൂപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പറയുന്നത്‌. ജഡ്‌ജി രഘുപതി തെറ്റിദ്ധരിച്ചതാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞുവെന്നാണ്‌ ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ചെന്നൈയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കവെ പ്രസ്‌തുത കേസിന്റെ കാര്യത്തിന്‌ ജഡ്‌ജി രഘുപതിയെ ആരും വിളിച്ചിട്ടില്ലെന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.


അങ്ങനെയെങ്കില്‍, തന്നെ സ്വാധീനിക്കാന്‍ കേന്ദ്ര മന്ത്രി ശ്രമിച്ചുവെന്ന്‌ ജഡ്‌ജി തുറന്ന കോടതിയില്‍ പറഞ്ഞത്‌ നുണയാണ്‌. ഇത്തരത്തില്‍ നുണ പറയുന്ന ഒരാളെ ജുഡീഷ്യല്‍ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത്‌ എങ്ങനെ എന്ന ചോദ്യത്തിന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ തന്നെയാണ്‌ മറുപടി പറയേണ്ടത്‌. ജഡ്‌ജി തുറന്ന കോടതിയില്‍ പറഞ്ഞത്‌ വസ്‌തുതയാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാണ്‌. മാര്‍ക്ക്‌ ലിസ്റ്റ്‌ തട്ടിപ്പ്‌ കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ കേന്ദ്ര മന്ത്രി, കേന്ദ്ര മന്ത്രിയെ സംരക്ഷിച്ച്‌ നിര്‍ത്താന്‍ ചീഫ്‌ ജസ്റ്റിസ്‌? നീതിന്യായ സംവിധാനത്തെക്കുറിച്ച്‌ ഗൗരവമായ സംശങ്ങള്‍ നിലനില്‍ക്കുകയാണ്‌.


വാര്‍ത്താ പ്രാധാന്യം കൊണ്ട്‌ അല്‍പ്പ കാലമെങ്കിലും മാധ്യമങ്ങളുടെ സജീവ ശ്രദ്ധയില്‍ നിന്നതായതുകൊണ്ടാണ്‌ ഇത്‌ രണ്ടും പരാമര്‍ശിക്കപ്പെടുന്നത്‌. വാര്‍ത്ത നിലനില്‍ക്കാന്‍ വേണ്ട അളവില്‍ സെന്‍സേഷനില്ലാത്തതുകൊണ്ട്‌ ശ്രദ്ധിക്കപ്പെടാതെ പോവുന്ന പല സംഭവങ്ങള്‍ ഇതുപോലെയുണ്ടാവാം. അതുകൊണ്ടാണ്‌ ജുഡീഷ്യല്‍ സംവിധാനത്തിലെ നൈതികതയെക്കുറിച്ച്‌ വേണ്ടത്ര ആലോചനകള്‍ നടക്കുന്നില്ല എന്ന്‌ നേരത്തെ പറഞ്ഞത്‌. എല്ലാ സംവിധാനങ്ങളെക്കുറിച്ചും കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന പരാതികളിലൊന്ന്‌ സുതാര്യതയില്ലായ്‌മയാണ്‌. ജുഡീഷ്യല്‍ സംവിധാനത്തിലെ പ്രശ്‌നം സുതാര്യതയില്ലായ്‌മല്ല, അതാര്യതയാണ്‌ എന്നാണ്‌ ഈ രണ്ട്‌ സംഭവങ്ങള്‍ തെളിയിക്കുന്നത്‌.


ഷോപിയാന്‍ സംഭവത്തില്‍ ജമ്മു കാശ്‌മീര്‍ ഹൈക്കോടതി സ്വീകരിച്ച നടപടിയെ നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ തന്നെ നിലനില്‍ക്കുന്ന സവിശേഷ സാഹചര്യത്തിന്റെ കോണില്‍ കൂടി നോക്കാന്‍ പരമോന്നത നീതിപീഠം തയ്യാറായോ എന്നത്‌ സംശയകരമാണ്‌. രണ്ടാമത്തെ സംഭവത്തില്‍ എന്താണ്‌ ഉണ്ടായതെന്ന്‌ പൊതുജനത്തെ അറിയിക്കേണ്ട ബാധ്യത നിയമ നിര്‍മാണ, നീതിന്യായ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. മുന്നണി രാഷ്‌ട്രീയത്തിന്റെതുള്‍പ്പെടെ പലവിധ സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയമായി നിലകൊള്ളുന്ന നിയമനിര്‍മാണ സംവിധാനം അതിന്‌ തയ്യാറാവില്ല എന്നത്‌ ഉറപ്പാണ്‌. ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന വിഭാഗം കൂടിയാണ്‌ നീതിന്യായ സംവിധാനം. അത്‌ മുന്‍കൂട്ടി അറിഞ്ഞതിനപ്പുറം അതാര്യമാണെന്ന്‌ വ്യക്തമാവുകയാണ്‌.


അയ്യായിരം കോടതികള്‍ പുതുതായി തുടങ്ങി കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വേഗം കൂട്ടാനാണ്‌ ശ്രമിക്കുന്നതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ അടുത്തിടെ പറഞ്ഞിരുന്നു. അതിന്‌ മുമ്പ്‌ നടക്കേണ്ട പലതുമുണ്ട്‌. ആ വഴിക്കാണ്‌ ആദ്യം ശ്രമമുണ്ടാവേണ്ടത്‌. അല്ലെങ്കില്‍ നിയമ നിര്‍മാണ, ഭരണ നിര്‍വഹണ വ്യവസ്ഥകള്‍ ഇതിനകം പതിച്ചിരിക്കുന്ന സംശയത്തിന്റെ നൂലാമാലകള്‍ നീതിനിര്‍വഹണ സംവിധാനത്തെയും ചുറ്റിമുറുക്കുന്നത്‌ കാണേണ്ടിവരും. ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ വിശ്വാസരാഹിത്യമായിരിക്കും. വിശ്വാസരാഹിത്യം എല്ലായ്‌പോഴും അരാജത്വത്തിലേക്കും കലാപത്തിലേക്കുമാണ്‌ വാതിലുകള്‍ തുറക്കുക.

1 comment:

  1. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ ശരിക്കും ഒരു വേശ്യയെപോലെയാണ്.നീതി നടപ്പാക്കാനല്ല അത് നിഷേധിക്കാനാണ് നമ്മുടെ ജുഡീഷ്യറി മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന്‍ പല കേസുകളിലും വ്യക്തമായതാണ്. ഇവിടെ നീതി കിട്ടും എന്ന്‍ ആരും പ്രതീക്ഷിക്കുന്നില്ല.സംരക്ഷിക്കപ്പെടേണ്ടവരെ രക്ഷിക്കാന്‍ ഇനി ഒരു ദൈവപുത്രന്‍ വരേണ്ടിവരും.അതുവരെ ഷോപ്പിയാനും മറ്റും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും

    ReplyDelete