2009-08-06

സുന്ദരികളും വാണിഭക്കാരും


സൗന്ദര്യ മത്സരങ്ങളുടെ സംഘാടനത്തോടനുബന്ധിച്ച്‌ ഉണ്ടാവുന്നതാണ്‌ അതിനെതിരായ പ്രതിഷേധങ്ങളും കോടതി നടപടികളും. ഇക്കുറി മിസ്‌ കേരളയെ തിരഞ്ഞെടുക്കാന്‍ മത്സരം നടന്നപ്പോള്‍ പ്രതിഷേധത്തിന്റെ തോതില്‍ കുറവുണ്ടായി, പക്ഷേ കോടതി നടപടികള്‍ മുറപോലെ നടന്നു. സൗന്ദര്യ മത്സരമെന്നത്‌ സ്‌ത്രീകളുടെ അന്തസ്സ്‌ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നതാണെന്നും ഇന്ത്യാ മഹാരാജ്യത്തിന്റെ സംസ്‌കാരത്തിന്‌ യോജിച്ചതല്ലെന്നും വാദിക്കുന്നവരാണ്‌ പ്രതിഷേധവുമായി രംഗത്തുവരാറ്‌. ഇതേ ആരോപണങ്ങള്‍ തന്നെയാണ്‌ കോടതി വ്യവഹാരങ്ങളിലും ഉയരാറുള്ളത്‌. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ കൂടി പങ്കെടുക്കുന്നുവെന്ന പ്രത്യേക കാരണം കൂടി കോടതിയില്‍ ഇക്കുറി ചൂണ്ടിക്കാട്ടപ്പെടുകയുണ്ടായി.


ഇതൊക്കെ നിലനില്‍ക്കെ സൗന്ദര്യ മത്സരം മുറപോലെ നടക്കും. മിസ്‌ കേരള പിന്നീട്‌ മിസ്‌ ഇന്ത്യയാവാനും ചിലപ്പോള്‍ മിസ്‌ വേള്‍ഡ്‌, മിസ്‌ യൂനിവേഴ്‌സ്‌, മിസ്‌ എര്‍ത്ത്‌ എന്നീ പട്ടങ്ങള്‍ കരസ്ഥമാക്കാനും ശ്രമിക്കും. ഇവരെ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷത്തോടെ കൊണ്ടുനടക്കും. സ്‌ത്രീകളുടെ അന്തസ്സ്‌ ഉയര്‍ത്താന്‍ വേണ്ടി യത്‌നിക്കുമെന്നതുപോലുള്ള വലിയ കാര്യങ്ങള്‍ ഇവരുടെ നാവുകളില്‍ നിന്ന്‌ ഉതിരുമ്പോള്‍ അതിന്‌ വലിയ പ്രചാരണം നല്‍കുകയും ചെയ്യും.


സമ്പന്ന ശ്രേണിയിലോ ഇടത്തരക്കാരില്‍ ഉയര്‍ന്നവരിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണെങ്കിലും മാധ്യമങ്ങള്‍ നല്‍കുന്ന സൗന്ദര്യ മത്സര വിവരങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതരാവുന്നത്‌ ഭൂരിപക്ഷം വരുന്ന മറ്റുള്ളവരാണ്‌. ഇവരാരും എന്താണ്‌ സൗന്ദര്യമെന്നോ എന്തുകൊണ്ടാണ്‌ സൗന്ദര്യ മത്സരമെന്നോ ആലോചിക്കാറില്ല. കാരണം അന്നന്നത്തെ അന്നം ലക്ഷ്യമാവുമ്പോള്‍ ഇത്തരം ചിന്തകള്‍ അപ്രസക്തമാണ്‌. പക്ഷേ, ഇത്തരക്കാരുടെ ചെലവില്‍ കൂടിയാണ്‌ സൗന്ദര്യമത്സരങ്ങള്‍ നടക്കുന്നത്‌ എന്നതും അതിന്റെ ഉപോത്‌പന്നമായ ലാഭം വന്‍കിട കമ്പനികള്‍ സ്വന്തമാക്കുന്നത്‌ എന്നതുമാണ്‌ യാഥാര്‍ഥ്യം.


സൗന്ദര്യം എന്നതിന്‌ ഭൗതിക, ആത്മീയ തലങ്ങളില്‍ നിര്‍വചനങ്ങള്‍ സുലഭമാണ്‌. അത്‌ എല്ലാ സംസ്‌കാരങ്ങളുടെയും ഭാഗമാണ്‌ താനും. പക്ഷേ, അത്തരം നിര്‍വചനങ്ങളില്‍ നിന്ന്‌ ഭിന്നമാണ്‌ ഇവിടെ പ്രതിപാദിക്കപ്പെടുന്ന സൗന്ദര്യം. അത്‌ പണത്തില്‍ അധിഷ്‌ഠിതമാണ്‌. പണമുണ്ടെങ്കില്‍ ഭൗതിക സൗന്ദര്യം എന്നത്‌ ആര്‍ക്കും സ്വായത്തമാക്കാവുന്ന ഒന്നാണെന്ന്‌ ചുരുക്കം. ശീതീകരിച്ച കാറില്‍ നിന്ന്‌ പരവതാനിയിലേക്ക്‌ ഇറങ്ങുകയും പരവതാനിയില്‍ നിന്ന്‌ കാറിലേക്ക്‌ കയറുകയും ചെയ്യുന്നവര്‍ക്ക്‌ സൗന്ദര്യത്തിന്‌ കുറവുണ്ടാവില്ല. സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ ഉപയോഗിക്കാന്‍ വേണ്ട സാമ്പത്തിക ഭദ്രതയുള്ളതിനാല്‍ കാന്തിയേറുകയും ചെയ്യും.


സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖകാന്തി മാത്രമല്ല ശരീര വടിവു കൂടി പ്രധാനമാണ്‌. വ്യായാമം ചെയ്യാനുള്ള യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്ക്‌ ബുദ്ധിമുട്ടില്ല. അന്നന്നത്തെ അന്നത്തേക്കുറിച്ച്‌ വേവലാതിപ്പെടേണ്ടതില്ല എന്നതിനാല്‍ വ്യായാമത്തിനും വിശ്രമത്തിനും വേണ്ടുവോളം സമയം കിട്ടും. പോഷക സമൃദ്ധമായ ആഹാരത്തിനും പ്രയാസമില്ല. ഇത്തരക്കാരുടെ സൗന്ദര്യ മത്സരത്തെച്ചൊല്ലി പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കുകയാണ്‌ നല്ലത്‌. കാരണം പ്രശ്‌നങ്ങള്‍ മത്സരത്തിന്‌ വേണ്ടതിലധികം പരസ്യം നല്‍കും. കോടതി നടപടികള്‍, പ്രതിഷേധങ്ങള്‍ എല്ലാം കൂടി ലഭിക്കുന്ന പ്രചാരണം കൂടിയാവുമ്പോള്‍ സംഗതികള്‍ കൊഴുക്കും. മനോഹരമായ ശരീരങ്ങള്‍, വിലകൂടിയ വേഷത്തില്‍ പൊതിഞ്ഞ്‌ പ്രദര്‍ശിപ്പിക്കുന്നത്‌ തത്സമയം കാണിക്കാന്‍ ചാനലുകള്‍ മത്സരിക്കുകയും ചെയ്യും. അതോടെ സംഘാടകര്‍ ലക്ഷ്യം നേടും.


ഏക പ്രശ്‌നം മത്സരത്തിന്റെ ഭാഗമായുള്ള നഗ്‌നതാ പ്രദര്‍ശനമാണ്‌. നഗ്‌നത എന്നത്‌ അശ്ലീലമല്ല. പക്ഷേ, അത്‌ ബോധപൂര്‍വം പ്രകടിപ്പിക്കുമ്പോള്‍ സഭ്യേതരമാവും. ഒരു മത്സരത്തിന്റെ ആവശ്യത്തിനായി നഗ്നത പ്രദര്‍ശിപ്പിക്കുമ്പോള്‍ അസഭ്യവും. ഈ അസഭ്യം ഒഴിവാക്കി സൗന്ദര്യ മത്സരം നടത്തുക എന്നത്‌ സംഘാടകര്‍ക്ക്‌ ചിന്തിക്കാന്‍ കഴിയില്ല. കാരണം അന്താരാഷ്‌ട്ര തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടെ നിന്ന്‌ ശീലിക്കാതെ കഴിയില്ലല്ലോ.


ഇന്ത്യക്കാരിക്ക്‌ ആദ്യമായി ലോകസുന്ദരിപ്പട്ടം കിട്ടിയിട്ട്‌ ദശകങ്ങള്‍ നിരവധിയായി. അന്ന്‌ അതത്രയൊന്നും വലിയ സംഭവമായില്ല. മാധ്യമ വൈപുല്യം ഇത്രത്തോളമില്ലാതിരുന്നതും കമ്പോള ശക്തികളുടെ സ്വാധീനം കുറവായിരുന്നതുമാണ്‌ അതിന്‌ കാരണം. പിന്നീട്‌ മിസ്‌ യൂനിവേഴ്‌സ്‌, മിസ്‌ വേള്‍ഡ്‌ പട്ടങ്ങള്‍ ഇന്ത്യക്ക്‌ ഒരേസമയം ലഭിക്കുന്നത്‌ 1994ലിലാണ്‌. ഇന്ത്യയില്‍വെച്ച്‌ ആദ്യമായി മിസ്‌ യൂനിവേഴ്‌സ്‌ മത്സരം നടന്നത്‌ 1996ലും. ഈ വര്‍ഷങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്‌. 1991ല്‍ അധികാരത്തിലേറിയ ഡോ. മന്‍മോഹന്‍ സിംഗ്‌ കമ്പോളങ്ങള്‍ തുറന്നു നല്‍കിയതിന്‌ ശേഷമുള്ള വര്‍ഷങ്ങള്‍. കമ്പോളങ്ങള്‍ തുറന്നു നല്‍കിയപ്പോള്‍ ആദ്യമെത്തിയത്‌ സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ നിര്‍മിക്കുന്ന കുത്തക കമ്പനികളായിരുന്നു. ഇവര്‍ക്ക്‌ വിപണി ഉറപ്പാക്കണമെങ്കില്‍ പുത്തന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തിക്കേണ്ടിയിരുന്നു. അതിന്‌ തുടക്കമിടുകയായിരുന്നു സുസ്‌മിത, ഐശ്വര്യ ജോഡി.


ബാംഗ്ലൂരില്‍ ലോക സൗന്ദര്യ മത്സരം സംഘടിപ്പിച്ച അമിതാഭ്‌ ബച്ചന്‍ കോര്‍പ്പറേഷന്‍ അതുകൊണ്ട്‌ കുത്തുപാളയെടുത്തുവെങ്കിലും സൗന്ദര്യവര്‍ധ വസ്‌തുക്കളുടെ നിര്‍മാതാക്കളായ കുത്തക കമ്പനികള്‍ ഇന്ത്യന്‍ വിപണികളില്‍ സ്വാധീനം ഉറപ്പിച്ചു. അവിടെയും വഞ്ചനക്ക്‌ കുറവുണ്ടായില്ല. ഉദാഹരണത്തിന്‌ ഷാംപുവിന്റെ കാര്യം എടുക്കുക. ഇന്ത്യന്‍ ദരിദ്ര കോടികള്‍ക്ക്‌ വാങ്ങാന്‍ പാകത്തില്‍ ഗുണം കുറഞ്ഞ, അമിതമായി രാസവസ്‌തുക്കള്‍ ചേര്‍ന്ന ഉത്‌പന്നങ്ങള്‍ കമ്പനികള്‍ വിപണിയിലിറക്കി (ഇവ സാമ്പത്തികമായി വികാസം പ്രാപിച്ച രാജ്യങ്ങളില്‍ വിറ്റഴിക്കാന്‍ കഴിയുമായിരുന്നില്ല എന്നതും വസ്‌തുതയാണ്‌). ഇത്തരം വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ശീലമായ ഇന്ത്യന്‍ ജനതയുടെ മുന്നില്‍ ഈ കമ്പനികള്‍ പിന്നീട്‌ വന്ന്‌ രാസവസ്‌തുക്കള്‍ നിറഞ്ഞ ഉത്‌പന്നങ്ങളുടെ ദോഷഫലങ്ങള്‍ നിരത്തി. വിലകൂടിയ ഉത്‌പന്നം വാങ്ങാന്‍ പ്രലോഭിപ്പിച്ചു. പ്രകൃതിദത്തമായ ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു ജനത സൗന്ദര്യ വര്‍ധക വസ്‌തുക്കളുടെ ഉപഭോക്താക്കളായി മാറി. അതിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതമാണ്‌ ലോക സൗന്ദര്യ മത്സരങ്ങളുടെ പ്രായോജകരാവാന്‍ ഈ കമ്പനികള്‍ ഉപയോഗിക്കുന്നത്‌. ഈ ചക്രത്തില്‍ നഷ്‌ടം സംഭവിച്ചവരുടെ കണക്കെടുക്കുമ്പോള്‍ അധികവും നേരത്തെ സൂപിച്ചിപ്പ അന്നന്നത്തെ അന്നത്തിന്‌ യത്‌നിക്കുന്നവരാണെന്ന്‌ കാണാം.


ഇതിനൊപ്പം സംഭവിച്ച മറ്റൊരു ദുരന്തം കൂടിയുണ്ട്‌. അത്‌ പ്രകൃതിദത്തമായ ഉത്‌പന്നങ്ങളില്‍ നിന്ന്‌ നാം അകന്നുവെന്നതാണ്‌. ഒപ്പം രാജ്യത്ത്‌ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്‌തുവെന്നതും. സി ആര്‍ കേശവന്‍ വൈദ്യര്‍ സ്ഥാപിച്ച ചന്ദ്രിക സോപ്പ്‌ ഉദാഹരണമാണ്‌. കുത്തക കമ്പനികളുമായി മത്സരിക്കാന്‍ ത്രാണിയില്ലാതെ വന്നപ്പോള്‍ ഈ കമ്പനി കൈമാറ്റം ചെയ്യപ്പെട്ടു. ചന്ദ്രിക എന്ന പേരിനുണ്ടായിരുന്ന വിപണി മൂല്യം കണ്ടറിഞ്ഞ വിപ്രോ ഈ കമ്പനി സ്വന്തമാക്കി. വെള്ളില താളിയായി ഉപയോഗിക്കുന്നതില്‍ അന്തസ്സ്‌ കുറവ്‌ കാണുന്നവര്‍ ലാക്‌മെ കമ്പനി വെള്ളില പൊടിച്ച്‌ കുപ്പിയിലാക്കി നല്‍കുമ്പോള്‍ അവര്‍ പറയുന്ന വില കൊടുത്ത്‌ വാങ്ങുന്ന മാനസികാവസ്ഥയിലേക്ക്‌ മാറുകയും ചെയ്‌തു. സഭ്യതയുടെയും സംസ്‌കാരത്തിന്റെയും പ്രശ്‌നങ്ങള്‍ക്കുപരി സൗന്ദര്യ മത്സരങ്ങളും അതിന്റെ ഭാഗമായി നടക്കുന്ന വിപണി സ്വന്തമാക്കലും സാമൂഹിക തലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌ എന്നതിന്‌ തെളിവാണിവ.


ഈ രാഷ്‌ട്രീയം അംഗീകരിക്കാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറാവില്ല. കാരണം അവരുടെ വരുമാന സ്രോതസ്സിലെ ഒരു ഭാഗം സൗന്ദര്യമത്സരങ്ങളുടെ പ്രായോജകരാവുന്ന കമ്പനികളില്‍ നിന്നുള്ളതാണ്‌. ഇത്തരം മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കാഴ്‌ചക്കാര്‍ ഏറുന്നുവെന്നതും വസ്‌തുതയാണ്‌. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്‌ നല്‍കുന്നതാണോ മാധ്യമ പ്രവര്‍ത്തനം എന്നത്‌ ഈ രംഗത്തെ ധാര്‍മികതയുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം. പ്രായോജകരും സംഘാടകരും മാധ്യമങ്ങളും ഉള്‍പ്പെടുന്ന ദൃഢമായ ഒരു ശ്രേണിയുടെ ഉത്‌പന്നമാണ്‌ ഈ മത്സരങ്ങള്‍. ഈ ശ്രേണി വരുംകാലത്ത്‌ കൂടുതല്‍ ദൃഢമാവുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ ഇത്തരം മത്സരങ്ങളും അതുണ്ടാക്കുന്ന മാലിന്യവും തുടരും. സ്‌ത്രീ പീഡനം, പെണ്‍വാണിഭം തുടങ്ങി പല രീതിയിലുള്ള മാലിന്യങ്ങളുടെ സൃഷ്‌ടിക്ക്‌ വഴിവെക്കുകയും ചെയ്യും.


പെണ്‍വാണിഭം, ബലാത്‌കാരം എന്നിവ പെരുകുന്നുവെന്ന്‌ അലമുറയിടുന്നവര്‍ തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും പേരു പറഞ്ഞ്‌ ഇത്തരം മത്സരങ്ങളെ ന്യായീകരിക്കുകയും ചെയ്യും. മോഡലിംഗിന്‌ ഇറങ്ങിത്തിരിച്ച പെണ്‍കുട്ടി കിളിരൂരിലെ പെണ്‍കുട്ടിയായി മാറുമ്പോള്‍ അവകാശ സംരക്ഷണത്തിന്‌ മുറവിളി കൂട്ടുന്നവരുടെ മുന്‍പന്തിയില്‍ സൗന്ദര്യ മത്സരങ്ങള്‍ക്ക്‌ വേണ്ടതിലധികം പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ്‌. ദുരന്ത സൃഷ്‌ടിയിലുള്ള തങ്ങളുടെ പങ്ക്‌ മറച്ചുവെക്കാന്‍ കൂടിയാണ്‌ ഈ അലമുറയിടല്‍.


ലോകത്ത്‌ പുരുഷന്‍മാരുടെ സൗന്ദര്യമത്സരങ്ങളും നടക്കുന്നുണ്ട്‌. അതിന്‌ ഇത്രത്തോളം പ്രശസ്‌തിയില്ല. അതിന്റെ നടത്തിപ്പിനെക്കുറിച്ച്‌ വിവാദങ്ങള്‍ ഉണ്ടാവാറുമില്ല. പുരുഷന്‍മാര്‍ക്ക്‌ അതില്‍ താത്‌പര്യമില്ല എന്നതു തന്നെയാണ്‌ കാരണം. സ്‌ത്രീയെ ശരീരമായി മാത്രം കാണുന്ന പുരുഷന്‍മാരെ ഉദ്ദേശിച്ചാണ്‌ വനിതകളുടെ സൗന്ദര്യ മത്സരം നടത്തപ്പെടുന്നത്‌. അവരാണ്‌ യഥാര്‍ഥ ഉപഭോക്താക്കള്‍ - മത്സരത്തിന്റെയും അതിന്റെ ഉപോത്‌പന്നമായ സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ വിപണിയുടെയും. നടത്തിപ്പുകാര്‍ക്കും പ്രായോജകര്‍ക്കും മാധ്യമങ്ങള്‍ക്കും ഇതറിയാം. രാജ്യത്ത്‌ ഇപ്പോഴും ധനത്തിന്റെ നിയന്ത്രണം, അത്‌ കുടുംബത്തിലായാലും പുറത്തായാലും, ഏറെക്കുറെ പുരുഷന്റെ പക്കലാണ്‌. സ്‌ത്രീകള്‍ക്ക്‌ വേണ്ടിയുള്ള ഉത്‌പന്നമാണെങ്കില്‍ കൂടി പണം ചെലവഴിക്കാനുള്ള അനുവാദം പുരുഷന്റെ പക്കല്‍ നിന്ന്‌ വേണം. മാധ്യമങ്ങളുടെ കാര്യത്തിലും പുരുഷന്‌ തന്നെയാണ്‌ നിയന്ത്രണം. സംപ്രേഷണത്തില്‍ മാത്രമല്ല, എന്ത്‌ കാണണമെന്ന്‌ തീരുമാനക്കുന്നതിലും. അവരെ ലാക്കാക്കിയാണ്‌ ഇത്തരം മത്സരങ്ങള്‍. കച്ചവടം കൊഴുക്കണമെങ്കില്‍ പുരുഷന്‍മാരെ വിധേയരാക്കണം എന്ന്‌ ഇവര്‍ക്കെല്ലാം അറിയാം. `സ്വയംവരം' പോലുള്ള റിയാലിറ്റി ഷോകള്‍ വന്‍ വിജയമാവുന്നതിന്റെ പിന്നിലും മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല.


കുറിപ്പ്‌: വാണിഭക്കാര്‍ എന്നതിന്‌്‌ പെണ്‍വാണിഭം പ്രസിദ്ധമാവും മുമ്പ്‌ കച്ചവടക്കാര്‍ എന്നായിരുന്നു അര്‍ഥം

6 comments:

  1. താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു.സൌന്ദര്യത്തിന്റെ അളവുകോലെടുക്കുവാന്‍ മത്സരങള്‍ നടത്തുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.മറച്ചുപിടിക്കേണ്ട ശരീരഭാഗങള്‍ മറ്റുള്ളവരുടെ മുമ്പില്‍ തുറന്നുകാണിക്കുന്നതിനെ സൌന്ദര്യമത്സരം എന്നല്ല വിളിക്കേണ്ടത്.നഗ്നതാപ്രദര്‍ശനം മാത്രമാണത്.അതിനുവേണ്ടി മക്കളെ ഒരുക്കിയെടുക്കുന്ന മാതാപിതാക്കല്‍ അറിയെണ്ട ഒന്നുണ്ട്.സ്വന്തം മക്കളുടെ വഴിപിഴച്ച പോക്കിന് തങള്‍ ഒത്താശ ചെയ്യുകയാണ്.എന്തിനും ഒരു പരിധിയുണ്ട്.മലയാളിയുടെ സംസ്കാരം നമ്മള്‍ കാത്തുസൂക്ഷിക്കണം.പാവപ്പെട്ടവനെ പരസ്യങളിലൂടെ മയക്കിയെടുത്ത് കോടികള്‍ കൊയ്യുന്ന കുത്തകകളും അതിന്റെ ലാഭം പറ്റുന്ന രാഷ്റ്റ്രീയക്കാരും നമ്മുടെ നാടിന്റെ തനിമയെയാണ് നശിപ്പിക്കുന്നത്.വെള്ളില താളിയായി ഉപയോഗിക്കുന്നതില്‍ അന്തസ്സ്‌ കുറവ്‌ കാണുന്നവര്‍ ലാക്‌മെ കമ്പനി വെള്ളില പൊടിച്ച്‌ കുപ്പിയിലാക്കി നല്‍കുമ്പോള്‍ അവര്‍ പറയുന്ന വില കൊടുത്ത്‌ വാങ്ങുന്ന മാനസികാവസ്ഥയിലേക്ക്‌ മാറുകയും ചെയ്‌തത് മലയാളിയുടെ ദുരഭിമാനത്തിന്റെ ബാക്കിപത്രം മാത്രം

    ReplyDelete
  2. താങ്കളോട് യോജിക്കുന്നു.സൗന്ദര്യമല്‍സരങ്ങളെ ഏറ്റവും ശക്തമായി എതിര്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് വര്‍ഗീയപ്രസ്ഥാനങ്ങളാണെന്നു കൂടി കാണുന്നു,സ്ത്രീ വിരുദ്ധസ്വഭാവം പ്രകടമായുള്ള പ്രസ്ഥാനങ്ങള്‍.

    ReplyDelete
  3. പ്രിയപ്പെട്ട രാജീവ്,
    ഓരോ പുതിയ പോസ്റ്റും കൂടുതല്‍ നന്നാവുന്നുണ്ട്. ഒരു പക്ഷവും പിടിക്കാതെ വളരെ ക്രിത്യമായി നടത്തുന്ന നിരീക്ഷണങ്ങള്‍.
    രാജീവ്കൂപ് എനിക്കൊരു ശീലമായി കഴിഞ്ഞു.
    ആശംസകള്‍.

    ReplyDelete
  4. സൗന്ദര്യ മത്സരങ്ങളുടെ ഒപ്പം തന്നെ( അല്ലെങ്കില്‍, കൂടുതല്‍) പ്രതികള്‍ അല്ലേ ഇന്നത്തെ സിനിമയും. കോട്ടും സ്യൂട്ടും ഇട്ട നായകനൊപ്പം അല്പവസ്ത്രധാരിയായ നായിക എന്നതു സാധാരണം അല്ലെ? (സദാചാരം പറയുന്ന നമ്മള്‍ മലയാളികളുടെ മലയാളത്തിലും) സൗന്ദര്യ മത്സരങ്ങളെക്കാള്‍ ആ സിനിമകളും വസ്ത്രധാരണവും അല്ലെ കുഞ്ഞുങ്ങളെ ഈ തരം ശീലങ്ങളിലേക്ക് വലിച്ചിഴക്കുന്നത്. അതല്ലേ ആദ്യം എതിര്‍ക്കേണ്ടത്?

    രാജീവ്, സൗന്ദര്യ മത്സരങ്ങളെ വിമര്‍ശിക്കുന്നവരാരും നമുക്കെളുപ്പം എതിര്‍ക്കാവുന്ന സിനിമകളിലെ ഈ പ്രവണതയെ കുറിച്ച് സംസാരിക്കാത്തതെന്തേ?

    ReplyDelete
  5. What makes us say we belong to "God's own country". Really sorry to see the way our state runs. Remembering the words of Horace Mann - "Be ashamed to die until you have won some victory for humanity".
    - Benzi

    ReplyDelete