2009-08-25

നയരേഖയില്ലാത്തതോ പ്രശ്‌നം


ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സി പി എമ്മും ഇടതു മുന്നണിയും ആരംഭിച്ച തിരുത്തല്‍ നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. അച്യുതാനന്ദനെ പി ബിയില്‍ തരംതാഴ്‌ത്തുകയും മുഖ്യമന്ത്രി എന്ന നിലക്ക്‌ അദ്ദേഹത്തിന്‌ പിന്തുണ നല്‍കാന്‍ സംസ്ഥാന കമ്മിറ്റിയോട്‌ നിര്‍ദേശിക്കുകയും ചെയ്‌തതായിരുന്നു സി പി എം പാര്‍ട്ടിതലത്തില്‍ സ്വീകരിച്ച ആദ്യനടപടി. സംഘടനാതലത്തിലുള്ള നടപടികള്‍ പി ബി ആവിഷ്‌കരിച്ചിരിക്കുന്ന ശുദ്ധീകരണ രേഖ നടപ്പാക്കുന്നതോടെ മാത്രമേ പൂര്‍ത്തിയാവൂ. അതിന്‌ മുമ്പ്‌ ഭരണം ദിശാബോധമുള്ളതാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള നടപടികള്‍ സ്വീകരിക്കുകയാണ്‌ സി പി എം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി നയരേഖ മുന്നോട്ടുവെച്ചിരിക്കുന്നത്‌ അതിനാണ്‌. ഇത്‌ ഇടതുമുന്നണി അംഗീകരിച്ച്‌ സര്‍ക്കാറിന്റെ കാര്യപരിപാടിയായി മാറുന്നതോടെ ജനപിന്തുണ തിരിച്ചുപിടിക്കാനാകുമെന്നാണ്‌ സി പി എം കരുതുന്നത്‌.


സാമൂഹികക്ഷേമ പദ്ധതികള്‍ക്കൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുപയുക്തമായ വന്‍കിട പദ്ധതികള്‍ നടപ്പാക്കണമെന്നാണ്‌ നയരേഖ നിര്‍ദേശിക്കുന്നത്‌. ഇതില്‍ പുതുമയില്ല. കേരളത്തില്‍ ഇടതുപക്ഷം ഭരണത്തില്‍ വന്നപ്പോഴൊക്കെ മുന്നോട്ടുവെച്ച ഒരു സമവാക്യമാണിത്‌. സംസ്ഥാനത്ത്‌ ഇന്ന്‌ നിലവിലുള്ള സാമൂഹികക്ഷേമ പദ്ധതിയില്‍ മഹാഭൂരിപക്ഷവും ഇടതു സര്‍ക്കാറുകള്‍ ആസൂത്രണം ചെയ്‌തതോ നടപ്പാക്കിയതോ ആണെന്നതും വസ്‌തുതയാണ്‌. മുമ്പത്തേതില്‍ നിന്ന്‌ വ്യത്യസ്‌തമായി ചില വന്‍കിട പദ്ധതികള്‍ പേരെടുത്ത്‌ പറഞ്ഞ്‌ അവയുള്‍പ്പെടെയുള്ളവ നടപ്പാക്കുന്നതിന്‌ ശ്രമിക്കണമെന്ന നിര്‍ദേശം നല്‍കിയെന്ന്‌ മാത്രം. കൊച്ചിയിലെ സൈബര്‍ സിറ്റി (എച്ച്‌ എം ടി ഭൂമി കൈമാറ്റം സംബന്ധിച്ച്‌ വിവാദമുയര്‍ന്ന പദ്ധതി), സ്‌മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെയുള്ളവയാണ്‌ പേരെടുത്ത്‌ പറഞ്ഞിരിക്കുന്നത്‌.


പുതു തലമുറയിലെ ചെറുപ്പക്കാര്‍ക്ക്‌ തൊഴിലവസരം പ്രദാനം ചെയ്യാന്‍ സഹായിക്കുമെന്നതുകൊണ്ട്‌ മാത്രമല്ല, വന്‍കിട കമ്പനികളെ കേരളത്തിലേക്ക്‌ കൊണ്ടുവരാന്‍ സാധിക്കുമെന്നതിനാല്‍ കൂടിയാവണം സൈബര്‍ സിറ്റി, സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതികളുടെ കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷയുള്ളത്‌. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതിലൂടെ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്തൊട്ടാകെയും ഉണ്ടാവാന്‍ ഇടയുള്ള വികസന സാധ്യതകളും പാര്‍ട്ടി മുന്നില്‍ കാണുന്നുണ്ടാവണം.


കുടുംബശ്രീക്ക്‌ 100 കോടി രൂപയുടെ സഹായം നല്‍കുന്നതും സ്‌ത്രീകള്‍ക്ക്‌ തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം അനുവദിക്കുന്നതും സ്‌ത്രീ ശാക്തീകരണ നടപടികളുടെ ഭാഗമായി കാണുമ്പോള്‍ തന്നെ അതിനൊരു രാഷ്‌ട്രീയ ലക്ഷ്യം കൂടിയുണ്ട്‌. ജനസംഖ്യയില്‍ അമ്പത്‌ ശതമാനത്തില്‍ അല്‍പ്പം അധികം വരുന്ന സ്‌ത്രീകളുടെ പിന്തുണ ആര്‍ജിക്കുക എന്നതു തന്നെ. എം എന്‍ - ഇ എം എസ്‌ ഭവന നിര്‍മാണ പദ്ധതികളിലൂടെ പത്ത്‌ ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുക, ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവരുടെ പട്ടികയില്‍ 32 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയവയാണ്‌ നിര്‍ദേശിക്കപ്പെട്ട മറ്റ്‌ ജനകീയ പരിപാടികള്‍. വ്യവസായ സംരംഭങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതിന്‌ സെല്ലുണ്ടാക്കാനും ഇതിന്റെ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക്‌ ഉദ്യോഗസ്ഥതലത്തില്‍ നിന്ന്‌ തടസ്സങ്ങളില്ലാതെ നോക്കാനും നിര്‍ദേശമുണ്ട്‌.


നയരേഖ വലിയ എതിര്‍പ്പുകളില്ലാതെ ഇടതുമുന്നണിയും അംഗീകരിച്ചേക്കും. പക്ഷേ, ഇത്‌ നടപ്പാക്കി എടുക്കുക എന്നതില്‍ വിജയം കാണാന്‍ മന്ത്രിമാര്‍ക്ക്‌ കഴിയുമോ എന്നതിലാണ്‌ ആശങ്കയുള്ളത്‌. വ്യവസായങ്ങള്‍ക്കുള്ള ക്ലിയറന്‍സ്‌ സെല്ലിന്റെ കാര്യമെടുക്കാം. ഈ പദ്ധതി കഴിഞ്ഞ എല്‍ ഡി എഫ്‌ സര്‍ക്കാറില്‍ സുശീലാ ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കെ നടപ്പാക്കിയിരുന്നതിന്റെ മറ്റൊരു രൂപം മാത്രമാണ്‌. അന്ന്‌ വ്യവസായങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതിന്‌ ഏകജാലക സംവിധാനം കൊണ്ടുവന്നിരുന്നു. വ്യവസായ സംരംഭങ്ങള്‍ക്ക്‌ അനുമതി നല്‍കുന്നതിന്‌ സെല്ലുണ്ടാക്കാനും ഇതിന്റെ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക്‌ ഉദ്യോഗസ്ഥതലത്തില്‍ നിന്ന്‌ തടസ്സങ്ങളില്ലാതെ നോക്കാനും നിര്‍ദേശമുണ്ട്‌.


പുതുതായി തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക്‌ ആദ്യത്തെ അഞ്ച്‌ വര്‍ഷം യൂനിറ്റിന്‌ അമ്പത്‌ പൈസ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കി. ഈ സൗജന്യം പ്രയോജനപ്പെടുത്തിയത്‌ ഇരുമ്പുരുക്ക്‌ കമ്പനികളായിരുന്നു. കഞ്ചിക്കോട്ട്‌ വ്യവസായ മേഖലയിലുള്‍പ്പെടെ നിരവധി ഫാക്‌ടറികള്‍ മുളച്ചുപൊന്തി. വൈദ്യുതി സൗജന്യമുള്ള അഞ്ചു വര്‍ഷം കഴിഞ്ഞ മുറക്ക്‌ അവയില്‍ പലതും പൂട്ടി. യൂനിറ്റിന്‌ അമ്പത്‌ പൈസ എന്ന നാമമാത്ര ചാര്‍ജ്‌ പോലും കുടിശ്ശികയാക്കിയാണ്‌ പല സ്ഥാപനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചത്‌. ആ ഇനത്തില്‍ മാത്രം വൈദ്യുതി ബോര്‍ഡിന്‌ ലഭിക്കാനുള്ളത്‌ ശതകോടികളാണ്‌. ഇപ്പോഴും പ്രവര്‍ത്തനം തുടരുന്ന കമ്പനികള്‍ വന്‍ അന്തരീക്ഷ മലിനീകരണമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇവ ആരംഭിച്ച കാലത്ത്‌ മലിനീകരണത്തിനെതിരെ സമരം ചെയ്‌തിരുന്നവരെ സി പി എം എതിര്‍ത്തിരുന്നു. ഇപ്പോള്‍ കഞ്ചിക്കോട്ടും മറ്റും കമ്പനികള്‍ക്കെതിരെ സമരം നടത്തുന്നത്‌ സി പി എമ്മാണ്‌.


വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ കുറവല്ല, മറിച്ച്‌ വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്‌? അവ സൃഷ്‌ടിക്കാനിടയുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്‌? എന്ന്‌ മുന്‍കൂട്ടി കാണാനുള്ള കഴിവില്ലായ്‌മയാണ്‌ പ്രശ്‌നം. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ പരിഹാര നടപടികള്‍ സ്വീകരിക്കുകയുമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപവത്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന ഏകീകൃത അനുമതി സെല്‍ ഈ മുന്‍കാല അനുഭവങ്ങള്‍ ഓര്‍ത്തുവെക്കുന്നത്‌ നന്നായിരിക്കും. അല്ലെങ്കില്‍ വിരുദ്ധ താത്‌പര്യങ്ങളുടെ സംഘട്ടനത്തിന്‌, അനുമതി സെല്‍ വേദിയാവുകയാവും ഫലം. ഈ സര്‍ക്കാര്‍ നടപ്പാക്കിയ ശ്രദ്ധേയമായ പദ്ധതികളിലൊന്നായിരുന്നു കര്‍ഷക കടാശ്വാസ കമ്മീഷന്‍. നിയമംമൂലം സ്ഥാപിതമായ കമ്മീഷന്‌ ഫണ്ടോ ഓഫീസോ വേണ്ടത്ര ജീവനക്കാരെയോ അനുവദിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. കമ്മീഷന്‍ ചെയര്‍മാന്‍ പി എ അബ്‌ദുല്‍ ഗഫൂര്‍ പരസ്യമായി രോഷം പ്രകടിപ്പിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ ഉണര്‍ന്നത്‌. കേന്ദ്ര സര്‍ക്കാര്‍ കടാശ്വാസം പ്രഖ്യാപിച്ചതോടെ കമ്മീഷന്റെ പ്രവര്‍ത്തനം പരിമിതപ്പെട്ടു.


കര്‍ഷകര്‍ക്ക്‌ കൂടുതല്‍ സഹായം ചെയ്യാന്‍ പാകത്തില്‍ കടാശ്വാസ കമ്മീഷന്‍ പുനഃക്രമീകരിക്കാന്‍ നടപടിയുണ്ടായിട്ടില്ല. തുടങ്ങിവെക്കുന്ന പരിപാടികള്‍ ഏകോപിപ്പിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും ശ്രദ്ധയുണ്ടായില്ല എന്ന്‌ ചുരുക്കം. എം എന്‍, ഇ എം എസ്‌ ഭവന പദ്ധതികള്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ്‌. അതിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മൂന്നുവര്‍ഷം വേണ്ടരീതിയില്‍ നടന്നില്ല എന്നാണ്‌ പത്ത്‌ ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിര്‍ദേശിക്കുമ്പോള്‍ വ്യക്തമാകുന്നത്‌. പദ്ധതികളില്ലാത്തതല്ല, ഉദ്യോഗസ്ഥവൃന്ദത്തെ ഉപയോഗിച്ച്‌ വേണ്ട രീതിയില്‍ അത്‌ നടപ്പാക്കിയെടുക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ വസ്‌തുത. ഈ പോരായ്‌മ പരിഹരിക്കേണ്ടത്‌ മന്ത്രിമാരാണ്‌. അതിനുള്ള ഭരണശേഷിയും ഭാവനാശേഷിയും ആര്‍ജിക്കാന്‍ കഴിയുമോ എന്നതാണ്‌ വെല്ലുവിളി.


നയരേഖ ആവിഷ്‌കരിക്കാന്‍ ചേര്‍ന്ന സി പി എം സംസ്ഥാന സമിതിയില്‍ ഏറ്റവും വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നത്‌ എം എ ബേബിക്കായിരുന്നു. സ്വാശ്രയ കരാറാണ്‌ വിമര്‍ശത്തിന്‌ കാരണമായത്‌. പക്ഷേ, സ്വാശ്രയ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികള്‍ എന്താണെന്ന കാര്യത്തില്‍ നയരേഖ മൗനം പാലിക്കുന്നു. മുന്നണിയുമായും സി പി എമ്മുമായും അകന്ന സഭാ നേതൃത്വത്തെ അനുനയിപ്പിക്കുക എന്നതു തന്നെയാണ്‌ ഈ മൗനത്തിന്റെ ലക്ഷ്യമെന്ന്‌ കരുതണം. ദേവസ്വം ജി സുധാകരനില്‍ നിന്ന്‌ മാറ്റാനുള്ള തീരുമാനവും ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. ദേവസ്വം വകുപ്പ്‌ എന്നാല്‍ ഈജിയന്‍ തൊഴുത്താണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും അത്‌ നേരെയാക്കാന്‍ ശ്രമിക്കുകയും ചെയ്‌തപ്പോള്‍ സുധാകരന്‍ എന്‍ എസ്‌ എസ്സിനെപ്പോലുള്ള ചിലരെ വെറുപ്പിച്ചിട്ടുണ്ട്‌. ഇത്‌ ഇല്ലാതാക്കാന്‍ കടന്നപ്പള്ളിയിലൂടെ സാധിക്കുമെന്ന്‌ സി പി എം കരുതുന്നു. ഇത്‌ രണ്ടും രേഖപ്പെടുത്താത്ത നയപ്രഖ്യാപനങ്ങളായി വേണം കാണാന്‍.


രേഖയാക്കിയതും അല്ലാത്തതുമായ നയങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണോ എന്നതു സംബന്ധിച്ച സംശയങ്ങള്‍ ബാക്കിയാണ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായതും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ തോല്‍വികള്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്‌. ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍പ്പോലും കനത്ത തിരിച്ചടികളുണ്ടാകുന്നു. പ്രകടമായ രാഷ്‌ട്രീയ ചായ്‌വ്‌ ഇല്ലാത്തവരില്‍ നിന്ന്‌ മാത്രമല്ല, പരമ്പരാഗതമായി ഇടതിനൊപ്പം നില്‍ക്കുന്നവരില്‍ നിന്നുപോലും പാര്‍ട്ടിയും മുന്നണിയും അകലുന്നതിന്‌ തെളിവാണിത്‌. ഇത്‌ എന്തുകൊണ്ട്‌ എന്ന ആലോചനയാണ്‌ നടക്കാതെ പോകുന്നത്‌. അത്‌ കണ്ടെത്തി പരിഹരിക്കാത്തിടത്തോളം ഏത്‌ നയരേഖ പ്രവര്‍ത്തിപഥത്തിലെത്തിച്ചിട്ടും കാര്യമുണ്ടാവില്ല.


മൂന്നു വര്‍ഷത്തെ ഭരണത്തിനിടെ ചില നല്ല കാര്യങ്ങളെങ്കിലും ഇടതു സര്‍ക്കാര്‍ ചെയ്‌തിട്ടുണ്ട്‌ എന്നത്‌ ആരും അംഗീകരിക്കും. പക്ഷേ, ഇവയെ കവച്ചുവെക്കുന്ന വലിയ തര്‍ക്കങ്ങള്‍ മുന്നണിയിലും മന്ത്രിസഭയിലും ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏറെക്കുറെ രണ്ട്‌ കൊല്ലം മുമ്പ്‌ കേരള സര്‍ക്കാര്‍ ആലോചിച്ചു. പക്ഷേ, പദ്ധതി നടത്തിപ്പിന്റെ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനാണ്‌ പ്രാമുഖ്യം ലഭിച്ചത്‌. ഭക്ഷ്യസുരക്ഷാ പദ്ധതി തുടങ്ങിയേടത്തു തന്നെ നില്‍ക്കാനും തര്‍ക്കം കാരണമായി. ഇപ്പോഴത്തെ നിലയാണെങ്കില്‍ നയരേഖയില്‍ സി പി എം നിര്‍ദേശിച്ച കാര്യങ്ങളിലും തര്‍ക്കങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌.


കാര്‍ഷിക മേഖലയെക്കുറിച്ച്‌ പരാമര്‍ശമില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്‌. ആസിയാന്‍ കരാറില്‍ ഒപ്പ്‌ വെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മനുഷ്യച്ചങ്ങലക്ക്‌ തീരുമാനമായിട്ടുണ്ട്‌. പ്രതിഷേധം വേണം, അതിനൊപ്പം കരാര്‍ യാഥാര്‍ഥ്യമാവുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സംസ്ഥാന സര്‍ക്കാറിനു സ്വീകരിക്കാന്‍ കഴിയുന്ന നടപടികളും ആലോചിക്കണം. അത്തരം ആലോചനകളൊന്നും നടക്കുമെന്ന്‌ തോന്നുന്നില്ല. കാര്‍ഷിക മേഖല (പ്രത്യേകിച്ച്‌ വയനാട്ടിലേത്‌) നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി കാര്‍ഷികോത്‌പന്ന സംസ്‌കരണ കേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കുമെന്ന്‌ ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച്‌ പിന്നീട്‌ ആലോചനകള്‍ ഉണ്ടായില്ല. ഇപ്പോള്‍ നയരേഖയും മൗനമാണ്‌. അപ്പോള്‍ പിന്നെ ആസിയാന്‍ കരാര്‍ മുന്നില്‍ കണ്ട്‌ നടപടികള്‍ ഉണ്ടാകുമെന്ന്‌ കരുതുന്നത്‌ അബദ്ധമായിരിക്കും.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുണ്ടാക്കിയ നേട്ടത്തിന്‌ മുഖ്യ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയാണ്‌. ഗ്രാമങ്ങളിലെ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ അനുവദിക്കുന്ന പദ്ധതി. ഈ പദ്ധതിയനുസരിച്ച്‌ കേരളം ലഭ്യമാക്കിയ ശരാശരി തൊഴില്‍ ദിനങ്ങള്‍ 45 മാത്രമാണ്‌. കേന്ദ്ര ധനസഹായത്തോടെയുള്ള ഈ പദ്ധതി പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌ എന്ന ചോദ്യത്തിന്‌ ആസൂത്രണവും ഏകോപനവും ഇല്ലാത്തതു കൊണ്ട്‌ എന്ന മറുപടി മാത്രമേ നല്‍കാനുള്ളൂ. ഇപ്പോള്‍ കാര്‍ഷിക മേഖലയിലെ ജോലികള്‍ കൂടി ചെയ്യാന്‍ പാകത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പുനരാവിഷ്‌കരിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ പ്രയോജനമെങ്കിലും പൂര്‍ണ തോതില്‍ ലഭ്യമാക്കാന്‍ നയരേഖക്കാര്‍ ശ്രമിക്കുമോ?

No comments:

Post a Comment