2009-08-30

പൊഖ്‌റാനിലേത്‌ പൊയ്‌വെടി?


1998ല്‍ പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ രണ്ടാമത്തെ അണ്വായുധ പരീക്ഷണങ്ങളെ സംബന്ധിച്ച്‌ ആണവ ശാസ്‌ത്രജ്ഞനായ കെ സന്താനം ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക്‌ പ്രാധാന്യം ഏറെയാണ്‌. രാഷ്‌ട്രീയ, ആണവശാസ്‌ത്ര മേഖലകളില്‍ ഇന്ത്യ സ്വീകരിക്കുന്ന നയനിലപാടുകളുമായി ഈ വെളിപ്പെടുത്തല്‍ ബന്ധപ്പെടുന്നുമുണ്ട്‌. 1998 മെയ്‌ 11, 13 തീയതികളിലായി അഞ്ച്‌ പരീക്ഷണങ്ങളാണ്‌ ഇന്ത്യ നടത്തിയത്‌. അതില്‍ ഏറ്റവും പ്രധാനം അണുസംയോജനത്തിലൂടെ വന്‍തോതില്‍ ഊര്‍ജോത്‌പാദനം നടത്തുന്ന പ്രക്രിയയാണ്‌ - ആയുധാവശ്യത്തിനുള്ള അണു സംയോജനമാവുമ്പോള്‍ അത്‌ പൊതുവില്‍ ഹൈഡ്രജന്‍ ബോംബ്‌ എന്നറിയപ്പെടും.


അണു വിഭജനത്തിലൂടെ വന്‍തോതില്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുകയും അത്‌ ആയുധാവശ്യത്തിന്‌ ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയുടെ പരീക്ഷണം 1974ലാണ്‌ ഇന്ത്യ നടത്തിയത്‌. പിന്നീട്‌ 24 വര്‍ഷത്തിന്‌ ശേഷം അണ്വായുധ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്‌ അന്ന്‌ നിലനിന്നിരുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളുടെ കൂടി സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു. ബാബരി മസ്‌ജിദ്‌ ആസൂത്രിതമായി തകര്‍ക്കുകയും അതിന്‌ മുമ്പും പിമ്പുമായി നടത്തിയ തീവ്ര ഹൈന്ദവ പ്രചാരണത്തിലൂടെ അധികാരത്തിന്റെ വഴിയിലേത്തുകയും ചെയ്‌ത ബി ജെ പി ഹൈന്ദവതയെ ദേശീയതയുമായി മിശ്രണം ചെയ്യാന്‍ ശ്രമിച്ചതിന്റെ പ്രകടനം കൂടിയായിരുന്നു പൊഖ്‌റാനിലേത്‌. രണ്ടാമത്തെ അണ്വായുധ പരീക്ഷണം കഴിഞ്ഞ്‌ കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍, 1999 മെയില്‍, കാര്‍ഗിലിലെ പാക്കിസ്ഥാന്റെ കടന്നുകയറ്റവും ഇന്ത്യയുടെ പ്രത്യാക്രമണവുമുണ്ടാകുന്നു. ഈ രണ്ട്‌ സംഗതികള്‍ 1999 ഒക്‌ടോബറില്‍ എ ബി വാജ്‌പയിയെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത്‌ എത്തിക്കുകയും ചെയ്‌തു.


അഞ്ചാണ്ട്‌ നീണ്ട ഭരണത്തിനിടെ അമേരിക്കയുമായി ഏറെ അടുപ്പം പുലര്‍ത്താന്‍ വാജ്‌പയ്‌ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അതിന്‌ ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനാണ്‌ അടുത്തിയെ ബി ജെ പിയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ജസ്വന്ത്‌ സിംഗ്‌. എന്നാല്‍ ഹൈന്ദവതയും ദേശീയതയും മിശ്രണം ചെയ്‌ത്‌ സൃഷ്‌ടിച്ച തെറ്റിദ്ധാരണ ദീര്‍ഘകാലം നിലനില്‍ക്കുന്നതായിരുന്നില്ല. 2004ല്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എ, ഇടതു പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലേറി. വാജ്‌പയ്‌ സര്‍ക്കാര്‍ അമേരിക്കയുമായി തുടങ്ങിവെച്ച സംബന്ധം ബാന്ധവമായി രൂപപ്പെടുത്താനാണ്‌ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ചത്‌. അതിന്റെ പരിണതിയാണ്‌ സൈനികേതര ആണവ സഹകരണത്തിനുള്ള കരാര്‍.


1974ലെ ആദ്യ അണ്വായുധ പരീക്ഷണത്തിന്‌ ശേഷം ഇന്ത്യക്ക്‌ മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ കാലാവധി അവസാനിക്കുന്നു. ഇന്ത്യക്ക്‌ അന്താരാഷ്‌ട്ര ആണവ സമൂഹവുമായി വിപണനത്തിന്‌ അവസരമൊരുങ്ങുന്നു. അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ തുടങ്ങിയ ആണവ ശക്തികളില്‍ നിന്ന്‌ റിയാക്‌ടറുകളും സാങ്കേതികവിദ്യയും വാങ്ങാന്‍ അവസരമൊരുങ്ങുന്നു. രാജ്യം നേരിടുന്ന ഊര്‍ജ പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ പോകുന്നു. തുടങ്ങിയ സവിശേഷതകളാണ്‌ കരാറിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെട്ടത്‌.


എതിര്‍വാദങ്ങളും ഉയര്‍ന്നിരുന്നു. പല മേഖലകളിലുമുള്ള അധികാരാവകാശങ്ങള്‍ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ കരാറിലുണ്ടെന്നായിരുന്നു ആക്ഷേപം. ആണവ ഇന്ധനത്തിന്റെ സമ്പുഷ്‌ടീകരണത്തിനും പുനഃസംസ്‌കരണത്തിനുമുള്ള നൂതന സാങ്കേതിക വിദ്യ കൈമാറാന്‍ വ്യവസ്ഥയില്ല. അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗീകരിച്ച ഹൈഡ്‌ നിയമത്തിന്റെ പ്രത്യക്ഷവും ഗൂഢവുമായ വ്യവസ്ഥകള്‍ ഇന്ത്യ പാലിക്കേണ്ടിവരും. നിയമ വ്യവസ്ഥകള്‍ വരും കാലത്ത്‌ അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഏത്‌ വിധത്തില്‍ വ്യാഖ്യാനിക്കുമെന്ന്‌ ഉറപ്പില്ല തുടങ്ങിയ വാദങ്ങള്‍ ഉയര്‍ന്നു. ഈ അമേരിക്കന്‍വിരുദ്ധ - അനുകൂല വാദഗതികള്‍ക്കിടയില്‍ പാര്‍ലിമെന്റിലും പുറത്തും വാഗ്‌ദാനങ്ങളും ഉറപ്പുകളും വാരി വിതറി ഡോ. മന്‍മോഹന്‍ സിംഗ്‌ ആണവ കരാറില്‍ ഒപ്പ്‌ വെച്ചു. കോണ്‍ഗ്രസും അധികാരമെന്ന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സഖ്യകക്ഷികളും കരാറിനെ പിന്തുണക്കുകയും ചെയ്‌തു.


കരാറില്‍ ഒപ്പ്‌ വെച്ചുവെങ്കിലും അത്‌ പ്രാബല്യത്തിലാക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നതേയുള്ളൂ. ഇതിനിടെയാണ്‌ രണ്ടാം പൊഖ്‌റാന്‍ പരീക്ഷണത്തിന്‌ മേല്‍നോട്ടം വഹിച്ചവരില്‍ പ്രധാനിയായ കെ സന്താനം ഹൈഡ്രജന്‍ ബോംബിന്റെ പ്രയോഗക്ഷമത പരീക്ഷിച്ചത്‌ പൂര്‍ണ വിജയമായിരുന്നില്ല എന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്‌.


ആണവ കരാറിനെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയിരുന്ന മുഖ്യ പ്രശ്‌നങ്ങളില്‍ ഒന്ന്‌ ഭാവിയില്‍ ഇന്ത്യ അണ്വായുധപരീക്ഷണം നടത്തുന്നതിനെ തടയുന്ന വ്യവസ്ഥകള്‍ ഹൈഡ്‌ നിയമത്തിലുണ്ട്‌ എന്നതായിരുന്നു. ഇത്തരമൊരു വ്യവസ്ഥ അമേരിക്കന്‍ കോണ്‍ഗ്രസ്‌ പാസ്സാക്കിയ ഈ നിയമത്തിലുണ്ട്‌ എന്നത്‌ വസ്‌തുതയുമാണ്‌. (അമേരിക്ക പരസ്യപ്പെടുത്തിയ ഈ രേഖ, ഇന്റര്‍നെറ്റിലും മറ്റും എളുപ്പത്തില്‍ ലഭ്യമാണ്‌) ഹൈഡ്‌ നിയമത്തില്‍ ഇത്തരമൊരു വ്യവസ്ഥയില്ലെന്നാണ്‌ കരാറിനെ പിന്തുണച്ചിരുന്നവര്‍ ആദ്യം പറഞ്ഞത്‌. വ്യവസ്ഥയുണ്ടെന്നത്‌ അംഗീകരിക്കേണ്ടിവന്നപ്പോള്‍ ഇന്ത്യ ആണവ പ്രതിരോധ ശേഷി കൈവരിച്ചു കഴിഞ്ഞുവെന്നും ഇനിയൊരു പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നുമുള്ള വാദം ഉയര്‍ത്തി.


1998ലെ രണ്ടാം പൊഖ്‌റാന്‍ പരീക്ഷണത്തിന്റെ വിജയത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്‌ ഈ വാദം ഉന്നയിച്ചത്‌. ഈ വാദങ്ങളിലാണ്‌ സന്താനത്തിന്റെ വെളിപ്പെടുത്തല്‍ വിള്ളല്‍ വീഴ്‌ത്തുന്നത്‌. രണ്ടാം പൊഖ്‌റാന്‍ പൂര്‍ണ വിജയമായിരുന്നില്ല എന്ന്‌ സന്താനം പറയുമ്പോള്‍ ഇന്ത്യ വേണ്ടത്ര പ്രതിരോധ ശേഷി കൈവരിച്ചുകഴിഞ്ഞുവെന്ന വാദവും പൊളിയുകയാണ്‌.


സന്താനത്തിന്റെ വാദത്തെ തള്ളിക്കളഞ്ഞ്‌, 1998ല്‍ പ്രതിരോധ വകുപ്പിന്റെ ഉപദേഷ്‌ടാവായിരുന്ന മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാം, അന്ന്‌ പ്രതിരോധ സെക്രട്ടറിയായിരുന്ന ബ്രിജേഷ്‌ മിശ്ര, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കര്‍, നാവിക സേനാ മേധാവി സുരീഷ്‌ മേത്ത തുടങ്ങിയവര്‍ രംഗത്തുവന്നിട്ടുണ്ട്‌. അമേരിക്കന്‍ അനുകൂല നിലപാടെടുക്കുകയോ ആണവ കരാറിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയോ ചെയ്‌തവരാണ്‌ ഇവരെല്ലാം എന്നത്‌ അവഗണിക്കാനാവില്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായ യു പി എ സര്‍ക്കാറിനെ പിന്തുണക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനിച്ചത്‌ ആണവ കരാറില്‍ രാജ്യത്തിന്‌ പ്രതികൂലമായി ഒന്നുമില്ല എന്നും കരാര്‍ ഏറെ സവിശേഷമാണ്‌ എന്നും അബ്‌ദുല്‍ കലാം നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ ഉയര്‍ത്തിപ്പിടിച്ചാണ്‌. ആണവ കരാര്‍ ഒപ്പ്‌ വെക്കുന്നതിന്‌ മുന്നോടിയായി നടന്ന തന്ത്രപ്രധാന ചര്‍ച്ചകളിലെല്ലാം മന്‍മോഹന്‍ സിംഗിന്റെ ദുതന്‍മാരില്‍ ഒരാളായിരുന്നു അനില്‍ കകോദ്‌കര്‍.


കരാറിനെ ആവുംവിധം എതിര്‍ത്ത പി കെ അയ്യങ്കാര്‍ (ആണവോര്‍ജ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍, 1974ലെ ആദ്യ അണ്വായുധ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കിയയാള്‍) കെ സന്താനത്തിന്റെ വാദഗതിയെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌. സന്താനം പറയുന്നത്‌ ശരിവെച്ച മറ്റൊരു മുതിര്‍ന്ന ആണവ ശാസ്‌ത്രജ്ഞനായ എ ഗോപാലകൃഷ്‌ണനും ആണവ കരാറിന്റെ നിശിത വിമര്‍ശകരില്‍ ഒരാളായിരുന്നു. ഇത്തരത്തില്‍ സന്താനത്തിന്റെ വാദത്തെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും രണ്ടാക്കി വിഭജിച്ച്‌ നിര്‍ത്താം. പക്ഷേ, സന്താനത്തെ ഈ രണ്ട്‌ കള്ളികളിലും പെടുത്താനാവില്ല. ആണവ ശാസ്‌ത്ര മേഖലയില്‍ ഗവേഷണം നടത്തുകയും പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ (ഡി ആര്‍ ഡി ഒ) ഭാഗഭാഗാക്കാകുകയും ചെയ്‌ത ഇദ്ദേഹം ആണവ കരാറിനെ ഇതുവരെ വിമര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക്‌ ആധികാരികത കൂടുതല്‍ നല്‍കേണ്ടിവരും.


ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്‌ സന്താനത്തിന്റെ വെളിപ്പെടുത്തലുണ്ടായിട്ടുള്ളത്‌. കരാര്‍ പ്രാബല്യത്തിലായ ശേഷം ഇക്കാര്യം പറയുന്നതുകൊണ്ട്‌ പ്രയോജനമുണ്ടാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്‌ മുന്നോടിയായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മൂന്ന്‌ സുപ്രധാന കരാറുകളില്‍ ഇന്ത്യയെക്കൊണ്ട്‌ അമേരിക്ക ഒപ്പ്‌ വെപ്പിച്ചു കഴിഞ്ഞു. ആണവ നിര്‍വ്യാപന രംഗത്ത്‌ ഇന്ത്യയുടെ കൂടുതല്‍ ഊര്‍ജിതമായ ഇടപെടല്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഊര്‍ജിതമായ ഇടപെടല്‍ എന്ന്‌ യു എസ്‌ ഭരണകൂടം പറയുമ്പോള്‍ ആണവ നിര്‍വ്യാപന കരാറിലും (എന്‍ പി ടി), സമഗ്ര ആണവ പരീക്ഷണ നിരോധന കരാറിലും (സി ടി ബി ടി) ഒപ്പ്‌ വെക്കുക എന്നു തന്നെയാണ്‌ അതിന്‌ അര്‍ഥം. ഇതുകളില്‍ ഒപ്പുവെക്കാന്‍ വൈകാതെ ഇന്ത്യന്‍ ഭരണകൂടം തീരുമാനമെടുത്തേക്കുമെന്ന ആശങ്ക പ്രബലമാണ്‌. ആണവ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ ഹൈഡ്‌ നിയമം ഇന്ത്യക്ക്‌ ബാധകമാവും. പിന്നീട്‌ അണ്വായുധ പരീക്ഷണങ്ങള്‍ നടത്തുന്നത്‌ കരാര്‍ റദ്ദാക്കപ്പെടാന്‍ വരെ കാരണമായേക്കാം. മറ്റ്‌ കരാറുകളില്‍ ഒപ്പ്‌ വെക്കാന്‍ തീരുമാനിച്ചാല്‍ കൂടുതല്‍ പരുങ്ങലിലാവും.


തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടത്തി തെറ്റുകുറ്റങ്ങള്‍ തീര്‍ത്ത്‌ വിപുലമായ അണ്വായുധ ശേഖരമുണ്ടാക്കിവെക്കുക എന്നതല്ല സന്താനത്തിന്റെ വാദഗതിയുടെ പൊരുള്‍. ഏറ്റവും ചുരുങ്ങിയ ആണവ പ്രതിരോധ ശേഷി ആര്‍ജിക്കുക എന്നതും അതിന്റെ കൃത്യത പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കുക എന്നതുമാണ്‌. അതിന്‌ തയ്യാറാകേണ്ടതിന്റെ ആവശ്യകത അമേരിക്കയുമായി ഇപ്പോഴുണ്ടാക്കുന്ന സൗഹൃദത്തില്‍ തന്നെയുണ്ട്‌. ഒരു കാലത്ത്‌ തോളില്‍ കൈയിട്ട്‌ നടന്ന രാജ്യങ്ങളുടെയെല്ലാം കാലില്‍ പിന്നീട്‌ ചവിട്ടിയ ചരിത്രമാണ്‌ അമേരിക്കയുടെത്‌. അഫ്‌ഗാനിസ്ഥാന്‍, ഇറാഖ്‌, പാക്കിസ്ഥാന്‍ എന്നു തുടങ്ങി ഉദാഹണങ്ങള്‍ നിരവധിയാണ്‌. ശത്രുപക്ഷത്ത്‌ പ്രതിഷ്‌ഠിച്ചിരുന്ന കാലത്തുപോലും സോവിയറ്റ്‌ യൂനിയനെയും ചൈനയെയും എതിരിടാന്‍ അമേരിക്ക ശ്രമിക്കാതിരുന്നത്‌ അവരുടെ പ്രതിരോധ ശേഷിയെ ഭയന്നിരുന്നതുകൊണ്ടാണ്‌. 1971ലെ ഇന്ത്യാ - പാക്‌ യുദ്ധകാലത്ത്‌ പാക്കിസ്ഥാനെ സഹായിക്കാന്‍ തീരുമാനിച്ച അമേരിക്ക, ബ്രഷ്‌നേവിന്റെ കപ്പല്‍ വ്യൂഹത്തെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ട്‌ പത്തി മടക്കിയ കഥ ഓര്‍ക്കാം.


ഭാവിയില്‍ സ്വന്തം സൈനിക, സാമ്പത്തിക കമ്പോളങ്ങളുടെ വ്യാപനത്തിന്‌ ഒരു തടസ്സമായി ഇന്ത്യയെ കാണുന്നപക്ഷം അമേരിക്ക കാലില്‍ ചവിട്ടാന്‍ മടിക്കില്ലെന്ന്‌ ഉറപ്പ്‌. അന്ന്‌ ഇടറാതെ അവരോട്‌ ഏറ്റു നില്‍ക്കണമെങ്കില്‍ സ്വന്തം പ്രതിരോധത്തെ പാളിച്ച കൂടാതെ കാക്കേണ്ടതുണ്ട്‌. അതുകൊണ്ടുകൂടിയാണ്‌ സന്താനം ഇപ്പോള്‍ നല്‍കുന്ന മുന്നറിയിപ്പ്‌ പ്രധാനമാവുന്നത്‌.


ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം പ്രതീക്ഷിച്ച വിജയമായിരുന്നില്ല എന്ന്‌ സന്താനം പറയുമ്പോള്‍ അണുസംയോജനത്തിന്‌ ഇന്ത്യയുടെ പക്കലുള്ള സാങ്കേതിക വിദ്യയുടെ കാര്യക്ഷമതയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. ബോംബ്‌ പരീക്ഷിച്ചില്ലെങ്കില്‍ കൂടി ഈ സാങ്കേതിക വിദ്യയുടെ പിഴവ്‌ തീര്‍ത്തു വെക്കേണ്ടത്‌ ഊര്‍ജ മേഖലയെ സംബന്ധിച്ച്‌ ഇന്ത്യക്ക്‌ നിര്‍ണായകമാണ്‌. ആണവ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ കൈമാറുന്നതിന്‌ അടുത്തിടെ അവസാനിച്ച ജി- എട്ട്‌ ഉച്ചകോടി ചില നിബന്ധനകള്‍ മുന്നോട്ടുവെച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. അല്ലെങ്കില്‍ അമേരിക്കന്‍ കമ്പനികള്‍ ഉത്‌പാദിപ്പിച്ച്‌ നല്‍കുന്ന ഊര്‍ജം അവര്‍ നിശ്ചയിക്കുന്ന വിലക്ക്‌ വാങ്ങി അവര്‍ സൃഷ്‌ടിക്കുന്ന വിതരണ ശൃംഖലകളിലൂടെ കൈമാറി അഷ്‌ടി നടത്തേണ്ടിവരും നമുക്ക്‌. പരോക്ഷമോ പ്രത്യക്ഷമോ ആയ പൂര്‍ണ അടിമത്തത്തില്‍.

1 comment:

  1. ഒരു വലിയകണ്ടു പിടിത്തമാണല്ലോ ?
    ഇതാരും കണ്ടില്ലേ.

    ReplyDelete