2009-09-01

ആരാന്റമ്മയ്‌ക്ക്‌ പ്രാന്തു പിടിച്ചാല്‍


വയനാട്‌ കോയപ്പത്തൊടി വീട്ടില്‍ കബീറിനെ എനിക്ക്‌ അറിയില്ല. സാമാന്യേന അറുപതാണ്ട്‌ നീണ്ടുനില്‍ക്കുന്ന ഈ ആയുസ്സില്‍ കാണാനും ഇടയില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നുപൊങ്ങാനായി റണ്‍വേയിലൂടെ കുതിച്ചുപാഞ്ഞ വിമാനത്തെ തടുത്ത്‌ പിടികൂടിയ കബീറിന്‌ എന്ത്‌ സംഭവിച്ചാലും അത്‌ എന്നെ ബാധിക്കുകയുമില്ല. അവന്‍ തീവ്രവാദിയോ തീവ്രവാദികളുടെ കൂട്ടാളിയോ ആയുധക്കടത്തുകാരനോ കള്ളപ്പണക്കാരനോ ആരായാലും അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടതുമുണ്ട്‌. പക്ഷേ, കബീര്‍ ഒരു സൂചകമാണെങ്കില്‍ അത്‌ പ്രശ്‌നം തന്നെയാണ്‌ - എല്ലാവര്‍ക്കും.


പിടികിട്ടേണ്ടവരുടെ പട്ടികയില്‍പ്പെടുത്തി ഐ ബി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച ഒരാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി എന്ന വാര്‍ത്തയോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ആദ്യം ചെറിയ അക്ഷരങ്ങളില്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത പിന്നീട്‌ വലിയ അക്ഷരങ്ങളിലേക്ക്‌ രൂപാന്തരം പ്രാപിച്ചു. സ്‌ഫോടനക്കേസുകളുമായി ബന്ധമുള്ളയാളാണ്‌ കബീര്‍ എന്ന സംഭ്രമജനകമായ വിവരം ലഭിച്ചതോടെയാണ്‌ അക്ഷരങ്ങളുടെ വലുപ്പം വര്‍ധിച്ചത്‌. ഐ ബിയുടെയും റോയുടെയും ഉദ്യോഗസ്ഥര്‍ കബീറിനെ ചോദ്യം ചെയ്‌തുവരികയാണെന്ന വിവരം കൂടി ലഭിച്ചതോടെ കൊടും ഭീകരന്‍ പിടിയിലായെന്ന പ്രതീതിയായി. കബീറിന്റെ നാവില്‍ നിന്ന്‌ വീണുകിട്ടാന്‍ ഇടയുള്ള വിവരങ്ങളെക്കുറിച്ചായി പിന്നത്തെ അഭ്യൂഹം. കോഴിക്കോട്ടെ രണ്ടെണ്ണമടക്കം വിവിധ സ്‌ഫോടനക്കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുകയും ലശ്‌കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന പദവി ചാര്‍ത്തിക്കൊടുക്കുകയും ചെയ്‌ത തടിയന്റവിട നസീര്‍ എന്നയാളുമായി കബീറിന്‌ ബന്ധമുണ്ടെന്ന്‌ സൂചനയുണ്ടെന്നും ചാനലുകള്‍ അറിയിച്ചു. ചാനലുകളുടെ കുത്തിയൊഴുക്കില്‍ സ്വാധീനിക്കപ്പെട്ട പത്രപ്രവര്‍ത്തകര്‍ ദിനാന്ത്യത്തില്‍ ഇവയെല്ലാം ചേര്‍ത്തുവെച്ച്‌ പിറ്റേന്നത്തെ പത്രത്തിലൂടെ വിവരം ജനങ്ങളുടെ മുമ്പാകെ രേഖീയമായി എത്തിച്ചു.


36 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എല്ലാം തിരുത്തേണ്ടിവന്നു. പക്ഷേ, അപ്പോള്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ വലിയ അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെട്ടില്ല. ചില പത്രങ്ങളെങ്കിലും സ്വന്തം അമളി തുറന്നുപറഞ്ഞുകൊണ്ട്‌ വലിയ വാര്‍ത്ത നല്‍കി. രണ്ട്‌ പകലും ഒരു രാത്രിയും നീണ്ട ചോദ്യം ചെയ്യലിന്‌ ശേഷവും കബീറിന്‌ തീവ്രവാദ ബന്ധമുണ്ടെന്നതിന്‌ എന്തെങ്കിലും സൂചന ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചില്ല. ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്‌ കേസെടുക്കാന്‍ നിര്‍ദേശിച്ച്‌ കബീറിനെ അവര്‍ കേരള പോലീസിന്‌ കൈമാറി. ഏഴാം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള 29 കാരന്‍ കബീര്‍ ജ്യേഷ്‌ഠന്‍ നല്‍കിയ വിസ ഉപയോഗിച്ച്‌ കുവൈത്തിലേക്ക്‌ പറക്കാനെത്തിയതാണ്‌. മറ്റ്‌ എമിഗ്രേഷന്‍ രേഖകളോ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സാക്ഷ്യപത്രമോ ഉണ്ടായിരുന്നില്ല. വ്യക്തമായ രേഖകളില്ലാതെ വിദേശ രാജ്യത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചുവെന്നത്‌ കുറ്റകരമാണ്‌. രേഖകള്‍ പരിശോധിക്കാതെ വിമാനത്തില്‍ കയറാന്‍ അനുമതി നല്‍കിയവരാണ്‌ വലിയ കുറ്റവാളികള്‍.


വയനാടിന്‌ അടുത്തുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന്‌ പകരം കബീര്‍ എന്തുകൊണ്ട്‌ തിരുവനന്തപുരം തിരഞ്ഞെടുത്തുവെന്നത്‌ പ്രധാന ചോദ്യമാണ്‌. വേണ്ടത്ര രേഖകള്‍ കൈയിലില്ലെങ്കിലും തിരുവനന്തപുരത്തു കൂടെ യാത്ര ചെയ്യാനാവുമെന്ന വിവരം ഏഴാം ക്ലാസ്സ്‌ വരെ മാത്രം പഠിച്ച കബീറിന്‌ ലഭിച്ചിട്ടുണ്ട്‌. അങ്ങിനെയെങ്കില്‍ അത്രക്ക്‌ മോശമാണ്‌ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്യങ്ങള്‍. യാത്രാ രേഖകളില്ലാതെ വിദേശത്തേക്ക്‌ കടക്കാന്‍ കബീര്‍ ശ്രമിച്ചുവെന്നത്‌ അന്വേഷിക്കും മുമ്പ്‌ അന്വേഷിക്കേണ്ടത്‌ വിമാനത്താവളത്തിലെ ഇടപാടുകളെക്കുറിച്ചാണ്‌. അതൊന്നും ഉണ്ടാവാന്‍ പോവുന്നില്ല. പക്ഷേ, കബീര്‍ എന്ന വ്യക്തി സംശയത്തിന്റെ നിഴലില്‍ തുടരും. കാരണം തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടയാളാണ്‌. വേണ്ടത്ര യാത്രാ രേഖകളില്ലാതെ വിദേശത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചയാളാണ്‌.


കബീര്‍ എന്നൊരാള്‍ക്കെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആ കബീര്‍ ഇതല്ലെന്നുമാണ്‌ ഐ ബി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്‌. ഐ ബി അന്വേഷിക്കുന്ന ഒരാള്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടക്കാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരം ലഭിക്കുന്നു. പറന്നുയരാന്‍ കുതിക്കുന്ന വിമാനം പിടിച്ചുനിര്‍ത്തി സംശയിക്കുന്നയാളെ പിടികൂടുന്നു. ഇത്രയും ഭാഗത്തില്‍ അപാകതകളില്ല. പക്ഷേ, ലുക്കൗട്ട്‌ നോട്ടീസില്‍ പറയുന്നയാള്‍ ഇയാളല്ലെന്ന്‌ മനസ്സിലാക്കാന്‍ ഐ ബി, റോ ഉദ്യോഗസ്ഥര്‍ രണ്ട്‌ പകലും ഒരു രാത്രിയും എടുത്തുവെന്ന്‌ പറയുന്നത്‌ ദഹനത്തിന്‌ യോഗ്യമല്ല.


ആര്‍ക്കെതിരെയാണോ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌ അയാളുടെ കാര്യത്തില്‍ വേണ്ടത്ര വിവരം ഐ ബിയുടെ പക്കലില്ല എന്നതാണ്‌ ഇതിലൂടെ വ്യക്തമാവുന്നത്‌. ഉണ്ടായിരുന്നെങ്കില്‍ ആ കബീര്‍ ഇതല്ല എന്ന്‌ മനസ്സിലാക്കാന്‍ ഇത്രയും സമയം വേണ്ടിവരുമായിരുന്നില്ല. വേണ്ടത്ര രേഖകളില്ലാതെ വിദേശത്തേക്ക്‌ കടക്കാന്‍ ശ്രമിച്ചയാള്‍ക്ക്‌ കബീര്‍ എന്ന നാമധേയമായതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്‌ എന്ന ധാരണയില്‍ ഐ ബി, റോ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നുവെന്ന്‌ കരുതേണ്ടിവരും. അതാണല്ലോ മേലാളന്‍മാരായ അമേരിക്കന്‍ ഏജന്‍സികള്‍ കാണിച്ചുകൊടുക്കുന്നത്‌.


`ഭീകരവാദി പിടിയില്‍' എന്ന്‌ വലിയ പ്രചാരണം നടത്താന്‍ മാധ്യമങ്ങള്‍ തയ്യാറായതിന്റെ കാരണവും പരിശോധിക്കപ്പെടണം. ഐ ബി ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു എന്ന്‌ പറഞ്ഞാല്‍ അയാള്‍ ഭീകരവാദി തന്നെയെന്ന്‌ മുന്‍കൂര്‍ വിധിക്കുകയാണ്‌. ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ എന്താണ്‌ എന്ന അറിവില്ലായ്‌മയാണ്‌ പ്രശ്‌നം. സന്തോഷ്‌ മാധവനെതിരെ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌ ഗള്‍ഫിലുള്ള ഒരു സ്‌ത്രീയുടെ പക്കല്‍ നിന്ന്‌ പണം തട്ടി കടന്ന കേസിലാണ്‌. ഏതെങ്കിലും ഒരു ആരോപണത്തിന്റെ പേരില്‍ പിടികൂടാനുണ്ട്‌ എന്ന്‌ മാത്രമാണ്‌ ലുക്ക്‌ ഔട്ട്‌, റെഡ്‌ കോര്‍ണര്‍ നോട്ടീസുകളുടെ അര്‍ഥം. അത്‌ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിലാവണമെന്ന നിര്‍ബന്ധമില്ല. പക്ഷേ, നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഇത്തരം നോട്ടീസുകളെല്ലാം ഭീകരവാദവുമായി ബന്ധപ്പെട്ടത്‌ മാത്രമാണ്‌. സന്തോഷ്‌ മാധവനെതിരായ ഇന്റര്‍പോള്‍ നോട്ടീസും ആദ്യം വാര്‍ത്തയായത്‌ കൊടും ഭീകരന്‍ എന്ന നിലയിലായിരുന്നു.


ഐ ബി അന്വേഷിച്ചുകൊണ്ടിരിക്കുന്നയാള്‍ പിടിയിലാവുമ്പോള്‍ മുന്‍പിന്‍ നോട്ടമില്ലാതെ സ്‌ഫോടനക്കേസുമായും തടിയന്റവിടെ നസീറുമായും ബന്ധിപ്പിക്കുന്നത്‌ യാദൃച്ഛികമാണോ? അല്ലെന്ന്‌ മനസ്സിലാക്കണമെങ്കില്‍ മറ്റൊരു സംഭവം കൂടി ശ്രദ്ധിക്കണം. കോഴിക്കോട്‌ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഹാലിം മഅ്‌ദനിക്കെതിരെ പോലീസില്‍ മൊഴി നല്‍കിയെന്ന വാര്‍ത്ത ടെലിവിഷനുകളില്‍ ബ്രേക്കിംഗ്‌ ന്യൂസായിരുന്നു. മൊഴിയുടെ പകര്‍പ്പിലെ പ്രധാന ഭാഗങ്ങള്‍ മഞ്ഞമഷിപ്പേനകൊണ്ട്‌ (ഓരോന്നിനും അതിന്റേതായ നിറമുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്കിംഗ്‌ മഷിയായി മഞ്ഞ ഉപയോഗിക്കുന്നത്‌ ഇപ്പോള്‍ കൂടുതല്‍ അര്‍ഥവത്താവുന്നു) മാര്‍ക്ക്‌ ചെയ്‌ത്‌ പ്രദര്‍ശിപ്പിച്ച്‌ ലേഖകര്‍ നിരന്നു. കോയമ്പത്തൂര്‍ സ്‌ഫോടനം നമ്മുടെ പണിയാണെന്ന്‌ മഅ്‌ദനി പറഞ്ഞുവെന്ന മൊഴിയും മറ്റും ഉയര്‍ത്തി ഭീകരബന്ധത്തിന്റെ വലുപ്പം വരച്ചുകാട്ടി. പിടിയിലാവുന്നയാള്‍ പോലീസ്‌ മുമ്പാകെ നല്‍കുന്ന മൊഴിക്ക്‌ കോടതിയില്‍ നിയമസാധുതയില്ലെന്ന്‌ അറിയാത്തവരല്ല നാമൊന്നും. ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ ഒരുപക്ഷേ, ഇത്‌ ഓര്‍ത്തിട്ടുണ്ടാവണമെന്നില്ല. പക്ഷേ, വാര്‍ത്ത ബ്രേക്കിംഗ്‌ ന്യൂസായൂം മറ്റും നല്‍കാന്‍ നിശ്ചയിക്കുന്നവര്‍ ഇത്‌ പരിഗണിക്കേണ്ടതല്ലേ. അവര്‍ ഇത്‌ പരിഗണിക്കാതെ ബ്രേക്കിംഗ്‌ ന്യൂസായി നല്‍കാനും ദിനം മുഴുവന്‍ നീളുന്ന ചര്‍ച്ചയാക്കാനും തീരുമാനിച്ചെന്ന്‌ കരുതാനാവില്ല. അപ്പോള്‍ യാദൃച്ഛികത എന്ന ശങ്കക്ക്‌ വിരാമമിടാം.


മത്സരത്തില്‍ മുന്നിലെത്താനുള്ള തത്രപ്പാടാണെന്ന കേവല അനുമാനത്തിലെത്താം. സംഭ്രമം ജനിപ്പിച്ച്‌ കൂടുതല്‍ പ്രേക്ഷകരെ നേടി പരസ്യക്കാരുടെ പട്ടികയില്‍ മുന്നിലെത്താനുള്ള തന്ത്രം. പക്ഷേ, താന്‍ അത്തരമൊരു മൊഴി നല്‍കിയിട്ടില്ല എന്ന്‌ പിന്നീട്‌ ഹാലിം പറയുമ്പോഴും ഇതേ മത്സരബുദ്ധി കാട്ടേണ്ടതല്ലേ. അതുണ്ടാവാറില്ല. കബീറിന്‌ ഭീകര ബന്ധമില്ല എന്ന്‌ ഐ ബി ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോള്‍ ചാനലുകളില്‍ വലിയ അക്ഷരങ്ങള്‍ മിന്നിമറഞ്ഞില്ല എന്ന്‌ നേരത്തെ പറഞ്ഞത്‌ ഇവിടെ ഓര്‍ക്കാം. അപ്പോള്‍ മത്സരത്തില്‍ ജയിച്ച്‌ ലാഭത്തിന്റെ കണക്കില്‍ മുന്നിലെത്തുക എന്നത്‌ മാത്രമല്ല ഉദ്ദേശ്യം എന്ന്‌ മനസ്സിലാക്കേണ്ടിവരും. കബീറിന്റെ കാര്യത്തില്‍ ഇവിടെയും കാര്യങ്ങള്‍ അവസാനിക്കുന്നില്ല. തീവ്രവാദ ബന്ധമില്ലെന്ന്‌ ഐ ബി ഉറപ്പിച്ചതോടെ കേരള പോലീസിന്റെ റിപ്പോര്‍ട്ട്‌ ഉദ്ധരിച്ച്‌ ഇയാളെ പെണ്‍വാണിഭക്കാരനാക്കുകയാണ്‌ ചിലര്‍ ചെയ്‌തത്‌. പക്ഷേ, പോലീസ്‌ ഇത്തരം ഒരു കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുമില്ല. ഇത്തരത്തില്‍ അപമാനിക്കപ്പെട്ട ഒരു യുവാവിന്റെ തുടര്‍ ജീവിതത്തെക്കുറിച്ച്‌ മാധ്യമങ്ങള്‍ ചിന്തിക്കേണ്ട കാര്യമില്ല. കാരണം കബീര്‍ എന്ന വ്യക്തിക്ക്‌ എന്തു സംഭവിച്ചാലും അത്‌ മാധ്യമങ്ങളെ ബാധിക്കുന്നില്ല തന്നെ.


ഐ ബി, റോ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമാണെന്നാണ്‌ വെയ്‌പ്പ്‌. എന്നിട്ടും കബീറിനെ ഈ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തതിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചു. തടിയന്റവിടെ നസീറിന്റെ പേരൊക്കെ ഉയര്‍ന്നുവന്നത്‌ അങ്ങനെയാണല്ലോ? വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാന്‍ പാകത്തില്‍ ഐ ബിയിലും റോയിലും വരെ ബന്ധമുള്ള നമ്മുടെ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച്‌ അസൂയ തോന്നേണ്ടതാണ്‌. പക്ഷേ ലഭിച്ച വിവരങ്ങളൊക്കെ തെറ്റാണെന്ന്‌ തെളിയുമ്പോള്‍ തങ്ങള്‍ക്ക്‌ വിവരം തരുന്നവരുടെ വിശ്വാസ്യത മാധ്യമ പ്രവര്‍ത്തകര്‍ ചിന്തിക്കണം. ഇത്തരം തെറ്റായ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യമെന്തെന്ന്‌ സര്‍ക്കാറും ആലോചിക്കണം. ശരിയായ ലക്ഷ്യം വെച്ചല്ല ഇത്തരം വിവരങ്ങള്‍ കൈമാറുന്നത്‌ എന്നത്‌ വ്യക്തമാണ്‌.


പോലീസില്‍ ഹാലിം നല്‍കിയ മൊഴിക്ക്‌ നിയമപരമായ നിലനില്‍പ്പില്ലെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ അതിന്റെ പകര്‍പ്പ്‌ പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറുന്നത്‌. അത്തരം ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യം എന്തായിരിക്കുമെന്ന്‌ മനസ്സിലാക്കാന്‍ വലിയ അന്വേഷണമൊന്നും വേണ്ടതില്ല.


ഇനി കബീര്‍ (കബീര്‍ എന്നത്‌ പൊതുനാമമെന്ന നിലക്ക്‌ വായിക്കുക) മാധ്യമങ്ങള്‍ക്കൊന്നും പരിചയമില്ലാത്ത ആളായി മാറും. അവന്റെ മേലുണ്ടായ ആരോപണങ്ങളെല്ലാം അവന്റെ മാത്രം ബാധ്യതയായി തീരും. എത്ര വിശദീകരിച്ചാലും അവശേഷിക്കുന്ന സംശയത്തിന്റെ നിഴല്‍ അവന്റെ സ്വത്തായി മാറും. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്ന്‌ ചുളിയുന്ന നെറ്റികള്‍ അവനോട്‌ ചോദിച്ചുകൊണ്ടേയിരിക്കും.

5 comments:

  1. തീവ്രവാദ ഭീഷണി മുഴക്കി ഒരു സമുദായത്തെ സംശയത്തിന്റെ നിഴലിൽ എത്രമാത്രം നിറുത്താമെന്ന ചോദ്യത്തിന്നു ലളിതമായ ഉത്തരമാണു മാധ്യമങ്ങളും പോലിസിലെ ഒരു വിഭാഗവും കൂടി ശ്രിഷ്ഠിക്കുന്നത്. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ഷാരുഖ് ഖാനു തന്റെ പേരിലുള്ള ഖാൻ എന്ന വാക്കും അതു പ്രതിനിധാനം ചെയ്യുന്ന സമുഹവും വിനയായെങ്കിൽ ഇങ്ങ് സ്വന്തം മാത്രിരാജ്യത്തും പേരിന്റെയും അത് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെയും പേരിൽ പോലിസിന്റെയും മാധ്യമങ്ങളുടെയും ആസുത്രിത ആക്രമങ്ങൾക്ക് ഇരയാകുകയാണിന്ന് ഒരു സമുദായം. കുറ്റവും കുറവുകളും ഇല്ലെന്നല്ല. എന്നാൽ ഒരു വിഭാഗത്തിന്റെ കുറവുകൾ മാത്രം എടുത്തുകാട്ടി ഈ സിൻഡികേറ്റ് നടത്തുന്ന പ്രചാരണത്തിന്റെ നീതിശാസ്ത്രം ചെന്നെത്തി നിൽക്കുന്നത് മലയാളി മതേതരത്വത്തിൽ വന്നടിയുന്ന സംഘപരിവാർ മാനസികാവസ്ഥയിലേക്കാണു. ഇവിടെ കുറ്റവാളികളെ ഈ സിൻഡികേറ്റ് തന്നെ തിരുമാനിക്കുന്നു. അവർ തന്നെ ഏകപക്ഷീയമാീ വിചരണ ചെയ്യുന്നു. അതിന്റെ തുടർ വിചാരണക്കായി പോലിസിനു വിട്ടുകൊടുക്കുന്നു. ഭരണകൂടമാകട്ടെ ഈ ഏകപക്ഷീയ മാധ്യമ ജൽപനങ്ങളെ കണ്ണടച്ചു സ്വീകരിക്കുന്നു.
    ജുഡീഷ്വറിയും കാടടചുള്ള ഈ ഏകപക്ഷീയ പ്രചാരണത്തിനെറ്റ് സ്വാധിനത്തിൽ അകപ്പെട്ടുവോ എന്ന് പോലും കോടതികളിലെ ചില വിധികളൂം അതോടനിബന്ധിച്ച അഭിപ്രായ പ്രകടനങ്ങളും സംശയിക്കുന്നു.

    ReplyDelete
  2. വളരെ പ്രസക്തമാണ്‌ വിഷയം.
    പൊള്ളുന്ന യാഥാര്‍ഥ്യങ്ങളേ അതിന്റേതായ ഗൌരവത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
    നിഷ്പക്ഷമതികള്‍ ചിന്തിക്കട്ടെ...
    നിക്ഷിപ്തതാല്‍പര്യക്കാരായ ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവര്‍ത്തക്കരുടെയം വിക്രിയകള്‍ സമൂഹത്തെ എത്രവലിയ ആപത്തിലേക്കാണ്‌ കൊണ്ടുചെല്ലുന്നത്!!
    ഈ പോക്കിനു കടിഞ്ഞാണിടാന്‍ ഭരണനേതൃത്വം വിവേകപൂര്‍വ്വം ഇടപെടേണ്ടിയിരിക്കുന്നു.

    ReplyDelete
  3. “മലയാളി മതേതരത്വത്തിൽ വന്നടിയുന്ന സംഘപരിവാർ മാനസികാവസ്ഥ“

    മലയാളിക്കു മാത്രേ മതേതരത്വം ഉള്ളോ?
    “സംഘപരിവാർ മാനസികാവസ്ഥ“ - ഒന്നു വിശദമാക്കാമോ?(ശൂലവും വയറുകീറലുമല്ല ഉദ്ദേശിച്ചത് അതു കുറേകേട്ട് പഴകിയതാ).

    മാധ്യമങ്ങള്‍ ആ വാര്‍ത്തയില്‍ ആവേശം കാട്ടി എന്നത് നേര്. പക്ഷേ ആ സമുദായത്തിന്റെ കുറ്റങ്ങള്‍ മാത്രമേ അവര്‍കാണുന്നുള്ളൂ എന്ന് പറഞ്ഞ് ശരിയാണെന്ന് തോന്നുന്നില്ല.

    ReplyDelete
  4. ഹോട്ട് ന്യൂസുകളുടെ കാലമാണിത്‌. അതിനു പറ്റുന്നതെന്തും മുന്‍ പിന്‍ നോക്കാതെ ഏറ്റുപിടിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തി കൊന്ട് ഒരു ചെറുപ്പക്കാരന്റെ ജീവിതം നശിക്കുമെന്നതോ ഒരു സമൂഹത്തെ തന്നെ സംശയമുനയില്‍ നിര്‍തുമെന്നതോ പ്രശ്നമല്ലെന്ന ചിന്തയാണ്. രാവും പകലും നോക്കാതെ കേട്ട പാതി കേള്‍ക്കാത്ത പാതി "പുതിയ സംഭവത്തോടെ കേരളം തീവ്രവാദ കെന്ദ്രമാനെന്ന് നമുക്ക് പറയാമോ" എന്ന് ഫോണിലും നേരിലും കിട്ടാവുന്നവരെ എല്ലാം വിളിച്ച് ചോദിച്ച് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നവര്‍ ആലോചികാത്ത പലതും ഉന്ട്. മുന്നിലെത്താനുള്ള മത്സരത്തില്‍ നിങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്ത മൂലം ചവിട്ടിയരക്കപ്പെടുന്നവരുടെ ജീവിതങ്ങള്‍ തിരിച്ചു കൊടുക്കാന്‍ കഴിയില്ലെന്നതിനെ കുറിച്ച് . ജീവിതകാലം മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്തപ്പെടുന്നവന്റെ വേദനയെ ക്കുറിച്ച്. നേരതോട് നേരം നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഒരാള്‍ നിരപരാധിയാനെന്ന് തെളിഞ്ഞാല്‍ പോലും അത്‌ വിളിച്ചു പറയാന്‍ ഇല്ലാക്കഥ പാടിയപ്പോഴുള്ള ആവേശം കാണാറില്ല. അല്ലെങ്കിലും നിരപരാധിയെന്ന്ന്‍ തീര്ച്ചപ്പെട്ടവനെ പിന്നെ മാധ്യമങ്ങള്‍ക്ക്‌ ആവശ്യമില്ലല്ലോ. അത്‌ വിളിച്ച് പറയുന്നത് ഹോട്ട് ന്യൂസ്‌ ആവുകയുമില്ല. പിന്നെന്തിനു അതിന്റെ പുറകെ പോകണം അല്ലെ? അര്ടിക്കിലിന്റെ പേര് യോജിച്ചത്‌ തന്നെ. ആരാന്റമ്മക്ക് ഭ്രാന്ത്‌ പിടിച്ചാല്‍......

    ഷബീര്‍ ചാത്തമംഗലം

    ReplyDelete
  5. ഹോട്ട് ന്യൂസുകളുടെ പിഴവുകള്‍ക്കപ്പുറം, ചില ലക്ഷ്യത്തോടെ എല്ലാമാധ്യമങളിലും ഒരേപോലെ വാര്‍ത്തകള്‍ ചമച്ചു നല്‍കുന്ന ഒരു കൂട്ടായ്മ ഉണ്ട് എന്നു തോന്നുന്നു. എന്റെ ഒരു പഴയ അനുഭവം http://neerurava.blogspot.com/2008/12/blog-post.html

    ReplyDelete