2009-09-15

പാഠം ഒന്ന്‌ - ലേലം


ആറു മുതല്‍ പതിനാലു വരെ പ്രായമുള്ള കുട്ടികള്‍ക്കെല്ലാം നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ബില്‍ പാര്‍ലിമെന്റ്‌ അംഗീകരിച്ചു. രണ്ടാം യു പി എ സര്‍ക്കാറിന്റെ ആദ്യത്തെ 100 ദിവസത്തെ പ്രവര്‍ത്തനത്തിലെ പ്രധാന നേട്ടമായി ഭരണമുന്നണി തന്നെ ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണിത്‌. പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമായി മാറും. ബില്ലിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസം ഉന്നയിക്കുന്നവര്‍ കുറവല്ല.


ന്യൂനപക്ഷ മതവിഭാഗങ്ങളാണ്‌, പ്രത്യേകിച്ച്‌ ക്രൈസ്‌തവ സഭകള്‍, ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവയില്‍ ഒന്ന്‌. മറ്റൊന്ന്‌ വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധരാണ്‌. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ 25 ശതമാനം സീറ്റ്‌ നീക്കിവെക്കണമെന്ന ബില്ലിലെ വ്യവസ്ഥയെയാണ്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ ചോദ്യം ചെയ്യുന്നത്‌. സ്‌കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയില്‍ ജനപ്രതിനിധികള്‍ക്ക്‌ പങ്കാളിത്തം നല്‍കണമെന്ന വ്യവസ്ഥക്കെതിരെ ക്രിസ്‌തീയ സഭാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്‌. നിലവില്‍ തന്നെ വിവിധ പഠനരീതികള്‍ നിലനില്‍ക്കുന്ന രാജ്യത്ത്‌ പുതിയ ബില്‍ പുതിയ വര്‍ഗ വിവേചനത്തിന്‌ കാരണാവാന്‍ ഇടയുണ്ടെന്ന ഭീതിയാണ്‌ വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധര്‍ പങ്കുവെക്കുന്നത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും നിവേദനം നല്‍കിയിട്ടുണ്ട്‌ ഇക്കൂട്ടര്‍.


നിര്‍ദിഷ്‌ട നിയമം പ്രാബല്യത്തിലാവുക അടുത്ത അധ്യയന വര്‍ഷത്തിലായിരിക്കും. അത്‌ എത്തരത്തിലായിരിക്കുമെന്നതിന്റെ സൂചനകള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ ലഭിച്ചുതുടങ്ങുന്നുണ്ട്‌. കേരളത്തിലെ പേരുകേട്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്ന എല്‍ കെ ജിയിലേക്ക്‌ കുട്ടികളെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. എല്‍ കെ ജി പ്രവേശനത്തിന്‌ കുഞ്ഞുങ്ങളെയും രക്ഷിതാക്കളെയും അഭിമുഖ പരീക്ഷക്ക്‌ വിധേയരാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി പല കാലങ്ങളിലായി നിരവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇവയില്‍ ചിലതെല്ലാം സുപ്രീം കോടതി ശരിവെച്ചിട്ടുമുണ്ട്‌. പക്ഷേ, അതൊന്നും കേരളത്തിന്‌ ബാധകമല്ലെന്ന മട്ടിലാണ്‌ ഇവിടെ എല്‍ കെ ജി പ്രവേശം നടക്കുന്നത്‌.


കൊച്ചിയിലെ പ്രശസ്‌തമായ സ്വകാര്യ സ്‌കൂളില്‍ എല്‍ കെ ജി പ്രവേശത്തിനുള്ള അഭിമുഖ പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. നാലു വയസ്സിലേക്ക്‌ കടക്കുന്ന കുഞ്ഞിനും മാതാപിതാക്കള്‍ക്കും അഭിമുഖ പരീക്ഷയുണ്ട്‌. കുഞ്ഞിനോടുള്ള ചോദ്യങ്ങള്‍ ലളിതമാണ്‌. അമ്മയുടെയും അച്ഛന്റെയും പേര്‌ പറയുക. ഇപ്പോള്‍ `പഠിക്കുന്ന' (ഡേ കെയറോ, അങ്കണവാടിയോ ഏതാണെങ്കില്‍ അത്‌) സ്ഥാപനത്തിന്റെ പേരും അവിടുത്തെ ടീച്ചറുടെ പേരും പറയുക തുടങ്ങിയവയാണ്‌ ചോദ്യങ്ങള്‍. പക്ഷേ, ചോദ്യങ്ങളെല്ലാം ആംഗലേയത്തിലാണെന്നതാണ്‌ പ്രധാനം. നാല്‌ വയസ്സിലേക്ക്‌ കടക്കുന്ന കുഞ്ഞ്‌ ഇംഗ്ലീഷില്‍ തന്നെ മറുപടി നല്‍കണം. ചോദ്യോത്തരം കഴിഞ്ഞാല്‍ കുഞ്ഞിന്‌ ചോക്ലേറ്റ്‌ സമ്മാനിക്കും. ചോക്ലേറ്റ്‌ സ്വീകരിച്ചാല്‍ ഉടന്‍ നന്ദി പ്രകാശിപ്പിക്കണം. ചോക്ലേറ്റ്‌ സ്വീകരിച്ച്‌ `താങ്ക്‌ യു' എന്ന്‌ പ്രതിവചിച്ചില്ലെങ്കില്‍ ആചാരമര്യാദകള്‍ അറിയില്ലെന്ന കാരണത്താല്‍ നാലാം വയസ്സിലേക്ക്‌ കടക്കുന്ന കുഞ്ഞ്‌ അയോഗ്യനാവും.


എന്തുകൊണ്ട്‌ ഈ സ്‌കൂള്‍ തിരഞ്ഞെടുക്കുന്നുവെന്നതാണ്‌ മാതാപിതാക്കളോടുള്ള പ്രധാന ചോദ്യം. ഈ സ്‌കൂള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇവിടുത്തെ നാട്ടുനടപ്പും കുഞ്ഞിന്റെ പഠനത്തിന്‌ ഭാവിയില്‍ വേണ്ടിവരുന്ന ചെലവുമെല്ലാം രക്ഷിതാക്കള്‍ അറിഞ്ഞിട്ടുണ്ടോ എന്ന്‌ കണ്ടെത്താനാണ്‌ ഈ ചോദ്യം. കുഞ്ഞും മാതാപിതാക്കളും അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചതുകൊണ്ടു മാത്രം പ്രവേശം ലഭിക്കണമെന്നില്ല. അതിന്‌ ശിപാര്‍ശ വേറെ വേണ്ടിവരും.


ഉദിക്കുന്ന വിദ്യ എന്ന്‌ അര്‍ഥം വരുന്ന പേരുള്ള സ്‌കൂളില്‍ പ്രവേശം ലഭിക്കണമെങ്കില്‍ ഡൊണേഷന്‍ (`സംസ്‌കാരശൂന്യരായ ആളുകള്‍' ഇതിനെ തലവരി എന്ന്‌ വിളിക്കും) നല്‍കണം. കൊച്ചിയിലെ ഈ സ്‌കൂളില്‍ തലവരി 20,000 രൂപയാണ്‌. മറ്റ്‌ സ്‌കൂളുകള്‍ വരും ദിവസങ്ങളില്‍ അഭിമുഖ പരീക്ഷക്ക്‌ തയ്യാറെടുക്കുന്നുണ്ട്‌. ക്രിസ്‌ത്യന്‍ മിഷണറിക്ക്‌ കീഴിലുള്ള ഒരു സ്‌കൂളില്‍ 25,000 രൂപയാണ്‌ ഡൊണേഷന്‍. മറ്റ്‌ ചിലവുകളെല്ലാം ചേരുമ്പോള്‍ എല്‍ കെ ജി പ്രവേശത്തിന്‌ വേണ്ടിവരുന്നത്‌ 50,000 രൂപ.


ഈ നടപ്പ്‌ സമ്പ്രദായത്തിന്റെ നടുവിലേക്കാണ്‌ ആറു മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമെന്ന നിയമവുമായി ഭരണകൂടം എത്തുന്നത്‌. മേല്‍പ്പറഞ്ഞ സ്‌കൂളുകളിലെല്ലാം എല്‍ കെ ജിയിലാണ്‌ പ്രവേശം. അവിടെ എല്‍ കെ ജിയില്‍ ചേരുന്നവരെ മാത്രമേ ഒന്നാം ക്ലാസ്സിലേക്ക്‌ പരിഗണിക്കൂ. ആറു വയസ്സുള്ള ഒരു കുട്ടിക്ക്‌ ഇവിടെ ഒന്നാം ക്ലാസ്സില്‍ പ്രവേശമുണ്ടാകില്ലെന്ന്‌ ഉറപ്പ്‌. നഴ്‌സറി സ്‌കൂളുകളിലെ പ്രവേശത്തിന്‌ അഭിമുഖം നടത്തുന്നത്‌ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി പ്രവേശത്തിന്‌ ബദല്‍ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളുടെ പരിസരത്ത്‌ താമസിക്കുന്നവര്‍ക്ക്‌ മുന്‍ഗണന നല്‍കണമെന്നതായിരുന്നു ബദല്‍ നിര്‍ദേശങ്ങളില്‍ പ്രധാനം. ആറു വയസ്സുകാരന്‌ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തുമ്പോള്‍ സ്‌കൂളിന്റെ പരിസരത്ത്‌ താമസിക്കുന്നവര്‍ക്ക്‌ മുന്‍ഗണന നല്‍കുക എന്ന ഈ നിര്‍ദേശം കൂടുതല്‍ നിര്‍ണായകമാണ്‌. ഏറെ അകലെയുള്ള സ്‌കൂളിലേക്ക്‌ കുഞ്ഞുങ്ങളെ പറഞ്ഞയക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത രക്ഷാകര്‍ത്താക്കള്‍ക്ക്‌ ആശ്വാസം നല്‍കുന്ന നിര്‍ദേശം. പക്ഷേ, അത്തരത്തിലൊരു കുടുംബത്തിന്‌ മേല്‍പ്പറഞ്ഞ സ്‌കൂളുകളിലൊന്നും പ്രവേശം ലഭിക്കില്ലെന്ന്‌ ഉറപ്പ്‌. കാരണം ഈ കുടുംബത്തിലെ കുഞ്ഞിന്‌ ഇംഗ്ലീഷ്‌ അഭിമുഖ പരീക്ഷയില്‍ വിജയിക്കാന്‍ കഴിയില്ലതന്നെ.


നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന്‌ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര നിയമം 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നീക്കിവെക്കണമെന്ന്‌ നിര്‍ദേശിക്കുന്നുണ്ട്‌. ഈ സീറ്റില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥിയുടെ പഠനച്ചെലവ്‌ ഭരണകൂടം വഹിക്കും. പഠനച്ചെലവ്‌ മാത്രമേ വഹിക്കാന്‍ കഴിയൂ. തലവരിയും അനുബന്ധ ചെലവുകളും ചേരുമ്പോള്‍ വരുന്ന അമ്പതിനായിരത്തിനടുത്തുള്ള തൂക ഭരണകൂടത്തിന്‌ വഹിക്കാന്‍ കഴിയില്ല. ഇത്രയും തുക നല്‍കിയാലേ കുട്ടികള്‍ക്ക്‌ പ്രവേശം നല്‍കൂ എന്ന്‌ തുറന്നുപറയാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കഴിയില്ല. നിയമപരമായ ബാധ്യത നിറവേറ്റാനായി 25 ശതമാനം സീറ്റ്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ നീക്കിവെക്കാന്‍ ഈ സ്‌കൂളുകള്‍ തയ്യാറായി എന്ന്‌ കരുതുക. ഇങ്ങനെ പ്രവേശിപ്പിക്കുന്ന കുട്ടികളെ തലവരി നല്‍കി സീറ്റുറപ്പാക്കിയവര്‍ക്കൊപ്പമിരുത്താന്‍ സ്‌ക്കൂള്‍ അധികൃതര്‍ തയ്യാറാകില്ല. നിയമപരമായ ബാധ്യത നിറവേറ്റാനായി പ്രവേശിപ്പിച്ച കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേകം ക്ലാസ്സൊരുക്കുകയാവും ചെയ്യുക. പൊതുധാരയില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്ന `സംവരണ വിഭാഗ'മായി ഇവര്‍ മാറും. അത്തരമൊരു അന്തരീക്ഷത്തില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ എത്ര രക്ഷിതാക്കള്‍ തയ്യാറാകുമെന്ന്‌ കണ്ടറിയണം.


നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കൊണ്ടുവന്ന നിയമം രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ പര്യാപ്‌തമല്ല എന്ന വിദ്യാഭ്യാസ വിദഗ്‌ധരുടെ നിരീക്ഷണം ശരിവെക്കപ്പെടുന്ന അവസ്ഥയാണ്‌ സംജാതമാകുന്നത്‌. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ അര നൂറ്റാണ്ട്‌ മുമ്പുതന്നെ രേഖപ്പെടുത്തുകയും ഇപ്പോള്‍ നിയമം മൂലം നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന ആശയം പ്രാവര്‍ത്തികമാകണമെങ്കില്‍ മറ്റ്‌ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്‌ എന്ന്‌ വ്യക്തമാവുകയാണ്‌. സ്വകാര്യ സ്‌കൂളുകള്‍ ഈടാക്കുന്ന ഡൊണേഷന്‍ നിര്‍ത്തലാക്കേണ്ടിവരും. എല്‍ കെ ജി പ്രവേശത്തിനുള്ള അഭിമുഖ പരീക്ഷ തടയേണ്ടിവരും. രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും ഉന്നത ശ്രേണിയില്‍ പിടിപാടുള്ളവര്‍ നടത്തുന്ന സ്വകാര്യ സ്‌കൂളുകളില്‍ ഇടപെടാന്‍ ഭരണകൂടങ്ങള്‍ മടിക്കുമെന്നുറപ്പ്‌.


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പാകത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍ വ്യാപിപ്പിക്കുകയാണ്‌ ഇതിനൊരു പോംവഴി. അവിടെ സ്വകാര്യ സ്‌കൂളുകളിലേതിനോട്‌ കിടപിടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരേണ്ടിയുംവരും. ഇക്കാര്യങ്ങള്‍ ഇന്നത്തെ നിലയില്‍ നടക്കുമെന്ന്‌ കരുതാനാകില്ല. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്‌ നല്ലപോലെ പങ്കാളിത്തമുള്ള കേരളത്തില്‍ പോലും സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്‌. ഇവിടേക്ക്‌ കുഞ്ഞുങ്ങളെ അയക്കാന്‍ രക്ഷിതാക്കള്‍ താത്‌പര്യം കാണിക്കുന്നുമില്ല.


സര്‍ക്കാര്‍ കാര്യം മുറപോലെ നടന്നാല്‍ മതിയെന്ന്‌ അധ്യാപകര്‍ തീരുമാനിക്കുന്നതും അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാതിരിക്കുന്നതുമാണ്‌ രക്ഷിതാക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന്‌ അകറ്റുന്നത്‌. സര്‍ക്കാറിന്റെ ധനസഹായത്തോടെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയിഡഡ്‌ സ്‌കൂളുകളുടെ അവസ്ഥയും വ്യത്യസ്‌തമല്ല. ഭാവിയില്‍ കുട്ടികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന നിരവധിയായ പ്രവേശനപ്പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും വേണ്ട ശേഷിയും ശേമുഷിയും വേണമെങ്കില്‍ കേന്ദ്ര സിലബസ്സിലെ പഠനം അനിവാര്യമെന്ന്‌ രക്ഷിതാക്കള്‍ ചിന്തിക്കുന്നു. സമ്പന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക്‌ ഉയര്‍ന്ന പഠന രീതിയും മികച്ച ഭൗതിക സൗകര്യവും ലഭ്യമാകുന്നു. താഴേക്കിടയിലുള്ളവര്‍ക്ക്‌ അത്‌ ലഭ്യവുമല്ല. ഈ വേര്‍തിരിവ്‌ തന്നെയാണ്‌ കേരളത്തിലെ സ്‌കൂളുകള്‍ എല്‍ കെ ജി പ്രവേശത്തിന്‌ നടത്തുന്ന അഭിമുഖ പരീക്ഷയിലും നിഴലിക്കുന്നത്‌.


വിദ്യാഭ്യാസത്തെ സമ്പത്ത്‌ നിര്‍ണയിക്കുന്ന രീതിയാണ്‌ ആദ്യം മാറേണ്ടത്‌. ദൗര്‍ഭാഗ്യവശാല്‍ സ്വകാര്യ മേഖലയെ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്യുന്ന തരത്തിലാണ്‌ നിര്‍ദിഷ്‌ട നിയമം പോലും ആവിഷ്‌കരിച്ചിരിക്കുന്നത്‌. സ്വകാര്യ സ്‌കൂളുകളില്‍ 25 ശതമാനം സംവരണം ഏര്‍പ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ അവസരം നല്‍കിയാല്‍ പിന്നെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ആവശ്യമില്ലല്ലോ.


സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കപ്പെടുകയല്ല സംഭവിക്കുന്നത്‌. മറിച്ച്‌ നിര്‍ബന്ധിതമായ ഒഴിവാക്കലാണ്‌ നടപ്പാക്കപ്പെടുന്നത്‌. സമ്പത്തോ ഉയര്‍ന്ന വിദ്യാഭ്യാസ പശ്ചാത്തലമോ ഇല്ലാത്ത കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ഒഴിവാക്കല്‍. അതിന്റെ പ്രത്യക്ഷ തെളിവാണ്‌ എല്‍ കെ ജിയിലേക്കുള്ള ആംഗലേയ അഭിമുഖപ്പരീക്ഷ. ഡൊണേഷന്‍ ഉള്‍പ്പെടെ പ്രവേശത്തിലുള്ള പണത്തിന്റെ സാന്നിധ്യം മറ്റൊരു തെളിവും. തിരഞ്ഞെടുപ്പിന്റെ ഈ മാനദണ്ഡങ്ങള്‍ക്ക്‌ പുറത്തുള്ളവര്‍ക്ക,്‌ തത്‌കാലത്തേക്ക്‌ സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിക്കാന്‍ സാധിക്കും. പക്ഷേ, പൂട്ടിപ്പോവുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം കുടും. അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളെ, രക്ഷിതാക്കളും കുട്ടികളും ആശ്രയിക്കേണ്ടിവരും. ഇത്‌ പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം കൂട്ടും. നിര്‍ബന്ധിതമായ ഒഴിവാക്കല്‍ എന്ന ലക്ഷ്യത്തിലേക്ക്‌ നാം അടുക്കുകയും ചെയ്യും.

1 comment:

  1. കെരളത്തിൽ മുടക്കുമുതൽ തിരിച്ചുകിട്ടുന്ന രണ്ടേ രണ്ടു വ്യവസായങ്ങളേ ഉള്ളൂ. അതിലൊന്നു ആശുപത്രി വ്യവസായവും മറ്റൊന്നു നമ്മുടെ സ്വന്തം വിദ്യഭ്യാസ സ്ഥാപനങ്ങളുമാണു. ഈ രണു ട്മേഘലയിലും പകൽ കൊള്ളയാണിന്ന് നടക്കുന്നത്‌. ആരോഘ്യം വിദ്യഭ്യാസമെന്നത്‌ പൗരന്റെ പ്രാഥമിക അവകാശമെന്നതിൽ നിന്നും മേലാളന്റെ ചുഷണോപാദിയായി തരം താണിരിക്കുന്നു. കേരളത്തിലെ പ്രത്യേക സാമൂഹികന്തരിക്ഷം ഈ രണ്ടു മേഘലയെയും ഒരു കൊള്ള വ്യവസായമായി നിൽനിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.

    ReplyDelete