2009-10-31

ഓര്‍ക്കണം ഇതു കൂടി


ഇന്ദിരാ പ്രിയദര്‍ശിനി എന്ന വലിയ നേതാവ്‌ വെടിയേറ്റു മരിച്ചതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം, രാജ്യ ചരിത്രത്തിലെ മറ്റൊരു കൊടും ക്രൂരതയെക്കൂടി ഓര്‍മപ്പെടുത്തുന്നു. ഇന്ദിര വെടിയേറ്റുവീണതിന്റെ പിറ്റേന്ന്‌ 1984 നവംബര്‍ ഒന്നു മുതല്‍ പത്തുദിവസം നീണ്ടുനിന്ന നരഹത്യയുടെ. നേതാവിന്റെ കൊലക്കുത്തരവാദി ഒരു സമുദായം തന്നെയാണെന്ന വികാരം ഉണര്‍ത്തിവിട്ട്‌ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയതായിരുന്നു ആ വംശഹത്യ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലായിരുന്നു തുടക്കം. പിന്നെ അത്‌ ഉത്തര്‍പ്രദേശ്‌, ഹരിയാന, മധ്യപ്രദേശ്‌ എന്നു വേണ്ട സിഖുകാരുടെ സാന്നിധ്യം മാത്രമുള്ള അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിവരെ വ്യാപിച്ചു. ഭീകരര്‍ എന്ന വാക്ക്‌ ഏതെങ്കിലും സമുദായത്തോട്‌ ചേര്‍ത്ത്‌ വായിക്കപ്പെട്ടത്‌ അന്നുമുതലാണ്‌ - `സിഖ്‌ ഭീകരര്‍'. ഈ വംശഹത്യയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആചരിക്കുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരു വസ്‌തുത, ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്നോളം ആരെയും ശിക്ഷിച്ചിട്ടില്ല എന്നതാണ്‌. ഡല്‍ഹിയില്‍ പിടഞ്ഞു വീണ മൂവായരത്തോളം സിഖ്‌ ജീവനുകളെ കൊന്നതാരെന്ന്‌ തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ സാധിച്ചില്ല. കണ്ടാലറിയാത്ത, അജ്ഞാതര്‍ നടത്തിയ കൂട്ടക്കൊലയും കൊള്ളിവെപ്പുമായാണ്‌ പല കേസുകളും രജിസ്റ്റര്‍ ചെയ്‌തത്‌. അപൂര്‍വം കേസുകളില്‍ ആരോപണവിധേയരുടെ പേരുകള്‍ കേസുകളിലുണ്ടായിരുന്നു. പക്ഷേ, തെളിവില്ലാത്തതിനാല്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. രാജ്യത്തിന്റെ മറ്റിടത്തു നടന്ന സിഖ്‌ വിരുദ്ധ കലാപത്തിന്റെ കേസുകളിലും സ്ഥിതി വ്യത്യസ്‌തമായില്ല.


സിഖ്‌ വംശഹത്യയെക്കുറിച്ച്‌ രാജീവ്‌ ഗാന്ധി പറഞ്ഞത്‌ ഇതാണ്‌ `'വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുക സ്വാഭാവികം. ഞാനൊരു തമാശ പറയുകയല്ല. വസ്‌തുത അതാണ്‌'. നമ്മുടെ അന്വേഷണ ഏജന്‍സികളും നീതിന്യായ സംവിധാനവും രാജീവിന്റെ വാക്കുകളെ അംഗീകരിച്ചതുപോലെയാണ്‌ പ്രവര്‍ത്തിച്ചത്‌ എന്ന്‌ വിലയിരുത്തേണ്ടിവരും.


1984 നവംബര്‍ ഒന്നു മുതലുള്ള പത്തു ദിവസങ്ങളില്‍ ഏറ്റവും വലിയ അക്രമങ്ങള്‍ നടന്നത്‌ ഡല്‍ഹിയില്‍ തന്നെയാണ്‌. സജ്ജന്‍ കുമാര്‍, ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍, എച്ച്‌ കെ എല്‍ ഭഗത്ത്‌ തുടങ്ങിയ കോണ്‍ഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ ആക്രമണം. അക്രമികളെ വിളിച്ചുകൂട്ടി പണവും മദ്യവും ആയുധവും നല്‍കി സിഖുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലേക്ക്‌ പറഞ്ഞുവിട്ടു. കാനുകളില്‍ പെട്രോള്‍ നിറച്ചു നല്‍കിയതുപോലും കോണ്‍ഗ്രസ്‌ നേതാക്കളുടെ വീടുകളില്‍ നിന്നാണെന്ന്‌ ആരോപണമുണ്ട്‌. ചിലയിടങ്ങളില്‍ ടൈറ്റ്‌ലറും സജ്ജനും ഭഗത്തും നേരിട്ട്‌ അക്രമികള്‍ക്ക്‌ നേതൃത്വം നല്‍കി. സിഖ്‌ പട്ടികളെ കൊല്ലെടാ... എന്ന ആക്രോശം ആവര്‍ത്തിച്ചു മുഴങ്ങി. കോളനികളില്‍ കയറിയിറങ്ങിയ അക്രമി സംഘം പുരുഷന്‍മാരെ തിരഞ്ഞുപിടിച്ചു കൊന്നു. സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു. പലേടത്തും മനുഷ്യരെ ജീവനോടെ ചുട്ടു. തലപ്പാവും താടിയും ധരിച്ച്‌ തെരുവിലിറങ്ങിയവര്‍ വൈകാതെ മൃതേദഹങ്ങളായി. ഗുരുദ്വാരകള്‍ അഗ്നിക്കിരയായി. സിഖുകാരുടെ കടകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. പഞ്ചാബില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ കുടിയേറി, സ്വ പ്രയത്‌നം കൊണ്ട്‌ വാണിജ്യ മേഖലയില്‍ മേല്‍ക്കൈ നേടിയവരായിരുന്നു സിഖുകാരില്‍ ഭുരിപക്ഷവും. കൊലകള്‍ക്കും സംഘടിതമായ ആക്രമണങ്ങള്‍ക്കും പിന്നിലുള്ള ഒരു ലക്ഷ്യം ഇവരുടെ സമ്പത്ത്‌ കൊള്ളയടിക്കുക എന്നതായിരുന്നു. മൂവായിരം പേരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ജീവച്ഛവമാക്കപ്പെട്ടവരും ബന്ധുക്കളുടെ കഴുത്തറുക്കുന്നത്‌ നോക്കിനില്‍ക്കേണ്ടിവന്നതുമൂലം മനോനില തെറ്റിയവരും കൂട്ട ബലാത്സംഗത്തിന്‌ ഇരയായവരും പീഡനങ്ങളുടെ നോവുമായി ഇന്നും ജീവിക്കുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഡല്‍ഹിലേതുപോലെ അക്രമം രൂക്ഷമായില്ല. എങ്കിലും സിഖുകാരന്റെ ജീവന്‍ തുലാസിലായിരുന്നു.


ഇന്ദിരയുടെ ഘാതകര്‍, രാജ്യദ്രോഹികള്‍ എന്ന പ്രതിച്ഛായ സിഖുകാര്‍ക്ക്‌ പിന്നീട്‌ ദീര്‍ഘകാലം നിലനിന്നു. പഞ്ചാബിലെ തീവ്രവാദം അടിച്ചമര്‍ത്താനെത്തിയ ജെ എച്ച്‌ റിബൈറോയും കെ പി എസ്‌ ഗില്ലും നിരപരാധികളായ യുവാക്കളെ വെടിവെച്ചു കൊന്ന്‌ ഏറ്റമുട്ടലായി ചിത്രീകരിച്ച്‌ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച്‌ അധികാരത്തില്‍ തുടര്‍ന്നപ്പോള്‍ അതിന്‌ ന്യായീകരണമായത്‌ നേരത്തെ പറഞ്ഞ പ്രതിച്ഛായയായിരുന്നു. ഇങ്ങിനെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്‌ത ആയിരക്കണക്കിന്‌ സിഖ്‌ യുവാക്കളെ സംബന്ധിച്ച കേസുകളിലും ഒരു തുമ്പും ഇന്നോളമുണ്ടായിട്ടില്ല.


എന്തുകൊണ്ട്‌ ഇത്തരം കേസുകള്‍ തെളിയിക്കപ്പെടാതെ പോവുന്നുവെന്നതും പ്രധാനമാണ്‌. ജഗദീഷ്‌ ടൈറ്റ്‌ലറും സജ്ജന്‍ കുമാറും ആക്രമണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ നേരില്‍ക്കണ്ടവര്‍ ജീവനോടെയുണ്ട്‌. പക്ഷേ, അവരാരും മൊഴി നല്‍കാന്‍ തയ്യാറല്ല. വലിയ ഭീഷണി ഇവര്‍ നേരിടുന്നുവെന്നതാണ്‌ വസ്‌തുത. ടൈറ്റ്‌ലറുടെ കേസില്‍ ദൃക്‌സാക്ഷിയായ ഒരാള്‍ കോടതിയില്‍ മൊഴി നല്‍കാനായി വന്നിറങ്ങിയപ്പോള്‍ സ്വീകരിച്ച്‌ സി ബി ഐയുടെ ഉദ്യോഗസ്ഥരാണ്‌. ഇദ്ദേഹം മൊഴി നല്‍കാതെ ദിവസങ്ങള്‍ക്കകം തിരിച്ചുപോയി. കോടതി ഇടപെട്ട്‌ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ഇയാളെ കണ്ടെത്തനായില്ലെന്നാണ്‌ സി ബി ഐ പിന്നീട്‌ സി ബി ഐ അറിയിച്ചത്‌. വന്‍ മരങ്ങള്‍ വീഴുമ്പോള്‍...


സിഖ്‌ വംശഹത്യക്ക്‌ 2005ല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും മാപ്പുചോദിച്ചു. അക്രമങ്ങള്‍ക്ക്‌ ഇരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിന്‌ 715 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു. എല്ലാം നഷ്‌ടപ്പെട്ട്‌ രണ്ട്‌ ദശകം പിന്നിട്ട ശേഷം ഏതാനും കോടികള്‍. കൊലയാളികള്‍ സൈ്വരവിഹാരം തുടരുകയും ചെയ്യുന്നു. സിഖുകാരുടെ മനസ്സിലെ രോഷത്തിന്റെ കനല്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്കും സജ്ജന്‍ കൂമാറിനും സീറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ജര്‍ണയില്‍ സിംഗെന്ന പത്രപ്രവര്‍ത്തകന്റെ ഷൂ പി ചിദംബരത്തിന്റെ നേര്‍ക്ക്‌ പാഞ്ഞത്‌ അതുകൊണ്ടാണ്‌.


1992 ഡിസംബര്‍, 1993 ജനുവരി മാസങ്ങളില്‍ ബോംബെയിലും 2002ല്‍ ഗുജറാത്തിലും അരങ്ങേറിയത്‌ ഡല്‍ഹിയിലെ മാതൃകയായിരുന്നു. ഇവിടെയും കൊലയാളികളും അക്രമികളും ശിക്ഷിക്കപ്പെടുന്നില്ല എന്നതും സമാനതയാണ്‌. അറിയപ്പെടാത്ത ആയിരങ്ങളുടെ രക്തസാക്ഷിത്വം ഓര്‍മയിലുണ്ടാവേണ്ടതിന്റെ ആവശ്യകത ബോംബെയും ഗുജറാത്തും ബോധ്യപ്പെടുത്തുകയാണ്‌

6 comments:

  1. ഇൻഡ്യയിൽ സിക്കുകാർ,മുസ്ലിങ്ങൾ,ദലിതർ,ഒബിസികൾ,സ്ത്രീകൾഎന്നി വിഭാഗങ്ങൾക്കു നേരെയൂള്ള അതിക്രമങ്ങളോട് ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളും എക്കാലവും അനീതിയാണു കാണിക്കുന്നത്. നിരന്തരമൂള്ള ഈ അനീതിയിൽ സഹികെട്ട് അവർ ദുർബലമായ ചെറുത്തുനിൽ‌പ്പു വല്ലതും നടത്താൻ തയ്യാറായാൽ ഭീകരവാദം,തീവ്രവാദം എന്നെല്ലാം വിളിച്ച് നിഷ്ഠൂരമായി നിരപരാധരെ വരെ അടിച്ചമർത്തും. ഏറ്റവും ഒടുവിൽ ബട്‌ല ഹൌസ് സംഭവത്തിൽ സുപ്രീം കോടതി-അതും ഒരു ദലിതൻ അധ്യക്ഷനായ ബഞ്ച്- എടുത്ത നിലപാടു നോക്കൂ. പൊലീസിന്റെ ‘മനോവീര്യം കെടുത്തുമെ’ന്നതിനാൽ ജുഡിഷ്യൽ അന്വേഷണം വയ്യത്രേ! സവർണ പുരുഷൻ ആണു ഉത്തമൻ എന്ന രൂപകം സ്വ്വാശീകരിച്ചിട്ടുള്ള ദലിതരും ഒ ബി സി കളും ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം ജനതയും ഈ ഭരണകൂടാതിക്രമത്തിന് മൌനാനുവാദം നൽകുന്നു എന്നതാണ് ഇതെല്ലാം ഇവിടെ അഭംഗുരം തുടരാൻ കാരണം.
    സന്ദർഭോചിതമായ പോസ്റ്റ്. അഭിനന്ദനം.

    ReplyDelete
  2. ഒരു കാര്യം കൂടി ഓര്‍ക്കേണ്ടതില്ലെ. ഭരണ പാര്‍ടിയും, മാധ്യമങ്ങളും ഇന്ദിരാ ഗാന്ധിയുടെ മഹത്വം വാഴ്ത്തിപ്പാടുകയാണിവിടെ. ഇന്ത്യന്‍ ജനാധിപത്യം 19 മാസക്കാലത്തോളം സസ്പെന്‍ഡ് ചെയ്ത ഒരു autocrat ആയിരുന്നു ഇന്ദിര. അതും സ്വന്തം കസേര സംരക്ഷിക്കുന്നതിനായി. അങ്ങിനെയൊരു ഇന്ദിരയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാലായിരത്തോളം സിഖുകാരെ വെട്ടിയും, കുത്തിയും, കത്തിച്ചും കൊന്നൊടുക്കിയത്.

    ReplyDelete
  3. മറവിയാണോ, വിധേയത്തമാണോ, ദൈനം ദിന ജീവിതം നടത്തിക്കൂട്ടുന്നതില്‍ വന്നു ചേരുന്ന നിസംഗതയാണോ രാഷ്ട്ര്രിയ ബോധം ഒരു വോട്ടു കുത്തലില്‍ ഒതുക്കുന്ന വഴിതെറ്റിയ ജനാധിപത്യ ചിന്തയാണോ എന്താണ് തനിക്കവകാശപ്പെട്ട വേദനകളെ മറക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്, ഈ പോസ്റ്റു വായിച്ചപ്പോള്‍ അങ്ങനെ ചിന്തിക്കാനാണ് തോന്നുന്നത്.

    ഇന്ത്യയില്‍ ഒരു സവര്‍ണതയേ ഉള്ളു അതിനു രണ്ടു സമാന രാഷ്ട്ര്രിയ മുഖങ്ങളും.

    താങ്കളുടെ പോസ്റ്റുകള്‍ ശ്രദ്ദയോടെ വായിക്കാറൂണ്ട്, കമന്റു ആദ്യമായാണ് എഴുതുന്നതങ്കിലും. ഒരു ആഫ്രിക്കന്‍ പ്രവാസിക്ക് , നഷ്ടമാകുന്ന ഏറ്റവും പ്രധാനമായ ഒന്നാണ്‍് സ്വന്തം രാജ്യത്തെക്കുറിച്ചുള്ള രഷ്ട്ര്രിയ വാര്‍ത്തകള്‍. ഇന്റര്‍നെറ്റിന്റെ യുഗത്തില്‍ മാറ്റം വന്നുവെങ്കിലും കഴിഞ്ഞ കാല വാര്‍ത്തകള്‍ പലതും നഷ്ടമാണ്. അതു കോണ്ടു കൂടി ഇത്തരം വാര്‍ത്തകളുടെ വില അപാരം. കീപ് ഇറ്റ് അപ്.

    സസ്നേഹം

    ReplyDelete
  4. please read my new blog.
    http://noufal76.blogspot.com/

    ReplyDelete
  5. ഇന്ത്യയില്‍ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ ഇന്ത്യയിലെ ഉപരി വര്‍ഗ്ഗ മാധ്യമങ്ങള്‍ നിറം ചാര്‍ത്തി ആഘോഷിച്ചപ്പോഴും, സര്‍ക്കാറ്രുകള്‍ സ്പോണ്‍സര്‍ ചെയ്ത ബോംബെ, ഗുജറാത്ത്, കാശ്മീരില്‍ നടക്കുന്ന നിരന്തര കൂട്ടക്കൊലകളും കാണാതാവലും, ഒറീസ എന്നിവയൊക്കെ ഒരു സെന്‍സേഷന്‍ വാര്‍ത്ത എന്നതിലപ്പുറം ആരും അതോര്‍ക്കാന്‍ പോലും തയ്യാറാവുന്നില്ല. ഇന്നും കോടിക്കണക്കിന് യോഗ്യന്മാരുണ്ടായിട്ടും ഇറ്റാലിയന്‍ വനിത ഈ രാജ്യത്തിന്റെ അധികാരം കയ്യാളുന്നതും ജവജര്‍ ലാലിന്റെ പിന്മുറക്കാര്‍ ഇപ്പോഴും ഇന്ത്യയുട്റ്റെ മാനസ പുതന്മാര്‍ ആകുന്നതുമെല്ലാം. ഈ അണ്ടിക്ക് ഉറപ്പില്ലാത്ത ജന കോടി പരിഷകള്‍ഊടെ കഴിവില്ലായ്മയാണ്.

    ചരിത്രം ഓര്‍ക്കാന്‍ ഇഷ്ട്റ്റപ്പെടാത്ത രാഹുലിനെ പോലുള്ള പുതിയ ചോക്കലേറ്റ് അന്തം കമ്മികളെ ഉയര്‍ത്തി കൊണ്ടുവരുന്ന ഈ പുതിയ അസുഖവും. സവര്‍ണനെ മനസ്സില്‍ പ്രതിഷ്ടിച്ച് അപഴ അടിയാളന്റെ ആ തമ്പ്രാന്‍ പേഎട്റ്റിയോ വിധേയത്തമോ ഒക്കെ തന്നെയാണ്.

    നിരവധി മാറ്റങ്ങള്‍ക്കൊടുവില്‍ കറങ്ങിതിരിണ്‍ജ് അധികാരം പിന്നെയും സവര്‍ണന്റെ അടുത്ത് എത്തുന്നു. കൂട്ടകൊലക്ക് ഇരയായ സ്മുദായ പ്രധിനിധി തന്നെ പല കൂട്ടി കൊടുപ്പുകളും കൂട്ടു നില്‍ക്കുകയും ചെയ്യുന്നു.

    ReplyDelete
  6. ഒരു പക്ഷെ ചരിത്രങ്ങള്‍ ഇവിടെയും ആവര്‍ത്തിചേക്കാം .അത്ഭുതപെടണ്ടതില്ല . ഭരണം കയ്യാളുന്നത് ഇന്നും കോണ്‍ഗ്രസ്സാണ് അതും മറുചോദ്യമില്ലാതെ .മരിച്ചവരും കൊല്ലപ്പെട്ടവരും നീതിയുടെ മുമ്പിലേക്കു ഇനി വരാത്തതുകൊണ്ട് പുതിയ കാഴ്ചയിലെ ഭീകരത നോക്കികാണാം .കോണ്ഗ്രസ് കാരന് ചെരുപ്പേറ് കിട്ടുന്നത് നമുക്ക് തുടര്‍ന്നും കാണാം.
    ചരിത്രങ്ങളുടെ ഇടനാഴികളില്‍ വീണ കണ്ണീരിന്‍റെ നനവുണ്ട് ഈ ലേഖനത്തിന് ആശംസകള്‍

    ReplyDelete