2009-12-15

നീതിയുടെ നിറം, ന്യായത്തിന്റെയും


ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലക്കടുത്തുള്ള ബട്‌ല ഹൗസ്‌ പ്രസിദ്ധമാണ്‌. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഡല്‍ഹി പോലീസ്‌ `ഏറ്റുമുട്ടലില്‍' വധിച്ചത്‌ ഇവിടെവെച്ചാണ്‌. ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരെന്ന്‌ ആരോപിക്കപ്പെടുന്ന രണ്ടു പേരെ ഇവിടെ നിന്ന്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. `ഏറ്റുമുട്ടലി'നിടെ ഡല്‍ഹി പോലീസിലെ മോഹന്‍ ചന്ദ്‌ ശര്‍മ വെടിയേറ്റു മരിക്കുകയും ചെയ്‌തു. നടന്നത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാണ്‌. എന്നാല്‍ ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസിനു നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌.


ഈ കേസില്‍ ഡല്‍ഹി പോലീസ്‌ രേഖപ്പെടുത്തിയ എഫ്‌ ഐ ആര്‍ (ഫസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ - പ്രഥമ വിവര റിപ്പോര്‍ട്ട്‌) ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കേസില്‍ ആരോപണവിധേയനായ ബട്‌ല ഹൗസിന്റെ കെയര്‍ ടേക്കര്‍അബ്‌ദുര്‍റഹ്‌മാന്റെ മകന്‍ സിയാഉര്‍റഹ്‌മാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. കൊല്ലപ്പെട്ട യുവാക്കളുടെയും പോലീസ്‌ ഇന്‍സ്‌പെക്‌ടറുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സിയാഉര്‍റഹ്‌മാന്‍ ആവശ്യപ്പെട്ടു. ഇവ രണ്ടും നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം ചോദ്യം ചെയ്‌തു ഡല്‍ഹി പോലീസ്‌ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ട്‌ കൈമാറാന്‍ കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ കൈമാറാന്‍ കഴിയില്ലെന്ന ഡല്‍ഹി പോലീസിന്റെ വാദം അംഗീകരിക്കുകയും ചെയ്‌തു.


ഒരു കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പൊതുരേഖയാണ്‌. ഇത്‌ ആവശ്യപ്പെട്ടാല്‍, പ്രത്യേകിച്ച്‌ കേസില്‍ ആരോപണവിധേയരായവര്‍, നല്‍കാന്‍ പോലീസിന്‌ ബാധ്യതയുണ്ട്‌. ബട്‌ല ഹൗസില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്നു വിവരം നല്‍കിയയാളാരെന്നു വെളിപ്പെടുമെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ്‌ എഫ്‌ ഐ ആര്‍ കൈമാറാന്‍ പോലീസ്‌ വിസമ്മതിച്ചത്‌. വിവരം കൈമാറിയ ആളുടെ പേരു വിവരങ്ങള്‍ നീക്കിയ ശേഷം എഫ്‌ ഐ ആര്‍ കൈമാറാന്‍ തടസ്സമില്ല. ഇത്‌ തന്നെയാണ്‌ കോടതി ചൂണ്ടിക്കാട്ടിയതും. സംഭവം നടന്ന്‌ ഒരു വര്‍ഷത്തിനു ശേഷം എഫ്‌ ഐ ആറിന്റെ പകര്‍പ്പ്‌ കിട്ടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്‌ വേണ്ടിവരുന്നുവെന്നത്‌ തന്നെ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം അതാര്യമാണെന്നതിനു തെളിവാണ്‌. ബട്‌ല ഹൗസ്‌ സംഭവത്തിന്‌ ഒരാഴ്‌ച മുമ്പ്‌ ഡല്‍ഹിയില്‍ നടന്ന സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ന്യായമാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ കൈമാറുന്നതിനുള്ള തടസ്സമായി പോലീസ്‌ ചൂണ്ടിക്കാട്ടിയത്‌. ഈ വാദം കോടതി അംഗീകരിച്ചു.


മരണകാരണം എന്തെന്ന്‌ അറിയാന്‍ മൃതദേഹത്തില്‍ നടത്തുന്ന ശാസ്‌ത്രീയ പരിശോധനയാണ്‌ പോസ്റ്റ്‌മോര്‍ട്ടം. ബട്‌ല കേസില്‍ രണ്ടു യുവാക്കളും പോലീസ്‌ ഉദ്യോഗസ്ഥനും എങ്ങനെ കൊല്ലപ്പെട്ടുവെന്നു വ്യക്തമാക്കുന്നതാവണം റിപ്പോര്‍ട്ട്‌. വെടിയുണ്ടയേറ്റ ഭാഗം, അതുമൂലമുണ്ടായ മുറിവിന്റെ ആഴം തുടങ്ങിയ കാര്യങ്ങളും അതിലുണ്ടാവണം. ഈ റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തുന്നത്‌ അതിനു മുമ്പ്‌ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണത്തെ ഏതു വിധത്തില്‍ ബാധിക്കുമെന്നത്‌ വ്യക്തമല്ല. എങ്ങനെയാണ്‌ അന്വേഷണത്തെ ബാധിക്കുക എന്ന്‌ കോടതി ചോദിച്ചതുമില്ല. പോലീസ്‌ ഇത്തരമൊരു വാദം മുന്നോട്ടുവെച്ചു, കോടതി അംഗീകരിച്ചു. എഫ്‌ ഐ ആര്‍ കൈമാറാനുള്ള വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം തടയാന്‍ കഴിയാത്തതുകൊണ്ടു മാത്രം അതു നല്‍കാന്‍ നിര്‍ദേശിച്ചതാണ്‌ എന്ന്‌ കരുതണം. എന്തെങ്കിലും തൊടുന്യായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കോടതി എഫ്‌ ഐ ആറിന്റെ പകര്‍പ്പ്‌ നല്‍കേണ്ട എന്ന്‌ വിധിക്കുമായിരുന്നു.


ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട്‌ സുപ്രീം കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്‌. സംഭവത്തില്‍ പോലീസ്‌ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി അന്വേഷണം കാര്യക്ഷമമായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി തീരുമാനിക്കുന്നതില്‍ തെറ്റ്‌ പറയാനാവില്ല. എന്നാല്‍ ഇവിടെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്‌- ``ഇത്തരം അന്വേഷണം പോലീസിനെ അനാവശ്യമായി പീഡിപ്പിക്കുന്നതായി മാറും. പോലീസിന്റെ മനോവീര്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ക്രിമിനലുകള്‍ ക്രിമിനലുകള്‍ തന്നെയാണ്‌. ഇവരെ സമൂഹത്തിന്റെ ഏതെങ്കിലും വിഭാഗവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ല''. കൊല്ലപ്പെട്ടവരും പിടിയിലായവരും ക്രിമിനലുകളാണെന്ന മുന്‍വിധിയില്‍ കേസിന്റെ വിചാരണ തുടങ്ങും മുമ്പ്‌ തന്നെ കോടതി എത്തിയിരിക്കുന്നു.


നമ്മുടെ ന്യായാസനങ്ങള്‍ യുക്തിയോ സാമാന്യ നീതിബോധമോ കൂടാതെ വിധി പുറപ്പെടുവിക്കുന്നതിനും നിരീക്ഷണങ്ങള്‍ നടത്തുന്നതിനും ദൃഷ്‌ടാന്തമാണ്‌ മേല്‍പ്പറഞ്ഞ രണ്ട്‌ കാര്യങ്ങള്‍. ഇനി നമ്മുടെ പരിസരത്തു നടക്കുന്ന മതംമാറ്റ വിവാദത്തിലെ കോടതി ഇടപെടലുകളിലേക്കു വരിക. പ്രണയക്കുരുക്കില്‍പ്പെടുത്തി മതം മാറ്റിക്കുന്ന `ലൗ ജിഹാദ്‌' നടക്കുന്നുണ്ടോ എന്ന്‌ കണ്ടെത്താനും അതിന്‌ അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ടോ എന്ന്‌ പരിശോധിക്കാനും വിദേശത്തു നിന്ന്‌ പണം വരുന്നുണ്ടോ എന്ന്‌ അന്വേഷിക്കാനുമാണ്‌ ഹൈക്കോടതി ആദ്യം ഉത്തരവിട്ടത്‌. പത്തനംതിട്ടയിലെ ഒരു കോളജിലെ വിദ്യാര്‍ഥിയും മറ്റും ഉള്‍പ്പെട്ട കേസാണ്‌ ഇത്തരമൊരു ഉത്തരവിനു നിദാനം. പിന്നീട്‌ ഈ കേസ്‌ വീണ്ടും പരിഗണിച്ചപ്പോള്‍ കേരളത്തില്‍ `ലൗ ജിഹാദ്‌' നടക്കുന്നുവെന്നു പറഞ്ഞിട്ടില്ല എന്നു കോടതി വ്യക്തമാക്കി. ഈ കേസ്‌ മൂന്നാം വട്ടം പരിഗണിച്ചപ്പോള്‍ ലൗ ജിഹാദിനെക്കുറിച്ച്‌ അന്വേഷിച്ചു സംസ്ഥാന ഡി ജി പിയും ജില്ലാ പോലീസ്‌ സൂപ്രണ്ടുമാരും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടും പരിശോധിച്ചതിന്റെ ഫലം കോടതി വായിച്ചു.


റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ കോടതി ഉദ്ധരിച്ചു. മൂന്നു വര്‍ഷത്തിനിടെ നാലായിരത്തോളം പേര്‍ പ്രണയ വിവാഹത്തിന്റെ പേരില്‍ മതം മാറിയിട്ടുണ്ട്‌. ഇതില്‍ 2,800 കേസിലും പെണ്‍കുട്ടികളെയാണ്‌ മതം മാറ്റിയിരിക്കുന്നത്‌. കുലീന കുടുംബത്തിലെ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ മതം മാറ്റാന്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച്‌ ശ്രമം നടക്കുന്നുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. `ലൗ ജിഹാദ്‌' സംബന്ധിച്ചു ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ ഡി ജി പിക്കു നല്‍കിയ റിപ്പോര്‍ട്ടിലും പിന്നീട്‌ പോലീസ്‌ സൂപ്രണ്ടുമാര്‍ ഹൈക്കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലും വൈരുധ്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മതം മാറ്റുന്നതിനുള്ള കേന്ദ്രങ്ങള്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതം മാറുന്നവര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ടെന്നുമുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ കോടതി ഉദ്ധരിച്ചു. നീണ്ട ഉദ്ധരണികള്‍ക്ക്‌ ശേഷം നിര്‍ബന്ധിത മതം മാറ്റം തടയുന്നതിന്‌ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന നിര്‍ദേശമാണ്‌ കോടതി നല്‍കുന്നത്‌.


പോലീസിന്റെയോ സ്‌പെഷല്‍ ബ്രാഞ്ചിന്റെയോ റിപ്പോര്‍ട്ടുകള്‍ കോടതി സ്വീകരിച്ചതായി വ്യക്തമാക്കുന്നില്ല. പിന്നെ എന്തിനാണ്‌ ഇത്രയും ഉദ്ധരിച്ചത്‌ എന്ന്‌ വ്യക്തമല്ല. `ലൗ ജിഹാദി'ന്റെ പേരില്‍ തീവ്ര ഹിന്ദുത്വ സംഘടനകളും സമുദായ സംഘടനകളും ആരോപണങ്ങളുന്നയിക്കുകയും പ്രചണ്ഡമായ പ്രചാരണം ചില മാധ്യമങ്ങളെങ്കിലും നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ പ്രണയത്തിന്റെ പേരില്‍ നാലായിരം മതം മാറ്റങ്ങള്‍ നടന്നുവെന്ന റിപ്പോര്‍ട്ട്‌ കോടതി ഉദ്ധരിക്കുന്നത്‌. ഇതില്‍ മതം മാറ്റമെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തി പ്രണയിച്ച സംഭവങ്ങളുണ്ടോ എന്നത്‌ വ്യക്തമാക്കുന്നുമില്ല. ഇതുണ്ടാക്കുന്ന ആത്യന്തിക ഫലം ഇത്തരമൊരു സംഭാഷണമായിരിക്കും. ``ലൗ ജിഹാദെന്നത്‌ നേരുതന്നെ. കോടതി പറഞ്ഞതു കേട്ടില്ലേ? 4000 പേരെയാണ്‌ മൂന്നു വര്‍ഷത്തിനിടെ മതം മാറ്റിയത്‌''. എന്തിനാണ്‌ ഇത്തരമൊരു പോതുസംഭാഷണത്തിനും അതുവഴിയുള്ള പ്രചാരണത്തിനും കോടതി വഴിയൊരുക്കുന്നത്‌ എന്നത്‌ അജ്ഞാതമാണ്‌.


കോടതി ഒന്നും പറഞ്ഞിട്ടില്ല എന്ന്‌ സാങ്കേതികമായി വാദിക്കാം. പോലീസ്‌ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഈ റിപ്പോര്‍ട്ടുകള്‍ ആധികാരികമാണെന്നു പറഞ്ഞിട്ടുമില്ല. പോലീസ്‌ റിപ്പോര്‍ട്ടുകള്‍ ലോഭമില്ലാതെ ഉദ്ധരിച്ചുള്ള കോടതി നടപടിക്കു ശേഷം ആദ്യം നടന്നത്‌ ബി ജെ പി നേതാക്കളുടെ പത്രസമ്മേളനങ്ങളാണ്‌. സ്വമേധയാ ഒന്നും പറയാതിരുന്ന കോടതി ഹിന്ദുത്വ വാദികള്‍ക്ക്‌ ചില പ്രചാരണ സാമഗ്രികള്‍ പ്രദാനം ചെയ്‌തുവെന്നു കരുതേണ്ടിവരും.


ഡി ജി പിക്കു ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ നല്‍കിയ റിപ്പോര്‍ട്ടും അവര്‍ കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കുകയാണ്‌ ആദ്യം വേണ്ടത്‌. കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ പോലീസിനെ കുറ്റപ്പെടുത്താം. പരസ്യമായി വിമര്‍ശിക്കാം. പക്ഷേ, അതിനൊന്നും മുതിരാതെ പോലീസ്‌ റിപ്പോര്‍ട്ടിലെ വൈരുധ്യത്തെക്കുറിച്ച്‌ പരസ്യപ്രസ്‌താവന നടത്തുന്നു കോടതി. ഇവിടെയും എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. സാമുദായിക ചേരിതിരിവ്‌ സൃഷ്‌ടിക്കാനിടയുള്ള കേസുകളില്‍ എല്ലാവരും സ്വയം ഏര്‍പ്പെടുത്തുന്ന നിയന്ത്രണമുണ്ട്‌. വസ്‌തുതകള്‍ പൂര്‍ണമായി വിശകലനം ചെയ്‌ത്‌ ബോധ്യപ്പെടും മുമ്പ്‌ വിലയിരുത്തലുകളോ നിരീക്ഷണങ്ങളോ നടത്താതിരിക്കുക എന്നതാണ്‌ അതില്‍ പ്രധാനം.


റിപ്പോര്‍ട്ടില്‍ വൈരുധ്യമുണ്ട്‌, പോലീസ്‌ സമര്‍പ്പിച്ച 18 റിപ്പോര്‍ട്ടുകളില്‍ 14ഉം അവ്യക്തവും ആവശ്യമായ വിവരങ്ങള്‍ ഇല്ലാത്തതുമാണ്‌ എന്നീ നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വസ്‌തുതകള്‍ മറച്ചുവെക്കാന്‍ ശ്രമം നടക്കുന്നുവെന്ന ധാരണ സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌. ഇതോടെ നേരത്തെ സൂചിപ്പിച്ച സംഭാഷണ ശകലത്തിന്റെ കൂടി ഇതുകൂടി ചേര്‍ക്കപ്പെടും - ``പോലീസ്‌ ഒളിച്ചുകളിക്കയല്ലേ, അവരുടെ റിപ്പോര്‍ട്ട്‌ ശരിയല്ലെന്നു കോടതി തന്നെ പറഞ്ഞില്ലേ?'' ആര്‍ക്കാണ്‌ ഈ സംശയത്തിന്റെ ആനുകൂല്യം? അവര്‍ ഇതിനകം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്‌. `ലൗ ജിഹാദി'നെതിരെ അടുത്ത ഘട്ടം പ്രചാരണത്തിനു വട്ടം കൂട്ടുന്നുമുണ്ട്‌.


ഒരേ നീതിന്യായ സംവിധാനത്തിന്റെ രണ്ട്‌ വേദികള്‍. ഒരിടത്ത്‌ രേഖ രഹസ്യമാക്കി സൂക്ഷിക്കാനുള്ള പോലീസിന്റെ അധികാരം ഉറപ്പിക്കുന്നു. മറ്റൊരിടത്ത്‌ പോലീസ്‌ സമര്‍പ്പിച്ച രേഖകള്‍ സ്വീകാര്യമെന്നോ സ്വീകാര്യമല്ലെന്നോ പറയാതെ അതില്‍ നിന്ന്‌ നിര്‍ലോഭം ഉദ്ധരിക്കുന്നു. റിപ്പോര്‍ട്ടില്‍ വേണ്ടത്ര വിവരങ്ങളില്ലെന്നു പരസ്യ പ്രസ്‌താവന നടത്തുകയും ചെയ്യുന്നു. ഇതിലൊക്കെ എന്തെങ്കിലും സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കരുത്‌. കാരണം, നിങ്ങള്‍ മതമൗലികവാദിയായി ചിത്രീകരിക്കപ്പെട്ടേക്കാം. കുറഞ്ഞത്‌ കോടതിയലക്ഷ്യത്തില്‍ പ്രതി ചേര്‍ക്കപ്പെടുകയെങ്കിലുമാവാം. അതിനാല്‍ മൗനം ...ഭൂഷണം.


ആഫ്‌റ്റര്‍ ഇഫക്‌ട്‌


നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണമെന്ന കോടതി നിര്‍ദേശത്തോടെ നേരത്തെ `ലൗ ജിഹാദി'ന്റെ ജില്ല തിരിച്ചുള്ള കണക്ക്‌ പ്രസിദ്ധീകരിച്ച കേരള കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ നിലപാട്‌ മാറ്റി. കെ സി ബി സിയുടെ പ്രസിദ്ധീകരണമായ ജാഗ്രതയില്‍ വന്ന `ലൗ ജിഹാദി'ന്റെ കണക്കിനെക്കുറിച്ചു തങ്ങള്‍ക്കു യാതൊന്നും അറിയില്ലെന്നാണ്‌ ഇപ്പോള്‍ ബിഷപ്പുമാര്‍ പറയുന്നത്‌. മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുമെന്നും അതു മത സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

12 comments:

  1. ആദ്യമായി കമന്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

    നിയമ വാഴ്ചയില്‍ സാധാരണക്കാരനുള്ള വിശ്വാസം സാധ്ടപ്പെടുതാനെ കോടതികളുടെ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂ. ജഡ്ജുമാരും വ്യക്തികളാണല്ലോ അവരുടെ ചിന്താധാരകള്‍ നിലപാടുകളെയും സ്വാധീനിക്കാം.
    മൗനം ഭൂഷണം !!

    ReplyDelete
  2. Cant you stop your nonsense.

    ReplyDelete
  3. കോടതികള്‍ക്ക് എന്തും പറയാം എന്നുള്ള അവസ്ഥ വന്നിട്ട് കാലം കുറെ ആയി . ഇതുമൂലം ജനങ്ങളുടെ പരോമോന്നത നീധിപീഠം എന്നുള്ള പറഞ്ഞാവര്ത്തിച്ചു മനസ്സിലുറച്ച സങ്കല്‍പ്പമാണ് തകര്‍ന്നത് .ലേഖനം കാലിക പ്രസക്തം

    ReplyDelete
  4. ഇങ്ങനെയൊക്കെ എഴുതിയാല്‍ രാജീവും തീവ്‌‌റവാദത്തെ പ്രോത്സാഹിപ്പിക്കുന്ന 'മഹാമനസ്കനും ' 'രാജ്യദ്രോഹി'യും ഒക്കെ ആയി മുദ്രകുത്തപ്പെടും. സംഘ് പരിവാര്‍ ആശയഗതിക്കാര്‍ അനോണിമകളായും ചിലപ്പോള്‍ ചിത്രകാരനായും വന്ന് ആക്രമിക്കും. ശത്രുക്കളാല്‍ ആക്രമിക്കപ്പേടുന്നത് ഒരു നല്ല കാര്യമാണെന്ന് പറഞ്ഞത് മാവോ അല്ലേ?
    I am not in a position to elaborate more (due to technical reasons.)
    Congrats Rajeev.

    ReplyDelete
  5. "രാജ്യദ്രോഹത്തിന്റെ/ഇസ്ലാമിക ജിഹാദികളുടെ പി.ആര്‍.ഒ. വര്‍ക്ക്" എന്നൊരു ആരോപണം കൂടി കേള്‍ക്കാം..

    ReplyDelete
  6. രാജീവ് ഈ ബത്ല ഏറ്റുമുട്ടല്‍ വ്യാജം ആയിരുന്നു എന്ന് വാദിക്കുന്നവരുടെ കയ്യില്‍ തെളിവുകള്‍ ഒന്നും ഇല്ലേ ..ലവ് ജിഹാദിന്റെ കാര്യത്തില്‍ തെളിവ് ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്നൊക്കെ പറഞ്ഞ ഒരു പത്രം ആണല്ലോ ഇതും പ്രചരിപ്പിക്കുന്നത് .. എന്തെ തെളിവുകള്‍ ഒന്നും സമര്‍പ്പിക്കാന്‍ ഇല്ലായിരുന്നോ .. അപ്പോള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് സ്വന്തം താത്പര്യത്തിന് അനുസരിച്ചാണെങ്കില്‍ തെളിവും വേണ്ട ഒന്നും വേണ്ട .. എന്നാല്‍ തങ്ങള്‍ക്കെതിരെ എന്തെങ്കിലും വാര്‍ത്ത ആണെങ്കില്‍ നിരബന്ധമായും തെളിവ് വേണം ..

    ReplyDelete
  7. എറ്റവും രസാവഹമായ ഒരു കാര്യം, ചില കാര്യങ്ങളില്‍ കോടതികളില്‍ സ്വമേധയാ ഇട്റ്റപെട്ട് വിധിപുറപ്പെടുവിക്കുകയും, സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്യും, അതായത് കോടതി യുക്തി ഉപയോഗിക്കുന്നു എന്ന് സാരം. എന്നാല്‍ സാമാന്യ യുക്തി നിരക്കാത്ത കാര്യങ്ങളില്‍ പോലും അല്‍ഭുതപ്പെടുത്തുന്ന വിധികളും വരുന്നു. മാനുഷികമായ പോരായ്മകള്‍ കോടതിക്കും സംഭവിക്കാം, അതിന് പരിഹാരവും ജുഡീഷ്വറ്രിയില്‍ ഉണ്ട്. പക്ഷെ മുന്‍ വിധികള്‍ അത്യന്തം അപകടകരം തന്നെ. സൂഹിയ മദനി മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ സൂഫിയയുടെ അഭിഭാഷകന്‍ സമയം നീട്ടി ചോദിച്ചത് കൊണ്ട് കേസ് 17 ലേക്ക് മാറ്റി. പക്ഷെ കോടതി പ്രത്യേകം പറഞ്ഞത് “അതു വരെ അവരെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രശ്നമില്ല “ എന്നാണ്. ചോദ്യം ഇല്ലെങ്കില്‍ പോലും ഉത്തരങ്ങള്‍ ധാരാളം. ഒരു പക്ഷെ മുസ്ലിം പ്രീണനത്തിന് നില്‍ക്കുന്നേ എന്ന പരാതി കോടതിക്കു നേഎരെയും വരുമോ എന്ന് ന്യായാസനവും സ്വാഭാവികമയും ചിന്തിക്കുന്നുണ്ടാകണം.

    ഒരു കുറ്റം ചെയ്ത് എന്ന് വരുമ്പോള്‍ അതിന് തെളിവുകള്‍ ഹാജരാക്കേണ്ടത് പോലീസാണ് അല്ലെങ്കില്‍ എതിര്‍ കക്ഷികള്‍. അതിന്റെ സാധുത പരിശോധിക്കുകയാണ് കോടതികള്‍ ചെയ്യുന്നത്. തെളിവുകള്‍ലും സാക്ഷികളും വാദത്തിന് പര്യാപ്തമല്ലെങ്കില്‍ കോടതി കേസ് തള്ളും. ശരിയെങ്കില്‍ കോടതി ശിക്ഷ വിധീക്കും ഇതാണല്ലോ രീതി. മറു തെളിവുകള്‍ ബട്ട്ല കേസില്‍ പുനര്‍ അന്വേഷ്ണം ആവശ്യപ്പെടുന്നവരില്‍ ഇല്ലാതെ അവര്‍ ഈ പണിക്ക് ഇറങ്ങ്ഗി തിരിക്കുമോ. തീവ്രവാദികളില്ല എന്ന് പറ്രയുന്നില്ല. എല്ലാത്തിനും എന്തിനീ മുന്‍ വിധികള്‍ എന്നതാണ് പ്രധാന ചോദ്യം.

    യുക്തിസഹമായ ഇത്തരം സംഭവങ്ങളെ സമീപിക്കുന്ന രാജീവിന് അഭിനന്ദനങ്ങള്‍.

    എന്ന്
    ഒരു പി ആര്‍ ഒ
    (അവസാന കമന്റ്)

    ReplyDelete
  8. When are you starting a pro blog for naseer and sarfras. They are the 916 secular citizen who trapped by fundemental police and court. If you are writing for this third rated articles for just money be careful. There would be a big boss watching all this. Dont think that you can write anything based on freedom of expression

    ReplyDelete
  9. Mr anonymous
    Am not writing these for money, don,t think that everybody is like u. And am not bothered about your big boss, why this big boss din't care about thousands of lives that u people killed for money. Is he has a particular specs to see some nazeer or sufiya only. anonymity itself is cowardness, and cowards depends thrisool

    ReplyDelete
  10. are you working for Thejas?

    ReplyDelete
  11. Mr. anonymous
    u keep yourself anonymous and ask the identity of others, its shame. U people will keep your identity and khakhi troucer secret and infiltrate into other organisations and try to implement your agenda - its history, and it happens today also. no probelm
    go and sleep well am not in Thejas

    ReplyDelete
  12. ഇപ്പോള്‍ കാലവും സത്യം പറഞ്ഞിരിക്കുന്നു.... രാജീവ്‌ നന്ദി....

    ReplyDelete