2009-12-17

സര്‍ക്കാര്‍ വിലാസത്തിലെ വിളമ്പ്‌


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം മുഖ്യമന്ത്രിയും കുറഞ്ഞത്‌ രണ്ട്‌ മന്ത്രിമാരും പ്രകടിപ്പിച്ചിട്ട്‌ ഒരു മാസം തികയുന്നതേയുള്ളൂ. ദേശീയ തൊഴിലുറപ്പ്‌ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാത്തതിന്‌ ജില്ലാ കലക്‌ടര്‍മാരെയും വകുപ്പ്‌ മേധാവികളെയും മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വിമര്‍ശിക്കുകയും ചെയ്‌തു. ഇതിനൊപ്പം തന്നെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നതും.


2011ല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നാണ്‌ സര്‍ക്കാറിന്റെ വാഗ്‌ദാനം. ജീവനക്കാരുടെ ക്ഷാമബത്ത വലിയ കാലതാമസമില്ലാതെ അനുവദിക്കാന്‍ ശ്രദ്ധിക്കുന്ന ധനമന്ത്രിയുള്ളപ്പോള്‍ ഈ വാഗ്‌ദാനം നടപ്പാവുമെന്ന്‌ തന്നെ കരുതണം. നടപ്പു സമ്പ്രദായമനുസരിച്ചാണെങ്കില്‍ ഇപ്പോഴുള്ള ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച്‌ അഞ്ചോ ആറോ ശതമാനം ക്ഷാമബത്ത കൂടി അനുവദിക്കുകയാവും ചെയ്യുക. അതായത്‌ പതിനായിരം രൂപ ഇപ്പോള്‍ അടിസ്ഥാന ശമ്പളമുള്ളയാള്‍ക്ക്‌ ക്ഷാമബത്ത 64 ശതമാനം ലയിപ്പിക്കുമ്പോള്‍ അടിസ്ഥാന ശമ്പളം 16,400 ആയി മാറും. ഇതിന്റെ നിശ്ചിത ശതമാനം ക്ഷാമബത്തയും അനുവദിക്കും.


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനക്കു ചില സാമ്പത്തിക സിദ്ധാന്തങ്ങള്‍ കൂടി നമ്മുടെ ധനമന്ത്രിയുടെ മനസ്സിലുണ്ട്‌. കേരളത്തില്‍ വാങ്ങല്‍ ശേഷി കൂടുതലുള്ളവരില്‍ വലിയൊരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരാണ്‌. അവരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊടുത്താല്‍ വാങ്ങല്‍ ശേഷിയും വര്‍ധിക്കും. കമ്പോളങ്ങള്‍ സജീവമാവും. സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ മെച്ചപ്പെടും. നികുതിയിനത്തില്‍ കൂടുതല്‍ പണം സര്‍ക്കാര്‍ ഖജനാവിലേക്കു ലഭിക്കുകയും ചെയ്യുമെന്നാണ്‌ സിദ്ധാന്തം. സാമൂഹിക സിദ്ധാന്തവുമുണ്ട്‌ ശമ്പള പരിഷ്‌കരണത്തിന്‌. സര്‍ക്കാറുകള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കേണ്ടത്‌ സര്‍ക്കാര്‍ ജീവനക്കാരാണ്‌. അവരുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ നിറവേറ്റിയാല്‍ മാത്രമേ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാകൂ. അതിലൂടെയേ ജനങ്ങള്‍ക്കു കൂടുതല്‍ സഹായം ലഭിക്കൂ. സാമ്പത്തിക സിദ്ധാന്തം ഒരുപക്ഷേ പ്രാവര്‍ത്തികമായേക്കും. സാമൂഹിക സിദ്ധാന്തം പ്രാവര്‍ത്തികമാകാന്‍ സാധ്യത കുറവാണ്‌. അതിന്‌ തെളിവാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരുമുയര്‍ത്തിയ ആക്ഷേപങ്ങള്‍.


സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യശേഷിക്ക്‌ ഒരു അനുഭവ സാക്ഷ്യം. യു ഡി എഫ്‌, എല്‍ ഡി എഫ്‌ ഭരണകാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ പ്രത്യേകം വിവരിക്കാം. 2003ല്‍ യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്‌ തസ്‌തികയില്‍ സര്‍വീസില്‍ പ്രവേശിച്ച ഒരാള്‍ രാജ്യത്തിനകത്ത്‌ മികച്ച മറ്റൊരു ജോലി സ്വീകരിക്കാനായി അഞ്ചു വര്‍ഷത്തെ അവധിക്ക്‌ അപേക്ഷിച്ചു. ഇത്തരമൊരു സൗകര്യം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതാണ്‌. ഇത്തരം അപേക്ഷ ലഭിച്ചാല്‍ തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാറിനുമാണ്‌. അവധി അനുവദിക്കാമെന്നോ അനുവദിക്കാനാവില്ലെന്നോ ശിപാര്‍ശ ചെയ്‌തു സര്‍ക്കാറിലേക്ക്‌ അപേക്ഷ കൈമാറുക എന്ന ബാധ്യതയാണ്‌ ഉദ്യോഗസ്ഥര്‍ക്കുള്ളത്‌. അപേക്ഷ താന്‍ ജോലി ചെയ്യുന്ന ഓഫീസില്‍ നിന്നു പോലും മുന്നോട്ടു നീങ്ങുന്നില്ല എന്നതാണ്‌ ഈ ജീവനക്കാരന്‍ കണ്ടത്‌.


പരിചയമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ വഴി മന്ത്രിയെ തന്നെ സമീപിച്ചു. മന്ത്രി ഉടന്‍ വിളിച്ചുപറയുകയും ചെയ്‌തു. എന്നിട്ടും അപേക്ഷ മുന്നോട്ട്‌ നീങ്ങിയില്ല. പത്രപ്രവര്‍ത്തകനിലൂടെ വീണ്ടും മന്ത്രിയെ കണ്ടു. ഒന്നും നടന്നില്ല. ഇതു പലകുറി ആവര്‍ത്തിച്ചു. അഞ്ച്‌ മാസത്തിനിടെ ആറാം വട്ടം ഇക്കാര്യം മന്ത്രിയുടെ മുന്നിലെത്തിയപ്പോള്‍ അദ്ദേഹം വകുപ്പ്‌ മേധാവിയെ വിളിച്ചു പൊട്ടിത്തെറിച്ചു. താന്‍ പറഞ്ഞ ഒരു കാര്യം ഇത്രയും കാലമായിട്ടും നടക്കാത്തതിലെ ഈര്‍ഷ്യ അല്‍പ്പം സഭ്യേതരമായ ഭാഷയില്‍ തന്നെ മന്ത്രി പ്രകടിപ്പിച്ചു. പിന്നെ കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു. അഞ്ച്‌ ദിവസം കൊണ്ട്‌ അവധി അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്‌ വന്നു.


അഞ്ച്‌ വര്‍ഷത്തിനിപ്പുറം 2009ല്‍ വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്റെ അവധി അഞ്ച്‌ വര്‍ഷത്തേക്കു കൂടി നീട്ടുന്നതിന്‌ ഇതേ ജീവനക്കാരന്‍ അപേക്ഷ നല്‍കി. അല്‍പ്പകാലം കാത്തിരുന്നു. പിന്നെ അപേക്ഷ മുന്നോട്ടുനീങ്ങിയോ എന്ന അന്വേഷണമായി. ഒരിഞ്ച്‌ നീങ്ങിയിട്ടില്ലെന്ന്‌ ഉറപ്പായപ്പോള്‍ പഴയ വിദ്യ വീണ്ടും പ്രയോഗിക്കാന്‍ തീരുമാനിച്ചു. സുഹൃത്തായ പത്രലേഖകനെ വിളിച്ചു കാര്യം പറഞ്ഞു. മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ ഒന്നു വിളിച്ചു പറയിപ്പിക്കാനും ഏര്‍പ്പാടാക്കി. പത്രലേഖകരായതുകൊണ്ട്‌ മന്ത്രിയുടെ ഓഫീസില്‍ നിന്നു പ്രത്യേക പരിഗണന ലഭിച്ചു. അവര്‍ ഉടന്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ വിളിച്ചു പറയുകയും ചെയ്‌തു. ഇതും പലകുറി ആവര്‍ത്തിച്ചു.


ആറ്‌ മാസം കഴിഞ്ഞപ്പോള്‍ വിവരം കിട്ടി. അവധി നീട്ടാനായി നല്‍കിയ അപേക്ഷയുടെ അസ്സല്‍ കാണാനില്ല. നേരത്തെ അപേക്ഷിച്ചിരുന്നുവെന്നും അത്‌ കാണാതായതിനാല്‍ രണ്ടാമതൊന്നു നല്‍കുകയാണെന്നും കാണിച്ച്‌ വീണ്ടും അപേക്ഷിച്ചു. മന്ത്രിയുടെ ഓഫീസില്‍ പത്രലേഖകന്‍ ചെന്ന്‌ കാര്യം ധരിപ്പിച്ചു. അവര്‍ വീണ്ടും വകുപ്പുദ്യോഗസ്ഥരെ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ, ഫയല്‍ നീങ്ങിയില്ല. പത്രലേഖകന്‍ പലകുറി മന്ത്രിയാപ്പീസില്‍ കയറിയിറങ്ങി. അവര്‍ പരമാവധി സഹകരിച്ചുവെന്നു പറയാതിരിക്കാന്‍ കഴിയില്ല. എത്ര വട്ടമാണ്‌ വകുപ്പ്‌ മേധാവികളെ വിളിച്ചതെന്നു മന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കു പോലും തിട്ടമുണ്ടാവില്ല. നാല്‌ മാസത്തിന്‌ ശേഷം അവധി നീട്ടി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി.


മറ്റൊരു ജോലി ചെയ്യുന്നയാള്‍ അവധി എടുക്കാനും പിന്നീട്‌ അതു നീട്ടാനും അപേക്ഷ നല്‍കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ചെറിയ അതൃപ്‌തിയുണ്ടാവുക സ്വാഭാവികം. മറ്റു കാര്യങ്ങള്‍ക്കു നല്‍കുന്ന അപേക്ഷപോലെ അത്‌ കൈകാര്യം ചെയ്യണമെന്നുമില്ല. പക്ഷേ, മന്ത്രിയുടെ ഓഫീസിനെയോ മന്ത്രിയെ തന്നെയോ നേരിട്ടു കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കാനും അവരെക്കൊണ്ട്‌ ഉദ്യോഗസ്ഥ മേധാവികളെ വിളിപ്പിക്കാനും ശേഷിയുള്ള പത്രലേഖകര്‍ സുഹൃത്തുക്കളായുണ്ടായിട്ടും സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഒരു സൗകര്യം പ്രയോജനപ്പെടുത്താന്‍പെട്ട പാടിന്റെ ലഘു ചിത്രമാണ്‌ വിവരിച്ചത്‌. ഇതിനൊന്നും പാങ്ങില്ലാത്തവര്‍ സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യം നേടിയെടുക്കണമെങ്കില്‍ എന്തൊക്കെ ചെയ്യേണ്ടിവരും? റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാനോ, വിദ്യാഭ്യാസ മേഖലയിലെ സംവരണത്തിനു ക്രീമിലെയറല്ലെന്ന സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാനോ എത്തുന്നവരുടെ കാര്യമെടുക്കുക. ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കൈക്കൂലി നല്‍കേണ്ടിവരുമെന്ന്‌ ഉറപ്പ്‌. എല്ലാ മേഖലകളിലൂം കൊണ്ടുപിടിച്ചു കമ്പ്യൂട്ടര്‍വത്‌കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ ഇതെന്നുകൂടി ഓര്‍ക്കണം. വേഗത്തില്‍ കാര്യങ്ങള്‍ നടത്താനാണല്ലോ കമ്പ്യൂട്ടര്‍വത്‌കരണം.


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോല്‍വി വിലയിരുത്തിയ ഇടതുമുന്നണി കണ്ടെത്തിയ ഒരു കാര്യം, ഈ സര്‍ക്കാര്‍ ജനോപകാരപ്രദമായ നിരവധി കാര്യങ്ങള്‍ ചെയ്‌തുവെന്നും എന്നാല്‍ അതൊന്നും ജനങ്ങളില്‍ എത്തിക്കാനായില്ലെന്നുമാണ്‌. മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ വിളിച്ചു പറഞ്ഞാല്‍പോലും പ്രവര്‍ത്തിക്കാത്ത ഒരു ഉദ്യോഗസ്ഥ സംവിധാനത്തെക്കൊണ്ട്‌ എങ്ങനെയാണ്‌ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുക. ശമ്പള പരിഷ്‌കാരത്തിലുണ്ടാവുന്ന കാലതാമസത്തെക്കുറിച്ചു മുറവിളി കൂട്ടുകയാണ്‌ ജീവനക്കാരും അവരുടെ സംഘടനകളും. വൈകാതെ പരിഷ്‌കരണമുണ്ടാവുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പും നല്‍കുന്നു. സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ചു ജീവനക്കാരും സംഘടനകളും സംസാരിക്കുന്നുണ്ടോ എന്ന്‌ അറിയില്ല. എന്നാല്‍ ഉത്തരവാദിത്വം നിര്‍വഹിക്കും വിധത്തിലേക്ക്‌ സര്‍ക്കാര്‍ ജീവനക്കാരെ മാറ്റിത്തീര്‍ക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഒന്നും ചിന്തിക്കുന്നില്ല എന്നത്‌ ഉറപ്പാണ്‌. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ചു പരസ്യമായി ആക്ഷേപമുന്നയിക്കേണ്ടിവരില്ലായിരുന്നു. തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പില്‍ കലക്‌ടര്‍മാര്‍ക്കും വകുപ്പു മേധാവികള്‍ക്കും വീഴ്‌ചപറ്റി എന്നു പരിതപിക്കേണ്ടിവരില്ലായിരുന്നു.


ഇനി സര്‍ക്കാര്‍ ആ നിലക്ക്‌ എന്തെങ്കിലും നീക്കങ്ങള്‍ നടത്തിയാല്‍ സംഘടിത ശക്തിയുപയോഗിച്ചു ജീവനക്കാര്‍ ചെറുത്തു തോല്‍പ്പിക്കും. അത്തരം സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുമുണ്ട്‌. ഇതു മറികടക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഏതെങ്കിലും മുന്നണിക്ക്‌ ഉണ്ടോ എന്നതാണ്‌ ചോദ്യം. അതില്ലെങ്കില്‍ സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്കെത്തിക്കാനായില്ല എന്ന പരിദേവനം നേതാക്കള്‍ക്കു പലകുറി ആവര്‍ത്തിക്കേണ്ടിവരും, മുന്നണി ഭേദമില്ലാതെ.


പ്രകടനം വിലയിരുത്തി സ്ഥാനക്കയറ്റവും ശമ്പളക്കയറ്റവും അനുവദിക്കുന്നതാണ്‌ സ്വകാര്യ മേഖലയിലെ പതിവ്‌. ഈ സമ്പ്രദായം സര്‍ക്കാര്‍ സര്‍വീസിലും നടപ്പാക്കണമെന്ന ആവശ്യം വൈകാതെ ഉയരും. അന്നു സ്വകാര്യ കുത്തകകളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു പരാതി പറയാനും ആളുണ്ടാവും. സ്വന്തം ഉത്തരവാദിത്വം നിറവേറ്റാന്‍ തയ്യാറാവാതിരുന്നതിന്റെ പ്രതിഫലമാണിതെന്ന തിരിച്ചറിവ്‌ അന്നുമുണ്ടാവില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യസമയത്തു ജനങ്ങള്‍ക്കു ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍, നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക്‌ പിഴ ഉള്‍പ്പെടെ ശിക്ഷ ഉറപ്പുവരുത്തും വിധത്തില്‍ നിയമം കൊണ്ടുവരാനാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌.


ഇത്‌ ആദ്യത്തെ പടിയാണ്‌. അടുത്തപടി സേവനങ്ങള്‍ സ്വകാര്യ മേഖലക്കു കൈമാറലാവും. ഇപ്പോള്‍ തന്നെ തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പ്‌ സര്‍ക്കാറിതര സംഘടനകള്‍ക്കു കൈമാറാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ആലോചിക്കുന്നുണ്ട്‌. അതിനെ സ്വകാര്യവത്‌കരണമായി കണ്ട്‌ എതിര്‍ക്കാന്‍ ഇതേ സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍പന്തിയിലുണ്ടാവും. തങ്ങളെ ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാത്തതുകൊണ്ടാണ്‌ സര്‍ക്കാറിതര സംഘടനകള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും കൈമാറുന്നത്‌ എന്ന ചിന്ത ഉണ്ടാവുകയേയില്ല. സ്വകാര്യവത്‌കരണത്തെ എതിര്‍ക്കുന്നവര്‍ പോലും ഇത്തരം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തും.


അനുബന്ധം


സര്‍ക്കാറിന്റെ കീഴിലുള്ള ഒരു സ്ഥാപനം. ഏഴായിരത്തില്‍ കുറവ്‌ ശമ്പളം വാങ്ങുന്നവരാരും ഇവിടെയില്ല. ഒരു ജീവനക്കാരന്‍ സവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിനു പണം പിരിക്കലാണ്‌ ഇവിടുത്തെ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്റെ ഇപ്പോഴത്തെ ജോലി. ഓഫീസിലെത്തി ഹാജരൊപ്പിട്ട ശേഷം പിരിവിനിറങ്ങും. ആദിവാസികളില്‍ നിന്നു പോലും പിരിവെടുത്തുവെന്നാണ്‌ സ്ഥിരീകരിക്കപ്പെട്ട വിവരം. തങ്ങള്‍ക്ക്‌ ജോലി നല്‍കുന്ന ഉദ്യോഗസ്ഥരായതിനാല്‍ പിരിവ്‌ നല്‍കാതിരിക്കാന്‍ പാവപ്പെട്ട ആദിവാസികള്‍ക്ക്‌ കഴിയില്ലല്ലോ

6 comments:

  1. ഇവിടെത്തെ ഒരു നിയമത്തിനും സര്‍ക്കാര്‍ ജീവനകാരെ ഒന്നും ചെയ്യാന്‍ കഴിയില്ല .പണി എടുക്കാത്തവനെ പറഞ്ഞു വിടുക എന്നത് ശമ്പളം കൊടുക്കുന്നവന്‍ ചെയ്യുന്ന സാമാന്യ നീതിയാണ് .സര്‍ക്കാരുകള്‍ തയ്യാറായിട്ടു കാര്യമില്ല സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ജീവനക്കാരന്‍ തന്‍റെ എജമാനനെ ഭയപെടണം .അതിനു എജമാനനായ ജനം തിരിച്ചറിവുണ്ടായി ഉണരണം .

    ReplyDelete
  2. സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന സ്വര്‍ഗജാതര്‍ പൊതുജനങ്ങളോട് പൊതുവില്‍ പുച്ഛം പുലര്ത്തുന്നവരും കാര്യമായി ഒരു പണിയും ചെയ്യാതെ സാമാന്യം ഭേദപ്പെട്ട ശംബളം (ചിലര്‍ കിംബളവും) വാങ്ങുന്ന ഇത്തിക്കണ്ണികളാണ്‍. പക്ഷേ ആര്‍ക്കും അവരെ ഒന്നും ചെയ്യാനാവില്ല. ഏറ്റവും ഒടുവില്‍ അതിനു ശ്രമിച്ച് പരാജയപ്പെട്ട ആന്റണിയെ ഓര്‍ക്കുക.

    ReplyDelete
  3. 'പണിയെടുക്കല്‍‍ ബുദ്ധിയല്ല' എന്ന മനോഭാവം വച്ചുപുലര്തുന്നവരാന് പലരും. പഞ്ചിംഗ് മെഷിന്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്തുകൊണ്ട് ഒരു നേതാവ് TV യില്‍ പറഞ്ഞത്, ഒപ്പിട്ട ശേഷം പുറത്തുപോയി മറ്റുകാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല എന്നാണു.
    തൊഴിലിനോടുള്ള മനോഭാവത്തിലാണ് മാറ്റം വേണ്ടത്.

    ReplyDelete
  4. ‘പത്രലേഖകന്മാ‍ര്‍‘ ഈ കൂട്ടികൊടുപ്പു പരിപാടി നടത്തുന്നിടത്തോളം കാലം ഈ നാടു നന്നാകില്ല എന്നു മനസ്സിലായി.

    ലവന്‍ ഈ കൂട്ടിക്കൊടുപ്പു നടത്താതെ ഇതിനു പോലും കെല്പില്ലാത്ത മന്ത്രീ ഇറങ്ങിപ്പോടാ എന്നെഴുതുന്ന കാലം... കൂപ്പന്മാരില്ലാത്ത കാലം...

    ReplyDelete
  5. ഹായ്
    രാജീവ് ഒരു കാര്യം പറയട്ടെ സര്‍ക്കാര്‍ ജീവനെക്കാരെ അടച്ചക്ഷേപിക്കരുത്
    നമ്മുടെ നാട്ടില്‍ തൊഴിലാളി സംഘടനകള്‍ അവരുടെ സംഘടിത സക്തി ഉപയോഗിച്ച് ഓരോ ആരു മാസം കൂടുമ്പോളും കൂലി കൂടിയെടുക്കുന്നു എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂലി കൂടി കിട്ടനമെങ്കില്‍ അഞ്ചു വര്‍ഷത്തില്‍ അധികം കഴിയണം
    പിന്നെ ജോലി ചെയ്യാതെ കൂലി വാങ്ങുന്ന ചില താപ്പാനകള്‍ സര്‍ക്കാര്‍ സര്വേസില്‍ ഉണ്ട് സത്യമാണ് അതില്‍ സര്‍വിസ് സംഘടന മേധാവികളും ഉണ്ടാകും

    ReplyDelete
  6. mangalam news...

    "തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗത്തിന്‌ മുംബൈ കേരള ഹൗസില്‍ പ്രത്യേക നിരക്ക്‌ അനുവദിച്ച്‌ ഉത്തരവായി. മറ്റുള്ളവര്‍ നല്‍കേണ്ടതിന്റെ നാലിലൊന്ന്‌ വാടകയാണ്‌ സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കേണ്ടത്‌. വര്‍ഷത്തില്‍ ഒരു പ്രാവശ്യമാണ്‌ ഈ സൗജന്യം. മുറി ബുക്ക്‌ ചെയ്യുമ്പോള്‍ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. "

    ഇങ്ങനേയും പങ്കിട്ടെടുക്കാം...

    ReplyDelete