2010-03-26

ബച്ചനോളം വരില്ല ബട്‌ല

ഭരണകൂടം എന്നത്‌ രാജ്യത്തിന്റെ പര്യായപദമായി മാറ്റിയെടുക്കുക എന്നത്‌ എല്ലാ ഫാസിസ്റ്റ്‌ സംവിധാനങ്ങളുടെയും രീതിയാണ്‌. രാജ്യസ്‌നേഹം, ദേശീയത തുടങ്ങിയ വികാരങ്ങളെ അധിഷ്‌ഠിതമാക്കിയാവും ഈ പര്യായം പ്രതിഷ്‌ഠിക്കപ്പെടുക. ഇത്‌ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍ ഭരണകൂടത്തിനെതിരെ ഉച്ചരിക്കപ്പെടുന്ന ഓരോ വാക്കും രാജ്യത്തിനെതിരായി വ്യാഖ്യാനിക്കാന്‍ പ്രയാസമുണ്ടാവില്ല. 




കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളും ഇതേ തന്ത്രം ഒരു പരിധിവരെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ആശയാടിത്തറ സമസ്ഥിതി വാദമായതുകൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടങ്ങളുടെ ഈ നടപടി ഫാസിസ്റ്റ്‌ സംവിധാനങ്ങളെ അപേക്ഷിച്ച്‌ ന്യായീകരിക്കപ്പെടും. അപ്പോഴും ഭരണകൂടത്തിനെതിരെ ഉയരുന്ന ശബ്‌ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്‌ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നീ ചവച്ചുതേഞ്ഞ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്‌ എന്നതിന്‌ ഉദാഹരണങ്ങള്‍ ഏറെ ചൂണ്ടിക്കാണിക്കാനാവും. അടുത്തിടെ ചൈനയില്‍ നടന്ന ഉയിഗൂര്‍ പ്രശ്‌നത്തില്‍ പോലും യഥാര്‍ഥ കാരണമന്വേഷിക്കും മുമ്പ്‌ രാജ്യത്തിനെതിരായ വാളെടുക്കലായി പ്രചരിപ്പിക്കാന്‍ അവിടുത്തെ ഭരണകൂടം മുന്‍കൈ എടുത്തിരുന്നു.



മതം, ജാതി, ഭാഷ, സംസ്‌കാരം എന്നിവയിലെല്ലാം ആവോളം വൈവിധ്യം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഈ പ്രവണത കുറേക്കൂടി വ്യാപകമാണ്‌. ഭരണകൂടമാണ്‌ രാജ്യമെന്ന വ്യാജബോധം സാമാന്യ ജനങ്ങളില്‍ സൃഷ്‌ടിക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്‌. ഇത്‌ രൂഢമൂലമാക്കുന്നതില്‍ ഹിന്ദു വര്‍ഗീയ സംഘടനകള്‍ വലിയ പങ്ക്‌ വഹിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടി ഈ വ്യാജ ബോധത്തിന്റെ പിടിയിലായിരിക്കുന്നുവെന്നതാണ്‌ വസ്‌തുത. അതിന്റെ ഏറ്റവും വലിയ തെളിവാണ്‌ 2008 സെപ്‌തംബര്‍ 19ന്‌ ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ നടന്നുവെന്ന്‌ പോലീസ്‌ പറയുന്ന ഏറ്റുമുട്ടല്‍ സംഭവം. 




ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ ആതിഫ്‌ അമീനിനെയും മുഹമ്മദ്‌ സാജിദിനെയും വധിച്ചുവെന്നും ഇവര്‍ക്കൊപ്പം ബട്‌ല ഹൗസിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടുവെന്നുമാണ്‌ പോലീസ്‌ പറഞ്ഞത്‌. ഡല്‍ഹി പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്‌ധനെന്ന്‌ (സു/കു) പ്രസിദ്ധി നേടിയ മോഹന്‍ ചന്ദ്‌ ശര്‍മ ബട്‌ല ഹൗസില്‍ വെച്ച്‌ വെടിയേറ്റ്‌ ആശുപത്രിയില്‍വെച്ച്‌ മരിച്ചതോടെ നടന്നത്‌ ഏറ്റുമുട്ടലാണെന്ന വാദത്തിന്‌ പതിവില്‍ കവിഞ്ഞ വിശ്വാസ്യത കൈവരികയും ചെയ്‌തു.



ഏറ്റുമുട്ടല്‍ നടന്നുവെന്ന വാദത്തെ അന്നു തന്നെ പ്രദേശവാസികള്‍ ചോദ്യം ചെയ്‌തിരുന്നു. പിന്നീട്‌ മനുഷ്യാവകാശ പ്രവര്‍ത്തകരും ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശാലയിലെ അധ്യാപകരുമൊക്കെ പ്രശ്‌നം ഏറ്റെടുത്തു. എന്നാല്‍ നമ്മുടെ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടിരുന്നില്ല. തുടക്കത്തില്‍ ഇടപെട്ട സി പി ഐയും സി പി എമ്മും പിന്നീടങ്ങോട്ട്‌ താത്‌പര്യം നിലനിര്‍ത്തിയില്ല. ബട്‌ല സംഭവത്തെച്ചൊല്ലിയുള്ള സംശയങ്ങള്‍ തുടരുന്നതിനിടെ അടുത്ത ദിവസം ആതിഫിന്റെയും സാജിദിന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തുവന്നു. യുവാക്കളെ പോലീസ്‌ വെടിവെച്ചുകൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന വാദത്തിന്‌ പ്രഥമദൃഷ്‌ട്യാ ബലമേകുന്നതാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. സാജിദിന്റെ തലയില്‍ തോക്ക്‌ ചേര്‍ത്തുവെച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന സംശയം റിപ്പോര്‍ട്ട്‌ ബലപ്പെടുത്തുന്നു. യുവാക്കള്‍ മരിക്കുന്നതിന്‌ മുമ്പ്‌ അവര്‍ക്ക്‌ മര്‍ദനമേറ്റുവെന്ന്‌ സംശയിക്കാവുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌.



ഈ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും നമ്മുടെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളൊന്നും ഈ പ്രശ്‌നം ഗൗരവത്തില്‍ എടുത്തതായി കാണുന്നില്ല. ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷികള്‍ക്കും കൂടുതല്‍ അന്വേഷണത്തിന്‌ താത്‌പര്യമുണ്ടാവില്ല. കാരണം ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഡല്‍ഹി പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ടെത്തി നിരീക്ഷിച്ച്‌ നടത്തിയ ഓപ്പറേഷനായിരുന്നു ബട്‌ല ഹൗസിലേത്‌. അതുകൊണ്ടുതന്നെ സുതാര്യമായ അന്വേഷണത്തിലൂടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ അവര്‍ ശ്രമിക്കില്ല. ഇത്‌ സംബന്ധിച്ച വാര്‍ത്തകളെയും ഒറ്റപ്പെട്ട കോണുകളില്‍ നിന്നുയരുന്ന അന്വേഷണ ആവശ്യങ്ങളെയും സ്വാഭാവിക മരണത്തിന്‌ വിട്ടുകൊടുക്കുക എന്ന തന്ത്രമാവും അവര്‍ സ്വീകരിക്കുക. 




പ്രധാന പ്രതിപക്ഷമായ ബി ജെ പി രാജ്യസ്‌നേഹം, ദേശീയത എന്നിവയില്‍ വിട്ടുവീഴ്‌ചയില്ലാത്തവരാണ്‌. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന്‌ പോലീസ്‌ ആരോപിക്കുന്ന യുവാക്കളെ ഏതുവിധത്തില്‍ കൊലപ്പെടുത്തുന്നതിലും അവര്‍ തെറ്റ്‌ കാണില്ല. ബാക്കിയുള്ള പാര്‍ട്ടികള്‍ എന്തുകൊണ്ട്‌ ഇക്കാര്യത്തില്‍ നിലപാട്‌ സ്വീകരിക്കുന്നില്ല എന്ന പ്രശ്‌നം വിശകലനം ചെയ്യുമ്പോഴാണ്‌ ഭീകരബന്ധം ആരോപിക്കപ്പെടുന്ന കേസുകളില്‍ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ രാജ്യസ്‌നേഹവുമായി മാത്രം ചേര്‍ത്ത്‌ കാണുന്ന നിലപാടുകളിലേക്ക്‌ അവര്‍ എത്തിപ്പെട്ടോ എന്ന സംശയം ബലപ്പെടുന്നത്‌. ബട്‌ല സംഭവം നടക്കുമ്പോള്‍ യു പി എ സര്‍ക്കാറിനെ പുറത്തുനിന്ന്‌ പിന്തുണച്ചിരുന്നു ഇടതുപാര്‍ട്ടികള്‍. തുടക്കത്തില്‍ സജീവമായി ഇടപെട്ട ഇക്കൂട്ടര്‍ക്ക്‌ അന്ന്‌ വേണമെങ്കില്‍ സുതാര്യമായ അന്വേഷണത്തിന്‌ യു പി എ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം ചെലുത്താമയിരുന്നു. പക്ഷേ, അവര്‍ അതിന്‌ തയ്യാറായില്ല. ഇപ്പോള്‍ സംശയങ്ങള്‍ വര്‍ധിച്ച ഘട്ടത്തില്‍ ഇവര്‍ രംഗത്തില്ല. സമാജ്‌വാദി, ബി എസ്‌ പി പോലുള്ള (കൊല്ലപ്പെട്ട രണ്ട്‌ യുവാക്കളും ഉത്തര്‍ പ്രദേശിലെ അസംഗഢുകാരാണ്‌) പാര്‍ട്ടികളും സമ്മര്‍ദമുയര്‍ത്താന്‍ തയ്യാറാവുന്നില്ല.



ഒരു ബട്‌ല ഹൗസ്‌ സംഭവത്തില്‍ ഇത്‌ ഒതുങ്ങിനില്‍ക്കുന്നില്ല. ഇന്ത്യയില്‍ ഏറ്റവും അധികം `ഏറ്റുമുട്ടല്‍' കൊലപാതകങ്ങള്‍ നടന്നത്‌ പഞ്ചാബിലാണ്‌. ഖാലിസ്ഥാന്‍ തീവ്രവാദം ശക്തമായിരുന്ന കാലത്ത്‌ അതിന്റെ മറവില്‍ ജെ എച്ച്‌ റിബേറോയും കെ പി എസ്‌ ഗില്ലും നേതൃത്വം കൊടുത്ത്‌ നടത്തിയ ആസൂത്രിതമായ കൊലപാതകങ്ങള്‍. വീടുകളില്‍ നിന്ന്‌ അര്‍ധ സൈനികരോ പോലീസോ വിളിച്ചിറക്കിക്കൊണ്ടുപോവുന്ന മകനോ സഹോദരനോ ഭര്‍ത്താവോ ദിവസങ്ങള്‍ക്കു ശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അറിയേണ്ടിവന്ന സ്‌ത്രീകള്‍ ധാരാളമുണ്ട്‌ ഇവിടെ. അന്നും പിന്നീടും ഇത്തരം സംഭവങ്ങളില്‍ ഭരണകൂടമോ നീതിന്യായ സംവിധാനമോ ഇടപെട്ടതായി അറിവില്ല. വിഘടനവാദത്തിന്റെ പേരില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പേരില്‍ നമ്മള്‍ വകവെച്ചുകൊടുത്തുവെന്ന്‌ സാരം. 




നിലനിന്നിരുന്ന ഭരണകൂടത്തിന്റെ നയനിലപാടുകളെ ചോദ്യം ചെയ്‌തിരുന്ന പാര്‍ട്ടികള്‍ പോലും ഇക്കാര്യത്തില്‍ കൈ തൊടാതെ മാറി നിന്നു. അനിയന്ത്രിതമായ അധികാരാവകാശങ്ങള്‍ കൈയാളിക്കൊണ്ട്‌ മണിപ്പൂരിലും മറ്റും സൈന്യം നടത്തിയ `ഏറ്റുമുട്ടല്‍'കൊലപാതകങ്ങളുടെ കാര്യത്തിലും ഇതേ നിസ്സംഗത തുടരുകയാണ്‌. മണിപ്പൂര്‍ പോലീസിലെ കമാന്‍ഡോ ഫോഴ്‌സും പ്രത്യേക അധികാരങ്ങളുള്ള സൈനികരും നീതിന്യായ സംവിധാനത്തെ മറികടന്ന്‌ കൊലപാതകങ്ങള്‍ നടത്തുന്നത്‌ മണിപ്പൂരില്‍ വ്യാപകമാണെന്ന്‌ തുറന്നു പറഞ്ഞത്‌ ഇത്തരമൊരു സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തിയ ജഡ്‌ജി തന്നെയാണ്‌. എന്നിട്ടും മനുഷ്യാവകാശ സംഘടനകളുടെ ഏകോപിത സംഘടന നടത്തുന്ന പ്രക്ഷോഭങ്ങളല്ലാതെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭം മണിപ്പൂരില്‍ വേണ്ടത്ര അളവില്‍ ഉണ്ടാവുന്നില്ല എന്നത്‌ വസ്‌തുതയാണ്‌.



കാശ്‌മീരികള്‍, മുസ്‌ലിംകള്‍, ആദിവാസികള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ എന്നിവരാണ്‌ പോലീസ്‌ `ഏറ്റുമുട്ടലുകളിലെ'?ഇരകള്‍. തീവ്രവാദികള്‍/ഭീകരവാദികള്‍/അധോലോക സംഘാംഗങ്ങള്‍ എന്നീ പേരുകളിലൊന്ന്‌ ഇത്തരത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കെല്ലാം ലഭിക്കുന്നുണ്ട്‌. ഇത്തരക്കാരാണെങ്കില്‍ തന്നെ, നീതിപൂര്‍വമായ വിചാരണക്കുള്ള അവസരം നിഷേധിച്ച്‌ പോലീസ്‌/സൈനികര്‍ എങ്ങനെ വെടിവെച്ചുകൊല്ലും എന്ന ചോദ്യം ഉയരാറേയില്ല. ബട്‌ല ഹൗസ്‌ പോലുള്ള സംഭവങ്ങളില്‍ ഇത്തരം ചോദ്യം ഉയര്‍ത്തിയാല്‍ അത്‌ രാജ്യ സ്‌നേഹം ചോദ്യം ചെയ്യലാവുമെന്ന്‌ ഉറപ്പ്‌. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയിലെ അംഗങ്ങളെ നീതിന്യായ നടപടിക്രമങ്ങള്‍ക്കു വിട്ടുകൊടുക്കാതെ പരസ്യമായി തൂക്കിലേറ്റുകയാണ്‌ വേണ്ടതെന്ന്‌ പരസ്യമായി വാദിക്കുന്ന നേതാക്കളുണ്ടാവുമ്പോള്‍ പ്രത്യേകിച്ചും.



ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്ക്‌ നീതിന്യായ സംവിധാനത്തിന്റെതുള്‍പ്പെടെ എല്ലാ പരിരക്ഷയും ലഭിക്കുന്നുമുണ്ട്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ചോദ്യം ചെയ്യാന്‍, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. മാര്‍ച്ച്‌ 21ന്‌ ഹാജരാവാന്‍ നിര്‍ദേശിച്ച്‌ മോഡിക്ക്‌ നോട്ടീസ്‌ നല്‍കിയെന്നാണ്‌ മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട്‌. മാര്‍ച്ച്‌ 21ന്‌ മോഡി ഹാജരായില്ല. അന്ന്‌ ഹാജരാവാന്‍ തന്നോടാരും നിര്‍ദേശിച്ചിരുന്നില്ലെന്ന്‌ പിന്നീട്‌ പ്രസ്‌താവനയിറക്കി. ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നോ ഇല്ലയോ എന്ന്‌ വ്യക്തമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറായില്ല. 




മോഡിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതില്‍ രാഷ്‌ട്രീയ നേട്ടമുള്ള കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനു പോലും മോഡി ഹാജരാകാത്തതില്‍ അസ്വാഭാവികത തോന്നിയില്ല. കോണ്‍ഗ്രസ്‌ വക്താവ്‌ തന്റെ പതിവ്‌ വാര്‍ത്താ സമ്മേളനത്തില്‍ ഒരു അപലപനം നടത്തിയെന്ന്‌ മാത്രം. രാജ്യത്തെ നിയമ സമ്പ്രദായത്തെ പൂര്‍ണമായി ബഹുമാനിക്കുന്നുവെന്ന്‌ അവകാശപ്പെട്ട ബി ജെ പി പറഞ്ഞത്‌ മോഡിക്കും പ്രത്യേക സംഘത്തിനും യോജിച്ച ഒരു ദിവസം നിശ്ചയിച്ച്‌ ചോദ്യം ചെയ്യലാവാമെന്നാണ്‌. ഇതില്‍ ആര്‍ക്കും പരാതിയുണ്ടാവാന്‍ ഇടയില്ല. കാരണം ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഒരാള്‍, അതും നരേന്ദ്ര മോഡിയെപ്പോലെ `ഉയര്‍ന്ന' നേതാവ്‌, അദ്ദേഹത്തിന്റെ സൗകര്യം കൂടി നോക്കേണ്ട ബാധ്യത പ്രത്യേക അന്വേഷണ സംഘത്തിനില്ലേ എന്ന ചോദ്യം മാത്രമേ ശേഷിക്കൂ.



കേരളത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ നമുക്കിതൊന്നും തീരെ പ്രസക്തമായ കാര്യങ്ങളല്ല തന്നെ. ബട്‌ല ഹൗസ്‌ സംഭവം നടക്കുമ്പോള്‍ `ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍', `രണ്ട്‌ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെ വധിച്ചു' എന്നൊക്കെ വലിയ വലിപ്പത്തില്‍ നമ്മള്‍ പറഞ്ഞിരുന്നു. രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ അനുഗുണമായ വാര്‍ത്തകള്‍. ഒന്നര വര്‍ഷത്തിനു ശേഷം അവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ സംശയങ്ങള്‍ ബലപ്പെടുത്തുമ്പോള്‍ അത്‌ വലിയകാര്യമല്ല. കേരള വിനോദ സഞ്ചാരത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡറാവാന്‍ ക്ഷണിച്ച ശേഷം ഒഴിവാക്കി അമിതാഭ്‌ ബച്ചനെ അപമാനിച്ചതിനും അത്‌ അദ്ദേഹത്തിന്‌ സൃഷ്‌ടിച്ചിട്ടുണ്ടാവാന്‍ ഇടയുള്ള മനോവിഷമത്തിനുമുള്ള വലിപ്പം ബട്‌ല ഹൗസില്‍ കൊല്ലപ്പെട്ട രണ്ട്‌ യുവാക്കളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനുണ്ടാവില്ലല്ലോ!

8 comments:

  1. മുഖ്യധാരാ പാര്‍ട്ടികള്‍ എല്ലാം തന്നെ ഭരണപാര്‍ട്ടികളുമാണ്.ഇന്‍ഡ്യന്‍ ഭരണവര്‍ഗ പാര്‍ട്ടികള്‍ ഏതാണ്ടെല്ലാം തന്നെ 'സവര്‍ണോന്മുഖമായ രാഷ്ട്രീയ പൊതു ബോധത്തോട് രഹസ്യമായ ധാരണകള്‍ ഉണ്ടാക്കിയവരാണ്.'അതുകൊണ്ടാണ് അവര്‍ ബട്ല ഹൌസ് സംഭവത്തില്‍ നിശ്ശബ്ദമായിരിക്കുന്നത്.ഇതു സംബന്ധമായി രണ്‌ടു പോസ്റ്റുകള്‍-മാധ്യമം റിപ്പോര്‍ട്ടും മുഖപ്രസംഗവും- ഈയുള്ളവനും ഇട്ടു ഈയിടെ.ബ്ലോഗിലെ വിപ്ളവകാരികളൊന്നും ഒരക്ഷരം പ്രതികരിച്ചില്ല.മുസ്ലിങ്ങളാണ് ഇരകളെങ്കില്‍ അവരും നിശ്ശബ്ദരാണ്.

    ReplyDelete
  2. രാജീവ്,
    ആദ്യം നല്‍കുന്ന ചിത്രം വായനയ്ക്കു തടസ്സമുണ്ടാക്കുന്നുണ്ട്.ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  3. COPY, BUT A LITTLE, SUITABLE REPLY COMMENT TO THIS POST

    യദാർത്ഥവരുമനത്തിന്റെ ഒരുശതമാനം പോലും നികുതികൊടുക്കാതെ സർവ്വജനാവകാശസമ്പത്തുമുഴുക്കെ കയ്യടക്കി ചൂഷണം ചെയ്യുന്ന ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ, ശമ്പളനികുതി മുതൽ ഉപ്പുതൊട്ട് കർപ്പൂരം വരേക്കുള്ളതിനടക്കം നൂറു ശതമാനം നികുതി കൊടുക്കുന്ന സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ക്ഷേമത്തിനുപയോഗിക്കാനുള്ള ഖജനാവിലെ പണംകൊണ്ട് അവരെത്തന്നെ കൊല്ലാനുള്ള ആയുധങ്ങൾ വാങ്ങിപ്പിച്ച് അവരുടെമാത്രം നികുതികൊണ്ട് ശമ്പളം കൊടുക്കുന്ന സുരക്ഷാസൈന്യത്തെക്കൊണ്ട് അവരെത്തന്നെ കൊന്നൊതുക്കുന്നു. ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാരുടെ ആവശ്യം പോലെ, തീവ്രഭീകര മുദ്രചാർത്തി സ്വദേശികളേയും ശത്രുപക്ഷമെന്നു പറഞ്ഞു വിദേശികളേയും ബോംബിട്ടു തകർക്കുന്നു.സത്യത്തിൽ എവിടെയായാലും തകരുന്നത് സാധരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ മാത്രം ജീവനും സ്വത്തുമാണ് പട്ടാളക്കാരുടേതായാലും പാവപ്പെട്ടവരുടേതായാലും, അതാണ് സത്യം. ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർക്കും സിൽബന്ദികൾക്കും അവരുടെ വേട്ടച്ഛെന്നായ്ക്കൾക്കും യാതൊന്നും നഷ്ട്ടപ്പെടുന്നില്ല,അവരുടെ മാത്രം കുറേശത്രുക്കളല്ലാതെ.


    സാധരണക്കാരും പാവപ്പെട്ടവരുമായ 90ശതമനത്തിലേറെ ജനങ്ങളെ കാലാകാലം ഭിന്നിപ്പിച്ചു പരസ്പരശത്രുക്കളാക്കാൻ ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ ലോകം മുഴുക്കെ വഞ്ചകമതരാഷ്ട്രീയനേതാക്കളേയും,വിധേയത്വമുള്ള നീതിപാലകരേയും വിഷപ്രചാരകമാധ്യമങ്ങളേയും, ഉദ്ദ്യോഗസ്ത ദുഷ് പ്രഭുത്വങ്ങളേയും, കിരാതഭരണ പങ്കാളികളേയും ബിൻലാദൻ സദ്ദാം പ്രഭാകരൻ ഭിന്ദ്രൻ താക്കറേ മിലൊസേവിച് മോടി ദാവൂദ് തൊഗാടിയ മുതലായ വേട്ടച്ചെന്നായ്ക്കളേയും പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഉല്പാദിപ്പിക്കുന്നു.അൽഖൈദ , ആർ എസ് എസ് , എൽ ഇ ടി , മൊസാദ് ,എൽ ടി ടി ഇ, തുടങ്ങിയ സംഘ ങ്ങളുണ്ടാക്കി തിരിച്ചറിവില്ലാത്ത പാവങ്ങളെ വ്യാമോഹിപ്പിച്ച് വിഷവിദ്ദ്വേഷ ബാധിതരായ ചാവേറുകളാക്കുന്നു. കലാപങ്ങളും സ്ഫോടനങ്ങളും നടത്തി സാധാരണക്കാരുടേയും പവപ്പെട്ടവരുടേയും ജീവനും സ്വത്തും കൊന്നൊടുക്കി നിരപരാധികളിൽ ഭീകരത ആരോപിച്ചു നിരന്തരം കലാപങ്ങളുണ്ടാക്കി മതങ്ങളായും ജാതികളായും ഗോത്രങ്ങളായും വർഗ്ഗങ്ങളായും പർട്ടികളായും ഭിന്നിപ്പിച്ചു ദുർബ്ബലാവസ്തയിൽ കാലാകാലം തളച്ചിടുന്നു..ചിലയിടങ്ങളിൽ ആഠംബരങ്ങളും അസാന്മാർഗ്ഗികതയും കൊണ്ട് മരവിപ്പിച്ചു നിർത്തുന്നു.
    .അച്ചടക്കരാഹിത്യമോ അനുസരണക്കേടോ തിരിച്ചറിവോ ധിക്കാരമോ കാണീക്കുന്ന സ്വന്തം പങ്കാളികളായാലും സിൽബന്ദികളായാലും ആരായാലും അവർക്ക് സദ്ദാമിന്റെ അവസ്ഥയായിരിക്കും.അമേരിക്കൻ പ്രസിഡന്റായാലും കൊന്നുകളഞ്ഞ് ഘാതകനെ മനോരോഗിയാക്കും.അതാണ് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ.

    ReplyDelete
  4. Dear Rajiv,
    conspiracy theories are nothing new , it has started from 9/11 onwards and are readily availble with publications belonging to organisations like Jamaat e Islami.

    How ever to show an alternative view of the story just read the article that came in Independent Left wing National daily- The Hindu in the link provided bellow.

    Link:
    http://www.hinduonnet.com/2008/10/10/stories/2008101053621100.htm

    While criticising the mainstream media for "colluding with the establishment" , it also worths to look into the credentials of the "Alternative media" which are used to source the theories.
    Regarding batla there was established contacts with those captured later with Tahavur Rana affair and those killed in Batla terror.

    Link:
    http://www.hinduonnet.com/2008/10/10/stories/2008101053621100.htm

    ReplyDelete
  5. to get some picture of those preaching Establishement terror, it worth going through following items from fellow muslims itself

    1. "Murder in the Name of Allah" - translation into English of Mazhab Ke Nam Per Khoon by Hazrat Mirza Tahir , details the plight of Ahmedia community with genocide inflicted on them by the Maudoodists.
    Link : http://www.alislam.org/library/books/mna/chapter_5.html

    2.The 1971 war crimes tribunal set up by the the Bangladeshi government , about the death of 2 million people and the rape of women. Those standing in trial are the then Amirs of Jamaat e Islami who colluded with the Pakistani army. Link from BBC
    http://news.bbc.co.uk/2/hi/south_asia/8587511.stm

    3.Regarding Kashmir:
    The only group granted the status as "Internally Displaced Population" (IDP) by United Nations are the minorities in J&K. This was due to the calls by the same group of people for armed jihad against India on lines of Jihad against Soviet backed marxist - Najibullah government in Afghanistan.

    ReplyDelete
  6. For point 2: on the last comment , there is a report from the Associated press, you can find the scale of infliction.
    Excerpts:
    " Bangladesh official figures say Pakistani soldiers, aided by local collaborators, killed an estimated 3 million people, raped about 200,000 women and forced millions more to flee their homes during a bloody nine-month guerrilla war. The government has already barred about 50 war crimes suspects mostly belonging to the country's main Islamic party, Jamaat-e-Islami, from leaving the country. "

    Link : http://news.yahoo.com/s/ap/20100325/ap_on_re_as/as_bangladesh_war_crimes.

    Can we see these items which appears in major media sources in any of the "alter media" !!!

    ReplyDelete
  7. രാജീവ്ജി അക്ഷരങ്ങൾക്കുമീതെ വരുന്ന ഫോട്ടോകൾ കണ്ണിനു വല്ലാ‍തെ വിഷമമുണ്ടാക്കുന്നു.പരിഹരിച്ചാൽ നന്നയിരിക്കും.തങ്കളുടെ ലേഖനങ്ങൾ നല്ല നിലവാരം പുലർത്തുന്നു.അഭിവാദ്യങ്ങൾ!!!!!!!

    ReplyDelete
  8. Ajith ...ഉം മുതലാളിത്തകൂട്ടുക്കൊടുപ്പുകാരും
    ഇംഗ്ലീഷിയൻ ഒട്ടിക്കൽ മുട്ടാപ്പോക്കു താട്ടുപൂട്ട് തട്ടിപ്പു തരികിടകൾ മാറ്റി മലയാളത്തിലൂടെ മത്രം മോങ്ങുമെന്നു കരുതുന്നു.

    ബട്ലാ ഹൌസ്: മനുഷ്യാവകാശ കമ്മീഷന് റിപോര്ട്ട് പോലിസ് റിപോര്ട്ടിന്റെ അടിസ്ഥാനത്തില്
    Mon, 14 Jun 2010 17:58:19 +0000
    ന്യൂഡല്ഹി: ബട്ലാഹൌസ് ഏറ്റുമുട്ടല് സംബന്ധിച്ച് 11 മാസം നീണ്ട അന്വേഷണത്തിനിടയില് ഒരിക്കല്പ്പോലും ഏറ്റുമുട്ടല് നടന്ന എല്-18 ഫ്ളാറ്റ് സന്ദര്ശിക്കുകയോ പരിസരവാസികളില് നിന്ന മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്. ഡല്ഹി പോലിസ് നല്കിയ റിപോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലിസിനെ കുറ്റവിമുക്തമാക്കി റിപോര്ട്ട് തയ്യാറാക്കിയതെന്നും ഇതു സംബന്ധിച്ച് ജാമിഅ മില്ലിയ സര്വകലാശാലാ വിദ്യാര്ഥി ആഫ്രോസ് ആലം സാഹില് വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയ്ക്കുള്ള മറുപടിയില് കമ്മീഷന് വ്യക്തമാക്കി.
    പോലിസിന്റെ റിപോര്ട്ട് തൃപ്തികരമായി തോന്നിയതു കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില് നേരിട്ട് അന്വേഷണം നടത്താതിരുന്നതെന്ന് കമ്മീഷന് ഡപ്യൂട്ടി രജിസ്ട്രാര് സുനില് അറോറ നല്കിയ മറുപടിയില് പറയുന്നു. ഡിപ്പാര്ട്ടുമെന്റില് നിന്ന് റിപോര്ട്ടുകള് ആവശ്യപ്പെടുകയാണ് കമ്മീഷന് ആദ്യം ചെയ്തത്. പോലിസ് റിപോര്ട്ട് തൃപ്തികരമല്ലെങ്കില് മാത്രമാണ് നേരിട്ട് അന്വേഷണം നടത്താന് കമ്മീഷന് തീരുമാനിച്ചിരുന്നത്. പോലിസ് നല്കിയ വിശദീകരണം മതിയായതും തൃപ്തികരവുമായതിനാല് അതിന്റെ അടിസ്ഥാനത്തില് തന്നെ കമ്മീഷന് അന്തിമവിധിയിലെത്തുകയായിരുന്നു. അറോറ വ്യക്തമാക്കി.
    പോലിസിനെ കുറ്റവിമുക്തരാക്കി മനുഷ്യാവകാശ കമ്മീഷന് കോടതിയില് സമര്പ്പിച്ച റിപോര്ട്ടില് പോലിസ് ഉദ്യോഗസ്ഥരെയല്ലാതെ ആരെയും ഉദ്ധരിച്ചിരുന്നില്ല. പോസ്റ്റ്മോര്ട്ടം റിപോര്ട്ടിന്റെ ഭാഗങ്ങള് റിപോര്ട്ടിലുണ്ടായിരുന്നെങ്കിലും ഇതിലെ സംശയകരമായ ഭാഗങ്ങള് കമ്മീഷന് അവഗണിച്ചു. വ്യാജ ഏറ്റുമുട്ടലെന്ന് മാധ്യമങ്ങളും ജാമിഅ നിവാസികളും രാഷ്ട്രീയക്കാരും ഒരു പോലെ ആരോപിച്ച ബട്ലാഹൌസ് സംഭവത്തില് പോലിസും മനുഷ്യാവകാശ കമ്മീഷനും മാത്രമാണ് ഏറ്റുമുട്ടല് യഥാര്ഥമായിരുന്നുവെന്ന് വാദിക്കുന്നത്.
    എന്നാല് മനുഷ്യാവകാശ കമ്മീഷന് റിപോര്ട്ട് തയ്യാറാക്കുന്നതിന് മുമ്പ് കൊല്ലപ്പെട്ട ആതിഫ് അമീന്, മുഹമ്മദ് സാജിദ് എന്നിവരുടെ ബന്ധുക്കളെയോ നാട്ടുകാരെയോ സന്ദര്ശിച്ച് മൊഴിയെടുക്കുകയോ സംഭവസ്ഥലം സന്ദര്ശിക്കുകയോ ചെയ്തില്ലെന്ന ആരോപണം നേരത്തെ ഉയര്ന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് കമ്മീഷന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്. അതേ സമയം പോസ്റ്റ് മോര്ട്ടം റിപോര്ട്ട് പരിശോധിക്കാന് ഫോറന്സിക് വിദഗ്ധരുടെ സഹായം കമ്മീഷന് തേടിയിരുന്നോ എന്ന സാഹിലിന്റെ ചോദ്യത്തിന് കമ്മീഷന് വ്യക്തമായ മറുപടി നല്കിയിട്ടില്ല.

    ReplyDelete