2010-03-30

വിധവാ ശാപം ആര്‍ക്കൊക്കെ?


സാകിയ ജഫ്‌രിയുടെ പരാതി ഞങ്ങളുടെ വേദ പുസ്‌തകമാണ്‌'' - ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്‌തതിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിച്ച സംഘത്തലവന്‍ ആര്‍ കെ രാഘവന്‍ പറഞ്ഞ വാചകമാണിത്‌. ഈ വാചകത്തിന്‌ രണ്ട്‌ അര്‍ഥമുണ്ട്‌. ഒന്ന്‌. സാകിയ ജഫ്‌രിയുടെ പരാതിയെ അത്രമേല്‍ വിശുദ്ധമായി പ്രത്യേക അന്വേഷണ സംഘം കാണുന്നു. അതുകൊണ്ടുതന്നെ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തും. 




രണ്ട്‌. സാകിയയുടെ പരാതി മാത്രമാണ്‌ പ്രത്യേക അന്വേഷണ സംഘം പരിഗണിക്കുന്നത്‌. അതിനു പുറത്തുള്ള കാര്യങ്ങളൊന്നും അന്വേഷണ പരിധിയില്‍ വരുന്നതല്ല. ഈ അന്വേഷണത്തിനിടെ മറ്റ്‌ സംഭവങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചാല്‍ അക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സംഘം തയ്യാറാവില്ല. മോഡിയെ ചോദ്യം ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നിലപാട്‌ എന്തായിരിക്കുമെന്ന്‌ കാണാന്‍ അടുത്ത മാസം 30 വരെ കാത്തിരിക്കുക.



ഗുല്‍ബര്‍ഗ സൊസൈറ്റിയിലുണ്ടായ കൂട്ടക്കുരുതി തടയുന്നതില്‍ അലംഭാവം കാട്ടി അല്ലെങ്കില്‍ വംശഹത്യക്ക്‌ ഒരുമ്പെട്ടിറങ്ങിയവരെ തടയാതിരിക്കാന്‍ മന്ത്രിസഭാംഗങ്ങള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ഗൂഢാലോചന നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ മോഡിയെ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത്‌. ഇന്ത്യയിലെ ഏറ്റവും `ശക്തനായ' മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനെടുത്ത തീരുമാനവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്‌തു. മോഡിയെ ചോദ്യം ചെയ്യാന്‍ പ്രത്യേക സംഘം ആദ്യം തീരുമാനിച്ച തീയതിയില്‍ അദ്ദേഹം ഹാജരാവാതിരുന്നത്‌ (അങ്ങനെയൊരു തീയതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നില്ല എന്നാണ്‌ മോഡി പറയുന്നത്‌) കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന്‌ കാരണമായി. മോഡി ചോദ്യം ചെയ്യലിന്‌ വിധേയനായത്‌ മുഖ്യമന്ത്രിയുടെ ഉയര്‍ന്ന ഓഫീസിന്‌ കളങ്കമായെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ്‌ ആവശ്യപ്പെടുകയും ചെയ്‌തു.



2002 ഫെബ്രുവരി അവസാനം ആരംഭിച്ച്‌ മാര്‍ച്ച്‌ പകുതിയോളം തുടര്‍ന്നതാണ്‌ ഗുജറാത്തിലെ വംശഹത്യ. 2004ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തി. 2009ല്‍ കോണ്‍ഗ്രസിന്‌ വര്‍ധിച്ച ആധിപത്യമുള്ള രണ്ടാം യു പി എ സര്‍ക്കാറും. ഈ ആറ്‌ കൊല്ലത്തിനിടെ ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ചെയ്‌തിട്ടുണ്ടോ എന്നത്‌ ഇപ്പോള്‍ ആലോചിക്കേണ്ടതാണ്‌. 




പാര്‍ലിമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന്‌ എം പിമാര്‍ കോഴ വാങ്ങുന്ന സംഭവം പുറത്തുവന്നത്‌ ഒളി ക്യാമറ ഓപ്പറേഷനിലൂടെയാണ്‌. വലിയ വിവാദമായി. കോഴ ആവശ്യപ്പെട്ട എം പിമാരെ പാര്‍ലിമെന്റ്‌ അംഗീകരിച്ച പ്രമേയത്തിലൂടെ പുറത്താക്കി. ഈ സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം വേറെ നടക്കുകയും ചെയ്യുന്നു. ആയുധക്കമ്പനികളുടെ ഇടനിലക്കാരെന്ന വ്യാജേന സൈനിക ഉദ്യോഗസ്ഥരെയും ബി ജെ പിയുടെ മുന്‍ പ്രസിഡന്റ്‌ ബംഗാരു ലക്ഷ്‌മണിനെയും സമീപിച്ചവര്‍ കോഴ വാഗ്‌ദാനം ചെയ്‌ത്‌ ഒളി ക്യാമറയില്‍ പകര്‍ത്തി. വിവാദം കൊഴുത്തു. ബംഗാരു ലക്ഷ്‌മണിനെ ബി ജെ പി പുറത്താക്കി. കോഴ വാങ്ങിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നു.



ഇതുപോലൊരു ഒളി ക്യാമറാ ഓപ്പറേഷന്‍ ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ചുള്ള മാധ്യമ അന്വേഷണത്തിന്റെ ഭാഗമായി തെഹല്‍ക്ക മാസിക നടത്തിയിരുന്നു. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്തായിരുന്നു ഇത്‌. ബറോഡയിലെ മഹാരാജ സായാജിറാവു സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥനും സംഘ്‌ പരിവാര്‍ പ്രവര്‍ത്തകനുമായ ധിമാന്ത്‌ ഭട്ട്‌ ഒളി ക്യാമറയോട്‌ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇവയായിരുന്നു.



``ഗോധ്രക്കു ശേഷം (സബര്‍മതി എക്‌സ്‌പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപ്പിടിച്ച്‌ 59 പേര്‍ മരിച്ച സംഭവം) ഇത്തരമൊരു പ്രതികരണത്തിന്റെ പ്രത്യേകമായ അന്തരീക്ഷം പരിവാറിനുള്ളില്‍ സൃഷ്‌ടിക്കപ്പെട്ടിരുന്നു. ആര്‍ എസ്‌ എസ്‌, വി എച്ച്‌ പി, ബജ്‌രംഗ്‌ദള്‍, ബി ജെ പി, ദുര്‍ഗ വാഹിനി എന്നിവയുടെ ഉയര്‍ന്ന നേതാക്കളാണ്‌ ഈ അന്തരീക്ഷം സൃഷ്‌ടിച്ചത്‌. ഇതില്‍ ഞങ്ങള്‍ക്ക്‌ നരേന്ദ്ര മോഡിയുടെ പിന്തുണ ലഭിച്ചിരുന്നു. ഹിന്ദുക്കളെ ഇതുപോലെ ചുട്ടെരിക്കാന്‍ ഗൂഢാലചന നടന്നാല്‍ അതിന്‌ അര്‍ഹിക്കുന്ന മറുപടി നല്‍കണം. നമ്മള്‍ ഒന്നും ചെയ്യാതിരുന്നാല്‍, വേണ്ടും വിധത്തില്‍ പ്രതികരിക്കാതിരുന്നാല്‍, മറ്റൊരു ട്രെയിനിന്‌ തീവെക്കപ്പെടും. ഇതായിരുന്നു ആശയം, ചിന്ത വന്നത്‌ മോഡിയില്‍ നിന്നാണ്‌... ഞാന്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു''.

തെഹല്‍ക്ക: എവിടെ സര്‍?

ഭട്ട്‌: അത്‌ ബറോഡയില്‍ തന്നെയാണ്‌ നടന്നത്‌. ഒരു രഹസ്യ സ്ഥലത്ത്‌

തെഹല്‍ക്ക: ഗോധ്രക്കു ശേഷം?

ഭട്ട്‌: ഉടനെ തന്നെ. ഗോധ്ര സംഭവം നടന്ന അന്ന്‌. രണ്ട്‌ യോഗങ്ങളുണ്ടായിരുന്നു. ഒന്ന്‌ അഹമ്മദാബാദില്‍, ഒന്ന്‌ ബറോഡയില്‍. എന്ത്‌ നടപടി സ്വീകരിക്കണമെന്നതായിരുന്നു ആലോചന. എല്ലാവരും പങ്കെടുത്തിരുന്നു. ബി ജെ പി, ആര്‍ എസ്‌ എസ്‌, പരിഷത്ത്‌ (വി എച്ച്‌ പി)...ഒട്ടും വൈകരുതെന്ന്‌ തീരുമാനിച്ചു. പ്രതികരിക്കണം...എല്ലാവരുടെയും വികാരമതായിരുന്നു, ഏകകണ്‌ഠമായി. പ്രതിരോധത്തിലാവേണ്ട കാര്യമില്ല, ഇന്ന്‌ രാത്രി തന്നെ തുടങ്ങണം.

തെഹല്‍ക്ക: മുതിര്‍ന്ന നേതാക്കളുടെ യോഗമായിരുന്നോ, അതോ പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗമായിരുന്നോ?

ഭട്ട്‌: യഥാര്‍ഥത്തില്‍ അത്‌ പ്രാദേശിക നേതാക്കളായിരുന്നു...സന്ദേശം വന്നത്‌ ഉയര്‍ന്ന നേതാക്കളില്‍ നിന്നായിരുന്നു...പ്രാദേശിക നേതാക്കള്‍ അത്‌ നടപ്പാക്കി, പ്രവര്‍ത്തകര്‍ വ്യാപിപ്പിച്ചു.



ആലോചിച്ചുറപ്പിച്ച്‌ നടത്തിയ മനുഷ്യക്കുരുതിയായിരുന്നു നടന്നതെന്ന്‌ മറ്റ്‌ പരിവാര്‍ അംഗങ്ങള്‍ തുറന്നുപറയുന്നത്‌ തെഹല്‍ക്ക ഒളിക്യാമറയില്‍ പകര്‍ത്തിയിരുന്നു. വംശഹത്യക്ക്‌ ശേഷം അതിന്‌ നേതൃത്വം നല്‍കിയവര്‍ക്ക്‌ സംരക്ഷണം നല്‍കിയതില്‍ മോഡിക്കുള്ള പങ്കും തുറന്നുപറയുന്നുണ്ടായിരുന്നു ബാബു ബജ്‌രംഗിയെപ്പോലുള്ളവര്‍. ഇത്‌ പുറത്തുവന്നതിനു ശേഷവും കൂട്ടക്കുരുതിയില്‍ മോഡിക്കും അന്നത്തെ മന്ത്രിമാര്‍ക്കും പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കുമുള്ള പങ്ക്‌ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്ന ചിന്തപോലും ഉണ്ടായതേയില്ല. ഒരു ഒളി ക്യാമറാ ഓപ്പറേഷനെ അത്രമേല്‍ വിശ്വാസത്തിലെടുക്കേണ്ട കാര്യമില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടാവണം.



എന്നാല്‍ ഈ ഒളിക്യാമറാ സംഭവം പുറത്തുവരും മുമ്പുതന്നെ മോഡിക്ക്‌ വംശഹത്യയിലുള്ള പങ്കിന്‌ തെളിവ്‌ നല്‍കപ്പെട്ടിരുന്നു. മോഡി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത്‌ പോലീസില്‍ അഡീഷനല്‍ ഡി ജി പിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ നനാവതി - ഷാ കമ്മീഷന്‍ മുമ്പാകെ നല്‍കിയ സത്യവാങ്‌മൂലത്തിലൂടെയായിരുന്നു അത്‌. അക്രമികളായ ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന്‌ മോഡി നിര്‍ദേശിച്ചുവെന്നാണ്‌ സത്യവാങ്‌മൂലത്തില്‍ പറയുന്നത്‌. ഹിന്ദുക്കളുടെ രോഷം ഒഴുകിപ്പോകാന്‍ അനുവദിക്കുക എന്നതായിരുന്നു മോഡിയുടെ നിര്‍ദേശം. ഗോധ്രാ സംഭവത്തിനു ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അന്ന്‌ ഡി ജി പിയായിരുന്ന കെ ചക്രവര്‍ത്തി പങ്കെടുത്തിരുന്നു. യോഗത്തിനു ശേഷം തന്നോട്‌ ചക്രവര്‍ത്തി പറഞ്ഞ വാചകം സത്യവാങ്‌മൂലത്തില്‍ ശ്രീകുമാര്‍ ഉദ്ധരിക്കുന്നത്‌ ഇങ്ങനെയാണ്‌ ``വര്‍ഗീയ കലാപത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ പോലീസ്‌ നടപടിയെടുക്കുന്നുണ്ട്‌. അത്‌ പാടില്ല. ഹിന്ദുക്കളുടെ രോഷം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്ന്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.''




ഏതെങ്കിലുമൊരു വഴിപോക്കന്റെതല്ല ഈ സത്യവാങ്‌മൂലം. എ ഡി ജി പി പദവിയിലിരിക്കുന്ന ഒരാളുടെതാണ്‌. കൊലയും കൊള്ളയും കൊള്ളിവെപ്പും നടത്തിയവര്‍ മോഡിയടക്കമുള്ള മന്ത്രിമാരുമായും പോലീസ്‌ ഉദ്യോഗസ്ഥരുമായും ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്ന്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടതും ഇദ്ദേഹമാണ്‌. ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളടങ്ങുന്ന സി ഡി അദ്ദേഹം കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുകയും ചെയ്‌തു. ഇത്രയുമായിട്ടും സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ മോഡിക്കെതിരെ നടപടിയോ അന്വേഷണമോ ആവശ്യപ്പെട്ടില്ല. ഈ ആവശ്യമുന്നയിച്ച്‌ പ്രക്ഷോഭം സംഘടിപ്പിക്കാനും മുതിര്‍ന്നില്ല. 




മതേതരത്വം എന്നത്‌ ഭരണഘടനയുടെ അടിസ്ഥാന ശിലകളില്‍ ഒന്നായി അംഗീകരിച്ച രാജ്യത്തെ ഒരു സംസ്ഥാനം ഭരിക്കുന്നയാളാണ്‌ ഹിന്ദുക്കളായ അക്രമികളെ ഒന്നും ചെയ്യരുതെന്ന്‌ നിര്‍ദേശിച്ചുവെന്ന്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ ആരോപിച്ചത്‌. ഇതേക്കുറിച്ച്‌ അന്വേഷിക്കണമെന്നോ വസ്‌തുത പുറത്തുകൊണ്ടുവരണമെന്നോ മതേതരത്വ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്‌ ഓരോ ശ്വാസത്തിനൊപ്പവും ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ തോന്നിയതേയില്ല, അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷവും. സാകിയ ജഫ്‌രി എന്ന വൃദ്ധ, അവരുടെ ജീവന്‍ കയ്യില്‍പ്പിടിച്ച്‌ എട്ട്‌ വര്‍ഷത്തോളം കോടതി കയറിയിറങ്ങേണ്ടിവന്നു ഒരു സംഭവത്തിലെങ്കിലും അന്വേഷണവും ചോദ്യം ചെയ്യലും നടക്കാന്‍. അപ്പോഴും ഈ പരാതിയെ വേദപുസ്‌തകമാക്കി മാത്രമാണ്‌ അന്വേഷണം.



ക്യാമറ മുന്നിലുണ്ടെന്ന്‌ അറിയാതെ ധിമാന്ത്‌ ഭട്ട്‌ തുറന്നു പഞ്ഞതിനും സത്യവാങ്‌മൂലത്തില്‍ ആര്‍ ബി ശ്രീകുമാര്‍ രേഖപ്പെടുത്തിയതിനും പിറകെ പോകേണ്ടതില്ലെന്നാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം. അന്ന്‌ ഗുജറാത്ത്‌ മന്ത്രിസഭയില്‍ അംഗമായിരുന്ന ഐ കെ ജഡേജയെ ഡി ജി പിയുടെ ഓഫീസിലേക്ക്‌ നിയോഗിച്ച്‌ പോലീസിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചതിനെക്കുറിച്ചും അന്വേഷണമൊന്നും ഉണ്ടാവാന്‍ ഇടയില്ല.
ജീവിത സായന്തനത്തിലെത്തിയ ഒരു വിധവയുടെ ഇച്ഛാശക്തി കൊണ്ട്‌ മാത്രമാണ്‌ ഇപ്പോഴുണ്ടായ നടപടികള്‍. അവര്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. 





ഇതൊക്കെയാണെങ്കിലും മോഡിയൊരുക്കിയ ഭീതിയുടെ താഴ്‌വരയില്‍ എല്ലാം ഭദ്രമാണെന്ന്‌ ബി ജെ പി വിശ്വസിക്കുന്നു. തെഹല്‍ക്കയുടെ ഒളിക്യാമറ ഉയര്‍ത്തുമായിരുന്ന കൊടുങ്കാറ്റിനെ, കോണ്‍ഗ്രസ്‌ പോലും ഏറ്റെടുക്കാതെ, തടയാന്‍ കഴിഞ്ഞ നരേന്ദ്ര മോഡി അവര്‍ക്ക്‌ `വിരാട്‌ പുരുഷന്‍' തന്നെയാണ്‌. നിയമത്തിന്‌ മുഖ്യമന്ത്രിയടക്കം ആരും അതീതരല്ലെന്ന്‌ മോഡിയും പാര്‍ട്ടി നേതാക്കളും ആവര്‍ത്തിക്കുന്നതില്‍, നിയമം തങ്ങളുടെ ഉള്ളം കൈയിലാണ്‌ എന്ന ധാര്‍ഷ്‌ട്യം കൂടിയുണ്ട്‌. വംശഹത്യയുമായി ബന്ധപ്പെട്ട പലകേസുകളിലും സാക്ഷികള്‍ ഇല്ലാതിരുന്നതോ ഉണ്ടായിരുന്ന സാക്ഷികള്‍ കൂറുമാറിയതോ അതുകൊണ്ടാണ്‌. പ്രലോഭനം, ഭീഷണി എന്തും പ്രയോഗിക്കപ്പെടും. അതിനു മുന്നില്‍ നിയമങ്ങള്‍ അപ്രസക്തമാവുമെന്ന്‌ ഉറപ്പുള്ളതുകൊണ്ടാണ്‌ നിയമത്തിന്‌ അതീതരല്ല തങ്ങള്‍ എന്ന്‌ ആവര്‍ത്തിക്കുന്നത്‌. അത്‌ ചോദ്യം ചെയ്യാന്‍ ആരുമുണ്ടാവില്ലെന്നതിന്‌ എതിര്‍പക്ഷത്തുണ്ടെന്ന്‌ കരുതുന്നവര്‍ ഇത്രകാലം പുലര്‍ത്തിയ മൗനം സാക്ഷി.

10 comments:

  1. ഭരണ കൂട ഭീകരതയുടെ രണ്ട് മുഖങ്ങളാണ് കോണ്‍ഗ്രസ്സും, സംഘപരിവാര്‍ ഭരിക്കുന്ന ബിജെപിയും. ഇവരില്‍ നിന്ന് എന്ത് നീതിയാണ് ന്യൂന പക്ഷങ്ങള്‍ക്ക് പ്രതീക്ഷിക്കാനുള്ളത്. സാക്ഷികളെ കൂറുമാറ്റിയും ഭീഷണിപ്പെടുത്തിയും കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നത് കൊണ്ട് തന്നെയാണ് ആരും നിയമത്തിന് അതീതരല്ല്ല എന്ന് ഇടക്കിടെ ഗീര്‍ വാണങ്ങള്‍ അടിച്ചു വിടുന്നത്. അവസാനം ചീഫ് ജസ്റ്റിസ് കൂടെ മോഡിയുടെ കൂടെ വേദി പങ്കിടുമ്പോള്‍ മോഡി ഉറപ്പിക്കുന്ന ഒരു കാര്യമുണ്ട്. തനിക്കെതിരെയുള്ള് ആരോപണങ്ങള്‍ എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് വിശ്വസിക്കുന്നവരില്‍ ചീഫ് ജസ്റ്റിസ് വരെയുണ്ടെന്ന കാര്യം. ഇതിനകം തന്നെ സവര്‍ണ ന്യൂന പക്ഷ വിരുദ്ധത അടിമുടി ഗ്രസിച്ച ന്യായാസനത്തില്‍ നിന്നും ന്യുനപക്ഷത്തിന് പ്രതീക്ഷിക്കാവുന്ന നീതി കിട്ടാക്കനിയാണ്.ശക്തമായ രാഷ്ട്രീയ ശക്തിയില്ലാത്തൈടത്തോളം കാലം ഈ നൂറ്റാണ്ടില്‍ ഗുജറാ‍ത്തെന്നല്ല ഒരു കേസിലും ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. കുറ്റവാളികളോ അല്ലാത്തവരോ ആയ ന്യൂന പക്ഷ പിന്നോക്കക്കാര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വിധികളില്‍ ശിക്ഷിക്കപ്പെടുന്നതും നിത്യ സംഭവമാകും. ഗുജറാത്ത് ഒരു ടെസ്റ്റ് ഡോസായിരുന്നു. വരും നാളുകള്‍ ഗുജറാത്തിനേക്കാള്‍ ഭീകരമായതിന് രാജ്യം സാക്ഷ്യം വഹിച്ചേക്കാം. രാഷ്ട്രീയ ബദലുകള്‍ക്കായി ന്യൂന പക്ഷ പിന്നോക്കക്കാര്‍ ഉയരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ചില ഓര്‍മപ്പെടുത്തലുകള്‍ ഗുജറാത്തും സമീപ ചോദ്യം ചെയ്യലുമെല്ലാം ഉയര്‍ത്തുന്നുണ്ട് എന്നതാണ് സത്യം.

    ReplyDelete
  2. രാജീവ് കോപ്പേ

    >>>>>>ഗോധ്രക്കു ശേഷം (സബര്‍മതി എക്‌സ്‌പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപ്പിടിച്ച്‌ 59 പേര്‍ മരിച്ച സംഭവം)<<<<<<

    എന്തോന്നാ ആശാനെ ഇങ്ങനെ ഒക്കെ വളച്ചു എഴുതുന്നെ?


    ഗള്‍ഫ്‌ അറബികളുടെ തെഹല്‍ക്ക എന്തെല്ലാം ഉടായിപ്പുകള്‍ ഇനിയും ബി ജെ പ്പിയെ തകര്‍ക്കാന്‍ നടത്താനിരിക്കുന്നു!!!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. 'ഗള്‍ഫ് അറബികളുടെ തെഹല്‍ക്ക' ഇതല്ല ഇതിലപ്പുറവും ചെയ്യും.തലക്ക് വെളിവില്ലാതെ ബാബു ബജ്റംഗി എന്തൊക്കെയോ പറഞ്ഞെന്ന് വിളിച്ചു കൂവുന്നതൊക്കെ അവിടെ നിക്കട്ടെ.ലവന്മാരെക്കൊണ്ട് ഇങ്ങനൊക്കെ പറയിപ്പിക്കാന്‍ നമ്മടെ മോര്‍ഫിങിനുണ്ടോ വല്ല ബുദ്ധിമുട്ടും.മോര്‍ഫിങ് മൂലമുണ്ടായ അപഖ്യാതി മൂലം ഒരു 'പാവം' സ്വാമി വനവാസത്തിലായത് ഇതോട് കൂട്ടി വായിക്കുക.

    ഇതൊന്നും അറിയാതെ രാജീവ് കൂപ്പ്മാര്‍ പോസ്റ്റുകളുമായിറങ്ങും.കൂടെ ആടാന്‍ ജോക്കറിനെപ്പോലുള്ള ചിലരും.അതെ ശിവ പറഞ്ഞത് തന്നെയാണതിന്റെ ഇത്.ഐ ടൂ എഗ്രീ ശിവാ...

    ശവപ്പെട്ടി കുംഭകോണം,ബംഗാരുവിന്റെ പ്രതിരോധ ഇടപാട്!എത്രയെത്ര ഉടായിപ്പുകള്‍.ഇനിയെത്ര വരാന്‍ കിടക്കുന്നു.ഇങ്ങനത്തെ ഉടായിപ്പ് കൊണ്ടൊന്നും ബി.ജെ.പി തളരില്ല മിസ്റ്റര്‍.

    മോര്‍ഫിങ് തുലയട്ടെ.ഭാരത് മാതാകീ ജയ്.

    ReplyDelete
  5. Rajeev,
    The content of your blog represents an overall truith, but presentation is a bit spicier like that one of Mukundan C menon.

    If you have a bit of spare can i ask you to go through the blog frm Outlook by Sultan Shahin the editor of NewAgeIslam.com.

    Blog : The Missing Introspection

    link : http://outlookindia.com/article.aspx?264889

    ReplyDelete
  6. ബീജേപിക്കാരോട്,
    ഗുജറാത്തില്‍ ഒരു പ്രശ്നവും നടന്നില്ലെന്നാണോ ചങ്ങാതിമാരേ പറഞ്ഞു വരുന്നത്? മോഡിയുടെ അനുവാദമില്ലാതെ നിങ്ങളുടെ ഗൂണ്ടകള്‍ക്ക് വിലസി നടക്കാനാവുമായിരുന്നോ? ഞാനും ഒരു ഹിന്ദുവാണു ചങ്ങാതിമാരേ. നാണക്കേടുണ്ട് മോഡിയും നിങ്ങളുമൊക്കെ ഹിന്ദുക്കളാണെന്നു പറയുന്നതു കേള്‍ക്കാന്‍.

    ReplyDelete
  7. ഈ പോസ്റ്റ് മാതൃഭൂമി ബ്ലോഗനയിൽ കണ്ട് വായിച്ച് അന്വേഷിച്ച് വന്നതാണ്. ബ്ലോഗനയിൽ നൽകിയിരിക്കുന്ന ബ്ലോഗ് അഡ്രെസ്സിലെ നേരിയൊരു അക്ഷരത്തെറ്റ് കാരണം അല്പം ബുദ്ധിമുട്ടി.പിന്നെ ഒന്നു മാറ്റിയും മറിച്ചും അഡ്രസ്സ് അടിച്ചു നോക്കിയപ്പോൾ കിട്ടി.അങ്ങനെയൊക്കെ ഇങ്ങു കയറി വന്നതാണ്.

    പോസ്റ്റ് നന്നായി. നല്ലൊരു ബ്ലോഗിൽ എത്താനും പരിചയപ്പെടാനും കഴിഞ്ഞതിൽ സന്തോഷം.

    ReplyDelete
  8. അക്ഷരമറിയാവുന്നവരാണ് ബ്ലോഗെഴുതുന്നവർ.ബ്ലോഗെഴുതാൻ മാത്രം അക്ഷരജ്ഞാനമുണ്ടാകണമെങ്കിൽ അല്പം വിദ്യാഭ്യാസവും വിവരവും ഒക്കെ ഉണ്ടാകും. വായനയ്ക്കും പഠനത്തിനും ഒക്കെ അല്പം സമയം കണ്ടെത്തുന്നവരും ആയിരിക്കും അവർ. അവർ ഒരു പക്ഷെ ബി.ജെ.പിക്കാർ ആകുന്നതിലും അദ്ഭുതമില്ല.ബി.ജെ.പി ക്കാർ എല്ലാം തിന്മകൾ നിറഞ്ഞവർ അല്ല. പക്ഷെ നരേന്ദ്രമോഡിയെയും ഗുജറാത്തിലെ വംശഹത്യയെയും പോലും ന്യായീകരിക്കുന്ന സജീവ ബ്ലോഗന്മാരുണ്ടെന്നത് ദു:ഖകരം തന്നെ!

    ReplyDelete
  9. ജനങ്ങളെ വഞ്ചിച്ച് ഗുജറാത്തിനെ വമ്പൻ കുത്തകകൾക്കു തീറെഴുതാനുള്ള, മുഖ്യമന്ത്രി പദം കൈക്കലാക്കാൻ തീവണ്ടിക്കുള്ളിലിട്ട് സ്വന്തം അണികളെ കത്തിച്ചുകൊന്ന മോടിയെ നാർകൊടെസ്റ്റിനു വിധേയമാക്കിയാൽ കാർക്കരെയെ കൊന്നതടക്കം പാകിസ്താൻഭീകരരുമായി മോടിക്കും അർ എസ് എസ് നേതാക്കൾക്കുമുള്ള അവിശുദ്ധബന്ധങ്ങളുടെ സർവ്വരഹസ്യങ്ങളും പുറത്തുചാടും.

    ReplyDelete