2010-05-26

ബാലകൃഷ്‌ണന്റെ കോളക്കണ്ണീര്‍



അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം സക്കറിയക്കെന്നതുപോലെ ടി ബാലകൃഷ്‌ണനുമുണ്ട്‌. പക്ഷേ, വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന സര്‍ക്കാറിന്റെ നയരൂപവത്‌കരണവുമായി ബന്ധപ്പെട്ട നിര്‍ണായക സ്ഥാനത്ത്‌ ഇരിക്കവെ പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ക്ക്‌ ഒന്നിലധികം വ്യാഖ്യാനങ്ങളുണ്ടാവുക സ്വാഭാവികം. കോഴിക്കോട്ട്‌ വ്യവസായികളുമായി നടത്തിയ ആശയ വിനിമയത്തിനിടെ പ്ലാച്ചിമടയിലെ കൊക്ക കോളയുടെ കമ്പനി പൂട്ടിപ്പോയതില്‍ തനിക്കുള്ള അഗാധമായ ദുഃഖം ടി ബാലകൃഷ്‌ണന്‍ മറയില്ലാതെ രേഖപ്പെടുത്തിയതിനെക്കുറിച്ച്‌ ഭിന്നാഭിപ്രായങ്ങളുയര്‍ന്നത്‌ അതുകൊണ്ടാണ്‌. 




സംസാരിക്കുന്നത്‌ വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌. സംസ്ഥാനത്ത്‌ വ്യവസായ വികസനം സാധ്യമാക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതി ഉറപ്പ്‌ വരുത്തുകയും വേണ്ട, ഭാരിച്ച ചുമതല വഹിക്കുന്നവരില്‍ ഒരാളാണ്‌ അദ്ദേഹം. സംസാരിക്കുന്നത്‌ വ്യവസായികളോടാണ്‌. പണമിറക്കാന്‍ അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ടോ, ഇറക്കുന്ന പണം ലാഭത്തോടെ തിരിച്ചുപിടിക്കാന്‍ സഹായകമായ അന്തരീക്ഷം സൃഷ്‌ടിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ തുടങ്ങിയ കാര്യങ്ങളാണ്‌ വ്യവസായികള്‍ക്ക്‌ അറിയേണ്ടത്‌. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ കോളക്കമ്പനി പൂട്ടിപ്പോയതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നത്‌ വേണമെങ്കില്‍ ഒരു തന്ത്രമായി വ്യാഖ്യാനിക്കാം. സംസ്ഥാന സര്‍ക്കാര്‍ വ്യവസായങ്ങളുടെ കാര്യത്തില്‍ ഏറെ ഉത്‌കണ്‌ഠാകുലമാണെന്ന്‌ തെളിയിക്കാനുള്ള തന്ത്രം. പക്ഷേ, ഇത്തരം തന്ത്രം ആശാസ്യമാണോ എന്നതാണ്‌ പ്രശ്‌നം. അല്ലെങ്കില്‍ ഇത്തരം തന്ത്രം ജനങ്ങളെ സംബന്ധിച്ച്‌ പ്രതികൂലമായ സന്ദേശങ്ങളെന്തെങ്കിലും നല്‍കുന്നുണ്ടോ എന്നതും.



പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി കാരണങ്ങളൊന്നുമില്ലാതെ പൂട്ടിപ്പോയതല്ല. ഭൂഗര്‍ഭ ജലം അമിതമായി ചൂഷണം ചെയ്യുകയും കോളയുടെ നിര്‍മാണത്തിന്റെ ബാക്കിയായ നിക്കല്‍, കാഡ്‌മിയം തുടങ്ങി മാരക രാസവസ്‌തുക്കളടങ്ങിയ മാലിന്യം കര്‍ഷകര്‍ക്ക്‌ വളമായി വിതരണം ചെയ്യുകയും ചെയ്‌തത്‌ പുറത്തുവന്നതോടെ ഉയര്‍ന്ന ജനരോഷത്തിന്റെ ഭാഗമായി പൂട്ടിപ്പോയതാണ്‌. ബാലകൃഷ്‌ണന്‍ പറയുന്നതുപോലെ കമ്പനി പൂട്ടിയതുകൊണ്ട്‌ നൂറോളം പേര്‍ തൊഴില്‍രഹിതരായിട്ടുണ്ട്‌, സംസ്ഥാന സര്‍ക്കാറിന്‌ നികുതി ഇനത്തില്‍ നഷ്‌ടമുണ്ടായിട്ടുമുണ്ട്‌. ഏതാനും പേര്‍ക്ക്‌ തൊഴില്‍ നല്‍കുകയും സര്‍ക്കാറിന്‌ നികുതി വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നതുകൊണ്ട്‌ ഒരു കമ്പനി തുടര്‍ന്നുകൊണ്ടുപോകേണ്ട ആവശ്യമുണ്ടോ എന്ന അടിസ്ഥാന പ്രശ്‌നം തന്നെയാണ്‌ സമരം തുടങ്ങിയ കാലത്തു മുതല്‍ ഇന്നുവരെ ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്നത്‌. 




കൊറിയന്‍ കമ്പനിയായ പോസ്‌കോക്ക്‌ സ്റ്റീല്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ ഭൂമി ഏറ്റെടുക്കുന്നതിനെ ഒറീസ്സയിലെ ആദിവാസികള്‍ എതിര്‍ക്കുമ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ ഇതേ പ്രശ്‌നമാണ്‌. മധ്യേന്ത്യയിലെ മറ്റ്‌ ഖനികളുടെ കാര്യത്തിലും പശ്ചിമ ബംഗാളിലെ സിംഗൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ ഇതൊക്കെ തന്നെയാണ്‌. ആരെ കൂടിയൊഴിപ്പിച്ചാലും വികസന പദ്ധതികള്‍ വേണമെന്ന നിലപാടാണ്‌ പൊതുവെ ഭരണകൂടങ്ങള്‍ സ്വീകരിച്ചുവരുന്നത്‌. പ്രകൃതി സ്രോതസ്സുകളുടെ അധികാരം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന്‌ ഇതിനൊപ്പം ആവര്‍ത്തിക്കുകയും ചെയ്യും. പ്രകൃതി സ്രോതസ്സുകളുടെ അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന്‌ പറയുമ്പോള്‍ തദ്ദേശവാസികള്‍ക്കാണെന്നാണ്‌ വിവക്ഷ. എന്നാല്‍ ഈ അധികാരം ലംഘിച്ചുകൊണ്ട്‌ വ്യവസായ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുന്നതിനാണ്‌ ഭരണകൂടങ്ങള്‍ ശ്രമിച്ചുവരാറ്‌. ഏതാണ്ട്‌ അതേ നിലപാടാണ്‌ ടി ബാലകൃഷ്‌ണന്റെ ദുഃഖ പ്രകടനത്തിലും ദ്യോതിക്കുന്നത്‌.



സെക്രട്ടറിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും അത്‌ സര്‍ക്കാറിന്റെതല്ലെന്നും വ്യവസായ വകുപ്പ്‌ മന്ത്രി എളമരം കരീം ഉടനടി വ്യക്തമാക്കിയിട്ടുണ്ട്‌. ഭൂഗര്‍ഭ ജലം അമിതമായി ചൂഷണം ചെയ്‌തുകൊണ്ട്‌ കൊക്ക കൊള കമ്പനി പ്ലാച്ചിമടയില്‍ പ്രവര്‍ത്തിക്കുന്നതിനോട്‌ സര്‍ക്കാറിന്‌ യോജിപ്പില്ല എന്ന്‌ മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും കോള കമ്പനി പൂട്ടിപ്പോയതില്‍ ദുഃഖിക്കുന്ന മനസ്സുമായി ഒരാള്‍ വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത്‌ ഇരിക്കുമ്പോള്‍ അദ്ദേഹം ആസൂത്രണം ചെയ്യാനിടയുള്ള പദ്ധതികള്‍ എന്തടിസ്ഥാനത്തിലുള്ളതായിരിക്കുമെന്നത്‌ പ്രധാന പ്രശ്‌നമാണ്‌. ആ പദ്ധതികള്‍ സര്‍ക്കാറിനെ സ്വാധീനിക്കുമെന്നതും ഉറപ്പ്‌. അതിന്‌ തെളിവുകള്‍ ധാരാളമുണ്ട്‌. 




 ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ എന്ന ആശയം യഥാര്‍ഥത്തില്‍ ടി ബാലകൃഷ്‌ണന്‍ എന്ന ഉദ്യോഗസ്ഥന്റെ തലയില്‍ നിന്നുദിച്ചതാണ്‌. ആദ്യത്തെ വര്‍ഷം അഞ്ച്‌ കോടി രൂപയാണ്‌ ഫെസ്റ്റിവലിന്‌ സര്‍ക്കാര്‍ ചെലവഴിച്ചത്‌. തിരികെക്കിട്ടിയത്‌ 90 കോടി രൂപ. രണ്ടാം വര്‍ഷം പത്ത്‌ കോടി രൂപ അനുവദിച്ചു. ട്രഷറിയിലേക്ക്‌ തിരിച്ചെത്തിയത്‌ 120 കോടി രൂപ. എല്ലാ ചെലവിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ധനമന്ത്രി ടി എം തോമസ്‌ ഐസക്ക്‌ മൂന്നാം വര്‍ഷം ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്‌ കൈയയച്ച്‌ സഹായം നല്‍കി - 20 കോടി രൂപ. ലാഭകേന്ദ്രീകൃതമായ ഒരു ആശയം ഏതളവിലാണ്‌ ഭരണാധികാരികളെ സ്വാധീനിക്കുക എന്നതിന്‌ ഇതു മാത്രം മതി തെളിവിന്‌.



ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 1996-2001ലെ ഇടതു മുന്നണി സര്‍ക്കാറിന്റെ കാലത്ത്‌ വിനോദ സഞ്ചാര വകുപ്പ്‌ സെക്രട്ടറിയായിരുന്നു ടി ബാലകൃഷ്‌ണന്‍. പിന്നീട്‌ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ടി ബാലകൃഷ്‌ണന്‍ വിനോദ സഞ്ചാര വകുപ്പില്‍ തുടര്‍ന്നു. സംസ്ഥാനത്ത്‌ വിനോദ സഞ്ചാരം വ്യവസായമായി വികസിപ്പിക്കുന്നതില്‍ വലിയ പങ്കാണ്‌ ഈ ഉദ്യോഗസ്ഥന്‍ വഹിച്ചതെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ശരിയാവാനാണ്‌ സാധ്യത. കാരണം കേരളം വിനോദ സഞ്ചാര മേഖലയില്‍ വ്യാപകമായി വിപണനം ചെയ്യാന്‍ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ 20 കൊല്ലം ആയിട്ടേയുള്ളൂ. ഇക്കാലയളവില്‍ തന്നെയാണ്‌ മൂന്നാറിലും വയനാട്ടിലുമൊക്കെ വന്‍തോതില്‍ റിസോര്‍ട്ടുകള്‍ ആരംഭിച്ചത്‌. വനവും സര്‍ക്കാര്‍ ഭൂമിയും കയ്യേറി നിര്‍മിച്ചവയെന്ന്‌ ആരോപണം ഉയര്‍ന്നിരിക്കുന്നതില്‍ ഭൂരിഭാഗവും ഈ റിസോര്‍ട്ടുകളെക്കുറിച്ചാണ്‌. അവയെ പൊളിച്ചു നീക്കുന്നതിനോ പിടിച്ചെടുക്കുന്നതിനോ സ്വീകരിച്ച നടപടികള്‍ എവിടെയും എത്തിയിട്ടില്ല എന്നതും ഓര്‍ക്കുക. 




ഒരുപക്ഷേ, ഒന്നാം മൂന്നാര്‍ ദൗത്യത്തിനിടെ പൊളിച്ചുനീക്കപ്പെട്ട റിസോര്‍ട്ടുകളും ടി ബാലകൃഷ്‌ണന്റെ മനസ്സില്‍ ദുഃഖമായി അവശേഷിക്കുന്നുണ്ടാവണം. അത്‌ അദ്ദേഹം പ്രകടിപ്പിക്കുന്നില്ല എന്ന്‌ മാത്രം. ഇത്തരം ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയം സംസ്ഥാനം ഭരിക്കുന്ന ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണ്‌ പ്രധാന പ്രശ്‌നം. അത്‌ ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമായി തള്ളിക്കളയുന്നത്‌ ഉചിതമായിരിക്കുകയില്ല. ഇത്തരം ഉദ്യോഗസ്ഥര്‍ മര്‍മപ്രധാന സ്ഥാനങ്ങളിലിരുന്ന്‌ തീരുമാനങ്ങളെടുക്കുമ്പോള്‍ `ദുഃഖിക്കുന്ന മനസ്സ്‌' മുന്നോട്ടുവെക്കുന്ന രാഷ്‌ട്രീയം സ്വാധീനം ചെലുത്തുമെന്നത്‌ ഉറപ്പാണ്‌. ഇതിനകം സംസ്ഥാനത്ത്‌ വലിയ തര്‍ക്കങ്ങള്‍ക്ക്‌ വഴിവെച്ച ഭൂമി ഇടപാടുകള്‍ക്ക്‌ പിന്നില്‍ ഇത്തരം ദുഃഖിക്കുന്ന മനസ്സുകളുണ്ടായിരുന്നോ എന്നത്‌ ആലോചിക്കേണ്ടത്‌ സര്‍ക്കാറാണ്‌. അല്ലെങ്കില്‍ ദുഃഖിക്കുന്ന മനസ്സുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ചിന്തിക്കാതെ സ്വീകരിക്കാന്‍ നേതാക്കളോ പാര്‍ട്ടികളോ തയ്യാറായിട്ടുണ്ടോ എന്നും ആലോചിക്കണം.



കോള കമ്പനി പൂട്ടിപ്പോയെങ്കിലും കൊക്ക കൊള കേരളത്തില്‍ സുലഭമായി വ്യാപാരം ചെയ്യപ്പെടുന്നുണ്ടെന്ന്‌ ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത്‌ 200 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൊക്ക കോളക്ക്‌ ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളില്‍ ഫാക്‌ടറികളുണ്ട്‌. 1.25 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്നുണ്ടെന്നും ബാലകൃഷ്‌ണന്‍ പറയുന്നു. ഈ കണക്കുകള്‍ ശരിയാവണം. ഇതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്‌. കൊക്ക കൊള അടക്കം ശീതള പാനീയങ്ങളില്‍ കീടനാശിനിയുടെ അംശം അനുവദനീയമായ പരിധിയില്‍ അധികമുണ്ടെന്ന്‌ പറഞ്ഞത്‌ പാര്‍ലിമെന്റിന്റെ സംയുക്ത സമിതിയാണ്‌. കോളകളുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ വിശദാംശങ്ങള്‍ ബോട്ടിലില്‍ രേഖപ്പെടുത്തണമെന്ന്‌ നിര്‍ദേശിച്ചത്‌ സുപ്രീം കോടതിയാണ്‌. വര്‍ഷം പലതു കഴിഞ്ഞിട്ടും നിര്‍മാണ വസ്‌തുക്കളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നത്‌ നിര്‍ബന്ധമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപവത്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല. കരട്‌ നിര്‍ദേശങ്ങള്‍ വൈകാതെ രൂപവത്‌കരിക്കുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചത്‌. 




അതുമാത്രമല്ല സംഭവിച്ചത്‌, കോളകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിയോഗിച്ച സമിതിയില്‍ കോള കമ്പനികളുടെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. നിര്‍മാണ സാമഗ്രികളുടെ വിശദവിവരം കോളക്കുപ്പിയില്‍ രേഖപ്പെടുത്തണമെന്നത്‌ നിര്‍ബന്ധമാക്കിയാല്‍ ബുദ്ധിമുട്ടുണ്ടാവുക കമ്പനികള്‍ക്ക്‌ തന്നെയാണ്‌. എന്തൊക്കെ രാസവസ്‌തുക്കളാണ്‌ ഉപയോഗിക്കുന്നത്‌ എന്നത്‌ പരസ്യമാവും. അത്തരം രാസവസ്‌തുക്കള്‍ ഉണ്ടാക്കാന്‍ ഇടയുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ചകളുയരും. അത്‌ കോളയുടെ വിപണനത്തെ ബാധിക്കും. ഇങ്ങനെ കോളക്കമ്പനികള്‍ക്ക്‌ നഷ്‌ടമുണ്ടാവുന്നതില്‍ ദുഃഖിക്കുന്ന ഉദ്യോഗസ്ഥരും നേതാക്കളും ഡല്‍ഹിയിലുണ്ട്‌. അതുകൊണ്ടാണ്‌ നിര്‍മാണ സാമഗ്രികളുടെ വിവരം രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതില്‍ കാലതാമസമുണ്ടാവുന്നത്‌.
കൊക്ക കോള പോലുള്ള വന്‍കിട കമ്പനികള്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ സാധിക്കാത്തതില്‍ ദുഃഖിക്കുന്ന മനസ്സ്‌ ടി ബാലകൃഷ്‌ണനു മാത്രമല്ല ഉള്ളത്‌. അത്തരം മനസ്സുകളുടെ വലിയ ശൃംഖല തന്നെ നിലനില്‍ക്കുന്നുണ്ട്‌. ആ മനസ്സുകളുടെ രാഷ്‌ട്രീയം രാജ്യത്ത്‌ നടപ്പാക്കപ്പെടുന്നുമുണ്ട്‌. അതിന്‌ ഒത്താശ ചെയ്യുകയാണ്‌ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറുമെന്ന ആക്ഷേപം നിലനില്‍ക്കുന്നുമുണ്ട്‌. ഈ ആക്ഷേപത്തെ സാധൂകരിക്കുന്നതാണ്‌ ബാലകൃഷ്‌ണന്റെ ദുഃഖം.



ഭൂപരിഷ്‌കരണ നിയമം കാലഹരണപ്പെട്ടുവെന്നും നിയമം അടിയന്തരമായി ഭേദഗതി ചെയ്യണമെന്നുമാവശ്യപ്പെട്ട്‌ കുറിപ്പ്‌ തയ്യാറാക്കി വിതരണം ചെയ്‌തയാളാണ്‌ ടി ബാലകൃഷ്‌ണന്‍. അന്നും വ്യവസായ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുതന്നെയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന ഒരു പാര്‍ട്ടി നയിക്കുന്ന, ഇതേ നിയമത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന മറ്റൊരു പാര്‍ട്ടി രണ്ടാം കക്ഷിയായ ഒരു മുന്നണിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ്‌ ഈ ആശയം ബാലകൃഷ്‌ണന്‍ മുന്നോട്ടുവെച്ചത്‌. അതും വ്യക്തിപരമായ അഭിപ്രായമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളഞ്ഞിരുന്നു. നേരത്തെ സ്വീകരിച്ച രാഷ്‌ട്രീയ നിലപാടിന്റെ തുടര്‍ച്ചയായി വേണം ബാലകൃഷ്‌ണന്റെ പുതിയ ദുഃഖ പ്രകടനത്തെയും കാണാന്‍. 




സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ കുടിവെള്ളം മുട്ടിക്കുകയും അവരുടെ കൃഷിയിടങ്ങളെ തങ്ങളുടെ വിഷമാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമാക്കി മാറ്റുകയും ചെയ്‌ത കമ്പനി പൂട്ടിപ്പോയതില്‍ ദുഃഖിക്കുന്ന ഉദ്യോഗസ്ഥന്‍ ആ കമ്പനിയെപ്പോലെ തന്നെ സാമൂഹ്യ വിപത്താണെന്ന്‌ തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. അത്‌ വ്യക്തിപരമായ അഭിപ്രായമാണെന്ന്‌ പറഞ്ഞൊഴിയുന്ന ഭരണകൂടം ഈ വിപത്തിനെ പരോക്ഷമായി അംഗീകരിക്കുകതന്നെയാണ്‌ ചെയ്യുന്നതും.

1 comment:

  1. രാജീവേ,
    ബാലകൃഷ്ണന്‍ മുതലാളിത്തവാദിയായ സവര്‍ണ ഉദ്യോഗസ്ഥനാണ്. അത്തരക്കാര്‍ക്ക് ഏതു മുന്നണി ഭരിച്ചാലും അത് സ്വന്തക്കാരാല്‍ നിറഞ്ഞതായിരിക്കും.അവര്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.അല്‍ഫോന്‍സ് കണ്ണന്താനം മറ്റൊരു ഉദാഹരണം.മീഡിയയുടെ സപ്പോര്‍ട്ടും അവര്‍ക്കു ലഭിക്കും. അതൊന്നും സത്യസന്ധരായ ദലിത് ഓഫീസര്‍ക്കു ലഭിക്കില്ല. അവര്‍ വല്ലതും മിണ്ടിപ്പോയാല്‍ സസ്പെന്‍ഷന്‍.(ഉദാ സുരേഷ് കുമാര്‍).ഇവിടെ എന്തു ഇടതു മുന്നണി. അവര്‍ വലതരേക്കാള്‍ ശക്തമായി വലതുപക്ഷ നയങ്ങള്‍ നടപ്പാക്കുന്നവരും ഫാഷിസ്റ്റുകളുമാണ്. അവരൊരിക്കലും ബാലകൃഷ്ണന്മാരെ ശിക്ഷിക്കില്ല.അയാള്‍ അവരുടെ സ്വന്തം ആളാണ്. ശിക്ഷിക്കാന്‍ സുരേഷ് കുമാര്‍മാരില്ലേ?

    ReplyDelete