2010-07-02

ചില എന്‍ ഐ എ തമാശകള്‍



ഡല്‍ഹി പോലീസ്‌ നിയമ പ്രകാരം രൂപവത്‌കരിക്കുകയും പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണല്‍ മന്ത്രാലയം നിയന്ത്രിക്കുകയും ചെയ്യുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) പക്ഷപാതിത്വം കൂടാതെ അന്വേഷണങ്ങള്‍ നടത്തുന്ന ഏജന്‍സിയാണെന്ന ധാരണ നിലനിന്നിരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പ്രതീകമായി സംസ്ഥാന പോലീസ്‌ വിഭാഗങ്ങള്‍ മാറുക കൂടി ചെയ്‌തതോടെ സി ബി ഐയുടെ പ്രശസ്‌തി വര്‍ധിച്ചു. മലയാളികള്‍ക്കിടയില്‍ ഈ പേരിന്റെ വിശ്വാസ്യത അന്വേഷിച്ച്‌ തെളിയിച്ച കേസുകളേക്കാള്‍ ഉപരി, വന്‍ വിജയം നേടിയ ഒരു ചലച്ചിത്രം സൃഷ്‌ടിച്ച പ്രതിച്ഛായയുമായി ബന്ധപ്പെട്ടതാണ്‌. എങ്കിലും കുറ്റാന്വേഷണ രംഗത്ത്‌ രാജ്യത്തെ ഏറ്റവും അവസാനത്തെ വാക്കായി സി ബി ഐ കരുതപ്പെട്ടിരുന്നു. പിടികിട്ടാപ്പുള്ളികളെ സംബന്ധിച്ച വിവരങ്ങള്‍ അന്താരാഷ്‌ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്‌ കൈമാറുന്നതും മറ്റും സി ബി ഐയാണ്‌. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ ഏജന്‍സി സി ബി ഐയാണ്‌.


ഈ ഏജന്‍സിയുടെ നിഷ്‌പക്ഷത സംബന്ധിച്ച്‌ പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇതിനെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി അധികാരത്തിലിരിക്കുന്നവര്‍ ഉപയോഗിച്ചതായും ആക്ഷേപമുണ്ട്‌.
ഏറ്റവും ഒടുവില്‍ ഇന്ധന വില വര്‍ധന ചോദ്യം ചെയ്‌ത്‌ പാര്‍ലിമെന്റില്‍ ഇടതുപക്ഷവും ബി ജെ പിയും കൊണ്ടുവന്ന ഖണ്ഡന പ്രമേയത്തിന്റെ കാര്യം എടുക്കാം. ഖണ്ഡനോപക്ഷേപത്തിന്‌ നോട്ടീസ്‌ നല്‍കുന്നതിന്‌ തൊട്ടു മുമ്പ്‌ വരെ ബി എസ്‌ പി നേതാവ്‌ മായാവതിക്കും സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവിനും എതിരെ കോടതികളില്‍ നിന്ന്‌ കോടതികളിലേക്ക്‌ പായുകയായിരുന്നു സി ബി ഐ ഉദ്യോഗസ്ഥരും അഭിഭാഷകരും. അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചു, ബി ആര്‍ അംബേദ്‌കര്‍- കാന്‍ഷി റാം തുടങ്ങിയവരുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ കണക്കില്‍ കവിഞ്ഞ്‌ പണം ചെലവഴിക്കുന്നു, ജന്മ ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലക്ഷക്കണക്കിന്‌ രൂപയുടെ നോട്ട്‌ മാല സമ്മാനിച്ചു എന്നു തുടങ്ങി മായാവതിക്കെതിരെ അന്വേഷണത്തിന്‌ കാരണങ്ങള്‍ നിരവധിയായിരുന്നു. പഴയ താജ്‌ കോറിഡോര്‍ അഴിമതിക്കേസ്‌ വേറെയും. 



സമാജ്‌വാദി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌ വരവില്‍ കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ചുവെന്ന ഒരൊറ്റ കേസ്‌ മാത്രമേ നേരിട്ടുള്ളൂ. ഇതിലും കോടതി നടപടികള്‍ നിരവധി നടന്നിരുന്നു. ഇടക്കിടക്ക്‌ സി ബി ഐ പുതിയ സത്യവാങ്‌മൂലങ്ങള്‍ സമര്‍പ്പിക്കും. അപ്പോഴൊക്കെ കേസ്‌ വീണ്ടും വാര്‍ത്തകളില്‍ നിറയും. ഈ കളികളെല്ലാം സ്വിച്ചിട്ടതുപോലെ നില്‍ക്കുന്നതാണ്‌ ഖണ്ഡനോപക്ഷേപ നോട്ടീസോടെ കണ്ടത്‌. മായാവതിക്കോ, മുലായം സിംഗ്‌ യാദവിനോ എതിരായ കേസുകളില്‍ പിന്നീടിങ്ങോട്ട്‌ സി ബി ഐ സ്വന്തം താത്‌പര്യപ്രകാരം ഒന്നും ചെയ്‌തിട്ടില്ല. ഖണ്ഡനോപക്ഷേപത്തെ അതിജീവിക്കാന്‍ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാറിന്‌ സാധിച്ചത്‌ മായാവതിയുടെയും മുലായം സിംഗ്‌ യാദവിന്റെയും കാരുണ്യം കൊണ്ടാണെന്ന വസ്‌തുതയാണ്‌ സി ബി ഐയുടെ മനംമാറ്റത്തിന്‌ ആധാരം.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ആര്‍ ജെ ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്‌ത്‌ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടെന്ന്‌ സി ബി ഐ തീരുമാനിച്ചത്‌ ഈയിടെയാണ്‌. ലാലു പ്രസാദ്‌ യാദവ്‌ കുറ്റവാളിയാണെന്ന മുന്‍വിധിയില്ല, പക്ഷേ, ചില കേസുകളില്‍ സി ബി ഐ എന്തുകൊണ്ട്‌ അപ്പീല്‍ പോവുന്നില്ല എന്ന സംശയം പ്രകടിപ്പിക്കുക മാത്രമാണ്‌. ഇതേ സി ബി ഐ തന്നെയാണ്‌ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണിന്‌ രക്ഷപ്പെടാന്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തത്‌ എന്നതാണ്‌ പുതുതായി പുറത്തുവന്നിരിക്കുന്ന വിവരം. ഭോപ്പാല്‍ വാതക ദുരന്തക്കേസിന്റെ അന്വേഷണം സി ബി ഐ ഏറ്റെടുത്ത ശേഷമാണ്‌ വാറന്‍ ആന്‍ഡേഴ്‌സണിന്റെ വിവാദ ഇന്ത്യാ സന്ദര്‍ശനവും രാജകീയമായ മടക്കയാത്രയുമുണ്ടായത്‌. 
ആന്‍ഡേഴ്‌സണിനെ അന്ന്‌ സി ബി ഐ അറസ്റ്റ്‌ ചെയ്യാന്‍ വിസമ്മതിച്ചു. മധ്യപ്രദേശ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തപ്പോള്‍ തങ്ങളുടെ കസ്റ്റഡിയില്‍ വേണമെന്ന്‌ ആവശ്യപ്പെട്ടതുമില്ല. യജമാനന്റെ ഇംഗിതം അറിഞ്ഞ്‌ നിശ്ശബ്‌ദനായിരുന്നു ഈ വിശ്വസ്‌തന്‍.

സി ബി ഐക്ക്‌ പല്ലും നഖവും പോരെന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ തോന്നിയത്‌ 2008ലെ മുംബൈ ഭീകരാക്രമണത്തോടെയാണ്‌. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക്‌ (എന്‍ ഐ എ) രൂപം നല്‍കി. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളെല്ലാം തുടര്‍ന്ന്‌ അന്വേഷിക്കുക എന്‍ ഐ എ ആയിരിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി പി ചിദംബരവും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പ്രഖ്യാപിച്ചു. എന്നാല്‍ ഏറ്റെടുക്കുന്ന കേസുകള്‍, അവയുടെ അന്വേഷണം എന്നീ കാര്യങ്ങളിലെല്ലാം ചുരുങ്ങിയ കാലം കൊണ്ട്‌ സി ബി ഐയുടെതിന്‌ സമാനമായ സ്ഥാനം എന്‍ ഐ എ നേടിക്കഴിഞ്ഞോ എന്ന സംശയം ബലപ്പെടുകയാണ്‌. മുംബൈ ഭീകരാക്രമണക്കേസ്‌ അന്വേഷിച്ചതും കുറ്റപത്രം നല്‍കിയതുമൊക്കെ മഹാരാഷ്‌ട്ര പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡായിരുന്നു. ഡേവിഡ്‌ കോള്‍ മാന്‍ ഹെഡ്‌ലിയുടെ അധ്യായം മാത്രമാണ്‌ എന്‍ ഐ എ അന്വേഷിക്കുന്നത്‌. ഹെഡ്‌ലിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടാനുള്ള സാധ്യത കുറവായതുകൊണ്ടുതന്നെ ഈ കേസില്‍ ജയ,പരാജയങ്ങള്‍ എന്‍ ഐ എക്ക്‌ വിഷയമാവുന്നില്ല. ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രധാന കേസുകളൊന്നും എന്‍ ഐ എ അന്വേഷിക്കുന്നില്ല. 


എന്‍ ഐ എ രൂപവത്‌കരിച്ചതിനു ശേഷം രാജ്യത്തുണ്ടായ ആദ്യത്തെ വലിയ സ്‌ഫോടനമായിരുന്നു മഹാരാഷ്‌ട്രയിലെ പൂനെയില്‍ ജര്‍മന്‍ ബേക്കറിയിലുണ്ടായത്‌. ഇതേക്കുറിച്ചുള്ള അന്വേഷണം മഹാരാഷ്‌ട്ര പോലീസിന്റെ ഭീകരവിരുദ്ധ സേനക്കാണ്‌. എന്‍ ഐ എക്ക്‌ സഹായിയുടെ റോള്‍ മാത്രം. അബ്‌ദുസ്സമദ്‌ ഭട്‌കലിനെ അറസ്റ്റ്‌ ചെയ്‌ത്‌ അന്വേഷണ സംഘം വിളറി വെളുത്ത്‌ നില്‍ക്കുന്ന കാഴ്‌ചയാണ്‌ ഈ കേസില്‍. മലേഗാവ്‌, മക്ക മസ്‌ജിദ്‌, അജ്‌മീര്‍ ദര്‍ഗ, സംഝോത എക്‌സ്‌പ്രസ്‌ എന്നീ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ ഹൈന്ദവ തീവ്രവാദ സംഘടനയുടെ കൈകളുണ്ടെന്ന ആക്ഷേപം ശക്തമാണ്‌. മലേഗാവ്‌, മക്ക മസ്‌ജിദ്‌, അജ്‌മീര്‍ എന്നീ കേസുകളില്‍ അന്വേഷണ സംഘങ്ങള്‍ ഈ ആരോപണം വ്യക്തമായി തന്നെ ഉന്നയിച്ചു കഴിഞ്ഞു. 


സംഝോതയുടെ കാര്യത്തില്‍ മുമ്പ്‌ തന്നെ ഉയര്‍ന്ന സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തി വരികയാണ്‌ ഉദ്യോഗസ്ഥര്‍. നാല്‌ സ്‌ഫോടനങ്ങളും ഒരേ തരത്തിലാണ്‌ നടത്തിയതെന്ന്‌ വിദഗ്‌ധ പരിശോധനയില്‍ കണ്ടെത്തിയെന്നാണ്‌ വിവരം. രാജസ്ഥാന്‍, ഹരിയാന പോലീസുകളും സി ബി ഐയുമാണ്‌ ഈ കേസുകള്‍ ഇപ്പോഴും അന്വേഷിക്കുന്നത്‌. നാല്‌ സ്‌ഫോടനങ്ങളുമായും ബന്ധമുണ്ടെന്ന്‌ സംശയം ഉയരുകയും അതില്‍ ആരോപിക്കപ്പെടുന്നവര്‍ക്ക്‌ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ (ആര്‍ എസ്‌ എസ്‌) നേതൃത്വവുമായി നേരിട്ട്‌ ബന്ധമുണ്ടെന്ന്‌ വ്യക്തമാവുകയും ചെയ്‌തിട്ടും സമഗ്രമായ അന്വേഷണത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതേയില്ല. മലേഗാവ്‌ കേസില്‍ അറസ്റ്റിലായ പ്രഗ്യാ സിംഗിന്‌ വിഷാദ രോഗമുണ്ടാവുമ്പോഴൊക്കെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും ബദ്ധശ്രദ്ധരാണ്‌ മഹാരാഷ്‌ട്ര പോലീസ്‌ എന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. കൊല നടത്തി ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസില്‍ അറസ്റ്റിലായ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‍ ചുദസാമക്ക്‌ ചികിത്സ ലഭ്യമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നതുപോലെ.

ഇതേ സര്‍ക്കാറുകളും എന്‍ ഐ എയും മറ്റു ചില കാര്യങ്ങളില്‍ അമിതമായ ശ്രദ്ധ കാണിക്കുമ്പോഴാണ്‌ മേല്‍പ്പറഞ്ഞ കാര്യങ്ങളിലെല്ലാമുള്ള സംശയങ്ങള്‍ ബലപ്പെടുന്നത്‌. കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സൂഫിയ മഅ്‌ദനി എന്ന സ്‌ത്രീ എറണാകുളം ജില്ല വിട്ട്‌ ആലപ്പുഴ കടന്ന്‌ കൊല്ലം ജില്ലയിലേക്ക്‌ പോകുന്നതിനെ എന്‍ ഐ എ കോടതിയില്‍ ശക്തിയുക്തം ഏതിര്‍ത്തു. അത്തരമൊരു സംഭവമുണ്ടായാല്‍ അത്‌ അന്വേഷണത്തെ വന്‍തോതില്‍ ബാധിക്കാനിടയുണ്ടെന്ന്‌ അവര്‍ രണ്ട്‌ തവണയായി കോടതിയെ അറിയിച്ചു. എറണാകുളം ജില്ലയേക്കാള്‍ വലിയ തീരപ്രദേശം കൊല്ലം ജില്ലക്കുണ്ടെന്നും അതിനാല്‍ സൂഫിയയെ കൊല്ലം ജില്ലയില്‍ കടക്കാന്‍ അനുവദിച്ചാല്‍ അതീവ ദുര്‍ബലമായ തീര സംരക്ഷണത്തെ മറികടന്ന്‌ അവര്‍ കടലിലൂടെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും എന്‍ ഐ എക്ക്‌ കോടതിയെ അറിയിക്കമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കാത്തതു കൊണ്ടുമാത്രം കര്‍ണാടക പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോകാത്ത അബ്‌ദുന്നാസര്‍ മഅ്‌ദനിയെ കാണാനാണ്‌ സുഫിയ കൊല്ലത്തേക്ക്‌ യാത്ര ചെയ്യുന്നത്‌. `ഭീകരവാദികളായ' ദമ്പതികള്‍ ഒന്നിച്ചു കണ്ടാല്‍ എന്തൊക്കെ സംഭവിച്ചുകൂടാ? എന്‍ ഐ എയുടെ സംശയങ്ങളെ തള്ളിക്കളയുന്നത്‌ ശരിയല്ല തന്നെ!

നിയമത്തിന്‌ മുന്നില്‍ എല്ലാവരും സമന്‍മാരാണെന്ന അടിസ്ഥാന സങ്കല്‍പ്പമാണ്‌ നമുക്കൊക്കെ പരിചയം. പക്ഷേ, അതങ്ങനെയല്ലെന്ന്‌ ഭരണകൂടങ്ങളുടെയും അവരുടെ ഏജന്‍സികളുടെയും നടപടികള്‍ പിന്നീട്‌ തെളിയിച്ചു തരികയും ചെയ്യും. കര്‍ണാടക പോലീസ്‌ കസ്റ്റഡിയിലെടുത്താല്‍ നേരത്തെ തമിഴ്‌നാട്‌ പോലീസ്‌ കസ്റ്റഡിയില്‍ കൊണ്ടുപോയ ശേഷമുണ്ടായതുപോലുള്ള സംഭവം ആവര്‍ത്തിക്കുമോ എന്ന്‌ ശങ്കിക്കുന്ന സ്‌ത്രീക്ക്‌ സ്വന്തം ഭര്‍ത്താവിനെ കാണുന്നതിന്‌ അനുമതി ലഭിക്കാന്‍ രണ്ട്‌ വട്ടം കോടതി കയറേണ്ടിവന്നത്‌ അതുകൊണ്ടാണ്‌. ജര്‍മന്‍ ബേക്കറി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന ആരോപണമാണ്‌ അബ്‌ദുസ്സമദ്‌ ഭട്‌കലിനെതിരെ മഹാരാഷ്‌ട്ര ഭീകരവിദുദ്ധ സേന ഉന്നയിച്ചത്‌. കോടതിയില്‍ റിമാന്‍ഡ്‌ അപേക്ഷ നല്‍കിയപ്പോള്‍ ജര്‍മന്‍ ബേക്കറിയെക്കുറിച്ച്‌ മിണ്ടാട്ടമില്ല.

തടിയന്റവിട നസീറിന്റെ മുഖം ക്യാമറക്ക്‌ മുന്നില്‍ വന്നതിലെ സുരക്ഷാ പാളിച്ചയെച്ചൊല്ലി ബഹളം വേക്കുന്ന അന്വേഷണ ഏജന്‍സിയും കേന്ദ്ര മന്ത്രിയും സമദ്‌ ഭട്‌കലിന്റെ മുഖത്ത്‌ ഭീകരവാദിയെന്ന കരി വാരിപ്പൂശിയതിന്‌ എന്ത്‌ പരിഹാരം ചെയ്യും? അത്തരമൊരു പരിഹാരം ആവശ്യമുണ്ടെന്ന്‌ ഒരു പക്ഷേ അവര്‍ക്ക്‌ തോന്നുന്നുണ്ടാവില്ല. ചില കേസുകളില്‍ തോന്നുന്നുണ്ടാവും. അതുകൊണ്ടാണ്‌ ഒരു സംഘടനയുടെ പങ്കാളിത്തം സംബന്ധിച്ച്‌ വിവിധ ഏജന്‍സികള്‍ തെളിവുകള്‍ ശേഖരിക്കുമ്പോഴും സമഗ്രമായ അന്വേഷണത്തിന്‌ മടിക്കുന്നത്‌. മഡ്‌ഗാവില്‍ സ്‌ഫോടനം നടത്തിയവര്‍ സനാതന്‍ സംസ്ഥാന്റെ ആശ്രമാവാസികളായിരുന്നുവെന്ന്‌ അറിഞ്ഞിട്ട്‌ ആ സംഘടനയെക്കുറിച്ച്‌ അന്വേഷിക്കാത്തത്‌; സനാതന്‍ സംസ്ഥാനെ നിരോധിക്കുന്ന കാര്യം ആലോചിക്കുന്നതേയില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവര്‍ത്തിക്കുന്നത്‌.

5 comments:

  1. രാജീവ് നന്നയിരിക്കുന്നു.എന്റെവക ഇതു ചേർക്കുന്നു.
    കശ്മീര് കേസില് എന്.ഐ.എക്ക് ഒന്നും കണ്െടത്താനായില്ലെന്ന് കോടിയേരി
    Thu, 1 Jul 2010 23:16:39 +0000
    തിരുവനന്തപുരം: കശ്മീരില് നാലു മലയാളികള് കൊല്ലപ്പെട്ട കേസ് ഏഴുമാസമായി എന്.ഐ.എ അന്വേഷിച്ചിട്ട് ഒന്നും പുതുതായി കണ്െടത്താനായിട്ടില്ലെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്. നിയമസഭയില് ധനാഭ്യര്ഥന ചര്ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ദേശീയ അന്വേഷണ ഏജന്സിയുമായി തര്ക്കത്തിനില്ല. സംസ്ഥാനാന്തര-അന്താരാഷ്ട്രബന്ധമുള്ള കേസില് എന്.ഐ.എക്ക് ഒന്നും കണ്െടത്താനായിട്ടില്ല.
    വിദേശത്ത് അന്വേഷണം നടത്താതെ എന്.ഐ.എ കളമശ്ശേരിയിലും എടക്കാട്ടും ചുറ്റിക്കറങ്ങിയാല് മതിയോയെന്നും കോടിയേരി ചോദിച്ചു. മുംബൈ താജ് ഹോട്ടല് ആക്രമണം എന്.ഐ.എക്ക് വിട്ടിട്ടില്ല. കുറച്ചുകൂടി ഉയര്ന്ന സമീപനമാണ് എന്.ഐ.എയില് നിന്നു സര്ക്കാര് പ്രതീക്ഷിക്കുന്നത്. ആദിവാസികളെയും പട്ടികവര്ഗക്കാരെയും ഉപയോഗിച്ചാണ് രാജ്യത്തു മാവോവാദികളും നക്സലുകളും തീവ്രവാദം നടത്തുന്നത്. അത്തരം തീവ്രവാദത്തിന്റെ പട്ടികയില് കേരളമില്ല. മതതീവ്രവാദവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് പ്രശ്നങ്ങളുണ്ട്. കോഴിക്കോട് ബസ്സ്റ്റാന്റ് സ്ഫോടനം, ഗ്രീന്വാലി ഫൌണ്േടഷന് സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്, മാറാട് എന്നിങ്ങനെ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
    ഐ.ജി ടോമിന് ജെ തച്ചങ്കരിക്കെതിരേയുള്ള ആക്ഷേപങ്ങള് പരിശോധിക്കണം. ഈ കേസ് രാജ്യാന്തരബന്ധമുള്ളതായതിനാല് കേന്ദ്രമാണ് അന്വേഷിക്കേണ്ടത്. കുറ്റക്കാരായ ആരെയും സംരക്ഷിക്കേണ്ട ബാധ്യത സര്ക്കാരിനില്ല. ഏത് അന്വേഷണവും നടത്തട്ടെ. കേസ് ഇപ്പോള് എന്.ഐ.എ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രം അന്വേഷിക്കട്ടേയെന്നതാണ് സര്ക്കാര് നിലപാട്. സംസ്ഥാനത്തെ ചില കുത്തകമാധ്യമങ്ങള് പ്രതിപക്ഷത്തിനു മുതല്ക്കൂട്ടാണെന്നും കോടിയേരി പറഞ്ഞു.

    ReplyDelete
  2. ഇതുകൂടി ചേർക്കുന്നു.

    എന്.ഐ.എയുടേത് അന്വേഷണമല്ല ചുറ്റിക്കളിയെന്നു മന്ത്രി കോടിയേരി
    http://mangalam.com/index.php?page=detail&nid=317167&lang=malayalam
    തിരുവനന്തപുരം: കേരളത്തില് നിന്നും ഏറ്റെടുത്ത തീവ്രവാദ കേസുകളില് എന്.ഐ.എയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്. ഐ.ജിയല്ല ഡി.ജി.പിയായാലും കുറ്റം ചെയ്താല് രക്ഷപ്പെടില്ല. ആക്ഷേപവിധേയനായ വ്യക്തിയെ സംരക്ഷിക്കേണ്ട ബാധ്യത സര്ക്കാരിനില്ല. ഒരുദ്യോഗസ്ഥനും തങ്ങള്ക്ക് അനിവാര്യനല്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില് ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്ഥന ചര്ച്ചയ്ക്കു മറുപടി പറയുകയായിരുന്നു കോടിയേരി. മാറാട് കേസ് അന്വേഷിക്കാന് സംസ്ഥാന പോലീസില് പ്രത്യേക സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

    ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലില് മലയാളികളായ തീവ്രവാദികള് കൊല്ലപ്പെട്ട കേസ് ഏറ്റെടുത്തിട്ട് ഒരുപടിപോലും എന്.ഐ.എ. മുന്നോട്ടുപോയിട്ടില്ല. രാജ്യാന്തരമാനങ്ങളുള്ള ഈ കേസില് ആ വഴിക്കുള്ള അന്വേഷണം നടത്താതെ എന്.ഐ.എ. കളമശേരിയിലും എറണാകുളത്തും ചുറ്റിക്കളിക്കുകയാണ്. മുംബൈയില് വിദേശത്തുനിന്നു വന്നു നടത്തിയ ആക്രമണക്കേസുപോലും എന്.ഐ.എ. ഏറ്റെടുത്തിട്ടില്ല. ഇവിടത്തെ ഏതുകേസും ഏറ്റെടുക്കുന്നതിലും ഒരു വിഷമവുമില്ല. അതു ശരിയായ ദിശയില് അന്വേഷിച്ചു തീവ്രവാദത്തിന്റെ വേരറുക്കണമെന്നാണു സര്ക്കാരിന്റെ നിലപാട്.

    തച്ചങ്കരിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസ്ഥാന സര്ക്കാരിന് അന്വേഷിക്കാനാവില്ല. അതു വിദേശത്താണു നടന്നത്. ഇപ്പോള്ത്തന്നെ തച്ചങ്കരി സസ്പെന്ഷനിലുമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കത്തുകിട്ടിയ ഉടന്തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി കേന്ദ്രസര്ക്കാരിനോടാവശ്യപ്പെട്ടത്. ഈ കേസുകള് ഏത് ഏജന്സി അന്വേഷിച്ചാലും സര്ക്കാര് പിന്തുണ നല്കും. തച്ചങ്കരിയെ സഹായിച്ചത് യു.ഡി.എഫ് സര്ക്കാരാണ്. വിജിലന്സ് അന്വേഷണം നേരിടുകയായിരുന്ന അദ്ദേഹത്തിന് ഐ.ജിയായി സ്ഥാനക്കയറ്റം നല്കിയത് യു.ഡി. എഫ.് ആണെന്നും കോടിയേരി കുറ്റപ്പെടുത്തി.

    മാറാട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഈ സര്ക്കാര് നിരവധി തവണ ആവശ്യപ്പെട്ടതാണ്. അത് ഇതുവരെ അംഗീകരിക്കാന് കേന്ദ്രസര്ക്കാര് കൂട്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തില് സംസ്ഥാന പോലീസില് തന്നെ പ്രത്യേക സംഘമുണ്ടാക്കി മാറാട് കേസില് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

    ReplyDelete
  3. പേര് മുഹമ്മദായതിനാല് കമന്റിടാന് പേടി. പല കേസുകളിലും പ്രതികളെച്ചേര്ക്കാനുള്ളതാ ഇനിയും.

    :)

    ReplyDelete
  4. നിയമങ്ങളും വ്യവസ്ഥകളും ഭരിക്കുന്നവര്‍ പറയുന്ന തരത്തില്‍ ഭാഗിച്ചു കൊടുക്കുമ്പോള്‍ മാനുഷിക മൂല്യങ്ങളുടെ നേര്‍ക്കാണ് ഏജന്‍സികള്‍ കത്തി വെക്കുന്നത് .
    ഭീഗരവാദികള്‍ എന്ന് പറഞ്ഞു ഡല്‍ഹിപോലീസ്‌ വെടിവെച്ചു കൊന്നവരുടെ കുടുംബങ്ങള്‍ ഇപ്പോള്‍ അന്യായം മാത്രം പറയുന്ന കോടതികളിലാണ്

    ReplyDelete
  5. കേരള പോലീസ് നസീറിനെ വച്ചു കളിക്കുന്ന കളി കണാന്‍ നല്ല ചേല്‍ അല്ലേ കൂപ്പേ.

    ReplyDelete