2010-07-16

മുല്ലപ്പള്ളിയോഹം ദുരൂഹതയോഹം



ഭീകരത, പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ്‌ ഇന്റലിജന്‍സിന്റെ (ഐ എസ്‌ ഐ) സാന്നിധ്യം എന്നിവ സംബന്ധിച്ച വലിയ അഭ്യൂഹങ്ങള്‍ ഒരിക്കല്‍ കൂടി കേരളീയ സമൂഹത്തെ മൂടി നില്‍ക്കുന്ന അന്തരീക്ഷം വീണ്ടും സംജാതമായിരിക്കുന്നു. മുമ്പ്‌ നാല്‌ മലയാളി യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടപ്പോഴും അന്യ സമുദായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി മതം മാറ്റിക്കുകയോ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്യുന്ന `ലൗ ജിഹാദ്‌' എന്ന സംഘടിത സമ്പ്രദായം നിലനില്‍ക്കുന്നുവെന്ന അഭ്യൂഹം പരത്തപ്പെട്ടപ്പോഴും ഉള്ളതിന്‌ സമാനമായ അവസ്ഥ. 


ദൈവനിന്ദ ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെട്ട അധ്യാപകന്റെ കൈ വെട്ടിയത്‌, നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്‌ ട്യൂബുകള്‍ അറുത്തത്‌, വഞ്ചിനാട്‌ എക്‌സ്‌പ്രസില്‍ നിന്നും കണ്ണൂരിലെ ബസ്സില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയത്‌ എന്നിവയാണ്‌ ഈ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ പ്രേരകമായത്‌. അധ്യാപകന്റെ കൈവെട്ടിയതിന്‌ അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തകരാണ്‌. ഗൂഢാലോചന നടത്തിയവരും പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരാണെന്ന്‌ പോലീസ്‌ പറയുന്നു. ഈ സംഘടന ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ പദ്ധതിയാണോ അതോ സംഘടനയിലെ ഏതാനും പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌തതാണോ എന്ന്‌ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. പോലീസ്‌ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ സമര്‍പ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അതെല്ലാം അറിയാനാവൂ.

പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയും അതിന്റെ പൂര്‍വരൂപമായ നാഷനല്‍ ഡെമോക്രാറ്റിക്‌ ഫ്രണ്ടും സംസ്ഥാനത്ത്‌ വിവിധയിടങ്ങളില്‍ രാഷ്‌ട്രീയവും അല്ലാത്തതുമായ സംഘട്ടനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. അവര്‍ക്ക്‌ വിദേശത്തു നിന്നും മറ്റും വന്‍ തോതില്‍ പണം ലഭിക്കുന്നുണ്ടെന്ന ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതും നടപടിയെടുക്കേണ്ടതും സംസ്ഥാന, കേന്ദ്ര ഏജന്‍സികളാണ്‌. വഞ്ചിനാട്‌ എക്‌സ്‌പ്രസില്‍ നിന്നും കണ്ണൂരിലെ ബസ്സില്‍ നിന്നും കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കളെക്കുറിച്ചുള്ള അന്വേഷണം നമ്മുടെ നാട്ടിലെ പതിവനുസരിച്ചാണെങ്കില്‍ എവിടെയും എത്താന്‍ ഇടയില്ല. മുമ്പ്‌ കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ ജലാറ്റിന്‍ സ്റ്റിക്കുകളുടെ കൂട്ടം കണ്ടെടുത്തതു പോലുള്ള കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയില്ല എന്നത്‌ ഓര്‍ക്കുക. 


ഭീകര സംഘടനകളുടെ പ്രവര്‍ത്തനമായതുകൊണ്ടല്ല ഈ കേസുകളില്‍ ഭൂരിഭാഗവും തെളിയാത്തത്‌. കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കായ ക്വാറികളില്‍ അധികൃതവും അനധികൃതവുമായി നടക്കുന്ന പാറ പൊട്ടിക്കലുമായാണ്‌ ഇത്തരം സ്‌ഫോടക വസ്‌തുക്കളില്‍ ഭൂരിഭാഗത്തിനും പങ്കുള്ളത്‌. ക്വാറിയുടമകള്‍ സമ്പന്നരും സ്വാധീനമുള്ളവരുമായതിനാലാണ്‌ അന്വേഷണം ഇഴയുകയും പിന്നീട്‌ മുടങ്ങുകയും ചെയ്യുന്നത്‌. പക്ഷേ, ഇത്തരത്തില്‍ അന്വേഷണങ്ങള്‍ മുടങ്ങുമ്പോള്‍ ഈ സ്‌ഫോടക വസ്‌തുക്കളെല്ലാം ഭീകര പ്രവര്‍ത്തനത്തിന്റെ മേല്‍വിലാസത്തില്‍ ചാര്‍ത്തപ്പെടുന്നുണ്ട്‌.

നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ചിട്ട സംഭവമാണ്‌ ഈ ഗണത്തില്‍ ഏറെ ഗൗരവമേറിയ ഒന്നായി ഗണിക്കേണ്ടത്‌. പൈപ്പുകള്‍ മുറിച്ചിട്ടതറിയാതെ ട്രെയിന്‍ യാത്ര പുറപ്പെട്ടിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ദുരന്തം എത്ര വലുതാവുമായിരുന്നു. അത്രയും വലിയൊരു ദുരന്തം സൃഷ്‌ടിക്കണമെന്ന്‌ ചിലര്‍ പദ്ധതിയിട്ടുവെന്ന്‌ ധരിക്കണം. എന്നാല്‍ ഈ സംഭവത്തെ നമ്മള്‍ വേണ്ടത്ര ഗൗരവത്തോടെ സമീപിച്ചിട്ടുണ്ടോ എന്നതിലാണ്‌ സംശയം. അന്വേഷണം ആരംഭിച്ച കേരള പോലീസ്‌ പൈപ്പ്‌ മുറിക്കാനുപയോഗിച്ച കത്തിയുടെ സ്റ്റിക്കര്‍ കണ്ടെടുത്തുവെന്നും അത്‌ എറണാകുളത്തെ കടയിലേതാണെന്ന്‌ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനപ്പുറം യാതൊന്നും പുറത്തുവന്നിട്ടില്ല. എല്ലായ്‌പ്പോഴും ഉണ്ടാവാറുള്ളതുപോലെ രാഷ്‌ട്രീയ പോരിന്‌ തുടക്കമാവുകയും ചെയ്‌തിരിക്കുന്നു. പ്രശ്‌നങ്ങളില്‍ നിഷ്‌പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടത്തി വസ്‌തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനേക്കാള്‍ താത്‌പര്യം വെള്ളം പരമാവധി കലക്കുക എന്നതിലാണ്‌ എന്ന്‌ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്‌ നമ്മുടെ നേതാക്കള്‍.

ഇത്തവണ അതില്‍ മുഖ്യ സ്ഥാനത്ത്‌ രാഷ്‌ട്രീയത്തില്‍ പക്വതയുള്ള നേതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുകയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ ഇപ്പോള്‍ പിടിപ്പത്‌ പണിയുണ്ട്‌. രണ്ട്‌ സംസ്ഥാനങ്ങളില്‍ ഏറെക്കുറെ പൂര്‍ണമായും നാല്‌ സംസ്ഥാനങ്ങളില്‍ പലേടത്തും മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിച്ചിരിക്കുന്നു. ജമ്മു കാശ്‌മീര്‍ സംഘര്‍ഷഭരിതമാണ്‌. കുടുംബത്തിന്റെ മാനം കാക്കാനെന്ന പേരില്‍ ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളിലും കൊലകള്‍ നടക്കുന്നു. ഇത്‌ തടയാന്‍ എന്ത്‌ ചെയ്യണമെന്ന ആലോചന തകൃതിയാണ്‌. നിയമ മന്ത്രാലയത്തിനൊപ്പം ആഭ്യന്തര മന്ത്രാലയത്തിനും ഇതില്‍ പ്രധാന വേഷമുണ്ട്‌. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ പോവുകയാണ്‌. അതിനുള്ള തയ്യാറെടുപ്പുകള്‍ മന്ത്രാലയം നടത്തേണ്ടതുമുണ്ട്‌. ഇതിനിടയിലാണ്‌ ആഭ്യന്തര സഹമന്ത്രി കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പരസ്‌പരവിരുദ്ധവും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയങ്ങള്‍ക്ക്‌ ഭിന്നവുമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്‌.

നിലമ്പൂര്‍ സംഭവം നാഷനല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാല്‍ അത്‌ പരിഗണിക്കാമെന്ന്‌ കോഴിക്കോട്ട്‌ പറഞ്ഞ മന്ത്രി മൂന്ന്‌ മണിക്കൂര്‍ സഞ്ചരിച്ച്‌ പാലക്കാട്ടെത്തിയപ്പോള്‍ ഭീകര, തീവ്രവാദികളുമായി ഉപാധികളൊന്നും കൂടാതെ ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ പറഞ്ഞു. മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക്‌ ഉപാധിയുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി പി ചിദംബരം പലകുറി പറഞ്ഞതാണ്‌. ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറാവുമെന്ന്‌ കരുതുന്നത്‌ വിഡ്‌ഢിത്തമാണ്‌. എന്നിട്ടും നമ്മുടെ മന്ത്രി ഉപാധികളില്ലാത്ത ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ പ്രസ്‌താവന നടത്തുന്നതിന്റെ പൊരുളെന്ത്‌? 


ഇതേ മന്ത്രി ഏറെക്കുറെ ഒരു മാസം മുമ്പ്‌ തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനം വിളിച്ച്‌ പറഞ്ഞത്‌ കേരളത്തില്‍ ഐ എസ്‌ ഐയുടെ പ്രവര്‍ത്തനമുണ്ടെന്നാണ്‌. ഐ എസ്‌ ഐയുടെ പ്രവര്‍ത്തനം വ്യാപകമാണെന്ന്‌ കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിയേക്കാള്‍ മുതിര്‍ന്ന ആര്യാടന്‍ മുഹമ്മദ്‌ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നൊന്നും പ്രഖ്യാപിക്കാന്‍ ഈ സഹമന്ത്രി തയ്യാറല്ല. നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പ്‌ മുറിച്ച സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‌ ചൊടിക്കുകയുംചെയ്‌തു. സംസ്ഥാന പോലീസ്‌ കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഇപ്പോള്‍ എന്‍ ഐ എയെക്കൊണ്ട്‌ അന്വേഷിപ്പിക്കണെമന്ന്‌ പറയുന്നതില്‍ ദുരൂഹതയുണ്ടെന്നുമാണ്‌ അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവന.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തപ്പോള്‍ തര്‍ക്കങ്ങളുയര്‍ന്നിരുന്നു. കേരള സര്‍ക്കാറിനെ അറിയിക്കാതെയാണ്‌ അന്വേഷണം ഏറ്റെടുത്തതെന്ന്‌ സംസ്ഥാന ആഭ്യന്തരമന്ത്രി പരാതിപ്പെട്ടു. അറിയിച്ചിട്ടുണ്ടെന്നും ഇനി വേണ്ടിവന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ അന്വേഷണം ഏറ്റെടുക്കാന്‍ നിയമപ്രകാരം എന്‍ ഐ എക്ക്‌ അധികാരമുണ്ടെന്നും അന്ന്‌ പി ചിദംബരം മറുപടി നല്‍കി. വര്‍ഷങ്ങള്‍ പഴകിയ കേസ്‌ എന്‍ ഐ എ ഏറ്റെടുക്കുന്നതില്‍ വലിയ പ്രശ്‌നമൊന്നും മുല്ലപ്പള്ളിക്ക്‌ തോന്നിയില്ല. അതിനേക്കാള്‍ ഗൗരവമേറിയതാണ്‌ നിലമ്പൂരിലെ സംഭവമെന്ന്‌ മനസ്സിലാക്കാന്‍ ഏറെ ദിവസം ചോറുണ്ണേണ്ടതുമില്ല. ഏതെങ്കിലും പ്രത്യേക കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന്‌ തോന്നിയാല്‍ അത്‌ ആവശ്യപ്പെടാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിനുണ്ടുതാനും. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്‍ ഐ എ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ അതില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ ദുരൂഹത കാണുന്നുണ്ടെങ്കില്‍ അതിന്‌ വലിയ അര്‍ഥങ്ങള്‍ കല്‍പ്പിക്കേണ്ടിവരും. ദുരൂഹത എന്താണെന്ന്‌ വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിന്‌ തന്നെയാണ്‌.

എന്‍ ഐ എയുടെ ചില നടപടികളെങ്കിലും ഇതിനകം വിമര്‍ശവിധേയമായിട്ടുണ്ട്‌. ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ച്‌ കൊന്ന ഇശ്‌റത്‌ ജഹാന്‍ ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകയായിരുന്നുവെന്ന്‌ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി പറഞ്ഞുവെന്ന വാര്‍ത്ത ആസൂത്രിതമായി ചോര്‍ത്തപ്പെട്ടതാണെന്ന്‌ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്‌. കളമശ്ശേരി ബസ്‌ കത്തിക്കല്‍, കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനം തുടങ്ങിയ കേസുകള്‍ ഏറ്റെടുക്കാന്‍ താത്‌പര്യം കാട്ടിയ എന്‍ ഐ എയെ ഗുജറാത്തില്‍ ഇതുവരെ ഏറ്റെടുത്തത്‌ ഒരു കേസ്‌ മാത്രമാണ്‌. ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കേരളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത സംസ്ഥാനമാണ്‌ ഗുജറാത്ത്‌. ഇതിനകം കേരളത്തില്‍ ഏറ്റെടുത്ത കേസുകളില്‍ പറയത്തക്ക പുരോഗതി അവര്‍ ഉണ്ടാക്കിയിട്ടുണ്ട്‌ എന്നും പറയാനാവില്ല. 


കേരള പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ എന്‍ ഐ എ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന ഡല്‍ഹിയിലെ പോലീസ്‌ സ്റ്റേഷനില്‍ റീ രജിസ്റ്റര്‍ ചെയ്‌തത്‌ മാത്രം എടുത്ത്‌ പറയാം. ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ കേസിലെ അന്വേഷണം എന്‍ ഐ എ ഏല്‍പ്പിക്കുന്നത്‌ ഗുണകരമാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തില്‍ ദുരൂഹത കല്‍പ്പിക്കുന്നതെങ്കില്‍ അത്‌ വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ എന്‍ ഐ എയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കേണ്ടത്‌ ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്‌. അതല്ല ഇപ്പോഴുള്ള സവിശേഷമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കില്‍ അത്‌ ആഭ്യന്തര സഹമന്ത്രി എന്ന വലിയ സ്ഥാനത്തിരിക്കുമ്പോള്‍ യോജ്യമല്ല. കേരളത്തിലാകെ ഐ എസ്‌ ഐയാണ്‌ എന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്‌താവനക്കുള്ള വിലയല്ല, ആഭ്യന്തര സഹമന്ത്രിയുടെ വാക്കുകള്‍ക്ക്‌.

വസ്‌തുതകള്‍ പുറത്തുകൊണ്ടുവരാനാണ്‌ ശ്രമമുണ്ടാവേണ്ടത്‌. അതില്ലാതാവുമ്പോഴാണ്‌ അഭ്യൂഹങ്ങള്‍ ഉണ്ടാവുന്നത്‌, അത്‌ പ്രചരിപ്പിക്കാന്‍ തത്‌പരകക്ഷികള്‍ രംഗത്തിറങ്ങുന്നത്‌. അവരുടെ വാക്കുകള്‍ക്ക്‌ പൊടിപ്പും തൊങ്ങലും നല്‍കാന്‍ എഴുത്താളന്‍മാരുണ്ടാവുന്നത്‌. അഭ്യൂഹവും ഭീതിയും പരത്തി സംശയത്തിന്റെ നിഴലുകള്‍ സൃഷ്‌ടിക്കാന്‍ പാകത്തില്‍ പഴുതുകളുണ്ടാക്കിക്കൊടുക്കാന്‍ ഇവിടെ ആളുകള്‍ക്ക്‌ പഞ്ഞവുമില്ല. അതിന്‌ ഒരു ആഭ്യന്തര സഹമന്ത്രിയുടെ സേവനം കൂടി വേണ്ടതുണ്ടോ?

6 comments:

  1. പണ്ട് ഇതുപോലെ വേണ്ടതിനും വേണ്ടാത്തതിനും കേറി പിടിക്കാന്‍ കോണ്ഗ്രസില്‍ വേറെ ഒരാളുണ്ടായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍.
    പുള്ളി ഒരു പെണ്ണിനേയും കൊണ്ട് കൂട്ടില്‍ കയറി. ഈ മുല്ലപ്പള്ളി തന്റെ സ്ഥാനം മറക്കുന്നു ,വിലയും തലയും മറന്ന ഓരോ സംസാരങ്ങള്‍

    ReplyDelete
  2. എല്ലാ കാലത്തും ഇങ്ങനെയുള്ള കുറെ മന്ത്രിമാരുടെ ശല്യം ഉണ്ടാവാറുണ്ട്.പണ്ട് അഫ്ഗാനിസ്ഥാനിലേക്ക് തട്ടി കൊണ്ട്പോയ വിമാനം വിടണമെങ്കില്‍ അബ്ദുള്‍ നാസര്‍ മദനിയെയും കൂടി വിട്ടയയക്കണം എന്ന് നട്ടാല് മുളക്കാത്ത മുഴുത്ത നുണ കാച്ചി നടന്ന ഗാന്ധിയനായ സമ്മ്ഘപരിവാറുകാരന്‍ കേന്ദ്ര മന്ത്രിയെ ഓഒര്‍മയില്ലേ. ഇത് അതിന്റെ വേറൊരു പതിപ്പാണ്.

    ReplyDelete
  3. എവിടെയെങ്കിലും പടക്കം പൊട്ടുബ്ബോഴേക്കും അതില്‍ മുസ്ളിം 'ഭീകരത' ദര്‍ശിക്കുന്ന 'മുഖ്യധാര'ക്കാര്‍ ഇപ്പോള്‍ ഉള്‍പേജുകളില്‍ ആരാലും ശ്രദ്ദിക്കാതെയാണെങ്കിലും ഭീകരത എന്ന് കൊടുക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്‌.
    ആര്‍ എസ്‌ എസിനും സ്ഫോടനത്തില്‍ പങ്ക്‌


    ആര്‍ എസ്‌ എസ്‌ സി ബി ഐയുമായി സഹകരിക്കില്ല.


    വാര്‍ത്ത പുറത്തുവിട്ട ചാനലുകള്‍ ആര്‍ എസ്‌ എസ്‌ അടിച്ചു തകര്‍ത്തു

    ഉപരാഷ്ട്രപതിയെ-വധിക്കാന്‍-ഹിന്ദുത്വ-ഗൂഢാലോചന

    ReplyDelete
  4. നിലബ്ബൂരില്‍ ട്രയിനിണ്റ്റെ ബ്രേക്ക്‌ പൈപ്പ്‌ മുറിച്ചതുമായി ബന്ധപെട്ട്‌ നമ്മളില്‍ കൌതുകവും ഒപ്പം ഭയവും ഉണര്‍ത്തുന്ന വാര്‍ത്തയാണിത്‌. സത്യമെങ്കില്‍ കള്ളന്‍ കപ്പലിലൊ?!

    ട്രെയിന്‍ അട്ടിമറിശ്രമം: ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തതായി സൂചന

    ReplyDelete
  5. ഏതെങ്കിലും പയ്യന്‍സിന്റെ പേര് എം എല്‍ എ പറയും എന്ന് കരുതി പോയതായിരിക്കും.

    (എന്റെ ഒരു അനുമാനം)
    ഷൌക്കത്താണെങ്കില്‍ അടുത്ത പടം ‘ ബോഗി രണ്ട് ,ഒരു വിലാപം’ എന്ന് പടത്തിനു വേണ്ടിയുള്ള തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. അതില്‍ അലിഗഡില്‍ പഠിക്കുന്ന റഷീദ് എന്ന് പേരുള്ള പയ്യന്‍സ് ഭീകരവാദം മൂത്ത് നിലമ്പൂരില്‍ എത്തി അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന് കരുതി ട്രെയിന്‍ ബ്രെക്ക് പൈപ് മുറിക്കുന്നതായിരിക്കും കഥ.പയ്യന്‍സിനെ നന്നാക്കിയെട്റ്റുക്കാന്‍ ഗുജറാത്തിലെ ജയിലില്‍ അയച്ച് വികസനം എന്ന കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ച് പഞ്ച പാവം ആയി തിരിച്ചു വരുന്നതായിരിക്കും കഥ. അടുത്ത തിരക്കഥക്ക് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാം.

    ReplyDelete