2010-08-26

ആരുടെ ബാധ്യത?



ഭൂതകാലത്തിന്റെ തടവുകാരായി നമുക്ക്‌ തുടരാന്‍ സാധിക്കില്ല'' - പാര്‍ലിമെന്റിലെ കോണ്‍ഗ്രസ്‌ അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി പറയുന്നു. ഭൂതകാലത്തെ ഏതൊക്കെ സംഭവങ്ങളുടെ തടവുകാരായാണ്‌ കോണ്‍ഗ്രസും രാജ്യവും തുടരുന്നത്‌ എന്ന്‌ സോണിയ വിശദീകരിച്ചില്ല. ഭോപ്പാലിനെക്കുറിച്ച്‌ മാത്രം പറഞ്ഞു. വാതകച്ചോര്‍ച്ചയുടെ ഇരകള്‍ക്ക്‌ നീതി ലഭ്യമാക്കുന്നതില്‍ തുടര്‍ച്ചയായി വന്ന സര്‍ക്കാറുകള്‍ പരാജയപ്പെട്ടുവെന്നും അത്‌ ആദ്യം തുറന്നു പറഞ്ഞത്‌ താനാണെന്നും ഓര്‍മിപ്പിച്ച സോണിയ അവര്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ്‌ ഭൂതകാലത്തിന്റെ തടവുകാരായി തുടരാന്‍ സാധിക്കില്ലെന്ന്‌ പ്രഖ്യാപിക്കുന്നത്‌. 


ഭൂതകാലത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ വേട്ടയാടുന്ന കാര്യങ്ങള്‍ നിരവധിയാണ്‌. ജമ്മു കാശ്‌മീര്‍, അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളുടെ പേരുകള്‍ ഭൂതകാല ചെയ്‌തികളുടെ ബാക്കിയായി ഇപ്പോഴുമുണ്ട്‌. സിഖ്‌ വംശഹത്യ മുതല്‍ മാവോയിസ്റ്റ്‌ ഭീഷണിവരെ നീളുന്നതെല്ലാം ഈ പട്ടികയില്‍ വരും. ബൊഫോഴ്‌സ്‌ പോലുള്ള കോഴകളും ഇതേ പട്ടികയിലാണ്‌. ബാബരി മസ്‌ജിദിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ച ഗോവിന്ദ്‌ വല്ലഭ്‌ പന്ത്‌ മുതല്‍ ആരാധനക്കും കര്‍സേവക്കും തുറന്നുകൊടുത്ത രാജീവ്‌ ഗാന്ധി വരെയും പള്ളി തകര്‍ക്കാന്‍ എല്ലാ സഹായവും ചെയ്‌തുകൊടുത്ത നരസിംഹ റാവുവരെയും ഭൂതകാലം നീളും. ഈ ഭൂതകാലങ്ങളെല്ലാം ഏറിയും കുറഞ്ഞും ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്‌. അതുകൊണ്ട്‌ ഭൂതകാലത്തിന്റെ തടവില്‍ നിന്ന്‌ സോണിയക്കും കൂട്ടര്‍ക്കും എളുപ്പത്തില്‍ മോചനമുണ്ടാവുക അസാധ്യമാണ്‌.

എങ്കിലും മോചനം നേടിയേ ഒക്കൂ എന്ന വാശി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്കുണ്ടാവുക സ്വാഭാവികം. 1984 - 89 കാലത്ത്‌ എ ബി ബൊഫോഴ്‌സ്‌ കമ്പനിയില്‍ നിന്ന്‌ ഹൊവിറ്റ്‌സര്‍ തോക്ക്‌ വാങ്ങിയതിലാണ്‌ കോടികള്‍ കോഴ വാങ്ങിയതായി ആരോപണമുണ്ടായത്‌. അന്ന്‌ തൊട്ടിന്നൊളം വന്‍ തോക്കുകള്‍ ഇന്ത്യന്‍ കരസേനക്ക്‌ വാങ്ങാനായിട്ടില്ല. കാരണം കരാര്‍ വിളിച്ചാല്‍ ആദ്യമെത്തുന്ന കമ്പനികളിലൊന്ന്‌ ബൊഫോഴ്‌സോ അതിനെ പിന്നീട്‌ ഏറ്റെടുത്ത അമേരിക്കന്‍ കമ്പനിയായ ബി എ ഇ സിസ്റ്റംസോ ആണ്‌. ഇവരെ മറികടന്ന്‌ മറ്റൊരാളെ കരാറേല്‍പ്പിക്കുക അസാധ്യം. ഭൂതകാലത്തെ കോഴ ആരോപണം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ വിശ്വസിച്ച്‌ കരാറേല്‍പ്പിക്കാന്‍ ഇപ്പോള്‍ പ്രതിരോധ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന എ കെ ആന്റണി അറക്കും. ഭൂതകാലത്തിന്റെ തടവില്‍ കഴിയുകയാണ്‌ എ കെ ആന്റണി പോലും. തടവില്‍ നിന്നുള്ള മോചനത്തിന്റെ ആവശ്യകത കോണ്‍ഗ്രസ്‌ അധ്യക്ഷക്ക്‌ ബോധ്യപ്പെടാന്‍ ഇതിലപ്പുറം കാര്യം വേണ്ടതില്ല.

ഭോപ്പാലെന്ന പ്രേതത്തിന്റെ തടവില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പുതിയ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ പാര്‍ലിമെന്റംഗങ്ങളോട്‌ ആവശ്യപ്പെട്ട സമയം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. അമേരിക്കയുമായി മന്‍മോഹന്‍ സിംഗുണ്ടാക്കിയ സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്‌ അനിവാര്യമായ ആണവ ബാധ്യതാ ബില്ല്‌ പാസ്സാക്കാന്‍ ശ്രമിക്കുന്ന സമയം. ആണവ അപകടങ്ങളുണ്ടായാല്‍ അതിന്റെ ബാധ്യത ആര്‍ക്കായിരിക്കണം എന്ന്‌ നിയമപരമായി നിര്‍വചിക്കുകയാണ്‌ ബില്ല്‌. ആണവ കരാറിന്റെ ഭാഗമായി റിയാക്‌ടറുകളോ ആണവ സാമഗ്രികളോ വിതരണം ചെയ്യുന്ന വിദേശ കമ്പനികളെ ബാധ്യതയില്‍ നിന്ന്‌ ഒഴിവാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യമെന്ന ആരോപണം നേരത്തെ തന്നെയുണ്ട്‌. ബില്ലിന്റെ കരട്‌ രൂപം ഈ ആരോപണം ശരിവെക്കുന്നതുമാണ്‌. പാര്‍ലിമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും പാര്‍ലിമെന്ററി സമിതിയുടെ പഠനത്തിന്‌ വിടുകയും ചെയ്‌ത ബില്ല്‌ സമിതിയുടെ ശിപാര്‍ശ കൂടി പരിഗണിച്ച്‌ മാറ്റം വരുത്തി കൊണ്ടുവരികയാണ്‌. ഇത്‌ കോണ്‍ഗ്രസിന്‌ ഒറ്റക്കോ യു പി എ എന്ന സഖ്യമായോ പാസ്സാക്കിയെടുക്കാന്‍ സാധിക്കില്ല. രാജ്യസഭയില്‍ യു പി എക്ക്‌ ഭൂരിപക്ഷമില്ലാത്തതാണ്‌ പ്രശ്‌നം.

ആണവ കരാറിലൊപ്പിടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായി (ഐ ഇ എ ഇ) സുരക്ഷാ മാനദണ്ഡ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഒന്നാം യു പി എ സര്‍ക്കാറിനെ അനുവദിക്കരുതായിരുന്നുവെന്നാണ്‌ സി പി എം ഇപ്പോള്‍ വിലയിരുത്തിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ആണവ ബാധ്യതാ ബില്ലിന്‌ സി പി എമ്മിന്റെയോ മറ്റ്‌ ഇടതു പാര്‍ട്ടികളുടെയോ പിന്തുണ കോണ്‍ഗ്രസ്‌ നേതൃത്വം പ്രതീക്ഷിക്കുന്നില്ല. പിന്നെ പിന്തുണക്കാന്‍ സാധ്യതയുള്ളത്‌ ബി ജെ പിയാണ്‌. അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടത്‌ എ ബി വാജ്‌പയ്‌ പ്രധാനമന്ത്രിയായിരുന്ന ബി ജെ പി സര്‍ക്കാറായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയുമായുള്ള കരാര്‍ അവരുടെ കൂടി രാഷ്‌ട്രീയ ആഗ്രഹമാണ്‌. ബാധ്യതാ ബില്ലിനെ ബി ജെ പി തുണക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്‌. കരട്‌ ബില്ലിലെ ഒന്നോ രണ്ടോ വാക്കുകളുടെ കാര്യത്തില്‍ മാത്രമേ അവര്‍ക്ക്‌ തര്‍ക്കമുണ്ടായിരുന്നുള്ളൂ. 


ചില വാക്കുകളുടെ കാര്യം ഉന്നയിച്ച്‌ ബി ജെ പി എതിര്‍പ്പ്‌ നിലനിര്‍ത്തുന്നത്‌ എന്തുകൊണ്ടാണ്‌? കരാറിനോടുള്ള എതിര്‍പ്പല്ല കാരണം. ബാധ്യതാ ബില്ല്‌ അംഗീകരിക്കപ്പെടുന്നതോടെ രക്ഷപ്പെടുന്ന വിദേശ കമ്പനികളെക്കുറിച്ചുമല്ല അവരുടെ ചിന്ത. മറിച്ച്‌ `രാജ്യസ്‌നേഹ'ത്തിന്റെയും `ദേശീയത'യുടെയും കപട വക്താക്കളായി തുടരണമെങ്കില്‍ പ്രത്യക്ഷത്തില്‍ ചില എതിര്‍പ്പുകള്‍ ഉന്നയിക്കേണ്ടതുണ്ട്‌. ആ നാടകം ഭംഗിയായി അഭിനയിച്ചു തീര്‍ക്കുകയാണ്‌ രാജീവ്‌ പ്രതാപ്‌ റൂഡിയും സുഷമ സ്വരാജുമൊക്കെ ചെയ്‌തത്‌.
ആണവ അപകടമുണ്ടായാല്‍ പരമാവധി നല്‍കേണ്ട നഷ്‌ടപരിഹാരത്തുക 1,500 കോടി രൂപയായി ഉയര്‍ത്താന്‍ സാധിച്ചുവെന്നതാണ്‌ ബി ജെ പി മുന്നോട്ടുവെക്കുന്ന പ്രധാന വാദം. ഇവിടെ ഭൂതകാലം പരിഗണിക്കേണ്ടിവരും. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയുടെ ആഘാതം പരിഹരിക്കാന്‍ 25 കൊല്ലത്തിനിടെ എത്ര കോടി രൂപ ചെലവഴിച്ചു കാണും. 1,500 കോടിയില്‍ അധികം വരുമെന്ന്‌ ഉറപ്പ്‌. എന്നിട്ട്‌ ഏതുവരെ എത്തി. ഒന്നുമായിട്ടില്ലെന്ന്‌ സമ്മതിക്കുന്നത്‌ സോണിയാ ഗാന്ധിയും പി ചിദംബരവുമൊക്കെ തന്നെയാണ്‌. 



വാതകച്ചോര്‍ച്ചയേക്കാള്‍ ഭീകരമാണ്‌ ആണവ അപകടത്തെക്കുറിച്ചുള്ള ഓര്‍മ പോലും. അപകടമുണ്ടാവുന്ന സമയത്തുള്ള നാശനഷ്‌ടം മാത്രം പരിഗണിച്ചാല്‍ പോരാ. തുടര്‍ന്ന്‌ ഏത്ര ദശകം ആണവ വികിരണം അപകടം സൃഷ്‌ടിക്കുമെന്ന്‌ കൂടി കണക്കാക്കണം. മാനവ രാശിയെ മാത്രമല്ല, പ്രകൃതിയിലെ സര്‍വ ചരാചരങ്ങളെയും അത്‌ ബാധിക്കുകയും ചെയ്യും. എന്നിട്ടും അപകടമുണ്ടായാല്‍ നല്‍കേണ്ട പരമാവധി നഷ്‌ടപരിഹാരത്തുക 1,500 കോടിയായി നിജപ്പെടുത്തുന്നതിന്റെ പൊരുള്‍ എന്താണ്‌? ഭൂതകാലത്തിന്റെ തടവില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ ബില്ലിന്‌ വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസുകാരനും അഞ്ഞൂറില്‍ നിന്ന്‌ 1,500ലേക്ക്‌ ഉയര്‍ത്താന്‍ സാധിച്ചുവെന്ന്‌ ആശ്വസിക്കുന്ന `രാജ്യസ്‌നേഹി'കളായ ബി ജെ പിക്കാരനും ആരെയാണ്‌ രക്ഷിക്കുന്നത്‌?

നവംബറില്‍ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ആണവ കരാര്‍ പ്രാബല്യത്തിലാക്കുക! പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും പരസ്യമായും എല്‍ കെ അഡ്വാനിയും സുഷമ സ്വരാജും രഹസ്യമായും സൂക്ഷിക്കുന്ന ആഗ്രഹം ഇതാണ്‌. അതിനു ശേഷം ആദ്യം ഇന്ത്യയിലേക്ക്‌ എത്തുന്നത്‌ അമേരിക്കന്‍ കമ്പനികളായ ജനറല്‍ ഇലക്‌ട്രിക്കല്‍സും വെസ്റ്റിംഗ്‌ഹൗസുമാണ്‌. ഇവര്‍ക്ക്‌ റിയാക്‌ടറുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടുകഴിഞ്ഞു. ഈ കമ്പനികള്‍ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുന്നത്‌ ഓണക്കോടി പോലെ പുതുപുത്തന്‍ സംവിധാനങ്ങളൊന്നുമല്ല, ഇതിനകം ഈ കമ്പനികള്‍ അമേരിക്കയില്‍ സ്ഥാപിച്ച്‌ ഉപയോഗിച്ച്‌ ഉപേക്ഷിച്ച റിയാക്‌ടറുകളാണ്‌. ഇവ വിറ്റൊഴിഞ്ഞാലേ പുതിയ സംവിധാനങ്ങള്‍ അമേരിക്കയില്‍ സ്ഥാപിക്കാന്‍ ജി ഇക്കും വെസ്റ്റിംഗ്‌ഹൗസിനും സാധിക്കൂ. അത്തരത്തില്‍ കൊണ്ടുവരുന്ന ഉപകരണങ്ങള്‍ അപകടം വിതക്കാന്‍ സാധ്യത ഏറെയാണ്‌. എന്നിട്ടും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ജി ഇയെയും വെസ്റ്റിംഗ്‌ഹൗസിനെയും ഒഴിവാക്കി നിര്‍ത്തുന്നതിന്‌ വേണ്ടിയാണ്‌ ഇപ്പോഴത്തെ തര്‍ക്കം. 


ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിവാക്കി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ ഊര്‍ജ രംഗത്ത്‌ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ തയ്യാറാവില്ലെന്ന വാദം ശക്തമാണ്‌. ഏത്‌ ഉത്തരവാദിത്വം ഒഴിവാക്കി നല്‍കിയാലും നിക്ഷേപത്തെ ആകര്‍ഷിക്കാതിരിക്കാന്‍ മന്‍മോഹന്‍ സിംഗ്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്‌ സാധിക്കില്ല. ഇവിടേക്ക്‌ നിക്ഷേപം വരുമ്പോള്‍ മാത്രമേ അമേരിക്കയിലെയോ ഫ്രാന്‍സിലെയോ റഷ്യയിലെയോ കമ്പനികള്‍ക്ക്‌ കൂടുതല്‍ വാണിജ്യ സാധ്യതകളുണ്ടാവൂ. അവര്‍ കൂടുതല്‍ പുരോഗമിക്കേണ്ടത്‌ നമ്മുടെ ആവശ്യമാണല്ലോ? അപ്പോള്‍ പിന്നെ ഭൂതകാലത്തിന്റെ തടവുകാരായി തുടരുന്നതില്‍ അര്‍ഥമില്ല തന്നെ.
യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ നിന്ന്‌ വാതകം ചോര്‍ന്നതിന്റെ പേരില്‍ കോര്‍പ്പറേഷനോ അതിനെ പിന്നീട്‌ ഏറ്റെടുത്ത ഡൗ കെമിക്കല്‍സിനോ നമ്മള്‍ ഉപരോധം ഏര്‍പ്പെടുത്താതിരുന്നത്‌ അതുകൊണ്ടാണ്‌. ഭോപ്പാലിലെ പ്ലാന്റില്‍ ഇപ്പോഴും ശേഷിക്കുന്ന വിഷ മാലിന്യം നീക്കേണ്ടതിന്റെ ഉത്തരവാദിത്വം ഡൗവിനുണ്ടെന്ന്‌ പറയാതിരിക്കുന്നതും അതുകൊണ്ടാണ്‌. 



അങ്ങനെ ഭൂതകാലത്തിന്റെ തടവില്‍ നിന്ന്‌ രക്ഷപ്പെടുന്ന പ്രക്രിയ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്‌. അതിന്‌ വേഗം പോരെന്നാണ്‌ സോണിയാ ഗാന്ധി ഓര്‍മിപ്പിക്കുന്നത്‌. ഭാവിയില്‍ ഒരു അപകടമുണ്ടായാല്‍ അത്‌ അപ്പോള്‍ നോക്കാം. ഭോപ്പാലില്‍ അപകടമുണ്ടായിട്ട്‌ വേണ്ടതൊന്നും ചെയ്‌തില്ല എന്ന പഴങ്കഥ വീണ്ടും വീണ്ടും പറഞ്ഞ്‌ സാധ്യതകള്‍ ഇല്ലാതാക്കുന്നത്‌ മണ്ടത്തരമാവും. `വന്‍മരം വീണപ്പോള്‍ കൂടെ ഒടുങ്ങിയവരു'ടെ കാര്യത്തില്‍ പിന്നീട്‌ മാപ്പ്‌ ചോദിച്ചിട്ടുണ്ട്‌. അതിലപ്പുറം എന്താണ്‌ ചെയ്യാനാവൂക? നീറുന്ന വേദനയും തുടരുന്ന അവഗണനയും സഹിയാതെ വീണ്ടും ആരെങ്കിലും തീവ്ര ചിന്തകളിലേക്ക്‌ തിരിഞ്ഞാല്‍ അത്‌ നോക്കാന്‍ ഇവിടെ മറ്റ്‌ നിയമങ്ങളുമുണ്ട്‌. അതുകൊണ്ട്‌ ഭൂതകാലത്തിന്റെ തടവുകാരാവേണ്ട ആവശ്യം നമുക്കില്ല തന്നെ.

ദുരന്തമുണ്ടാക്കാന്‍ കരുതിക്കൂട്ടി ആരെങ്കിലും എന്തെങ്കിലും ചെയ്‌താല്‍ അവരില്‍ നിന്ന്‌ നിശ്ചയമായും നഷ്‌ടപരിഹാരം ഈടാക്കണം. അതിനുള്ള വ്യവസ്ഥ ആണവ ബാധ്യതാ ബില്ലിലുണ്ട്‌. പൊതുവെ മാന്യന്‍മാരും നമ്മേക്കാള്‍ സംസ്‌കാര ചിത്തരുമായ അമേരിക്കക്കാര്‍ അങ്ങനെ മനഃപൂര്‍വം ദുരന്തം സൃഷ്‌ടിക്കാന്‍ ശ്രമിക്കില്ല തന്നെ. അഥവാ അങ്ങനെ ശ്രമിച്ചാല്‍ തന്നെ വാറന്‍ ആന്‍ഡേഴ്‌സണിന്റെയും മറ്റും കാര്യത്തിലുണ്ടായതുപോലുള്ള മഹാമനസ്‌കത കാണിക്കാന്‍ നമുക്ക്‌ അറിയുകയും ചെയ്യാം. ബൊഫോഴ്‌സ്‌ ഇടനിലക്കാരനെന്ന്‌ ആരോപിക്കപ്പെടുന്ന ഒട്ടാവിയോ ക്വത്‌റോച്ചിയെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുന്നിലെത്തിക്കാന്‍ കിട്ടിയ അവസരങ്ങള്‍ ഒഴിവാക്കിയതുപോലുള്ള മെയ്‌വഴക്കം കുറവല്ല താനും. അതുകൊണ്ടുതന്നെ അവസരങ്ങള്‍ ഉപയോഗിക്കുകയാണ്‌ വേണ്ടത്‌. അത്‌ ഉപയോഗിക്കാന്‍ മടിക്കുന്നവന്‍ നല്ല കലാകാരനല്ല. അവന്‌ പുരോഗതി ഉണ്ടാവുകയില്ല. അവന്‍ ഭൂതകാലത്തിന്റെ തടവുകാരനായി തുടരുക തന്നെ ചെയ്യും.

1 comment:

  1. ഭൂതകാലത്തിന്റെ തടവില്‍ കഴിയുകയാണ്‌ എ കെ ആന്റണി പോലും.
    സത്യത്തില്‍ കോണ്ഗ്രസിന്റെ കുഴപ്പം ഇതായിരുന്നു അവര്‍ വര്‍ത്തമാനകാലത്തിന്റെ വെളിച്ചത്തിലേക്ക് വരുന്നില്ല

    ReplyDelete