2010-09-16

ജാതിക്കണക്കിലെ കെണികള്‍



അനന്ത പപ്പനാവന്റെ നാല്‌ ചക്രം കിട്ടുന്നതിന്റെ അന്തസ്സ്‌... രാജ ഭരണത്തിന്‍ കീഴില്‍ ഒരു ജോലി തരാവുന്നതിനെ പരാമര്‍ശിച്ച്‌ പഴയ തിരുവിതാംകൂറില്‍ നടപ്പുണ്ടായിരുന്നതും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷവും തിരുവനന്തപുരത്തെ പഴമക്കാര്‍ പറയുന്നതുമായ ചൊല്ലാണിത്‌. പത്‌മനാഭ സ്വാമിയുടെ ദാസന്‍മാരായി സ്വയം പ്രഖ്യാപിച്ച തിരുവിതാംകൂര്‍ രാജ കുടുംബത്തോടുള്ള നിസ്സീമമായ വിധേയത്വം പ്രകടമാണ്‌ ഈ വാക്കുകളില്‍. പക്ഷേ, തൊഴില്‍ സുരക്ഷിതത്വം, അധികാര ശ്രേണിയുടെ കീഴ്‌ത്തലക്കലെങ്കിലും ലഭിക്കുന്ന ഇടം പ്രദാനം ചെയ്യുന്ന സാമൂഹിക അന്തസ്സ്‌ എന്നിവ ഇതില്‍ അന്തര്‍ലീനമായുണ്ട്‌. 


തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാലത്ത്‌ തമിഴ്‌ ബ്രാഹ്‌മണന്‍മാര്‍ക്കായിരുന്നു അധികാര ശ്രേണിയില്‍ ഇടം കിട്ടിയിരുന്നത്‌. ഇവര്‍ക്കൊപ്പം മലയാളികള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം അവകാശപ്പെട്ടാണ്‌ മലയാളി മെമ്മോറിയല്‍ എന്ന പ്രസ്ഥാനം രൂപപ്പെട്ടത്‌. മലയാളി മെമ്മോറിയലിന്‌ ശേഷം നായന്‍മാര്‍ക്കും സുറിയാനി ക്രിസ്‌ത്യാനികള്‍ക്കും അധികാര സ്ഥാനങ്ങളില്‍ പങ്കാളിത്തം ലഭിച്ചു. ഇതോടെ ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയലുണ്ടായി. ഈഴവരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. വിവിധ വിഭാഗങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കണമെന്ന ചിന്താഗതിക്ക്‌ നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന്‌ ചുരുക്കം.

ഈ ചിന്താഗതിയുടെ തുടര്‍ച്ചയായാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന എഴുതിത്തയ്യാറാക്കിയപ്പോള്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം അനുവദിക്കണമെന്ന്‌ നിര്‍ദേശിച്ചത്‌. ഇന്ന്‌ കാണുന്ന സംവരണ സംവിധാനമെല്ലാം അതിനെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധേയവും വിവാദവുമായത്‌ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ `മറ്റ്‌ പിന്നാക്ക വിഭാഗങ്ങള്‍'ക്ക്‌ 27 ശതമാനം സംവരണം അനുവദിച്ചതായിരുന്നു. 


രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റും വിധത്തിലുള്ള ആഘാതം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സൃഷ്‌ടിക്കുകയും ചെയ്‌തു. 1977ല്‍ രാജ്യത്താദ്യമായി അധികാരത്തിലേറിയ കോണ്‍ഗ്രസേതര സര്‍ക്കാറാണ്‌ പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതി പഠിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്‌. 1980ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെങ്കിലും അത്‌ നടപ്പാക്കാന്‍ ഇന്ദിരാ ഗാന്ധിയുടെയും രാജീവ്‌ ഗാന്ധിയുടെയും നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറുകള്‍ തയ്യാറായില്ല. 1989ല്‍ അധികാരത്തിലേറിയ വി പി സിംഗ്‌ സര്‍ക്കാറാണ്‌, പുറത്തു നിന്ന്‌ പിന്തുണച്ചിരുന്ന ബി ജെ പിയുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ തീരുമാനിച്ചത്‌. 1993ലാണ്‌ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പൂര്‍ണമായും പ്രാബല്യത്തിലായത്‌. അന്നു മുതല്‍ 2008 ജനുവരി ഒന്നുവരെയുള്ള 15 വര്‍ഷത്തെ നിയമന കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

15 വര്‍ഷം 27 ശതമാനം സംവരണം നല്‍കിയ ശേഷവും കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലുള്ള പിന്നാക്ക വിഭാഗക്കാരുടെ എണ്ണം ശരാശരി 6.87 ശതമാനം മാത്രമാണ്‌. ഇതില്‍ തന്നെ ഗ്രൂപ്പ്‌ `എ'യില്‍പെടുന്ന തസ്‌തികകളുടെ കണക്ക്‌ കൂടുതല്‍ ശ്രദ്ധേയമാണ്‌. ഗ്രൂപ്പ്‌ എ എന്നാല്‍ നേരിട്ട്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ഏറ്റവും ഉയര്‍ന്ന തസ്‌തിക. 15 വര്‍ഷത്തിനിടെ 91,881 പേരെയാണ്‌ ഈ തസ്‌തികയില്‍ നിയമിച്ചത്‌. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ 5,031 പേര്‍ മാത്രം, 27 ശതമാനം സംവരണമനുസരിച്ചായിരുന്നുവെങ്കില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ലഭിക്കേണ്ടത്‌ 24,800ഓളം തസ്‌തികകളാണ്‌. വലിയ അന്തരം എന്തുകൊണ്ട്‌ എന്ന ചോദ്യം പ്രസക്തമാണ്‌. ഒന്നുകില്‍ ഉയര്‍ന്ന തസ്‌തകയിലേക്ക്‌ വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ള പിന്നാക്ക വിഭാഗക്കാര്‍ വേണ്ടത്ര ഇല്ലാതിരുന്നതാവണം. അല്ലെങ്കില്‍ സംവരണം ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടതാവണം. രണ്ടായാലും പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്ന്‌ സാരം.

ഈ സാഹചര്യത്തില്‍ വേണം ജാതി അടിസ്ഥാനത്തില്‍ ജനസംഖ്യാ കണക്കെടുപ്പ്‌ നടത്തണമെന്ന ആവശ്യത്തെ കാണാന്‍. അത്‌ അംഗീകരിക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും പ്രകടിപ്പിച്ച എതിര്‍പ്പിനെ വിലയിരുത്താന്‍. സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങിയാണെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജാതി സെന്‍സസ്‌ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അത്‌ ഇപ്പോള്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനൊപ്പമാവില്ല, മറിച്ച്‌ പ്രത്യേകമായാവും നടക്കുക. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെയുള്ള കാലത്ത്‌. പതിനൊന്ന്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാനേഷുമാരിക്കൊപ്പം ജാതി സംബന്ധമായ കണക്കെടുപ്പ്‌ നടക്കുന്നുണ്ട്‌. പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളുടെത്‌ മാത്രം. അതിനൊപ്പം മറ്റ്‌ പിന്നാക്ക വിഭാഗങ്ങളുടെയും സവര്‍ണ വിഭാഗങ്ങളുടെയും കണക്ക്‌ കൂടി എടുക്കുക എന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ നടപടിക്രമം. അതിന്‌ വേണ്ടിയാണ്‌ പ്രത്യേകം കണക്കെടുപ്പ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. 


സാമ്പ്രദായികമായ സെന്‍സസിന്റെ നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്‌. അതിന്റെ അന്തിമ ഘട്ടം അടുത്ത ഫെബ്രുവരിയിലാണ്‌ നടക്കുക. അതിനൊപ്പം ജാതിക്കണക്ക്‌ കൂടി ശേഖരിക്കാന്‍ ബുദ്ധിമുട്ട്‌ എന്താണ്‌ എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്തിന്‌ പ്രത്യേകം കണക്കെടുപ്പ്‌ എന്ന വിശദീകരണവും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ പിന്നാക്ക വിഭാഗങ്ങളുടെ കണക്കെടുപ്പ്‌ കഴിയുന്നത്ര വൈകിപ്പിക്കുക എന്നതിലപ്പുറം ലക്ഷ്യമൊന്നും കേന്ദ്ര സര്‍ക്കാറിനുണ്ടെന്ന്‌ കരുതാനാവില്ല.

സാമ്പ്രദായിക സെന്‍സസില്‍ നിന്ന്‌ ലഭിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ വേര്‍തിരിച്ച്‌ വ്യക്തമായ തിട്ടപ്പെടുത്തലുകള്‍ക്ക്‌ ചുരുങ്ങിയത്‌ രണ്ട്‌ വര്‍ഷമെങ്കിലും വേണ്ടിവരും. അതിന്‌ ശേഷം നടക്കുന്ന ജാതി സെന്‍സസിന്റെ വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും പിന്നെയുമെടുക്കും. അതായത്‌ അഞ്ച്‌ വര്‍ഷത്തേക്കെങ്കിലും ജാതി സെന്‍സസില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാവില്ല എന്ന്‌ ചുരുക്കം. അത്രയും കാലത്തേക്ക്‌ തലവേദന മാറ്റിവെക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. സാമ്പ്രദായിക സെന്‍സസിനൊപ്പം ഈ കണക്കെടുപ്പ്‌ നടത്തിയാല്‍ മൂന്ന്‌ വര്‍ഷത്തിനകം കണക്കുകള്‍ ലഭിക്കാന്‍ ഇടയുണ്ട്‌. അതായത്‌ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌. തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ഇത്തരം കണക്കുകള്‍ പുറത്തുവന്നാല്‍ ഉണ്ടാവാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വം മുന്‍കൂട്ടി കാണുന്നു. 


ഇപ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന 27 ശതമാനം സംവരണം 1931ല്‍ നടന്ന ജാതി സെന്‍സസിലെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ആ കണക്കില്‍ നിന്ന്‌ കാതലായ വ്യത്യാസമുണ്ടാവാന്‍ സാധ്യത ഏറെയും. പിന്നാക്ക വിഭാഗങ്ങളുടെ എണ്ണം കൃത്യമായി നിര്‍ണയിക്കപ്പെടുകയും ഇത്രയും കാലം ലഭ്യമാവാതിരുന്ന പ്രാതിനിധ്യത്തിന്റെ പേരില്‍ അവര്‍ ആര്‍ക്കെങ്കിലും നേര്‍ക്കൊക്കെ വിരല്‍ ചൂണ്ടുകയും ചെയ്‌താല്‍, രാഷ്‌ട്രീയ ചരിത്രത്തില്‍ മറ്റൊരു വലിയ മാറ്റത്തിന്റെ നാന്ദിയാവും അത്‌. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പ്രാതിനിധ്യത്തിന്‌ വേണ്ടി മാത്രമാവില്ല മുറവിളിയുണ്ടാവുക. നിയമ നിര്‍മാണ സഭകളിലെ അര്‍ഹിക്കുന്ന പ്രാതിനിധ്യത്തിനു കൂടിയാവും. അതിനോട്‌ മുഖം തിരിച്ച്‌ നില്‍ക്കാന്‍ സാധിക്കുകയുമില്ല. ജാതി സെന്‍സസ്‌ പരമാവധി നീട്ടിക്കൊണ്ടുപോവുക എന്നതല്ലാതെ മറ്റു മാര്‍ഗമൊന്നും കോണ്‍ഗ്രസിന്‌ മുന്നിലില്ലതന്നെ.

തൊണ്ണൂറായിരത്തിലേറെ എ ഗ്രേഡ്‌ തസ്‌തികകളില്‍ 15 വര്‍ഷത്തിനിടെ നിയമനം നടത്തിയപ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ആകെ ലഭിച്ചത്‌ അയ്യായിരത്തില്‍ ചില്ലറ മാത്രം. പതിനേഴ്‌ ശതമാനമാണ്‌ പട്ടിക ജാതിക്കാര്‍ക്ക്‌ ലഭിച്ച സംവരണം. പട്ടിക വര്‍ഗക്കാര്‍ക്ക്‌ 6.83 ശതമാനവും. രണ്ടും കൂട്ടിയാല്‍ 21,600 അവസരങ്ങള്‍. സംവരണ വിഭാഗങ്ങള്‍ക്ക്‌ ആകെ ലഭിച്ചത്‌ 26,000ത്തോളം അവസരം മാത്രം. അതായത്‌ 64,000 സ്ഥാനങ്ങളും ലഭിച്ചത്‌ മുന്നാക്ക വിഭാഗങ്ങള്‍ക്കാണ്‌. പുതിയ കണക്കെടുപ്പില്‍ പിന്നാക്ക വിഭാഗങ്ങള്‍ ആകെ ജനസംഖ്യയുടെ 40 ശതമാനമാണെന്നാണ്‌ കണ്ടെത്തുന്നതെങ്കില്‍! 27 ശതമാനം സംവരണം പോലും കൃത്യമായി ലഭ്യമാക്കിയിട്ടില്ല എന്ന്‌ കൂടി തിരിച്ചറിയുന്ന ആ വിഭാഗത്തിന്റെ രാഷ്‌ട്രീയമായ പ്രതികരണം എന്തായിരിക്കും?

ജാതി സെന്‍സസ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പാര്‍ലിമെന്റിനകത്തും പുറത്തും പ്രക്ഷോഭം നയിച്ച ലാലു പ്രസാദ്‌ യാദവ്‌, മുലായം സിംഗ്‌ യാദവ്‌, ശരദ്‌ യാദവ്‌ തുടങ്ങിയ നേതാക്കളെല്ലാം പുതിയ കണക്കുകള്‍ രാഷ്‌ട്രീയത്തില്‍ തങ്ങള്‍ക്ക്‌ എങ്ങനെ ഗുണകരമാക്കാം എന്ന്‌ തന്നെയാണു ആലോചിക്കുന്നത്‌. ലക്ഷ്യം അതാണെങ്കിലും അവരുടെ ശ്രമങ്ങള്‍ സാമൂഹികമായ മാറ്റങ്ങള്‍ക്ക്‌ തുടക്കമിടുമെന്ന്‌ നിസ്സംശയം പറയാം. 1977ലെ ജനതാ പരിവാറിന്റെയും 1989ലെ ജനതാദളിന്റെയും ഭാഗമായിരുന്നു ഇവരെല്ലാം. ഇപ്പോള്‍ വേറിട്ടാണ്‌ നില്‍പ്പ്‌, സവര്‍ണ ഹൈന്ദവതയുടെ തോളില്‍ ശരത്‌ യാദവ്‌ കൈയിട്ടിട്ടുമുണ്ട്‌. പക്ഷേ, സാമൂഹിക നീതിയില്‍ അധിഷ്‌ഠിതമായ രാഷ്‌ട്രീയത്തിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ഇവര്‍ക്കൊക്കെ സാധിക്കും. അത്‌ സാധിക്കാത്തത്‌ കോണ്‍ഗ്രസിനാണ്‌. 


1977വരെ തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക അന്തസ്സ്‌ ഉയര്‍ത്തുന്നതിന്‌ നടപടികള്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ച്‌ അവര്‍ ആലോചിച്ചു പോലുമില്ല. ജനതാ സര്‍ക്കാറിന്‌ ശേഷമുള്ള ഒമ്പത്‌ വര്‍ഷം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിവെക്കുകയും ചെയ്‌തു. ഇപ്പോള്‍ 2007ല്‍ കൈമാറിയ രംഗനാഥ്‌ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അടയിരിക്കുന്നു. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ (ഭാഷാ ന്യൂനപക്ഷങ്ങളടക്കം) 15 ശതമാനം സംവരണമാണ്‌ മിശ്ര കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌. അധികാര ശ്രേണിയുടെ വിവിധ തലങ്ങളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പല രീതിയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്‌ രാജ്യത്തിന്‌. അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്‌ തീവ്രവാദം മുതല്‍ വിഘടനവാദം വരെയുള്ളവ തഴക്കുന്നത്‌. അര്‍ഹിക്കുന്നത്‌ ലഭിക്കാതിരിക്കുകയും സ്വന്തമായുള്ളത്‌ പോലും നഷ്‌ടമാവുന്ന അവസ്ഥ സംജാതമാവുകയും ചെയ്‌തപ്പോഴാണ്‌ മാവോയിസ്റ്റുകള്‍ സ്വാധീനം ശക്തമാക്കിയത്‌. 


ഇവയെ എല്ലാം നേരിടാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്‌ സര്‍ക്കാര്‍. എന്നിട്ടും നിയമം മൂലം നിശ്ചയിക്കപ്പെട്ട സംവരണം അര്‍ഹിക്കുന്ന വിഭാഗത്തിന്‌ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇവര്‍ ജാതി സെന്‍സസ്‌ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അത്‌ഭുതവുമില്ല. ഭരണഘടനയുടെ ആമുഖത്തില്‍ ഹൈന്ദവ, കുത്തക, ഉപഗ്രഹ രാജ്യം എന്ന്‌ തിരുത്തി എഴുതണമെന്ന അരുന്ധതി റോയിയുടെ അഭിപ്രായം വിശാലമായ ആശയപ്രപഞ്ചമാണ്‌ തുറന്നിടുന്നത്‌.

2 comments:

  1. പൊലീസ് സേനാ തലപ്പത്ത് ദലിത്-മുസ്ലിം പ്രാതിനിധ്യം നാമമാത്രം
    Saturday, September 11, 2010
    http://www.madhyamam.com/story/100131
    കൊച്ചി: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് ദലിത്-മുസ്ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യം നാമമാത്രമായെന്ന് പൊലീസിന്റെ തന്നെ കണക്കുകള് പറയുന്നു. നിര്ണായക തീരുമാനങ്ങളെടുക്കുന്ന ഡി.ജി.പി-എ.ഡി.ജി.പി തസ്തികകളില് പേരിനുപോലും പിന്നാക്ക പ്രാതിനിധ്യമില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് ഭാട്യ വിഭാഗത്തില്പ്പെട്ട ഒരു എ.ഡി.ജി.പി (കെ.എസ്. ജംഗ്പാംഗി) ഉണ്ടെന്നതാണ് പട്ടികവര്ഗ വിഭാഗത്തിന്റെ അല്പപ്രാതിനിധ്യം. വിവരാവകാശ നിയമമനുസരിച്ച് അഡ്വ. ഡി.ബി. ബിനു നല്കിയ അപേക്ഷക്ക് ആഗസ്റ്റ് 30ന് പൊലീസ് ആസ്ഥാനത്തുനിന്ന് നല്കിയ മറുപടിയിലാണ് പൊലീസ് സേനയുടെ തലപ്പത്ത് പാര്ശ്വവത്കൃത വിഭാഗത്തിനും ന്യൂനപക്ഷ വിഭാഗത്തിനും നാമമാത്ര പ്രാതിനിധ്യമാണുള്ളതെന്ന് വ്യക്തമാക്കുന്നത്. ഡി.ജി.പി റാങ്കിലുള്ളവരില് ഒരാള് വിശ്വകര്മ വിഭാഗത്തില്നിന്നും രണ്ടുപേര് ഈഴവ വിഭാഗത്തില്നിന്നുമുള്ളവരാണ്. എ.ഡി.ജി.പി തസ്തികയിലും ഒരു ഈഴവ പ്രാതിനിധ്യമുണ്ട്- ടി.പി. സെന്കുമാര്.
    എസ്.പി റാങ്കിന് മുകളില് തൃശൂര് ഐ.ജി ബി.എസ്. മുഹമ്മദ് യാസീന് മാത്രമാണ് ഏക മുസ്ലിം . ഐ.ജി, ഡി.ഐ.ജി തസ്തികകളില് പട്ടികജാതി വിഭാഗത്തെക്കാള് ഏറെ താഴെയാണ് മുസ്ലിം പ്രാതിനിധ്യം. എസ്.സി വിഭാഗത്തില്നിന്ന് അഞ്ച് ഐ.ജിമാരുള്ളപ്പോള് ഈ തസ്തികയില് ഒരു മുസ്ലിം മാത്രം. പട്ടികവര്ഗ വിഭാഗത്തില് (എസ്.ടി) നിന്ന് ആരും ഐ.ജി തസ്തികയില് ഇല്ല. പട്ടികജാതി വിഭാഗത്തില്നിന്ന് രണ്ടുപേരും പട്ടികവര്ഗ വിഭാഗത്തില്നിന്ന് ഒരാളും ഡി.ഐ.ജി തസ്തികയിലുണ്ട്. ഈ വിഭാഗത്തിലും മുസ്ലിം പ്രാതിനിധ്യമില്ല.
    ഐ.പി.എസ് റാങ്ക് എസ്.പി, എ.എസ്.പി തസ്തികകളിലും പിന്നാക്ക പ്രാതിനിധ്യം നാമമാത്രമായി മാറിയിരിക്കുകയാണ്. ഐ.പി.എസുള്ള എസ്.പിമാരില് എസ്.ടി വിഭാഗത്തില്നിന്ന് അഞ്ചുപേരും എസ്.സി വിഭാഗത്തില്നിന്ന് എട്ടുപേരുമുണ്ടെന്ന് രേഖ വ്യക്തമാക്കുന്നു. ഈ വിഭാഗത്തിലെ മുസ്ലിംകള് രണ്ട് മാത്രം.
    താഴെ തസ്തികകളിലെ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ലിസ്റ്റ് നല്കിയിട്ടുണ്ടെങ്കിലും എത്ര മുസ്ലിം ഉദ്യോഗസ്ഥരുണ്ടെന്ന വിശദാംശങ്ങള് ലഭ്യമാക്കിയിട്ടില്ല. ഉദ്യോഗസ്ഥരുടെ മതം തിരിച്ചുള്ള കണക്ക് പൊലീസ് ആസ്ഥാനത്ത് ലഭ്യമല്ലെന്നും പ്രസ്തുത വിശദാംശങ്ങള് അതത് യൂനിറ്റ് മേധാവികള് സൂക്ഷിക്കുന്ന സര്വീസ് ബുക്കുകളിലാണുള്ളതെന്നുമാണ് വിശദീകരണം. ഇതനുസരിച്ച്, ഡിവൈ.എസ്.പി, എ.സി.പി, അസി. കമീഷണര് തസ്തികകളില് എസ്.സി വിഭാഗത്തില്നിന്ന് 60 പേരും എസ്.ടി വിഭാഗത്തില്നിന്ന് അഞ്ചു പേരുമാണ് സേനയിലുള്ളത്. എസ്.സി വിഭാഗക്കാരായ 36 സി.ഐമാരും എസ്.ടി വിഭാഗക്കാരായ എട്ട് സി.ഐമാരും സേനയിലുണ്ട്. ഈ വിഭാഗങ്ങളില്നിന്ന് ഡിറ്റക്ടീവ് ഇന്സ്പെക്ടര്മാരായി യഥാക്രമം എട്ടും നാലും പേര് വീതം ജോലി ചെയ്യുന്നു.
    നോണ് ഗസറ്റഡ് വിഭാഗത്തിലും സ്ഥിതി വ്യത്യസ്തമല്ല. ലോക്കല് പൊലീസില് എസ്.സി വിഭാഗത്തില്നിന്ന് 185 സബ് ഇന്സ്പെക്ടര്മാരും എസ്.ടി വിഭാഗത്തില്നിന്ന് 25 സബ് ഇന്സ്പെക്ടര്മാരുമാണുള്ളത്. പൊലീസിന്റെ വ്യത്യസ്ത ശാഖകളിലായി എസ്.സി വിഭാഗത്തില്നിന്ന് 103 പേരും എസ്.ടി വിഭാഗത്തില്നിന്ന് ആറ് പേരും സബ് ഇന്സ്പെക്ടര്മാരായുണ്ട്. എസ്.സി വിഭാഗത്തില്നിന്ന് ലോക്കല് പൊലീസില് 115 എ.എസ്.ഐമാരുണ്ട്. എസ്.ടി വിഭാഗത്തില്നിന്ന് 14 പേരും. പൊലീസിന്റെ മറ്റ് ബ്രാഞ്ചുകളില് എസ്.സി വിഭാഗത്തില് 58 പേരും എസ്.ടി വിഭാഗത്തിനിന്ന് രണ്ടുപേരും എ.എസ്.ഐമാരായി സേവനമനുഷ്ഠിക്കുന്നു. ഹെഡ്കോണ്സ്റ്റബിള്, കോണ്സ്റ്റബിള് തസ്തികകളില് എസ്.സി, എസ്.ടി പ്രാതിനിധ്യം ഇങ്ങനെ:
    എച്ച്.സി (ലോക്കല്): എസ്.സി-643, എസ്.ടി-33.
    എച്ച്.സി (എ.ആര്): എസ്.സി-116, എസ്.ടി-15.
    കോണ്സ്റ്റബിള് (ലോക്കല്): എസ്.സി-1235. എസ്.ടി -226.
    കോണ്സ്റ്റബിള് (എ.ആര്): എസ്.സി-572. എസ്.ടി -129.
    പല കേസുകളിലും ചില പൊലീസുദ്യോഗസ്ഥര് ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്ക്കെതിരെ അപസര്പ്പകകഥകള് പ്രചരിപ്പിക്കുന്നതായി പരാതി ഉയര്ന്നിരുന്നു. ഈ സാഹചര്യത്തില് പൊലീസ് സേനയിലെ ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം നാമമാത്രമാണെന്ന വെളിപ്പെടുത്തല് പ്രാധാന്യമര്ഹിക്കുന്നു.

    ReplyDelete
  2. ഇനിയിപ്പം തേജസ്സിന്റെ തുട്ട്, മാധ്യമത്തിന്റെ തുട്ട് എന്നൊക്കെ പറയേണ്ട ഗതിയിലായി അല്ലേ...

    ReplyDelete