2011-02-17

ഗോാാാള്‍...



സെല്‍ഫ്‌ ഗോളുകള്‍... ഒന്നിനുപിറകെ ഒന്ന്‌. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വാര്‍ത്താ സമ്മേളനം (ദൃശ്യ മാധ്യമ പ്രതിനിധികള്‍ക്ക്‌ മാത്രം) വിളിച്ച്‌ തന്റെ പേരിലും കുറിച്ചു സെല്‍ഫ്‌ ഗോള്‍. ഇനി ഈ പട്ടികയിലേക്ക്‌ ആരാണ്‌ എന്നത്‌ കാത്തിരിക്കുകയാണ്‌. നാല്‌ ചുറ്റും അഴിമതി ആരോപണങ്ങള്‍ ഉയരുകയും സംയുക്ത പാര്‍ലിമെന്ററി സമിതിയെ നിയോഗിക്കാതെ പാര്‍ലിമെന്റ്‌ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷം ഭീഷണി മുഴക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി ദൃശ്യ മാധ്യമ പ്രവര്‍ത്തകരോട്‌ മാത്രമായി സംസാരിക്കാന്‍ തീരുമാനിച്ചത്‌. 


രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലേലം ചെയ്‌ത്‌ നല്‍കാന്‍ താന്‍, മന്ത്രിയായിരുന്ന രാജയോട്‌ നിര്‍ദേശിച്ചിരുന്നുവെന്നും ട്രായും (ടെലികോം റെഗുലേറ്ററി അതോറിറ്റിയും) ടെലികോം കമ്മീഷനും ലേലം അനുവദിക്കില്ലെന്ന മറുപടിയാണ്‌ നല്‍കിയതെന്നും പ്രധാനമന്ത്രി ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞു. അക്കാലത്ത്‌ നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ നയം അനുസരിച്ച്‌ ലൈസന്‍സ്‌ വിതരണം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ തന്നെ ആരോപണ വിധേയനായ എ രാജയെ രണ്ടാം യു പി എ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്‌ ഡി എം കെയുടെ സമ്മര്‍ദഫലമായാണ്‌. കൂട്ടുകക്ഷി സര്‍ക്കാറാവുമ്പോള്‍ ഓരോ ഘടകകക്ഷിയുടെയും മന്ത്രിസഭയിലെ പ്രതിനിധിയെ നിശ്ചയിക്കുക അതാത്‌ കക്ഷിയാണ്‌. അതനുസരിച്ച്‌ ഡി എം കെയുടെ സമ്മര്‍ദത്തിന്‌ വഴങ്ങി രാജയെ ഉള്‍പ്പെടുത്തി. വകുപ്പ്‌ ടെലികോം തന്നെ നല്‍കിയതോ? വകുപ്പ്‌ വിഭജനം പ്രധാനമന്ത്രിയുടെ മാത്രം അധികാര പരിധിയില്‍ വരുന്നതാണെന്നാണ്‌ സങ്കല്‍പ്പം. രാജക്ക്‌ ടെലികോം വകുപ്പ്‌ തന്നെ വേണമെന്ന ഡി എം കെയുടെ സമ്മര്‍ദത്തിനും താന്‍ വഴങ്ങിയെന്നാണ്‌ പ്രധാനമന്ത്രി ഇപ്പോള്‍ സമ്മതിക്കുന്നത്‌.

2008ല്‍ ടെലികോം ലൈസന്‍സ്‌ ലഭിച്ച ചില കമ്പനികള്‍ ഉടന്‍ തന്നെ വിദേശ കമ്പനികള്‍ക്ക്‌ ഓഹരി വിറ്റതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ അതില്‍ അപാകമുണ്ടെന്ന്‌ അന്ന്‌ തോന്നിയിരുന്നില്ലെന്നാണ്‌ പ്രധാനമന്ത്രിയുടെ മറുപടി. ലൈസന്‍സ്‌ ലഭിച്ച കമ്പനികള്‍ക്ക്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ധാരാളം പണം വേണ്ടതുണ്ട്‌. അത്‌ സമാഹരിക്കുന്നതിന്‌ വേണ്ടി ഓഹരി വിറ്റിട്ടുണ്ടാവുമെന്നാണ്‌ കരുതിയത്‌. അപ്പോള്‍ ലൈസന്‍സ്‌ ലഭിച്ച കമ്പനികളില്‍ ചിലതെങ്കിലും വേണ്ടത്ര സാമ്പത്തിക ഭദ്രതയില്ലാത്തവയായിരുന്നുവെന്ന്‌ പ്രധാനമന്ത്രി സമ്മതിക്കുന്നു. പണം സമാഹരിക്കാന്‍ വേണ്ടി മാത്രം ഓഹരി വിറ്റുവെന്ന്‌ കരുതി എന്ന്‌ പറയുന്നത്‌ മറ്റാരാണെങ്കിലും നമുക്ക്‌ വിശ്വാസത്തിലെടുക്കാം. 


സാമ്പത്തിക രംഗത്തെ ആശാനാണ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌. ഓഹരി വിറ്റഴിക്കുന്നതിന്റെ കാര്യത്തില്‍ അതിവിദഗ്‌ധനും. എന്നിട്ടും രണ്ടാം തലമുറ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ ലഭിച്ച കമ്പനികള്‍ ധനസമാഹരണം മാത്രം ലക്ഷ്യമിട്ട്‌ ഓഹരികള്‍ വിറ്റഴിച്ചുവെന്ന്‌ കരുതി അദ്ദേഹം സമാധാനപൂര്‍വം കിടന്നുറങ്ങിയെന്ന്‌ വിശ്വസിക്കാനാകുമോ? യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പലകുറി തോളില്‍ത്തട്ടി അഭിനന്ദിച്ച സാമ്പത്തികബുദ്ധി ഇത്രത്തോളമേയുള്ളൂ? കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മര്‍ദത്തിന്‌ വശംവദനായി മന്ത്രിസഭാംഗത്തിന്റെ തെറ്റായ പ്രവര്‍ത്തനത്തെ തടയാന്‍ കഴിഞ്ഞില്ലെന്ന ആരോപണം ഇതോടെ ശക്തമാവും. ലൈസന്‍സ്‌ സമ്പാദിച്ചതിന്റെ പിറ്റേന്ന്‌ ഓഹരികള്‍ വിറ്റ്‌ വലിയ ലാഭം കൊയ്യാന്‍ വിവിധ സ്ഥാപനങ്ങള്‍ക്ക്‌ സൗകര്യമൊരുക്കിക്കൊടുത്ത ധനവിദഗ്‌ധനെന്ന പേരും മന്‍മോഹന്‌ ഇതോടെ പ്രാപ്‌തമാവും. മന്‍മോഹന്‍ സ്‌കോര്‍ ചെയ്യുന്ന സെല്‍ഫ്‌ ഗോളിന്‌ സ്വന്തം മേഖലയുടെ സ്‌പര്‍ശമുണ്ടാകുക എന്നത്‌ കാവ്യനീതി മാത്രം.

സെല്‍ഫ്‌ ഗോളുകളുടെ പരമ്പര ആരംഭിച്ചത്‌ ഇങ്ങ്‌ തെക്കേ അറ്റത്ത്‌ കേരളത്തില്‍ നിന്നാണ്‌. നാലര വര്‍ഷക്കാലം ഇടത്‌ മുന്നണി, വിശിഷ്യാ സി പി എമ്മായിരുന്നു ഗോളടിയില്‍ മുന്നില്‍. എന്ത്‌ ചെയ്‌താലും കൂട്ടുത്തരവാദിത്വമില്ലായ്‌മ പ്രകടമാക്കി സ്വന്തം പോസ്റ്റില്‍ ഗോളടിക്കാന്‍ മത്സരിച്ചു. ഈ മത്സരത്തിന്റെ മികവില്‍ അധികാരം സ്വപ്‌നം കണ്ട യു ഡി എഫ്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍ നില്‍ക്കെ മത്സരം കൈയടക്കി. മലപ്പുറത്തു നിന്ന്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി തനിക്ക്‌ വധഭീഷണിയുണ്ടെന്ന്‌ ആരോപിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ്‌ തുടക്കം. ആ സെല്‍ഫ്‌ ഗോള്‍ വഴിയുണ്ടാക്കിയ ചലനം അടങ്ങിയിട്ടില്ല. സെല്‍ഫ്‌ ഗോളോടെ തളര്‍ന്ന യു ഡി എഫ്‌, മുസ്‌ലിം ലീഗ്‌ പോസ്റ്റിലേക്ക്‌ തുരുതുരാ ഗോളടിക്കാന്‍ ശ്രമം നടക്കുകയും ചെയ്യുന്നു. വധഭീഷണിയുണ്ടെന്ന ആരോപണത്തിനൊപ്പം ഒരു കുറ്റസമ്മതം കൂടി കുഞ്ഞാലിക്കുട്ടി നടത്തി. അധികാരത്തിലിരിക്കെ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങി പലതും ചെയ്യേണ്ടിവന്നിട്ടുണ്ട്‌. അതില്‍ കുറ്റസമ്മതം നടത്തുകയാണ്‌. മേലില്‍ ഇങ്ങനെയുണ്ടാവില്ല. ഈ വാര്‍ത്താസമ്മേളനം വിളിച്ചുവരുത്താനിടയുള്ള അപകടങ്ങളെക്കുറിച്ചെല്ലാം അറിവുണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവ്‌ ഉടന്‍ ഗോളടിച്ചു. `വൈകിയാണെങ്കിലും കുറ്റം സമ്മതിച്ചതിനെ അഭിനന്ദിക്കുന്നു.' ഇതിലും വലിയൊരു സെല്‍ഫ്‌ വേറെയുണ്ടോ!

ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്‌ണ പിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതോടെയാണ്‌ അടുത്ത ഗോള്‍ പിറന്നത്‌. കണ്ണൂരു നിന്ന്‌ കൊട്ടാരക്കര വരെ കൊണ്ടുപോയി കോണ്‍ഗ്രസ്‌ നേതാവും എം പിയുമായ കെ സുധാകരന്‍ ആഞ്ഞടിച്ചു. ബാര്‍ ലൈസന്‍സ്‌ റദ്ദാക്കിയ ഹൈക്കോടതി വിധി ഒഴിവാക്കാന്‍ സുപ്രീം കോടതി ജഡ്‌ജിക്ക്‌ 21 ലക്ഷം കോഴ നല്‍കിയതിന്‌ താന്‍ കാഴ്‌ചക്കാരനാണ്‌. കൊട്ടാരക്കരയില്‍ തിങ്ങിക്കൂടിയ പിള്ള അനുകൂലികളുടെ ആവേശം കണ്ട്‌ പൊടുന്നനെ പറഞ്ഞുപോയതായിരിക്കണം. പക്ഷേ, തന്റെ പ്രസംഗത്തിന്‌ ദൃശ്യമാധ്യങ്ങളില്‍ കിട്ടിയ വലിയ പ്രാധാന്യം മനസ്സിനെ മഥിക്കുന്നതായിരുന്നു. അതില്‍ വീണു. അതുകൊണ്ട്‌ പിറ്റേന്ന്‌ ആവര്‍ത്തിച്ചു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. പിറകെ ടി എച്ച്‌ മുസ്‌തഫയാണ്‌ കളത്തിലെത്തിയത്‌. പാമോയില്‍ അഴിമതിക്കേസില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ സാക്ഷിയും ഭക്ഷ്യമന്ത്രിയായിരുന്ന തന്നെ ആരോപണ വിധേയനുമാക്കിയത്‌ ശരിയായില്ലെന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ സ്ഥിതിക്ക്‌ തന്നെയും ഒഴിവാക്കണമെന്നും കോടതിയോട്‌ ആവശ്യപ്പെട്ടു. തനിക്ക്‌ ആരോപണവിധേയ പദവിയുണ്ടെങ്കില്‍ അത്‌ ഉമ്മന്‍ ചാണ്ടിക്കും നല്‍കണമെന്ന്‌ മുസ്‌തഫ വാദിക്കുന്നുവെന്ന്‌ വ്യാഖ്യാനിക്കാന്‍ പഴുതിട്ട്‌ സെല്‍ഫ്‌ ഗോള്‍.

തൊട്ടുപിറകെ ബുട്ടണിഞ്ഞത്‌ അബ്‌ദുല്ലക്കുട്ടിയാണ്‌. നിര്‍മിച്ച്‌ ഉപയോഗിച്ച്‌ കൈമാറുന്ന (ബില്‍ഡ്‌ ഓപ്പറേറ്റ്‌ ആന്‍ഡ്‌ ട്രാന്‍സ്‌ഫര്‍ - ബി ഒ ടി) പദ്ധതിപ്രകാരം ദേശീയ പാത നിര്‍മിക്കുന്നത്‌ ടെലികോം അഴിമതിയേക്കാള്‍ വലിയ അഴിമതിക്ക്‌ കാരണമാവുമെന്ന സുധീരന്റെ പ്രസ്‌താവനയാണ്‌ അബ്‌ദുല്ലക്കുട്ടിയെ പ്രകോപിപ്പിച്ചത്‌. (ടെലികോമില്‍ അഴിമതി നടന്നുവെന്ന്‌ പരസ്യമായി സമ്മതിക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ്‌ നേതാവായി മാറി സുധീരന്‍ സ്‌കോര്‍ ചെയ്‌ത സെല്‍ഫ്‌ ഗോളിനെ മറക്കുന്നില്ല) ഇടത്‌ തീവ്രവാദികള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യമാണ്‌ സുധീരന്‍ പറയുന്നതെന്ന്‌ വികസന കോണ്‍ഗ്രസില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന അബ്‌ദുല്ലക്കുട്ടി ആരോപിച്ചു. സ്വയം ഇറങ്ങിപ്പോന്ന്‌ ഗോളടിക്കാന്‍ മാത്രമല്ല, മറ്റുള്ളവരെ സെല്‍ഫ്‌ ഗോളടിക്കാന്‍ പാസൊരുക്കുക കൂടി ചെയ്‌തു അബ്‌ദുല്ലക്കുട്ടി. പിന്നീട്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഊഴമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ പണം നല്‍കി പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചവരുടെ (പെയ്‌ഡ്‌ ന്യൂസ്‌) കൂട്ടത്തില്‍ കോണ്‍ഗ്രസുമുണ്ടെന്നത്‌ ഖേദകരമാണെന്നായി മുല്ലപ്പള്ളി. ഇതുവരെ വന്നതില്‍വെച്ച്‌ ഏറ്റവും ആകര്‍ഷകമായ സെല്‍ഫ്‌ ഗോളായിരുന്നു മുല്ലപ്പള്ളിയുടേത്‌. പക്ഷേ, പറഞ്ഞത്‌ അദ്ദേഹമായെന്നത്‌ കൊണ്ട്‌ അതിന്‌ അര്‍ഹമായ പരിഗണന ലഭിച്ചില്ല. തത്സമയ ചര്‍ച്ചകളിലൂടെയും പ്രതികരണങ്ങളിലൂടെയും മുല്ലപ്പള്ളിയുടെ ഗോളിന്‌ അര്‍ഹമായ അംഗീകാരം നല്‍കാന്‍ ആരും തയ്യാറായില്ല.

ആഘോഷിക്കപ്പെട്ടത്‌ സുധാകരന്റെ ഗോളാണ്‌. ആഘോഷം തുടരുകയും ചെയ്യും. പരമോന്നത നീതിന്യായ വ്യസ്ഥയുടെ ഭാഗമായ ഒരാള്‍ക്ക്‌ കൈക്കൂലി നല്‍കുന്നത്‌ കണ്ടുകൊണ്ടു നില്‍ക്കെ കേരള നിയമസഭയിലെ അംഗമായിരുന്നു കെ സുധാകരന്‍. അഴിമതി തടയാന്‍ ഏതൊരു പൗരനുമുള്ള ബാധ്യതയേക്കാള്‍ അധികം ബാധ്യതയുള്ള വ്യക്തി. അത്‌ പറഞ്ഞില്ല. കൈക്കൂലി നല്‍കപ്പെട്ടത്‌ റദ്ദാക്കപ്പെട്ട ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുന്നതിനാണ്‌. മദ്യ നിരോധം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട മഹാത്‌മാ ഗാന്ധിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കോണ്‍ഗ്രസിലാണ്‌ കെ സുധാകരന്‍ നേതാവായി വര്‍ത്തിക്കുന്നത്‌. എന്നിട്ടും കൈക്കൂലി നല്‍കി ബാര്‍ ലൈസന്‍സ്‌ നേടുന്നതില്‍ യാതൊരു തെറ്റും അദ്ദേഹം അന്നും ഇന്നും കാണുന്നില്ല. ബാലകൃഷ്‌ണപിള്ളയെ ശിക്ഷിച്ചതിന്‌ പിന്നിലും കൈക്കൂലിയുടെ സാന്നിധ്യമുണ്ടെന്ന്‌ സൂചിപ്പിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. സുധാകരന്‍ സാക്ഷിയായിരുന്നില്ല, ഇടനിലക്കാരനായിരുന്നു എന്ന ആരോപണത്തില്‍ മുട്ടി സെല്‍ഫ്‌ ഗോള്‍ നില്‍ക്കുന്നു. ഇടനിലക്കാരന്‌ കൊടുത്തത്‌ എത്ര എന്ന്‌ പുറത്തുവന്നിട്ടില്ല. അന്നത്തെ മുഖ്യമന്ത്രിയുടെ മകള്‍ക്കും എക്‌സൈസ്‌ മന്ത്രിക്കും കെ പി സി സി പ്രസിഡന്റിനും ഒരു എം എല്‍ എക്കും കൊടുത്തതിന്റെ കണക്കുകള്‍ ബാറുടമ പറയുന്നു. ഇതില്‍ വാസ്‌തവമുണ്ടോ എന്നതില്‍ അന്വേഷണം വേറെ വേണ്ടിവരും. ഒന്നെന്ന്‌ നിനച്ചത്‌ മൂന്നോ നാലോ സെല്‍ഫ്‌ ഗോളായതിന്റെ സന്തോഷം സുധാകരനുണ്ടാവാം. സുധാകരന്റെ ചെന്നൈ ബന്ധങ്ങളെക്കുറിച്ചും ബാറുടമ പറയുന്നു. അതന്വേഷിച്ച്‌ പോയാല്‍ വീണ്ടും ഗോളായേക്കും.

പ്രധാനമന്ത്രി മുതല്‍ മുല്ലപ്പള്ളി വരെയുള്ളവര്‍ തൊടുത്ത ഗോളുകള്‍ക്കെല്ലാം കോഴപ്പണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും മറച്ചുവെക്കലിന്റെയുമൊക്കെ പശ്ചാത്തലമുണ്ട്‌. ടെലികോം, എസ്‌ ബാന്‍ഡ്‌ എന്നിവ പോലെ ലക്ഷക്കണക്കിന്‌ കോടികളുടെ കണ്ണഞ്ചിക്കുന്ന പ്രഭ നമുടെ നാട്ടില്‍ നടക്കുന്നതിന്‌ ഇല്ല എന്നേയുള്ളൂ. പത്തോ പതിനഞ്ചോ ലക്ഷങ്ങള്‍. അല്ലെങ്കില്‍ ഗഡുക്കളായി വിതരണം ചെയ്യപ്പെടുന്ന ഏതാനും കോടികള്‍. കേരളം ഇനിയും വളരേണ്ടതുണ്ടെന്നും അതിന്‌ പറ്റിയ സാഹചര്യങ്ങള്‍ ഇവിടെയുണ്ടെന്നും മന്‍മോഹന്‍ സിംഗ്‌ ഏതാനും ദിവസം മുമ്പ്‌ ഇവിടെ പ്രസംഗിച്ച്‌ മടങ്ങിയത്‌ ഒന്നും കാണാതെയല്ല.
ഇതിനിടയില്‍ പി ശശി എന്ന രോഗബാധിതനെ മുന്നില്‍ നിര്‍ത്തി സെല്‍ഫ്‌ ഗോള്‍ അടിക്കാന്‍ സി പി എം ശ്രമിച്ചിരുന്നു. വി എസ്‌ അച്യുതാനന്ദന്‍ ഒരു പരിധിവരെ അതില്‍ വിജയിക്കുകയും ചെയ്‌തു. പക്ഷേ, എതിര്‍ താരങ്ങളുടെ മത്സരമികവിന്‌ മുന്നില്‍ അടിയറവ്‌ പറയുക എന്നത്‌ മാത്രമേ സി പി എം നേതാക്കള്‍ക്ക്‌ ഇക്കുറി മാര്‍ഗമുണ്ടായിരുന്നുള്ളൂ. 



ഫൈനല്‍ റൗണ്ട്‌ മത്സരത്തിന്‌ രണ്ട്‌ മാസം ഇനിയും ബാക്കിയുണ്ടെന്ന്‌ കളിക്കാരെ ഓര്‍മിപ്പിക്കുക മാത്രമേ ഇപ്പോള്‍ ചെയ്യാനാകൂ. അതുവരെ പ്രകടന മികവ്‌ നിലനിര്‍ത്തേണ്ട ബാധ്യത അവര്‍ക്കാണ്‌. കളി കണ്ട്‌ മനസ്സിലാക്കുക എന്നത്‌ മാത്രമേ കാണികള്‍ക്ക്‌ സാധിക്കൂ. ഈ ഗോളുകള്‍ക്ക്‌ പിറകിലെ വസ്‌തുതകള്‍ പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കരുത്‌. ആ വഴിക്ക്‌ അന്വേഷണങ്ങളുണ്ടാകുമെന്ന്‌ മാത്രം

6 comments:

  1. പത്രക്കാര്‍ക്കും, ചാനെലുകാര്‍ക്കും ആഘോഷിക്കുകയാണ് ഇത്തരത്തില്‍ ഉള്ള ഓരോ ഗോളുകള്‍ പിറക്കുമ്പോഴും. പുതിയ ഗോള്‍ വന്നാല്‍ പിന്നെ പഴയ ഗോള്‍, അത് എത്ര മികച്ചതായിരുന്നാലും വിസ്മരിക്കുകയാണ് പതിവ്. അഴിമതിക്കാരും, പീഡനക്കാരും, കൊള്ളക്കാരും ഒക്കെ ആണല്ലോ നമ്മളെയും ഭരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ നമ്മളോട് തന്നെ ഒരു അവജ്ഞ..

    ReplyDelete
  2. ഹും ഈ മാധ്യമ മക്കളെ വിമര്‍ശിച്ച് വിമര്‍ശിച്ച് ഉളുപ്പുകെട്ടു!

    ReplyDelete
  3. എന്ത് ചെയ്യാന്‍ ...ഒരു ഉളുപ്പും ഇല്ലാത്ത രാഷ്ട്രീയക്കാരും മാധ്യമങ്ങളും ......!

    ReplyDelete
  4. രാഷ്ട്രീയം ..അതിലെ ആള്‍ക്കാരില്‍ ചിലര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണ്..

    ReplyDelete
  5. ഈ വര്‍ക്ഷം സെല്‍ഫ്‌ ഗോളുകളുടെ വര്‍ക്ഷം ആണെന്ന് തോന്നുന്നു
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    ReplyDelete
  6. ധനസമാഹരണം മാത്രം ലക്ഷ്യമിട്ട്‌ ഓഹരികള്‍ വിറ്റഴിച്ചുവെന്ന്‌ കരുതി അദ്ദേഹം സമാധാനപൂര്‍വം കിടന്നുറങ്ങിയെന്ന്‌ വിശ്വസിക്കാനാകുമോ?


    അതങ്ങു പള്ളിയിൽപോയി പറഞ്ഞാൽ പൂച്ചപാലുകുടിക്കുന്നതു പൊലെ അരകണ്ണടച്ചാണു

    ReplyDelete