2011-06-16

ഹായ്‌, കാട്ടുപന്നിയെ വെടിവെക്കാം



സര്‍ക്കാര്‍ എന്നത്‌ തുടരുന്ന സംവിധാനമാണ്‌. നിയമസഭയില്‍ ഏത്‌ പാര്‍ട്ടിക്ക്‌/മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിച്ചാലും ആരൊക്കെ മന്ത്രിമാരായാലും ഭരണയന്ത്രത്തിന്‌ മാറ്റങ്ങളുണ്ടാകില്ല. ഭരണയന്ത്രം ഉപയോഗപ്പെടുത്തി പാര്‍ട്ടി/മുന്നണി അല്ലെങ്കില്‍ അതിന്റെ നേതാക്കള്‍ നടപ്പാക്കുന്ന കാര്യപരിപാടികള്‍ക്ക്‌ മാത്രമാണ്‌ മാറ്റമുണ്ടാകുക. നയനിലപാടുകളില്‍ പാര്‍ട്ടികള്‍ക്ക്‌/മുന്നണികള്‍ക്ക്‌ മാറ്റമുണ്ടെങ്കില്‍ മാത്രമേ ഭരണയന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാകുകയുള്ളൂ. കേരളത്തെ സംബന്ധിച്ച്‌ അധികാരമാറ്റം എന്നത്‌ ഭരണനടപടിക്രമങ്ങളിലെ മാറ്റമായി അനുഭവ വേദ്യമാകാറുണ്ടോ എന്നത്‌ സംശയമാണ്‌. സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തി വിവിധ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാറുണ്ട്‌ ഇടത്‌ മുന്നണി. യു ഡി എഫ്‌ അധികാരത്തില്‍ വരുമ്പോള്‍ ഈ മേഖലയില്‍ കാര്യമായി ശ്രദ്ധിച്ച്‌ കാണാറില്ല. ഇനി പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചാല്‍ തന്നെ അത്‌ കുടിശ്ശിക വരുത്താതെ വിതരണം ചെയ്യാന്‍ മിനക്കെടില്ല. യു ഡി എഫ്‌ അധികാരത്തില്‍ വന്നാല്‍ പൊതു ക്രയവിക്രയങ്ങള്‍ വര്‍ധിക്കുമെന്നും അത്‌ പൊതുവിലൊരു സമ്പന്നതക്ക്‌ വഴിവെക്കുമെന്നുമുള്ള വിശ്വാസം കാലങ്ങളായി നിലവിലുണ്ട്‌. കള്ളപ്പണമൊഴുക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ്‌ ഇത്തരത്തില്‍ പൊതു ക്രയവിക്രയം വര്‍ധിക്കാന്‍ കാരണമെന്ന ആക്ഷേപവും സാധാരണമാണ്‌. അഴിമതിയുടെ തോത്‌ വര്‍ധിക്കുന്നുവെന്നതും യു ഡി എഫ്‌ ഭരണകാലത്തെക്കുറിച്ച്‌ ഉയരാറുള്ള ആക്ഷേപമാണ്‌. ഈ ആക്ഷേപം ഇടത്‌ ഭരണകാലത്തുണ്ടാകാറില്ല. ആക്ഷേപമുയര്‍ത്താന്‍ ത്രാണിയുള്ളവര്‍ ഭരണത്തിലാണ്‌ എന്നതുകൊണ്ടാകാം അത്‌. ഇതൊഴിച്ചു നിര്‍ത്തിയാല്‍ അധികാരമാറ്റം ഭരണത്തിലെ മാറ്റമായി രൂപാന്തരപ്പെടാറില്ലെന്നതാണ്‌ വസ്‌തുത.

ഇക്കുറി അധികാരമാറ്റമുണ്ടായതിനു ശേഷം ആവര്‍ത്തനവിരസത കൂടുതല്‍ അനുഭവപ്പെടുകയാണ്‌. സര്‍ക്കാറിന്‌ മുന്നില്‍ തലവേദനയായി ആദ്യമുയര്‍ന്നത്‌ സ്വാശ്രയമാണ്‌. പിന്നെയിപ്പോള്‍ കൈയേറ്റവും, അതും മൂന്നാര്‍ കേന്ദ്രീകരിച്ചുള്ള കൈയേറ്റം. മാനേജ്‌മെന്റ്‌ അസോസിയേഷന്‍, ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍, ഡീംഡ്‌ സര്‍വകലാശാല, സര്‍ക്കാര്‍ സീറ്റ്‌, മെറിറ്റ്‌ സീറ്റ്‌, മാനേജ്‌മെന്റ്‌ സീറ്റ്‌, മാനേജ്‌മെന്റ്‌ നടത്തുന്ന പ്രവേശനപ്പരീക്ഷ, അത്‌ നടത്തുന്നത്‌ തത്‌കാലത്തേക്ക്‌ തടയല്‍ എന്നിങ്ങനെ പല കുറി ആവര്‍ത്തിച്ച വാക്കുകളും വാചക ഖണ്ഡങ്ങളും നിറയുകയാണ്‌. പരിയാരം സഹകരണ മെഡിക്കല്‍ കോളജിനെക്കുറിച്ച്‌ ആരോപണമുയര്‍ന്നത്‌ മാത്രമാണ്‌ അല്‍പ്പം നാടകീയത നല്‍കുന്ന ഘടകം. പിന്നെ സീറ്റ്‌ വേണ്ടെന്ന പ്രഖ്യാപനങ്ങളും. മാനേജുമെന്റുകളും സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളുണ്ടാകും. അധികാരം എതിര്‍പക്ഷത്തായതിനാല്‍ എസ്‌ എഫ്‌ ഐ കുറേക്കൂടി രൂക്ഷമായി പ്രതികരിക്കും. കോടതിയില്‍ കൂടുതല്‍ ഹരജികളുണ്ടാകും. രണ്ടോ മൂന്നോ മാസം കൂടി ഇതെല്ലാം തുടരും. പിന്നെ അടുത്ത അധ്യയനവര്‍ഷാരംഭത്തില്‍ തുടരാമെന്ന ഉപചാരം ചൊല്ലി സര്‍ക്കാറും മാനേജുമെന്റുകളും പിരിയും.

സ്വാശ്രയം വര്‍ഷംതോറും ആവര്‍ത്തിക്കുന്ന നാടകമാണെങ്കില്‍ മൂന്നാര്‍ അഞ്ചാണ്ടിലൊരിക്കല്‍ ആവര്‍ത്തിക്കുന്ന ഒന്നാകണം. മൂന്നാറിലേക്ക്‌ ജെ സി ബികള്‍ കുതിച്ചെത്തിയത്‌ മലയാളികള്‍ എളുപ്പത്തില്‍ മറക്കാനിടയില്ല. `മനോഹര'മായ കോട്ടേജുകളുടെ മേല്‍ക്കൂരക്കു മേല്‍ ഇരുമ്പ്‌ കൂടം പതിക്കുന്നതിന്റെ ദൃശ്യം ശബ്‌ദമുഖരിതമായി ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞുനിന്ന കാലം. നിയമവിരുദ്ധമായ കൈയേറ്റം മുഴുവന്‍ ഇതാ സര്‍ക്കാര്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന പ്രതീതി ജനിച്ച ദിനങ്ങള്‍. 


മൂന്നാറില്‍ തലങ്ങും വിലങ്ങും പാഞ്ഞ ജെ സി ബികള്‍, അവക്ക്‌ മാര്‍ഗദര്‍ശികളായി കോട്ടിട്ടയാളുകള്‍... നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുന്നതിന്‌ എന്തെങ്കിലു ചെയ്യണമെന്ന ആഗ്രഹം ചെറുതായെങ്കിലും ബാക്കിയുണ്ടായിരുന്ന മറ്റ്‌ ജില്ലകളിലെ ഉദ്യോഗസ്ഥരും കൈയേറ്റം കണ്ടെത്താന്‍ സര്‍വേ ചങ്ങലയുമായി ഇറങ്ങി. പൊളിക്കല്‍ നോട്ടീസ്‌ ലഭിച്ചവര്‍ കോടതിയെ സമീപിച്ചുവെങ്കിലും സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധി അംഗീകരിച്ച്‌ പ്രശ്‌നത്തില്‍ ഇടപെടാന്‍ ജഡ്‌ജിമാര്‍ വിസമ്മതിച്ചു. മതികെട്ടാന്‍ ചോലയിലെ കൈയേറ്റം നേരിട്ടു കാണാന്‍ കാടും മലയും കയറിയ പ്രതിപക്ഷ നേതാവായിരുന്നു വി എസ്‌ അച്യുതാനന്ദന്‍. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ കൈയേറ്റം ഒഴിപ്പിക്കാനും അനധികൃത നിര്‍മാണങ്ങള്‍ ഇടിച്ചുനിരത്താനും നടപടി സ്വീകരിച്ചപ്പോള്‍ അതിന്‌ ജഡ്‌ജിമാര്‍ വിശ്വാസ്യത കല്‍പ്പിച്ചതില്‍ കാവ്യനീതിയുണ്ടായിരുന്നു.

എല്ലാം നിലച്ചത്‌ പൊടുന്നനെയായിയിരുന്നു. സി പി ഐയുടെ ജില്ലാ കമ്മിറ്റി ഓഫീസ്‌ നിര്‍മിച്ചിരിക്കുന്നത്‌ സര്‍ക്കാര്‍ ഭൂമിയിലാണെന്ന്‌ ആരോപണമുയരുകയും അതിന്റെ മുന്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ ജെ സി ബി വീഴുകയും ചെയ്‌തതോടെ കാര്യങ്ങള്‍ മാറി. തൊട്ടാല്‍ കൈ വെട്ടുമെന്ന ഭീഷണി, കോട്ടിട്ടയാളും അതിനുമുകളിലുള്ളയാളും മറുപടി പറയണമെന്ന ആവശ്യം. മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ പേരില്‍ നാല്‌ സെന്റ്‌ പട്ടയ ഭൂമിയും മൂന്ന്‌ സെന്റ്‌ വിരിവുമെന്ന കണക്ക്‌. ഇതോടെ കാര്യങ്ങള്‍ താളം തെറ്റി. താളം തെറ്റിച്ചുവെന്ന്‌ പറയുന്നതാകും ഉചിതം. ധന്യശ്രീ റിസോര്‍ട്ട്‌ പൊളിക്കുന്നത്‌ ചോദ്യം ചെയ്‌ത്‌ ഉടമസ്ഥന്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാര്‍ കോടതിയെ സമീപിച്ചപ്പോള്‍ ജഡ്‌ജിമാര്‍ക്ക്‌ അത്‌ പരിഗണിക്കാതിരിക്കാന്‍ സാധിച്ചതുമില്ല. ഇതിനിടയില്‍ ടാറ്റ കൈയേറിയ അമ്പതിനായിരം ഏക്കര്‍ ഭൂമിയെക്കുറിച്ചുള്ള വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നു. ടാറ്റ കൈയേറിയെന്ന്‌ ആരോപിക്കപ്പെടുന്ന ഭൂമിയില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ നേരിട്ടെത്തി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ്‌ സ്ഥാപിച്ചു. വനഭൂമിയിലാണ്‌ വി എസ്‌ ബോര്‍ഡ്‌ സ്ഥാപിച്ചത്‌ എന്ന തര്‍ക്കം ഇതിനു പിറകെയും. 


എല്ലാറ്റിനുമൊടുവില്‍ കോട്ടിട്ട പൂച്ചകളുടെ ദൗത്യസംഘത്തെ മാറ്റി. പുതിയ ദൗത്യ സംഘം വന്നു. ഉപഗ്രഹ സര്‍വെ നടത്തി സര്‍ക്കാര്‍ ഭൂമി ഏതെന്ന്‌ കണ്ടെത്തുമെന്ന്‌ പ്രഖ്യാപനം വന്നു. ഇതിന്‌ പുറമെ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ നേരിട്ട്‌ റീസര്‍വെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതെല്ലാം നടത്തി സര്‍ക്കാര്‍ ഭൂമി കണ്ടെത്തി പിടിച്ചെടുത്ത്‌ നവീന മൂന്നാര്‍ സ്ഥാപിക്കുമെന്ന്‌ വി എസ്‌ ആവര്‍ത്തിക്കുന്നതും കണ്ടു. ഒന്നും സംഭവിച്ചില്ല.

പുതിയ സര്‍ക്കാറിന്‌ മുന്നിലും മൂന്നാറെത്തിയിരിക്കുന്നു. ചിന്നക്കനാല്‍, പാര്‍വതി മല, ലക്ഷ്‌മി എന്നിങ്ങനെ പണ്ട്‌ കേട്ട സ്ഥലനാമങ്ങളെല്ലാം ഇപ്പോഴുമുണ്ട്‌. ആനയിറങ്കല്‍ അണക്കെട്ടിന്റെ ഓരത്തെ കൈയേറ്റ ദൃശ്യങ്ങള്‍ നമുക്ക്‌ വീണ്ടും കാണിച്ച്‌ തരുന്നു. റിസോര്‍ട്ട്‌ ഉടമകള്‍ (മാഫിയ എന്ന പേര്‌ മനഃപൂര്‍വം ഒഴിവാക്കുന്നു) ഹെലിപാഡ്‌ നിര്‍മിക്കാന്‍ ഒരുങ്ങിയെന്ന്‌ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നേരിട്ട്‌ മനസ്സിലാക്കിയിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന കൈയേറ്റങ്ങളല്ല ഇതെന്ന്‌ ഹെലി പാഡ്‌ നിര്‍മാണ ശ്രമത്തില്‍ നിന്ന്‌ വ്യക്തം. ഇടത്‌ മുന്നണി സര്‍ക്കാറില്‍ സാക്ഷാല്‍ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണവും നടന്നിരുന്നു. പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായിരുന്നു. മൂന്നാറിലും ഇടുക്കിയിലും പ്രവര്‍ത്തിക്കുന്ന സി പി എമ്മും കോണ്‍ഗ്രസും അടക്കം രാഷ്‌ട്രീയ പാര്‍ട്ടികളോ അവരുടെ പ്രവര്‍ത്തകരോ അറിയാതെ ഇതൊന്നും നടക്കുമായിരുന്നില്ല. 


അധികാരമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വി എസ്‌ സര്‍ക്കാറിന്റെ അവസാനകാലത്താണ്‌ കൈയേറ്റം നടന്നത്‌ എന്ന്‌ വാദത്തിന്‌ വേണ്ടി സമ്മതിക്കാം. എങ്കില്‍പ്പോലും അതിനെ തടയേണ്ട ബാധ്യതയുണ്ടായിരുന്നില്ലേ ഭരണ സംവിധാനത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്ക്‌? അവര്‍ അതിന്‌ തയ്യാറാകാതെ വന്നാല്‍ ചൂണ്ടിക്കാട്ടേണ്ട ധാര്‍മിക ഉത്തരവാദിത്വമുണ്ടായിരുന്നില്ലേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌? തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കൈയേറ്റ പ്രശ്‌നമുയര്‍ത്തി കുടിയേറ്റക്കാരുടെയും (മുന്‍കാലങ്ങളില്‍ കൈയേറിയവര്‍ ഇപ്പോള്‍ കുടിയേറ്റക്കാരാണ്‌) കൈയേറ്റക്കാരുടെയും വോട്ട്‌ നഷ്‌ടപ്പെടുത്താന്‍ ആരും ആഗ്രഹിച്ചില്ല എന്ന്‌ വ്യക്തം. ഇപ്പോള്‍ കൈയേറ്റ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരും അതിനെ എതിര്‍ക്കാന്‍ രംഗത്തുണ്ട്‌.

കൈയേറ്റം തടയുന്നതിനും സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിനും പ്രത്യേക ദൗത്യ സംഘത്തിനെയൊന്നും നിയോഗിക്കാന്‍ ഉദ്ദേശ്യമില്ലെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാണിയില്‍ ജോസഫ്‌ ലയിച്ച്‌ ശക്തിയാര്‍ജിച്ച കേരള കോണ്‍ഗ്രസിന്റെ പാളയത്തിലേക്ക്‌ ജെ സി ബി ഉരുട്ടിക്കളിക്കാന്‍ മാത്രം ബുദ്ധിശൂന്യത കോണ്‍ഗ്രസ്‌ നേതൃത്വം കാണിക്കില്ല. അത്തരമൊരു ബുദ്ധിശൂന്യതക്കുള്ള പാകം നിയമസഭയില്‍ മുന്നണിക്കില്ല താനും. അതുകൊണ്ട്‌ കൈയേറ്റം നിയമംമൂലം തടയുമെന്നാണ്‌ പ്രഖ്യാപനം. കൈയേറ്റം തടയുന്നതിന്‌ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌. അതിലേക്ക്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനെ പ്രത്യേകം ക്ഷണിച്ചിരിക്കുന്നു. 


റീസര്‍വെ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകും. വ്യാജ പട്ടയങ്ങള്‍ കണ്ടെത്തി നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിനും രൂപം നല്‍കിയേക്കും. വന്‍കിട കൈയേറ്റങ്ങളെല്ലാം സമയബന്ധിതമായി ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായി യോഗത്തിന്‌ ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. മംഗളം, ശുഭം. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മൂന്നാര്‍ പര്യടനങ്ങള്‍ ആരംഭിക്കാനും സാധ്യതയുണ്ട്‌. ഇപ്പോള്‍ ഇടുക്കി ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ വി എസ്സിന്‌ അപ്രഖ്യാപിത വിലക്ക്‌ സി പി എമ്മിന്റെ ജില്ലാ നേതൃത്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പാര്‍ട്ടി സമ്മേളനത്തോടെ ശാക്തിക സമവാക്യങ്ങളില്‍ മാറ്റമുണ്ടായാലേ വിലക്ക്‌ മാറൂ, അതുകൊണ്ടാണ്‌ ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം മാത്രം മൂന്നാര്‍ പര്യടനങ്ങള്‍ക്ക്‌ സാധ്യത കാണുന്നത്‌. അഞ്ചാണ്ടിന്‌ ശേഷം അധികാരം മാറുകയാണെങ്കില്‍ അപ്പോഴും മൂന്നാര്‍ ചോദ്യമായി മുന്നിലുണ്ടാകും.

കൈയേറ്റമൊഴിപ്പിക്കാന്‍ തീരുമാനിക്കുന്ന സര്‍ക്കാര്‍ തന്നെ വനത്തോട്‌ ചേര്‍ന്ന പ്രദേശങ്ങളിലെ കൃഷി സംരക്ഷിക്കുന്നതിന്‌ വന്യമൃഗങ്ങളെ വെടിവെക്കാന്‍ (തുടക്കത്തില്‍ കാട്ട്‌ പന്നിയെ മാത്രം) അനുവാദം നല്‍കുന്നു. വനത്തോട്‌ ചേര്‍ന്ന പ്രദേശങ്ങളില്‍ കൃഷി എത്തിയത്‌ കൈയേറ്റത്തിലൂടെയാണെന്ന്‌ അറിയാതെയല്ല ഈ വെടിവെപ്പ്‌ അനുമതി. കൈയേറ്റം നിലനിര്‍ത്തുന്നതിനൊപ്പം വേട്ട കൂടി പ്രോത്സാഹിപ്പിക്കുകയാണ്‌ സര്‍ക്കാര്‍. വന്യ മൃഗങ്ങളുടെ ശല്യമില്ലാതാകുന്നതോടെ കൂടുതല്‍ കൈയേറ്റത്തിന്‌ അവസരമുണ്ടാക്കുകയും. പ്രഖ്യാപനത്തില്‍ മാറ്റമുണ്ടാകില്ലെന്ന്‌ ഉറപ്പ്‌ തരുന്നു, കൈയേറ്റം തടയും, അതിന്‌ നിയമപരമായി സാധ്യമായ എല്ലാ നടപടിയുമെടുക്കും. ആവര്‍ത്തനവിരസത മാപ്പാക്കുക.

No comments:

Post a Comment