2011-06-23

'ധര്‍മ'ക്ഷേത്രേ കുരുക്ഷേത്രേ




ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ചൂത് കളികൂടി കഴിഞ്ഞു. വ്യാസസൃഷ്ടിയായ മഹാഭാരതത്തിലേതെന്ന പോലെ അംഗബലമുള്ള കൗരവര്‍ ബുദ്ധിബലമുള്ള പാണ്ഡവരെ കൗശലം കൊണ്ട് കീഴ്‌പ്പെടുത്തി. ചൂതില്‍ തോറ്റവര്‍ക്ക് പുതിയ രാഷ്ട്രതന്ത്രത്തിന്റെ കാലത്ത് വനവാസ, അജ്ഞാതവാസ ശിക്ഷകളില്ല. അതുകൊണ്ട് തന്നെ തോറ്റിറങ്ങിയയുടന്‍ അവര്‍ ധാര്‍ത്തരാഷ്ട്രന്‍മാരുടെ കള്ളനീക്കങ്ങളെക്കുറിച്ച് അത്യുച്ചത്തില്‍ രോഷം കൊള്ളുന്നു. കള്ളത്തരം കാട്ടിയവരെ തകര്‍ക്കുമെന്ന പ്രഖ്യാപനത്തോടെ ധര്‍മപുത്രര്‍ അന്നം മുടക്കി സമരം ചെയ്യാന്‍ പോകുന്നു. സമരമാരംഭിക്കുന്നതിന് മുമ്പുള്ള അമ്പത്  ദിവസം അദ്ദേഹം എന്ത് ചെയ്യും. രാജ്യമെമ്പാടും സഞ്ചരിച്ച് സ്വന്തം അക്ഷൗഹിണിയിലേക്ക് ആളെക്കൂട്ടാന്‍ ശ്രമിക്കുമായിരിക്കും. ഈ ദിവസങ്ങളിലെല്ലാം രാഷ്ട്രതന്ത്രത്തിലെ കൗശലത്തിന്റെ സ്ഥാനത്തെക്കുറിച്ച് ദുര്യോധനാദി കൗരവര്‍ ഉറക്കെ വിളിച്ച് പറയും. ചൂതിലെ ജയം ഭരണത്തിന്റെതും അധികാരത്തിന്റെതുമായി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കും. അതിന് സാമന്തരെ കൂട്ടുപിടിക്കും. വേണ്ടിവന്നാല്‍ ഇത്രനാളും എതിരാളികളായി കണ്ടിരുന്നവരുമായി ചങ്ങാത്തം സ്ഥാപിക്കും. 


കുരുക്ഷേത്ര ഭൂമിയില്‍ പിതാമഹനെയും ഗുരുവിനെയും ഭ്രാതാവിനെയും അര്‍ധ സഹോദരന്‍മാരെയും വധിച്ച് പാണ്ഡവര്‍ വിജയശ്രീലാളിതരായി ഇന്ദ്രപ്രസ്ഥത്തില്‍ പ്രവേശിക്കുന്നുവെന്നതാണ് മഹാഭാരത കഥ. നന്മയുടെ പക്ഷത്ത് പാണ്ഡവരായിരുന്നുവെന്ന് പൊതുവെ പറയും. നന്മയുടെ പക്ഷത്തായിരുന്നില്ലെങ്കില്‍ ഭഗവാന്‍ കൃഷ്ണന്‍ പാണ്ഡവപക്ഷത്തുണ്ടാകുമായിരുന്നില്ലല്ലോ! പക്ഷേ, ഏത് രാജ്യത്തിന് വേണ്ടിയായിരുന്നു കുരുക്കളും പാണ്ഡവരും യുദ്ധം ചെയ്തത്? അതിന്‍മേല്‍ അവര്‍ക്ക് എന്തവകാശമാണുണ്ടായിരുന്നത്? പാണ്ഡുവും ധൃതരാഷ്ട്രരും ഹസ്തിനപുരം ഭരിച്ചിരുന്നു. ഇവരുടെ മക്കളെന്ന നിലക്കാണ് രാജ്യാധികാരത്തില്‍ ഇരുകൂട്ടരും അവകാശം ഉന്നയിച്ചിരുന്നത്. കൗരവാദി നൂറ്റുവരും ദുശ്ശളയും പാണ്ഡവരും ധൃതരാഷ്ട്രരുടെയോ പാണ്ഡുവിന്റെയോ മക്കളായിരുന്നില്ല എന്നാണ് തുടക്കത്തിലെ കഥ. അപ്പോള്‍ പിന്നെ അവകാശവാദത്തിന്റെയും യുദ്ധത്തിന്റെയും പിടിച്ചെടുക്കലിന്റെയുമൊക്കെ അര്‍ഥമെന്തായിരുന്നു? ഈ അസംബന്ധത്തിന്റെ തുടര്‍ച്ച പലകുറി ആവര്‍ത്തിച്ചു. ഇപ്പോള്‍ ലോക്പാലിന്റെ പേരില്‍ ഒരുവട്ടം കൂടി.   


അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രതിനിധികളും ലോക്പാലിന്റെ പേരില്‍ നടത്തിയ ആശയ സംവാദങ്ങള്‍ ഏറെക്കുറെ ചൂതാട്ടത്തിന്റെ മട്ടിലായിരുന്നു. സര്‍ക്കാറിനും നീതിന്യായ സംവിധാനത്തിനുമൊക്കെ മുകളില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന അധികാരകേന്ദ്രം ഉണ്ടാകണമെന്ന വാദത്തില്‍ ഉറച്ചു നിന്ന് അന്നാ ഹസാരെയും കൂട്ടരും കരുക്കള്‍ നീക്കി. പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ്, പാര്‍ലിമെന്റിനുള്ളിലെ എം പിമാരുടെ പ്രവര്‍ത്തനം, നീതിന്യായ വ്യവസ്ഥ തുടങ്ങി ചിലത് പുറത്ത് നിര്‍ത്തണമെന്ന് സര്‍ക്കാറും വാദിച്ചു. ലോക്പാലിനെ തീരുമാനിക്കാനുള്ള സമിതിയില്‍ സര്‍ക്കാറിന് മേധാവിത്വം വേണമെന്നും നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ അധികാരത്തിന്റെ തണലും നിയമം നിര്‍മിക്കാന്‍ വേണ്ട ഭൂരിപക്ഷവുമുള്ളതുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. 


നേരത്തെ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവെച്ച കരട് ബില്ലില്‍ പ്രധാനമന്ത്രിയെ ലോക്പാലിന് കീഴില്‍ കൊണ്ടുവരാന്‍ വ്യവസ്ഥ ചെയ്തിരുന്നു. പുതിയ കരടില്‍ അതുപോലുമില്ലെന്ന തിരിച്ചറിവില്‍ അഞ്ചംഗ സംഘം സത്യഗ്രഹ സമരത്തിന് തയ്യാറെടുക്കുന്നു. സത്യഗ്രഹത്തിന് പകരം കുരുക്ഷേത്ര യുദ്ധത്തിന് കൂടുതല്‍ തയ്യാറെടുക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമുള്ളവരും കൂട്ടത്തിലുണ്ട്. വനവാസത്തിനോ അജ്ഞാതവാസത്തിനോ പോകുകയല്ല ഇപ്പോള്‍ തന്നെ ദുര്യോധനന്റെ ഊരുഭംഗം വരുത്തുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട ഭീമസേനനെപ്പോലുള്ളവര്‍. 


ഫലശൂന്യത എന്നത് തന്നെയാണ് ഈ ചൂതിന് ശേഷവും ഇനിയുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനും ശേഷം സംഭവിക്കാന്‍ പോകുന്നത് എന്നത് കാണികളായ രാജ്യവാസികള്‍ക്ക് ഉറപ്പിക്കാം. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമാണ് ലോക്പാലിന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള എത്ര സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. മനുഷ്യാവകാശ കമ്മീഷനുകള്‍ക്കെല്ലാം ഈ സ്വഭാവമാണ്. എല്ലാ സംസ്ഥാനങ്ങളിലും വിവിധ വിഭാഗങ്ങള്‍ക്കായി ഇത്തരം അവകാശ കമ്മീഷനുകളുണ്ട്. എടുത്തു പറയാവുന്ന എന്ത് പ്രയോജനമാണ് ഇവ പ്രദാനം ചെയ്തത് എന്ന് ആലോചിക്കുന്നത് കൗതുകകരമായിരിക്കും. 


കേരളത്തില്‍ പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ അടുത്തിടെ പറഞ്ഞ പഴകിപ്പുളിച്ച കേസിന്റെ കാര്യമെടുക്കുക. സംസ്ഥാന വനിതാ കമ്മീഷന്‍ പലകുറി പരിഗണിച്ച കേസാണിത്. പ്രത്യേകിച്ച് എന്തെങ്കിലും ഇതുവരെ സംഭവിച്ചിട്ടില്ല. സ്ഥലനാമങ്ങളുടെ പേരുകളില്‍ പ്രസിദ്ധമായ മറ്റ് ലൈംഗിക കൈയേറ്റ കേസുകള്‍ എടുക്കുക. എല്ലാം സംസ്ഥാന വനിതാ കമ്മീഷന്‍ പരിഗണിച്ചതാണ്. ഏതെങ്കിലുമൊന്നില്‍ നീതി നടപ്പാക്കപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ നമ്മുടെ കമ്മീഷന് സാധിച്ചോ? ഇത്തരം കമ്മീഷനുകളെല്ലാം വിവിധ കേസുകള്‍ പരിഗണിക്കവെ നിയമ, നീതിനിര്‍വഹണ സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സര്‍ക്കാറുകള്‍ക്ക് ശിപാര്‍ശകള്‍ നല്‍കുന്നുണ്ട്. ഇത്തരം നിര്‍ദേശങ്ങളില്‍ ഒരു ശതമാനമെങ്കിലും നടപ്പാക്കപ്പെടുന്നുണ്ടോ? 


ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്നില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ പരിതപിക്കുന്നത് അടുത്തിടെ കണ്ടു. അര്‍ധ ജുഡീഷ്യല്‍ സംവിധാനമെന്ന നിലയില്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്താനുള്ള അധികാരം കമ്മീഷനുണ്ട്. പക്ഷേ, കമ്മീഷനുകള്‍ അതിന് തുനിയാറില്ല. നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തോന്നാറുമില്ല. ലോക്പാല്‍ ഇതുപോലെയാകില്ലെന്ന് പ്രതീക്ഷിക്കുക. 
നിയമത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാറുദ്യോഗസ്ഥരുള്‍പ്പെടെ പൊതുസേവകര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കുമെന്നതാണ് കരട്  ബില്ലിലെ മറ്റൊരു വ്യവസ്ഥ. ലോക്പാല്‍ ആദ്യമായി മുന്നോട്ടുവെക്കപ്പെട്ട 1969കളിലാണെങ്കില്‍ ഇത്തരമൊരു വ്യവസ്ഥക്ക് സാംഗത്യമുണ്ടായേനേ. 


ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ഏതൊരാളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നും അത് ഓരോ വര്‍ഷവും പുതുക്കണമെന്നും വ്യവസ്ഥ വെക്കാന്‍ ബുദ്ധിമുട്ടില്ല. അതിന് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനമൊരുക്കാന്‍ പ്രയാസവുമില്ല. ഇത് ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തില്‍ പരസ്യപ്പെടുത്താനും സാധിക്കും. ഈ വ്യക്തി ഏതെങ്കിലും വിധത്തിലുള്ള സ്ഥാവര, ജംഗമ സ്വത്തുക്കള്‍ സമാഹരിക്കുമ്പോള്‍ അത് സ്വമേധയാ ഈ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുന്ന വിധത്തില്‍ വിവര ശൃംഖല രൂപപ്പെടുത്താനും ബുദ്ധിമുട്ടില്ല. സെന്‍ട്രി മുതല്‍ മന്ത്രി വരെയുള്ള ലക്ഷക്കണക്കായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ടോ എന്ന് എളുപ്പത്തില്‍ പരിശോധിച്ച് നിജപ്പെടുത്താനും സാധിക്കും. കൈക്കൂലിയായി വാങ്ങുന്ന പണം വീട്ടുവളപ്പില്‍ കുഴിച്ചിടാന്‍ തീരുമാനിക്കുന്ന തിരിമുറിഞ്ഞ കള്ളന്‍മാരുടെ കാര്യത്തില്‍ ഇതൊന്നും സാധിക്കില്ലെന്ന് സമ്മതിക്കുന്നു. യജുര്‍ മന്ദിരത്തില്‍ സായിബാബ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചത് പുറത്താരും അറിഞ്ഞിരുന്നില്ലല്ലോ ഇതുവരെ? അത് സ്വാഭാവികമായി പുറത്തുവരും. അതിന് കാത്തിരിക്കുകയേ നിര്‍വാഹമുണ്ടാകൂ. അന്നാ ഹസാരെയും കൂട്ടരും നിര്‍ദേശിക്കും വിധത്തില്‍ ലോക്പാലുണ്ടായാല്‍പ്പോലും ഇത്തരക്കാരെ കണ്ടെത്താന്‍ സാധിക്കില്ല. 


ലോക്പാലിന്റെ കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലീസിന്റെ അധികാരമുണ്ടാകുമെന്നതാണ് മറ്റൊരു വ്യവസ്ഥ. ഉത്തര്‍ പ്രദേശില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയെന്ന് ആരോപിക്കപ്പെടുന്നവരും കേരളത്തില്‍ കൊലക്കേസില്‍ അറസ്റ്റിലായയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുമായ പോലീസുകാരുടെ കൂട്ടത്തില്‍ നിന്ന് തന്നെയാകില്ലേ അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കുക? എല്ലാവരും അത്തരക്കാരാണെന്നല്ല, അത്തരക്കാര്‍ കൂടി ഉള്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് മാത്രം. പ്രോസിക്യൂഷന്‍ വിംഗുണ്ടാകും നിര്‍ദിഷ്ട ലോക്പാലിന് കീഴില്‍. പെണ്‍വാണിഭക്കേസില്‍ കൈക്കൂലി കൊടുത്ത് ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പോലീസ് ചോദ്യം ചെയ്തയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വക്കീലായി നിയമിച്ച രീതി ഈ പ്രോസിക്യൂഷന്‍ വിംഗിലുമുണ്ടാകില്ലെന്ന് ഉറപ്പാക്കാനാകുമോ? ഒരു ലോക്പാല്‍ കൊണ്ട് വൃത്തിയാക്കാവുന്ന തൊഴുത്തല്ല നമ്മുടെ മുന്നിലുള്ളത് എന്ന തിരിച്ചറിവ് അന്നാ ഹസാരെ പക്ഷത്തിന് നഷ്ടമായിരിക്കുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. തൊഴുത്തിന്റെ ഏതൊക്കെ ഭാഗങ്ങള്‍ ആളുകയറാത്തതായി നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. 


മാറിയ കാലവും സാങ്കേതിക വിദ്യയുമൊക്കെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് രണ്ട് കൂട്ടര്‍ക്കും ചിന്തകളില്ല. നിയമങ്ങളില്ലാത്തതല്ല, അത് മറികടന്ന് പ്രവര്‍ത്തിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും ഈ പ്രവര്‍ത്തനം വൈകാതെ മാഫിയയായി രൂപാന്തരപ്പെടുകയുമാണ് ചെയ്യുന്നത്. അതിന് മറുമരുന്നാകും ലോക്പാലെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ മൗഢ്യമെന്ന് മാത്രമേ കരുതാനാകൂ. മാലിന്യ നിര്‍മാര്‍ജനത്തിന് മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ നടപടി സ്വീകരിക്കുന്നില്ല എന്ന് നിലവിളിക്കുന്ന നഗരവാസികളുടെ കാര്യമെടുക്കൂ. മാലിന്യം ഉത്പാദിപ്പിക്കുന്നവന് അത് സംസ്‌കരിക്കാനുള്ള ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ല. അതിന് അവന്‍ ശ്രമിക്കേണ്ടതുപോലുമില്ല. കോര്‍പ്പറേഷനോ മുനിസിപ്പാലിറ്റിയോ അതിന് വഴിയൊരുക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് തന്നെയാണ് അഴിമതിയെന്ന ശൃംഖലയുടെയും സ്ഥിതി. പണം കൊടുത്ത് കാര്യം നേടാന്‍ സന്നദ്ധരായി നില്‍ക്കുന്നവര്‍ക്ക് അഴിമതി തടയുന്നതിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടതില്ലല്ലോ! 


സങ്കീര്‍ണമായ സാഹചര്യങ്ങളൊന്നും അറിയാതെയല്ല അന്നാ  ഹസാരെ പക്ഷവും സര്‍ക്കാറും ചൂതുകളിച്ചത്. ബഹുവിധ അഴിമതി ആരോപണങ്ങളില്‍ വലയുന്ന സര്‍ക്കാറിന് തങ്ങളെന്തെങ്കിലും ചെയ്തുവെന്ന് വരുത്തേണ്ടതുണ്ട്. അതിന് സഹായകമാകും ലോക്പാലെന്ന് അവര്‍ കരുതുന്നു. അന്നാ ഹസാരെയുടെ നിരാഹാര സമരത്തിന്റെ മറയത്ത് മറ്റ് ചിലരുണ്ട്. അവര്‍ക്ക് അധികാരത്തിലേക്ക് വഴിയൊരുങ്ങണമെങ്കില്‍ സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കണം. അവര്‍ നേരിട്ട് രംഗത്തുവരുന്നതിനേക്കാള്‍ ഫലപ്രദം പൊതുസ്വീകാര്യനെന്ന പ്രതിച്ഛായ സൃഷ്ടിച്ച് മറ്റൊരാളെ രംഗത്തിറക്കുകയാണ്. കാരണം ഇപ്പോഴുയര്‍ന്ന ചില ആരോപണങ്ങളുടെ പിന്‍കാലം അന്വേഷിച്ചാല്‍ ഈ മറയത്തു നില്‍ക്കുന്നവരും ഗുണഭോക്താക്കളായുണ്ടാകുമെന്ന് ഉറപ്പ്. മാത്രവുമല്ല, കോടികള്‍ കൈക്കൂലിയായി നല്‍കിയ ഇതേ കമ്പനികളില്‍ നിന്നാണ് ഇപ്പോഴും പിന്നീടും തങ്ങളുടെ സ്വന്തം ഖജാനയിലേക്ക് പണമൊഴുകേണ്ടത് എന്ന തിരിച്ചറിവുമുണ്ട്.


 സംഭവിക്കേണ്ടതെല്ലാം സംഭവിക്കും. കര്‍മം ചെയ്യുക എന്നത് മാത്രമാണ് ഓരോരുത്തരും ചെയ്യുന്നത്. ഒരു വ്യത്യാസം മാത്രം - ഫലം ഇച്ഛിക്കുന്നുണ്ട്. അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത അധികാരമെന്ന ഫലം. കുരുക്ഷേത്രത്തിലേത് പോലെ.

1 comment:

  1. ഇവിടെ അണ്ണാഹസാരയെ നമുക്ക് സൂക്ഷിച്ച് നോക്കണ്ടിവരും .അദ്ദേഹം ശൃഷ്ടിച്ച ഗ്രമത്തിലെ നാടുവാഴ്ച ഒട്ടും മനുഷ്യപറ്റില്ലാത്തതാണന്നാണ് പറഞ്ഞ് കേൾക്കുന്നത്.

    ReplyDelete