2011-11-30

റെഡ്‌ സല്യൂട്ട്‌, കോമ്രേഡ്‌



സാമ്പത്തിക അസമത്വവും ഭൂപ്രഭുക്കളുടെ ചൂഷണവും മൂലം സഹജീവികള്‍ നരകിക്കുന്നത്‌ കണ്ട്‌ മനംനൊന്ത്‌, വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാക്കാനും എല്ലാവരും തുല്യരായി പരിഗണിക്കപ്പെടുന്ന കാലം പുലരുമെന്ന്‌ സ്വപ്‌നം കണ്ടും ഉസ്‌മാനിയ സര്‍വകലാശാലയിലെ ബിരുദ പഠനം പാതിവഴിയില്‍ നിര്‍ത്തി വിപ്ലവത്തിനുള്ള യത്‌നങ്ങളുടെ ഭാഗമായ, മല്ലോജുല കോടേശ്വര റാവു (കിഷന്‍ജി) ഇന്ന്‌ രാജ്യം ഭരിക്കുകയും ഇടത്‌ തീവ്രവാദമാണ്‌ ഏറ്റവും വലിയ വെല്ലുവിളിയെന്ന്‌ ഓരോ ശ്വാസത്തിലും ആവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ. മന്‍മോഹന്‍ സിംഗിനെക്കാളും കൊലക്കത്തിക്ക്‌ മൂര്‍ച്ച കൂട്ടാന്‍ യത്‌നിക്കുന്ന ആഭ്യന്തര മന്ത്രി പി ചിദംബരത്തേക്കാളും മഹത്വമുള്ള രാഷ്‌ട്രീയ നേതാവാണ്‌. കാരണം സ്വന്തം കുടുംബമെന്ന സ്വാര്‍ഥം തീണ്ടാതെ മുപ്പത്‌ വര്‍ഷത്തിലേറെക്കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കിഷന്‍ജി. മന്‍മോഹനാദി നേതാക്കളുണ്ടാക്കിയ വികസനക്കുതിപ്പ്‌ മൂലം പട്ടിണി കിടക്കാനെങ്കിലും സ്വന്തമായുണ്ടായിരുന്ന ഭൂമിയില്‍ നിന്ന്‌ പറിച്ചെറിയപ്പെട്ട ആദിവാസികള്‍ക്കിടയിലാണ്‌ ഭൂരിഭാഗം കാലവും ഈ `ഭീകരവാദി' പ്രവര്‍ത്തിച്ചത്‌. 


`ഏറ്റുമുട്ടലില്‍' വധിക്കപ്പെട്ട കിഷന്‍ജിയുടെ ശരീരം കണ്ടെത്തിയതും ആദിവാസിക്കുടികള്‍ക്ക്‌ ഏറെ അകലെയല്ല. വോട്ട്‌ ചോദിക്കാന്‍ വേണ്ടിപ്പോലും ഒരു ആദിവാസിക്കുടിയിലും പോകേണ്ടിവന്നിട്ടില്ലാത്ത മന്‍മോഹനെപ്പോലുള്ള നേതാക്കള്‍ക്ക്‌ ഇത്തരക്കാര്‍, കുഴി ബോംബ്‌ സ്‌ഫോടനവും അട്ടിമറികളും നടത്തി നിരപരാധികളുടെ ജീവനെടുക്കുന്ന `ഇടത്‌ തീവ്രവാദികള്‍' മാത്രമായിരിക്കും. ഇനിയുള്ള കാലത്തും അതങ്ങനെ ആയിരിക്കും. ആസാദ്‌, ഹേമചന്ദ്ര പാണ്ഡെ, ശശാധര്‍ മഹാതോ, കിഷന്‍ജി എന്നിങ്ങനെ ഭരണകൂടത്തിന്റെ ബുള്ളറ്റുകള്‍ തുളച്ച ശരീരങ്ങള്‍ (അത്‌ ഏറ്റുമുട്ടലിലാകാം വെടിവെച്ച്‌ കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതിലുമാകാം) ഇനിയും കാണേണ്ടി വരുമെന്ന്‌ ഉറപ്പ്‌.

കിഷന്‍ജി കൊല്ലപ്പെട്ട ദിവസം മറ്റ്‌ ചില കാരണങ്ങളാലും ശ്രദ്ധേയമായിരുന്നു. സോണിയാ ഗാന്ധിയുടെ വിദേശ ജന്‍മ പ്രശ്‌നമുയര്‍ത്തി നെഹ്‌റു കുടുംബത്തിന്റെ അപ്രീതി സമ്പാദിച്ചില്ലായിരുന്നുവെങ്കില്‍ ഡോ. മന്‍മോഹന്‍ സിംഗിരിക്കുന്ന സ്ഥാനത്തിന്‌ യു പി എയുടെ രണ്ടാമൂഴത്തിലെങ്കിലും പരിഗണിക്കപ്പെടുമായിരുന്ന മറാത്ത രാഷ്‌ട്രീയത്തിലെ എക്കാലത്തെയും കരുത്തരില്‍ ഒരാളായ ശരത്‌ പവാറിന്‌ ചെകിട്ടത്ത്‌ അടി കിട്ടിയ ദിവസം. ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനും ഒറ്റ ബ്രാന്‍ഡിന്റെ കാര്യത്തില്‍ നിക്ഷേപ പരിധി നൂറ്‌ ശതമാനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച ദിവസവും. 
പ്രത്യക്ഷത്തില്‍ മൂന്ന്‌ സംഭവങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ സൂക്ഷ്‌മമായി വിലയിരുത്തുമ്പോള്‍ മൂന്നിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെയും അതുയര്‍ത്തുന്ന അസംതൃപ്‌തിയുടെയും പുഴ കുലംകൂത്തിയൊഴുകുന്നത്‌ കാണാനാകും. 


ശരത്‌ പവാറിന്റെ ചെകിട്ടത്തടിച്ചതിനെ ന്യായീകരിക്കാനാകില്ല. ഭരണകൂടത്തിന്റെ നയങ്ങളെയും ജനദ്രോഹ നടപടികളെയും ചെറുക്കാന്‍ ഉന്‍മൂലനത്തിന്റെ പാത സ്വീകരിക്കുന്നതിനും ന്യായീകരണമില്ല. എന്നാല്‍ എന്തുകൊണ്ട്‌ ഇത്തരം തീവ്ര നിലപാടുകളിലേക്ക്‌ ഇവരെത്തിപ്പെടുന്നുവെന്ന ചോദ്യം പോലും അഭിമുഖീകരിക്കപ്പെടാതെ പോകുന്നു. ഗ്രാമീണ മേഖലയിലേക്ക്‌ വികസന പദ്ധതികള്‍ എത്തുന്നില്ലെന്ന്‌ സ്വയം വിമര്‍ശനം പോലെ പറയുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന കാഴ്‌ചപ്പാടിനെക്കുറിച്ച്‌ മന്‍മോഹന്‍ സിംഗിനെപ്പോലുള്ളവര്‍ ആവര്‍ത്തിക്കുകയും ചെയ്യുമെന്ന്‌ മാത്രം. അതിനപ്പുറത്ത്‌ യാതൊന്നും സംഭവിക്കാതിരിക്കുമ്പോഴാണ്‌ സി പി ഐ (മാവോയിസ്റ്റ്‌) രാജ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാന (നിരോധിക്കപ്പെട്ട സംഘടനയാണെങ്കിലും) മാകുന്നത്‌. അവരെ തുടച്ചു നീക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ സൈനികരെ നിയോഗിക്കുകയും അവര്‍ക്ക്‌ അത്യന്താധുനിക ആയുധങ്ങള്‍ ലഭ്യമാക്കുകയും ഹെലിക്കോപ്‌റ്ററുള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്‌ ഭരണകൂടം.

നക്‌സല്‍ബാരിയില്‍ നിന്ന്‌ `വസന്തത്തിന്റെ ഇടിമുഴക്ക'മുയര്‍ന്നതിന്‌ ശേഷം ഇന്ത്യയിലെ സായുധ വിപ്ലവ പ്രസ്ഥാനങ്ങളുടെത്‌ ശക്തിയാര്‍ജിക്കലിനേക്കാളുപരി ദുര്‍ബലമാകുന്നതിന്റെ ചരിത്രമാണ്‌ സൃഷ്‌ടിച്ചത്‌. ആശയ സംഘട്ടനങ്ങളും വ്യക്തികള്‍ തമ്മിലെ ഭിന്നതകളും പിളര്‍പ്പുകള്‍ സൃഷ്‌ടിച്ച കാലത്തിന്‌ ശേഷം ആന്ധ്രാ പ്രദേശില്‍ സി പി ഐ (എം എല്‍ - പീപ്പിള്‍സ്‌ വാര്‍) യും ബീഹാറില്‍ സി പി ഐ (എം എല്‍) യും ശക്തമായി നിലനിന്നു. ആന്ധ്രക്ക്‌ പുറത്തേക്ക്‌ സ്വാധീനം വര്‍ധിപ്പിക്കാന്‍ പീപ്പിള്‍സ്‌ വാര്‍ ഗ്രുപ്പ്‌ ശ്രമം നടത്തിയിരുന്നുവെങ്കിലും കാര്യമായ ഫലമുണ്ടാക്കിയിരുന്നില്ല. പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ സെന്റര്‍ ഓഫ്‌ ഇന്ത്യയും ലയിച്ച്‌ 2004ല്‍ സി പി ഐ (മാവോയിസ്റ്റ്‌) രൂപപ്പെടുന്നതോടെയാണ്‌ ഇടത്‌ തീവ്രവാദം മന്‍മോഹന്‍ സിംഗിനെപ്പോലുള്ളവരുടെ വലിയ തലവേദനയായി മാറും വിധത്തിലേക്ക്‌ വളരുന്നത്‌. 


1991ല്‍ മന്‍മോഹന്‍ സിംഗിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച ഉദാരവത്‌കരണത്തിലും സ്വകാര്യവത്‌കരണത്തിലും അധിഷ്‌ഠിതമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഈ വളര്‍ച്ചക്ക്‌ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. നഗരങ്ങള്‍ വളരുകയും ഗ്രാമങ്ങള്‍ തളരുകയും സമ്പന്നര്‍ കൂടുതല്‍ സമ്പത്ത്‌ ആര്‍ജിക്കുകയും ദരിദ്രര്‍ ആസ്‌തി കൂടുതല്‍ നഷ്‌ടപ്പെട്ടവരായി മാറുകയും ചെയ്‌തു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന്‌ വ്യക്തമായി മനസ്സിലായില്ലെങ്കിലും ചൂഷകരില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും തത്‌കാലത്തേക്കെങ്കിലും ആശ്വാസം പകര്‍ന്ന ഇടത്‌ തീവ്രവാദികളെ മധ്യേന്ത്യയിലെ ഗ്രാമീണര്‍ സുഹൃത്തുക്കളായി കണ്ടത്‌ ഈ സാഹചര്യത്തിലാണ്‌. അവരുടെ വാക്കുകള്‍ വിശ്വസിച്ച്‌ വ്യവസ്ഥാപിത ഭരണകൂടത്തെ ശത്രുപക്ഷത്ത്‌ സ്ഥാപിക്കുകയും ചെയ്‌തു.

വ്യവസായികളെ ഭീഷണിപ്പെടുത്തി പണം വാങ്ങിയും അവരുടെ സംഭരണികളിലേക്ക്‌ ഒഴുകിയ സ്വത്തുക്കള്‍ തട്ടിയെടുത്തുമാണ്‌ സി പി ഐ (മാവോയിസ്റ്റ്‌) പ്രവര്‍ത്തനത്തിന്‌ പണം കണ്ടെത്തിയത്‌. ഇതിന്റെ ഓഹരി ദാരിദ്ര്യത്തില്‍ ഉഴലുന്ന ജനങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്‌തു. വിവിധ വ്യവസായ ശാലകളിലേക്ക്‌ കൊണ്ടുപോകുന്ന സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്ത്‌ ഭരണകൂടത്തിന്‌ തിരിച്ചടികള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്‌തു. വ്യവസായികള്‍ക്ക്‌ തലവേദനയാകുകയും ജനങ്ങളുടെ പിന്തുണയോടെ ചില പ്രദേശങ്ങളുടെയെങ്കിലും നിയന്ത്രണം ഇടത്‌ തീവ്രവാദികള്‍ ഏറ്റെടുക്കുകയും ചെയ്‌തതോടെയാണ്‌ സൈനിക ഓപ്പറേഷന്‌ വ്യവസ്ഥാപിത ഭരണകൂടം തീരുമാനിച്ചത്‌. കേന്ദ്ര അര്‍ധ സൈനിക വിഭാഗവും അതാത്‌ സംസ്ഥാനങ്ങളിലെ പോലീസും ചേരുന്ന സംയുക്ത സേന ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും സി പി ഐ (മാവോയിസ്റ്റ്‌) യുടെ വേരറുക്കാന്‍ സാധിച്ചില്ല എന്നത്‌ തന്നെ അവര്‍ക്കുള്ള ജനപിന്തുണക്കുള്ള തെളിവാണ്‌. 
ഈ ജനപിന്തുണയില്ലാതാക്കാനായി പ്രഖ്യാപിച്ച വികസന പദ്ധതികളില്‍ പലതും ഗ്രാമീണ ജനതയുടെ കിടപ്പാടം ഇല്ലാതാക്കുകയോ ഉപജീവനമാര്‍ഗങ്ങളെ തടയുകയോ ചെയ്യുക കൂടിയായപ്പോള്‍ അതൃപ്‌തി വ്യാപിക്കുകയും ചെയ്‌തു. 


34 വര്‍ഷം ഇടതുപക്ഷം ഭരിച്ച പശ്ചിമ ബംഗാളിലെ ലാല്‍ഗഢിലും പിന്നീട്‌ ജംഗല്‍ മഹല്‍ മേഖലയിലും ഇടത്‌ തീവ്രവാദികള്‍ക്ക്‌ സ്വാധീനമുറപ്പിക്കാന്‍ സാധിച്ചതിന്റെ കാരണവും മറ്റൊന്നല്ല. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നയങ്ങളെ എതിര്‍ക്കുമെങ്കിലും ഫലപ്രദമായ ബദല്‍ മുന്നോട്ടുവെക്കാനോ അതിലേക്ക്‌ നീങ്ങാന്‍ പാകത്തിലുള്ള ജന സ്വാധീനമുണ്ടാക്കാനോ മുഖ്യധാരാ ഇടതു പാര്‍ട്ടികള്‍ക്ക്‌ സാധിച്ചില്ല. വ്യവസ്ഥാപിത ഭരണകൂടവും അതിലേക്ക്‌ കാലെടുത്തു വെക്കാന്‍ ത്രാണിയുള്ള മുഖ്യ പ്രതിപക്ഷവും ഇടതുപക്ഷത്തു നില്‍ക്കുന്ന പാര്‍ട്ടികളും അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന്‌ അകന്നതും സി പി ഐ (മാവോയിസ്റ്റ്‌)ക്ക്‌ അവസരം നല്‍കി. ഈ അന്തരീക്ഷം നിലനില്‍ക്കെയാണ്‌ അത്യാധുനിക ആയുധ സൗകര്യങ്ങളെല്ലാം നല്‍കി അവരെ ഇല്ലാതാക്കാനുള്ള ശ്രമം ഭരണകൂടം ശക്തമാക്കുന്നത്‌. ഇതിലെ അപാകം തിരിച്ചറിഞ്ഞാണ്‌ പി ചിദംബരത്തിന്റ ധാര്‍ഷ്‌ട്യത്തെക്കുറിച്ച്‌ പറയാന്‍ കോണ്‍ഗ്രസ്‌ നേതാവാണെങ്കിലും ദിഗ്‌വിജയ്‌ സിംഗ്‌ തയ്യാറായതും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ശാസന ഏറ്റുവാങ്ങിയതും.

പരിഷ്‌കാരങ്ങളുടെ ആഘാതം ഗ്രാമീണ ജനതയില്‍ നിന്ന്‌ നഗരവാസികളിലേക്ക്‌ എത്തിയിരിക്കുന്നുവെന്നതാണ്‌ ശരത്‌ പവാറിന്റെ ചെകിട്ടത്തേറ്റ അടിയുടെ കാരണം. വിലക്കയറ്റം പൊറുതിമുട്ടിക്കുകയും കൊടിയ അഴിമതികളിലൂടെ വഴിമാറിയൊഴുകുന്ന പണം വിലക്കയറ്റത്തിനൊരു കാരണമാണെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്ന ഇടത്തരക്കാരന്റെ പ്രതിനിധിയാണ്‌ ആ ചെകിട്ടത്തടിക്കാരന്‍. കേന്ദ്ര കൃഷി മന്ത്രി ശരത്‌ പവാറിനു നേര്‍ക്കണ്ടായ കൈയേറ്റത്തെ അപലപിക്കാന്‍ പാര്‍ലിമെന്റ്‌ ഒരു ശരീരമായി എഴുന്നേല്‍ക്കുന്നത്‌ പിറ്റേന്ന്‌ കണ്ടു. സ്വന്തം കിടപ്പാടം നഷ്‌ടപ്പെടാതിരിക്കാന്‍ സമരത്തിനിറങ്ങി പോലീസിന്റെ അടിയേറ്റ്‌ വീഴുകയോ മര്‍ദനത്തില്‍ പിടഞ്ഞ്‌ തിരിഞ്ഞോടുമ്പോള്‍ വെടിയേറ്റ്‌ ചലനം നിലക്കുകയോ ചെയ്‌ത ആരുടെയെങ്കിലും പേരില്‍ പാര്‍ലിമെന്റ്‌ ഒരു ശരീരമായ കാഴ്‌ച നാം കണ്ടിട്ടുണ്ടോ! സ്വന്തം ശരീരം വേദനിക്കുമ്പോള്‍ മാത്രമേ അപലപന ശബ്‌ദത്തിന്‌ അവര്‍ തയ്യാറാകുന്നുള്ളൂ. 


സ്വന്തം ശരീരത്തിലേറ്റ വേദനയുടെ ഫലമായിട്ടല്ല കിഷന്‍ജിയെപ്പോലുള്ളവര്‍ നാടിറങ്ങിയത്‌ എന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ മന്‍മോഹന്‍ സിംഗിനേയോ ചിദംബരത്തെയോ (പേരുകള്‍ പ്രതീകങ്ങള്‍ മാത്രം) അപേക്ഷിച്ച്‌ മഹാന്‍മാരായ രാഷ്‌ട്രീയ പ്രവര്‍ത്തകരാണ്‌ കിഷന്‍ജിയെപ്പോലുള്ളവരെന്ന്‌ തിരിച്ചറിയുന്നത്‌. ആ തിരിച്ചറിവില്ലാത്തതുകൊണ്ടാണ്‌ കിഷന്‍ജി കൊല്ലപ്പെട്ട, പവാറിന്‌ ചെകിട്ടത്തടിയേറ്റ അതേ ദിവസം തന്നെ പരിഷ്‌കാരത്തിന്‌ ആക്കം കൂട്ടി ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ മന്‍മനോഹനാദികള്‍ തീരുമാനിക്കുന്നത്‌. ഈ തീരുമാനം സൃഷ്‌ടിക്കാനിടയുള്ള ആഘാതത്തെക്കുറിച്ച്‌ അറിയാതെയല്ല, ഘടകകക്ഷിയുടെ എതിര്‍പ്പ്‌ പോലും അവഗണിച്ച്‌ മുന്നോട്ടുപോകാന്‍ തിടുക്കം കാട്ടുന്നത്‌. 


വാള്‍മാര്‍ട്ടിനെയും ടെസ്‌കോയെയും പോലുള്ള കുത്തക കമ്പനികള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്നു. അവര്‍ക്ക്‌ പിറകില്‍ ബരാക്‌ ഒബാമയും ആഞ്‌ജലാ മെര്‍ക്കലും പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുണ്ട്‌. ആ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അസാധാരണവും പുറത്തു കടക്കാന്‍ എളുപ്പവഴിയില്ലാത്തതുമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്‌. ആ കാത്തിരിപ്പ്‌ അവസാനിപ്പിക്കേണ്ട ബാധ്യത ഡോ. മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കുമുണ്ടെന്ന്‌ ജനാധിപത്യ സമ്പ്രദായത്തില്‍ വിശ്വാസമുള്ളവരെല്ലാം അംഗീകരിക്കുക. അല്ലാത്തവരെ തീവ്രവാദിയെന്നോ ഭീകരവാദിയെന്നോ തരാതരം പോലെ വിശേഷിപ്പിച്ച്‌ ബുള്ളറ്റുകള്‍ പാരിതോഷികമായി നല്‍കും.

5 comments:

  1. വിലക്കയറ്റം പൊറുതിമുട്ടിക്കുകയും കൊടിയ അഴിമതികളിലൂടെ വഴിമാറിയൊഴുകുന്ന പണം വിലക്കയറ്റത്തിനൊരു കാരണമാണെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്ന ഇടത്തരക്കാരന്റെ പ്രതിനിധിയാണ്‌ ആ ചെകിട്ടത്തടിക്കാരന്‍.
    നൂറുകോടിജനങ്ങളുടെ പ്രതിനിധിയാണ് ആ തലേക്കെട്ടുക്കാരൻ

    ReplyDelete
  2. ശരത്‌ പവാറിന്റെ ചെകിട്ടത്തടിച്ചതിനെ ന്യായീകരിക്കാനാകില്ല...വിയോജിപ്പ്.

    ആ ഒരു ചെകിട്ടത്തടി കൊണ്ട് പ്രത്യേകിച്ചൊന്നും നേടാനാകില്ലെന്നു വരാം. പക്ഷേ ആ അടിയുടെ ഭംഗിയും ഔചിത്യവും യുക്തിയും കണ്ടില്ലെന്നു നടിക്കാൻ വ്യക്തിപരമായി എനിക്കാവുന്നില്ല. ശരത്പവാർ, അഥവാ, അയാളെപ്പോലുള്ളവർ കൃപാണം പോലും അർഹിക്കുന്നുണ്ട് എന്നാണ് എന്റെ പക്ഷം.

    ലേഖനത്തിലെ ബാക്കി ഭാഗങ്ങളോട് പരിപൂർണ്ണ യോജിപ്പ്.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  3. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ ഉറച്ച ശബ്ദമുയര്‍ത്തുന്നവരെ നിശ്ശബ്ദമാക്കുന്നതെങ്ങനെ എന്നതിന്‍റെ മികച്ച ഉദാഹരണമാണ് 'മാവോയിസ്റ്റുകളെ' സഹായിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ശേഷം പാക്ചാരസംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്.

    രാജ്യത്തിന് ഭീഷണിയായി അവതരിപ്പിക്കപ്പെടുന്ന മാവോയിസം ചൈനയില്‍ നിന്നോ നേപ്പാളില്‍ നിന്നോ കടംകൊണ്ടതോ ഊര്‍ജമുള്ക്കൊണ്ടതോ അല്ല. അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ സമഗ്രവികസനത്തിന്‌ നേരെ മുഖംതിരിച്ച ഭരണകൂടങ്ങളോടുള്ള അസംതൃപ്തിയാണ് ഇത്തരം സംഘങ്ങളുടെ പ്രയാണത്തിന് വേഗംകൂട്ടിയത്‌. എങ്കില്‍, ചികിത്സ വേണ്ടത് 'നമ്മുടെ' വികസന കാഴ്ചപ്പാടുകള്‍ക്കാണ്. രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് വികസനപദ്ധതികളില് തുല്യപങ്കാളിത്തം അനുവദിച്ചു നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം.

    മാത്രനല്ല; ഈ വിഭാഗത്തില്‍ നിന്ന് എത്ര ആളുകളെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തിച്ചു? അവരുടെ ജനസംഖ്യാനുപാതം വച്ചുനോക്കിയാല്‍ നീതിനിഷേധത്തിന്‍റെ വലുപ്പം മനസ്സിലാക്കാം. സാമൂഹികാവശ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടം പിന്നെ ആരുടെ താത്പര്യ സംരക്ഷകരാണ്? രാജ്യത്തെ മഹാഭൂരിപക്ഷവും അസമത്വവും അവഗണനയും നേരിടുമ്പോള്‍ അസംതൃപ്തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 'ഹരിതവേട്ട' (Operation Green Hunt) എന്ന പേരില്‍ ആദിവാസികള്‍ക്കു നേരെ നടത്താനുദ്ദേശിക്കുന്ന സൈനികനടപടിയെ സംശയത്തോടെ വീക്ഷിക്കാനേ കഴിയൂ. ലോകത്തെ തോറിയം നിക്ഷേപങ്ങളില്‍ 40 ശതമാനത്തിലധികം ആദിവാസികള്‍ അധിവസിക്കുന്ന ഭൂമിയിടങ്ങളിലാണ്. അവിടെ നിന്നും അവരെ കുടിയിറക്കി കുത്തകമുതലാളിമാര്‍ക്ക് ആ ഭൂമിയെ തീറെഴുതികൊടുക്കാനുള്ള നീക്കമാണ് ആഭ്യന്തരമന്ത്രിയും കൂട്ടരുടേതും.എന്നിട്ടിനിയും 'തീവ്രവാദികള്‍' ജനിക്കുന്നതിനെച്ചൊല്ലി കരഞ്ഞിട്ടെന്തുകാര്യം.

    ReplyDelete
  4. നല്ല ഭരണം അതിന് ഒരു സര്‍ക്കാറിനും കഴിഞ്ഞിട്ടില്ലാ , സമഗ്ര വികസനത്തിന്റെ വലിയ വിവരങ്ങള്‍ വിളിച്ചു പറയുക എന്നല്ലാതെ അതും നടന്നിട്ടില്ല

    നല്ല പോസ്റ്റ്

    ReplyDelete