2012-08-14



 


 

'മൊബൈല്‍' മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി


തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പ്രകടനപത്രികയില്‍ സൗജന്യങ്ങള്‍ നിരത്തുന്ന രീതി പുതുതല്ല. തിരശ്ശീലയിലെ ജീവിതത്തിന് ലഭിച്ച വലിയ ജനപിന്തുണ രാഷ്ട്രീയ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച എന്‍ ടി രാമറാവു തെലുങ്കന്റെ അഹംബോധത്തെ ഉത്തേജിപ്പിച്ച് തെലുങ്കുദേശം പാര്‍ട്ടിയുമായി രംഗത്തിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് കിലോക്ക് രണ്ട് രൂപക്ക് അരി എന്നതായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ ദ്രാവിഡപ്പാര്‍ട്ടികള്‍ കിലോക്ക് രണ്ട് രൂപക്കും ഒരു രൂപക്കും അരി വാഗ്ദാനം ചെയ്ത് മടുത്തപ്പോള്‍ എല്ലാ വീട്ടിലും സൗജന്യ കളര്‍ ടി വി വിതരണം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുരട്ചിത്തലൈവി വാഗ്ദാനം ചെയ്തത് പ്ലസ് ടു കുട്ടികള്‍ക്ക് ലാപ്‌ടോപ്പായിരുന്നു.

രാജ്യത്തെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെല്ലാം   മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുന്നതിനെക്കുറിച്ച് രണ്ടാം യു പി എ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ജനപിന്തുണയാര്‍ജിക്കുന്നതിന് പുതിയ വഴികള്‍ തേടുകയാണെന്നാണ് പൊതുവില്‍ തോന്നുക. എല്ലാ വീട്ടിലും മൊബൈല്‍ ഫോണ്‍ ലഭ്യമാക്കി ജനങ്ങളെയാകെ സാങ്കേതിക വിദ്യാ വിപ്ലവത്തിന്റെ ഭാഗമാക്കാനുള്ള സദ്‌വിചാരമാണ് പദ്ധതിക്ക് പിന്നിലെന്ന് കരുതുകയുമാകാം. അതങ്ങനെയാണോ എന്നറിയണമെങ്കില്‍ യു പി എയിലെ ഘടകകക്ഷിയായി തുടരുന്ന ദ്രാവിഡ മുന്നേറ്റ കഴകം 2004ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനത്തെ ആദ്യം വിശകലനം ചെയ്യണം.

ടെലിവിഷനില്ലാത്ത വീടുകളിലെല്ലാം കളര്‍ ടെലിവിഷന്‍ സൗജന്യമായി നല്‍കുമെന്നതായിരുന്നു ഡി എം കെയുടെ അന്നത്തെ വാഗ്ദാനം. ഇപ്പോള്‍ യു പി എ ആലോചിക്കുന്നത് പോലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയില്ല ഡി എം കെ. കരുണാനിധിയുടെ നേതൃത്വത്തില്‍ ഡി എം കെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറിയതോടെ സൗജന്യ കളര്‍ ടെലിവിഷന്‍ വിതരണം ആരംഭിച്ചു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കി ടെലിവിഷനുകള്‍ മൊത്തമായി വാങ്ങി വിതരണം  ചെയ്തപ്പോള്‍ ഡി എം കെക്കും കരുണാനിധിയുടെ ബന്ധുവായ മാരന്റെ കുടുംബത്തിനും ഉണ്ടായ നേട്ടങ്ങള്‍ ചില്ലറയല്ല. മാരന്‍ കുടുംബത്തിന്റെതാണ് സണ്‍ നെറ്റ്‌വര്‍ക്കിലുള്ള ഉപഗ്രഹ ചാനലുകളെല്ലാം. അവരുടെതായി കേബിള്‍ വിതരണ ശൃംഖല വേറെ. പിന്നെ സിനിമാ നിര്‍മാണവും.


ഒരു ബി പി എല്‍ കുടുംബത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ടെലിവിഷന്‍ സൗജന്യമായി എത്തുമ്പോള്‍ ഒരു കേബിള്‍ കണക്ഷന്‍ മാരന്‍ കുടുംബത്തിന് കീഴിലുള്ള കമ്പനിക്ക് ലഭിക്കും. അങ്ങനെ ലഭിക്കുന്ന പണത്തിന്റെ ചെറിയൊരു വിഹിതം ഡി എം കെയുടെ ഫണ്ടിലേക്ക് എത്തിയിട്ടുണ്ടാകുമോ? അതോ കരുണാനിധി കുടുംബത്തിന്റെ സ്വത്തിലേക്ക് ചേര്‍ന്നിട്ടുണ്ടാകുമോ? ഇതു രണ്ടുമുണ്ടായിട്ടില്ലെന്ന് ഉറപ്പിക്കാനാകില്ല. കേബിള്‍ കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചാല്‍ അത് മാരന്റെ കമ്പനിയുടെ പരസ്യ വരുമാനം വര്‍ധിക്കുമെന്ന് ഉറപ്പ്. ആ കേബിളുകളിലൂടെ സംപ്രേഷണം ചെയ്യുന്ന സിനിമകളുടെ പരസ്യത്തിലും വര്‍ധനയുണ്ടാകും. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ വീതംവെപ്പ് ഏത് വിധത്തിലായിരിക്കും? ടെലിവിഷനുകള്‍ മൊത്തമായി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ലഭിച്ച കമ്മീഷന്‍ പാര്‍ട്ടിയുടെ അക്കൗണ്ടിലോ നേതാവിന്റെ കുടുംബത്തിന്റെ അക്കൗണ്ടിലോ എത്തിക്കാണുക? തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ട്.
ഡി എം കെക്ക് തമിഴ്‌നാടെന്ന ഒരു തീരത്തെ ചാകര മാത്രമേ ലഭിച്ചുള്ളൂ.


രാജ്യം ഭരിക്കുന്ന യു പി എ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് രാജ്യത്താകെ ചാകരക്കോള് തുറക്കുകയാണ് എല്ലാ കുടുംബത്തിലും മൊബൈല്‍ ഫോണെന്ന ആശയം. കോള് കൊയ്യാന്‍ അവസരം ലഭിക്കുക കോണ്‍ഗ്രസിന് മാത്രമാണോ? പൊതു തിരഞ്ഞെടുപ്പ് 2014ല്‍ മാത്രം നടക്കാനിരിക്കെ 2012ല്‍ ഇത്തരമൊരു സൗജന്യ പദ്ധതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത് എന്തിന്? 2009ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2008ലെ ബജറ്റില്‍ മാത്രമാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി ഒന്നാം യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അത് കൂടി കണക്കിലെടുക്കുമ്പോഴാണ് മൊബേല്‍ ഫോണ്‍ സൗജന്യമായി വിതരണം ചെയ്യുക എന്ന പദ്ധതി കാലേക്കൂട്ടി ആലോചിക്കുന്നതിന്റെ സാംഗത്യം ബോധ്യപ്പെടുക.

രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വിവിധ ടെലികോം കമ്പനികള്‍ക്കായി അനുവദിച്ച 122 ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന തത്വമനുസരിച്ച്, 2001ല്‍ നിശ്ചയിച്ച നിരക്ക് ഈടാക്കി വിതരണം ചെയ്ത ലൈസന്‍സുകളാണ് റദ്ദാക്കിയത്. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന രംഗത്തേക്ക്  പ്രവേശിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് സ്‌പെക്ട്രം കൈമാറിയത് കുറഞ്ഞ തുക ഫീസായി ഈടാക്കിയാണ്. ഇതാണ് 1,76,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്ന് കംപ്രട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രേഖപ്പെടുത്താനും എ രാജ വരെയുള്ളവര്‍ അറസ്റ്റിലാകാന്‍ ഇടയാക്കിയ കോഴക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാനും കാരണമായത്. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് ലൈസന്‍സും സ്‌പെക്ട്രവും ലേലത്തിന് വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലേലത്തിന് അടിസ്ഥാന തുക നിശ്ചയിച്ചിരിക്കുന്നത് 14,000 കോടി രൂപയാണ്.


അതിന് മുകളിലേക്ക് വിളിച്ച് ലേലം കൊള്ളുന്നവര്‍ക്ക് സ്‌പെക്ട്രവും ലൈസന്‍സും ലഭിക്കും. അത്രയും തുക മുടക്കി രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കരാറെടുത്താല്‍ സ്വകാര്യ കമ്പനികള്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്ക വയ്യ. അതുകൊണ്ടാണ് ടെലിഫോണ്‍ നിരക്കുകള്‍ ചെറിയ തോതിലെങ്കിലും കൂട്ടേണ്ടി വരുമെന്ന് അവര്‍ മുന്‍കൂറായി പറഞ്ഞുവെച്ചത്. നിരക്കുകള്‍ കൂട്ടിയാല്‍ ഉപഭോഗം കുറയും. അതും കമ്പനികളുടെ ലാഭത്തെ ബാധിക്കും.

ലേലത്തില്‍ വലിയ തുക മുടക്കി ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കുന്ന കമ്പനികള്‍ക്ക് മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചെടുക്കാന്‍ മാര്‍ഗമെന്ത്? ഈ ആലോചന കുത്തക കമ്പനികളുടെ തലപ്പത്ത് മാത്രമല്ല, സര്‍ക്കാറിന്റെ തലപ്പത്തും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ തലപ്പത്തും നടന്നുകാണണം. റിക്ഷാ വലിക്കുന്നയാള്‍ മുതല്‍ തെങ്ങ് കയറുന്നയാള്‍ വരെയുള്ളവരുടെ കൈകളിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ സ്‌പെക്ട്രവും ലൈസന്‍സും കുറഞ്ഞ നിരക്കില്‍ ആദ്യം വന്നവര്‍ക്ക് ആദ്യമെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയത് എന്നാണ് എ രാജ നേരത്തെ പറഞ്ഞത്. ആ സിദ്ധാന്തം കുറേക്കൂടി വ്യാപിപ്പിച്ചാല്‍ മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചെടുക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.


നേരത്തെ അനുവദിച്ച സ്‌പെക്ട്രം സി എ ജി റിപ്പോര്‍ട്ടിന്റെയും അഴിമതി ആരോപണത്തിന്റെയും കേസുകളുടെയും ഫലമായി റദ്ദാക്കിയപ്പോള്‍ കമ്പനികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാം. ഇന്ത്യയെ നിക്ഷേപസൗഹൃദ രാജ്യമായി കണ്ട കുത്തക കമ്പനികള്‍ക്ക്, ലൈസന്‍സും സ്‌പെക്ട്രവും റദ്ദാക്കിയ കോടതിയുത്തരവ് തീര്‍ത്തും ദഹിച്ചിരുന്നില്ല. നിക്ഷേപത്തിന് അനുകൂലമായ കാര്യങ്ങളല്ല ഇതെന്ന് അവര്‍ വിലയിരുത്തി. ഈ ചിന്താഗതി മാറ്റിയെടുക്കാനും രാജയുടെ സിദ്ധാന്തത്തിന്റെ വ്യാപനത്തിലൂടെ സാധിക്കും.
ദാരിദ്ര്യ രേഖക്ക് താഴെയുള്ള രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുന്നതിലൂടെ ചുരുങ്ങിയത് പത്ത് കോടി കണക്ഷനുള്ള അവസരമെങ്കിലും തുറന്നു കിട്ടും. പൊതുമേഖലാ കമ്പനിയായ ബി എസ് എന്‍ എല്ലിന്റെ കണക്ഷന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുവെന്ന് സങ്കല്‍പ്പിക്കുക. എങ്കിലും വലിയൊരു കമ്പോളം തുറന്നു കിട്ടുകയാണ്. അത് എങ്ങനെ വിനിയോഗിക്കണമെന്ന് സ്വകാര്യ, കുത്തക കമ്പനികള്‍ക്ക് നന്നായി അറിയാം.


ഓഫറുകളുടെയും സൗജന്യങ്ങളുടെയും പെരുമഴയുമായി അവര്‍  ഈ കമ്പോളത്തിലേക്ക് ഇറങ്ങിച്ചെല്ലും. 2008ല്‍ ലൈസന്‍സിനും സ്‌പെക്ട്രത്തിനുമായി കമ്പനികള്‍ നല്‍കിയത് 1454 കോടി രൂപ മാത്രമാണ്. 2012ല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും വരെ ലഭിച്ച നാല് കൊല്ലത്തിനിടെ ഈ തുകയുടെ പല ഇരട്ടികള്‍ കമ്പനികള്‍ നേടിയെടുത്തിട്ടുണ്ട് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് നടത്തിയ നിക്ഷേപം പോലും ഇക്കാലത്തിനിടെ തിരിച്ചെടുത്തിട്ടുണ്ടാകണം. അത്തരമൊരു സാധ്യത, പുതുതായി നിക്ഷേപം നടത്താനൊരുങ്ങുന്ന കമ്പനികള്‍ക്ക് തുറന്ന് നല്‍കേണ്ട ബാധ്യത ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണകൂടത്തിനില്ലേ? അതിന് വേണ്ടി അവര്‍ക്ക് ഏറ്റവുമെളുപ്പത്തില്‍ ചെയ്യാവുന്നത് രാജ്യത്തെ എല്ലാ കുടുംബങ്ങളെയും മൊബൈല്‍ ഫോണ്‍ വരിക്കാരാക്കുക എന്നത് തന്നെയാണ്.

ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്‍ മാറ്റിവെക്കാം. ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ പരിധിയില്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവര്‍ ഉള്‍പ്പെട്ടാല്‍ സംഭവിക്കുന്ന വലിയ ബാധ്യതയെക്കുറിച്ച് നിരന്തരം തര്‍ക്കിക്കാം. ദിവസം 25 രൂപ വരുമാനമുള്ള കുടുംബം ദാരിദ്ര്യ രേഖക്ക് മുകളിലാണെന്ന് വാദിക്കാം. ഈ കാലതാമസമൊന്നും വലിയ തുക നിക്ഷേപിക്കുന്ന കമ്പനികളുടെ കാര്യത്തില്‍ പറ്റില്ല.  ലേലത്തുക ഒടുക്കി പുറത്തിറങ്ങുമ്പോള്‍ തന്നെ അത് തിരിച്ചെടുക്കാനുള്ള സംവിധാനം തയ്യാറാക്കി വെക്കണം. അതുകൊണ്ടാണ് സ്‌പെക്ട്രത്തിന്റെ പുനര്‍ലേലം നടത്തുന്നതിന് മുമ്പ് തന്നെ എല്ലാ കുടുംബങ്ങളിലും മൊബൈല്‍ ഫോണെത്തിക്കുന്നതിനെക്കുറിച്ച് മന്‍മോഹന്‍ സിംഗ് ഭരണകൂടം ആലോചിക്കുന്നത്.

പ്രണാബ് മുഖര്‍ജി രാഷ്ട്രപതി ഭവനിലെത്തിയതോടെ ധനകാര്യ മന്ത്രാലയത്തിലേക്ക് തിരിച്ചെത്തിയ പി ചിദംബരം ചുമതലയേറ്റതിന് തൊട്ടുപിറകെയാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. 2008ല്‍ ലൈസന്‍സും സ്‌പെക്ട്രവും വിതരണം ചെയ്യുമ്പോള്‍ ധന വകുപ്പിന്റെ ചുമതല ചിദംബരത്തിനായിരുന്നു. 2001ല്‍ നിശ്ചയിച്ച പ്രവേശ ഫീസിന് 2008ല്‍ സ്‌പെക്ട്രം കൈമാറാന്‍ എ രാജ തീരുമാനിച്ചപ്പോള്‍ നിശ്ശബ്ദനായിരുന്നു ചിദംബരം. ലൈസന്‍സ് ലഭിച്ച കമ്പനികള്‍, വിദേശ കമ്പനികള്‍ക്ക് ഓഹരി കൈമാറ്റം ചെയ്ത് കോടികള്‍ സമ്പാദിക്കുമ്പോഴും കാഴ്ചക്കാരായിരുന്നു അന്നത്തെ ധനമന്ത്രാലയം. അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ സജീവമായി നിലനില്‍ക്കുകയുമാണ്. അതിനിടെയാണ് അദ്ദേഹം ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ തിരിച്ചെത്തുന്നതും പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതും.
പ്രതീക്ഷകള്‍ തെറ്റിയില്ലെങ്കില്‍ ഈ സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി പ്രഖ്യാപിക്കപ്പെടും. ആശയ വിനിമയത്തിന്റെ പുതിയ സ്വാതന്ത്ര്യത്തിലേക്ക് രാജ്യത്തെ എല്ലാ കുടുംബങ്ങളെയുമെത്തിച്ചതിന്റെ ഖ്യാതി ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാറും സോണിയാ ഗാന്ധി  പ്രസിഡന്റായ കോണ്‍ഗ്രസും സ്വന്തമാക്കും. ഊര്‍ജ ക്ഷാമം മൂലം നേരിടുന്ന കൊടിയ ദുരിതങ്ങള്‍ പറയുന്നതിന് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുവോളം കാത്തിരിക്കേണ്ടി വരില്ല വിദര്‍ഭകളിലെ കലാവതിമാര്‍ക്ക്. അവര്‍ക്ക് മൊബൈല്‍ ഫോണിലൂടെ വിളിച്ച് അപ്പപ്പോള്‍ കാര്യങ്ങള്‍ ധരിപ്പിക്കാം. അരിയെത്തിയില്ലെന്ന് ഫോണ്‍ വിളിച്ച് പരാതിപ്പെടാം. ഇതിലും വലിയ ഭക്ഷ്യ സുരക്ഷ എന്താണ്! ഇത്രയും സൗകര്യമൊക്കെയേ ഒരു ജനകീയ സര്‍ക്കാറിന് ഒരുക്കാനാകൂ.

No comments:

Post a Comment