2012-10-12

ജഗനും കനിയും പിന്നെ വധേരയും



വിവിധ ഇടപാടുകളെച്ചൊല്ലി ഉയരുന്ന അഴിമതി, ക്രമക്കേട്, അനധികൃത സമ്പാദ്യം, കള്ളപ്പണം തുടങ്ങിയ ആരോപണങ്ങള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. കരയില്‍ കേട്ട കഥകളേക്കാള്‍ വലുത് കടല്‍ തീരത്തു നിന്ന് കേള്‍ക്കാന്‍ പോകുന്നുവെന്നത് ഭീഷണിയായി മുന്നിലുണ്ട് താനും. ഝാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി മധു കോഡ ഉള്‍പ്പെട്ട അഴിമതി, അനധികൃത സമ്പാദ്യ, കള്ളപ്പണക്കേസില്‍ വരെ കോണ്‍ഗ്രസിന് മനോവിഷമത്തിന് കാരണമുണ്ട്. സ്വതന്ത്രനായ കോഡ മുഖ്യമന്ത്രിയായി ഭരിച്ചത് കോണ്‍ഗ്രസിന്റെ സഹായത്തോടെയാണ്. സമാനായ ആരോപണങ്ങളുടെ ചേരുവയെല്ലാമുണ്ട്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സി ബി ഐ) അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കേസിന്.


ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ആന്ധ്രാ പ്രദേശ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചരിത്രത്തിലെ ജനകീയ നേതാക്കളില്‍ ഒരാളായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ മകന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിയാണ്. കേസില്‍ അറസ്റ്റിലായ ജഗന്‍, കോടതികള്‍ ജാമ്യം നിഷേധിക്കമൂലം ജയിലില്‍ കഴിയുകയാണ്. എന്നാല്‍ ഈ കേസ് കോണ്‍ഗ്രസിന് ഇപ്പോള്‍ മനോവിഷമമൊന്നും സമ്മാനിക്കുന്നില്ല. വൈ എസ് ആര്‍ എന്ന ത്രയക്ഷരി ഹെലിക്കോപ്റ്ററപകടത്തില്‍ യശഃശരീരനായി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കരുനീക്കം പാളിയതോടെ പുറത്തുപോയി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ജഗനാകട്ടെ ഇപ്പോള്‍ ശത്രുസ്ഥാനത്തുമാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഹൈക്കമാന്‍ഡിനോ മനോവിഷമമുണ്ടാകേണ്ട കാര്യമില്ല. ആന്ധ്രയിലെ അധികാരവും അവിടെ നിന്ന് ലോക്‌സഭയിലേക്ക് എത്തുന്ന കോണ്‍ഗ്രസ് പ്രതിനിധികളുടെ എണ്ണവും നിലനിര്‍ത്താന്‍ ചിരഞ്ജീവിയുടെ സഹായമുണ്ട്, തെലുങ്കാന രാഷ്ട്ര സമിതി കൂടി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ കാര്യം കുറേക്കൂടി ഭദ്രമാകും. പിന്നെ പാര്‍ട്ടിക്ക് വെല്ലുവിളിയേയില്ല.


കണക്കിലും രേഖയിലും കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ജഗനെതിരായ ആരോപണങ്ങളും അന്വേഷണവും കുറേക്കൂടി സൂക്ഷ്മമായി വിലയിരുത്തേണ്ട സാഹചര്യം ഉരുത്തിരിയുകയാണ്, ചുരുങ്ങിയത് കോണ്‍ഗ്രസിനെ സംബന്ധിച്ചെങ്കിലും. 2004ല്‍ കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം നേടിക്കൊടുത്തുകൊണ്ടാണ് വൈ എസ് ആര്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്. 2009ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനും സാധിച്ചു. 2009 സെപ്തംബറില്‍ അപകടം സംഭവിക്കും വരെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു വൈ എസ് ആര്‍. തെലുങ്കു ദേശം പാര്‍ട്ടിയുടെ നേതാവ് ചന്ദ്ര  ബാബു നായിഡു ഇടക്കാലത്തുന്നയിച്ച അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ പോലും വിശ്വസിച്ചില്ല. അത്രയ്ക്കുണ്ടായിരുന്നു പ്രഭാവം. എന്നാല്‍ ഇക്കാലത്ത് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി വ്യവസായ പ്രമുഖനായി വളര്‍ന്നു. സിമന്റ് ഫാക്ടറി, പത്രം, ചാനല്‍ തുടങ്ങി സാമ്രാജ്യം വളര്‍ന്നു. മൂന്ന് കോടിയുടെ ആസ്തി, രണ്ട് വര്‍ഷം കൊണ്ട് 300 കോടിയിലേക്ക് വളരുന്നത് കണ്ട് രാജ്യം തന്നെ അമ്പരന്നു. വരുമാനത്തിന് കൃത്യമായി നികുതി നല്‍കി ഉത്തരവാദിത്വമുള്ള പൗരനുമായി യുവ നേതാവ്.


ഈ പകിട്ടെല്ലാം ഇല്ലാതായത് വൈ എസ് ആറിന്റെ മരണത്തിന് ശേഷം ജഗന്റെ അധികാര മോഹത്തിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ, കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തെക്കുറിച്ച് ആരോപണമുന്നയിച്ചപ്പോഴാണ്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയതും മറ്റാരുമല്ല. ഏറ്റവുമൊടുവില്‍ വൈ എസ് ആറിന്റെ ഭരണകാലത്ത് നടന്ന ഇടപാടുകളൊക്കെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. വൈ എസ് ആറിന്റെ കാലത്ത് മന്ത്രിസഭയിലുണ്ടായിരുന്നവരെ ഇപ്പോഴത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നതില്‍ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. വൈ എസ് ആര്‍ മുഖ്യമന്ത്രിയായിരിക്കെ ആ സ്വാധീനം ഉപയോഗപ്പെടുത്തി ജഗന്‍ വഴിവിട്ട ഇടപാടുകള്‍ ഇടത്തി സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് ആദ്യം ആരോപിച്ച കോണ്‍ഗ്രസുകാര്‍ മകന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വൈ എസ് ആര്‍ കൂട്ടുനിന്നുവെന്ന് പിന്നീട് തിരുത്തി.


വൈ എസ് ആറിന്റെ കാലത്ത് ആന്ധ്രയുടെ തലസ്ഥാനമായ ഹൈദരാബാദിലും പരിസര പ്രദേശത്തും നടന്നത് കോടികളുടെ ഭൂമിയിടപാടുകളായിരുന്നു. എമാര്‍ എം ജി എഫിനെപ്പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുതല്‍ പ്രദേശത്തെ കമ്പനികള്‍ക്ക്  വരെ ഭൂമി അനുവദിക്കപ്പെട്ടു. ഏതാണ്ടെല്ലാ ഇടപാടുകളിലും ഭൂമി കൈമാറ്റം ചെയ്തത് തുച്ഛ വിലക്ക്. ഖജനാവിന് കോടികള്‍ നഷ്ടമായപ്പോള്‍ ജഗന്റെ കമ്പനിയിലേക്ക് കോടികള്‍ ഒഴുകി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പേരിന് മാത്രമുള്ള കമ്പനികളിലൂടെയായിരുന്നു ഈ ഒഴുക്ക്. ഇതേക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി ബി ഐയും നടത്തിയ അന്വേഷണത്തിന്റെ ബാക്കിപത്രമാണ് ജഗന്റെ വിചാരണത്തടവ്.


ഈ പഴംകഥയില്‍ നിന്ന് വേണം ഡല്‍ഹിയിലെ ചക്രവര്‍ത്തീ കുടുംബത്തിലെ വിശേഷങ്ങളിലേക്ക് എത്താന്‍. നായകന്‍ റോബര്‍ട്ട് വധേരയെന്ന യുവ വ്യവസായി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവ്. തന്റെ അളവിനൊപ്പിച്ച് പ്രധാനമന്ത്രിക്കുപ്പായം തയ്പ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ മച്ചുനന്‍. 1997ല്‍ പ്രിയങ്കയെ വിവാഹം ചെയ്ത വധേര 2007വരെ കരകൗശലവസ്തുക്കള്‍ വിപണനം ചെയ്യുന്ന ചെറു കമ്പനിയുടെ ഉടമസ്ഥന്‍ മാത്രമായിരുന്നു. അവിടുന്നങ്ങോട്ട് പൊടുന്നനെ വളര്‍ച്ച. ഒരു വര്‍ഷം കൊണ്ട് റിയല്‍ എസ്റ്റേറ്റ് രംഗത്തടക്കം അഞ്ച് കമ്പനികള്‍. 50 ലക്ഷം രൂപയാണ് അഞ്ച് കമ്പനികളിലുമായി ആകെ മൂലധനമായുണ്ടായിരുന്നത്. എന്നിട്ടും കോടികള്‍ വിലമതിക്കുന്ന ഭൂമി 29 ഇടത്തായി വധേരയുടെ കമ്പനി വാങ്ങിക്കൂട്ടി. ഡല്‍ഹിയുടെ ഹൃദയഭാഗത്ത്, രാജസ്ഥാനില്‍, ഹരിയാനയില്‍ ഒക്കെ. എല്ലായിടത്തും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വധേരയുടെ കമ്പനിക്ക് ഭൂമി കിട്ടി.


ഇതിന്  വേണ്ട പണം പലിശയില്ലാത്ത വായ്പയായി നല്‍കാന്‍ രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്  കമ്പനിയായ ഡി എല്‍ എഫ് അടക്കം നാല് കമ്പനികള്‍ തയ്യാറായി. ആത്മഹത്യക്കൊരുങ്ങി നില്‍ക്കുന്ന കര്‍ഷകന് പോലും പലിശ രഹിത വായ്പ ലഭിക്കാത്ത രാജ്യത്ത് റോബര്‍ട്ട് വധേരക്ക് പലിശയില്ലാത്ത വായ്പയായി ലഭിച്ചത് 80 കോടി രൂപ.


ഇങ്ങനെ കിട്ടിയ പണം മുഴുവന്‍ വധേരയുടെ കമ്പനികളുടെ ബാധ്യതയായാണ് കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും അഞ്ച് കോടിയുടെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് കമ്പനികള്‍ കൃത്യമായി നികുതി നല്‍കുകയും ചെയ്തു. അനേക കോടികളുടെ ബാധ്യത നിലനില്‍ക്കുമ്പോഴും നിക്ഷേപത്തിന്റെ പലിശയായി ലഭിക്കുന്ന വരുമാനത്തിന് കമ്പനികള്‍ നികുതി നല്‍കണമെന്ന് നിഷ്‌കര്‍ഷക്കുന്ന ഉത്തമ പൗരനായി റോബര്‍ട്ട് വധേര. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ മരുമകന്‍ ഇതിലപ്പുറം മാതൃക കാട്ടുന്നത് എങ്ങനെ?


കണക്കുകളും രേഖകളും ഇങ്ങനെയിരിക്കുമ്പോള്‍ അരവിന്ദ് കെജ്‌രിവാളെന്ന മുന്‍ അന്നാ സംഘക്കാരന്‍ ഉന്നയിക്കുന്ന ആരോപണത്തെ എങ്ങനെ മുഖവിലക്കെടുക്കും. അധ്യക്ഷയുടെ മരുമകനെതിരെ ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണം പാര്‍ട്ടിക്കെതിരായ യുദ്ധ പ്രഖ്യാപനമായി മാത്രമേ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക് കാണാനാകൂ. അല്ലെങ്കില്‍ അങ്ങനെ കാണുക എന്നതാണ് സോണിയ - രാഹുല്‍ ദ്വന്ദ്വത്തില്‍ മാത്രം ഊന്നിനില്‍ക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് കാമ്യമായുള്ളത്. അതുകൊണ്ടാണ് വധേരയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണമില്ലെന്ന് ധനമന്ത്രി പി ചിദംബരം വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിക്കുന്നത്. സ്വകാര്യ കമ്പനികള്‍ ആര്‍ക്കെങ്കിലും പലിശയില്ലാതെ വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്ന് വ്യക്തമാക്കുന്നത്.

കൊള്ളപ്പലിശയെക്കുറിച്ചോ കള്ളപ്പണത്തെക്കുറിച്ചോ അന്വേഷണമില്ലാത്ത രാജ്യത്ത് പലിശ രഹിത വായ്പയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക് കാര്യമായെന്തോ പ്രശ്‌നമുണ്ടെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്ന് ചിദംബരാദികള്‍ പ്രതീക്ഷിക്കുന്നു.
ഇവിടെ ജഗന്റെ പഴംകഥയിലേക്ക് മടങ്ങണം. വൈ എസ് ആറെന്ന മുഖ്യമന്ത്രിയുടെ സ്വാധീനം പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് വിവിധ കമ്പനികള്‍ ജഗന്റെ കമ്പനിയിലേക്ക് പണമൊഴുക്കിയത്. അങ്ങനെയാണ് നിക്ഷേപം കുതിച്ചുയരുകയും മൂന്ന് വര്‍ഷം കൊണ്ട് അനേക കോടികളുടെ ആസ്തിയുണ്ടാകുകയും ചെയ്തത്. അതിന് ആദായ നികുതിയടച്ച് ജഗന്‍ ഉത്തമ പുരുഷനായത്. ടെലികോം അഴിമതിയില്‍ കലൈഞ്ജര്‍ ടി വിയിലേക്ക് കടമായെത്തിയ 200 കോടി, ലൈസന്‍സും സ്‌പെക്ട്രവും അനുവദിച്ചതിനുള്ള പ്രതിഫലമായി ഡി ബി റിയാല്‍ട്ടിയില്‍ നിന്ന് ലഭിച്ചതാണെന്ന് സി ബി ഐ ആരോപിക്കുന്നുണ്ട്. ആ കേസിലാണ് കനിമൊഴി കുറച്ച് കാലം തിഹാര്‍ ജയിലില്‍ വിചാരണത്തടുവുകാരിയായി കഴിഞ്ഞത്. കേസില്‍ വിചാരണ നടക്കുന്നതേയുള്ളൂ. 200 കോടി പലിശ സഹിതം തിരിച്ച് നല്‍കിയതിന് രേഖയുണ്ടായിരുന്നു. എന്നിട്ടും കോഴപ്പണമെന്ന ആരോപണത്തില്‍ നിന്ന് പിന്‍മാറിയില്ല സി ബി ഐ. വിവിധ കമ്പനികളില്‍ നിന്ന് നിക്ഷേപമായെത്തുന്നതായാലും പലിശയുള്ളതോ ഇല്ലാത്തതോ ആയ വായ്പയായാലും കോഴപ്പണമാകാനുള്ള സാധ്യത ഏറെയാണെന്ന് വ്യക്തം.


പ്രതിസന്ധി നേരിടുകയും ഓഹരി മൂല്യം ഇടിയുകയും ചെയ്യുന്ന കാലത്താണ് ഡി എല്‍ എഫ് എന്ന കമ്പനി റോബര്‍ട്ട് വധേരയുടെ കമ്പനിക്ക് കോടികള്‍ വായ്പ നല്‍കുകയും അതുപയോഗിച്ച് വന്‍തോതില്‍ ഭൂമി ഇടപാടുകള്‍ നടത്തുകയും ചെയ്തത്. ചേതമില്ലാതെയാണ് ഡി എല്‍ എഫ് ഇത്രയും പണം നല്‍കിയത് എന്ന് വാദിച്ചാല്‍ വിശ്വസിക്കാന്‍ പി ചിദംബരത്തിന്റെയത്ര ബുദ്ധിയുള്ളവര്‍ക്കേ സാധിക്കൂ. ഡി എല്‍ എഫിന്റെ ആയിരത്തിലൊന്ന് വലുപ്പമില്ലാത്ത, രണ്ടോ മൂന്നോ നിലകളിലായി നാലോ ആറോ അപ്പാര്‍ട്ട്‌മെന്റുകളുള്ള കെട്ടിടം നിര്‍മിക്കുന്ന കേരളത്തിലെ നാമമാത്ര കരാറുകാരന്‍ പോലും പണം കൈമാറുമ്പോള്‍ (പ്രത്യേകിച്ച് രാഷ്ട്രീയ നേതാവിനോ അവന്റെ ബന്ധുവിനോ) ലാഭം മുന്നില്‍ കാണുമെന്ന് ഉറപ്പ്. അപ്പോള്‍ പിന്നെ ഡി എല്‍ എഫിന്റെ കാര്യം പറയാനുണ്ടോ? അധികാരത്തിലെ സ്വാധീനമുപയോഗിച്ച് ചുളുവിലക്ക് ഭൂമി വാങ്ങി നല്‍കാന്‍ വധേരക്കാകുമെന്ന പ്രതീക്ഷയായിരിക്കാം ഒരു കാരണം. അല്ലെങ്കില്‍ വധേരയെക്കൂടി പങ്കാളിയാക്കി റിയല്‍ എസ്റ്റേറ്റ് വ്യവസായം വ്യാപിപ്പിക്കാമെന്ന കണക്ക് കൂട്ടലാകാം.


ആന്ധ്രയില്‍ തുച്ഛവിലക്ക് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ ഭൂമിയായിരുന്നു. അതിന് ആനുപാതികമായ ലാഭം വൈ എസ് ആറിന്റെ മകനുണ്ടായി. ഇവിടെ അധികാരത്തിന്റെ സ്വാധീമുപയോഗിച്ച് വില കുറക്കാനോ കണ്ണായ ഭൂമി വാങ്ങിയെടുക്കാനോ മാത്രമേ സാധിച്ചുള്ളൂവെന്ന് മാത്രം. അതിലൂടെ പോലും ഭാവിയില്‍ വധേരയുടെ കമ്പനിക്ക്, അതിലൂടെ ഡി എല്‍ എഫിന് ലഭ്യമാക്കുന്നത് അനേക കോടികളുടെ ലാഭമാണ്. അസാധാരണമായ സാമ്യമുണ്ട് ജഗന്റെയും വധേരയുടെയും ഇടപാടുകള്‍ തമ്മില്‍. അന്വേഷണത്തിലും സമാനതകളുണ്ടാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.


വധേര വലിയ വ്യവസായിയായി മാറുന്ന കാലത്ത് (2008) തന്നെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും പ്രിയങ്ക ഗാന്ധി അവസാനിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. കുടുംബമഹിമയില്‍ കളങ്കമുണ്ടാകുന്നത് തടയാനുള്ള മുന്‍കൂര്‍ ജാമ്യമായിരുന്നോ ഇതെന്ന് ന്യായമായും സംശയിക്കണം. ഇന്ദിരാ പ്രിയദര്‍ശിനിയെന്ന മുത്തശ്ശിയുമായി പ്രിയങ്കക്കുള്ള സാദൃശ്യം ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും.

No comments:

Post a Comment