2012-10-26

പിഴ മൂളലും തിരുത്തലും (ഹാപ്പി അവേഴ്‌സ്)



സംഘടനാപരമായ കാര്യങ്ങളില്‍ പറ്റിയ വീഴ്ചകള്‍ പരസ്യമായി ഏറ്റുപറയാന്‍ തയ്യാറായതു വഴി ലെനിനിസ്റ്റ് സംഘടനാ തത്വം പാലിക്കപ്പെടുന്നത് കണ്ട് ആനന്ദിക്കാനുള്ള അവസരം കുറച്ചിട സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് നല്‍കാന്‍ തയ്യാറായ വി എസ് അച്യുതാനന്ദന്‍, ഒരു കാര്യം മാധ്യമങ്ങള്‍ക്കും അതുവഴി ജനങ്ങള്‍ക്കും ഉറപ്പ് നല്‍കി. സംഘടനാപരമായ കാര്യങ്ങളിലുണ്ടായ തെറ്റുകള്‍ സ്വയംവിമര്‍ശനപരമായി ഏറ്റുപറഞ്ഞ് സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റിയില്‍ തുടരാന്‍ തീരുമാനിക്കുന്ന താന്‍ പാര്‍ട്ടി ഇച്ഛിക്കുന്നത് പോലെ വിധേയനാകില്ലെന്ന ഉറപ്പ്. കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും നടത്തിയ ഏറ്റുപറച്ചില്‍ ജനങ്ങള്‍ക്ക് മുമ്പാകെ ആവര്‍ത്തിക്കണമെന്ന് നിര്‍ബന്ധിച്ചതിലൂടെ സി പി എം നേതൃത്വവും ഒരുറപ്പ് നല്‍കുന്നുണ്ട്. പാര്‍ട്ടി നടക്കുന്ന വഴിയേ അച്ചടക്കത്തോടെ നടക്കുന്ന സ്വത്തായി വി എസ് അച്യുതാനന്ദനെ മാറ്റുമെന്ന ഉറപ്പ്. ഇവ രണ്ടും കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ ലഭിക്കുന്നത്, ചേരിപ്പോരില്‍ ഊറ്റം കുറിയില്ല എന്ന് തന്നെയാണ്.


കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ കേരളം ബംഗാളാകണമെന്ന സി പി എമ്മിന്റെ ചിരകാല സ്വപ്നം സാധ്യമാകുമെന്ന് ഉറപ്പ്. 34 വര്‍ഷം നീണ്ട ഇടത് ഭരണം അവസാനിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം പിടിച്ച ബംഗാളല്ല, ജംഗിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ട് നേടി    ബി ജെ പി വളരുന്നുണ്ടെന്ന് വിളിച്ചറിയിച്ച ബംഗാള്‍. നിലവില്‍ ചെറുഭൂരിപക്ഷത്താല്‍ മാത്രം അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറിനെ ആവശ്യത്തിനും അനാവശ്യത്തിനും ന്യൂനപക്ഷത്തിന്റെ തടങ്കലിലുള്ളതെന്ന് വിശേഷിപ്പിച്ച് മൃദുഹിന്ദുത്വത്തെ ഉണര്‍ത്തി വളര്‍ത്താന്‍, ചേരിപ്പോരിന്റെ ഹരത്തിനിടയിലും പാര്‍ട്ടിയും വി എസ്സും കിണഞ്ഞ് ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.


തെറ്റുകള്‍ ഏറ്റുപറഞ്ഞ് വി എസ് അനുസരണയുള്ള കുട്ടിയായതിലുള്ള ആവേശമാണ് പാര്‍ട്ടി ഹാപ്പിയാണെന്ന് പറഞ്ഞപ്പോള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്ക് വെച്ചത്. പൊതുമേഖലാ ബേങ്കുകളുടെ വായ്പാ -നിക്ഷേപാനുപാതം, ജനകീയാസൂത്രണത്തിലെ വിദേശ ഫണ്ട് ആരോപണം, നാലാം ലോകം, പ്രത്യയശാസ്ത്ര വ്യതിചലനം, ലാവ്‌ലിന്‍ കോഴ, എ ഡി ബി വായ്പ എന്ന് തുടങ്ങി കൂടങ്കുളം സമരം, ന്യൂട്രീനോ പരീക്ഷണം എന്നിവ വരെയും ഭൂമി കൈയേറ്റം, വിസ്മയ പാര്‍ക്ക്, എച്ച് എം ടി ഭൂമി, ഐസ് ക്രീം പെണ്‍വാണിഭം, വി ഐ പി സന്ദര്‍ശനം, ലോട്ടറി മാഫിയ, വെറുക്കപ്പെട്ടവന്‍ എന്ന് തുടങ്ങി ടി പി ചന്ദ്രശേഖരന്‍ വധം, ചാരക്കേസ്, കൊച്ചി മെട്രോ റെയില്‍ കമ്മീഷന്‍ എന്നിവ വരെയും എത്തി നില്‍ക്കുന്ന വിവിധങ്ങളായ ജനപ്രിയ വിഷയങ്ങളിലൂടെ പാര്‍ട്ടിയെയും സംഘടനാ മര്യാദകള്‍ പാലിച്ച് ജീവിക്കുന്ന അതിന്റെ നേതാക്കളെയും അപകടത്തില്‍പ്പെടുത്തിയ നേതാവ് പരസ്യമായി തെറ്റ് ഏറ്റുപറയുമ്പോള്‍ ഹാപ്പിയാകുക സ്വാഭാവികം മാത്രം. ഹാപ്പിനെസ്സിന് ആയുസ്സ് മണിക്കൂറുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് തിരിച്ചറിഞ്ഞു  തന്നെയാണ് ഹാപ്പിയാണെന്ന കാര്യം പരസ്യമായി പറഞ്ഞതും. നൈമിഷികമായ ഈ ഹാപ്പിനെസ്സിനും അത് നൈമിഷികമാക്കുന്ന വി എസ്സിന്റെ വാക്കുകള്‍ക്കും കാരണങ്ങള്‍ നിരവധിയാണ്.


സംഘടനാപരമായ പാളിച്ചകള്‍ പരസ്യമായി ഏറ്റുപറയുമ്പോഴും പാളിച്ചകള്‍ക്ക് നിദാനമായ കാര്യങ്ങളില്‍ തന്റെ നിലപാടാണ് ശരിയെന്ന് വി എസ് വ്യക്തമാക്കുന്നുണ്ട്. കൂടങ്കുളം ആണവ നിലയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്ത നിലപാട് ലംഘിച്ച് അവിടേക്ക് യാത്ര നടത്തിയത് സംഘടനാപരമായ വീഴ്ചയാണ്. സുരക്ഷ ഉറപ്പാക്കിയ ശേഷമേ കൂടങ്കുളം നിലയം പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂവെന്നും അതിന് വേണ്ടി സമരം നടത്തുന്നവരെ അടിച്ചൊതുക്കുന്നത് ശരിയല്ലെന്നും സി പി എം സ്വീകരിച്ച നിലപാട് അംഗീകരിക്കുന്നു. ഇതിന് തുടര്‍ച്ചയായി വി എസ് പറഞ്ഞത്  ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആണവ നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് ശാസ്ത്ര ലോകത്ത് തര്‍ക്കം തുടരുന്നുണ്ട്. കൂടങ്കുളമുള്‍പ്പെടെ ആണവ പദ്ധതികളുടെ കാര്യത്തില്‍ ജാഗ്രത തുടരും. ശാസ്ത്ര ലോകത്ത് തര്‍ക്കം തുടരുന്നുവെങ്കില്‍ സുരക്ഷ ഉറപ്പാക്കാനായില്ലെന്നാണ് അര്‍ഥം. അങ്ങനെയങ്കില്‍ സി പി എം തന്റെ നിലപാടാണ് പിന്തുടരേണ്ടിവരികയെന്നാണ് വി എസ് പരോക്ഷമായി പറഞ്ഞുവെക്കുന്നത്.


സോവിയറ്റ് യൂനിയന്റെ കാലത്തുണ്ടാക്കിയ കരാറിന്റെ ഫലമായി, റഷ്യ സ്ഥാപിച്ച് നല്‍കുന്നതാണ് എന്നതു കൊണ്ടു മാത്രം കൂടങ്കുളത്തെ റിയാക്ടറുകള്‍ സുരക്ഷിതമാകുമോ? അതിനപ്പുറത്ത് നിലവില്‍ പൂര്‍ത്തിയാക്കിയ രണ്ട് റിയാക്ടറുകളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട രേഖകള്‍ മാത്രമേ സി പി എമ്മിന്റെ പക്കലുള്ളൂ. അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണ കരാറുണ്ടാക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ പരമാധികാരം വരെ തീറെഴുതിയതാണ് യു പി എ സര്‍ക്കാറെന്ന് ആരോപിക്കുന്ന സി പി എം, കൂടങ്കുളത്തിന്റെ കാര്യത്തില്‍ അതേ സര്‍ക്കാറിന്റെ രേഖകളെ വിശ്വസിക്കുന്നത് എങ്ങനെ? ആണവോര്‍ജത്തെ പാടെ എതിര്‍ക്കുക എന്നത് സി പി എമ്മിന്റെ നയമല്ല എന്നത് അംഗീകരിക്കാം. അങ്ങനെയങ്കില്‍ മഹാരാഷ്ട്രയിലെ ജെയ്താപൂരില്‍ ഫ്രാന്‍സില്‍ നിന്ന് റിയാക്ടര്‍ വാങ്ങി സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും കൂടങ്കുളത്ത് റഷ്യ സ്ഥാപിച്ച റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നത് എങ്ങനെ? 89കാരന്റെ ഈ ചോദ്യങ്ങള്‍ ഏത് സാധാരണക്കാരനും മനസ്സിലാകുന്നത്ര ലളിതമാണ്. അതിന് ഉത്തരം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് സംഘടനാപരമായ പാളിച്ചയുടെ ഏറ്റുപറച്ചിലിനൊപ്പം കൂടങ്കുളത്ത് ജാഗ്രത തുടരുമെന്ന് വി എസ് പ്രഖ്യാപിച്ചത്.


നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ടി പി ചന്ദ്രശേഖരന്റെ വസതിയില്‍ പോയതില്‍ മാത്രമേ പാളിച്ചയുണ്ടായിട്ടൂള്ളൂവെന്ന് വി എസ് പറയുമ്പോള്‍ അവിടെ പോയത് ഉചിതമായെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് വി എസ്. കുലംകുത്തിയെന്ന് ആവര്‍ത്തിച്ചതില്‍ മനംനൊന്ത് പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതാണ് സ്വയം വിമര്‍ശനപരമായി വിലയിരുത്തിയ അടുത്ത പാളിച്ച. മറ്റെന്തെങ്കിലും ഉദാഹരണത്തിലൂടെ പാര്‍ട്ടി സെക്രട്ടറിയുടെ ശിലാഹൃദയത്തെ വെളിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നു. ടി പി വധക്കേസില്‍ പാര്‍ട്ടി പ്രതിക്കൂട്ടിലാണ്. പാപത്തിന്റെ കറ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ നേതാക്കളുടെയോ ശരീരത്തില്‍ മാത്രമേയുള്ളോ അതോ പാര്‍ട്ടിയുടെ ശരീരത്തിലുമുണ്ടോ എന്ന് തിട്ടമാകുന്നതിന് മുമ്പ് കൊല്ലപ്പെട്ടയാള്‍ കുലംകുത്തിയായിരുന്നുവെന്ന് പറഞ്ഞ സെക്രട്ടറി അധമനും. അങ്ങനെ കറപറ്റിയിട്ടുണ്ടെങ്കില്‍ അത് കഴുകിക്കളഞ്ഞ്, ഉത്തരവാദികളായവരെ പുറത്താക്കി ശുദ്ധികലശം നടത്തണമെന്ന് തന്നെയാണ് കുമ്പസാരത്തിനിടെ വി എസ് പറഞ്ഞുവെച്ചത്.


ഇതെല്ലാം ശരി തന്നെ. പാപക്കറ കഴുകിക്കളഞ്ഞ്, അതിന്റെ ഉത്തരവാദികളെ നീക്കം ചെയ്ത്, ജനവികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വമുള്ള രാഷ്ട്രീയ സംവിധനമായി സി പി എം നിലനില്‍ക്കേണ്ടതുണ്ട്. പക്ഷേ, അതിന് വഴിയൊരുക്കാനുള്ള വെമ്പലാണ് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും വി എസ് നല്‍കിയ ഉറപ്പെന്ന് വിശ്വസിക്കുക പ്രയാസം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രം തന്നെയാണ് വിശ്വാസ രാഹിത്യം ജനിപ്പിക്കുകയും വേരുറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നത്. ചേരിപ്പോരിന് കരുത്തേകാന്‍ ഉതകുന്നതോ പ്രതിച്ഛായക്ക് തിളക്കമേറ്റാന്‍ ഉപയുക്തമാകുന്നതോ ആയ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൈയടക്കം കാട്ടുകയാണ് വി എസ് ചെയ്യാറ്.

കൂടങ്കുളത്ത് തുടര്‍ന്നും ജാഗ്രത കാട്ടുമെന്ന് പറയുന്ന വി എസ്സിന് വിളപ്പില്‍ശാലയെന്ന മുറ്റത്തെ മുല്ലയുടെ ദുര്‍ഗന്ധം പ്രശ്‌നമേയല്ല. ചേരിപ്പോരിലൊരു കരു കൂട്ടാന്‍ വക നല്‍കുന്നതല്ല ചവറു സമരമെന്ന തിരിച്ചറിവല്ലാതെ മറ്റൊന്നല്ല കാരണം. ചെങ്ങറയിലെ സമരക്കാരെ റബ്ബര്‍ കള്ളന്മാരെന്ന് വിളിച്ച് ആക്ഷേപിക്കാന്‍ തയ്യാറായതിന് പിറകിലും വേറെ കാരണം അന്വേഷിക്കേണ്ടതില്ല.


കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്‍ ഭൂ പരിഷ്‌കരണത്തിന് ബദല്‍ വേണമെന്ന് അഭിപ്രായപ്പെട്ട് തയ്യാറാക്കിയ കുറിപ്പിനെച്ചൊല്ലി വലിയ കോലാഹലം സൃഷ്ടിച്ച വി എസ്, ഭൂ പരിഷ്‌കരണത്തില്‍ എമ്പാടും വെള്ളം ചേര്‍ത്ത് കെ എം മാണി നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ എന്ത് ചെയ്തുവെന്ന് അന്വേഷിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്. തോട്ടം മുതലാളിമാര്‍ക്ക് അഞ്ച് ശതമാനം ഭൂമി വിനോദ സഞ്ചാര വികസനത്തിന് വിനിയോഗിക്കാന്‍ അവസരം നല്‍കിയ നിയമഭേദഗതിയെ വേണ്ടവിധത്തില്‍ എതിര്‍ക്കാന്‍ തയ്യാറാകാതിരുന്ന നേതാവാണ് ചെങ്ങറയിലെ സമരക്കാര്‍ മുന്നോട്ടുവെച്ച രണ്ടാം ഭൂപരിഷ്‌കരണമെന്ന ആശയത്തെ നിഷ്‌കരുണം വിമര്‍ശിച്ചത് എന്നതും ഓര്‍ക്കണം. ബാലകൃഷ്ണനെ മുന്നില്‍ നിര്‍ത്തി എളമരം കരീമിനെയും  അതുവഴി  പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിക്കുമ്പോഴുള്ള നേട്ടം കെ എം മാണിയുടെ ഭേദഗതിയെ എതിര്‍ക്കുമ്പോള്‍ കിട്ടില്ലല്ലോ!  കൊക്ക കോളയോ എന്‍ഡോസള്‍ഫാനോ കൂടങ്കുളമോ നല്‍കുന്ന ദേശീയ പ്രതിച്ഛായ വിളപ്പില്‍ശാലയോ ചെങ്ങറയോ നല്‍കുകയുമില്ല.


മേല്‍ വിവരിച്ച പട്ടികയിലുള്ള വിഷയങ്ങളൊന്നും വി എസ് നേരിട്ട് ഉയര്‍ത്തിക്കൊണ്ടുവന്നവയല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവയില്‍ ഭൂരിഭാഗവും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഉപേക്ഷിക്കാതെ കൊണ്ടുനടക്കുന്നവ തന്നെ ചില നിര്‍ണായക ഘട്ടങ്ങളില്‍ ആക്രമണോപാധിയാക്കുന്നുവെന്നതല്ലാതെ പ്രശ്‌നപരിഹാരത്തിലേക്ക് എത്തിക്കാന്‍ ഭരണത്തിലിരുന്ന കാലത്ത് പോലും ശ്രമിച്ചിട്ടുമില്ല. 2006ലെ തിരഞ്ഞെടുപ്പില്‍ മുഖ്യായുധമാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പിന്നീട് അദ്ദേഹത്തിന് വിഷയീഭവിച്ചത് 2011ലെ തിരഞ്ഞെടുപ്പില്‍ മാത്രമായിരുന്നു. പാളിച്ചയേറ്റുപറയുമ്പോഴും നിലപാടില്‍ മാറ്റമില്ലെന്ന് ഉറപ്പിച്ച വിഷയങ്ങളിലും വരുംകാലത്ത് വി എസ് സ്വീകരിക്കാനിടയുള്ള  മാര്‍ഗം ഇതുതന്നെയാകുമെന്ന് പ്രതീക്ഷിക്കണം. ഇത്തരത്തിലാണോ ശുദ്ധീകരണമെന്ന് ചോദിച്ചാല്‍, പാര്‍ട്ടിക്കുള്ളില്‍ നിന്നു കൊണ്ട് മാത്രമേ ശുദ്ധീകരണം സാധ്യമാകൂ എന്ന വിശദീകരണമാകുമുണ്ടാകുക.


സാഹചര്യമിതായിട്ടും പരസ്യമായി പിഴമൂളിച്ച് വി എസ്സിനെ നിലനിര്‍ത്തുമ്പോള്‍ കേരളത്തിലെ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മുന്നില്‍ അധികാരമല്ലാതെ മറ്റാഗ്രഹങ്ങളെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ 2016ലാകും നിയമസഭാ തിരഞ്ഞെടുപ്പ്. അതില്‍ ജയം നേടാനുള്ള സാധ്യത, നവതിയിലെത്തിയ ജനപ്രിയ താരത്തെ പുറത്താക്കി ഇല്ലാതാക്കുക എന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ പയറ്റുന്ന ആരും സ്വീകരിക്കാനിടയില്ലാത്ത അടവാണ്. ജനപ്രിയ താരത്തെ പുറത്താക്കിയാലുണ്ടാകാന്‍ ഇടയുള്ള മാധ്യമ ആക്രമണത്തെയും പ്രചാരണത്തെയും നേരിടാനുള്ള ത്രാണി, പുതിയ കാലത്തിന്റെ സര്‍വ ദുഷിപ്പുകളും പേറുന്ന പാര്‍ട്ടി ശരീരത്തിന് തത്കാലമില്ലെന്നതും വസ്തുത മാത്രം.


ടി പി ചന്ദ്രശേഖരന്റെ വധവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളോടുള്ള പ്രതികരണവും പാര്‍ട്ടി ശരീരത്തിന്റെ ദൗര്‍ബല്യം  തീര്‍ത്തും വ്യക്തമാക്കുന്നതായിരുന്നു. അങ്ങനെയുള്ളൊരു പാര്‍ട്ടിക്ക് ചെറിയ ജയങ്ങളില്‍ ഹാപ്പിയാകാനേ സാധിക്കൂ. തെറ്റുകള്‍ തിരുത്തുക എന്ന തീരുമാനം ഏതറ്റം വരെയും നടപ്പാക്കുന്ന കായകല്‍പ്പ ചികിത്സക്ക് വിധേയനാകാത്തിടത്തോളം കാലം തൊലിപ്പുറത്തുള്ള സന്തോഷങ്ങളില്‍ വിടര്‍ന്ന് ചിരിക്കുകയേ മാര്‍ഗമുള്ളൂ.


പന്തിപ്പഴുത് നോക്കി വെട്ടുന്ന ചേകവനായി വി എസ്സും മുറിച്ചുരിക എറിഞ്ഞ് വീഴ്ത്താന്‍ അവസരം തേടി പാര്‍ട്ടിയും (ഔദ്യോഗിക നേതൃത്വം) അങ്കത്തട്ടിലുണ്ടാകുമെന്ന് ചുരുക്കം. അപ്പോള്‍ ഹാപ്പിയാകുക ഉമ്മന്‍ ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി പ്രഭൃതികളായിരിക്കും. ഭാവിയിലുണ്ടാകാനിടയുള്ള നേട്ടത്തെക്കുറിച്ച് ആലോചിച്ച് ഹിന്ദുത്വ വര്‍ഗീയവാദികളും.

No comments:

Post a Comment