2012-11-27

കുരുക്ക് മുറുക്കിയതിന്റെ നാനാര്‍ഥങ്ങള്‍



രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി, മുംബൈ നഗരത്തില്‍ നടമാടിയ 60 മണിക്കൂര്‍ നീണ്ട സംഹാരതാണ്ഡവത്തിന്റെ നാലാം വാര്‍ഷികമെത്തുമ്പോള്‍ ചെറിയ തോതിലെങ്കിലും പ്രതികാരം ചെയ്തുവെന്ന തോന്നല്‍ അന്തരീക്ഷത്തിലുണ്ട്. ആക്രമണത്തിനിടെ പിടിയിലായ അമീര്‍ അജ്മല്‍ കസബിനെ ഏതാനും ദിവസം മുമ്പ് തൂക്കിലേറ്റിയപ്പോള്‍, ആക്രമണത്തിന്റെ ഇരകളില്‍ പലര്‍ക്കും നീതിനിര്‍വഹണത്തിന്റെ ഉചിതമായ രീതിയായി അനുഭവപ്പെട്ടു. രാജ്യത്തിനെതിരെ ആക്രമണം നടത്തി 166 പേരുടെ ജീവനൊടുക്കിയ സംഘത്തിലൊരുവനെയെങ്കിലും തൂക്കിലേറ്റാന്‍ സാധിച്ചതിനെ അഭിമാനമായി കാണുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരം കുറ്റവാളികളെ തൂക്കിലേറ്റിയാല്‍ പോര, ഇഞ്ചിഞ്ചായി കൊല്ലുകയാണ് വേണ്ടത് എന്ന വൈകാരിക പ്രതികരണങ്ങളും കുറവല്ല. ഇതെല്ലാം ചേരുന്നതാണ് തെരുവില്‍ പടക്കം  പൊട്ടിച്ചും മധുര പലഹാരം വിതരണം  ചെയ്തും തൂക്കിലേറ്റല്‍ ആഘോഷിച്ച ജനങ്ങള്‍. തിന്‍മക്കു മേല്‍ നന്മ നേടുന്ന അന്തിമ വിജയത്തെ പ്രത്യാശയോടെ കാണുകയും അതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പൊതു ബോധം. യഥാര്‍ഥത്തില്‍ നന്മയുടെ പക്ഷത്തു നില്‍ക്കാത്തവര്‍ പോലും ഈ കൈയടിയുടെ ഭാഗഭാഗാക്കും. ഒരു മാറ്റിനി ആള്‍ക്കൂട്ടത്തിന്റെ പൊതുബോധ നിലവാരം മാത്രമേ പലപ്പോഴും അതിനുണ്ടാകൂ. അതുകൊണ്ടാണ് കസബിനെ കഴുവേറ്റിയത്, അന്തരിച്ച നേതാവ് ബാല്‍ താക്കറെക്കുള്ള ആദരാഞ്ജലിയായി ശിവസേനാ നേതാക്കള്‍ വ്യഹരിച്ചത്. ഏത് തരം വിദ്വേഷത്തിന്റെ ഉത്പന്നമായിരുന്നോ കസബ്, അത്തരം വിദ്വേഷത്തിന്റെ ഉത്പാദകരില്‍ ഒരാള്‍ക്കുള്ള ആദരാഞ്ജലി!


കസബ് എന്ന കൊടും കുറ്റവാളിക്ക് നിയമം അനുശാസിക്കും വിധത്തിലുള്ള വിചാരണ ഉറപ്പാക്കാന്‍ രാജ്യത്തെ നീതിന്യായ സംവിധാനം ശ്രമിച്ചുവെന്ന് സാമാന്യമായി ധരിക്കാം. വിചാരണക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും കസബിന് അഭിഭാഷകന്റെ സേവനം ലഭ്യമാക്കിയിരുന്നു. സുപ്രീം കോടതിയില്‍ കസബിന്റെ ഭാഗത്തുണ്ടായിരുന്നത് പ്രമുഖ അഭിഭാഷകനായ രാജു രാമചന്ദ്രനാണ്. പാക്കിസ്ഥാന്‍ പൗരനായ, അതിനിഷ്ഠുരമായ കൂട്ടക്കുരുതിയില്‍ പങ്കാളിയായ ഒരാള്‍ക്ക് ഇതിലധികം നിയമസഹായം വേറെ ഏതെങ്കിലും രാജ്യത്ത് ലഭിക്കുമോ എന്ന് സംശയം. ഇവിടെ പ്രകടിപ്പിച്ച വിശാലമായ നീതിബോധം ശിക്ഷ നടപ്പാക്കുന്ന സമയത്ത് ഭരണകൂടം കാട്ടിയോ എന്നതില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.
പ്രസിഡന്റിന് സമര്‍പ്പിക്കപ്പെട്ട ദയാഹരജി തള്ളപ്പെട്ടാലും ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിക്കാനുള്ള അവകാശം കുറ്റവാളിക്കുണ്ടെന്നതാണ് കീഴ്‌വഴക്കം. അതിന്റെ തെളിവുകള്‍ ജീവനോടെയും അല്ലാതെയും നമ്മുടെ മുന്നിലുണ്ട്.


പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന് ഗുഢാലോചന നടത്തിയെന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട കെഹാര്‍ സിംഗിന്റെ ദയാഹരജി തള്ളപ്പെട്ടപ്പോള്‍, തനിക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കാന്‍ പ്രസിഡന്റിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം കെഹാര്‍ സിംഗ് ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, ദയാഹരജി വീണ്ടും പരിഗണിക്കാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. രണ്ടാമതും ദയാഹരജി തള്ളിയപ്പോള്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസില്‍ തൂക്കുകയറിന്റെ നിഴലില്‍ കഴിയുന്ന ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍, ദയാഹരജി തള്ളിയതോടെ കോടതിയെ സമീപിച്ചു. ദയാഹരജിയില്‍ തീരുമാനമെടുക്കുന്നതിന് വര്‍ഷങ്ങളെടുത്തുവെന്നും അത്രയും കാലം വധശിക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞത്, തൂക്കിലേറ്റുന്നതിനേക്കാള്‍ വലിയ ശിക്ഷയാണെന്നുമാണ് ഇവരുടെ വാദം. ഈ ഹരജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്.


ഇത്തരത്തില്‍ നിയമം നല്‍കുന്ന ആനുകൂല്യങ്ങള്‍ കസബിന് നിഷേധിക്കപ്പെട്ടതിനെയാണ് നിയമജ്ഞര്‍ ചോദ്യം ചെയ്യുന്നത്. കസബ് എത്ര വലിയ കുറ്റവാളിയായാലും നിയമത്തിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് ഉയര്‍ന്ന നീതിബോധം നിലനിര്‍ത്തുന്ന ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്ന് ഇവര്‍ പറയുന്നു. ദയാഹരജി തള്ളിയെന്ന വിവരം കസബിനെ നേരത്തെ അറിയിച്ച്,നിയമപരമായി ലഭ്യമായ അവസാന അവസരം പ്രയോജനപ്പെടുത്താന്‍ സൗകര്യം നല്‍കണമെന്നാണ് വാദം.


രാജ്യത്തിനെതിരെ യുദ്ധം ചെയ്ത, 166 പേരുടെ ജീവനെടുത്ത ഭീകരരുടെ സംഘത്തില്‍ അംഗമായിരുന്ന കസബിന് നിയമപരമായ എല്ലാ അവകാശങ്ങളും ലഭ്യമാക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം തീവ്ര രാജ്യസ്‌നേഹികളും ദേശീയവാദികളും ഉന്നയിച്ചേക്കാം. ഒരു കൊടുംഭീകരന് നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി വാദിക്കുന്നത് രാജ്യദ്രോഹമാണെന്ന ആരോപണവും ഉയര്‍ന്നേക്കാം. പക്ഷേ, ദയാഹരജി തള്ളിയത് മുതല്‍ തൂക്കിലേറ്റുന്നത് വരെയുള്ള കാര്യങ്ങള്‍ പൂര്‍ണമായും രഹസ്യമാക്കി വെച്ച്, ഓപ്പറേഷന്‍ എക്‌സ് എന്ന പേരിട്ട്, യുദ്ധകാലാടിസ്ഥാനത്തില്‍ ശിക്ഷ നടപ്പാക്കുന്ന സ്ഥിതി ഭാവിയില്‍ ആവര്‍ത്തിക്കപ്പെട്ടാലോ? നിരപരാധികളും നിസ്സഹായരുമായ നിരവധി യുവാക്കളെ ഭീകരാക്രമണക്കേസില്‍പ്പെടുത്തി ജയിലില്‍ അടച്ചതിന്റെ കഥകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അത്തരത്തിലൊരു കേസിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ശിക്ഷ നടപ്പാക്കി നാം വിജയം ആഘോഷിച്ചത് എങ്കിലോ? കേണല്‍ ശ്രീകാന്ത് പുരോഹിതോ പ്രഗ്യാ സിംഗോ കുറ്റാരോപിതരായ കേസുകളില്‍ ഭാവിയില്‍ ഇത്തരത്തില്‍ ശിക്ഷ നടപ്പാക്കലുണ്ടായാലോ?


അനാവശ്യ കീഴ്‌വഴക്കം സൃഷ്ടിക്കുമ്പോള്‍ അത് ഭാവിയിലുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ആലോചിക്കേണ്ട ബാധ്യത ഭരണ നേതൃത്വത്തിലുള്ളവര്‍ക്ക് വേണ്ടതുണ്ട്. തനിക്ക് ലഭിച്ചത് പോലീസ് പരിശീലനമാണെന്നും അതുകൊണ്ട് കാര്യങ്ങള്‍ രഹസ്യമാക്കിവെച്ചുവെന്നും വിശദീകരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് ഈ ആലോചനയുണ്ടായില്ല. അല്ലെങ്കില്‍ അത്തരമൊരു ആലോചന ഇപ്പോഴത്തെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചിട്ടുണ്ടാകണം.
അഴിമതി ആരോപണങ്ങളുടെ ഘോഷയാത്ര അരങ്ങേറുമ്പോള്‍, ജനശ്രദ്ധ തിരിക്കാനുള്ള ഉപാധിയായി ഈ വധശിക്ഷ നടപ്പാക്കലിനെ കോണ്‍ഗ്രസ് നേതൃത്വം കണ്ടിട്ടുണ്ടാകണം. അത് മനസ്സിലാക്കിയാണ് പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ യു പി എ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന ആരോപണം ബി ജെ പി ഉന്നയിച്ചത്.


ഈ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ബി ജെ പി, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ബല്‍വന്ത് സിംഗ് രജോണയുടെ കാര്യം പരാമര്‍ശിക്കുന്നതേയില്ല. ബി ജെ പിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ നല്‍കിയ ദയാഹരജി പരിഗണിച്ചാണ് രജോണയുടെ വധശിക്ഷ മാറ്റിവെക്കപ്പെട്ടത്. രജോണയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് അകാലികളുമായുള്ള സഖ്യം തകരാറിലാക്കി രാഷ്ട്രീയ നഷ്ടമുണ്ടാക്കാന്‍ ബി ജെ പി തയ്യാറാകുമോ? സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗിനെ വധിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാള്‍ക്ക് വേണ്ടി അതേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നയാള്‍ (രാഷ്ട്രീയഭേദമുണ്ടാകാം) ദയാഹരജി നല്‍കുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യാന്‍ ബി ജെ പി തയ്യാറായിട്ടുണ്ടോ?


ദയാഹരജി തള്ളിയത് മുതല്‍ തൂക്കു കയറ് മുറുകും വരെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സാധിച്ചതിലും ഭംഗം കൂടാതെ നടത്താനായതിലും അഭിമാനം കൊള്ളുന്നുണ്ട് നമ്മുടെ ഭരണകൂടം. എന്നാല്‍ അത്രത്തോളം അഭിമാനാര്‍ഹമാണോ കാര്യങ്ങള്‍. വിധി നടപ്പാക്കാന്‍ പോകുകയാണെന്ന് ലോകത്തോട് തുറന്നു പറയാതിരുന്നത് ഭീരുത്വമല്ലാതെ മറ്റെന്താണ്? വിധി നടപ്പാക്കുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാകുമെന്ന ഭയം കോണ്‍ഗ്രസിനും യു പി എ സര്‍ക്കാറിനുമുണ്ടായിരുന്നോ? അങ്ങനെയെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വം  സൃഷ്ടിച്ച്, വ്യാപിപ്പിച്ച് നിലനിര്‍ത്തുന്ന ഫോബിയ, പുറത്തു പ്രകടമാകുന്നതിലും വലിയ അളവില്‍ നമ്മുടെ ഭരണകൂടത്തെ ബാധിച്ചിരിക്കുന്നുവെന്ന് കരുതണം. മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ കസബിനെ കൈയാളാക്കിയവര്‍ പൊട്ടിത്തെറികള്‍ സംഘടിപ്പിച്ച് പ്രതികരിക്കുമെന്ന് ഭയന്നിരുന്നോ? അങ്ങനെയാരെങ്കിലും പദ്ധതിയിട്ടാല്‍ അത് മുന്‍കൂട്ടി അറിയാനും പ്രതിരോധിക്കാനുമുള്ള ത്രാണി കഴിഞ്ഞ നാല് വര്‍ഷം കൊണ്ടെങ്കിലും നേടിയെടുത്തില്ലേ നമ്മുടെ രാജ്യം? മറുപടി പറയേണ്ടത് സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്.


പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയെയും പോലും കാര്യങ്ങളറിയിച്ചില്ലെന്ന് സാഭിമാനം പറയുന്ന ആഭ്യന്തര മന്ത്രി. അമേരിക്കയെ പരോക്ഷമായെങ്കിലും കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ആ ദൗത്യം ഭംഗിയായി നിറവേറ്റിയത്രെ. ആശ്വസിക്കാം, പ്രധാനമന്ത്രി അറിഞ്ഞില്ലെങ്കിലും അമേരിക്കന്‍ ഭരണകൂടം കാര്യങ്ങളറിഞ്ഞിരുന്നുവല്ലോ!


കസബിനെ തൂക്കിലേറ്റിയതിലൂടെ അക്രമികളോട് ദയകാട്ടാത്ത നിയമസംവിധാനം രാജ്യത്തുണ്ടെന്ന മുന്നറിയിപ്പ് നല്‍കുന്നതിന് അപ്പുറത്തുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് കോണ്‍ഗ്രസിന്. നിലവില്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്നതില്‍ പരിമിതപ്പെടുമോ അത് എന്നതിലേ സംശയമുള്ളൂ. തീവ്ര ഹിന്ദുത്വയും തീവ്ര ദേശീയതയും മുഖമുദ്രയാക്കിയ സംഘ് പരിവാരം അധികാരത്തിലേക്കുള്ള മാര്‍ഗം തേടി ചില വ്യാജ ഒത്തുതീര്‍പ്പുകളുണ്ടാക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ശൂന്യത മുതലെടുക്കാനാകുമോ എന്ന ചിന്ത കോണ്‍ഗ്രസിനുണ്ടാകാം. ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും യഥാര്‍ഥ പ്രതീകങ്ങള്‍ തങ്ങളാണെന്ന ബോധ്യം ഇത്തരം മാര്‍ഗങ്ങളിലൂടെ സൃഷ്ടിക്കാമെന്നും കരുതിയിട്ടുണ്ടാകാം. പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജിയില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടത് അതുകൊണ്ടാകണം. കസബിനെ തൂക്കിലേറ്റിയതിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം അഫ്‌സല്‍ ഗുരുവിനെ ഉടന്‍ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട ബി ജെ പി, തങ്ങളുടെ പഴയ അജന്‍ഡകളില്‍ മാറ്റമുണ്ടായിട്ടില്ലെന്ന സന്ദേശം നല്‍കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉദ്ദേശ്യത്തെ അവര്‍ വ്യക്തമായി മനസ്സിലാക്കുന്നുണ്ട് എന്ന് ചുരുക്കം.


കസബിനെ തൂക്കിലേറ്റിയതോടെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട എല്ലാം അവസാനിക്കുന്നില്ല, മറിച്ച് പല കാര്യങ്ങളും നഷ്ടമാകുന്നുമുണ്ട്. ആക്രമണത്തിന്റെ യഥാര്‍ഥ ആസൂത്രകരെന്ന് കരുതുന്ന ലശ്കറെ ത്വയ്യിബയുടെ നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എന്തെങ്കിലും ചെയ്യാനാകുമോ നമ്മുടെ ഭരണകൂടത്തിന്? 2014ലെ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടായി ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാറുണ്ടാകുകയും അതിന്റെ തലപ്പത്ത് സാക്ഷാല്‍ നരേന്ദ്ര മോഡി അവരോധിക്കപ്പെടുകയും ചെയ്താല്‍ ആസൂത്രകരെ നിയമത്തിന് മുന്നിലെത്തിക്കാനാകുമോ? അത്തരം ആസൂത്രകരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ കസബില്‍ നിന്ന് ശേഖരിക്കാന്‍ നമ്മുടെ നിയമ സംവിധാനത്തിന് ഇതിനകം സാധിച്ചോ? പാക്കിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈ തീരത്തെത്തി ഇത്രയും ഭീതിജനകമായ ആക്രമണം നടത്താന്‍, പ്രാദേശികമായ എന്തെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ല. പ്രാദേശിക സഹായികളെന്ന പേരില്‍ കുറ്റം ചാര്‍ത്തപ്പെട്ട സബാഉദ്ദീന്‍, ഫഹീം അന്‍സാരി എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി വിട്ടയച്ചു. ഈ വിധി ബോംബെ ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സ്വീകരിക്കുമ്പോള്‍, യുക്തിസഹമായ ഒരു കേസാണിതെന്ന തോന്നല്‍ തങ്ങള്‍ക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഇവിടെ അന്വേഷണ ഏജന്‍സിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം. രാജ്യത്തെ നടുക്കിയ ഒരു സംഭവത്തില്‍ ഇവ്വിധത്തിലാണോ അന്വേഷണം നടത്തേണ്ടത് എന്ന ചോദ്യമാണ് കോടതികള്‍ ഉയര്‍ത്തുന്നത്; ഉത്തരമുണ്ടാകില്ലെന്ന പൂര്‍ണ ബോധ്യത്തോടെ.


ആക്രമണത്തിന് വേണ്ട സഹായങ്ങള്‍ നല്‍കിയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്ന പാക് വംശജനായ അമേരിക്കന്‍ പൗരനെക്കുറിച്ച് നമ്മള്‍ മറന്നേ പോയിരിക്കുന്നു. സി ഐ എയുടെ കൂടി ഏജന്റായിരുന്ന ഹെഡ്‌ലി ഈ ആക്രമണത്തില്‍ വഹിച്ച യഥാര്‍ഥ പങ്കെന്തെന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും വേണ്ടാതായിരിക്കുന്നു. 'വിശ്വസ്ത' പങ്കാളിയായ അമേരിക്കയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമാറിയ വിവരങ്ങള്‍ കണ്ണടച്ചു വിശ്വസിച്ച് ആശ്വസിച്ചിരിക്കുകയാണ് ഭരണകൂടവും ആഭ്യന്തര അന്വേഷണ ഏജന്‍സികളും. കസബിനെ തൂക്കിലേറ്റുന്നതിന് മുമ്പ് തന്നെ ഉണ്ടായ ആ മറവി, ഇനി ബാക്കി കാര്യങ്ങളില്‍ കൂടി സംഭവിക്കും. മുംബൈ ആക്രമണമെന്നത് വ്യക്തിപരമായ നഷ്ടങ്ങള്‍ സംഭവിച്ചവരുടെ വേദനകളായി മാത്രം ശേഷിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ തൂക്കിലേറ്റലിന്, താത്കാലികമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറത്തുള്ള മാനം ചെറുതാകാന്‍ ഇടയില്ല. ആക്രമണത്തിന്റെ സൃഷ്ടി, അതിന്റെ സ്രഷ്ടാക്കള്‍, അതിന് സൗകര്യമൊരുക്കിയവര്‍, അവരുടെ യഥാര്‍ഥ ഉദ്ദേശ്യം എന്നിവയിലെല്ലാമുള്ള അനന്തമായ അവ്യക്തത.


No comments:

Post a Comment