2012-12-22

ഇറ്റലിക്കാര്‍ക്കൊക്കെ എന്തുമാകാം...



മാസ്സിമില്യാനോ ലറ്റോറെയും സാല്‍വറ്റോര്‍ ഗിരോനെയും സന്തുഷ്ടരായിരിക്കും. കേരളത്തിലെ തീര്‍ത്തും അപരിഷ്‌കൃതമായ പരിസരങ്ങളില്‍ നിന്ന് (ഇന്ത്യന്‍ തടവുകാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഭേദപ്പെട്ട സൗകര്യങ്ങള്‍ രണ്ട് പേര്‍ക്കും ലഭിച്ചിരുന്നു) മോചിതരായി, ഇറ്റലിയില്‍ കുടുംബത്തോടൊപ്പം ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ സൗകര്യം ലഭിച്ചതില്‍ തോഷമല്ലാതെ മറ്റെന്ത് തോന്നേണ്ടൂ!! ഈ രണ്ട് നാവികരെ ഇറ്റലിയിലേക്ക് മടക്കി അയക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയ അനവധി വ്യക്തികളുണ്ട്. ചില പ്രസ്ഥാനങ്ങളുമുണ്ട്. അവരുടെയും ശ്വാസം നേരെ വീണിട്ടുണ്ടാകും. ലിറ്റോറെക്കും ഗിരോനെക്കുമൊപ്പം  ക്രിസ്മസ് ആഘോഷിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചിരുന്നില്ല എങ്കില്‍,  ഇവരുടെ മനസ്സിനുണ്ടാകുമായിരുന്ന താപം, അളക്കുക എളുപ്പമേയല്ല. അതിനൊന്നും ഇട വരുത്താതെ കാത്തു, ഇന്ത്യന്‍ യൂനിയന്റെ ഭരണ സംവിധാനവും അതിന്റെ ഉറപ്പിന്മേല്‍ ഇപ്പോഴും വിശ്വാസ്യത പുലര്‍ത്തുന്ന നീതിന്യായ സംവിധാനവും.


നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ നേര്‍ക്ക്, എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെപ്പുണ്ടായി. 2012 ഫെബ്രുവരി 15നുണ്ടായ സംഭവത്തില്‍ ജെലസ്റ്റിന്‍ എന്ന മലയാളി തൊഴിലാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മറ്റ് ചിലര്‍ക്ക് പരുക്കേറ്റു. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വെച്ചുണ്ടായ ആക്രമണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് വിചാരണത്തടവുകാരായി പാര്‍പ്പിച്ചിരുന്നവരാണ് മാസ്സിമില്യാനോ ലറ്റോറെയും സാല്‍വറ്റോര്‍ ഗിരോനെയും.


ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷം അടുത്ത മാസം പത്തിന് രണ്ട് പേരും കേരളത്തില്‍ മടങ്ങിയെത്തണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആറ് കോടി രൂപയാണ് ജാമ്യത്തുക. രണ്ട് ആഘോഷങ്ങള്‍ക്കും ശേഷം ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാമെന്ന് ഇറ്റലിയുടെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികള്‍ നല്‍കിയ ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇങ്ങനെ ഉറപ്പ് നല്‍കാന്‍, നയതന്ത്ര പ്രതിനിധികളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുടെ കത്തും ഹാജരാക്കി. ഇത്രയും ഭദ്രമായൊരു ജാമ്യം വേറെ നല്‍കാന്‍ സാധിക്കൂമോ? ഉറപ്പ് ഇറ്റലിക്കാരുടെതാകുമ്പോള്‍, നിലവില്‍ ഇന്ത്യയുടെ ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിശ്വാസമേറുന്നതിന് കാരണം വേറെയുണ്ട്.


കുറ്റകൃത്യം ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലാണോ നടന്നത് എന്നതില്‍ സൂക്ഷ്മമായ പരിശോധന നേരത്തെ നടന്നിരുന്നു. രണ്ട് ജീവന്‍ പൊലിഞ്ഞതിനേക്കാള്‍ വലിയ പ്രശ്‌നമായിരുന്നു നിറയൊഴിഞ്ഞത് ഏത് തിരപ്പുറത്തുവെച്ചാണെന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ചാണ് നിറയൊഴിഞ്ഞതെങ്കില്‍ ഇറ്റലിക്കാരായവര്‍ക്ക് അന്നു തന്നെ നാട്ടിലേക്ക് മടങ്ങാമായിരുന്നു. ആ പഴുത് മുന്നില്‍ക്കണ്ട് ആവര്‍ത്തിച്ച് അളന്നെങ്കിലും പരാജയമായിരുന്നു ഫലം. പിന്നെ വന്ന  ആദ്യ അവസരമാണ് ക്രിസ്മസും പുതുവര്‍ഷവും. പാഴാക്കരുതെന്ന് നാഭീനാളത്താല്‍ ബന്ധിതമായ പ്രസ്ഥാനത്തിനും അതിന്റെ കുഞ്ഞാടുകള്‍ക്കും അവരുടെയൊക്കെ നേതൃസ്ഥാനത്തുള്ള മഹതിക്കും തോന്നിയിട്ടുണ്ടാകില്ലേ? ഉണ്ടെന്ന് തന്നെ വേണം കരുതാന്‍, അല്ലെങ്കില്‍ ഇത്രക്ക് ഭദ്രമായൊരു ഉറപ്പുമായി കേന്ദ്രം കേരള ഹൈക്കോടതിയിലെത്തുമായിരുന്നില്ലല്ലോ!!


നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍, ഇത് കേവലം രണ്ട് വ്യക്തികളുടെ വിചാരണത്തടവോ അവരുടെ ക്രിസ്മസ്, നവവത്സരാഘോഷ സാധ്യതയോ മാത്രമല്ല, മറിച്ച് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടിയാണ്. ആ ബന്ധത്തിലുണ്ടാകുന്ന വിള്ളല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട ബാധ്യത നീതിന്യായ സംവിധാനത്തിനുണ്ട്. അന്നന്നത്തെ അന്നത്തിന് വേണ്ടി യത്‌നിച്ചിരുന്ന രണ്ട് പേരുടെ ജീവനേക്കാളേറെ വിലയുണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്. ആ രണ്ട് ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ അനാഥമായ കുടുംബങ്ങളേക്കാള്‍ വിലയുണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക്. വലിയ കാര്യങ്ങളെ വലുതായി തന്നെ കാണണമെന്ന പ്രായോഗിക ബുദ്ധിയുമുണ്ട് ന്യായാസനത്തിന്. അതുകൊണ്ടാണ് പേരിനാണെങ്കില്‍ക്കൂടി കേരള സര്‍ക്കാര്‍ തൊടുത്ത തടസ്സവാദത്തെ വിഗണിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ വിശ്വാസമര്‍പ്പിക്കാന്‍ നീതിന്യായ സംവിധാനം തയ്യാറായത്.


ഇതുപോലെ വിശാല മനസ്‌കത, ഇറ്റലിക്കാരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറും നീതിന്യായ സംവിധാനവും നേരത്തെയും കാട്ടിയിട്ടുണ്ട്. എ ബി ബൊഫോഴ്‌സ് കമ്പനിയില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങിയതില്‍ 164 കോടിയുടെ അഴിമതി നടന്നുവെന്ന കേസില്‍ ആരോപണവിധേയനായ ഒട്ടാവിയോ ക്വത്‌റോച്ചി ഇറ്റലിക്കാരനാണ്. കോഴപ്പണത്തിന്റെ നടുക്കഷണം വിഴുങ്ങിയെന്ന് കരുതപ്പെടുന്ന ക്വത്‌റോച്ചിയെ പിടികൂടാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടത് സോണിയാ ഗാന്ധി അധ്യക്ഷയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഒന്നാം യു പി എ സര്‍ക്കാറാണ്. അതിന്റെ പ്രതിധ്വനിയുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കോടതിയിലെത്തി.


മുപ്പത് വര്‍ഷത്തോളമായി പിടികൂടാന്‍ കഴിയാത്ത ഇറ്റലിക്കാരനെ ഇനി പിടികൂടുക എന്നത് അസാധ്യമെന്ന് ഇറ്റാലിയന്‍ മാഫിയയുടെ അനിതര സാധാരണ കഴിവുകളെക്കുറിച്ച് ബോധ്യമുള്ള നമ്മുടെ നീതിന്യായ സംവിധാനത്തിന് ബോധ്യമായി. പൊതുതാത്പര്യ ഹരജിക്കാരായെത്തുന്ന ചില ശല്യക്കാരുടെ പരിദേവനങ്ങള്‍ കൂടി തീരുന്നതോടെ ഒട്ടാവിയോ ക്വത്‌റോച്ചിയെന്ന ഇറ്റലിക്കാരന്‍ കുറ്റവിമുക്തനാകും.


മാസ്സിമില്യാനോ ലറ്റോറെയുടെയും സാല്‍വറ്റോര്‍ ഗിരോനെയുടെയും കാര്യത്തില്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ നല്ല സര്‍ട്ടിഫിക്കറ്റിന് കാത്തിരിപ്പുണ്ടാകില്ല തന്നെ. ജനുവരി പത്തെന്ന, കേരള ഹൈക്കോടതിയുടെ കാലപരിധി ഇവര്‍ പാലിക്കുമോ എന്ന് കണ്ടറിയണം. രണ്ട് പേരും ഇറ്റാലിയന്‍ മണ്ണില്‍ കാല് കുത്തുന്നതോടെ, മത്സ്യത്തൊഴിലാളികളുടെ നേര്‍ക്ക് വെടിവെച്ചത്, എന്റിക്കാ ലെക്‌സി അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെ സഞ്ചരിക്കുമ്പോഴാണെന്ന വാദം ഇറ്റാലിയന്‍ ഭരണകൂടം ശക്തമായി ഉയര്‍ത്തും. മത്സ്യബന്ധന ബോട്ട് ആക്രമണോത്സുകമായി കപ്പലിന്റെ നേര്‍ക്ക് അടുത്തപ്പോള്‍ പ്രതിരോധമെന്ന നിലക്ക് വെടിയുതിര്‍ത്തതാണെന്ന് ലറ്റോറെയും ഗിരോനെയും അഭിമുഖത്തില്‍ പറയുന്നത് അവിടുത്തെ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളാകും. ഇക്കാര്യം ഇന്ത്യന്‍ ഭരണകൂടവുമായി നയതന്ത്ര മാര്‍ഗത്തില്‍ സംസാരിക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം തയ്യാറാകും. നയതന്ത്ര മാര്‍ഗത്തിലെ സംസാരങ്ങള്‍ തീരും വരെ ലറ്റോറെയും ഗിരോനെയും ഇറ്റലിയില്‍ തുടരുന്നതല്ലേ ഭംഗിയെന്ന ചോദ്യത്തോട് അനുകൂലമായി പ്രതികരിക്കാനേ കേന്ദ്ര സര്‍ക്കാറിന് സാധിക്കൂ. അത്തരം പ്രതികരണത്തിലെ അനിഷേധ്യമായ യുക്തിയും സൗന്ദര്യവും നീതിന്യായ സംവിധാനത്തിന് എളുപ്പം ബോധ്യമാകുകയും ചെയ്യും.


പണ്ട് രാജാക്കന്‍മാരുടെയും ചക്രവര്‍ത്തിമാരുടെയും കാലത്ത്, കുറ്റവാളിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുദ്ധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.  ഇന്നും അത്തരം ആക്രമണങ്ങള്‍ അപൂര്‍വമല്ല. അഫ്ഗാനിസ്ഥാന്റെ മണ്ണിലേക്ക് അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച്, തുടരുന്ന ആക്രമണം ഉദാഹരണം. പക്ഷേ, കുറ്റവാളികളെ സംരക്ഷിക്കുകയോ കൈമാറാതിരിക്കുകയോ ചെയ്യുന്നത് അമേരിക്കയോ സഖ്യശക്തികളോ ആണെങ്കില്‍ ആക്രമണത്തിന് സാധ്യതയില്ല. അത്തരം ആക്രമണത്തിന് ആരെങ്കിലും പുറപ്പെട്ടാല്‍ തന്നെ അതിന് നിയമസാധുതയുണ്ടാകുകയുമില്ല. സാമ്പത്തിക, വിദേശ നയങ്ങളില്‍ അമേരിക്കന്‍ പക്ഷത്ത് ഉറച്ചു നില്‍ക്കുന്ന ഇന്ത്യയുടെ നിലവിലെ ഭരണ സംവിധാനത്തിന് അക്കാര്യത്തില്‍ സംശയമേതുമുണ്ടാകില്ല. കുറ്റവാളിയെ കൈമാറിയില്ലെന്ന കാരണത്താല്‍ ഒരു രാജ്യത്തെ ആക്രമിക്കാന്‍ പാകത്തില്‍ അപരിഷ്‌കൃതരുമല്ലല്ലോ നമ്മള്‍. ലറ്റോറെയും ഗിരോനെയും ശേഷിക്കുന്ന  ക്രിസ്മസും പുതുവത്സരവും സ്വന്തം  കുടുംബത്തിനൊപ്പം ആഘോഷിക്കുമെന്ന് കരുതാം. അതിന് ആശംസ നേരുകയും  ചെയ്യാം.


ഏതാണ്ട് ഒരു  ദശകത്തിന് മുമ്പാണ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു. മഅ്ദനിയുടെ അടുത്ത ബന്ധു മരിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിന് വേണ്ടി പോകാന്‍ അനുവാദം തേടി കോടതിയെ സമീപിച്ചു. മഅ്ദനി കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ ഇവിടെ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് സംസ്ഥാന ഡി ജി പി, മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത കോടതി മഅ്ദനിക്ക് അനുമതി നിഷേധിച്ചു. പെരുന്നാള്‍ ആഘോഷിക്കുന്നതിനോ മകന്റെ പിറന്നാളാഘോഷത്തിനോ പോകാനല്ല മഅ്ദനി അനുവാദം തേടിയത്.

ഇപ്പോള്‍ മഅ്ദനി വീണ്ടും ജയിലിലുണ്ട്. ബംഗളൂരു സ്‌ഫോടന പരമ്പരക്കേസിന്റെ വിചാരണത്തടവ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം നീണ്ട വിചാരണത്തടവിനു  ശേഷം, കുറ്റവിമുക്തനാക്കപ്പെട്ടയാളെന്ന പരിഗണന പുതിയ കേസിലെ ജാമ്യത്തിന് ഉതകുന്നതല്ലെന്ന് ന്യായം പറയുന്നു നീതിന്യായ സംവിധാനം. ഏതര്‍ഥത്തിലാണെങ്കിലും ജാമ്യത്തിന് യോഗ്യനെന്ന് ചില ജഡ്ജിമാര്‍ അഭിപ്രായപ്പെടുമ്പോള്‍, വീല്‍ ചെയറില്‍ എവിടെയിരുന്നാലും അപകടം വിതക്കാന്‍ സാധിക്കുന്നയാളെന്ന് അഭിപ്രായപ്പെടുന്നു മറ്റ് ചില ജഡ്ജിമാര്‍.
എന്തായാലും ഒരു കാല്‍ നഷ്ടപ്പെട്ട, സദാ പോലീസ് സംരക്ഷണയില്‍ കഴിയുന്ന, എല്ലാ സമയവും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ റഡാറിന്‍ കീഴില്‍ തുടരുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നിഷേധിക്കാന്‍ സര്‍വ നിയമ വ്യവസ്ഥകളും ചൂണ്ടിക്കാട്ടുന്ന ഭരണകൂടവും അതിന് അംഗീകാരം നല്‍കുന്ന നീതീന്യായ സംവിധാനവും നിലനില്‍ക്കുമ്പോഴാണ് കൊലക്കുറ്റം നേരിടുന്ന രണ്ട് ഇറ്റലിക്കാര്‍ ആഘോഷങ്ങള്‍ക്കായി സ്വന്തം നാട്ടിലേക്ക് പോകുന്നത്.


അവര്‍ കുറ്റക്കാരാണോ അല്ലയോ എന്നത് പിന്നീട് തീരുമാനിക്കപ്പെടേണ്ടതാണ്. രണ്ട് പേര്‍ക്കും നിയമത്തിന്റെ സകല ആനുകൂല്യങ്ങളും നല്‍കുകയും വേണം.  പക്ഷേ, ഇതേ നീതി രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ബാധകമാകേണ്ടതല്ലേ?
മഅ്ദനിയെപ്പോലുള്ളവര്‍ നിരന്തരം വേട്ടയാടപ്പെടുകയും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യുമ്പോള്‍ ലറ്റോറെ, ഗിരോനെമാര്‍ക്കും ക്വത്‌റോച്ചിമാര്‍ക്കും നല്‍കുന്ന ഇളവുകള്‍, അത് നിയമപരമാണെങ്കില്‍ക്കൂടി ചോദ്യം ചെയ്യപ്പെടും. നിരപരാധികള്‍ വര്‍ഷങ്ങളോളം കാരാഗൃഹത്തില്‍ അടക്കപ്പെടുമ്പോഴാണ് ഇവര്‍ക്കായി കവാടങ്ങള്‍ തുറന്നു കൊടുക്കപ്പെടുന്നത് എന്നത് നീതിനിര്‍വഹണത്തെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്യും. അതിലെ, ഭരണകൂടത്തിന്റെയും ന്യായാസനങ്ങളുടെയും പങ്കിനെക്കുറിച്ചും.

No comments:

Post a Comment