2013-09-26

മോഡിയെ ഭയക്കേണ്ടതുണ്ട്


''...ഞാന്‍ പൊരുതും
അവിടെ വരെ ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍ തീര്‍  ത്ത കൊട്ടാരം
തകര്‍ന്നു വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തിന്റെ മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ''

ഭുചുംഗ് സോനം (ബറോഡ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി)

നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അത്രയെളുപ്പം സാധ്യമല്ലെങ്കിലും അസംഭാവ്യമെന്ന് കരുതാവുന്നതല്ല, നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രിസ്ഥാന ലബ്ധി. ഇന്ത്യന്‍ യൂനിയനില്‍ അത്തരമൊന്ന് സംഭവിക്കുന്നതിലേക്ക് കേരളത്തില്‍ നിന്ന് സംഭാവനയുണ്ടാകുന്നതിനുള്ള സാധ്യത തീര്‍ത്തും വിരളമാണെങ്കിലും അങ്ങനെ സംഭവിച്ച് അത് അനുഭവിക്കേണ്ടിവരുന്നതിനെ ഭീതിയോടെ കാണുന്നവരുടെ എണ്ണം കുറവല്ല. അതുകൊണ്ടാണ് മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്ന നിലയിലും സാഹിത്യ പ്രതിഭ എന്ന നിലയിലും മലയാളിക്ക് പരിചിതനായ യു ആര്‍ അനന്തമൂര്‍ത്തി പരസ്യമായി പറയുന്നത്. അനന്തമൂര്‍ത്തിക്ക് പണമയച്ചുകൊടുത്ത് ഇപ്പോള്‍ തന്നെ നാട് വിട്ടോളൂ എന്ന് നിര്‍ദേശിക്കുന്ന നരേന്ദ്ര  മോഡിയുടെ അനുയായികള്‍ അസഹിഷ്ണുതയുടെ പര്യായമാണ് തങ്ങളെന്ന് തെളിയിക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന അപകടത്തിന്റെ സൂചന അതിലുണ്ട്.

അനന്തമൂര്‍ത്തി തന്റെ പ്രസ്താവനയിലൂടെ ഉയര്‍ത്തിയ പ്രതിഷേധ സ്വരം അപൂര്‍വമൊന്നുമല്ലെന്ന് തെളിയിക്കാനാണ് ബറോഡ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഭുചുംഗ് സോനത്തിന്റെ വരികള്‍ ആദ്യമുദ്ധരിച്ചത്. ഗുജറാത്തിനെ ഭീതിയുടെ താഴ്‌വരയാക്കി, മോഡി വിജയങ്ങള്‍ ആവര്‍ത്തിക്കുന്ന കാലത്ത് തന്നെയാണ് ഈ വരികള്‍ കുറിക്കപ്പെട്ടത്. മോഡിയുടെ സോഷ്യലിസത്തെ പ്രകീര്‍ത്തിക്കുന്ന നാവുകളേക്കാള്‍, അനന്തമൂര്‍ത്തിയുടെയും ഭുചുംഗ് സോനത്തിന്റെയും മൃദുസ്വരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.


എന്തായാലും ഗുജറാത്തില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ആരോപണവിധേയനായി, വിചാരണ കാത്ത് ജയിലില്‍ തുടരുന്ന ഡി ജി വന്‍സാരയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ നടത്തുന്ന അന്വേഷണങ്ങളും വലിയ സംഭവവികാസങ്ങളിലേക്ക് വഴി തുറന്നേക്കാം. മോഡി മന്ത്രിസഭയിലെ രണ്ട് പേരെ ചോദ്യം ചെയ്തതും അശ്വമേധത്തിന് ഉത്തര്‍ പ്രദേശിലേക്ക് നിയോഗിക്കപ്പെട്ട അമിത് ഷായെ ചോദ്യം ചെയ്യാന്‍ സി ബി ഐ ആലോചിക്കുന്നതും ആ സൂചനകളാണ് നല്‍കുന്നത്. മോഡി സര്‍ക്കാറിന്റെ നയനിലപാടുകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വ്യാജ ഏറ്റുമുട്ടലുകളെന്നാണ് വന്‍സാര തന്റെ രാജിക്കത്തില്‍ എഴുതിയത്. ഇതേ നയനിലപാടുകളുടെ നടത്തിപ്പ് കൂടിയായിരുന്നു 2002ലെ വംശഹത്യാ കാലത്ത് അവിടെ അരങ്ങേറിയത് എന്നത് മനഃസാക്ഷിയുള്ളവരുടെ മുന്നില്‍ വസ്തുതയായുണ്ട്. നിയമത്തിന്റെ മുന്നിലേക്ക് അത് എത്താതിരുന്നത് ആസൂത്രിതമായി നടത്തിയ തെളിവ് നശിപ്പിക്കലുകള്‍ കൊണ്ടും ഭീഷണിപ്പെടുത്തിയുള്ള മൊഴി മാറ്റല്‍ കൊണ്ടുമൊക്കെയാണ്. അതുകൊണ്ടൊക്കെയാണ് മോഡി പരമാധികാര സ്ഥാനമേറ്റാല്‍ രാജ്യം വിടുമെന്ന് അനന്തമൂര്‍ത്തിക്ക് പ്രഖ്യാപിക്കേണ്ടിവരുന്നത്. ഗുജറാത്തില്‍ കേശുഭായ് പട്ടേലിനെ തട്ടിമാറ്റി, സ്വന്തമാക്കിയ മുഖ്യമന്ത്രിക്കസേര, പിന്നീടിങ്ങോട്ട് ഉറപ്പിച്ച് നിര്‍ത്താന്‍ നടത്തിയത് പോലൊരു കുരുതി, ഇന്ത്യാ മഹാരാജ്യത്ത് ആവര്‍ത്തിക്കാന്‍ മോഡി ശ്രമിക്കുമോ എന്ന് ഭയക്കുന്നത് യാഥാര്‍ഥ്യബോധം മാത്രമാണ്.


സ്വാതന്ത്ര്യാനന്തരം വിഭാവനം ചെയ്തത് ഫെഡറല്‍ സമ്പ്രദായം നിലനില്‍ക്കുന്ന 'ഇന്ത്യന്‍ യൂനിയ'നെയാണ്. അതാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് വരുന്നതും. ഇന്ത്യ എന്ന 'മഹാരാജ്യ'ത്തെയല്ല എന്നര്‍ഥം. എന്നാല്‍ നരേന്ദ്ര മോഡിയും അദ്ദേഹത്തെ വാഴിക്കാന്‍ വിയര്‍പ്പൊഴുക്കുന്ന സംഘ് പരിവാരത്തിനും ഇതൊരു മഹാരാജ്യമാകണമെന്നാണ് സങ്കല്‍പ്പം - ഒരൊറ്റ യൂനിറ്റ്. മുകളില്‍ നിന്നുള്ള തീരുമാനങ്ങള്‍ എതിര്‍ശബ്ദമുയര്‍ത്താതെ അനുസരിക്കും വിധത്തില്‍ കെട്ടുറപ്പുള്ള യൂനിറ്റ്. അതുകൊണ്ടാണ് നിങ്ങള്‍ സൈന്യത്തില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളണമെന്ന് നരേന്ദ്ര മോഡി ആഹ്വാനം ചെയ്യുന്നത്. അത്തരമൊരു യൂനിറ്റില്‍ ഭിന്നാഭിപ്രായങ്ങള്‍ പൊറുപ്പിക്കപ്പെടാന്‍ ഇടയില്ല. ഗുജറാത്തില്‍ നിലനില്‍ക്കുന്ന ഭരണസംവിധാനവും അതിനെ നിയന്ത്രിക്കുന്നുവെന്ന് കരുതപ്പെടുന്ന ബി ജെ പി ഘടകവും തന്നെ അതിന് ഉദാഹരണം. അവിടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഏറെക്കുറെ അസാധ്യമാണ്, മന്ത്രിമാര്‍ക്ക് പോലും.


മോഡി പറയുന്നതിനപ്പുറം, അത് നല്ലതായാലും ചീത്തയായാലും  പ്രവര്‍ത്തിക്കുക അസാധ്യം. അതുകൊണ്ടാണ് കറുത്ത താടിയുടെയും വെളുത്ത താടിയുടെയും നയങ്ങള്‍ നടപ്പാക്കാന്‍ വന്‍സാരയെപ്പോലുള്ള ഉദ്യോഗസ്ഥരുണ്ടായത്. അതിന് നേതൃത്വം നല്‍കാന്‍ മന്ത്രിമാരുണ്ടായത്. അതുകൊണ്ടാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ പോയിരുന്ന് വംശഹത്യക്ക് കാര്‍മികത്വം വഹിക്കാന്‍ മന്ത്രിമാര്‍ തയ്യാറായത്. അത്തരമൊരു കാലത്തെക്കുറിച്ച് ഓര്‍മകളുള്ളതുകൊണ്ടാണ് നാട് വിട്ടുപോകേണ്ടിവരുമെന്ന തോന്നല്‍ ചിലര്‍ക്കെങ്കിലുമുണ്ടാകുന്നത്.


കൊട്ടിഘോഷിക്കപ്പെടുന്ന വികസന അജന്‍ഡയിലുമുണ്ട് ഭീതിക്ക് നിദാനങ്ങള്‍. അദാനിക്കും അംബാനിക്കും ടാറ്റക്കും വേണ്ടി ഗുജറാത്തിലെ ഭൂമി ഏറ്റെടുത്തപ്പോള്‍ പറിച്ചെറിയപ്പെട്ട കുടുംബങ്ങള്‍ നിരവധിയുണ്ട്. എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്താന്‍ പോലുമാകാതെ മാറി നില്‍ക്കേണ്ടിവന്നു ഇവര്‍ക്ക്. സബര്‍മതിയുടെ ഓരങ്ങള്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചപ്പോള്‍, അവിടുത്തെ ചേരികളില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കുറിയില്ല. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍, നഷ്ടപരിഹാരം തേടി പ്രക്ഷോഭം നടത്തിയിരുന്നു. നരേന്ദ്ര മോഡിയുടെ ഭരണത്തോടെ ഈ പ്രക്ഷോഭം തുടച്ചു നീക്കപ്പെട്ടു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ നിന്ന് കുടിവെള്ളവും ജലസേചനവും പ്രതീക്ഷിച്ച് നിരാശരായവര്‍ ശബ്ദമുയര്‍ത്താന്‍ ഭയന്ന് ജീവിക്കുകയും ചെയ്യുന്നു.


ഈ വികസന മാതൃകയാണ്, ഇപ്പോഴത്തെ യു പി എ സര്‍ക്കാര്‍ പിന്തുടരുന്ന അതേ സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ തുടര്‍ച്ചയോടെ നരേന്ദ്ര മോഡി നടപ്പാക്കാന്‍ ശ്രമിക്കുക എന്നതുറപ്പ്. അവിടെ പറിച്ചെറിയപ്പെടുന്നവരെക്കുറിച്ച് അനുതാപമുണ്ടാകില്ല. അവര്‍ക്കൊപ്പം നില്‍ക്കുന്നവരെ നേരിടാന്‍ മടിയുമുണ്ടാകില്ല. ഇത്തരം പറിച്ചെറിയലുകളും അധികാരിവര്‍ഗത്തിന്റെ ചൂഷണവുമൊക്കെയാണ് മധ്യേന്ത്യയില്‍ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കാന്‍ കാരണം. സാല്‍വ ജുദുമെന്ന പേരില്‍ ഗുണ്ടാപ്പടയുണ്ടാക്കി കൊലക്കും കൊള്ളിവെപ്പിനും സ്വാതന്ത്ര്യം നല്‍കുന്നതില്‍ യോജിച്ചിരുന്നു ബി ജെ പിയും കോണ്‍ഗ്രസും. സാല്‍വ ജുദൂമെന്നത് നിയമവിരുദ്ധ സംഘമാണെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, ഗുണ്ടാപ്പടയിലെ അംഗങ്ങളെ പോലീസിന്റെ ഭാഗമാക്കി സംരക്ഷിക്കുകയായിരുന്നു രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ഛത്തിസ്ഗഢിലുള്ള ബി ജെ പി സര്‍ക്കാര്‍..


 മധ്യേന്ത്യയെ മാവോയിസ്റ്റ്മുക്ത മേഖലയാക്കാന്‍ സൈന്യത്തെ നിയോഗിക്കണമെന്ന നിര്‍ദേശമുയര്‍ന്നപ്പോള്‍ അത് വേണ്ടെന്ന് ചില ശബ്ദങ്ങളെങ്കിലുമുയര്‍ന്നിരുന്നു കോണ്‍ഗ്രസില്‍ നിന്ന്. അതിന് വിലയുണ്ടാകുകയും ചെയ്തു. എന്നാല്‍ ഇത്തരം ശബ്ദങ്ങള്‍ക്കൊന്നും പ്രസക്തിയുണ്ടാകില്ല, സങ്കല്‍പ്പത്തിലെ യൂനിറ്റില്‍.


സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി യു എസ് കമ്പനിയായ വെസ്റ്റിംഗ്ഹൗസുമായി ആണവോര്‍ജ കോര്‍പ്പറേഷന്‍ കരാറൊപ്പിടുകയാണ്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി ഡോളറിന്റെ കരാര്‍. ഗുജറാത്തിലെ ഭാവ്‌നഗറില്‍ ആറ് റിയാക്ടറുകളുള്‍ക്കൊള്ളുന്ന ആണവ സമുച്ചയം സ്ഥാപിക്കുകയാണ് ഉദ്ദേശ്യം. ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയും ആണവ പദ്ധതി സ്ഥാപിക്കുന്നതിന് എതിരെയും ജനങ്ങള്‍ സംഘടിച്ചിട്ടുണ്ട് ഇവിടെ. ആണവോര്‍ജ കോര്‍പ്പറേഷനും വെസ്റ്റിംഗ്ഹൗസുമായുള്ള കരാറുണ്ടാകുന്നതോടെ മിതി വിര്‍ദി ഗ്രാമത്തില്‍ ആണവ സമുച്ചയം സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാകും. വികസനനായകനായി അറിയപ്പെടുന്ന നരേന്ദ്ര മോഡിയും ആണവ കരാറിന് മൂലക്കല്ലിട്ട ബി ജെ പിയും ഈ പദ്ധതിയെ എതിര്‍ക്കാനിടയില്ല.


വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒരിലപോലും അനങ്ങാത്ത ഗുജറാത്തിനെ സുപ്രീം കോടതി വരെ പ്രകീര്‍ത്തിച്ച സാഹചര്യത്തില്‍, അതിന് വിരുദ്ധമായി എന്തെങ്കിലും താന്‍ ഭരിക്കുമ്പോഴുണ്ടാകുക മോഡിക്ക് സഹിക്കാനും സാധിക്കില്ല. അതുകൊണ്ട് കൂടിയാണ് ഗുജറാത്തില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് പറയുന്നത്.


ആണവ കരാര്‍ പ്രാവര്‍ത്തകമാക്കുന്നതിന് ഭാവ്‌നഗര്‍ തന്നെ ആദ്യം തിരഞ്ഞെടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലും ഇതൊരു കാരണമായിട്ടുണ്ടാകും. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണുണ്ടാക്കി, മാരുതി സുസുകിക്കും മറ്റും ഭൂമി പാട്ടത്തിന് നല്‍കിയതിനെതിരെ ഉയര്‍ന്ന ജനരോഷം ഭാവ്‌നഗറിലേക്ക് വ്യാപിക്കുന്നത് അവര്‍ക്ക് സ്വപ്‌നം കാണാം. സിംഗൂരും നന്ദിഗ്രാമും ബംഗാളില്‍ ചെയ്തത് മിതി വിര്‍ദി ഗുജറാത്തില്‍ ചെയ്യുമോ എന്ന പരീക്ഷണം കൂടിയാകാം തിരക്കിട്ടുള്ള ഈ കരാറൊപ്പിടല്‍. 'ദേശ് കി നേതാ' എന്ന് വിശേഷിപ്പിക്കപ്പെടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഗുജറാത്തിനപ്പുറത്തേക്കുള്ള സഞ്ചാരങ്ങള്‍ അത്രയൊന്നുമുണ്ടായിട്ടില്ല നരേന്ദ്ര മോഡിക്ക്. ഇപ്പോഴാരംഭിച്ചിരിക്കുന്ന സഞ്ചാരങ്ങള്‍ ഗുജറാത്തെന്ന 'യൂനിറ്റി'നെ കുറച്ചൊക്കെ സ്വതന്ത്രമാക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ ഭീതിയുടെ ചങ്ങലകൊണ്ട് കെട്ടിനിര്‍ത്തിയിരിക്കുന്ന അണകള്‍ പൊട്ടിയൊഴുകാന്‍ സാധ്യത ഏറെയാണ്.


ഇന്ത്യ വിട്ട് പോകുമെന്ന അനന്തമൂര്‍ത്തിയുടെ പ്രഖ്യാപനത്തേക്കാള്‍, 'നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍ തീര്‍ത്ത കൊട്ടാരം തകര്‍ന്ന് വീഴും വരെയും നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച് എന്റെ സത്യത്തിന്റെ മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെയും പൊരുതു'മെന്ന് പ്രഖ്യാപിക്കുന്ന ഭുചുംഗ് സോനമാണ് ഇവിടെ കൂടുതല്‍ സ്വീകാര്യന്‍.

3 comments:

  1. This writing shows that you have never been to Gujarat.

    ReplyDelete
  2. മനോജ് നായര്‍ ഈ ലിങ്ക് നോക്കൂ http://www.indiavisiontv.com/2013/09/26/259502.html

    ReplyDelete
  3. മോഡിപ്രധാനമന്ത്രി ആകണം എന്നുപറയുന്നവരുടെ മനസ്സിലിരുപ്പ് എന്താണ് എന്നു പരിശോധിച്ചാൽകിട്ടുന്ന ഉത്തരം സുഖരമായിരിക്കില്ല.മോഡിയുടെ വികസനം സമ്പന്നവിഭാഗത്തിന്റെ മാത്രം വികസനമാണന്ന് ഗുജാറാത്തിനെ സൂക്ഷ്മമായി പഠിക്കുന്നവർക്കറീയാം.അപ്പോൾ ഇവിടെത്തെ പ്രശ്നം അതല്ല വ്യാചയേറ്റുമുട്ടലുകൾ,കൂട്ടകുരുതി തുടങ്ങിയ കലാപരിപാടികൾ രാജ്യത്ത് ആകമാനം നടത്തി ഒരു വിഭാഗത്തിനുമത്രം മേൽകോയ്മനേടുക എന്നതാണ് ആ ഹിഡൻ അജണ്ട. rssഉം സംഘപരിവാറുമൊക്കെ അതാണ് സ്വപ്നം കാണുന്നതും.

    ReplyDelete