2013-12-16

സമരവും സ്വാര്‍ഥതയും


ആധാറധിഷ്ഠിതമായ ഒരു ജീവിതക്രമം. അതാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ പരമോന്നതമായ ലക്ഷ്യങ്ങളിലൊന്ന്. 2014 മാര്‍ച്ചില്‍ നടക്കുന്ന തി രഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുകയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്താലും ജനങ്ങളുടെ ജീവിതക്രമം ആധാറധിഷ്ഠിതമാക്കാനുള്ള ശ്രമം ഊര്‍ജിതമായി തുടരും. സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും അത് നടപ്പാക്കുന്നതിലെ വേഗത്തിന്റെ കാര്യത്തിലും ഇരു കൂട്ടരും സമാനമനസ്‌കരായതുകൊണ്ടാണ് ഈ പ്രവചനം സാധ്യമാകുന്നത്. നടപ്പാക്കുന്നതിന് പുറത്തേക്ക് പറയുന്ന കാരണങ്ങള്‍ ഭിന്നമായേക്കുമെന്ന് മാത്രം. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലെന്ന പഴമൊഴിയില്‍ വിശ്വസിച്ച്, ആധാറധിഷ്ഠിതമായ ജീവിതക്രമ സൃഷ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാം.


ആധാര്‍ പൗരന്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് പരമോന്നത കോടതിയുടെ വിധി. പാചക വാതകത്തിന്റെ സബ്‌സിഡി വിതരണം ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. ഇതൊക്കെ വേണമെങ്കില്‍ ആധാറിനൊരു നിയമത്തിന്റെ പിന്‍ബലം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം കൊണ്ടുവരാന്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും, വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. പൗരന്റെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങും വിധത്തിലുള്ള വിവരശേഖരണത്തെ ചോദ്യം ചെയ്ത് പാര്‍ലിമെന്റിന്റെ സെലക്ട് കമ്മിറ്റി തന്നെ രംഗത്തെത്തി. അതോടെയാണ് നിയമനിര്‍മാണത്തിന് മെനക്കെടാതെ, ആധാര്‍ നടപ്പാക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പാചക വാതക സബ്‌സിഡിയുടെ വിതരണത്തെ ആധാറുമായി ബന്ധിപ്പിക്കുക എന്ന കന്നി സംരംഭവുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു സര്‍ക്കാര്‍. പലയിടത്തും സബ്‌സിഡി വിതരണം ആധാര്‍ ശൃംഖലയിലേക്ക് എത്തിയ ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന സംവിധാനം നടപ്പായി. ബാക്കിയുള്ളിടത്ത് എല്‍ പി ജി ഉപഭോക്താക്കള്‍ക്ക് പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്നോ ഏജന്റുമാരില്‍ നിന്നോ നിരന്തരം സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നു. ബേങ്ക് അക്കൗണ്ട് ആലേഖിതമായ ആധാര്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും സബ്‌സിഡി വിതരണം വൈകാതെ അതുവഴിയാകുമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.


ഈ അവസ്ഥയില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഇങ്ങനെ ചുരുക്കിയെഴുതാം. ആധാര്‍ നമ്പര്‍ കിട്ടുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ട അക്ഷയ കേന്ദ്രങ്ങളിലെ വലിയ തിരക്ക്. പല കുറി, അക്ഷയ സെന്ററില്‍ പോയി, തിരക്കൊക്കെ സഹിച്ച് അപേക്ഷ നല്‍കി മാസങ്ങളായിട്ടും നമ്പര്‍ കിട്ടാത്തത്. നമ്പര്‍ ഉടനറിയിക്കണമെന്ന് സന്ദേശദ്വാരാ ഭീഷണി തുടരുന്നതിനാല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരൊക്കെ ഉത്കണ്ഠാകുലരാണ്. അത് കൂടുതലുള്ളത് വീട്ടമ്മമാരിലും. ബേങ്കില്‍ ആലേഖനം ചെയ്ത ആധാര്‍ ഏജന്‍സിയിലെത്തിച്ചവര്‍ക്കുമുണ്ട് ഉത്കണ്ഠക്ക് കാരണങ്ങള്‍. സിലിന്‍ഡറൊന്നിന് സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന സബ്‌സിഡിപ്പണം മുഴുവനായി അക്കൗണ്ടിലേക്ക് എത്തുന്നില്ലെന്നതാണ് ഒരു പരാതി. സബ്‌സിഡിപ്പണം ഒട്ടുമെത്തുന്നില്ലെന്ന പരാതി അപൂര്‍വമായിട്ടെങ്കിലും നിലനില്‍ക്കുന്നു. പാചകവാകത്തിലെ പരീക്ഷണം ഇത്രമാത്രം പരാതിക്കിടയാക്കുമ്പോള്‍ മറ്റുള്ളതെല്ലാം ആധാറിലേക്ക് ബന്ധിപ്പിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് എന്താകുമെന്ന ആശങ്ക വലുതാണ്.


ഈ അവസ്ഥയില്‍ ഏത് സാധാരണക്കാരന്റെയും മനസ്സിലുയരുന്ന ചോദ്യങ്ങളിലൊന്ന് ''ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ'' എന്നതായിരിക്കും. വോട്ട് ചെയ്ത് തിരഞ്ഞെടുത്തയച്ച പ്രതിനിധികള്‍ ഇതിലൊന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉണ്ടായേക്കാം. ഇതിനൊന്നും വേണ്ടി സമരം ചെയ്യാന്‍ ഇവിടെ ആരുമില്ലല്ലോ എന്ന ചോദ്യവും ചിലരില്‍ ഉയര്‍ന്നേക്കാം. സമരം മൂലമുണ്ടായ ഒരു ഗതാഗതക്കുരുക്കില്‍ നില്‍ക്കെ, ഇതേ ആളുകള്‍ തന്നെ, ഇവന്‍മാര്‍ക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചേക്കാം. താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന ആഗ്രഹത്തോളം തന്നെയോ അതിലേറെയോ ഉത്കടമായ ആഗ്രഹമുള്ളവരാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്നത് എന്ന് ചിന്തിക്കാന്‍ ശ്രമിക്കാറില്ല, ഭൂരിപക്ഷം പേരും.


കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അവരുള്‍ക്കൊള്ളുന്ന ഇടതുപക്ഷത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ ക്രിസ്തീയ സഭകള്‍. അവിശ്വാസികളുടെ കൂട്ടമെന്ന നിലക്ക് എതിര്‍പ്പ് അടിസ്ഥാനപരമായിത്തന്നെയുണ്ടായിരുന്നു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണം എന്നിവയെച്ചൊല്ലിയുയര്‍ന്ന എതിര്‍പ്പും തുടര്‍ന്നുണ്ടായ വിമോചന സമരത്തിലെ സജീവ പങ്കാളിത്തവും സഭയുടെ രാഷ്ട്രീയ എതിര്‍പ്പ് ശക്തമാകാന്‍ കാരണമായി. ഇടതുപക്ഷത്തിന്റെ സമരരീതികളെ ശക്തമായി വിമര്‍ശിച്ചവരുടെ മുന്‍പന്തിയില്‍ എക്കാലത്തും സഭാ നേതാക്കളുണ്ടായിരുന്നു. തീവ്രവും അക്രമോത്സുകവുമാണ് സമരരീതികളെന്നും അതിന്റെ പ്രകടിതരൂപങ്ങളാണ് ബന്ദും ഹര്‍ത്താലുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമുതലിന്റെ നശീകരണത്തിന് കാരണമായേക്കാവുന്ന ഇത്തരം സമരരീതികള്‍ക്കെതിരെ, ക്രിസ്തീയ പുരോഹിതര്‍ക്ക് മാത്രം സ്വായത്തമായ ഈണത്തില്‍, ബോധവത്കരണം നടത്താന്‍ അവര്‍ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു.


ഇടുക്കി, വയനാട്, കണ്ണൂരിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്ന് കാണുന്ന ചിത്രം മറ്റൊന്നാണ്. സഭാ നേതാക്കള്‍ ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നു. അഭ്യൂഹത്തിന്റെ പേരില്‍ അക്രമം കാട്ടിയവരെ സംരക്ഷിക്കാന്‍ പുരോഹിതര്‍ മുന്‍കൈ എടുക്കുന്നു. (കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഭൂമി അളക്കാനെത്തിയവരെന്ന് സംശയിച്ച് കര്‍ണാടക വനം വകുപ്പിന്റെ ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും കേരള പോലീസിന്റേതടക്കം ഇരുപതിലധികം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തവരെ സംരക്ഷിക്കാന്‍ മുന്‍കൈ എടുത്തത് വൈദികനായിരുന്നു) വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് പ്രഖ്യാപിക്കുന്നു. നടപ്പാക്കാന്‍ പോകുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കുടിയേറ്റ കര്‍ഷകരുടെ (അതില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികള്‍) ജീവിതം ദുരിതത്തിലാക്കുമെന്ന വിശ്വാസത്തില്‍ എത്ര തീവ്രമായ സമരത്തിനും തയ്യാറെന്ന് പ്രഖ്യാപിക്കുകയാണ് ഇവര്‍.


വലതുപക്ഷത്തിന്റെ സമര കാലത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ കയറി ജോലി ചെയ്‌തേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന ഇടതുപക്ഷക്കാരുണ്ടാകും. തിരിച്ചുമുണ്ടാകും. രണ്ട് കൂട്ടര്‍ക്കും അസ്വീകാര്യമായ നിര്‍ദേശങ്ങള്‍ (അത് ജനോപകാപ്രദമാണെങ്കില്‍ക്കൂടി) സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായാല്‍, യോജിച്ച് സമരം ചെയ്യുന്നതിന് ഇവര്‍ക്ക് മടിയുണ്ടാകില്ല. ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളെടുക്കാറുള്ള സമീപനങ്ങളിലും ഈ വൈരുധ്യം പ്രകടമാണ്. ഈ വൈരുധ്യങ്ങളും സമരാനുകൂല- പ്രതികൂല ചിന്തകളെ ഉത്പാദിപ്പിക്കുന്നതില്‍ സ്വാര്‍ഥതക്കുള്ള പങ്കും കൂടി വിലയിരുത്തി വേണം സോളാര്‍ കേസിലെ ഉപരോധ വേദിക്ക് മുന്നില്‍ സ്ത്രീ നടത്തിയ പ്രതിഷേധ പ്രകടനത്തെയും അതിനെ അനുമോദിച്ച് അഞ്ച് ലക്ഷം പാരിതോഷം നല്‍കിയ വ്യവസായ പ്രമുഖന്റെ നടപടിയെയും വിലയിരുത്താന്‍.


ഉപരോധവും അതിന് പ്രതിരോധമായുള്ള പോലീസ് ബാരിക്കേഡുമായപ്പോള്‍ വാഹനമോടിക്കാന്‍ പ്രയാസം നേരിട്ട സ്ത്രീയുടെ പൊടുന്നനെയുള്ള പ്രതിഷേധമായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യാനുള്ള അവസരമായി ഈ സംഭവത്തെ വളര്‍ത്തി വലുതാക്കിയതിലാണ് യഥാര്‍ഥത്തില്‍ അരാഷ്ട്രീയത കുടികൊള്ളുന്നത്. ഈ വളര്‍ത്തലിന് പിന്നില്‍ പല വിധത്തിലുള്ള സ്വാര്‍ഥതകള്‍ വര്‍ത്തിക്കുന്നുവെന്ന് പുറമെയുള്ള ആദ്യത്തെ തൊലി പൊളിച്ചുകളഞ്ഞാല്‍ തന്നെ മനസ്സിലാകും. ഒന്നോ രണ്ടോ പേരുടെയോ ഏതെങ്കിലുമൊരു സര്‍ക്കാറിതര സംഘടനയുടെയോ ഹരജി പരിഗണിച്ച് നിരത്തോരത്തെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കാന്‍ തയ്യാറാകുന്ന തേജോപുഞ്ജങ്ങളായ ന്യായാധിപന്‍മാരെ പ്രകീര്‍ത്തിക്കുകയും അത്തരം വിധിതീര്‍പ്പുകള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നവര്‍ തന്നെയാണ് ഇപ്പോഴത്തെ ശകാരവര്‍ഷത്തെ വലുതാക്കിയെടുത്തതും. സ്ത്രീക്ക് പാരിതോഷികം സമ്മാനിച്ച്, സമരങ്ങളെ നേരിടണമെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നുമുള്ള സന്ദേശം സമുഹത്തിന് നല്‍കുന്നവര്‍, തേജോപുഞ്ജങ്ങളായ ന്യായാധിപര്‍ ഇവരും മുന്‍ ചൊന്ന വൈരുധ്യങ്ങള്‍ക്ക് വിധേയരാണ്.


ക്ലിഫ് ഹൗസ് ഉപരോധവേദിക്ക് മുന്നിലുണ്ടായ സംഭവം വ്യവസായപ്രമുഖന്റെ പാരിതോഷിക പ്രഖ്യാപനത്തിന് ഇടയാക്കുകയും അഭൂതപൂര്‍വമാം വിധത്തില്‍ വിശകലനവിധേയമാകുകയും ചെയ്തതിന് പിന്നില്‍ ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലമുണ്ടെന്ന് നിശ്ചയമായും കരുതണം. കഴിഞ്ഞ വര്‍ഷകാലത്ത് മാത്രം മുളച്ച ആം ആദ്മി പാര്‍ട്ടി, നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിള കൊയ്തിരിക്കുന്നു. നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളെ പരീക്ഷിച്ച് മടുത്ത ജനങ്ങള്‍ മാറ്റത്തിന് വേണ്ടി ഉറ്റുനോക്കുകയാണെന്ന വിലയിരുത്തല്‍ ഇതോടെ സൃഷ്ടിക്കപ്പെട്ടു. വലത്, ഇടത് മുന്നണികള്‍ മൂന്ന് പതിറ്റാണ്ടായി മാറിമാറി ഭരിക്കുന്ന കേരളത്തില്‍ മാറ്റത്തിന് അനുയോജ്യമായ സാഹചര്യമുണ്ടെന്ന് വിലയിരുത്തലുണ്ടായാല്‍ തെറ്റാണെന്ന് പറയാനാകില്ല. അതിനൊരു കൈ നോക്കാന്‍ ആരെങ്കിലും മുന്‍കൈ എടുത്താല്‍ സര്‍വ പിന്തുണയുമുണ്ടാകുമെന്ന് പറയാതെ പറയുന്നതാണ് ഈ 'പാരിതോഷിക'ക്കാഴ്ച.


വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നൊക്കെ ഭിന്നമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍, പാര്‍ട്ടി രൂപവത്കരിക്കുന്നതിന് മുമ്പെടുത്ത നിലപാടുകള്‍ തീര്‍ത്തും അരാഷ്ട്രീയമായിരുന്നു. അതിലാണ് ഈ പിന്തുണക്കാരുടെ പ്രതീക്ഷയും. പക്ഷേ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയ സംവിധാനമായി പരിവര്‍ത്തനം ചെയ്തപ്പോള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന നിലപാട് സ്വീകരിക്കാനും അതിനോട് പ്രതികരിക്കുന്നതിന് പ്രായോഗിക വഴികള്‍ തേടുന്നതിനും ഈ നേതാക്കള്‍ നിര്‍ബന്ധിതരായെന്ന സമീപകാലത്തെ കാഴ്ച ഈ പിന്തുണക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.


ഈ സമരവിരുദ്ധ 'പാരിതോഷിക' പ്രഖ്യാപന സമീപനം ഇടുക്കിയിലേക്കോ സഭാ നേതാക്കള്‍ സമരത്തിന് ആഹ്വാനം ചെയ്യുന്ന ഇതര മേഖലകളിലേക്കോ വളര്‍ത്താന്‍ ഇവരാരും തയ്യാറാകില്ല. കസ്തൂരിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ, കുഞ്ഞാടുകളെയും കൂട്ടി മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാന്‍ സഭാ നേതാക്കളെത്തിയാല്‍ അവിടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ മഹത്വമുദ്‌ഘോഷിക്കാന്‍ ആരുമെത്താനിടയില്ല. അഥവാ ആരെങ്കിലുമെത്തിയാല്‍ പാരിതോഷികം പ്രഖ്യാപിക്കാന്‍ ആരുമുണ്ടാകുകയുമില്ല. സഭാ നേതാക്കളുടെ സമരം വിജയിപ്പിക്കാന്‍ ഇപ്പോഴത്തെ ക്ലിഫ് ഹൗസ് ഉപരോധക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ടാകുമെന്നത് പാരിതോഷികപ്രഖ്യാപനക്കാരെ അലോസരപ്പെടുത്തുകയേയില്ല.


സമരത്തിന് കാരണമായി പറയുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമില്ലാതിരിക്കുക, സമരം ചെയ്യുന്നവര്‍ക്ക് തന്നെ അതിനോട് ആത്മാര്‍ഥതയില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെടുക, ഇവകളെ സാധൂകരിക്കും വിധത്തിലുള്ള പ്രകടനമായി സമരം മാറുക - സ്വാര്‍ഥതയും അതിന്റെ തുടര്‍ച്ചയായ വൈരുധ്യവും ഇവിടെയുമുണ്ട്. അതുകൊണ്ട് തന്നെ അരാഷ്ട്രീയവാദങ്ങളുടെ സൃഷ്ടിക്ക് തങ്ങള്‍ തന്നെ വഹിക്കുന്ന പങ്കിനെ, വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വിലയിരുത്തുകയും വേണം. അല്ലെങ്കില്‍ നിലവിലെ സാമ്പത്തിക - സമൂഹിക ഘടകങ്ങള്‍ക്കധിഷ്ഠിതമായി ക്രമപ്പെടുത്തിയ ഒന്നായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറും. ഇപ്പോള്‍ തന്നെ അങ്ങനെ മാറിയിട്ടില്ലെങ്കില്‍. അവര്‍ക്ക് സൗകര്യം പ്രതികരണ ശേഷി കുറഞ്ഞ, ആധാറടക്കമുള്ള നമ്പറുകളാല്‍ നിയന്ത്രിതമായ ജീവിതക്രമമുള്ള പൗരന്‍മാരെയായിരിക്കും.

1 comment:

  1. പ്രതികരണ ശേഷി നഷ്ടമായ ,പാര്‍ടി മെംബെര്‍ഷിപ്‌ നമ്പറുകളാല്‍ നിയന്ത്രിതമായ,സാമാന്യബോധമില്ലാത്ത നേതാക്കള്‍ക്ക് പിന്നില്‍ റാന്‍ മൂളികളായി പെട്ടി ചുമന്നും തോരണം തൂക്കിയും വെട്ടാന്‍ പറയുമ്പോള്‍ വെട്ടുകയും പാര്‍ടി പറഞ്ഞാല്‍ ഞാന്‍ അമ്മയെയും വെട്ടുമെന്ന് പാര്‍ടി കൂറിന്റെ പേരില്‍ വിവരക്കേട് വിളമ്പുകയും ചെയ്യുന്നവരുടെ അഭയ കേന്ദ്രമായി രാഷ്ട്രീയം മാറുമ്പോഴാണ് അരാഷ്ട്രീയവാദം യദാര്‍ത്ഥ രാഷ്ട്രീയ ബോധാമാകുന്നത്....രാഷ്ട്രീയ ബോധാമെന്നാല്‍ സാമാന്യ ബുദ്ധി പാര്‍ടി ഓഫീസില്‍ പണയം വെക്കുകയാനെന്നു ധാരണയില്ലാത്ത അരാഷ്ട്രീയ വാദികളാണ് നാടിനു നല്ലത്... കേരളത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ അരാഷ്ട്രീയ വാദികലെന്നു വിശേഷിപ്പിക്കുന്നവരിലാണ് രാജ്യത്തിന്റെ, ജനാധിപത്യത്തിന്റെ കരുത്തു.. ..

    ReplyDelete