2013-12-30

വീണവായിച്ചവര്‍ക്ക് വേദനിക്കുന്നു!!


മധ്യവയസ്സിലേക്ക് എത്തുന്ന അക്ബര്‍, അഹമ്മദാബാദ് നഗരത്തില്‍ ഡ്രൈവറാണ്. മാതാപിതാക്കള്‍, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരാണ് അക്ബറിന്റെ കുടുംബം. വികസിക്കുന്ന നഗരത്തില്‍ നിന്ന് ഉന്തിനില്‍ക്കുന്ന ചേരികളിലൊന്നില്‍ ജീവിക്കുന്നു. നഗരം കൂടുതല്‍ വികസിക്കുന്ന മുറക്ക് ഉന്തിനില്‍ക്കുന്ന ഭാഗം ഇല്ലാതാകുമെന്ന തിരിച്ചറിവുണ്ട് ഇയാള്‍ക്ക്. പുതുതായി സൃഷ്ടിക്കപ്പെടുന്ന ചേരിയില്‍ തനിക്കും കുടുംബത്തിനും ഇടം കിട്ടില്ലെന്നും. അത് സംഭവിക്കും മുമ്പ് കുടുംബത്തിന് സ്വസ്ഥമായുറങ്ങാനിടമൊരുക്കണമെന്നതിനാല്‍ ഏത് സമയത്തും ജോലിക്ക് സന്നദ്ധനാണ്. മൂന്ന് സെന്റ് സ്ഥലവും അതിലൊരു പഴയ കെട്ടിടവും അക്ബറിന് കുടുംബസ്വത്തായി കിട്ടിയിട്ടുണ്ട്. അഹമ്മദാബാദിനും ഗാന്ധി നഗറിനുമിടയില്‍. ഗുജറാത്തിന്റെ തലസ്ഥാനനഗരമെന്ന നിലക്ക് ഗാന്ധിനഗറിനെ ആസൂത്രിതമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി ഭരണകൂടം. ഇതിന്റെ ഭാഗമായി അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്ക് നിര്‍മിച്ച നാലുവരിപ്പാത കടന്നുപോകുന്നത് അക്ബറിന്റെ സ്ഥലത്തോട് ചേര്‍ന്നാണ്.


2002 ഫെബ്രുവരി വരെ താമസിച്ചിരുന്ന ഈ സ്ഥലത്തേക്കൊരു മടക്കം അക്ബറിന്റെ മനസ്സിലില്ല. ചേരിക്ക് പുറത്ത് സ്വന്തമായൊരിടമെന്ന സ്വപ്‌നം, ഈ സ്ഥലം വിറ്റാല്‍ യാഥാര്‍ഥ്യമായേക്കും. പക്ഷേ, വില്‍പ്പനയെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. കാരണം ഭൂമി തന്റെതല്ലായെന്ന ബോധ്യം ഇയാള്‍ക്കുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ആഘാതം ഏറ്റവും ചുരുങ്ങിയ തോതില്‍ ഏറ്റുവാങ്ങിയ ആളുകളിലൊരാളാണ് അക്ബര്‍. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെയുണ്ടായിരുന്ന ചേരിതിരിവിന് വിഭജനത്തോടെ ആക്കം കൂടിയതാണ് ഗുജറാത്തിന്റെ വര്‍ഗീയ ചരിത്രം. ആ ചരിത്രത്തിന്‍മേലാണ് വംശഹത്യയുടെ പരീക്ഷണം നരേന്ദ്ര മോദി നടത്തിയത്. ചില കടകള്‍ ആക്രമിക്കപ്പെട്ടതൊഴിച്ചാല്‍ അക്ബര്‍ താമസിച്ചിരുന്ന പ്രദേശത്ത് വലിയ സംഭവങ്ങളുണ്ടായില്ല. പക്ഷേ, ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന അവസ്ഥയിലായിരുന്നു ജീവിതം. ഹൈന്ദവര്‍ക്ക് വലിയ ഭൂരിപക്ഷമുള്ള മേഖലയില്‍ ജീവിതം സുരക്ഷിതമല്ലെന്ന തോന്നല്‍ ബലപ്പെട്ടു. 2002 ഫെബ്രുവരി അവസാനം അക്ബറും കുടുംബവും അഹമ്മദാബാദിലെ ചേരിയിലേക്ക് കുടിയേറി. വ്യാഴവട്ടത്തിനിടെ സ്വന്തം സ്ഥലത്തേക്ക് തിരികെപ്പോയത് രണ്ടോ മുന്നോ തവണ മാത്രം. സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുവെന്ന് ഉറപ്പായതോടെ പോക്ക് നിര്‍ത്തി.


കുടുംബത്തിലാരും കശാപ്പുകത്തിക്ക് ഇരയായിട്ടില്ല, മകളോ സഹോദരിയോ ഭാര്യയോ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ല, സ്വന്തം കിടപ്പാടത്തില്‍ നിന്ന് ബലംപ്രയോഗിച്ച് ഒഴിപ്പിക്കപ്പെട്ടിട്ടില്ല, എല്ലാം കത്തിയെരിയുന്നതിന് സാക്ഷിയാകേണ്ടിവന്നിട്ടില്ല - 2002ന്റെ ആഘാതം ഏറ്റവും ചുരുങ്ങിയ തോതില്‍ ഏറ്റുവാങ്ങിയവരില്‍ ഒരാളെന്ന് അക്ബറിനെ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്. ചുരുങ്ങിയ തോതിലുള്ള ആഘാതം ഇവയൊക്കെയാണ് - വര്‍ഷങ്ങള്‍ നല്ല അയല്‍ക്കാരായിരുന്നവരെ ഒരു രാവ്‌വെളുത്തപ്പോള്‍ സംശയിക്കേണ്ടിവന്നു. അവരെ ഭയന്ന് വീടും ഭൂമിയും ഉപേക്ഷിക്കേണ്ടിവന്നു. ആ ഭയത്തില്‍ ഇപ്പോഴും ജീവിക്കുന്നു. നാളെയൊരു 'പരീക്ഷണ'മുണ്ടായാല്‍ തനിക്കും തന്റെ കുടുംബത്തിനും എന്തൊക്കെ സംഭവിക്കാമെന്ന ആപത്ശങ്കയില്‍ മോചനമില്ലാതെ തുടരുന്നു.


ആസൂത്രിതവും സംഘടിതവുമായ കൂട്ടക്കുരുതിയുടെ നേരിട്ടുള്ള ആഘാതമേറ്റുവാങ്ങാത്ത, അക്ബറിനെപ്പോലുള്ളവര്‍ ധാരാളമുണ്ട്. ഭയത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആയിരങ്ങള്‍. മതത്തെക്കുറിക്കുന്ന ചെറിയ ചിഹ്നങ്ങള്‍ പോലും തീവ്രവാദിയെന്ന സംശയത്തിലേക്ക് വഴിതുറക്കുമെന്ന ഭയത്തില്‍, ഉള്‍വലിയുകയോ സ്വന്തമിടമുപേക്ഷിച്ച് ഓടിപ്പോകുകയോ ചെയ്തവര്‍.


സാധാരണ ജീവിതത്തിലേക്ക് ഇവര്‍ക്ക് തിരികെവരണമെങ്കില്‍ സ്വന്തമിടങ്ങളിലേക്ക് മടങ്ങാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണമായിരുന്നു. അത് ഇതുവരെയുണ്ടായില്ലെന്നതിന് അക്ബറുമാരുടെ ജീവിതം സാക്ഷി. ഭയത്താല്‍ കുടിയൊഴിയേണ്ടിവന്നവര്‍ക്കും ബലപ്രയോഗത്തില്‍ കിടപ്പാടം നഷ്ടമായവര്‍ക്കും പുനരധിവാസമൊരുക്കുകയായിരുന്നു മറ്റൊരു വഴി. അതുമുണ്ടായില്ല. വംശഹത്യയുടെ ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചു. അത് സമയത്തിന് വിതരണം ചെയ്യാന്‍ ശ്രദ്ധിച്ചില്ല നരേന്ദ്ര മോദി ഭരണകൂടം. ഒടുവില്‍ സുപ്രീം കോടതിയുടെ നിര്‍ദേശം വേണ്ടിവന്നു, തുക വിതരണം ചെയ്യാന്‍. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി, പണം കൈപ്പറ്റാന്‍ കഴിഞ്ഞവരുടെ കണക്ക് വ്യക്തമല്ല. ഇവരടക്കം ന്യൂനപക്ഷ സമുദായാംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്. രാജ്യത്താകെയുള്ള ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി പഠിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍. ന്യൂനപക്ഷ സമുദായത്തിലെ കുട്ടികള്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു നരേന്ദ്ര മോദി സര്‍ക്കാര്‍.


വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണവും വിചാരണയുമൊക്കെ ഏത് വിധത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നതിന് ബെസ്റ്റ് ബേക്കറി കേസിനേക്കാള്‍ വലിയ തെളിവ് വേണ്ട. കേസില്‍ ആരോപണവിധേയരായവരെ രക്ഷിച്ചെടുക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയുമൊക്കെ ചെയ്തതിന്റെ രാജ്യത്തെ നാണിപ്പിക്കുന്ന കഥകള്‍. വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റിയിട്ട് പോലും നീതി പൂര്‍ണമായും നടപ്പാക്കപ്പെട്ടില്ല ഈ കേസില്‍. മറ്റ് കേസുകളില്‍ പലതിലും സംഘ്പരിവാറിനോട് കൂറുള്ള അഭിഭാഷകരെ പ്രത്യേക പ്രോസിക്യൂട്ടര്‍മാരായി നിയമിച്ച് ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമിച്ചു. പ്രോസിക്യൂട്ടര്‍മാരില്‍ നിന്ന് കേസിന്റെ രേഖകള്‍ സംഘ് ആസ്ഥാനത്തേക്കും അവിടെ നിന്ന് ആരോപണവിധേയരുടെ പക്കലേക്കും അനുസ്യൂതമൊഴുകി. ഇതിനെല്ലാം പുറമെയാണ് അന്വേഷണത്തിന് വിധേയമാകാതെ ശേഷിക്കുന്ന വെളിപ്പെടുത്തലുകള്‍.


വംശഹത്യയില്‍ അത്യുത്സാഹത്തോടെ പങ്കെടുത്തതിന്റെ കഥ ഒളിക്യാമറക്ക് മുന്നില്‍ വിവരിച്ച ബജ്‌രംഗ് ദള്‍ നേതാവ് ബാബു ബജ്‌രംഗി തനിക്ക് ഒളിത്താവളമൊരുക്കിയ മോദി സാബിനെക്കുറിച്ച് പറഞ്ഞിരുന്നു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനൊടുവില്‍ ബജ്‌രംഗി ജയിലിലായി, പക്ഷേ, ഒളിത്താവളമൊരുക്കിയ മോദി സാബിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല. നടത്തിയ അന്വേഷണത്തില്‍ തന്നെ തെളിവില്ലെന്ന കാരണത്താല്‍ സാബിന് ശുദ്ധിപത്രം നല്‍കി പ്രത്യേക സംഘം. സംഘത്തിന്റെ റിപ്പോര്‍ട്ടിനെ സംശയദൃഷ്ടിയോടെ വീക്ഷിച്ചെങ്കിലും പുനരന്വേഷണത്തിന് നിര്‍ദേശിച്ചില്ല പരമോന്നത നീതിപീഠം.


വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ പതിറ്റാണ്ട് പിന്നിട്ട പ്രവര്‍ത്തനം തുടരുകയാണ്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന താത്പര്യം കമ്മീഷനില്ല, നിര്‍ബന്ധം സര്‍ക്കാറിനുമില്ല. അന്വേഷണമുണ്ടോ എന്ന് ചോദിച്ചാല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടരുകയല്ലേ എന്ന് മറുപടി പറയാന്‍ മാത്രമൊരു കമ്മീഷന്‍. കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാറിനെതിരെ ഏതെങ്കിലും വിധത്തില്‍ പ്രതികരിച്ചവര്‍ മോദി ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയരായി. പൗരാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട സ്വതന്ത്ര അന്വേഷണ കമ്മീഷനോട് സംസാരിച്ചുവെന്നതിന്റെ പേരില്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയെന്ന് വരെ ആരോപണം നിലനില്‍ക്കുന്നു.


കൂട്ടക്കുരുതിക്ക് അവസരമൊരുക്കാന്‍ പാകത്തില്‍ നിഷ്‌ക്രിയമാകാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ആരോപണമുണ്ട്. നിര്‍ദേശം അതേപടി നടപ്പാക്കിയ ഉദ്യോഗസ്ഥര്‍, ഭരണനേതൃത്വത്തിലുള്ളവരുമായി ടെലിഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നു. ഇത് ശേഖരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കേസില്‍ കുടുങ്ങിക്കിടക്കുന്നു. സ്വന്തം ഉത്തരവാദിത്തം നിറവേറ്റാതെ, ഭൂരിപക്ഷ സമുദായത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കൊക്കെ സ്ഥാനക്കയറ്റം ലഭിച്ചു. സര്‍വീസ് കാലാവധി നീട്ടിനല്‍കപ്പെട്ടു. സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പുതിയ സ്ഥാനമാനങ്ങള്‍ നല്‍കി അവരെ ആദരിച്ചു.


കുരു, പാണ്ഡവ സ്വത്തു തര്‍ക്കത്തിന്റെ കഥ, കുരുക്ഷേത്രത്തിലെ രക്തച്ചൊരിച്ചിലിന് ശേഷം അവസാനിക്കുമ്പോള്‍, ഇതിലില്ലാത്തത് ഒരിടത്തുമുണ്ടാകില്ലെന്ന് വേദവ്യാസന്‍ അഹങ്കാരത്തോടെ പറഞ്ഞിരുന്നു. മനുഷ്യജീവിതത്തില്‍ സാധ്യമായ എല്ലാ നന്മ,തിന്മകളും വ്യവഹരിക്കപ്പെട്ടിരുന്നു മഹാഭാരതത്തില്‍. ജ്യേഷ്ഠന്റെ, ജ്യേഷ്ഠസ്ഥാനീയന്റെ, ഗുരുവിന്റെ, പിതാമഹന്റെ ഒക്കെ തലയറുക്കുന്നതിനുള്ള ന്യായം പോലും നിരത്തപ്പെട്ടു. യുദ്ധത്തില്‍ ധര്‍മനീതിക്ക് സ്ഥാനമില്ലെന്ന ന്യായം നിരത്തപ്പെടുകയും ചെയ്തു. വ്യാസന്റെ കഥകളിലും ഉപകഥകളിലും കാണാത്ത ക്രൂരതകളുണ്ട് ഗുജറാത്ത് വംശഹത്യയില്‍. അതിലുന്നയിക്കാത്ത ന്യായയുക്തികളുണ്ട് വംശഹത്യാനന്തരമുള്ള സംഭവങ്ങളില്‍. ഏതൊരു പ്രവൃത്തിക്കും തുല്യശക്തിയുള്ള പ്രതിപ്രവൃത്തിയുണ്ടാകുമെന്ന ന്യൂട്ടന്റെ സിദ്ധാന്തം മുതല്‍ മുസ്‌ലിംകളെല്ലാം ഭീകരവാദികളല്ല, ഭീകരവാദികളെല്ലാം മുസ്‌ലിംകളാണ് എന്നു വരെ നീളുന്ന ന്യായയുക്തികള്‍.


ഇതിനെല്ലാം ശേഷമാണ് അന്നു നടന്നതൊക്കെ വേദനിപ്പിക്കുന്നതായിരുന്നുവെന്ന് നരേന്ദ്ര മോദി സാഹെബ് പറയുന്നത്. അതും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയും ഘടകകക്ഷികളെ ആകര്‍ഷിക്കുക പ്രയാസമാകുമെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍. ''മനുഷ്യത്വരഹിതമായ കലാപത്തിന് സാക്ഷിയാകുമ്പോള്‍ അനുഭവിച്ച വേദനയും ശൂന്യതയും വാക്കുകളില്‍ വിവരിക്കാനാകില്ല'' എന്നാണ് മോദി ഇപ്പോള്‍ പറയുന്നത്. റൊട്ടിയും സബ്ജിയും കഴിക്കുന്നവരില്‍ എത്രപേര്‍ ഈ വാക്കുകള്‍ വിശ്വസിക്കുമെന്ന് കണ്ടറിയണം. ഭീകരവാദികളും രാജ്യദ്രോഹികളുമായ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്രയും നാള്‍ സ്വീകരിച്ച കടുത്ത നിലപാടുകളെ, വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് അവരെ കൊന്നൊടുക്കുന്നതുള്‍പ്പെടെ, അധികാരസോപാനത്തിലേക്ക് കാലെടുത്തുവെക്കാന്‍ അവസരമുണ്ടായാല്‍ തള്ളിപ്പറയാന്‍ മടിക്കാത്തയാളാണ് താനെന്ന് നരേന്ദ്ര മോദി ഇപ്പോള്‍ തെളിയിച്ചുവെന്ന് ഇത്രനാളും തീവ്ര ഹിന്ദുത്വയില്‍ ആകൃഷ്ടരായി നിന്ന സംഘ് പരിവാറുകാരെങ്കിലും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം. വേദനിച്ചെന്ന വെളിപ്പെടുത്തലിന് അതിലപ്പുറം പ്രാധാന്യമൊന്നുമില്ല.  സംഘ് പരിവാറുകാര്‍, പിന്നാക്ക വിഭാഗക്കാരനെങ്കിലും മോദിയും, പിന്തുടരുന്ന സവര്‍ണ പാരമ്പര്യത്തെ കടമെടുത്താല്‍ ഈ കാപട്യത്തെ മുഖമടച്ച് ആട്ടുകയാണ് രാജ്യം ചെയ്യേണ്ടത്. ചേരിയില്‍ നിന്ന് നാളെ പറിച്ചെറിയപ്പെടുമെന്ന് അറിയുമ്പോഴും തട്ടിയെടുക്കപ്പെട്ട സ്വത്തിന് വേണ്ടി അപേക്ഷിക്കാന്‍ തയ്യാറാകാത്തവര്‍ ചെയ്യുന്നത് അതാണ്.

3 comments:

  1. ഗുജറാത്ത്‌ സന്ദര്‍ശിച്ചു എഴുതിയതാണെന്നു തോനുന്നു. വയിക്കുബോള്‍ മനസ്സില്‍ ഈ കൊലപാതകിയെ കുറിച്ച് പുച്ഛവും എന്നാല്‍ അദേഹത്തിന്റെ ആദര്‍ശം നടപ്പിലാകാന്‍ ഇറങ്ങിപുരപ്പെട്ട ആള്കൂട്ടവും പോലീസും നിയമ സംവിധാനവും ഉള്ള ഇവിടെ എങ്ങനെയാണ് നുനപക്ഷങ്ങള്‍ക് ജീവിക്കാന്‍ കഴിയുക എന്ന ചിന്തയും വേട്ടയാടുന്നു. താങ്കളെപോലുള്ള പത്രപ്രവര്‍ത്തകര്‍ തെളിവുകള്‍ കൊണ്ടുവന്നു മലയാളികള്‍ക്ക് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കരുതുന്നു (കൂട്ടിനു മീഡിയ one കൂടെയുന്ടെല്ലോ).BEST WISHES.

    ReplyDelete