2014-04-14

പരനാറിയിലെ സമാസ സാധ്യത


പരന്‍ എന്ന വാക്കിന് മറ്റൊരുവന്‍, അന്യദേശത്തുള്ളവന്‍, ശത്രു, ശ്രേഷ്ഠന്‍, സര്‍വോത്കൃഷ്ടന്‍, ദുരത്തുള്ളവന്‍, ഈശ്വരന്‍, പരമാത്മാവ് എന്നൊക്കെയാണ് അര്‍ഥം കല്‍പ്പിച്ചിട്ടുള്ളത്. അവലംബം - ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി. നാറി എന്ന വാക്ക് ശബ്ദതാരാവലിയില്‍ പരാമര്‍ശവിധേയമാകുന്നുമില്ല.“'പരനാറി' എന്ന വാക്കിനെ സന്ധിസമാസങ്ങളിലൂടെ എങ്ങനെ വിശദീകരിക്കാമെന്ന ആലോചനയിലാണ് ശബ്ദതാരാവലി മറിച്ചത്. ശുംഭന്‍ എന്ന വാക്കിന് പ്രകാശിക്കുന്നവന്‍ എന്ന് ശബ്ദതാരാവലി അര്‍ഥം കല്‍പ്പിക്കുന്നുണ്ടെന്ന് കോടതിയില്‍ വാദിച്ച ചരിത്രം സി പി എം നേതാക്കള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ പരനാറി എന്ന വാക്കിന് ഭാവിയില്‍ പുതിയ വ്യാഖ്യാനസാധ്യതയുണ്ടോ എന്നതു കൂടി അറിയുകയായിരുന്നു ഉദ്ദേശ്യം. കോടതിക്ക് മുന്നില്‍ വേണ്ടിവരില്ലെങ്കിലും കൂട്ടുകക്ഷി രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകുകയാണെങ്കില്‍ പുതിയ വ്യാഖ്യാനം അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായ പ്രയോഗങ്ങളില്‍ ഇക്കുറി മാധ്യമശ്രദ്ധ ഏറ്റവും കൂടുതല്‍ ലഭിച്ച ഒന്ന്, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊല്ലത്ത് നടത്തിയ പര(മ)നാറി പ്രയോഗത്തിന് തന്നെയാണ്. പല കുറി നടത്തിയിട്ടും ശ്രദ്ധ ലഭിക്കാതെ പോയതോ മനഃപൂര്‍വം ശ്രദ്ധിക്കാതിരുന്നതോ ആയ മറ്റൊരു പരാമര്‍ശം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ വകയായിരുന്നു. 1977ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇക്കുറി ആവര്‍ത്തിക്കുമെന്ന് വി എം സുധീരന്‍ ആവര്‍ത്തിച്ചു. സി പി എമ്മിനും കോണ്‍ഗ്രസിനും കേരളത്തില്‍ നേതൃത്വം നല്‍കുന്നവര്‍ എന്ന നിലക്കാണ് ഇവരുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം കൈവരുന്നതും അത് ചര്‍ച്ച ചെയ്യപ്പെടുന്നതും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനത്തോടടുത്താണ് പരനാറി എന്ന 'വിശേഷണ' പദം പിണറായി ഉപയോഗിക്കുന്നത്. അത് നേരത്തെയായിരുന്നുവെങ്കില്‍ കേരളത്തിലെ പ്രചാരണരംഗം ഈ വാക്കിനെച്ചുറ്റിപ്പറ്റി കുറേക്കൂടി സഞ്ചരിക്കുമായിരുന്നു.


വോട്ടവകാശം വിനിയോഗിക്കുന്നതിന് പരിശോധിക്കപ്പെടേണ്ട രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് മലയാളിക്ക് ധാരണയില്ലാത്തതുകൊണ്ടൊന്നുമല്ല ഇത്തരം പ്രയോഗങ്ങളില്‍ പ്രചാരണം തളക്കപ്പെടുന്നത്. ഈ പ്രയോഗങ്ങളുടെ പിറകെ മാധ്യമങ്ങള്‍ ഗമിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചില സൗകര്യങ്ങളുണ്ടാകുന്നുണ്ട്. യഥാര്‍ഥത്തില്‍ മറുപടി പറയേണ്ട ചോദ്യങ്ങളില്‍ നിന്ന് പാര്‍ട്ടികള്‍ക്ക് തത്കാലത്തേക്ക് എങ്കിലും മാറിനില്‍ക്കാന്‍ സാധിക്കുമെന്നതാണ് ഒന്ന്. വോട്ടര്‍മാരില്‍ ചെറിയ വിഭാഗത്തിന്റെയെങ്കിലും വൈകാരിക പ്രതികരണം പ്രതീക്ഷിക്കുകയും ചെയ്യാം.


ഏതെങ്കിലുമൊരു വ്യക്തിയുടെ പേരെടുത്ത് താന്‍ പറഞ്ഞില്ലെന്നും തന്റെ പ്രയോഗം ഒരാള്‍ സ്വയം ഏറ്റെടുക്കുകയോ ഒരാളുമായി സമൂഹം അതിനെ ബന്ധിപ്പിക്കുകയോ ചെയ്തതിന് തനുത്തരവാദിയല്ലെന്നുമണ് പിണറായി വിജയന്‍ പിന്നീട് വിശദീകരിച്ചത്. പ്രയോഗലക്ഷ്യം എല്‍ ഡി എഫ് വിട്ട് യു ഡി എഫിലെത്തിയ ആര്‍ എസ് പിയുടെ നേതാവും കൊല്ലം മണ്ഡലത്തിലെ സി പി എമ്മിന്റെ എതിരാളിയുമായ പ്രേമചന്ദ്രനായിരുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. 'ഒരു പോളിറ്റ് ബ്യൂറോ അംഗത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രയോഗം മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം നടത്തരുത്' എന്ന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നയാളാണ് പിണറായി വിജയനെന്നതിനാല്‍ പ്രയോഗം എം എ ബേബിയെക്കുറിച്ചാകാന്‍ സാധ്യതയില്ല. കൊല്ലം മണ്ഡലത്തില്‍ ബേബിക്ക് ശക്തനായ എതിരാളി പ്രേമചന്ദ്രന്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നതിനാല്‍ മറ്റാര്‍ക്കു നേരെയും വിശേഷണ പദം പ്രയോഗിക്കേണ്ട ആവശ്യവുമില്ല.


പരനാറി എന്ന സമസ്ത പദത്തെ വിഭജിക്കാന്‍ ശ്രമിച്ചാല്‍ പരം + നാറി = പരനാറി എന്ന് സംവൃതോകാരം ലോപം ചെയ്യുന്ന സന്ധി പ്രയോഗിക്കാം. അങ്ങനെയെങ്കില്‍ നമ്മള്‍ നേരിട്ട് മനസ്സിലാക്കുന്നത് പോലെ ഏറ്റവുമധികം നാറിയവന്‍ എന്ന അര്‍ഥം കല്‍പ്പിക്കാം. പരന്റെ നാറ്റം വഹിക്കേണ്ടിവന്നവന്‍ ആരോ അവന്‍ എന്ന് ബഹുവ്രീഹിയില്‍ സമാസിക്കാനും ഈ വാക്ക് അവസരം നല്‍കുന്നു. സി പി എമ്മുകാര്‍ പ്രത്യക്ഷമായെങ്കിലും ഭൗതികവാദികളായതിനാല്‍ പരനെന്ന വാക്കിനുള്ള ഈശ്വരന്‍, പരമാത്മാവ് തുടങ്ങിയ അര്‍ഥങ്ങള്‍ അവര്‍ക്ക് സ്വീകാര്യമാകില്ല. ശ്രേഷ്ഠന്‍, സര്‍വോത്കൃഷ്ടന്‍ എന്നീ അര്‍ഥങ്ങള്‍ എതിരാളികള്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ എന്തായാലും അവര്‍ തയ്യാറാകുകയുമില്ല. അതുകൊണ്ട് മറ്റാരുവന്‍, ശത്രു എന്നീ അര്‍ഥങ്ങളാകും സ്വീകരിക്കപ്പെടുക. മറ്റൊരുവന്റെ അല്ലെങ്കില്‍ ശത്രുവിന്റെ (സി പി എമ്മിനെ സംബന്ധിച്ച് യു ഡി എഫോ കോണ്‍ഗ്രസോ ആണ്) നാറ്റം വഹിക്കേണ്ടിവന്നവന്‍ ആരോ അവനാണ് പ്രേമചന്ദ്രന്‍. കാലാന്തരത്തില്‍ (ഏതാനും വര്‍ഷങ്ങള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ) ആര്‍ എസ് പി, അവരുടെ രാഷ്ട്രീയം ഇടതുപക്ഷത്തു തന്നെയാണെന്ന് തിരിച്ചറിഞ്ഞാല്‍ ബഹുവ്രീഹിയുടെ സഹായം സ്വീകരിക്കാന്‍ സി പി എമ്മിന് സാധിക്കുമെന്ന് ചുരുക്കം.


തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായിരിക്കെയാണ് ടി പി വധക്കേസിലെ പ്രതി കിര്‍മാണി മനോജുമായി വടകരയിലെ സി പി എം സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന ആരോപണവുമായി ആര്‍ എം പി രംഗത്തുവരുന്നത്. ഇത് കോണ്‍ഗ്രസ് നേതാക്കളടക്കം ഏറ്റുപിടിച്ചു. വധഗൂഢാലോചനയെക്കുറിച്ച് നിലവല്‍ കേരള പോലീസ് നടത്തുന്ന അന്വേഷണത്തില്‍ കിര്‍മാണി - ഷംസീര്‍ ഫോണ്‍ സംഭാഷണം കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുകയും ചെയ്തു. വധഗൂഢാലോചനയിലോ വധത്തില്‍ തന്നെയോ ഷംസീറിന് പങ്കുണ്ടെന്ന സംശയമാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. കൊലക്കേസില്‍ ആരോപണവിധേയനാണ് ഷംസീറെന്ന് ആരും പ്രത്യക്ഷത്തില്‍ പറഞ്ഞില്ലെങ്കിലും വ്യവഹരിക്കപ്പെടേണ്ടത് അങ്ങനെതന്നെയാണ്. ഒരന്വേഷണത്തിന്റെയും പിന്‍ബലമില്ലാതെ ഒരാളെ കൊലക്കേസില്‍ ആരോപണവിധേയനാക്കുന്നതിനോളം ഗൗരവമുണ്ടോ പരനാറിയെന്ന വിശേഷണത്തിന് എന്നത് ആലോചിക്കേണ്ടതാണ്.


1977 ആവര്‍ത്തിക്കുമെന്ന വി എം സുധീരന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളിലെ അശ്ലീലമാണ് ഒരുപക്ഷേ, ഇതിനെക്കാളൊക്കെ ഗൗരവമുള്ളത്. 1975 മുതല്‍ 77 വരെ നീണ്ട അടിയന്തരാവസ്ഥയെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊഴികെ രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ കേരളം പൂര്‍ണമായും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കൊപ്പം നിന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 11 സീറ്റ് ജയിച്ചപ്പോള്‍ സഖ്യകക്ഷികളായിരുന്ന സി പി ഐക്ക് നാലും ആര്‍ എസ് പിക്ക് ഒന്നും സീറ്റില്‍ ജയിക്കാനായി. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും രണ്ട് വീതം സീറ്റുകളില്‍ ജയിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്ത സി പി എം അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ഒരിടത്ത് പോലും ജയിക്കാനായില്ല.


അടിയന്തരാവസ്ഥയെ കേരളത്തിലെ ജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചുവെന്നതിന്റെ തെളിവായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ വേണമെങ്കില്‍ കാണാം. എന്നാല്‍ ഭൂരിപക്ഷഹിതം ഏത് വിധത്തിലാണ് ജനാധിപത്യവിരുദ്ധമാകുന്നതിന് എന്നതിന്റെ ഏറ്റവും ഉദാത്തമായ തെളിവായി വേണം 1977ലെ  ജനവിധിയെ വിലയിരുത്താന്‍. ഭൂരിപക്ഷ വിധി ജനാധിപത്യവിരുദ്ധമാകാനുള്ള സാധ്യത നിലനില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പ്രത്യേകിച്ചും. അതുപോലൊരു വിധി (എണ്ണക്കണക്കില്‍ മാത്രമാകും ഉദ്ദേശിച്ചിട്ടുണ്ടാകുകയെങ്കിലും) ഇക്കുറി കേരളത്തിലുണ്ടാകുമെന്ന് കെ പി സി സിയുടെ പ്രസിഡന്റ് പറയുമ്പോള്‍, 1977ലെ ജനവിധി സ്വാഗതാര്‍ഹമായിരുന്നു എന്ന വ്യംഗ്യം അതിലുണ്ട്. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ച് ദേവരാജ് അര്‍സിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അതിനൊപ്പം നില്‍ക്കുകയും 1982വരെ കോണ്‍ഗ്രസ് എസ്സില്‍ തുടരുകയും ചെയ്ത നേതാവാണ് വി എം സുധീരനെന്നത് പ്രത്യേകം ഓര്‍ക്കണം. 1977ലെ ജനവിധിയെ അംഗീകരിച്ചിരുന്നുവെങ്കില്‍ 1978ല്‍ അര്‍സ് കോണ്‍ഗ്രസിനൊപ്പം പോകേണ്ട ആവശ്യം സുധീരനുണ്ടായിരുന്നില്ല.


അടിയന്തരാവസ്ഥയില്‍ അരങ്ങേറിയത് നരനായാട്ടായിരുന്നുവെന്നത് പിന്നീട് പുറത്തുവന്ന ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ചേരികള്‍ ഇടിച്ചു നിരത്തിയും നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കിയും എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ മുഴുവന്‍ ജയിലിലടച്ചും ഇന്ദിരയും സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അടുക്കള മന്ത്രിസഭയും നടത്തിയ ഭരണം. അതിന്റെ ഇരകള്‍ കേരളത്തിലുമുണ്ടായിരുന്നു. കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി രാജനായിരുന്നു കേരളത്തിലെ പ്രതീകം. അതുപോലെ അപ്രത്യക്ഷരായവര്‍ വേറെയുമുണ്ട്. ജയിലില്‍ പീഡനങ്ങള്‍ക്ക് ഇരയായവരും. ഇതൊക്കെയുണ്ടായിട്ടും കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് സമ്പൂര്‍ണ വിജയം ആഘോഷിച്ചത് നേട്ടമായി കരുതുകയും അത് ആവര്‍ത്തിക്കുമെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍, ഭരണകൂടത്തിന്റെ ഏത് ക്രൂരതയും വഴിവിട്ട പ്രവൃത്തിയും സ്വീകരിക്കുന്ന വിധേയജനതയാണിവിടുത്തേത് എന്ന മിഥ്യാധാരണ മനസ്സില്‍ നിലനില്‍ക്കുന്നുവെന്ന് കരുതേണ്ടിവരും. അതുകൊണ്ടാണ് സുധീരന്റെ പ്രസ്താവനയെ അശ്ലീലമെന്ന് വിശേഷിപ്പിക്കേണ്ടിവരുന്നതും.


പരനാറി പ്രയോഗം, സി പി എം നേതാക്കള്‍ ശീലിച്ച് തുടരുകയും നേതാക്കളുടെ പാത പിന്തുടരുന്ന പ്രവര്‍ത്തകര്‍ അനുകരിക്കുകയും ചെയ്യുന്ന അഹങ്കാരമെന്നോ ധാര്‍ഷ്ട്യമെന്നോ ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന അഹംബോധത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. സ്വന്തം അണികളെ ആവേശം കൊള്ളിക്കാന്‍ നടത്തുന്ന ഇത്തരം പ്രയോഗങ്ങള്‍ (നികൃഷ്ട ജീവി, കുലംകുത്തി തുടങ്ങിയവ അടക്കം) സമൂഹം എങ്ങനെയാണ് സ്വീകരിക്കുക എന്ന ആലോചന ഉണ്ടാകുന്നതേയില്ലെന്നതിലാണ് പ്രശ്‌നം. നേതാക്കളും പ്രവര്‍ത്തകരും വിനയം മുഖമുദ്രയാക്കണമെന്ന പ്ലീനത്തിന്റെ സന്ദേശം, അത് നടപ്പാക്കേണ്ടവര്‍ തന്നെ മറന്നു പോകുകയും ചെയ്യുന്നു. പക്ഷേ, രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ജനാധിപത്യ സമ്പ്രദായത്തെയും വിശാലമായി വീക്ഷിക്കുമ്പോള്‍, കൂടുതല്‍ അബദ്ധമോ അപകടമോ ആകുന്നത് 1977 ആവര്‍ത്തിക്കുമെന്ന സുധീരന്റെ പ്രസ്താവനകള്‍ തന്നെയാണ്. 1977ലെ ഫലം, ആ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന മധുരമനോഹര കാലത്തിന്റെ തുടര്‍ച്ചയാണെന്ന തെറ്റിദ്ധാരണയാണ് സൃഷ്ടിക്കുന്നത്. ബഹുവ്രീഹിയില്‍ സമാസിച്ച് പരിഹരിക്കാവുന്ന പ്രയോഗപ്പിഴയല്ല അതെന്ന് ചുരുക്കം. 1978ല്‍ ഇന്ദിരയെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിവിട്ടത് പിഴവായിപ്പോയെന്ന് സുധീരന്‍ ഇപ്പോള്‍ കരുതുന്നില്ലെങ്കില്‍ പ്രത്യേകിച്ചും.

No comments:

Post a Comment