2014-04-25

അരക്കില്ലങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ്


''തന്റെ രാജ്യത്തിന്റെ യഥാര്‍ഥ രൂപം ആര്‍ക്കും മനസ്സിലാവരുത് എന്ന് സാരം. ശക്തി കൈവരുമ്പോള്‍ മാത്രം മതത്തെ സേവിക്കുന്നതിന് വിളംബരം ചെയ്യണം. കാരണം സത്യം സമ്പത്തിന്റെയും ധര്‍മം ശക്തിയുടെയും ദാസന്‍മാരാണ്. ആരുടെയടുത്താണോ സമ്പത്തുള്ളത് അയാള്‍ പറയുന്നതെല്ലാം സത്യമാകുന്നു. സത്യമല്ലെങ്കിലും അത് സത്യമാണെന്ന് തെളിയിക്കാന്‍ അറിയും. ആരുടെ കൈകള്‍ക്കാണോ കരുത്തുള്ളത്, അയാളുടെ ധര്‍മം ശ്രേഷ്ഠമാകുന്നു'' - പാണ്ഡവര്‍ക്കെതിരെ കരുനീക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ദുര്യോധനനു വേണ്ടി ധൃതരാഷ്ട്രരോട് സംവദിക്കുന്ന ആര്യകണകന്‍ പറയുന്നവാക്കുകളാണിത്. ശിവാജി ഗോവിന്ദ് സാവന്ത് എഴുതിയ കര്‍ണന്‍ എന്ന നോവലില്‍ നിന്ന്.


കരുത്തുള്ളവന്റെ ധര്‍മം ശ്രേഷ്ഠമാകുന്ന കാഴ്ച കാണുകയാണ് ഇന്ത്യന്‍ യൂനിയന്‍. കരുത്തുണ്ടെന്ന് സ്വയം അവകാശപ്പെടുകയും ആ അവകാശവാദത്തിന് പ്രചാരണജിഹ്വകള്‍ അല്ലേലൂയ പാടുകയും ചെയ്യുമ്പോള്‍ കരുത്തുള്ളവന്റെ ധര്‍മം ശ്രേഷ്ഠമെന്നും അതാണ് നടപ്പാകാന്‍ പോകുന്നതെന്നും കരുതുന്നവര്‍ ധാരാളം. അവരുടെ പ്രതിനിധികളാണ് ബീഹാറിലെ നവാദ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ബി ജെ പി നേതാവ് ഗിരിരാജ് സിംഗും വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയയും. വിഷം വമിപ്പിക്കുന്ന വാക്കുകള്‍ക്ക് മുമ്പും (കു)പ്രസിദ്ധനാണ് തൊഗാഡിയ. കരുത്തുള്ളവന്റെ ധര്‍മം സ്ഥാപിക്കാന്‍ ഗുജറാത്തില്‍ ശ്രമം നടന്ന നാളുകളില്‍, അതില്‍ തീ പടര്‍ത്തിയിരുന്നു ഇത്തരം നാവുകള്‍. പിന്നീട് പല ഘട്ടങ്ങളിലും.


നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍, ഇന്ന് മോദിയെ എതിര്‍ക്കുന്നവര്‍ക്കൊക്കെ രാജ്യം വിടേണ്ടിവരുമെന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്നുമായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസംഗം. അതിനെ പിന്തുണക്കുന്നില്ലെന്ന് ബി ജെ പി പറഞ്ഞുവെങ്കിലും തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഗിരിരാജ് പറഞ്ഞത്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ താമസമാക്കുന്നതിനെ ചെറുക്കണമെന്നാണ് പ്രവീണ്‍ തൊഗാഡിയയുടെ നിര്‍ദേശം. അങ്ങനെ താമസമാക്കുന്നവര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ലെങ്കില്‍, അവരുടെ വീടുകള്‍ സ്വന്തമാക്കണമെന്നും. ഗിരിരാജ് പറഞ്ഞതിന്റെ തുടര്‍ച്ചയാണ് തൊഗാഡിയയുടെ വാക്കുകള്‍.


ഹിന്ദു എന്നതിനെ മതമായി പരിഗണിക്കുകയാണെങ്കില്‍ രാജ്യത്ത് ഭൂരിപക്ഷം ആ മതക്കാരാണ്. അവരില്‍ ഭൂരിപക്ഷവും ബി ജെ പിയുടെയോ സംഘ്പരിവാരത്തിന്റെയോ അതിന്റെ അടിസ്ഥാന ആശയങ്ങളെയോ പ്രതിനിധാനം ചെയ്യുന്നവരല്ല. പക്ഷേ, അവരുടെ പേരില്‍ അധികാരം കാംക്ഷിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘും അതിനുള്ള ഉപകരണമായ ബി ജെ പിയും അതിന്റെ പുതിയ പ്രതീക്ഷയായ നരേന്ദ്ര മോദിയും ഭരണം നിയന്ത്രിക്കുന്ന കാലമുണ്ടായാല്‍ ഭൂരിപക്ഷത്തിന്റെ പ്രദേശങ്ങളില്‍ നിന്ന് ന്യൂനപക്ഷം ഒഴിഞ്ഞുകൊടുക്കേണ്ടിവരുമെന്നാണ് തൊഗാഡിയ പറയുന്നത്. അങ്ങനെ ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ കടന്നു കയറി സ്വന്തമാക്കണമെന്നും. മോദിയെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യം വിടേണ്ടിവരുമെന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്നും ഗിരിരാജ് പറയുന്നതിന്റെ അര്‍ഥവും മറ്റൊന്നല്ല. ബഹു സംസ്‌കാരങ്ങളെ അംഗീകരിക്കുന്ന മതനിരപേക്ഷ രാഷ്ട്രമല്ല, ഹിന്ദു മതതത്വങ്ങളനുസരിക്കുന്ന രാഷ്ട്രമാണ് വേണ്ടത് എന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സ്ഥാപിതോദ്ദേശ്യത്തെ സ്പഷ്ടമാക്കുക മാത്രമേ, ഇരുവരും ചെയ്യുന്നുള്ളൂ. സാംസ്‌കാരിക സംഘടനയെന്ന് സ്വയം അവകാശപ്പെടുന്ന ആര്‍ എസ് എസ്, സംസ്‌കൃതത്തിലും ബി ജെ പി രാജ്യധര്‍മത്തിന്റെ ഭാഷയിലും പറയുന്നത് ഏവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ പറഞ്ഞു ഇവര്‍.


തങ്ങളുദ്ദേശിക്കുന്ന രാഷ്ട്രത്തിന്റെ യഥാര്‍ഥ രൂപം ജനങ്ങള്‍ക്ക് മനസ്സിലാകരുത് എന്ന ആര്യകണകന്റെ സിദ്ധാന്തത്തിന്റെ പൊരുള്‍ മനസ്സിലാക്കിയവരാണ് ആര്‍ എസ് എസ്സും ബി ജെ പിയും. ശക്തി കൈവരുമ്പോള്‍ മാത്രമേ മതത്തെ സേവിക്കുന്നതിന് വിളംബരം ചെയ്യാവൂ എന്ന് അവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. അതുകൊണ്ടാണ് ഗിരിരാജിന്റെയും തൊഗാഡിയയുടെയും വാക്കുകളെ വില വെക്കുന്നില്ലെന്ന് അവര്‍ പരസ്യമായി പറയുന്നത്. സംശയങ്ങള്‍ക്ക് വഴിവെക്കുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. മനസ്സിലുള്ളത് മുഴുവന്‍ തുറന്ന് പറഞ്ഞാല്‍ പിന്നെ രാഷ്ട്രീയവും രാജ്യതന്ത്രവുമില്ലെന്ന തിരിച്ചറിവ്. ഈ തിരിച്ചറിവ് ആര്‍ എസ് എസ്സിന്റെയോ ബി ജെ പിയുടെയോ നരേന്ദ്ര മോദിയുടെയോ മാത്രമല്ല; കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും മന്‍മോഹന്‍ സിംഗിന്റെയുമൊക്കെയാണ്. അതുള്ളതുകൊണ്ടാണ് സമഗ്ര പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായാണ് അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണ കരാര്‍ ഒപ്പ് വെക്കുന്നത് എന്ന് മന്‍മോഹന്‍ സിംഗ് തുറന്ന് പറയാതിരുന്നത്. അത്തരമൊരു കരാറിന് വഴിമരുന്നിട്ടത് തങ്ങളാണെന്ന് ബി ജെ പിയും എ ബി വാജ്പയിയും എല്‍ കെ അഡ്വാനിയും പറയാതിരിക്കുന്നത്. അത്തരം മൂടിവെക്കലുകള്‍ക്കില്ലാത്ത അര്‍ഥമുണ്ട് ഗിരിരാജും തൊഗാഡിയയും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കും സംഘ് പരിവാറിന്റെ നിഷേധങ്ങള്‍ക്കും. കരുത്തുള്ളവന്റെ ധര്‍മം ശ്രേഷ്ഠമാകുന്ന കാലം വിദൂരത്തല്ല എന്ന് പ്രസ്താവന നടത്തുന്നവരും നിഷേധിക്കുന്നവരും വിശ്വസിക്കുന്നു.


ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് നരേന്ദ്ര മോദിയും സ്തുതിപാഠകരും പ്രചരിപ്പിക്കുന്നത് സത്യമെന്ന് വിശ്വസിക്കപ്പെടുകയാണ്. അത്തരമൊരു വികസനം രാജ്യത്താകെയുണ്ടാകുന്നതിന് പരമാധികാരിയായി മോദിയെ നിശ്ചയിക്കണമെന്ന വാദത്തിന് ബലം സിദ്ധിക്കുന്നു. അംബാനിയും അദാനിയും ടാറ്റയുമൊക്കെ കൂടെയുള്ളപ്പോള്‍ മോദി സമ്പന്നനാണ്. അതുകൊണ്ടാണ്, രാജ്യത്താകമാനം പറന്ന് റാലികള്‍ നടത്താനാകുന്നതും അതിന്റെയൊക്കെ തത്സമയ സംപ്രേഷണം പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്നുവെന്ന് ഉറപ്പാക്കാനാകുന്നതും. എല്ലാ റാലികളുടെയും തത്സമയ സംപ്രേഷണം നടക്കുന്നത് ബഹു ക്യാമറകളുടെ പ്രയോഗത്താലാണ്. റാലികളില്‍ സംബന്ധിക്കാനെത്തുന്നവരുടെ തലക്ക് മീതേ പായുന്ന കാമറകള്‍ അടക്കം. ഇത്തരമൊരു ചിത്രീകരണത്തിനും അതിന്റെ തത്സമയം സംപ്രേഷണത്തിനും നല്‍കേണ്ടിവരുന്ന ചെലവ് കണക്കിലെടുത്താല്‍, പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പണത്തിന്റെ പരിധി ലംഘിക്കപ്പെടുമെന്ന് ഉറപ്പ്. പക്ഷേ, നരേന്ദ്ര മോദിക്കോ ബി ജെ പിക്കോ ആരെങ്കിലും തടസ്സമാകുന്നുണ്ടോ? പ്രചാരണച്ചെലവ് സംബന്ധിച്ച് അവര്‍ നല്‍കുന്ന കണക്കുകള്‍ അംഗീകരിക്കപ്പെടുന്നു. സത്യം സമ്പന്നനൊപ്പമാണ്. സത്യമല്ലെങ്കിലും   നല്‍കുന്ന കണക്കുകള്‍ സത്യമെന്ന് തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. വിവാഹിതനാണോ അല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കുന്നത്, വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് മുമ്പ് സത്യവും, നിര്‍ദേശത്തിന് ശേഷം വിവാഹിതനാണ് എന്ന് രേഖപ്പെടുത്തുന്നത് സത്യവുമാകുന്നതും മറ്റൊന്നുകൊണ്ടല്ല.


സത്യം സമ്പന്നന്റെ ദാസനായി മാറിയിരിക്കുന്നു. ധര്‍മം കരുത്തുള്ളവന്റെ ദാസനായി മാറുന്ന കാലം അകലെയല്ലെന്ന വിശ്വാസത്തെ അത് ദൃഢീകരിക്കുകയും ചെയ്യുന്നു. തുറന്നു പറയുന്നില്ലെങ്കിലും അതിന്റെ ഗര്‍വമുണ്ട് നരേന്ദ്ര മോദിക്ക്. അത് മനസ്സിലാക്കുന്നതുകൊണ്ടാണ് അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും തള്ളി ആര്‍ എസ് എസ്, മോദിക്കൊപ്പം നില്‍ക്കുന്നത്. ആ ഗര്‍വ് മനസ്സിലാക്കുന്നുവെന്നതുകൊണ്ടാണ് ഗിരിരാജ് സിംഗും പ്രവീണ്‍ തൊഗാഡിയയുമൊക്കെ ഉള്ളുതുറന്ന് സംസാരിക്കുന്നത്. രഥയാത്രയിലൂടെയും കര്‍സേവാനന്തരമുള്ള ആനന്ദാശ്ലേഷങ്ങളിലുടെയും സംഘ് പരിവാരത്തെയാകെ വിജൃംഭിതമാക്കിയ അഡ്വാനിക്ക്, ജനായത്ത സമ്പ്രദായം രാജ്യത്ത് നിലനില്‍ക്കാന്‍ കാരണക്കാരായത് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ളവരാണെന്ന് ഇപ്പോള്‍ പ്രസംഗിേക്കണ്ടി വരുന്നതിന്റെ കാരണവും മറ്റൊന്നല്ല. സമ്പത്തും കരുത്തുമുള്ള നേതാവാണ് മോദിയെന്ന് ആര്‍ എസ് എസ് അംഗീകരിക്കുമ്പോള്‍, സ്വന്തം ഇച്ഛ നടപ്പാക്കിയെടുക്കണമെങ്കില്‍ ജനായത്തത്തെ വണങ്ങുന്നയാളായി അഭിനയിക്കുകയല്ലാതെ ലോഹപുരുഷിന് മുന്നില്‍ മറ്റ് മാര്‍ഗമില്ല.


അതി സങ്കീര്‍ണമായ ഒരു കാലത്തിലേക്കാണ് തിരഞ്ഞെടുപ്പിലൂടെ രാജ്യം സഞ്ചരിക്കുന്നത് എന്നത് സംശയലേശമില്ലാത്ത ഒന്നാകുന്നു. അതിന്റെ സൂചനകളായി വേണം ഗിരിരാജിന്റെയും തൊഗാഡിയയുടെയും വാക്കുകളെ കാണാന്‍. പരസ്യമായി തള്ളിപ്പറയുന്നുവെങ്കിലും രഹസ്യമായി ഈ വാക്കുകളെ അംഗീകരിക്കുന്നുണ്ടാകണം ആര്‍ എസ് എസ്സും നരേന്ദ്ര മോദിയും. പരസ്യമായൊരു തള്ളിപ്പറയലിന് അവസരമൊരുക്കാന്‍ സൃഷ്ടിച്ചതുമാകാം ഇത്തരം പ്രസ്താവനകള്‍. 2012ല്‍ ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തിയതിന് തൊട്ടുപിറകെയാണ് ഇന്ദ്രപ്രസ്ഥം ലാക്കാക്കിയുള്ള നീക്കങ്ങള്‍ നരേന്ദ്ര മോദി ആരംഭിക്കുന്നത്. അതിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു സദ്ഭാവനാ ദൗത്യം. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള വിശാലതയാണ് തന്റെ മനോഭാവമെന്ന് വരുത്തിത്തീര്‍ക്കാനുള്ള യത്‌നം. അത് വേണ്ടത്ര ഫലം കണ്ടോ എന്ന സംശയം നിലനില്‍ക്കുമ്പോള്‍, ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകേണ്ടതും അതിനെ തള്ളിപ്പറയേണ്ടതും മോദിയുടെ ആവശ്യമാണ്.


വംശഹത്യയിലൂടെ അധികാരത്തിന്റെ നൈരന്തര്യം സാധ്യമാക്കിയ ഗുജറാത്തിന്റെ മാതൃക, അവിടെ നടന്നതായി പറയുന്ന വികസനത്തിന്റെ മാതൃകക്കൊപ്പം നടപ്പാക്കാന്‍ മോദി ലക്ഷ്യമിടുന്നുണ്ട്. മുസഫര്‍ നഗറിലെ കലാപത്തിന് പ്രതികാരം വേണമെങ്കില്‍ ബി ജെ പിക്ക് ജയം വേണമെന്ന് മോദിയുടെ വിശ്വസ്തന്‍ അമിത് ഷാ പ്രസംഗിച്ചത് അതുകൊണ്ടു കൂടിയാണ്. പാഠപുസ്തകങ്ങളില്‍ കാവി പടര്‍ത്തി, വരും തലമുറയെ സ്വയം സേവകവത്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രിയായിരിക്കെ മുരളി മനോഹര്‍ ജോഷി പയറ്റിയ തന്ത്രമാകില്ല നരേന്ദ്ര മോദിയുടെത് എന്നും ഇവരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. വാജ്പയിയെ മിതമുഖമാക്കി നിര്‍ത്തി, രാമക്ഷേത്രമുള്‍പ്പെടെയുള്ള ഏകപക്ഷീയ അജന്‍ഡകളെ പിന്നണിയിലേക്ക് മാറ്റിക്കൊണ്ട് അധികാരത്തില്‍ തുടര്‍ന്ന അഡ്വാനിയുടെ തന്ത്രവുമാകില്ല. വിശ്വസ്തരല്ലാത്തവരെന്ന് കരുതുന്നവരെ ഒരിക്കലും വിശ്വസിക്കാത്ത, വിശ്യാസയോഗ്യരായവരെയും മുഴുവനായും വിശ്വസിക്കാത്ത ആര്യകണകന്റെ തത്വമാകും അവകാശപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമായ വിജയം ഉണ്ടായാല്‍ നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്നുണ്ടാകുക. അതാണ് യഥാര്‍ഥ ആര്‍ഷഭാരത സംസ്‌കൃതിയെന്ന് വിശദീകരിക്കാനും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.


ആര്യകണകന്റെ, വാക്കുകളെക്കൂടി കണക്കിലെടുത്താണ് അരക്കില്ലത്തിന് തീയിട്ട് പാണ്ഡവരെ ഇല്ലാതാക്കാനുള്ള ദുര്യോധനന്റെ പദ്ധതിക്ക് ധൃതരാഷ്ട്രര്‍ സമ്മതം നല്‍കുന്നത് എന്നാണ് ശിവാജി സാവന്തിന്റെ കഥയില്‍ പറയുന്നത്. അരക്കില്ലങ്ങളൊരുക്കുന്നതിന് അധികാരം അന്നുമൊരു കാരണമായിരുന്നു. 2002ല്‍ ഗുജറാത്തില്‍ അരക്കില്ലങ്ങളൊരുക്കിയതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. ഇനിയും അരക്കില്ലങ്ങളൊരുക്കുമെന്ന് പറയുന്ന ഗര്‍വത്തിന് പിറകിലും അധികാരവും അതിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന അജന്‍ഡകളുമാണ്. ഭരണം കൈയാളുന്നവരുടെയും ഭരണം കൈയാളാന്‍ ഒരുമ്പെടുന്നവരുടെയും ഭാഷ, സാധാരണക്കാരുടെ ഭാഷയല്ലെന്നും അവരുടെ കാഴ്ച, സാധാരണക്കാരുടെതുപോലെ നേര്‍ക്കുനേരെയുള്ള കാഴ്ചയല്ലെന്നുമുള്ള ശകുനിയുടെ തത്വവും ആര്‍ഷഭാരതത്തിന്റെ സ്വന്തം തന്നെയാണ്.

1 comment:

  1. മദ്യാപാനികൾ,( പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെക്കുന്നവർ ) പെണ്ണ് പിടുത്തക്കാർ ( പരസ്യമായി പെണ്ണ് പിടിക്കുന്നവർ) സമൂഹത്തിന്റെ സൌര്യജീവിതം തകർക്കുന്നവർ ഇവരെയൊക്കെ മാത്രമല്ല നമ്മൾ സാമൂഹ്യദ്രോഹികൾ എന്നു വിളിക്കുന്നത് .മറ്റുമതക്കരെ ,ഭാഷക്കാരെ ,വർഗ്ഗക്കാരെ തന്റെ ചുറ്റുപാടുകളിൽ കാണാൻ പാടില്ല എന്നു പറയുന്നവരും സാമൂഹ്യദ്രോഹികളാണ് ,സാമൂഹ്യവിരുദ്ധരാണ് .മനുഷ്യൻ സ്വീകരിച്ച മതമോ സംസ്കാരമോ നിലനിൽക്കുന്ന സമൂഹത്തിലെ മറ്റുവിഭാഗത്തിനു ആപത്താകുകയോ,ഭീഷണിയാകുകയോ ചെയ്താൽ ആ മതവും സംസ്കാരവും സാമൂഹിക വിരുദ്ധപട്ടികയിൽ‌പ്പെടും .എന്നു പറയുമ്പോൾ ഇൻഡ്യ ഭരിക്കണ്ടത് സാമുഹ്യവിരുദ്ധരാണോ എന്ന ചോദ്യം പ്രസക്തമായിവരും.

    ReplyDelete