2014-05-15

മന്‍മോഹന്‍ (23 ഇഞ്ച്)


മുന്‍ പ്രധാനമന്ത്രിമാരുടെ നിരയിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ വിമര്‍ശിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ആ വിമര്‍ശങ്ങളൊക്കെ, ഉന്നയിക്കുന്നതിന് ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ മുന്‍കൈയില്‍ നടപ്പാക്കപ്പെട്ട നയങ്ങളുടെ ഫലമാണെന്നത് വൈരുദ്ധ്യമാണ്. അറിവും വിവരവുമുള്ള വ്യക്തിയാണെങ്കിലും നേതൃഗുണത്തില്‍ പിന്നാക്കം നിന്നുവെന്ന് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം കുറിച്ചപ്പോള്‍ അത് നിമിഷ നേരം കൊണ്ട് ജനസഞ്ചയത്തിന് മുന്നിലേക്ക് എത്തിയതിന്റെ ക്രെഡിറ്റിന്റെ വലിയൊരളവ് മന്‍മോഹന്‍ സിംഗിനാണ്. തുടര്‍ച്ചയായി പത്ത് വര്‍ഷം രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലിരുന്ന, ഈ സാമ്പത്തികശാസ്ത്രജ്ഞനെ അദ്ദേഹം പൂര്‍ണാര്‍ഥത്തില്‍ വിശ്വസിക്കുകയും സമ്പൂര്‍ണമായി നടപ്പാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത നയങ്ങളുടെ ഭാഗത്തു നിന്ന് കൂടി വിലയിരുത്തേണ്ടതുണ്ട്.


ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസും ഭരണത്തില്‍ അധികകാലം കോണ്‍ഗ്രസായിരുന്നതുകൊണ്ട് സര്‍ക്കാറുകളും പിന്തുടര്‍ന്നിരുന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള മാറ്റത്തിന് വേഗം കൂട്ടി എന്നതാണ് ഡോ. മന്‍മോഹന്‍ സിംഗിനെ വ്യത്യസ്തനാക്കി നിര്‍ത്തുന്നത്. മാറ്റത്തിനുള്ള ശ്രമം 1980കളുടെ തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു. പ്രണാബ് മുഖര്‍ജി ധനമന്ത്രിയും ഡോ. മന്‍മോഹന്‍ സിംഗ് റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന കാലത്ത്. സാം പിത്രോദ എന്ന ടെക്‌നോക്രാറ്റിനെ ഉപദേഷ്ടാവാക്കി, ടെലികോം മേഖലയിലെ വലിയ മാറ്റങ്ങള്‍ക്ക് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ശ്രമങ്ങളും മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ സമൂലമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ പാകത്തിലുള്ള കാഴ്ചപ്പാടിന്റെ അഭാവം അപ്പോഴൊക്കെയുണ്ടായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിനും വാര്‍ഷിക ബജറ്റിംഗിന്റെ ചട്ടക്കൂടിലൊതുങ്ങി നിന്നിരുന്ന ഭരണ സമ്പ്രദായത്തിനും കമ്പോളത്തിന്റെ ഗതിവിഗതികളും സമ്പദ് മേഖലയിലെ ചലനങ്ങളും നിയന്ത്രിക്കുന്ന രാഷ്ട്രീയ, ഭരണ സംവിധാനങ്ങളായി മാറുന്നതിനുള്ള പ്രയാസം.


രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലേക്ക് എത്തിയ കോണ്‍ഗ്രസ്, ന്യൂനപക്ഷ സര്‍ക്കാറിന് നേതൃത്വം നല്‍കാന്‍ പി വി നരസിംഹറാവുവിനെ നിയോഗിച്ചപ്പോള്‍ അതില്‍ ധനമന്ത്രി സ്ഥാനത്ത് ഇന്ത്യന്‍ ജനത ഡോ. മന്‍മോഹന്‍ സിംഗിനെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയെന്ന വിശാല കമ്പോളത്തെ ലക്ഷ്യമിട്ടിരുന്ന ബഹുരാഷ്ട്ര കമ്പനികളോ അവര്‍ക്കെല്ലാം വിഹരിക്കാന്‍ പാകത്തില്‍ അതിരുകളില്ലാത്ത കമ്പോളം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ലോക വ്യാപാര സംഘടനയോ പണത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്നതില്‍ മുന്‍പന്തിയിലുള്ള അന്താരാഷ്ട്ര നാണയ നിധിയോ ഇന്ത്യയിലെ തന്നെ വന്‍കിടക്കാരായ ടാറ്റയോ ബിര്‍ളയോ അംബാനിയോ പ്രതീക്ഷിച്ചിട്ടുണ്ടാകാം. കാരണം മന്‍മോഹന്‍ തുടങ്ങിവെക്കുകയും പിന്നീട് വന്നവര്‍ കക്ഷിഭേദം കൂടാതെ തുടരുകയും ചെയ്തത്, ഇവരെയെല്ലാം സന്തോഷിപ്പിക്കുന്ന നടപടികളായിരുന്നു.


വാര്‍ഷിക ബജറ്റ് തയ്യാറാക്കാനും ആദായ നികുതിയുടെ പരിധിയില്‍ വര്‍ഷാവര്‍ഷം പതിനായിരം രൂപയുടെ വീതം വര്‍ധന വരുത്തി ഇടത്തരക്കാരെയും സാമ്പത്തികമായി അല്‍പ്പം മുന്നാക്കം നില്‍ക്കുന്ന ഇടത്തരക്കാരെയും സന്തോഷിപ്പിക്കാനും വേണ്ടിയല്ല താന്‍ ഈ സ്ഥാനമേല്‍ക്കുന്നത് എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു മന്‍മോഹന്. രൂപയുടെ മൂല്യം കുറച്ച്, വിദേശനാണ്യ ശേഖരത്തിന്റെ മൂല്യം വര്‍ധിപ്പിച്ചു തുടങ്ങിയ മന്‍മോഹന്‍, ലൈസന്‍സിംഗ് സമ്പ്രദായം ലഘൂകരിച്ച് ഉദാരവത്കരണത്തിനും മൂലധനത്തിന് കമ്പോളത്തിലേക്ക് ഒഴുകുന്നതിനുള്ള തടസ്സങ്ങള്‍ കുറച്ച് ആഗോളവത്കരണത്തിനും വേഗം കൂട്ടി.


ആശയവിനിമയത്തിന് പുതിയ കാലത്തുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ആ മേഖലയെ ആവോളം വികസിപ്പിക്കാന്‍ ശ്രമിച്ചു. പരസ്യ ചിത്രത്തിലെ കുഞ്ഞ്, ഇരുമ്പ് പലകയില്‍ ആഞ്ഞിടിക്കുന്ന കറുത്ത വസ്തു, മൊബൈല്‍ ഫോണാണെന്ന് തിരിച്ചറിഞ്ഞ കാലം. ചെക്കിന് പകരം ടോക്കണ്‍ വാങ്ങി, കാഷ്യറുടെ വിളി കാത്തിരുന്നവര്‍, ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകളെ അത്ഭുതത്തോടെ കണ്ട കാലം. ആ വികാസത്തിന്റെയൊക്കെ പ്രയോജനം രാജ്യത്ത് അനുഭവവേദ്യമാണ്. സഞ്ജയ് ഗാന്ധി മുന്‍കൈ എടുത്ത് ആരംഭിച്ച മാരുതി സുസുകിയുടെ ചെറു കാര്‍ വരും വരെ അംബാസഡറും പ്രീമയര്‍ പത്മിനിയുമോടിയിരുന്ന റോഡുകളിലിന്ന് അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം സുലഭം. ഇത്തരം കാറുകള്‍ വിപണിയില്‍ ലഭ്യമായതുകൊണ്ടു മാത്രമല്ല, അവ റോഡുകളില്‍ ഓടുന്നത്. അത് വാങ്ങാന്‍ ത്രാണിയുള്ളവരുടെ എണ്ണം കൂടിയതുകൊണ്ടും രൊക്കമായി കൈയിലില്ലാത്തവര്‍ക്ക് പലിശക്ക് പണം നല്‍കുന്ന സമ്പ്രദായം വ്യാപകമായതുകൊണ്ടും കൂടിയാണ്.


ഇതടക്കം വികാസപരിണാമങ്ങളുടെ എല്ലാ സാധ്യതകളെയും ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഉപയോഗിച്ചത്, മന്‍മോഹന് നേതൃഗുണമില്ലെന്ന് പറയുകയും ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് ആക്ഷേപിക്കുകയും ചെയ്ത ബി ജെ പിയും നരേന്ദ്ര മോദിയുമാണ്. മന്‍മോഹനെന്ന ധനമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് 'ചായ് പെ ചര്‍ച്ച'യും ത്രീഡി റാലികളും നടത്താന്‍ നരേന്ദ്ര മോദിക്ക് സാധിച്ചത്. വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം അഹമ്മദാബാദിലിരുന്ന് വോട്ടര്‍മാര്‍ക്ക് വീഡിയോ സന്ദേശമയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുകളെ അതിജീവിക്കാന്‍ മോദിക്ക് സാധിച്ചതും മന്‍മോഹന്‍ തുടങ്ങിവെച്ച പരിവര്‍ത്തനം മൂലമാണ്, എ രാജ വിതരണം ചെയ്ത സ്‌പെക്ട്രം കൂടിയുള്ളതുകൊണ്ടാണ്. (മോദിയുടെ വീഡിയോ സന്ദേശത്തെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടി പരാതിപ്പെട്ടുവെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിന് പുറത്തുനിന്ന് നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ ചട്ടലംഘനമാകില്ലെന്നാണ് നിലവിലെ നിയമ വ്യവസ്ഥ)


കല്‍ക്കരി കത്തിച്ച്, വെള്ളം തിളപ്പിച്ച് നീരാവിയാക്കി, അതുപയോഗിച്ചാണ് രാജ്യത്തെ ട്രെയിനുകളൊക്കെ ഇപ്പോഴും ഓടിക്കുന്നത് എന്ന് കരുതുക. കല്‍ക്കരിക്ക് വിലയേറുന്നതിന് അനുസരിച്ച് ട്രെയിനുകളിലെ യാത്രയും ചരക്ക് കടത്ത് കൂലിയും വര്‍ധിക്കും. പെട്രോളിന്റെ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും ഡീസലിന്റെത് നിലനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നതു  പോലെ കല്‍ക്കരിക്ക് വേണ്ടിയും മുറവിളി ഉയരുമായിരുന്നു. ട്രെയിനുകള്‍ വൈദ്യുതിയില്‍ ഓടുന്നതായി മാറിക്കൊണ്ടിരിക്കയാണ്. കൂടുതല്‍ ട്രെയിനുകള്‍ വൈദ്യുതി ഇന്ധനമാക്കുകയും വ്യാവസായിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി വേണ്ട വൈദ്യുതിയുടെ അളവ് ദിനേന വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ഉത്പാദനം വര്‍ധിപ്പിക്കേണ്ടിവരും. ഇതിനായി ആണവ, താപ നിലയങ്ങളെയാണ് ആശ്രയിക്കാനാകുക. ആണവ നിലയങ്ങള്‍ക്ക് വേണ്ടിയായിരുന്നു അമേരിക്കയുമായുണ്ടാക്കിയ കരാര്‍. താപ നിലയങ്ങളുടെ ഇന്ധനങ്ങളിലൊന്ന് കല്‍ക്കരിയാണ്. കല്‍ക്കരിക്ക് വിലയേറിയാല്‍ വൈദ്യുതിയുടെ വില സ്വാഭാവികമായി ഉയരും. ട്രെയിന്‍ നിരക്ക് മാത്രമല്ല, വൈദ്യുതി ഇന്ധനമായ സകല മേഖലകളിലും വില വര്‍ധിക്കും. പാട്ടത്തുക കുറച്ച്, പാടങ്ങള്‍ നല്‍കിയാലേ ഖനനത്തിന് വേണ്ട ചെലവ് കൂടി പരിഗണിച്ച്, താരതമ്യേന കുറഞ്ഞ വിലക്ക് കല്‍ക്കരി ലഭ്യമാക്കാന്‍ കമ്പനികള്‍ തയ്യാറാകൂ.


മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വലിയ അഴിമതി ആരോപണങ്ങള്‍ നേരിട്ട രണ്ട് ഇടപാടുകള്‍ക്ക് മേല്‍പ്പറഞ്ഞവിധത്തിലൊരു വ്യാഖ്യാനം സാധ്യമാണ്. അങ്ങനെയായാല്‍, താനെടുക്കുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ ഏതൊക്കെ മേഖലകളെ ഏത് വിധത്തിലൊക്കെ ബാധിക്കുമെന്ന് ദീര്‍ഘവീക്ഷണം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് മന്‍മോഹന്‍ സിംഗ്. വലിയൊരാള്‍ക്കൂട്ടത്തെ നോക്കി ആവേശത്തോടെ കൈ വീശാനോ, ചെറിയ സമയത്തേക്കെങ്കിലും ആള്‍ക്കൂട്ടത്തെയാകെ ഏകീകരിക്കും വിധത്തില്‍ ശബ്ദ, ആംഗ്യ കോലാഹലങ്ങളോടെ പ്രസംഗിക്കാനോ എതിരാളിയുടെ പരാജയമുറപ്പാക്കാന്‍ ഏതടവുമെടുക്കാനോ നിരന്തര സമ്പര്‍ക്കത്തിലൂടെ മാധ്യമങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്താനോ സാധിച്ചിട്ടുണ്ടാകില്ല. അതൊക്കെയാണ് നേതാവിന്റെ യോഗ്യത എന്നത്, പരമ്പരാഗത സങ്കല്‍പ്പമാണ്.


ദീര്‍ഘവീക്ഷണവും പരിവര്‍ത്തനോന്മുഖതയുമാണ്, മൈക്കിന് മുന്നില്‍ നടത്തുന്ന ആക്രോശസമാനമായ പ്രസംഗങ്ങളേക്കാള്‍ നന്നെന്ന് പത്ത് വര്‍ഷം കൊണ്ട് തെളിയിച്ചിട്ടുണ്ട് മന്‍മോഹന്‍. ആ പ്രവര്‍ത്തനത്തിനിടെ അപാകങ്ങളും ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങള്‍ നിരവധിയാണ്. പൊതുമേഖലയിലുള്ള സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യ കുത്തകകള്‍ക്ക് വളരാന്‍ അവസരമുണ്ടാക്കി, രാജ്യത്തെ തന്നെ അമേരിക്കയുടെ വിനീത വിധേയയാക്കി, സ്‌പെക്ട്രം മുതല്‍ പ്രകൃതി വാതക ഖനനം വരെ നീളുന്ന വിവിധങ്ങളായ അഴിമതികള്‍ തടയുന്നതില്‍ പരാജയപ്പെട്ടു, ചില അഴിമതികളെങ്കിലും മന്‍മോഹന്റെ അറിവോടെ നടന്നു എന്നിങ്ങനെ വിമര്‍ശകപക്ഷം ധാരാളമുണ്ട്. അതില്‍ പലതിലും കഴമ്പുണ്ട് താനും.


ടെലികോം സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും ലേലം ചെയ്ത് നല്‍കണമെന്ന നിര്‍ദേശം അട്ടിമറിച്ച്, ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ നല്‍കാന്‍ എ രാജ തീരുമാനിച്ചുവെങ്കില്‍ അത് തിരുത്താനുള്ള ഉത്തരവാദിത്വം മന്‍മോഹനുണ്ടായിരുന്നു. കോള്‍ നിലങ്ങളുടെ കാര്യത്തിലും ഉചിതമായ തീരുമാനം യഥാസമയമെടുക്കുന്നതില്‍ പാളിച്ചയുണ്ടായി. ആണവ കരാറും അതിന്റെ ഭാഗമായുള്ള സമഗ്ര പ്രതിരോധ സഹകരണ കരാറുകളും വിവിധ മേഖലകളില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഏത് വിധത്തില്‍ പരിമിതപ്പെടുത്തുമെന്ന് അറിയണമെങ്കില്‍ വര്‍ഷങ്ങള്‍ കഴിയേണ്ടിവരും.


അഴിമതി ആരോപണങ്ങളാല്‍ ചൂഴപ്പെട്ട വന്‍കിട ഇടപാടുകളിലെല്ലാം അത് ഏതെങ്കിലുമൊരു സ്ഥാനത്തിരിക്കുന്നയാളുടെ മാത്രം തീരുമാനപ്രകാരം നടക്കുന്നതല്ല എന്നത് വ്യക്തമാണ്. കോര്‍പ്പറേറ്റ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഭരണ നേതൃത്വത്തിലുള്ളവര്‍, ഇവരെ യോജിപ്പിക്കുന്ന ദല്ലാളുമാര്‍ എന്നിങ്ങനെ വലിയൊരു ശൃംഖലയുടെ ഉത്പന്നമാണ് അഴിമതി. ആ ശൃംഖലയിലെ കണ്ണികള്‍ എവിടെവരെയുണ്ട് എന്നതിന് നീര റാഡിയ ടേപ്പിലെ സംഭാഷണങ്ങള്‍ മാത്രം മതി തെളിവായി. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മാധ്യമങ്ങളുടെ തലപ്പത്തുള്ളവര്‍ വരെ ശൃംഖലയുടെ ഭാഗമായി നിന്ന് തങ്ങളുടെ വേഷം സമര്‍ഥമായി അഭിനയിച്ചു. പ്രകൃതി വിഭവങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം സര്‍ക്കാറിനുണ്ടെന്ന്, വിരമിക്കുന്ന ദിവസം വിധി പ്രഖ്യാപിച്ച് മുകേഷ് അംബാനിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന ചീഫ് ജസ്റ്റിസുമാരുള്‍ക്കൊള്ളുന്ന നീതിപീഠം നമുക്കുണ്ട്. കേന്ദ്ര മന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കോടതി മുറിയില്‍ ജഡ്ജി തുറന്നുപറഞ്ഞിട്ടും അന്വേഷിക്കണമെന്ന് തോന്നാത്ത നീതിന്യായ സംവിധാനവും. അതുകൊണ്ട് തന്നെ അഴിമതിയുടെയും ക്രമക്കേടിന്റെയും കണക്കുകളെടുത്ത് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെ കളങ്കത്തെക്കുറിച്ച് പറയാന്‍ നമുക്ക് അവകാശമില്ല. അതൊന്നും അദ്ദേഹത്തിന്റെ നേതൃപാടവത്തെ അളക്കാനുള്ള മുഴക്കോലാകുന്നുമില്ല. എന്തായാലും 56 ഇഞ്ച് വലുപ്പമുള്ള നെഞ്ചിനേക്കാള്‍ ഭേദമായിരുന്നു (ആണ്) രണ്ട് തവണ ഹൃദയശസ്ത്രക്രിയ നടത്തപ്പെട്ട എണ്‍പതാണ്ട് പിന്നിട്ട ഈ നെഞ്ചിന്‍ കൂട്. 1984ലെ സിഖ് വംശഹത്യക്ക് മാപ്പ് ചോദിക്കാനുള്ള ഊറ്റമെങ്കിലും ആ ചങ്കിന് ഉണ്ടായല്ലോ!!

No comments:

Post a Comment