2014-05-12

ഞാനും ഞാനും പിന്നെ കുറേ ഷണ്ഡന്മാരും


''മെയ് പതിനാറിന് ഞാന്‍ ജയിക്കും. പക്ഷേ, അതിന് മുമ്പ് നിങ്ങളെന്നെ ജയിപ്പിച്ചിരിക്കുന്നു. അധികാരത്തിലെത്തിയാല്‍ ചെയ്യാനായി എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട്. ഇവിടുത്തെ ജനങ്ങളുടെ ദുരിതം ഞാനകറ്റും. യുവാക്കള്‍ക്ക് വേണ്ടത്ര തൊഴിലവസരമില്ല. അത് ഞാനുണ്ടാക്കും. പരമ്പരാഗത തൊഴിലുകളിലേര്‍പ്പെടുന്നവര്‍ക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളിപ്പോഴില്ല. അത് ഞാന്‍ പരിഹരിച്ചു നല്‍കാം...'' - ഇങ്ങനെ നീളുന്ന വാഗ്ദാനങ്ങള്‍ ഇന്ത്യന്‍ ജനതക്ക് അത്ര അപരിചിതമല്ല. കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് വാക്ക് നല്‍കുന്ന നേതാവിനെ അഞ്ച് വര്‍ഷം മുമ്പ് ഇതേ വാഗ്ദാനം നല്‍കി പ്രസംഗിച്ചതിന്റെ ദൃശ്യം കാട്ടി പരിഹസിക്കുന്ന നാട്ടുകാരനെ ഇന്റര്‍നെറ്റ്  കണക്ഷന്‍ നല്‍കുന്ന കമ്പനി പരസ്യചിത്രമാക്കിയത് വാഗ്ദാനവും അതിന്റെ ലംഘനവും ഇന്ത്യന്‍ ജനതക്ക് അത്രത്തോളം സുപരിചിതമാണ് എന്നതിനാലാണ്.


മേലുദ്ധരിച്ച വാഗ്ദാനധാരയിലെ മുഖ്യ ഘടകം 'ഞാന്‍', 'എന്നെ', 'എന്റെ' തുടങ്ങിയ വാക്കുകളാണ്. 'ആസേതുഹിമാചലം' പറന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗങ്ങളില്‍ മേല്‍ക്കൈ 'ഞാന്‍' എന്ന പദത്തിനാണ്. 'എന്നെ' പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ച പാര്‍ട്ടിയോ ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയോ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാനുദ്ദേശിക്കുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചല്ല സംസാരം. ലോക്‌സഭാംഗമാകാന്‍ വേണ്ടി മോദി മത്സരിക്കുന്ന വഡോദരയിലും വാരാണാസിയിലും ഇങ്ങനെ പ്രസംഗിക്കുന്നതില്‍ അഭംഗി തോന്നേണ്ടതില്ല. പക്ഷേ, പശ്ചിമ ബംഗാളിലെ അസന്‍സോളിലും ഉത്തര്‍പ്രദേശിലെ ഫൈസാബാദിലും ചെന്ന് ഇങ്ങനെ പ്രസംഗിക്കുമ്പോള്‍, മത്സരരംഗത്തുള്ള ബി ജെ പിയുടെയോ  സഖ്യകക്ഷികളുടെയോ പ്രതിനിധികള്‍ വെറും പാവകള്‍ മാത്രമെന്നും ഭരണം ഞാന്‍, എന്റെ ഇംഗിതത്തിന് അനുസരിച്ച് നടത്തുമെന്നുമാണ് മോദി പറയാതെ പറയുന്നത്. ഒരു ദശാബ്ദത്തിലേറെയായി ഗുജറാത്തില്‍ ഏത് വിധത്തിലാണോ ഭരിക്കുന്നത് അതുപോലൊന്ന് ഇന്ത്യാ മഹാരാജ്യത്ത് നടപ്പാക്കുമെന്ന് ചുരുക്കം.


നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാന്‍ വേണ്ടി ഒരു വോട്ട് എന്ന് അമൃത്‌സറിലെ വോട്ടര്‍മാരോട് അരുണ്‍ ജെയ്റ്റ്‌ലി അഭ്യര്‍ഥിച്ചിരുന്നു. ജെയ്റ്റ്‌ലിയോളം വലിപ്പമുള്ള നേതാക്കളില്‍ ഈ മന്ത്രമുരുവിടാത്തവര്‍ ചുരുക്കമാണ്. ബി ജെ പിയെന്നാല്‍ ഇക്കുറി മോദിയെന്ന് നേരത്തെ നിശ്ചയിച്ച് പ്രചാരണം ആസൂത്രണം ചെയ്ത ബി ജെ പിക്കും അതിന്റെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഞാന്‍, ഞാന്‍ മാത്രമെന്ന അവകാശവാദത്തെ അംഗീകരിച്ചു കൊടുക്കുക എന്നത് നിര്‍ബന്ധിതാവസ്ഥയാണ്, തിരഞ്ഞെടുപ്പ് ഫലം വരുംവരെയെങ്കിലും. പാര്‍ട്ടിയെയും ഇതര നേതാക്കളെയും പ്രവര്‍ത്തകരെയും അപഹസിക്കും വിധത്തില്‍ ഞാന്‍, ഞാന്‍ എന്ന് ആവര്‍ത്തിക്കാന്‍ ലജ്ജയില്ലാത്ത നേതാവിനെ ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നുവെന്നത്, ബി ജെ പിയുടെ ആഭ്യന്തരാവസ്ഥയെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് എല്‍ കെ അഡ്വാനിയെപ്പോലൊരാള്‍, മറ്റ് നിര്‍വാഹമൊന്നുമില്ലെങ്കിലും മുറുമുറുപ്പ് തുടരുന്നത്. പാര്‍ട്ടിയെ വ്യക്തിക്ക് തീറെഴുതിക്കൊടുത്ത്, അയാളുടെ എല്ലാ അജന്‍ഡകളെയും ശിരസാ വഹിച്ച് സ്വയം ഷണ്ഡനെന്ന് പ്രഖ്യാപിക്കുന്നതിലെ വൈമുഖ്യം, മുമ്പ് ഇതേ രീതിയില്‍ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച എല്‍ കെ അഡ്വാനി മാസങ്ങളായി പ്രകടിപ്പിക്കുകയാണ്. മുരളി മനോഹര്‍ ജോഷിക്കും സുഷമ സ്വരാജിനും ജസ്വന്ത് സിംഗിനുമെല്ലാം ഇതേ വൈമുഖ്യം തന്നെ. അതിന്റെ പ്രകടനം പല വിധത്തിലാകുന്നുവെന്ന് മാത്രം. രാജ്യത്തെ ജനങ്ങള്‍ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ അംഗീകരിച്ചുകൊടുക്കുന്നുവെങ്കില്‍ ഏകാധിപതിയെ സ്വയം തിരഞ്ഞെടുത്ത് അതിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെടുന്ന ലോകത്തെ ആദ്യ ജനവിഭാഗമായി മാറുകയാകും ഫലം.


അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഭരണഘടനയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് ചെയ്യാവുന്നത് ചെയ്യുമെന്നാണ് ബി ജെ പി സ്വന്തം പ്രകടനപത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിവില്‍ നിയമങ്ങളുടെ ഏകീകരണം, ജമ്മു കാശ്മീരിന് പ്രത്യേക അവകാശാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലും ഇതേ നിലപാടെന്ന് പ്രകടനപത്രികയില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലായ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പിനു  ശേഷം സഖ്യത്തിലാകുമെന്ന് പ്രതീക്ഷിക്കു പാര്‍ട്ടികള്‍ക്കും മനോവിഷമം വേണ്ട എന്നതുകൊണ്ടാണ് ഭരണഘടനയുടെ അതിരുകളെക്കുറിച്ച് പ്രകടനപത്രികയില്‍ പരാമര്‍ശിച്ചത്. അത്തരം അതിരുകളൊന്നും ബാധകമാകുന്നവരല്ല തങ്ങളെന്ന്, നരേന്ദ്ര മോദിയുടെ ഏകാധിപത്യം പ്രാബല്യത്തിലാകും മുമ്പ് തന്നെ തെളിയിച്ച പാര്‍ട്ടിയാണ് ബി ജെ പി. ഗാന്ധിവധത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തപ്പെട്ട നിരോധം പിന്‍വലിപ്പിക്കാന്‍ കാലത്തും ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നിലനിന്ന കാലത്തുമൊക്കെ മാത്രമേ ബി ജെ പിയുടെ ചാലകശക്തിയായ സംഘ്പരിവാരത്തിന് ഭരണഘടനയുടെ അതിരുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഓര്‍മയുണ്ടായിരുന്നുള്ളൂ.


ആ ഓര്‍മ നിരന്തരമുണ്ടായിരുന്നുവെങ്കില്‍, ബാബരി മസ്ജിദ് ഇടിച്ചുനിരത്താന്‍ സംഘ് പരിവാരം  നേതൃത്വം നല്‍കില്ലായിരുന്നു. മസ്ജിദ് തകര്‍ന്നു വീഴുമ്പോള്‍ അഡ്വാനിയടക്കമുള്ള നേതാക്കള്‍ ആഹ്ലാദാലിംഗനത്തില്‍ അമരുകയും മധുരം വിളമ്പുകയും ചെയ്യില്ലായിരുന്നു. അതിനും മുമ്പ് അയോധ്യയിലേക്ക് രഥയാത്ര നടത്തി, അതിന്റെ പാര്‍ശ്വത്തില്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ മുതിരില്ലായിരുന്നു.


ഭരണഘടനയുടെ അതിരുകളെക്കുറിച്ചോ അത് നിറവേറ്റാന്‍ നിര്‍ദേശിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ചോ ഓര്‍മയുണ്ടായിരുന്നുവെങ്കില്‍, ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമൊരുക്കണമെന്ന് മുഖ്യമന്ത്രിക്കസേരയിലിരുന്ന് നരേന്ദ്ര മോദി പറയുമായിരുന്നോ?  വികാരത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ പോലീസ് സേനയെയാകെ നിര്‍വീര്യമാക്കി നിര്‍ത്തി കൂട്ടക്കുരുതിക്ക് കളമൊരുക്കുമായിരുന്നോ? കൂട്ടക്കുരുതിക്ക് അധ്യക്ഷത വഹിക്കാന്‍ പാകത്തില്‍ മന്ത്രിമാരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിക്കുമായിരുന്നോ? മോദി സര്‍ക്കാറിന്റെ പിന്തുണയില്‍ അരങ്ങേറിയ വംശഹത്യ തടയേണ്ടതാണ് എന്ന ഭരണഘടനാ ബാധ്യത ഓര്‍മയിലുണ്ടായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിക്കസേരയിലിരുന്ന എ ബി വാജ്പയി, സൈന്യത്തെ നിയോഗിക്കാനുള്ള തീരുമാനം വൈകിക്കുമായിരുന്നോ?


എല്ലാം ഇനി ഞാനെന്ന മട്ടില്‍, ജനവിധി വരും മുമ്പ് ഊറ്റം കൊള്ളുകയോ വാഗ്ദാനപ്പെരുമഴ പൊഴിക്കുകയോ ചെയ്യുന്നതിനെ ഈ പശ്ചാത്തലത്തില്‍ കൂടി വേണം കാണാന്‍. ഉത്തര്‍പ്രദേശിനെ ഗുജറാത്താക്കാന്‍ 56 ഇഞ്ച് വീതിയുള്ള നെഞ്ച് വേണമെന്ന് പ്രസ്താവിക്കുമ്പോഴും കോണ്‍ഗ്രസിനെയും അതിനെ പിന്തുണക്കുന്നവരെയും പാഠം പഠിപ്പിക്കാന്‍ 'രാമജന്‍മഭൂമി'യിലുള്ളവര്‍ തയ്യാറാകണമെന്ന് പറയുമ്പോഴും ജീവന്‍ പോയാലും വാക്ക് പാലിക്കണമെന്ന് വിശ്വസിക്കുന്നവരാണ് 'രാമന്റെ നാട്ടിലു'ള്ളവരെന്ന് ഓര്‍മിപ്പിക്കുമ്പോഴും അതിന് അര്‍ഥങ്ങള്‍ വേറെയാണ്. പ്രധാനമന്ത്രിക്കസേര ലാക്കാക്കിയുള്ള പ്രയാണം തുടങ്ങിയപ്പോള്‍ നടത്തിയ സദ്ഭാവനാ സത്യഗ്രഹങ്ങള്‍ക്കും അതിന്റെ ഭാഗമായി സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച മിതവാദി പ്രതിച്ഛായക്കുമപ്പുറത്ത്, തീവ്ര ഹിന്ദുത്വത്തിന്റെ അടിസ്ഥാന ആശയത്തില്‍ നിന്ന് താന്‍ പിന്നാക്കം പോയിട്ടില്ലെന്ന ഓര്‍മപ്പെടുത്തല്‍. ഭരണഘടനയുടെ അതിരുകള്‍ക്കപ്പുറത്ത് ജീവന്‍ പോയാലും വാഗ്ദാനം നടപ്പാക്കുക എന്ന 'രാമഭൂമി'യുടെ വിശ്വാസമാണ് തനിക്ക് പ്രധാനമെന്ന പ്രഖ്യാപനം. ആ പ്രഖ്യാപനങ്ങളില്‍ ഞാന്‍ എന്ന വാക്കിന് കൂടുതല്‍ പ്രാമുഖ്യം കൂടി നല്‍കുമ്പോള്‍ ഹിന്ദുത്വ വികാരത്തിന്റെ വേലിയേറ്റമാണ് മോദി ലക്ഷ്യമിടുന്നത്. ആ വേലിയേറ്റത്തിനൊടുവില്‍, ഗുജറാത്തില്‍ സംഭവിച്ചതു പോലൊരു അടിഞ്ഞുകൂടല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് കേരളത്തില്‍ അയ്യങ്കാളി ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി, താനിപ്പോഴും തൊട്ടുകൂടായ്മയുടെ ഇരയാണെന്ന് പറഞ്ഞിരുന്നു. മോദി പറയുന്നതു പോലൊരു തൊട്ടുകൂടായ്മ ഉണ്ടാകുന്നുവെങ്കില്‍ അതിന്റെ കാരണം ജാതിയല്ല, മറിച്ച് വംശഹത്യയും അതിനു ശേഷം അരങ്ങേറിയ ആസൂത്രിത ഏറ്റുമുട്ടല്‍ കൊലകളും അട്ടിമറിക്കപ്പെട്ട നീതിന്യായ സംവിധാനവുമൊക്കെയാണ്. പക്ഷേ, അയ്യങ്കാളി ജന്മശതാബ്ദി സമ്മേളനത്തിലെത്തി തൊട്ടുകൂടായ്മയുടെ ഇരയാണ് താനെന്ന് പറയുമ്പോള്‍, യഥാര്‍ഥ അയിത്തത്തിന് ഇരകളായവരുമായി ചേര്‍ന്നു  നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു മോദി.  മുമ്പ് ശിവഗിരിയിലേക്കുള്ള ക്ഷണം സ്വീകരിച്ചപ്പോഴും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. ഉത്തര്‍ പ്രദേശില്‍ 'രാമന്റെ ഭൂമി'യെക്കുറിച്ച് പറഞ്ഞതിന് തൊട്ടുപിറകെ പിന്നാക്ക ജാതിക്കാരനായതുകൊണ്ടാണ് താന്‍ വിമര്‍ശിക്കപ്പെടുന്നത് എന്നും മോദി പറഞ്ഞുവെച്ചു.


മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വി പി സിംഗ് സര്‍ക്കാറിന്റെ തീരുമാനം ഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെയും ബീഹാറിലെയും, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ദിശാബോധത്തില്‍ മാറ്റമുണ്ടാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രക്ക്. രഥയാത്രയും ബാബരി മസ്ജിദ് തകര്‍ത്തതും സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം, പിന്നാക്ക വിഭാഗങ്ങളെ സംഘ് പരിവാരത്തോട് ആഭിമുഖ്യമുളവാക്കിയിരുന്നില്ല. ഒറ്റക്ക് അധികാരത്തിലേറുക എന്ന ബി ജെ പിയുടെ ആഗ്രഹത്തിനുള്ള തടസ്സങ്ങളില്‍ പ്രധാനം ഇതായിരുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡയും അതിന്റെ സവര്‍ണ നടത്തിപ്പും ഉറപ്പാക്കാനുള്ള ധ്രുവീകരണത്തില്‍ പിന്നാക്ക ജാതി വിഭാഗങ്ങളെക്കൂടി പങ്കാളികളാക്കുക എന്നതാണ് പദ്ധതി. 'പിന്നാക്കക്കാരനായ ഞാന്‍', സര്‍ദാര്‍ പട്ടേലിന് കിട്ടാതെ പോയ പ്രധാനമന്ത്രി സ്ഥാനം നേടിയെടുക്കാനുള്ള എന്റെ യാത്ര എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍, വ്യക്തികേന്ദ്രീകൃതമായാല്‍ ധ്രുവീകരണം കുറേക്കൂടി എളുപ്പമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകണം.


ഗുജറാത്തില്‍ വിജയിപ്പിച്ച പരീക്ഷണം രാജ്യത്താകമാനം വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷ. വംശഹത്യയില്‍ മോദി ഭരണകൂടവും സംഘ് പരിവാറും നീട്ടി നല്‍കിയ കോടാലി കൈയിലേന്തിയത് ദളിതുകളും ആദിവാസികളുമൊക്കെയായിരുന്നുവെന്നത് ഈ പ്രതീക്ഷകള്‍ക്ക് ബലമേകുന്നുണ്ടാകണം. ഗുജറാത്തിലെ പരീക്ഷണത്തിന് വലംകൈയായിരുന്ന കറുത്ത താടിയെ, ഉത്തര്‍പ്രദേശിലേക്ക് നേരത്തെ നിയോഗിക്കാന്‍ വെളുത്ത താടി തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നാകാന്‍ ഇടയില്ല.
ഏകാധിപത്യ മാതൃകയും ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. സര്‍ക്കാറും പാര്‍ട്ടിയുമൊക്കെ ഒരാളിലേക്ക് ചുരുങ്ങിയതാണ് കഴിഞ്ഞ 12 വര്‍ഷത്തെ കാഴ്ച. ഇപ്പോള്‍ പകലോ രാത്രിയോ എന്ന് ചോദിച്ചാല്‍പ്പോലും സാഹെബിന്റെ അഭിപ്രായമറിയാതെ പ്രതികരിക്കാന്‍ മടിക്കുന്നവരായി നേതൃനിരയെ മാറ്റിയെടുത്തു മോദി. അത്തരമൊരു ഷണ്ഡീകരണത്തിന് പാകത്തിലേക്ക് ദേശീയ നേതൃത്വത്തെ എത്തിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് മോദിക്ക് സാധിച്ചിരിക്കുന്നു. അതിനപ്പുറത്തേക്കുള്ള നീക്കങ്ങള്‍ ഒരുപക്ഷേ, ഈ തിരഞ്ഞെടുപ്പിലെ ലാഭം പ്രതീക്ഷിച്ചാകില്ല. ഭാവിയിലേക്കുള്ള നിക്ഷേപമാകാം. രാഷ്ട്രീയ സ്വയം സേവക് സംഘ് അത് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ എതിര്‍ ശബ്ദങ്ങളെയും നിരാകരിച്ച് അവര്‍ മോദിയെ തുണക്കുന്നത്.

No comments:

Post a Comment