2014-11-28

നാനാവതിയുടെ നാനാര്‍ത്ഥങ്ങള്‍


സര്‍ക്കാര്‍ ഷോക്കേസിന് അലങ്കാരമാകുന്നതിന് ഒരു ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. 2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സമബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 പേര്‍ കൊല്ലപ്പെട്ട സംഭവവും തുടര്‍ന്ന് അരങ്ങേറിയ കലാപവും അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജ. ജി ടി നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ടാണ് ഏതാനും ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാറിന് കൈമാറിയത്. 12 കൊല്ലം നീണ്ട നടപടിക്രമങ്ങള്‍ക്കും 24 തവണത്തെ കാലാവധി നീട്ടിനല്‍കലിനും ശേഷം സമര്‍പ്പിക്കപ്പെട്ട 2000 പേജുള്ള റിപ്പോര്‍ട്ടും അനുബന്ധ രേഖകളും, നിയമപരമായ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി, റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടിനൊപ്പം  ഗുജറാത്ത് നിയമസഭയില്‍ വെക്കും. റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന ഒറ്റവാചകത്തില്‍, നടപടി റിപ്പോര്‍ട്ട് ഒതുങ്ങാനാണ് സാധ്യത.


സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ കോച്ചിന് തീപിടിച്ച് 58 പേര്‍ മരിച്ച സംഭവത്തില്‍ കമ്മീഷന്‍ 2008ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭരണ സംവിധാനത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനും അതുവഴി സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും വേണ്ടി മുന്‍കൂട്ടി ആലോചിച്ച് തയ്യാറാക്കിയ ആക്രമണമാണ് സബര്‍മതി എക്‌സ്പ്രസിന് നേര്‍ക്കുണ്ടായതെന്ന് കണ്ടെത്തിയ കമ്മീഷന്‍, സംസ്ഥാനത്ത് വര്‍ഗീയകലാപം സൃഷ്ടിച്ച് സ്വാധീനമുറപ്പിക്കാന്‍ നരേന്ദ്ര മോദിയും ഇതര സംഘ്പരിവാര നേതാക്കളും ആസൂത്രണം ചെയ്തതാണ് തീവെപ്പ് എന്ന ആരോപണം തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം, ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ചോര്‍ന്ന് കിട്ടുന്ന (പ്രസക്തഭാഗങ്ങളുടെ ആസൂത്രിതമായ ചോര്‍ച്ചയാണെന്ന് തന്നെ കരുതണം) വിവരങ്ങളനുസരിച്ചാണെങ്കില്‍ ആയിരത്തിലധികം പേരുടെ ജീവനെടുത്ത, പതിനായിരങ്ങളെ വഴിയാധാരമാക്കിയ വംശഹത്യയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാറിനോ യാതൊരു പങ്കുമില്ലെന്നാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് നിരാകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പ്.


റിട്ടയേഡ് ജസ്റ്റിസ് ജി ടി നാനാവതിയെ സംബന്ധിച്ച്, സര്‍ക്കാര്‍ അലമാരയില്‍ ഭദ്രമായിരിക്കുന്ന റിപ്പോര്‍ട്ട് പുതുമയല്ല. 1984ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് അരങ്ങേറിയ സിഖ് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എന്‍ ഡി എ സര്‍ക്കാര്‍ നിയോഗിച്ചതിനെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടാണ് ആദ്യത്തേത്. ആ റിപ്പോര്‍ട്ടില്‍ ജി ടി നാനാവതി രേഖപ്പെടുത്തിയ കാര്യങ്ങള്‍ കുറച്ചേറെ കൗതുകം ജനിപ്പിക്കുന്നുണ്ട്; ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാറിനോ സംഘ്പരിവാരത്തിന്റെ നേതാക്കള്‍ക്കോ പങ്കില്ലെന്നും ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ വൈകാരിക വിക്ഷോഭത്തിന്റെ പ്രതിഫലനമായിരുന്നു അതെന്നുമാണ് നിഗമനമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. സിഖ്‌വിരുദ്ധ വികാരം ഇന്ദിരാവധത്തെത്തുടര്‍ന്ന് പെട്ടെന്ന് രൂപപ്പെട്ടതല്ലെന്നാണ് അന്നത്തെ റിപ്പോര്‍ട്ടില്‍ റിട്ടയേഡ് ജസ്റ്റിസ് ജി ടി നാനാവതി വിലയിരുത്തിയത്.


പഞ്ചാബിലെ സ്ഥിതി, 1981 മുതല്‍ വഷളായിവരികയായിരുന്നുവെന്നും ഹിന്ദുക്കളായ നിരവധി പേരെ സിഖ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിനൊടുവിലുള്ള പൊതു വിലയിരുത്തലില്‍ ജി ടി നാനാവതി പറയുന്നു. ഈ സാഹചര്യത്തെ മുതലെടുപ്പിന് ഉപയോഗിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചത് സിഖുകാര്‍ക്കെതിരായ വികാരം ഉണര്‍ത്തിയിരുന്നുവെന്നും സിഖുകാരെ ഒരു പാഠം പഠിപ്പിക്കണമെന്ന തോന്നല്‍  ചിലയാളുകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവെന്നും ഇന്ദിരാ വധം അതിനൊരു കളമൊരുക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട 1984 ഒക്‌ടോബര്‍ 31ന് തന്നെ, കൂടിയാലോചനകള്‍ നടന്നിരുന്നുവെന്നതിനും ആക്രമണം സംഘടിപ്പിക്കാന്‍ കഴിവുള്ളവരെ ബന്ധപ്പെട്ടിരുന്നുവെന്നതിനും തെളിവുണ്ടെന്ന് ജി ടി നാനാവതി രേഖപ്പെടുത്തി. ആക്രമണങ്ങള്‍ ആസൂത്രിതമായിരുന്നു. അക്രമികള്‍ക്ക് പോലീസിനെ ഭയമുണ്ടായിരുന്നില്ല. ഈ പ്രവൃത്തിയുടെ പേരില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പ് അവര്‍ക്കുണ്ടായിരുന്നു. സിഖ് പുരുഷന്‍മാരെ വീടിന് പുറത്തേക്ക് കൊണ്ടുവന്ന് മര്‍ദിക്കുകയും തീയിടുകയും ചെയ്തത് ആസൂത്രിതമായ രീതിയിലായിരുന്നുവെന്നും നാനാവതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം രേഖപ്പെടുത്തി; ആക്രമണങ്ങള്‍ക്കൊരു പൊതുസ്വഭാവം പലേടത്തുമുണ്ടായിരുന്നുവെന്നും.


രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ വെടിവെച്ച് കൊന്ന സംഭവം അക്രമത്തിന് പൊടുന്നനെയുള്ള പ്രേരണയായെങ്കിലും കാലങ്ങളായി നിലനിന്ന വിദ്വേഷത്തിന്റെ പ്രകടനമായി വേണം സിഖ് വംശഹത്യയെ കാണേണ്ടത് എന്നാണ് ജി ടി നാനാവതി രേഖപ്പെടുത്തിയത്. 2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍, ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ പെട്ടെന്നുള്ള രോഷത്തെ മാത്രമേ നാനാവതി കാരണമായി കാണുന്നുള്ളൂ. മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം 'കലാപം' വ്യാപിക്കാന്‍ കാരണമായെന്നും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം  ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, 'നിഷ്ഠൂരവും അതിക്രൂരവുമായ സംഭവങ്ങള്‍ 'കലാപ'ത്തിനിടെ ഉണ്ടായില്ലേ' എന്ന ചോദ്യത്തിന് ജി ടി നാനാവതി നല്‍കുന്ന മറുപടി പഴയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അര്‍ഥവത്താണ്. നിഷ്ഠൂരവും  അതിക്രൂരവുമെന്ന് വിശേഷിപ്പിക്കുന്നതിലൂടെ താങ്കള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്ന് അറിയില്ലെന്ന് നാനാവതി മറുപടി നല്‍കുന്നു. അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും 'കലാപ'ത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് മുഴുവനായി തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.


ഗുജറാത്ത് വംശഹത്യാ കാലത്ത് അബദ്ധത്തില്‍ പത്രം വായിക്കുകയോ ടെലിവിഷന്‍ ന്യൂസ് കാണുകയോ ചെയ്ത ആര്‍ക്കും, അരങ്ങേറിയ കൊടിയ ക്രൂരതകളെക്കുറിച്ച് അറിയാവുന്നതേയുള്ളൂ. എന്നിട്ടും 12 വര്‍ഷം ഇതേക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ മേധാവിക്ക് അതറിയില്ലെന്ന് പറഞ്ഞാല്‍, സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ സമഗ്രതയും സത്യസന്ധതയും മനസ്സിലാക്കാവുന്നതേയുള്ളൂ.


വംശഹത്യ അരങ്ങേറിയപ്പോള്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ട് അംഗങ്ങളെ (അശോക് ഭട്ടും ഐ കെ ജഡേജയും) അഹമ്മദാബാദ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നിയോഗിച്ചതിന് പിറകിലെ യുക്തി ഈ അന്വേഷണ കമ്മീഷന്‍ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 പേര്‍ മരിച്ചതിന് പിറകെ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെച്ച്, ഭൂരിപക്ഷ വിഭാഗത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്നും ന്യൂനപക്ഷത്തെ ഒരു പാഠം പഠിപ്പിക്കണമെന്നും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പറഞ്ഞുവെന്ന ആരോപണത്തിന്റെ വസ്തുതയും അന്വേഷിച്ച് കാണാന്‍ ഇടയില്ല. അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ പോലീസ് സേനയെ കാഴ്ചക്കാരായി നിര്‍ത്താന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതിന് ഈ നിര്‍ദേശമാണോ കാരണമെന്നും പരിശോധിച്ചിട്ടുണ്ടാകില്ല. അതൊക്കെ പരിശോധിച്ചിരുന്നുവെങ്കില്‍, 'കലാപ'ക്കാലത്തെ പോലീസ് വിന്യാസവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിച്ചു കളഞ്ഞുവെന്ന സര്‍ക്കാര്‍ അറിയിപ്പിനെ ദഹനക്കേടൊന്നും കൂടാതെ ഈ കമ്മീഷന്‍ സ്വീകരിക്കുമായിരുന്നില്ല. രേഖകള്‍ ഹാജരാക്കണമെന്ന് പലകുറി ആവശ്യപ്പെട്ടതിന് ശേഷമാണ് അവ നശിപ്പിച്ചു കളഞ്ഞുവെന്ന വിവരം സര്‍ക്കാര്‍ അറിയിച്ചത് എന്ന് വികാരരഹിതമായാണ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ നാനാവതി പറയുന്നത്.


ആസൂത്രിതമായ ആക്രമണവും അതിന് അവസരമൊരുക്കും വിധത്തിലുള്ള പോലീസിന്റെ പ്രവര്‍ത്തനവും 2002 ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് ആദ്യത്തിലും ഗുജറാത്തില്‍ പ്രകടമായിരുന്നു. ആക്രമണങ്ങളില്‍ പലതിനും പൊതു സ്വഭാവവുമുണ്ടായിരുന്നു. ആയുധങ്ങളും കത്തിക്കാനുള്ള പെട്രോളുമൊക്കെ അക്രമികള്‍ക്ക് യഥേഷ്ടം വിതരണം ചെയ്യപ്പെടുകയും ചെയ്തു. പഞ്ചാബില്‍ തീവ്രവാദികള്‍, ഹിന്ദുക്കളെ വധിച്ചതടക്കം കാരണങ്ങളാല്‍ സിഖുകാര്‍ക്കെതിരെ വികാരം നിലനിന്നിരുന്നുവെന്ന് വിലയിരുത്തിയ നാനാവതി കമ്മീഷന്‍, രാജ്യത്ത് സംഘ്പരിവാരം വര്‍ഗീയത ആളിക്കത്തിക്കാന്‍ വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളും തീവ്രവാദികളെന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരായ വികാരം ഉത്തേജിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും തെല്ലും പരിഗണിക്കുന്നതേയില്ല. ഗോധ്രയിലെ അക്രമമുണര്‍ത്തിവിട്ട 'കലാപം' ഗോധ്രയില്ലാതിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.


ഗോധ്ര സംഭവത്തെയും തുടര്‍ന്നുണ്ടായ 'കലാപ'ത്തെയും കുറിച്ച് അന്വേഷിക്കാന്‍ 2002 മാര്‍ച്ച് ആറിന് കമ്മീഷനെ നിയോഗിക്കുമ്പോള്‍ തന്നെ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ വസ്തുതാപരമായിരുന്നുവെന്നാണ്- പുറത്തുവന്ന വിവരങ്ങളെ അവലോകനം ചെയ്യുമ്പോള്‍- കമ്മീഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച കെ ജി ഷായെയാണ് ആദ്യം ഏകാംഗ കമ്മീഷനായി നിയോഗിച്ചത്.  കെ ജി ഷായ്ക്ക്, നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തെക്കുറിച്ച് പരാതികളുയര്‍ന്നപ്പോള്‍ ജി ടി നാനാവതിയെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. കെ ജി ഷാ നിര്യാതനായപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച അക്ഷയ് എച്ച് മേത്തയെ ഉള്‍പ്പെടുത്തി കമ്മീഷന്‍ പുനസ്സംഘടിപ്പിച്ചു. വംശഹത്യാക്കേസുകളിലൊന്നില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ബാബു ബജ്‌രംഗി, 'നമ്മുടെ ആളാണ്' എന്ന് ഒളി ക്യാമറക്ക് മുന്നില്‍ തുറന്നുപറഞ്ഞത് അക്ഷയ് എച്ച് മേത്തയെക്കുറിച്ചാണ്. ഇത്തരം പരാമര്‍ശങ്ങളൊന്നും കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് അഭിമുഖത്തില്‍ ജി ടി നാനാവതി പറയുന്നു.


ജുഡീഷ്യല്‍ കമ്മീഷനായി ജി ടി നാനാവതി ചുമതലയേറ്റ ശേഷമാണ് അദ്ദേഹത്തിന്റെ രണ്ട് മക്കളെ സര്‍ക്കാര്‍ അഭിഭാഷകരായി നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമിച്ചത്. എല്ലാവരും 'നമ്മുടെ ആളുകളാ'കുമ്പോള്‍ കമ്മീഷന്‍ പ്രവര്‍ത്തനത്തെ അത് ഒരു തരത്തിലും ബാധിക്കില്ലെന്ന് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഔദ്യോഗികമായി പുറത്തുവരുമ്പോള്‍ ഏവര്‍ക്കും ബോധ്യപ്പെടും.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊടുത്തപ്പോള്‍ തന്നെ വംശഹത്യയുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും കറ, നരേന്ദ്ര മോദിയുടെ കുപ്പായത്തില്‍ നിന്ന് മാഞ്ഞുതുടങ്ങിയിരുന്നു. അതേക്കുറിച്ചൊക്കെ ഓര്‍ക്കുന്നതും ഓര്‍മിപ്പിക്കുന്നതും പ്രധാനമന്ത്രിയെ കളങ്കപ്പെടുത്താനുള്ള ശ്രമമായോ രാജ്യത്തിനെതിരായ നീക്കമായോ ചിത്രീകരിക്കപ്പെട്ടേക്കാമെന്ന ഭീതിയിലേക്ക് ജനത ആഴ്ന്നതിന്റെ കൂടി ഫലമായിരുന്നു ഈ മാഞ്ഞുപോകല്‍. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ജയം ആവര്‍ത്തിക്കുകയും പ്രതിപക്ഷനിര കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്തതോടെ, നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അപ്രസക്തമായിരുന്നു. പ്രസക്തമല്ലാത്ത റിപ്പോര്‍ട്ട് എന്നതുകൊണ്ടാകണം, മോദിക്ക് വേണ്ടി പാചകം ചെയ്ത റിപ്പോര്‍ട്ടാണിതെന്ന ഏതാനും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണത്തോടെ  അത് കാലം ചെയ്യുന്നത്.

No comments:

Post a Comment