2015-03-11

കടുംവെട്ടിലെ മാണി മഹാത്മ്യം


കെ എം മാണി- 50:25:13. അടുത്ത ദിവസം കേരള നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിനെ ബൈബിള്‍ മാതൃക സ്വീകരിച്ചാല്‍ ഇവ്വിധം രേഖപ്പെടുത്താം. നിയമസഭാംഗമായി 50 വര്‍ഷവും മന്ത്രി പദത്തില്‍ 25 വര്‍ഷവും പൂര്‍ത്തിയാക്കിയ കെ എം മാണി അവതരിപ്പിക്കുന്ന പതിമൂന്നാമത്തെ ബജറ്റ്. ഇതില്‍ അവസാനത്തെ നാല് ബജറ്റുകളുടെ തുടക്കം ഏറെക്കുറെ ഒരേ പോലെയായിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച്, അതില്‍ നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ലെന്ന് ഓര്‍മിപ്പിച്ചായിരുന്നു തുടക്കം. ഇതിനിടയിലും ആഭ്യന്തര വളര്‍ച്ചയെ പിടിച്ചുനിര്‍ത്താനോ മുന്നോട്ടുനയിക്കാനോ സംസ്ഥാന ധനവകുപ്പിന് സാധിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.


പതിമൂന്നാമത്തെ ബജറ്റിന്റെയും തുടക്കം ഇങ്ങനെ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. വിവിധ വകുപ്പുകള്‍ക്ക് നീക്കിവെക്കുന്ന വിഹിതങ്ങള്‍, പോയ ബജറ്റില്‍ പ്രഖ്യാപിക്കുകയും നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്ത പദ്ധതികളെ പുതിയ വാചകങ്ങളിലൂടെ വീണ്ടും വായിക്കല്‍, അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രുപ വരെ വിഹിതം അനുവദിക്കുന്ന പ്രതിമ - പാര്‍ക്ക് - സ്മാരക നിര്‍മാണ/പുനരുദ്ധാരണ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയൊക്കെയാകും ഉള്ളടക്കം. കോഴ സമാഹരിക്കാനുള്ള ഉപാധിയായി ബജറ്റ് നിര്‍ദേശങ്ങളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച്, കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ ഏത് വിധത്തിലാണ് ഇടത് ജനാധിപത്യ മുന്നണി ശ്രമിക്കുക എന്നതിലും അതുണ്ടാക്കാന്‍ ഇടയുള്ള സംഘര്‍ഷത്തിലും നാടകീയതയിലുമാണ് കൗതുകമുണ്ടാകുക. തദ്ദേശഭരണ തിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പും നടക്കും മുമ്പുള്ള പൂര്‍ണ ബജറ്റെന്ന നിലക്ക് ജനപ്രിയ നിര്‍ദേശങ്ങളുണ്ടാകുമോ എന്നതിലും.


നികുതി പിരിച്ചെടുക്കുന്നതിലുണ്ടായ അലംഭാവം വരുമാനത്തിലുണ്ടാക്കിയ കുറവ്, ധനക്കമ്മി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പിന് ഉണ്ടാകാന്‍ ഇടയുള്ള നിയന്ത്രണം, കേന്ദ്ര നികുതി വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് പത്ത് ശതമാനം വര്‍ധിച്ചപ്പിതോടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ചിലതിനുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി നിര്‍ത്തലാക്കുകയും  ചിലതിനുള്ള സംസ്ഥാന വിഹിതം വര്‍ധിപ്പിക്കുകയും ചെയ്തത് മൂലമുണ്ടാകുന്ന ബാധ്യത എന്നിവ കണക്കിലെടുക്കുമ്പോള്‍ വലിയ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള (പ്രഖ്യാപിക്കുന്നതിന് തടസ്സമുണ്ടാകില്ല) കനം ധനമന്ത്രിയുടെ മടിശ്ശീലക്കുണ്ടാകാന്‍ സാധ്യതയില്ല. നടപ്പാകണമെന്ന് നിര്‍ബന്ധമില്ലാത്ത പ്രഖ്യാപനങ്ങള്‍ കൊണ്ട് നിറയുന്നതും വരും വര്‍ഷങ്ങളിലെ ധനസ്ഥിതിയോ വികസനദിശയോ നിര്‍ണയിക്കാന്‍ ഉതകാത്തതുമായ രേഖയായി പൊതുവില്‍ ബജറ്റുകള്‍ മാറിയതിനാല്‍ മടിയിലെ കനം നോക്കാതെ മാണി, പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് ഉറപ്പ്.


പതിവ് നടപടിക്രമമനുസരിച്ചാണെങ്കില്‍, നിന്നോ ഇരുന്നോ മാണി ബജറ്റ് പ്രസംഗം വായിക്കുകയും തുടര്‍ന്ന് പ്രതിപക്ഷം നിരാശാജനകമെന്ന് ബജറ്റിനെ വിശേഷിപ്പിക്കുകയുമാണ് വേണ്ടത്. മുന്‍ ധനമന്ത്രി തോമസ് ഐസക്കാകും ബജറ്റിനെ എതിര്‍ക്കുന്നതില്‍ മുന്നിലുണ്ടാകുക.  വിഭവ സമാഹരണത്തിന്റെ പോയ വര്‍ഷത്തെ കണക്ക്, ആ കണക്ക് വരും വര്‍ഷത്തേക്കായി അവതരിപ്പിച്ച ബജറ്റില്‍ പുതുക്കി അവതരിപ്പിച്ചപ്പോഴുള്ള അപാകം, ധനമന്ത്രിയുടെ പിടിപ്പുകേടുകൊണ്ടാണ് ഈ അപാകമുണ്ടായത് എന്നീ മട്ടിലായിരിക്കും ഐസക്കിന്റെ വാദം തുടങ്ങി പുരോഗമിക്കുക. പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കാത്ത പ്രഖ്യാപനങ്ങള്‍ ധാരാളമുള്ള ഈ ബജറ്റ് കേരളത്തെ പിന്നാക്കം നയിക്കുമെന്ന വാദങ്ങള്‍ ഇടത് മുന്നണിയിലെ ഇതര നേതാക്കളും എം എല്‍ എമാരും ആവര്‍ത്തിക്കുകയും ചെയ്യും. ഇതിനപ്പുറത്ത് ബജറ്റ് രേഖകളെ സൂക്ഷ്മമായി പഠിക്കാന്‍ ഇവരാരും തയ്യാറാകാറില്ലെന്ന് കരുതണം. ബജറ്റ് രേഖകള്‍ എന്നത് ആയിരക്കണക്കിന് പേജുകള്‍ വരും. പ്രസംഗമെന്നത് നൂറോ നൂറ്റിപ്പത്തോ പേജുകളേ വരൂ (കെ എം മാണിയുടെ തോതനുസരിച്ച്). ഇത് പോലും സൂക്ഷ്മമായി വായിക്കുകയോ പോയ വര്‍ഷത്തേതുമായി തട്ടിച്ചുനോക്കുകയോ ചെയ്യുന്നില്ലെന്നും കരുതണം. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ നികുതി നിരക്കുകള്‍ ഇളവ് ചെയ്ത് നല്‍കുന്നതിലൂടെ കോടികളുടെ കോഴ കൈപ്പറ്റുന്നുവെന്ന് ഒരു ബാര്‍ മുതലാളി ആരോപിക്കും വരെ പ്രതിപക്ഷ ശിങ്കങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരില്ലായിരുന്നു.


2012- 13ലെ ബജറ്റ് പ്രസംഗത്തില്‍ കെ എം മാണി ഇങ്ങനെ പറഞ്ഞു - എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ വില്‍ക്കുന്ന രജിസ്റ്റര്‍ ചെയ്ത ട്രേഡ് മാര്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളുടെ വില്‍പ്പന നികുതി 12.5 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കുന്നു. എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍, കുടുംബ ശ്രീയുടെയോ ജന ശ്രീയുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറികിട സ്ഥാപനങ്ങളാകില്ലെന്ന് ഉറപ്പ്. ഇത്തരം ഉത്പന്നങ്ങള്‍ വില്‍പ്പനക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ മിക്കതും വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളുമാകും. 12.5 ശതമാനം നികുതി അഞ്ച് ശതമാനമാക്കാന്‍ വ്യവസ്ഥ ചെയ്തതിലൂടെ ആരെയാണ് കെ എം മാണി തൃപ്തിപ്പെടുത്തിയത്? എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ നികുതി കുറച്ച് നല്‍കണമെന്ന് ഇതിന്റെ ഉപഭോക്താക്കള്‍ സംഘടിച്ച് ആവശ്യപ്പെട്ടതായി വിവരമില്ല. അപ്പോള്‍ പിന്നെ വന്‍കിട നിര്‍മാതാക്കള്‍ക്ക്, വിപണി പിടിക്കാനൊരു സാഹചര്യമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു  ലക്ഷ്യമെന്ന് കരുതേണ്ടിവരും.


ആയുര്‍വേദവുമായി ബന്ധപ്പെടുത്തി വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഡ്രഗ് ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളെ ആയുര്‍വേദ മരുന്നുകളുടെ പട്ടികയില്‍പ്പെടുത്തി 12.5 ശതമാനം നികുതി എന്നത് അഞ്ച് ശതമാനമായി ഇളവ് ചെയ്യുന്നുവെന്ന് 2012 - 13ലെ ബജറ്റില്‍ കെ എം മാണി പ്രഖ്യാപിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തിന് ശേഷം 2014 - 15 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മാണി ഇങ്ങനെ പറയുന്നു - ''ആയുര്‍വേദ മേഖലയില്‍ നികുതിയെ സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഒഴിവാക്കുന്നതിനായി 13-11-2009 മുതല്‍ 31-03-2012 വരെയുള്ള കാലയളവില്‍, ഡ്രഗ് ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിറ്റഴിച്ച ആയുര്‍വേദ കോസ്‌മെറ്റിക് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 12.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കി കുറക്കുന്നു. വ്യാപാരികള്‍ ഉയര്‍ന്ന നിരക്കില്‍ നികുതി പിരിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാറിലേക്ക് ഒടുക്കേണ്ടതാണെന്നും ഉയര്‍ന്ന നിരക്കില്‍ സര്‍ക്കാറിലേക്ക് ഒടുക്കിയ നികുതി തിരികെ നല്‍കുന്നതല്ല എന്നും വ്യവസ്ഥ ചെയ്യുന്നു.''


സൗന്ദര്യ വര്‍ധകവസ്തുക്കളുടെ നികുതി 12.5ല്‍ നിന്ന് അഞ്ച് ശതമാനമാക്കാന്‍ 2012-13ല്‍ ധനമന്ത്രി വ്യവസ്ഥ ചെയ്യുമ്പോള്‍ അതിന് ആയുര്‍വേദവുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരത്തിന്റെ വികസനമെന്ന യുക്തി അകമ്പടിയായുണ്ടായിരുന്നു. 2009 നവംബര്‍ മുതല്‍ 2012  മാര്‍ച്ച് 31 വരെയുള്ള നികുതി നാല് ശതമാനമാക്കി ചുരുക്കിയെന്ന് 2014 - 15 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പറഞ്ഞതിന്റെ യുക്തി എന്താണ്? ഇക്കാലത്ത് വിറ്റഴിച്ച ഉത്പന്നങ്ങള്‍ക്ക് നിയമപ്രകാരം ഈടാക്കേണ്ട നികുതി ഈടാക്കാതിരിക്കുകയോ ഈടാക്കിയ ശേഷം സര്‍ക്കാറിലേക്ക് ഒടുക്കാതിരിക്കുകയോ ചെയ്ത കമ്പനികള്‍ക്ക് കൊള്ളലാഭമെടുക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് ധനമന്ത്രി ചെയ്തത്.  ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാറിലേക്ക് ഒടുക്കണമെന്ന് വ്യവസ്ഥ ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പായോ എന്നും ആ ഇനത്തില്‍ സര്‍ക്കാറിന് എന്ത് വരുമാനം ലഭിച്ചുവെന്നും ആരെങ്കിലും പരിശോധിച്ചോ?


ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് പോയ വര്‍ഷങ്ങളില്‍, പ്രതിപക്ഷനിരയിലെ അംഗങ്ങളാരും തയ്യാറായില്ലെന്ന് കരുതണം. സ്വര്‍ണ വ്യാപാരികള്‍ക്ക് നികുതി കോമ്പൗണ്ട് ചെയ്ത് നല്‍കുന്ന സംവിധാനം തുടരാനും നിരക്കില്‍ ഇളവ് വരുത്താനും തീരുമാനിച്ചപ്പോള്‍ കൈക്കൂലിക്കുള്ള സാധ്യത ഇതാണെന്ന് വിശദീകരിച്ച്, ബാര്‍ മുതലാളിയുടെ ആരോപണം പുറത്തുവന്നതിന് ശേഷം, തോമസ് ഐസക്ക് ഒരു കുറിപ്പ് സാമൂഹിക മാധ്യമത്തിലൂടെ നല്‍കിയിരുന്നു. ബജറ്റില്‍ നികുതി നിരക്ക് കുറക്കാതെ വെക്കുകയും നിരക്ക് കുറക്കേണ്ടതിന്റെ ആവശ്യകത നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയെ ബോധ്യപ്പെടുത്തിയ ശേഷം മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം നിരക്ക് കുറക്കുകയും ചെയ്തു.  ഈ ഇടവേളയില്‍ സ്വര്‍ണ വ്യാപാരികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് തോമസ് ഐസക്ക് ആരോപിച്ചത്. ബാര്‍ മുതലാളി ആരോപണം ഉന്നയിച്ച ശേഷമാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് കൃതഹസ്തനും സാമ്പത്തിക വിശാരദനുമായ ഐസക്ക് ആലോചിച്ചതെന്ന് ചുരുക്കം.


ടെലിവിഷന്‍ ചര്‍ച്ചകളിലെ പതിവ് വിമര്‍ശങ്ങള്‍ക്കും ഒരാഴ്ചയിലധികം നീളാത്ത പ്രസ്താവനകളിലും ഒതുങ്ങും ബജറ്റ് വിലയിരുത്തലും പരിശോധനയുമെന്ന് കെ എം മാണിക്ക് തിട്ടമുണ്ടെന്ന് ചുരുക്കം. കൈക്കൂലിക്കോ അഴിമതിക്കോ സാധ്യതയുള്ള ഇളവുകളുടെ കാര്യത്തില്‍ അതിന് ആവശ്യപ്പെടുന്നവരും (വ്യക്തികളും കമ്പനികളും) ആ ആവശ്യം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും അംഗീകാരം നല്‍കുന്ന മന്ത്രിയും മാത്രമേ അറിയൂ. അതിനപ്പുറത്ത് അറിയണമെങ്കില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമുണ്ടാകണം. അതില്ലാതിരിക്കെ  ഇത്തരം നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുകയും അതിന്റെ പാര്‍ശ്വങ്ങളിലെ കോഴ/അഴിമതി ആരോപണങ്ങള്‍ പോലുമാകാതെ സുരക്ഷിതമായിരിക്കുകയും ചെയ്യും. സര്‍ക്കാര്‍ - സ്വകാര്യ മേഖലയിലെല്ലായിടത്തും സ്വന്തം സംഘടനകളുണ്ടായിട്ട് കൂടി ഇത്തരം കാര്യങ്ങള്‍ അറിയാതെ പോകുന്നുവെങ്കില്‍ ഈ സംഘടനകളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അവയില്‍ അംഗങ്ങളായവരുടെ സത്യസന്ധതയെക്കുറിച്ചും സി പി എം കൂലംകഷമായി ആലോചിക്കേണ്ടതുണ്ട്.


സംഗതികള്‍ ഇവ്വിധമായിരിക്കെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യം ഉപേക്ഷിച്ച്, ബജറ്റ് നിര്‍ദേശങ്ങള്‍ പഠിക്കാനും അതിന്റെ ആഘാതവും അഴിമതി സാധ്യതകളും മനസ്സിലാക്കാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും ശ്രമിക്കുന്നതാകും ഉചിതം. അതില്ലെങ്കില്‍ ഒരു ബാര്‍ മുതലാളിയുടെ ആരോപണം കേട്ട് സമരത്തിനിറങ്ങുകയും അതിന്റെ പാര്‍ശ്വത്തിലുണ്ടാകുന്ന (ഉണ്ടാക്കുന്ന) സംഘര്‍ഷങ്ങള്‍ക്ക് പിഴ മൂളുകയും ചെയ്യുന്ന സ്ഥിതിക്കാണ് ഏറെ സാധ്യത.


ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് - ജി എസ് ടി) രാജ്യത്ത് പ്രാവര്‍ത്തികമാക്കുക എന്ന ആശയം പ്രണാബ് കുമാര്‍ മുഖര്‍ജി ധനമന്ത്രിയായ കാലം മുതല്‍ പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയതാണ്. രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാനകാലമായപ്പോഴേക്കും അത് ഉടന്‍ നടപ്പാകുമെന്ന സ്ഥിതി വന്നു. ഏറ്റവുമൊടുവില്‍ 2016 ഏപ്രില്‍ ഒന്നുമുതല്‍ ജി എസ് ടി എന്ന് അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നു. ജി എസ് ടി നിലവില്‍ വന്നാല്‍ രാജ്യത്താകെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഏകീകൃത നികുതിയാകും. മൂല്യ വര്‍ധിത നികുതി സമ്പ്രദായത്തിലെ സ്ലാബുകള്‍ ഉപയോഗിച്ച് നികുതി വര്‍ഷാവര്‍ഷം ക്രമീകരിക്കാനുള്ള സംസ്ഥാന ധനമന്ത്രിമാരുടെ അധികാരം, ജി എസ് ടി വരുന്നതോടെ തുലോം കുറയും. അതിന് മുമ്പൊരു കടുംവെട്ടിന് 2011 - 16 കാലമേയുള്ളൂവെന്ന് ധനമന്ത്രി സ്ഥാനമേല്‍ക്കുമ്പോള്‍ കെ എം മാണി കരുതിയോ? അതിന്റെ ഭാഗമാണോ കോഴി മുതല്‍ ക്വാറി വരെ നീളുന്ന നികുതി ഇളവ് പ്രഖ്യാപനങ്ങളും അതിന്മേലുയര്‍ന്ന കോഴയാരോപണങ്ങളും? ഇതേക്കുറിച്ചുള്ള അന്വേഷണമാണ് ആദ്യം നടക്കേണ്ടത്, അതിനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. ബജറ്റവതരണം തടഞ്ഞതുകൊണ്ട് ആ അന്വേഷണം നടക്കാന്‍ ഇടയില്ല തന്നെ.

No comments:

Post a Comment