2015-03-30

കസേരകളിയിലെ പാഠങ്ങള്‍


''പാര്‍ട്ടിയുടെ കാര്യമെടുക്കൂ, അതിനെ ഇങ്ങനെ ഇല്ലാതാക്കരുത്. എനിക്കൊപ്പമോ അതോ അവര്‍ക്കൊപ്പമോ എന്ന് ഇനി നിങ്ങള്‍ തീരുമാനിക്കൂ. നിങ്ങള്‍ അവരെ തിരഞ്ഞെടുത്താല്‍ എല്ലാ പദവികളില്‍ നിന്നും ഞാനൊഴിയും. സാധാരണ പ്രവര്‍ത്തകനായി തുടരും'' - ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ 45 മിനുട്ട് നീണ്ട പ്രസംഗത്തിന്റെ ഒടുവിലെ വാചകങ്ങളാണിത്. യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരുള്‍പ്പെടെ നേതൃനിരയിലെ നാല് പേരെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച് കമ്മിറ്റി അംഗങ്ങള്‍ കെജ്‌രിവാളിനൊപ്പം നിന്നു. തന്റെ പ്രസംഗത്തിലുടനീളം യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം വിശദീകരിക്കുകയാണ് കെജ്‌രിവാള്‍ ചെയ്തത്. ഇതിന് മറുപടി നല്‍കാന്‍ ആരോപണവിധേയരെ ആരെയും അനുവദിച്ചുമില്ല. ഗ്രാമസഭകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കേട്ട് തീരുമാനമെടുക്കുന്ന വിധത്തില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് വഴിതുറക്കുമെന്ന് പ്രഖ്യാപിച്ച്, എല്ലാ കാര്യത്തിലും സുതാര്യത ഉറപ്പാക്കുമെന്ന് ഉദ്‌ഘോഷിച്ച ആം ആദ്മി പാര്‍ട്ടി ഏറെ എളുപ്പത്തില്‍ അവരെപ്പോഴും കുറ്റം പറഞ്ഞിരുന്ന 'ഹൈക്കമാന്‍ഡ്' സമ്പ്രദായത്തിലേക്ക് മാറി. അതുകൊണ്ടാണ് ആ പാര്‍ട്ടിയുടെ ഏറ്റവും ഉന്നതരായ നേതാക്കള്‍ ഉള്‍ക്കൊള്ളുന്ന സമിതിയില്‍ ജനാധിപത്യം ഈവിധം പൂത്തുലഞ്ഞത്.


2013ലും 2015ലും ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എ എ പി നേടിയ വിജയങ്ങള്‍ രാജ്യത്ത് കാലങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. എ എ പിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്ന് ഇപ്പോള്‍ 'ഒളിവില്‍ കഴിയുന്ന' എ ഐ സി സിയുടെ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മുതല്‍ സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്ന സി പി എമ്മിന്റെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വരെ പറഞ്ഞു. ഡല്‍ഹി നിവാസികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയും അതില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകും വിധത്തിലുള്ള പരിഹാരങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു എ എ പി. ജനങ്ങളുമായി നിരന്തരം സംവദിക്കാന്‍ നേതാക്കളടക്കമുള്ളവര്‍ തയ്യാറാകുകയും ചെയ്തു. ആഗോളവത്കരണത്തെയും സമ്പത്തിന്റെ കേന്ദ്രീകരണത്തെയും അത് സാധാരണക്കാരും ഇടത്തരക്കാരുമായ ജനങ്ങളിലുണ്ടാക്കുന്ന ആഘാതത്തെയും കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്നവരെ കവച്ചുവെച്ച്, ഇത്തരം പ്രതിഭാസങ്ങളെ നിയമവ്യവസ്ഥകളനുസരിച്ച് ഏത് വിധത്തില്‍ നേരിടാമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു ഈ നവാഗതപാര്‍ട്ടി.


ഡല്‍ഹിയിലെ വൈദ്യുതി വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന റിലയന്‍സ് പോലുള്ള കമ്പനികളുടെ കണക്കുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി എ ജി) പരിശോധിക്കാനാകുമെന്ന നില വന്നത്, 2013ല്‍ കുറച്ചുകാലം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഡല്‍ഹി ഭരിച്ചതിന്റെ ഫലമായിരുന്നു. പ്രകൃതി വാതക വില നിര്‍ണയിക്കുന്നതിന് പിറകിലെ ഗൂഢാലോചനക്ക് മുകേഷ് അംബാനിക്കും മുരളി ദേവ്‌റക്കും (പരേതന്‍), വീരപ്പ മൊയ്‌ലിക്കുമെതിരെ കേസെടുക്കാന്‍ ധൈര്യം കാട്ടിയതും മറ്റാരുമല്ല. പ്രകൃതി വാതക വില നിര്‍ണയിച്ചതിലും ഉത്പാദനച്ചെലവ് പെരുപ്പിച്ച് കാട്ടിയതിലൂടെ റിലയന്‍സ് അനര്‍ഹമായ ലാഭം സ്വന്തമാക്കിയെന്നുമുള്ള സി എ ജിയുടെ റിപ്പോര്‍ട്ട് മുന്നിലുണ്ടായിട്ടും, അഴിമതിക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്ന് തൊണ്ടപൊട്ടുമാറ് പ്രസംഗിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ല എന്നതുകൂടി കണക്കിലെടുക്കുമ്പോഴേ 2013ല്‍ കെജ്‌രിവാള്‍ കാട്ടിയ ധൈര്യത്തിന്റെ യഥാര്‍ഥ വില മനസ്സിലാകൂ.


ഇത്തരം പ്രവര്‍ത്തന രീതികള്‍ പഠിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയും പ്രകാശ് കാരാട്ടുമൊക്കെ പറഞ്ഞത്. അവരതിന് ശ്രമം തുടങ്ങും മുമ്പ്, കോണ്‍ഗ്രസില്‍ നിന്നും സി പി എമ്മില്‍ നിന്നുമൊക്കെയുള്ള പാഠങ്ങള്‍ അരവിന്ദ് കേജ്‌രിവാളും കൂട്ടരും പഠിച്ചു. 2013ല്‍ ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷത്തോടടുത്ത വിജയം നേടിയതോടെ നാടാകെ തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണെന്ന തോന്നലിലേക്ക് എ എ പി എത്തിയത് അതുകൊണ്ടാണ്. ഹരിയാനയില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം തനിക്കെന്ന് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടതും 22 ശതമാനം വോട്ട് കുരുക്ഷേത്രമണ്ണില്‍ ഉറപ്പെന്ന് മനക്കണക്ക് കൂട്ടി മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ടതും മറ്റൊന്നുകൊണ്ടല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയം കെജ്‌രിവാളിനെ യാഥാര്‍ഥ്യബോധത്തിലേക്ക് കൊണ്ടുവന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഡല്‍ഹിയില്‍ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചപ്പോള്‍ അതും സ്വന്തം സ്ഥാനം ഉറപ്പിക്കുക എന്ന പാഠത്തിന്റെ ഉള്‍ക്കൊള്ളലായിരുന്നു.


2015ലെ ഡല്‍ഹിയിലെ വലിയ വിജയത്തോടെ പാര്‍ട്ടിയില്‍ അച്ചടക്കമുറപ്പാക്കേണ്ടതിന്റെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം തടയേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെട്ടു. 'ഹൈക്കമാന്‍ഡി'ന്റെ തീരുമാനങ്ങളോട് വിയോജിക്കുന്നത് പാര്‍ട്ടി വിരുദ്ധമാണെന്ന തിരിച്ചറിവുണ്ടായി. പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ക്ക് ബദല്‍ കുറിപ്പ് തയ്യാറാക്കുന്നത് പാര്‍ട്ടി വിരുദ്ധമാണെന്ന് മനസ്സിലാക്കി. ഭൂരിപക്ഷാഭിപ്രായങ്ങള്‍ക്ക് ന്യൂനപക്ഷം കീഴ്‌വഴങ്ങുക എന്ന ലെനിനിസ്റ്റ് സംഘടനാ തത്വമാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്തു. ഓരോ വിഷയത്തിലും പാര്‍ട്ടി അംഗങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ വേദിയുണ്ടാക്കുമെന്ന് എ എ പിയുടെ ഔദ്യോഗിക നേതൃത്വം നിര്‍ദേശിച്ചപ്പോള്‍, പാര്‍ട്ടിയുടെ നയ-നിലപാടുകള്‍ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെ തീരുമാനിക്കണമെന്ന് യോഗേന്ദ്ര യാദവ് പക്ഷം ബദല്‍ വെച്ചു. ഇതടക്കമുള്ള ബദലുകളെ തള്ളിക്കൊണ്ടാണ് ഹൈക്കമാന്‍ഡ് തീരുമാനത്തിന് അംഗീകാരം നേടിക്കൊടുക്കും വിധത്തില്‍ ലെനിനിസ്റ്റ് സംഘടനാ തത്വം പ്രയോഗിച്ചത്.


വേണ്ട പാഠങ്ങള്‍ നരേന്ദ്ര മോദിയില്‍ നിന്നും കേജ്‌രിവാള്‍ അഭ്യസിച്ചിരിക്കുന്നു. 'ഞാന്‍' 'എന്റെ' 'എനിക്ക്' എന്നിവ യഥേഷ്ടം പ്രവഹിക്കുന്നതാണ് മോദിയുടെ പ്രസംഗങ്ങളെല്ലാം. 'ഞാന്‍' വേണോ 'അവര്‍' വേണോ എന്ന് ചോദിക്കുകയും പ്രസംഗത്തിലുടനീളം 'ഞാന്‍' ചെയ്ത കാര്യങ്ങളെ വിശദീകരിക്കുകയും ചെയ്യുമ്പോള്‍ പഠനം കാര്യക്ഷമമായെന്ന് തന്നെ കരുതണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളില്‍ ചോദ്യോത്തര പംക്തി പൊതുവായിരുന്നു. 'നിങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പാക്കാന്‍ ഞാന്‍ അധികാരത്തില്‍ വരേണ്ടേ?' എന്ന് ചോദ്യം. 'വേണം' എന്ന് സദസ്സിന്റെ ഉത്തരം. ഏതാണ്ട് ഇതേ രീതിയിലായിരുന്നു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെജ്‌രിവാളിന്റെയും പ്രസംഗം. 'ഞാന്‍ വേണോ അവര്‍ വേണോ' എന്ന് ചോദ്യം. 'നിങ്ങള്‍ മതി'യെന്ന് സദസ്സിന്റെ ഉത്തരം. ഡല്‍ഹിയിലെ ഭരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി ഭരണകൂടവുമായി നല്ല ബന്ധം സ്ഥാപിക്കുകയും അതുവഴി അവര്‍ പിന്തുണക്കുന്ന റിലയന്‍സ് അടക്കമുള്ള കോര്‍പ്പറേറ്റുകളോട് സമരസപ്പെടുകയും ചെയ്യുന്നതോടെ പഠനം പൂര്‍ത്തിയാകും.


രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അഴിമതിക്കെതിരായ വികാരം ഉയര്‍ന്നുവരികയും അതിനെ ഊതിക്കത്തിച്ച്, നരേന്ദ്ര മോദിക്ക് വഴിയൊരുക്കാന്‍ രംഗത്തെത്തുകയും ചെയ്തവരില്‍ ഒരുവിഭാഗം, വ്യക്തമായ നയനിലപാടുകളുടെ അടിസ്ഥാനത്തിലല്ലാതെ രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ഇതിലധികം എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യമാണ് ഏറ്റം പ്രസക്തം. എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അതിന് രൂപംനല്‍കാന്‍ ത്രാണിയുണ്ടായിരുന്ന യോഗേഷ് യാദവും പ്രശാന്ത് ഭൂഷണുമൊക്കെ പാര്‍ട്ടിയില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുതന്നെ പുറത്തേക്ക് പോകുകയാണ്.


ബഹുസ്വര സമൂഹത്തിന്റെ പ്രത്യേകതകളെ കണക്കിലെടുക്കേണ്ടതിന്റെ പ്രാധാന്യവും അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാക്കുന്ന മാറ്റവും മനസ്സിലാക്കുന്ന എത്രപേരുണ്ട് ഇനി എ എ പിയുടെ നേതൃനിരയില്‍? ജമ്മു കാശ്മീരിന്റെ സ്വയം നിര്‍ണയാവകാശത്തെക്കുറിച്ചും സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമത്തിന്റെ ജനവിരുദ്ധതയെക്കുറിച്ചും സംസാരിക്കാന്‍ ശേഷിയുള്ള ആരെങ്കിലുമുണ്ടോ ഈ പാര്‍ട്ടിയില്‍?


അലോസരപ്പെടുത്തുന്ന ഇത്തരം വിഷയങ്ങളെ ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലതെന്ന്, അരാഷ്ട്രീയത്തില്‍ ജനിച്ച്, അതിനെ വളര്‍ത്തുന്നതിലൂടെ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന, മുന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ കരുതുന്നുണ്ടാകണം. സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ യഥാസമയം വിതരണം ചെയ്യുന്ന ഭരണ സംവിധാനമാണ്, രാഷ്ട്രീയത്തിന്റെ ഉച്ചകോടിയെന്ന് മനസ്സിലാക്കുന്നവര്‍ക്ക്, അതിനപ്പുറത്തുള്ള കാര്യങ്ങളില്‍ നിലപാടുകളെടുക്കേണ്ട ആവശ്യമില്ല. സാമ്പ്രദായിക രാഷ്ട്രീയ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടവരും പുതിയ തലമുറയും ഇതിനൊപ്പമാണെന്ന് അവര്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ, യഥാര്‍ഥത്തില്‍ ഗുണകരമാകുക തീവ്ര ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദി നേതാവായ പരിവാരത്തിനാണ്.


പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളൊക്കെ ഒരു മഴയില്‍ ജനിച്ച്, അടുത്ത വെയിലില്‍ വാടി സാമ്പ്രദായിക രീതികളുടെ ചുമലില്‍ ചായുന്നവരാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നുവെന്നതാണ് എ എ പി ചെയ്യുന്ന വലിയ അപകടം. മുമ്പ് വലിയ പ്രതീക്ഷയുണര്‍ത്തിയ ജനതാ പരിവാര്‍, പലതായി പിരിഞ്ഞ് തമ്മിലടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ച ഊര്‍ജം വലുതായിരുന്നു. പ്രതിപക്ഷനിരയെയാകെ ദുര്‍ബലമാക്കി, ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ കൊയ്ത് മുന്നേറിയ ബി ജെ പിക്ക് (നരേന്ദ്ര മോദിക്ക്) ഒരു കടിഞ്ഞാണായത് ഡല്‍ഹിയിലെ എ എ പിയുടെ വലിയ വിജയമായിരുന്നു. ആ വിജയത്തിന്റെ തിളക്കം മങ്ങും മുമ്പ് അവര്‍ തമ്മിലടിക്കുമ്പോള്‍ ഈടുവെപ്പ് പരിവാരത്തിനാകാതെ വയ്യ. പുതുതായി ഉയരുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യതയെ, എ എ പിയുമായി താരതമ്യം ചെയ്ത് ചോദ്യം ചെയ്യാനും അവര്‍ക്കാകും.

ചുരുങ്ങിയ സമയയത്തിനിടെ ഇവര്‍ ചെയ്ത ചില നല്ല കാര്യങ്ങളെങ്കിലും പകര്‍ത്താന്‍ നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളേതെങ്കിലും തയ്യാറാകുമോ എന്നതേ കാത്തിരുന്ന് കാണേണ്ടതുള്ളൂ. അത്തരം പ്രതീക്ഷകള്‍ തത്കാലം ആരും നല്‍കുന്നില്ലെങ്കിലും.

No comments:

Post a Comment