2015-05-19

അധ്വാനമേ സംതൃപ്തി!!


''കഴിഞ്ഞ മുപ്പത് വര്‍ഷമായി ചെയ്യാത്ത ജോലി ചെയ്ത് തീര്‍ക്കുകയാണ് ഞാന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ദിവസം പോലും ഞാന്‍ അവധിയെടുത്തിട്ടില്ല. രാവും പകലും ഞാന്‍ ജോലി ചെയ്തു. ഞാന്‍ അവധിയില്‍ പോയിട്ടുണ്ടോ? ഞാന്‍ വിശ്രമിച്ചിട്ടുണ്ടോ? എന്റെ വാഗ്ദാനങ്ങള്‍ ഞാന്‍ നടപ്പാക്കുന്നില്ലേ?'' - വിദേശപര്യടനം തുടരുന്നതിനിടെ ചൈനയിലെ ഷാങ്ഹായില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലേറി ഒരു കൊല്ലം പൂര്‍ത്തിയാകുന്നതിനിടെ 18 വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചത് വിമര്‍ശവിധേയമാകുകയും പ്രധാനമന്ത്രി കൂടുതല്‍ സമയം വിദേശത്ത് ചെലവിടുകയാണെന്ന് ആക്ഷേപമുയരുകയും ചെയ്തതിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് മാസത്തോളം നീണ്ട അവധിയെടുത്തത് കൂടി സൂചിപ്പിച്ചാണ് 'ഞാന്‍ അവധിയില്‍ പോയിട്ടുണ്ടോ?' എന്ന് നരേന്ദ്ര മോദി ചോദിക്കുന്നത്.


'ഞാന്‍' ജോലി ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നു, 'എന്റെ' വാഗ്ദാനങ്ങള്‍ 'ഞാന്‍' നടപ്പാക്കുന്നില്ലേ? 'ഞാന്‍' വിശ്രമിച്ചിട്ടുണ്ടോ? 'ഞാന്‍' അവധിയെടുത്തിട്ടുണ്ടോ? രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഇങ്ങനെയൊക്കെ പറയുകയും ചോദിക്കുകയും വേണ്ടിവരുന്നത് തന്നെ എത്രമാത്രം ദുര്‍ബലനാണ് '56 ഇഞ്ച്' നെഞ്ചുവിരിവുള്ള നേതാവ് എന്നതിന്റെ തെളിവാണ്. 'ഞാന്‍' 'എന്റെ' എന്ന് പേര്‍ത്തും പേര്‍ത്തും പറയേണ്ടിവരുന്നത്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍ ഓര്‍മിപ്പിച്ചുള്ള സുപ്രീം കോടതി വിധി ഓര്‍ത്തുകൊണ്ട് മിതമായി പറഞ്ഞാല്‍, അല്‍പ്പത്തമാണ്.
ഈ ഉദ്ധരണിയുടെ കാമ്പ് പരിശോധിച്ചാല്‍, മുപ്പത് വര്‍ഷത്തിനിടെ ചെയ്യാതിരുന്ന എന്ത് ജോലിയാണ് മോദി സാഹെബ് ഇക്കാലം കൊണ്ട് ചെയ്ത് തീര്‍ത്തത്? ഡീസലിന്റെ വിലയില്‍ സര്‍ക്കാറിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയത് അത്തരമൊരു ചെയ്തുതീര്‍ക്കലായിരുന്നു.


അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി സര്‍ക്കാറിന്റെ വരുമാനം കൂട്ടിയിരുന്നു നരേന്ദ്ര മോദി. ഇപ്പോള്‍ എണ്ണ വില ഉയരുകയും ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറയുകയും ചെയ്തപ്പോള്‍ ഡീസലിന്റെ വില കൂട്ടി നഷ്ടമില്ലാതെ നോക്കുന്നു പൊതു, സ്വകാര്യ മേഖലയിലെ എണ്ണക്കമ്പനികള്‍. പെട്രോളിന്റെയും ഡീസലിന്റെയും സബ്‌സിഡി ഒഴിവാക്കി, ബാധ്യതയൊഴിവാക്കാന്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേഗം കൂട്ടിയ കാലം മുതല്‍ ഡോ. മന്‍മോഹന്‍ സിംഗിന് ആഗ്രഹമുണ്ടായിരുന്നു. അതിന് ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരൊക്കെയും ഈ ആഗ്രഹക്കാരായിരുന്നു. അത് ഭാഗികമായെങ്കിലും പൂര്‍ത്തീകരിച്ചത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ രണ്ടാം യു പി എയുടെ കാലത്താണ്. നരേന്ദ്ര മോദി ആ ജോലി ചെയ്തുതീര്‍ത്തു.


'ഞാന്‍' രാവും പകലും ജോലി ചെയ്തുവെന്ന് അവകാശപ്പെടുമ്പോള്‍ രാവും പകലും ചെയ്യാന്‍ മാത്രം എന്തുജോലിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കുണ്ടായിരുന്നത് എന്ന് ചോദിക്കേണ്ടിവരും. എന്തുകൊണ്ടാണ് ഇങ്ങനെ ജോലി ചെയ്യേണ്ടിവരുന്നത് എന്നും. വിവിധ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ തിരുത്തിയെഴുതിയെന്നതാണ് ഉറക്കമൊഴിഞ്ഞ് തീര്‍ത്ത ഒരു ജോലി. സിംഗൂരിലും നന്ദിഗ്രാമിലും സ്വകാര്യ വ്യവസായങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലിരുന്ന സി പി എം സര്‍ക്കാര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ വലിയ ജനരോഷത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിന് കുറേക്കൂടി കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കാനും അവര്‍ കൊണ്ടുവന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്തു. ഇതിലൊക്കെ വെള്ളം ചേര്‍ത്ത്, വന്‍കിട കമ്പനികള്‍ക്ക് കര്‍ഷകരുടെയും ഗോത്ര വിഭാഗക്കാരുടെയും ഭൂമി എളുപ്പത്തില്‍ ഏറ്റെടുക്കാന്‍ പാകത്തിലാക്കുന്നതിന് എത്ര രാവും പകലും ജോലി ചെയ്‌തെന്ന് അറിയില്ല. ഓര്‍ഡിനന്‍സായി പ്രാബല്യത്തിലാക്കിയ നിയമഭേദഗതി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാന്‍ ശ്രമിച്ചത് വിശ്രമമില്ലാതെ തന്നെയാണ്! പാര്‍ലിമെന്റിന്റെ അടുത്ത സമ്മേളനത്തിലും വിശ്രമമില്ലാതെ യത്‌നിക്കേണ്ടിവരും.


രാപ്പകലില്ലാതെ വിയര്‍പ്പൊഴുക്കേണ്ടിവരുന്നതിന് മറ്റുകാരണങ്ങളുമുണ്ട്. ഒരു വര്‍ഷം മുമ്പ് മന്ത്രിസഭയുണ്ടാക്കിയപ്പോള്‍, തനിക്കൊപ്പം നില്‍ക്കാനിടയുണ്ടെന്ന് തോന്നിയവരെ പ്രായാധിക്യം ചൂണ്ടിക്കാട്ടി മാറ്റിനിര്‍ത്തിയതാണ് ഒന്ന്. മന്ത്രിമാരുടെ വകുപ്പ് വിഭജിച്ചപ്പോള്‍ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള സര്‍വ അവകാശവും പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാക്കിയതാണ് രണ്ടാമത്തെ കാരണം. ഓരോ വകുപ്പിലും നടക്കേണ്ട കാര്യങ്ങളന്തൊക്കെയെന്ന് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥരുടെ സംഘമുണ്ടാക്കുകയും അവയോട് പ്രധാനമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്താല്‍ വിശ്രമിക്കാന്‍ സമയം കിട്ടുന്നതെവിടെ? സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാതെ, കാര്യങ്ങളെല്ലാം 'ഞാന്‍' തീരുമാനിക്കുമെന്ന ഏകാധിപതിയുടെ മനോഭാവം കാണിക്കുന്ന നേതാവിന് വിശ്രമിക്കനാകില്ല.


തീരുമാനമെടുക്കാനുള്ള ഫയലുകള്‍ കുന്നുകൂടുകയും അത് തീര്‍ക്കാന്‍ രാപകല്‍ പാടുപെടുകയും ചെയ്യേണ്ടിവരുന്നത് കൊണ്ടുമാത്രമല്ല വിശ്രമം അന്യമാകുന്നത്. സഹപ്രവര്‍ത്തകരില്‍ ആരെങ്കിലും 'എന്റെ' നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ടിവരുന്നതുകൊണ്ടുകൂടിയാണ്. വിശ്രമമോ സ്വസ്ഥമായ ഉറക്കമോ ഒരു ഏകാധിപതിക്കും ആഗ്രഹിക്കാവതല്ല, കിടപ്പുമുറിക്ക് കാവല്‍ നില്‍ക്കുന്നവന്‍ താക്കോല്‍പ്പഴുതിലൂടെ രഹസ്യം ചോര്‍ത്തുമോ എന്ന വേവലാതിയില്‍ വേവാനേ വിധിയുള്ളൂ.
'എന്റെ' വാഗ്ദാനങ്ങള്‍ 'ഞാന്‍' നടപ്പാക്കുന്നില്ലേ? എന്ന് ചോദ്യം ആത്മവിശ്വാസമില്ലാത്ത ഭരണാധികാരിയുടെ/നേതാവിന്റെ നാവില്‍ നിന്നേ ഉദിക്കൂ. 'സ്വച്ഛ ഭാരത്' വാഗ്ദാനമായിരുന്നു, കാമറകള്‍ക്ക് മുന്നിലെ തെരുവടിച്ചുവാരലല്ലാതെ മറ്റെന്തെങ്കിലും നടന്നതായി വിവരമില്ല.  പാര്‍ലമെന്റംഗങ്ങള്‍ ഓരോ ഗ്രാമം ദത്തെടുക്കണമെന്ന് നിര്‍ദേശം വെച്ചു, അവിടെ നടപ്പാക്കേണ്ട കാര്യങ്ങള്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് എം പിമാര്‍ ഗ്രാമങ്ങള്‍ ദത്തെടുത്തുവെങ്കിലും പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി അറിവില്ല.


'മേക്ക് ഇന്‍ ഇന്ത്യ'യാണ് മറ്റൊന്ന്. ഈ മുദ്രാവാക്യവുമായി ലോകപര്യടനം തുടരുന്നുവെങ്കിലും എന്തെങ്കിലും നടന്നതായി വിവരമില്ല. എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടെങ്കില്‍ അത് അദാനിക്കും അംബാനിക്കും മിത്തലിനുമൊക്കെയാണ്. മോദി ആസ്‌ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ കല്‍ക്കരി ഖനനം ചെയ്യാന്‍ അദാനി ഗ്രൂപ്പിന് അനുവാദം കിട്ടി. അതിലേക്ക് മുതല്‍മുടക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 6,400 കോടി രൂപ വായ്പ അദാനിക്ക് ലഭ്യമാക്കിക്കൊടുത്തു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വിയര്‍പ്പൊഴുക്കിയതിന് തെളിവ് വേറെന്ത് വേണം!


വിദേശ പര്യടനങ്ങളില്‍ സര്‍ക്കാര്‍ സംഘത്തിന്റെ ഭാഗമായും അല്ലാതെയും വ്യവസായികളെ കൊണ്ടുപോകുന്നതിന് രാപകലില്ലാതെ പ്രയത്‌നിക്കേണ്ടിവന്നിട്ടുണ്ട്. ചൈനയുടെ ബാങ്കില്‍ നിന്ന് അദാനി ഗ്രൂപ്പിനും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലിനും വായ്പ നേടിക്കൊടുക്കാനായത് വാഗ്ദാനങ്ങളുടെ പാലനമല്ലെങ്കില്‍ മറ്റെന്താണ്? യു പി എ സര്‍ക്കാറിന്റെ കാലത്ത് കേരളത്തിലെ വിഴിഞ്ഞം പദ്ധതിയില്‍ ചൈനീസ് കമ്പനി താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ പ്രതിരോധ മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുറമുഖ വികസനത്തില്‍ അദാനി ഗ്രൂപ്പ് ചൈനയിലെ കമ്പനിയുമായി മോദിയുടെ കാര്‍മികത്വത്തില്‍ ധാരണാപത്രത്തിലൊപ്പിടുമ്പോള്‍ വിഴിഞ്ഞം പ്രാവര്‍ത്തികമാകുന്നതിനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇത് വാഗ്ദാനപാലനമല്ലെങ്കില്‍ മറ്റെന്താണ്? രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി യു പി എ സര്‍ക്കാറിന്റെ കാലത്ത് ചൈനീസ് കമ്പനിയെ മാറ്റി നിര്‍ത്തിയെങ്കില്‍ അവരെക്കൂടി ഉള്‍ക്കൊള്ളിച്ച് രാജ്യ വികസനം ഉറപ്പാക്കാന്‍ മോദി ശ്രമിക്കുന്നു. ഇതിലപ്പുറം എന്തധ്വാനമാണ് ഒരു പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്?


ഇതിന് മുമ്പ് നടത്തിയ പര്യടനത്തില്‍ കാനഡയില്‍ പോയത് ഏവര്‍ക്കും ഓര്‍മയുണ്ടാകുമല്ലോ? ഇന്ത്യക്ക് അഞ്ച് വര്‍ഷത്തേക്ക് യുറേനിയം നല്‍കാന്‍ കാനഡയെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ആ യാത്ര കൊണ്ട് സാധിച്ചു. യു പി എ സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദ്, കാനഡ സന്ദര്‍ശിച്ച് അവിടുത്തെ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് ഇന്ത്യക്ക് യുറേനിയം ലഭ്യമാക്കുന്നതിന് കരാറുണ്ടാക്കിയിരുന്നു. അതേകാര്യം കാനഡയുടെ പ്രധാനമന്ത്രിയെക്കൊണ്ട് ആവര്‍ത്തിപ്പിക്കാന്‍ 'എന്റെ' സന്ദര്‍ശനത്തിലൂടെ സാധിച്ചത്, ചെറിയ കാര്യമല്ല തന്നെ. യുറേനിയം സുലഭമായി ലഭിക്കുന്നതോടെ ഊര്‍ജോത്പാദനം വര്‍ധിക്കും. അങ്ങനെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ജനങ്ങള്‍ക്ക് വിതരണംചെയ്ത് റിലയന്‍സും ടാറ്റയും അദാനിയുമൊക്കെ ലാഭമുണ്ടാക്കും. ഇത് വാഗ്ദാനം പാലിക്കലല്ലാതെ മറ്റെന്താണ്? വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍, 2003ല്‍ വാജ്പയി സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്ന് ലാഭകേന്ദ്രങ്ങളായി വൈദ്യുതി മേഖലയെ മാറ്റുക എന്ന ഉദ്ദേശ്യം നടപ്പാക്കുക കൂടിയാണ്. നടക്കാതിരുന്ന കാര്യം നടത്തുകയാണ്.


നിയമങ്ങളില്‍ വേണ്ട മാറ്റം വരുത്തി തൊഴിലാളികളുടെ ശേഷിക്കുന്ന അവകാശങ്ങള്‍ കൂടി പരിമിതപ്പെടുത്തി, വന്‍കിടക്കാരുള്‍പ്പെടെ കമ്പനി ഉടമകള്‍ക്ക് വേണ്ട സഹായം ചെയ്യുമ്പോഴും ഇതുവരെ നടക്കാതെ പോയത് ചിലത് നടപ്പാക്കുകയാണ് പ്രധാനമന്ത്രി. അതിനായി അദ്ദേഹമൊഴുക്കിയ വിയര്‍പ്പിന്റെ വില, രാജ്യത്തിപ്പോഴുമുള്ള 'അപൂര്‍വം' കൂലിവേലക്കാര്‍ക്ക് പോലും മനസ്സിലാകാന്‍ ഇടയില്ല. എന്തിന് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും മനസ്സിലാകുന്നുണ്ടോ? അങ്ങനെ മനസ്സിലായെങ്കില്‍ ഒന്നാം വാര്‍ഷികമടുക്കുമ്പോള്‍ സാമ്പത്തിക മേഖല ഭദ്രമാക്കാന്‍ എന്തു ചെയ്തുവെന്ന് അരുണ്‍ ഷൂരിയെപ്പോലുള്ളവര്‍ ചോദിക്കുമോ? മനസ്സിലാകാത്തവര്‍ ഏറെയുണ്ടെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് 'ഞാന്‍' രാപ്പകല്‍ ജോലി ചെയ്യുകയാണ്, 'ഞാന്‍' അവധിയെടുക്കാറുണ്ടോ? എന്നൊക്കെ പറയേണ്ടി വരുന്നത്. സംഘ് പരിവാര്‍ സംഘടകളും അവരുടെ നേതാക്കളായ പാര്‍ലിമെന്റംഗങ്ങളും വര്‍ഗീയ വിദ്വേഷം വളര്‍ത്തും വിധത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മൗനം പാലിക്കുന്നതിന് വേണ്ട അധ്വാനമോ?
ഷാങ്ഹായില്‍ ചോദിച്ചതില്‍ ഏറ്റം ശ്രദ്ധിക്കേണ്ടത് 'ഞാന്‍ അവധിയെടുത്തിട്ടുണ്ടോ?' എന്ന ചോദ്യമാണ്. അവധിയെടുത്ത രാഹുല്‍ ഗാന്ധി മടങ്ങിവന്നതിന് ശേഷം നേടിയ മാധ്യമശ്രദ്ധ 'എന്നെ' തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത് എന്നതാണ് അതിന്റെ അര്‍ഥം. എതിരാളികള്‍ ഉണ്ടാകുന്നുവെന്ന് നരേന്ദ്ര മോദി തിരിച്ചറിയുന്നു. അതിന്റെ പ്രതിഫലനം കൂടിയാണ് ഈ പറച്ചിലുകള്‍.

No comments:

Post a Comment