2015-08-20

20,000/17=1176.47


മൊത്ത വ്യാപാര വിലയെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്ക്, ഒമ്പത് മാസമായി പൂജ്യത്തിന് താഴെയാണ്. ജൂലൈയിലെ കണക്കനുസരിച്ച് പൂജ്യത്തിന് താഴെ നാല് ദശാംശം പൂജ്യം അഞ്ചാണ് നിരക്ക്. സര്‍വകാല റെക്കോര്‍ഡ്. ഇതിന് ആനുപാതികമായല്ലെങ്കിലും ചില്ലറ വില്‍പ്പന വില (ഉപഭോക്താവ് വാങ്ങുന്ന വില) യെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്കും കുറഞ്ഞിട്ടുണ്ട്. മൂന്ന് ദശാംശം ഏഴ് എട്ട് ശതമാനമാണ് ജൂലൈ മാസത്തെ നിരക്ക്. മൊത്ത വ്യാപാര വിലയെ അധികരിച്ചുള്ള നിരക്ക് ഒമ്പത് മാസമായി പൂജ്യത്തിന് താഴെ നില്‍ക്കുമ്പോഴും അതനുസരിച്ചുള്ള താഴ്ച ഉപഭോക്തൃ വിലസൂചികയുമായി ബന്ധപ്പെട്ട നിരക്കിലുണ്ടായിട്ടില്ല. ജൂലൈയില്‍ നിരക്ക് 3.78 ശതമാനമായെന്നത് ആശ്വാസകരമാണ്. ധനവിനിയോഗ നയത്തില്‍ ഇതിനെ ആധാരമാക്കിയുള്ള മാറ്റം റിസര്‍വ് ബേങ്ക് വരുത്തുമെന്നും ഇത് ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ഉതകുമെന്നും വ്യവസായ സമൂഹം പ്രതീക്ഷിക്കുന്നുമുണ്ട്.


മൊത്ത വ്യാപാര പിലയെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്ക് പൂജ്യത്തിന് താഴെ തുടരുന്നതിന്റെ ഗുണം പ്രധാനമായും വന്‍തോതില്‍ ഉത്പന്നങ്ങള്‍ സംഭരിക്കുന്നവര്‍ക്കാണ്. കാര്‍ഷികോത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് സംഭരിക്കാന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് സാധിക്കുന്നുവെന്ന്  വന്നാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ വില മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് അര്‍ഥം. ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര വ്യാപാര കരാറുകള്‍ കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിയാന്‍ കാരണമായിട്ടുണ്ട്. ഉത്പന്നങ്ങള്‍ സംഭരിച്ച് സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ വ്യാപകമായില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന വിലക്ക് കൈമാറുക മാത്രമേ കരണീയമായുള്ളൂ. ഇതും കര്‍ഷകന് ന്യായ വില കിട്ടുന്നതിന് തടസ്സമായുണ്ട്. ഉത്പാദനച്ചെലവില്‍ വലിയ കുറവില്ലാതിരിക്കുകയും ഉത്പന്ന വില കുറയുകയും ചെയ്യുമ്പോള്‍ കര്‍ഷകന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരും. അതുകൊണ്ടാണ് സ്വാതന്ത്ര്യദിനത്തില്‍ ആത്മാഹുതി ചെയ്യാന്‍ അനുവാദം തേടി 25,000 കര്‍ഷകര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.


രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലുമൊക്കെ കര്‍ഷക ആത്മഹത്യകള്‍ തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിളകള്‍ക്ക് ന്യായമായ സംഭരണവില ഉറപ്പാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍  പിന്നാക്കം പോകുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിലയിലധികം നല്‍കാന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍, അധിക ബാധ്യത മുഴുവനായി സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന കേന്ദ്ര നിര്‍ദേശമാണ് സംസ്ഥാനങ്ങളെ പിന്നാക്കം നിര്‍ത്തുന്ന പ്രധാന ഘടകം.


വിളകളുള്‍പ്പെടെ ഉത്പന്നങ്ങളുടെ വില കുറയുന്നതിന്റെ പ്രയോജനം, പ്രധാനമായും മൊത്തവ്യാപാര രംഗത്തെ കൈയടക്കുന്ന വന്‍കിട കമ്പനികള്‍ക്കാണ്. റിലയന്‍സ്, ബിര്‍ള, ടാറ്റ തൂടങ്ങിയ വന്‍കിട കമ്പനികളാണ് ഈ മേഖലയില്‍ വ്യവഹരിക്കുന്ന പ്രധാനികള്‍. അവരൊക്കെ ഭൂമി വലിയതോതില്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നുമുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ നടത്തുന്ന പാട്ടക്കൃഷിയെ, ഉത്പന്നങ്ങളുടെ വിലയിടിവ് ബാധിക്കില്ല. ചെറുകിട, നാമമാത്ര കര്‍ഷകരെയാണ് അത് തകര്‍ക്കുക. ചുരുക്കത്തില്‍ കര്‍ഷകരെ ദുരിതത്തിലേക്കും ആത്മാഹുതിയിലേക്കും തള്ളിവിടുകയും വന്‍കിട കമ്പനികള്‍ക്ക് ലാഭമെടുക്കുകയും ചെയ്യാവുന്ന സാഹചര്യം നിലനില്‍ക്കുന്നു. ശീതീകരണ സംവിധാനമുള്ള വലിയ സംഭരണികള്‍ വന്‍കിട കമ്പനികള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നതിനാല്‍ ഉത്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് ചില്ലറ വിപണിയില്‍ വില വര്‍ധിപ്പിക്കാനും സാധിക്കും. അതുകൊണ്ടാണ് മൊത്ത വ്യാപാര വിലയെ അധികരിച്ചുള്ള പണപ്പെരുപ്പ നിരക്ക് ഒമ്പത് മാസമായി പൂജ്യത്തിന് താഴെയായി തുടരുമ്പോഴും അതിന് ആനുപാതികമായ കുറവ് ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കുന്ന പണപ്പെരുപ്പ നിരക്കില്‍ ഉണ്ടാകാത്തത്.


സ്ഥിതി ഇതായിരിക്കെയാണ് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം കര്‍ഷകര്‍ക്ക് യൂറിയ സുലഭമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. ആര്യവേപ്പിന്റെ ഇല ചേര്‍ത്ത യൂറിയ മിശ്രിതം മാത്രമേ വിതരണം ചെയ്യാവൂ എന്നും പ്രഖ്യാപിച്ചു. ഇതിന് പകരം മറ്റ് പൊടികള്‍ കൊണ്ടുവന്ന് തരുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിളകള്‍ക്ക് വിലയില്ലാതെ, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് യൂറിയ കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ടാകുമോ? സംഭരണവില കാലാനുസൃതമായി പുതുക്കി, കുത്തക കമ്പനികള്‍ കുറഞ്ഞവിലക്ക് ഉത്പന്നങ്ങള്‍ വാങ്ങിയെടുക്കുന്ന അവസ്ഥ മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഉത്പന്നങ്ങള്‍ പൂഴ്ത്തിവെച്ച് ചില്ലറ വിപണിയില്‍ വിലക്കയറ്റമുണ്ടാക്കുന്ന വന്‍കിട കമ്പനികളെ നിയന്ത്രിക്കുകയും വേണം. ഇതിനെന്തെങ്കിലും ചെയ്യും നരേന്ദ്ര മോദി എന്ന് പ്രതീക്ഷിക്ക വയ്യ. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന കവല പ്രസംഗത്തിന്റെ വിലയേ കല്‍പ്പിക്കേണ്ടതുള്ളൂ.


കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ പ്രഖ്യാപിച്ച സാധാരണക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന 'ജന്‍ ധന്‍ യോജന'യുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി ഇക്കുറി വളരെ നേരം സംസാരിച്ചു. 17 കോടി ആളുകള്‍ ഇത് പ്രകാരം അക്കൗണ്ട് തുറന്നുവെന്നും ഇതിലേക്കായി 20,000 കോടി നിക്ഷേപമെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പാവപ്പെട്ടവരെയാകെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ തുടക്കമാണിതെന്നും പറഞ്ഞുവെച്ചു. വിളയ്ക്ക് വിലയില്ലാതെ കഷ്ടപ്പെടുന്ന കര്‍ഷകന് ബാങ്ക് അക്കൗണ്ടു കൊണ്ട് പ്രയോജനമുണ്ടോ? 17 കോടിയാളുകള്‍ അക്കൗണ്ട് എടുത്തു. അതിലെല്ലാം കൂടി 20,000 കോടി നിക്ഷേപമെത്തിയെന്ന് പറഞ്ഞാല്‍, ബാലന്‍സ് വെക്കേണ്ടാത്ത അക്കൗണ്ടുകളെടുത്തയാളുകള്‍ ശരാശരി നിക്ഷേപിച്ചിട്ടുണ്ടാകുക ആയിരത്തി ഒരുനൂറ്റി എഴുപത്തിയാറ് രൂപ അമ്പത് പൈസയായിരിക്കും. വര്‍ഷത്തില്‍ ആയിരത്തിയഞ്ഞൂറ് രൂപ പോലും സമ്പാദിക്കനാകാത്ത 17 കോടി പേരെങ്കിലും 'ഞാന്‍' ഭരിക്കുന്ന രാജ്യത്തുണ്ടെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ 'ഈ ത്രിവര്‍ണ പതാകക്ക് താഴെ നിന്ന്, ഈ ചെങ്കോട്ടയുടെ പാരമ്പര്യത്തെ സാക്ഷിയാക്കി' പ്രഖ്യാപിക്കുകയും അതൊരു നേട്ടമാണെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി മറ്റെങ്ങുമുണ്ടാകാന്‍ ഇടയില്ല. ബാങ്ക് അക്കൗണ്ടുകളുണ്ടാകുന്നതു കൊണ്ടായില്ല, അതില്‍ സൂക്ഷിക്കാനും ആവശ്യത്തിന് കൈമാറ്റം ചെയ്യാനും പണം കൈവശമുണ്ടാകണം. അതിനുള്ള മാര്‍ഗങ്ങളെന്തെങ്കിലും 'ഞാന്‍' നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടോ?


വര്‍ഷത്തില്‍ ആയിരത്തിയഞ്ഞൂറ് രൂപ തികച്ച് സമ്പാദിക്കാന്‍ ത്രാണിയില്ലാത്ത കോടിക്കണക്കിനാളുകള്‍ വസിക്കുന്ന രാജ്യത്ത് സഹസ്ര കോടികളുടെ കടം തിരിച്ചടക്കാതെ, സര്‍ക്കാറിന്റെ ഉദാരസഹായം സ്വീകരിച്ച് കോടികള്‍ ലാഭമെടുക്കുന്ന നിരവധി പേരുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലെ സന്തത സഹചാരി ഗൗതം അദാനി മാത്രം മതി ഉദാഹരണത്തിന്. കമ്പനി രജിസ്ട്രാറുടെ പക്കലുള്ള കണക്ക് പ്രകാരം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആകെ കടം, 2014-15ല്‍ 19,264 കോടി രൂപയാണ്. 17 കോടി ആളുകള്‍ ആകെയുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന് ഏതാനും കോടി രൂപ മാത്രം കുറവ്. ഇത്രയും കടമുണ്ടായിരിക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കൂട്ടായ്മയുണ്ടാക്കി 15,000 കോടി രൂപ കൂടി അദാനി ഗ്രൂപ്പിന് ലഭ്യമാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.


കുടിശ്ശികയായ വിദ്യാഭ്യാസ വായ്പകളൊക്കെ, കുറഞ്ഞ തുകക്ക് റിലയന്‍സിന് വില്‍ക്കാന്‍ തീരുമാനിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ് വലിയ കടം കുടിശ്ശികയായി നില്‍ക്കെ അദാനി ഗ്രൂപ്പിന് വീണ്ടും കടം കൊടുക്കാന്‍ തയ്യാറെടുക്കുന്നത്. ഇത് ബാങ്കുകള്‍ സ്വമേധയാ തീരുമാനിച്ചതാണെന്ന് വിശ്വസിക്കുക പ്രയാസം. ഇവര്‍ക്കൊക്കെ ആവര്‍ത്തിച്ച് കടം കൊടുക്കാനുള്ള പണം ബാങ്കുകളുടെ പക്കല്‍ ഉറപ്പാക്കുക എന്ന ദൗത്യം കൂടി പാവപ്പെട്ടവരെ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള 'ജന്‍ ധന്‍ യോജന' വഴി മോദി നിര്‍വഹിക്കുന്നുണ്ടെന്ന് ചുരുക്കം. അദാനിമാര്‍ക്ക് പണം സുലഭമാക്കാന്‍ പാകത്തില്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിക്കൊടുക്കുന്നത് അഴിമതിയാണെങ്കില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷവും അഴിമതി അനുസ്യൂതമാണ്. അതുകൊണ്ട് തന്നെ 'എന്റെ സര്‍ക്കാറിനു നേര്‍ക്ക് ഒരു നയാ പൈസയുടെ അഴിമതി ആരോപണം പോലുമുണ്ടായിട്ടില്ല' എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് അര്‍ഥവുമില്ല.


യു പി എ സര്‍ക്കാറിന്റെ കാലത്തു നടന്ന സ്‌പെക്ട്രം, കല്‍ക്കരി ഇടപാടുകളാണ് ഇപ്പോഴും നരേന്ദ്ര മോദിക്ക് ആയുധം. അക്കാലത്തു തന്നെ നടന്ന, കൃഷ്ണ - ഗോദാവരി ബേസിനിലെ എണ്ണപ്പാടം റിലയന്‍സിന് തീറെഴുതിയ കരാറും അതേക്കുറിച്ചുയര്‍ന്ന ആരോപണവും മോദി സര്‍ക്കാറിന് മുന്നിലുണ്ട്. 15 മാസത്തിനിടെ, പ്രകൃതി വാതക വില വര്‍ധിപ്പിച്ച് റിലയന്‍സിന് നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ പലകുറി ഓങ്ങുകയും ചെയ്തു. ഉത്പാദനച്ചെലവ് പെരുപ്പിച്ച് കാട്ടി, വാതക വില കൂട്ടി വാങ്ങുകയായിരുന്നു റിലയന്‍സ് എന്ന് കാണിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് മുന്നിലുണ്ട്. ഈ റിപ്പോര്‍ട്ടിന്‍മേല്‍ ചെറുവിരലു കൊണ്ടൊന്നു തൊടാന്‍ പോലും മോദിയോ സര്‍ക്കാറോ ശ്രമിച്ചിട്ടില്ല. ക്രമക്കേടുകളോട് കണ്ണടക്കുന്നത് അഴിമതിയോ അഴിമതിക്ക് കൂട്ടുനില്‍ക്കലോ ആണെങ്കില്‍ 'നയാ പൈസയുടെ ആരോപണ' മില്ലെന്ന വാദം മുഖവിലക്കെടുക്കാനാകില്ല. കവല പ്രസംഗത്തിന് മാറ്റുകൂട്ടാനേ ഇത്തരം പ്രയോഗങ്ങള്‍ സഹായിക്കൂ.


വിദേശത്തെ ബാങ്കുകളില്‍ കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് മാത്രമല്ല, അത് സൂക്ഷിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം. കള്ളപ്പണം വെളിപ്പെടുത്തി, ചുങ്കമൊടുക്കാനുള്ള അവസരമുണ്ടാക്കുമ്പോള്‍ നിയമ വിധേയമല്ലാതെ സമ്പാദിച്ച പണത്തെ വെളുപ്പിച്ച് സൂക്ഷിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കള്ളപ്പണം ഏത് മാര്‍ഗത്തിലൂടെ സമ്പാദിച്ചതാണ്? അതിനായി എന്തൊക്കെ നിയമങ്ങള്‍ ലംഘിച്ചുവെന്നൊക്കെ അന്വേഷിച്ച്, കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കേണ്ട സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ അതും അഴിമതിയാണ്. ഇപ്പറഞ്ഞതൊക്കെ കോടികള്‍ മറിയുന്ന/മറിഞ്ഞ ഇടപാടുകളാണ്. അതിനൊക്കെ അരുനില്‍ക്കുമ്പോള്‍ ആരുമറിയാതെ മറിയുന്നത് 'നയാ പൈസ'യാകാന്‍ ഇടയില്ല. അതിന്റെ കഥകള്‍ പുറത്തേക്ക് വരണമെങ്കില്‍ കുറച്ച് സമയമെടുക്കും. ലോകായുക്തയെ നിയോഗിക്കാതെ, സി എ ജി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കേണ്ട നിയമസഭാ സമിതികളെ നിര്‍ജീവമാക്കി ഗുജറാത്തിലുയര്‍ന്ന ആരോപണങ്ങളെയൊക്കെ തമസ്‌കരിച്ച മാതൃക ഡല്‍ഹിയില്‍ പകര്‍ത്താനുള്ള ത്രാണി തത്കാലം നരേന്ദ്ര മോദിക്കില്ല. അതുണ്ടാകുക അത്ര എളുപ്പവുമല്ല. അതുകൊണ്ടു തന്നെ വരുംകാലത്തെ പ്രഭാഷണങ്ങളിലൊക്കെ കൂടുതല്‍ വിയര്‍ക്കാനാണ് സാധ്യത.

മൊത്തവിലയും വിപണിവിലയും താരതമ്യം ചെയ്യുന്ന കര്‍ഷകരും വര്‍ഷത്തില്‍ 1500 രുപ പോലും സമ്പാദിക്കാന്‍ ശേഷിയില്ലാത്ത ജന്‍ധന്‍ അക്കൗണ്ടുകാരും കൂടുതല്‍ വിയര്‍പ്പിക്കുകയും ചെയ്യും. അതായിരിക്കും യഥാര്‍ഥ സ്റ്റാന്‍ഡ് അപ്പ്.

No comments:

Post a Comment