2015-10-19

'സംശുദ്ധി'ക്ക് ചില തെളിവുകള്‍


പ്രിയപ്പെട്ട നരേന്ദ്രഭായ്,
ഞാന്‍ നേരത്തെ അയച്ച കരട് ദയവായി അവഗണിക്കുക.
ഞാന്‍ ഇന്നലെ പറഞ്ഞത് പോലെ പുതിയ കരട് അയക്കുന്നു. ചില നിര്‍ദേശങ്ങള്‍ ഇവയാണ്.
*ഭാഷ മെച്ചപ്പെടുത്തണം.
*ആവര്‍ത്തനം ഒഴിവാക്കണം, ചില ആവര്‍ത്തനങ്ങള്‍ അനിവാര്യമാണെങ്കിലും.
*എല്ലാറ്റിലെയും വസ്തുതകള്‍ പരിശോധിച്ച് ഉറപ്പാക്കണം ....
*32-ാം ഖണ്ഡികയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ അമിത് ഭായ് തരണം.
*അവസാന ഖണ്ഡികയുടെ കരട് ഞാന്‍ തയ്യാറാക്കാം ....


2010 മാര്‍ച്ച് 30ന് എസ് ഗുരുമൂര്‍ത്തി, നരേന്ദ്ര മോദിക്ക് അയച്ച ഇ മെയിലിന്റെ ഉള്ളടക്കമാണിത്. അമിത് ഷാ, രാം ജെത്മലാനി, മഹേഷ് ജെത്മലാനി എന്നിവര്‍ക്കും ഗുരുമൂര്‍ത്തി ഈ വിഷയത്തില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഗുജറാത്തില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്ന തുഷാര്‍ മേഹ്ത, സംഘ സൈദ്ധാന്തികനായി അറിയപ്പെടുന്ന എസ് ഗുരുമൂര്‍ത്തിക്ക് അയച്ച സന്ദേശങ്ങളുടെ തുടര്‍ച്ചയാണ് ഈ മെയിലുകള്‍.


2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അരങ്ങേറിയ ഒമ്പത് കൊടും ക്രൂരതകളെക്കുറിച്ച് സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുകയും ചെയ്ത കാലത്താണ് ഇതൊക്കെ നടക്കുന്നത്.


ഗുജറാത്ത് സര്‍ക്കാറില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന വിജയ് ബധേക, തുഷാര്‍ മേത്തക്ക് അയച്ച ഒരു മെയില്‍ കൂടി പരിശോധിക്കാം. ഈ മെയില്‍ ഗുരുമൂര്‍ത്തിക്ക് തുഷാര്‍ മേത്ത കൈമാറുകയും ചെയ്തിട്ടുണ്ട്.

സര്‍,
ഒമ്പത് വലിയ കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ട് ഇതിനൊപ്പമുണ്ട്. വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അയക്കുന്നത്. ഒമ്പത് കേസുകളിലെയും കുറ്റപത്രത്തിന്റെ വിശദാംശങ്ങളും മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കും ഇതിനൊപ്പമുണ്ട്.


ഗുജറാത്തില്‍ നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസുകള്‍ അട്ടിമറിക്കാന്‍ ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ അമിത് ഷാ ശ്രമിക്കുന്നുവെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുഷാര്‍ മേത്തയുടെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നതുള്‍പ്പെടെ രണ്ട് കേസുകള്‍ സഞ്ജീവ് ഭട്ടിനെതിരെ നിലവിലുണ്ട്. അതിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഈ കേസുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കി. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സി ബി ഐയില്‍ നിന്ന് സ്വതന്ത്ര അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും അതിനാല്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാണ് പുതുതായി ആവശ്യപ്പെട്ടത്. രണ്ട് ആവശ്യങ്ങളും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് തള്ളിക്കളഞ്ഞു.


ഹരജി തള്ളിക്കൊണ്ട് സഞ്ജീവ് ഭട്ടിന്റെ കാര്യത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളാണ് മേല്‍ ഉദ്ധരിച്ചതടക്കം, തുഷാര്‍ മേത്തയും ഗുരുമൂര്‍ത്തിയും അമിത് ഷാക്കും നരേന്ദ്ര മോദിക്കും ജെത്മലാനിമാര്‍ക്കും അയക്കുകയും മറുപടി സ്വീകരിക്കുകയും ചെയ്ത നിരവധിയായ ഇ മെയിലുകള്‍ പ്രസക്തമാകുന്നത്. ശുദ്ധമായ കൈകളോടെയല്ല സഞ്ജീവ് ഭട്ട് കോടതിയെ സമീപിച്ചത് എന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു. എതിര്‍രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായും സര്‍ക്കാറിതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുമായും സഞ്ജീവ് ഭട്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. സര്‍ക്കാറിതര സംഘടനകള്‍, സഞ്ജീവ് ഭട്ടിനെ പഠിപ്പിച്ചുവിട്ടിരിക്കുന്നു. വസ്തുതകള്‍ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതായിരുന്നു. സഞ്ജീവ് ഭട്ട് അയച്ച ഇ മെയില്‍ സന്ദേശങ്ങളെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ കോടതി നടത്തിയത്. സര്‍ക്കാറിനെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്, നര്‍മദ ബചാവോ ആന്ദോളന്റെ നേതാവിന്, മാധ്യമങ്ങള്‍ക്ക് ഒക്കെ സഞ്ജീവ് അയച്ച മെയിലുകളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഹാജരാക്കിയത്.


സഞ്ജീവ് ഭട്ടിന്റെ മെയിലുകള്‍ സര്‍ക്കാര്‍ എങ്ങനെ കൈവശപ്പെടുത്തി എന്നറിയില്ല. ഹാക്ക് ചെയ്തതാകാം. ഐ പി എസ് ഉദ്യോഗസ്ഥനയക്കുന്ന (പുറത്താക്കപ്പെട്ടത് ഇപ്പോഴാണല്ലോ) മെയിലുകളെല്ലാം സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടോ എന്ന് അറിയില്ല. ഉദ്യോഗസ്ഥരയക്കുന്ന മെയിലുകളുടെയെല്ലാം (അത് വ്യക്തിപരമാണെങ്കില്‍ കൂടി) പകര്‍പ്പ് സര്‍ക്കാറിന് വെക്കണമോ എന്ന വ്യവസ്ഥ ഗുജറാത്തിലുണ്ടോ എന്നും അറിയില്ല. എന്തായാലും സര്‍ക്കാര്‍ ഹാജരാക്കിയ വിവരങ്ങളില്‍ പരമോന്നത നീതിപീഠത്തിലെ പരമോന്നത ന്യായാധിപര്‍ക്ക് സംശയമേതുമുണ്ടായില്ല. തുഷാര്‍ മേത്തയുടെ ഇ മെയിലുകളുടെ കാര്യത്തില്‍ സന്ദേഹമൊന്നും കോടതിക്കില്ല തന്നെ.


മേത്തയെ അനാവശ്യമായി തര്‍ക്കത്തിലേക്ക് വലിച്ചിഴക്കുകയാണ്. അമിത് ഷായുടെ അഭിഭാഷകരുമായി കുറ്റകരമായ ബന്ധം തുഷാറിനുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കണ്‍വീനര്‍ കുടിയായ എസ് ഗുരുമൂര്‍ത്തിയില്‍ നിന്ന് തുഷാര്‍ മേത്ത ഉപദേശം തേടിയത് നീതി നിര്‍വഹണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് കേസ് നടത്തേണ്ടത് ഗുജറാത്ത് സര്‍ക്കാറാണ്. വംശഹത്യക്ക് അധ്യക്ഷത വഹിച്ച ഭരണകൂടം തന്നെ ഇരകളുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്ന വൈരുദ്ധ്യം ഉണ്ടെങ്കിലും.


സര്‍ക്കാറിന്റെ ഭാഗമായി നിന്ന് കേസുകള്‍, പരാതിക്കാരന്റെ ഭാഗത്തുനിന്ന് നടത്തേണ്ടയാളാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, അമിത് ഷാ ആഭ്യന്തര വകുപ്പിന്റെ സഹമന്ത്രിയായിരിക്കെ ആരോപണമുണ്ടായിരുന്നു. അത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയതു കൊണ്ടാണല്ലോ ഒമ്പത് കേസുകളുടെ അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കാന്‍ സുപ്രീം കോടതി തന്നെ തീരുമാനിച്ചത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയും തെളിവുകള്‍ നശിപ്പിച്ചും കേസുകള്‍ അട്ടമറിക്കുന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ സാഹിറ ശൈഖിന്റെയും ബില്‍ക്കിസ് ബാനുവിന്റെയും കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തെ കോടതികളിലേക്ക് മാറ്റിയത്. ഇതൊക്കെ മുന്നില്‍ നില്‍ക്കെ എസ് ഗുരുമൂര്‍ത്തിയില്‍ നിന്ന് ഉപദേശം തേടാനും കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകളുടെ കരട് തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാനും തുഷാര്‍ മേത്ത തയ്യാറായതില്‍ അപാകമൊന്നുമില്ലെന്നാണ് പരമോന്നത കോടതിക്ക് തോന്നുന്നതെങ്കില്‍, അതില്‍പ്പരം ശുംഭത്തരം (എം വി ജയരാജന് കടപ്പാട്) ഇല്ല തന്നെ. ഇന്ത്യന്‍ യൂനിയനില്‍ നിയമജ്ഞരുടെ കുലം കുറ്റിയറ്റുപോയതു കൊണ്ടാണല്ലോ ഗുരുമൂര്‍ത്തിയില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ തുഷാര്‍ മേത്ത തയ്യറായത്. ഏറ്റവും കുറഞ്ഞത്, ഗുരമൂര്‍ത്തിയെക്കൊണ്ട് കരട് തയ്യാറാക്കിക്കുന്ന ഒരാളെ എന്തിനാണ് ഗുജറാത്ത് സര്‍ക്കാര്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിലനിര്‍ത്തിയത് എന്നെങ്കിലും കോടതിക്ക് ആലോചിക്കാമായിരുന്നു.


വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലൊന്നും നരേന്ദ്ര മോദിയോ അമിത് ഷായോ നേരിട്ട് ആരോപണവിധേയരല്ല. പക്ഷേ, ഭൂരിപക്ഷത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമൊരുക്കുന്നതിന് വേണ്ടി പോലീസ് സേനയെ നിര്‍വീര്യമാക്കി നിര്‍ത്തുന്നതില്‍ നരേന്ദ്ര മോദി പങ്കുവഹിച്ചുവെന്ന ആക്ഷേപം പൊതു മണ്ഡലത്തിലുണ്ട്. നീതി നടപ്പായാല്‍ മാത്രം പോര, നടപ്പായത് നീതിയാണെന്ന് ജനത്തിന് ബോധ്യപ്പെടുകയും വേണമെന്നാണല്ലോ ആപ്തവാക്യം. അങ്ങനെയിരിക്കെ നരേന്ദ്ര മോദിയെയും അമിത് ഷായെയും അറിയിച്ച് തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കോടതികള്‍ നടപ്പാക്കുന്നത് നീതി തന്നെയാണെന്ന് എങ്ങനെ ബോധ്യപ്പെടും. നരോദ പാട്ടിയയിലെ കൂട്ടക്കുരുതിയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ടതാണ് ഗുജറാത്തിലെ മുന്‍ മന്ത്രി മായാ കൊദ്‌നാനി. അവര്‍ക്കു വേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരായത് രാം ജെത്മലാനിയായിരുന്നു. ബി ജെ പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് ജെത്മലാനി. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ രാം ജെത്മലാനിക്ക് പഠിക്കാന്‍ കൊടുക്കുന്നത് തീര്‍ത്തും നിര്‍ദോഷമാണെന്ന് കരുതാനാകുമോ?


രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാറിതര സംഘടനയുടെ പ്രതിനിധിയായ സ്ത്രീ എന്നിവര്‍ക്കൊക്കെയാണ് സഞ്ജീവ് ഭട്ട് മെയില്‍ അയച്ചിരിക്കുന്നത് എന്നാണ് കോടതിയുടെ വാക്കുകളില്‍ തന്നെയുള്ളത്. ടീസ്ത സെതല്‍വാദ്, മൃണാളിനി സാരാഭായ് എന്നിവരെയൊക്കെയാകണം സര്‍ക്കാറിതര സംഘടനയുടെ പ്രതിനിധിയായ സ്ത്രീ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ ഒരാളുടെയെങ്കിലും നിരന്തര ശ്രമമാണ് വംശഹത്യയുമായി ബന്ധപ്പെട്ട ചില കേസുകളിലെങ്കിലും  നീതി നടപ്പാകാന്‍ കാരണമെന്നത് നീതി പീഠം മനഃപൂര്‍വം മറന്നുപോയി.  ഭരണകൂടത്തിന്റെ ഭാഗമായുള്ളവര്‍, അതിലൊരാള്‍ ഇന്ന് ഏകാധിപത്യ സ്വഭാവം കാട്ടിക്കൊണ്ട് രാജ്യത്തെ പരമോന്നത അധികാര കേന്ദ്രത്തിലിരിക്കുന്നു, പ്രത്യേക സംഘം തയ്യാറാക്കിയ കുറ്റപത്രമുള്‍പ്പെടെയുള്ളവ വാക്കാല്‍ നിര്‍ദേശിച്ച് രഹസ്യമായി ചോര്‍ത്തിക്കൊടുക്കുകയും അത് പഠിച്ച് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് കുറ്റകരമായ ഒന്നായി കാണുന്നില്ലെങ്കില്‍, ഭരണത്തിന് പുറത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും സര്‍ക്കാറിതര സംഘടനകളുമായും അവയുടെ അഭിഭാഷകരുമായും വിവരങ്ങള്‍ കൈമാറുന്നത് എങ്ങനെ കുറ്റകരമാകും? അങ്ങനെ ആശയ വിനിമയം നടത്തിയതുകൊണ്ട് എങ്ങനെയാണ് ഒരാളുടെ കൈകള്‍ ശുദ്ധമല്ലാതെയാകുന്നത്?
ന്യായമായ ചില സംശയങ്ങള്‍ക്ക് ഇവിടെ ഇടം കിട്ടുന്നു. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യമെന്നത്, അധികാരം കൈയാളുന്നവരുടെ സ്വാതന്ത്ര്യത്തോട് ബന്ധപ്പെട്ടതാണോ? ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം എന്ന് കഴിഞ്ഞ ദിവസം ഭരണഘടനാ ബഞ്ച് ഭൂരിപക്ഷവിധിയിലൂടെ ഊറ്റം കൊണ്ടത് ഈ സ്വാതന്ത്ര്യത്തെക്കുറിച്ചാണോ?

No comments:

Post a Comment