2016-06-30

ഉറപ്പ് നല്‍കുന്നു, ആത്മാഹുതി!


പ്രതിരോധം, വ്യോമയാനം, മൃഗ സംരക്ഷണം, ഭക്ഷ്യവസ്തുക്കളുടേതുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാരം, വാര്‍ത്താവിതരണ പ്രക്ഷേപണത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, മരുന്ന് നിര്‍മാണം എന്നിവയിലൊക്കെ നൂറ് ശതമാനമോ അതിനടുത്തോ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കമ്പോളത്തിന്റെ അതിരുകള്‍ ഇല്ലാതാക്കിയും തന്ത്രപ്രധാന മേഖലകളിലൊക്കെ വിദേശനിക്ഷേപം അനുവദിച്ച് ഉത്പാദനം വര്‍ധിപ്പിച്ചും രാജ്യത്തെ വികസിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം. സാമ്പത്തിക പരിഷ്‌കാരങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്ന് അധികാരത്തിലേറിയ ഉടന്‍ നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള സുപ്രധാനമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.


വിദേശ നിക്ഷേപമൊഴുകുകയും അതിന് അവസരമൊരുക്കും വിധത്തില്‍ രാജ്യത്തിന്റെ നയ-നിയമ വ്യവസ്ഥകള്‍ മാറുകയും ചെയ്യാതെ വികസനമുണ്ടാകില്ലെന്ന് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അതിനെപ്പിന്തുടര്‍ന്ന് അവരെടുത്ത നടപടികള്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്തുവെന്ന ആക്ഷേപം ശക്തമായി നിലകൊള്ളുകയാണ്. ഇറക്കുമതി ഉദാരമായതോടെ കമ്പോളത്തില്‍ മത്സരിക്കാന്‍ സാധിക്കാതെ രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ കിതക്കുകയോ തളരുകയോ ചെയ്തു. കാര്‍ഷികോത്പന്നങ്ങള്‍ക്ക്, ഉത്പാദനച്ചലവിനൊക്കുന്ന വില ലഭിക്കാതെ കര്‍ഷകര്‍ ആത്മാഹുതിയില്‍ അഭയം പ്രാപിച്ചു. പരുത്തി മുതല്‍ നെല്ല് വരെയും റബ്ബര്‍ മുതല്‍ തേയില വരെയുമുള്ള കാര്‍ഷികോത്പന്നങ്ങളുടെ സ്ഥിതി ഇതാണ്.  രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്ന മേഖലകളിലൊക്കെ വിദേശ കമ്പനികളുടെ സാന്നിധ്യമുണ്ടായതോടെ പൊതുമേഖല എന്നത് സര്‍ക്കാര്‍ ഖജാനക്ക് നഷ്ടമുണ്ടാക്കാന്‍ മാത്രമുള്ള ഒന്നാണെന്ന നില വന്നു.


ഇതിലേറ്റം പ്രധാനം കര്‍ഷക ആത്മഹത്യകളാണ്. മഹാരാഷ്ട്രയിലും ആന്ധ്രയിലും പഞ്ചാബിലുമൊക്കെ കര്‍ഷകര്‍, കടക്കെണിയില്‍ നിന്ന് രക്ഷ നേടാന്‍ ജീവനൊടുക്കല്‍ ഉപാധിയാക്കി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴും കര്‍ഷക ആത്മഹത്യയില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആത്മാഹുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് മാത്രം. അതിനിടയിലാണ് കൂടുതല്‍ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.
പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നേരത്തെ തന്നെ അനുവദനീയമാണ്. 49 ശതമാനമായിരുന്ന പരിധി എടുത്തുകളയുകയാണ് ഇപ്പോള്‍ ചെയ്തത്. 49 ശതമാനം നിക്ഷേപ അനുമതി ഉണ്ടായിരുന്ന കാലത്ത് രാജ്യത്തിന് ഇതുവരെ സ്വായത്തമാകാത്ത അത്യന്താധുനിക സാങ്കേതിക വിദ്യ ലഭ്യമാക്കുകയാണെങ്കില്‍ മാത്രമേ അനുവദിക്കൂ എന്ന വ്യവസ്ഥയുണ്ടായിരുന്നു. പരിധി 100 ശതമാനമാക്കിയപ്പോള്‍ ദേശീയതയോട് അത്രത്തോളം പ്രതിബദ്ധതയുള്ള, രാജ്യത്തോടുള്ള സ്‌നേഹത്തില്‍ കടുകിട വെള്ളം ചേര്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വ്യവസ്ഥ ഒഴിവാക്കിക്കൊടുത്തു.


അമേരിക്കയിലെയും ഇസ്‌റാഈലിലെയും ആയുധ നിര്‍മാണക്കമ്പനികള്‍ക്ക് ഉപാധികളൊന്നും കൂടാതെ ഇന്ത്യന്‍ മണ്ണില്‍ വ്യവസായം തുടങ്ങാമെന്ന് ചുരുക്കം. ആയുധങ്ങള്‍ നിര്‍മിക്കാന്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയുമൊക്കെ കമ്പനികളെത്തിയാല്‍, അവര്‍ നിര്‍മിക്കുന്ന ആയുധങ്ങളും അതിന്റെ ഘടകവസ്തുക്കളും എന്താവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് അറിയാനുള്ള അവകാശം ആ രാജ്യങ്ങള്‍ ആവശ്യപ്പെടും. അതുകൂടി നല്‍കിയാലേ നിക്ഷേപമുണ്ടാകൂ എന്ന വ്യവസ്ഥ മുന്‍കൂറായിത്തന്നെ വെക്കാനുള്ള സാധ്യതയുമുണ്ട്. അതനുവദിക്കപ്പെട്ടാല്‍, ഇത്രയും കാലം 'ഗര്‍വോടെ കാത്തുസൂക്ഷിച്ച' അമേരിക്കയുടെ സാമന്തരാഷ്ട്രമെന്ന പദവിപോലും ഒരുപക്ഷേ, ഇല്ലാതാകും. വരുംകാലത്ത് അമേരിക്കയുടെ അപ്രഖ്യാപിത അടിമ രാഷ്ട്രമായി ഇന്ത്യന്‍ യൂണിയന്‍ മാറിയാല്‍ അത്ഭുതപ്പെടേണ്ട.


ഇതിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മരുന്നുത്പാദന മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെയാണ്. ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു സുപ്രധാന തീരുമാനം കൂടി നരേന്ദ്ര മോദി സര്‍ക്കാറെടുത്തു. ദേശീയതലത്തില്‍ അത് അത്രത്തോളം ശ്രദ്ധിക്കപ്പെട്ടുമില്ല. മരുന്നുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും ഉത്പാദനവും അവകളുടെ പരീക്ഷണവും രാജ്യത്ത് നിയന്ത്രിക്കപ്പെടുന്നത് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ചികിത്സക്ക് വേണ്ടിയുള്ള ഉപകരണങ്ങളുടെ പരീക്ഷണവും ഇതേ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമം കാലോചിതമായി പരിഷ്‌കരിക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 17 ജീവന്‍രക്ഷാ മരുന്നുകളുടെ ഉത്പാദനവും വിപണനവും നിയന്ത്രിക്കാനും പൊതുവില്‍ മരുന്നുകളുടെ നിയന്ത്രണത്തിന് അതോറിറ്റിയുണ്ടാക്കാനും വ്യവസ്ഥകള്‍ ലംഘിച്ചുള്ള മരുന്നുപരീക്ഷണത്തിനുള്ള ശിക്ഷ കര്‍ക്കശമാക്കാനും ഉദ്ദേശിച്ചായിരുന്നു 2013ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച നിയമഭേദഗതി ബില്ല്. ഇതങ്ങ് പിന്‍വലിക്കാന്‍ രാജ്യത്തോടും അതുവഴി ജനങ്ങളോടും അത്രയേറെ സ്‌നേഹമുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു.


ഇന്ത്യയിലെ മരുന്ന് നിര്‍മാണ മേഖല രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് മാത്രമല്ല, വികസ്വര - ദരിദ്ര രാഷ്ട്രങ്ങളിലെ കോടിക്കണക്കായ ജനങ്ങള്‍ക്ക് കൂടി താരതമ്യേന കുറഞ്ഞവിലക്ക് മരുന്നുകളെത്തിക്കുന്നുണ്ട്. അവിടേക്ക് കൂടുതല്‍ നിക്ഷേപമിറക്കാനൊരുങ്ങുന്ന വിദേശ കമ്പനികള്‍ക്ക് (കൂടുതലും അമേരിക്കന്‍ കമ്പനികള്‍) ഉത്പാദനത്തിലും വിപണനത്തിലും നിയന്ത്രണങ്ങള്‍ സ്വീകാര്യമല്ല. അത്തരം നിയന്ത്രണങ്ങള്‍ക്ക് ശ്രമിക്കുന്നുവെങ്കില്‍ നിക്ഷേപമിറക്കാന്‍ തങ്ങളുണ്ടാകില്ലെന്ന് പ്രധാനമന്ത്രിയുടെ വിദേശപര്യടനോത്സവങ്ങള്‍ക്കിടയില്‍ കമ്പനികളുടെ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകണം നിയമഭേദഗതി ബില്ല് കൈയോടെ പിന്‍വലിച്ച് കൂറ് തെളിയിക്കാന്‍ നരേന്ദ്ര മോദി തീരുമാനിച്ചത്.


മൃഗസംരക്ഷണം, രാജ്യത്ത് ഉത്പാദിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിപണനം (ഓണ്‍ലൈന്‍ ഉള്‍പ്പെടെ) എന്നിവയിലൊക്കെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ആഘാതം എന്താകുമെന്ന് ഭാവിയിലേ അറിയാനാകൂ. കേരളത്തില്‍ ക്ഷീരോത്പാദനം സഹകരണസംഘങ്ങളുടെ കൂട്ടായ്മയില്‍ വിജയകരമായി നിലനില്‍ക്കുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് നിലനിന്ന് പോകാന്‍ പാകത്തിലുള്ള വിലയും ലഭിക്കുന്നു. ഇത് എത്രകാലം ഈ വിധം തുടരുമെന്ന് കണ്ടറിയണം. വലിയ മൂലധനത്തിന്റെ പിന്‍ബലത്തില്‍ വന്‍കിട ഫാമുകള്‍ തുറന്ന്, കമ്പോളത്തിലേക്ക് വിദേശികളെത്തിയാല്‍ ചെറുകിട സംഘങ്ങള്‍ തുടച്ചുനീക്കപ്പെട്ടേക്കാം. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ ചെറുകിട ഉത്പാദകരും ഗ്രാമീണ കൂട്ടായ്മകളുമൊക്കെയാകും തുടച്ചുനീക്കപ്പെടുക. ആത്മാഹുതിക്കുള്ള അവസരം രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു, നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് നിസ്സംശയം പറയാം. ഇത്തരക്കാരൊക്കെ തുടച്ചുനീക്കപ്പെടുക എന്നത് ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്കുള്ള കുതിപ്പിന് ആക്കം കുട്ടിയേക്കാം. ജാതിയില്‍ താണവരും  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമൊക്കെയാണല്ലോ ഇത്തരം മേഖലകളില്‍ ഭൂരിപക്ഷം.





No comments:

Post a Comment