2017-06-19

അംബാനിമാറ്റ് രാജ്യസ്‌നേഹം


കൃഷ്ണ - ഗോദാവരി ബേസിനിലെ ഡി - 6 ബ്ലോക്ക് ഇനിയും ആഴത്തില്‍ കുഴിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസും ബ്രിട്ടീഷ് പെട്രോളിയവും. രണ്ട് കമ്പനികളും ചേര്‍ന്ന് 40,000 കോടി രൂപ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി 2020 മുതല്‍ 2022 വരെയുള്ള കാലത്ത് പ്രതിദിനം 30 മുതല്‍ 35 വരെ ദശലക്ഷം യൂണിറ്റ് പ്രകൃതി വാതകം ഉത്പാദിപ്പിക്കുമെന്നാണ് വാഗ്ദാനം.  ബേസിനിലെ ഡി - 55 ബ്ലോക്കില്‍ ഖനനം നടത്താനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. 2017 അവസാനിക്കും മുമ്പ് പുതിയ പദ്ധതിയുടെ അനുമതി അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

റോഡ്, റെയില്‍, ഊര്‍ജം എന്നീ മേഖലകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആകയാല്‍ റിലയന്‍സ് - ബി പി സംയുക്ത സംരംഭത്തിന്റെ പദ്ധതിക്ക് അനുമതി നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കണം. രാജ്യത്തിന് ഗുണം വരുന്ന പദ്ധതിയാകയാല്‍, രാജ്യസ്‌നേഹം കുത്തകപ്പാട്ടത്തിനെടുത്തിരിക്കുന്ന പാര്‍ട്ടിയുടെയും പരിവാരത്തിന്റെയും പ്രതിനിധികള്‍ക്ക് അനുമതി നല്‍കാതിരിക്കാനാകില്ല. അതുകൊണ്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മേധാവി മുകേഷ് അംബാനിയും ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ബോബ് ഡഡ്‌ലിയും സന്ദര്‍ശനാനുമതി തേടിയപ്പോള്‍ ആയത് പ്രധാനമന്ത്രി ഉടന്‍ അനുവദിച്ചത്. മോദിയെ സന്ദര്‍ശിച്ച് പദ്ധതികളുടെ വിശദ വിവരങ്ങള്‍ ബോധ്യപ്പെടുത്തിയ അംബാനിയും ഡഡ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെയും കണ്ടു. സര്‍വാധികാര്യക്കാരെ കാര്യങ്ങളറിയിച്ച്, കൈകൊടുത്ത് പിരിഞ്ഞതാണ്. പെട്രോളിയം മന്ത്രിയെ കണ്ടത് ആചാരങ്ങള്‍ ലംഘിക്കേണ്ടെന്ന് കരുതിയാകണം.


പര്യവേക്ഷണം, ഉത്പാദനം, സംഭരണം, വിതരണം എന്നിങ്ങനെ പെട്രോളിയം ഉത്പന്നങ്ങളുടെയും പ്രകൃതി വാതകത്തിന്റെയും സകല മേഖലകളിലും ആധിപത്യമുറപ്പിക്കാനാണ് സംയുക്ത സംരംഭത്തിന്റെ പദ്ധതിയെന്ന് ബ്രിട്ടീഷ് പെട്രോളിയത്തിന്റെ മേധാവി അറിയിച്ചിട്ടുണ്ട്. പെട്രോളിന്റെ വിലക്കു മേലുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണം നീക്കി, റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ക്ക് സൗകര്യമൊരുക്കിയിരുന്നു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലേറിയപ്പോള്‍ ഡീസലിന്റെ വിലയിലെ നിയന്ത്രണം കൂടി നീക്കി കൂടുതല്‍ സൗകര്യമൊരുക്കി. പാചക വാതകമടക്കം ഇതര പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിന്‍മേലുള്ള നിയന്ത്രണം കൂടി ഇല്ലാതാക്കുന്ന രാജ്യസ്‌നേഹാധിഷ്ഠിത ലക്ഷ്യത്തിലേക്ക് ചരിക്കുകയാണ് സര്‍ക്കാര്‍.


അതുകൂടി മുന്നില്‍ക്കണ്ടാണ് സര്‍വതല പദ്ധതിയുമായി റിലയന്‍സ് - ബി പി സംയുക്തം എത്തിയിരിക്കുന്നത്. അതങ്ങനെ പ്രാബല്യത്തിലായാല്‍ വൈകാതെ പൊതുമേഖലയില്‍ എണ്ണക്കമ്പനികള്‍ ആവശ്യമില്ലാതെ വരും. ജിയോയുമായി ടെലികോം - ഇന്റര്‍നെറ്റ് മേഖലയില്‍ പിടിമുറുക്കിയ റിലയന്‍സ് ഗ്രൂപ്പിന്റെ പരസ്യത്തില്‍ മോഡലായി സകല സഹായവും നല്‍കിയ മോദി(ജി) റിലയന്‍സ് - ബി പി സംയുക്തത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സാധ്യത ഏറെയാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പദ്ധതികളെ പ്രോത്സാഹിപ്പിക്കേണ്ടത് രാജ്യസ്‌നേഹികളുടെ കടമ തന്നെ. അത്തരം സംഗതികള്‍ക്ക് ബ്രാന്‍ഡ് അംബാസഡറാകുക എന്നത് അതിരറ്റ രാജ്യസ്‌നേഹത്തിന്റെ പ്രകടനവുമാണ്.


എ ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് സ്വകാര്യ കമ്പനികള്‍ക്ക് അസവരം തുറന്നുനല്‍കാന്‍ പാകത്തില്‍ പര്യവേക്ഷണ ലൈസന്‍സിംഗ് നയം പുതുക്കിയത്. ആ പുതുക്കലിന്റെ ഫലമായി കൃഷ്ണ ഗോദാവരി ബേസിനിലെ ഡി - 6 ബ്ലോക്കില്‍ പ്രകൃതി വാതക പര്യവേക്ഷണം നടത്താന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് - നികോ റിസോഴ്‌സസ് ലിമിറ്റഡ് സംയുക്തത്തിന് അനുവാദം കിട്ടി. 40 ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉത്പാദിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ആകെ മൂലധനച്ചെലവ് 247 കോടി ഡോളറും. അതിന് ശേഷം ഉത്പാദനം 80 ദശലക്ഷം യൂണിറ്റാക്കുമെന്ന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ച റിലയന്‍സ് - നികോ സംയുക്തം മൂലധനച്ചെലവ് 884 കോടി ഡോളറാക്കി ഉയര്‍ത്തി. ഉത്പാദനം ഇരട്ടിക്കുമ്പോള്‍ മൂലധനച്ചെലവ് നാലിരട്ടിയാകുന്ന മാന്ത്രിക വിദ്യ റിലയന്‍സ് സംയുക്തത്തിന് മാത്രമേ അറിയൂ. ഈ നിര്‍ദേശം 33 ദിവസം കൊണ്ട് അംഗീകരിച്ച് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ റിലയന്‍സിനോടുള്ള വിധേയത്വം (ഇന്നത്തെ കണക്കില്‍ രാജ്യസ്‌നേഹാധിഷ്ഠിത വിധേയത്വം) പ്രകടിപ്പിച്ചു.


എന്തായാലും കച്ചവടം മുന്നോട്ടുപോയി. 2009ല്‍ ഉത്പാദനം ആരംഭിച്ചു. തുടക്കത്തില്‍ പ്രതിദിനം 60 ദശലക്ഷം യൂണിറ്റ് ഉത്പാദനം. പിന്നെയതങ്ങ് കുറയാന്‍ തുടങ്ങി. 15 ദശലക്ഷം യൂണിറ്റിലേക്ക് താഴ്ന്നു. കരാറനുസരിച്ച് ഉത്പാദനം നടത്താത്തതിന് റിലയന്‍സിന് മേല്‍ 180 കോടി ഡോളര്‍ പിഴ ചുമത്താന്‍ യു പി എ സര്‍ക്കാര്‍ തീരുമാനിച്ചു. തര്‍ക്കമുണ്ടായിരുന്നു റിലയന്‍സ് സംയുക്തത്തിന്. അവര്‍ പരിഹാരഫോറത്തില്‍ അപ്പീല്‍ നല്‍കി.
അതങ്ങനെ നില്‍ക്കുമ്പോഴാണ് പ്രകൃതി വാതകം യൂണിറ്റൊന്നിന് 2.34 ഡോളര്‍ പോരെന്നും 4.2 ഡോളര്‍ വേണമെന്നും ആവശ്യപ്പെട്ട്  മുകേഷ് അംബാനിയുടെ റിലയന്‍സ് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്.


മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നുവെങ്കിലും അനില്‍ അംബാനിയുടെ റിലയന്‍സ് കോടതിയില്‍ പോയി. ബോംബെ ഹൈക്കോടതി പഴയ കരാറനുസരിച്ച് വില 2.34 ഡോളറായി തുടരണമെന്ന് വിധിച്ചു. മുകേഷ് അംബാനി സുപ്രീം കോടതിയില്‍ പോയി, ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ വിരമിക്കുന്ന ദിവസം പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥത സര്‍ക്കാറിനാണെന്നും അവര്‍ക്ക് വില നിശ്ചയിക്കാമെന്നും വിധിച്ചു. അങ്ങനെ പ്രകൃതി വാതക വില യൂണിറ്റൊന്നിന് 4.2 ഡോളറായി. അനില്‍ അംബാനിക്കുണ്ടായ നഷ്ടത്തേക്കാള്‍ വലുതായിരുന്നു യുണിറ്റൊന്നിന് 2.34 ഡോളറിന് മുകേഷ് അംബാനിയില്‍ നിന്ന് പ്രകൃതി വാതകം വാങ്ങാന്‍ കരാറുണ്ടാക്കിയ പൊതുമേഖലാ കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്.


വില കൂട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് റിലയന്‍സ് - നികോ സംയുക്തം ഉത്പാദനം കുറച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. അതുമൂലം  സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കി സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഉത്പാദനച്ചെലവ് പെരുപ്പിച്ച് കാട്ടി (247 കോടിയില്‍ നിന്ന് 884 കോടിയാക്കിയ മാന്ത്രിക വിദ്യ) കേന്ദ്ര സര്‍ക്കാറിന് നല്‍കേണ്ട ലാഭവിഹിതം നല്‍കാതിരുന്നതിലെ ക്രമക്കേടും സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു. സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുന്നു. രണ്ട് വര്‍ഷം മുമ്പ് റിലയന്‍സിന്റെ വിശദീകരണം തേടിയ പരമോന്ന കോടതി, പിന്നീട് ഇക്കാര്യം ഓര്‍ത്തിട്ടേയില്ല. രാജ്യസ്‌നേഹാധിഷ്ഠിത മറവിയാണോ എന്ന് സംശയിക്കണം. രാജസ്ഥാനിലെയും ഹൈദരാബാദിലെയും കോടതികള്‍ 'ഗോമാതാവി'ന്റെ കാര്യത്തില്‍ പ്രകടിപ്പിച്ച ഉത്കണ്ഠ കണക്കിലെടുത്താല്‍ സംശയം അസ്ഥാനത്തല്ല.


അംബാനി സംയുക്തത്തിന്റെ പ്രകൃത്യാലുള്ള തട്ടിപ്പ് വേറെയുമുണ്ടായി. കൃഷ്ണ ഗോദാവരി ബേസിനില്‍ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒ എന്‍ ജി സി) അനുവദിച്ച ബ്ലോക്കില്‍ അവര്‍ കടന്നു കയറി. 2009 ഏപ്രില്‍ ഒന്നു മുതല്‍ റിലയന്‍സ് സംയുക്തം വാതകം കുഴിച്ചെടുത്തത് ഒ എന്‍ ജി സിക്ക് അനുവദിച്ച ബ്ലോക്കില്‍ നിന്നായിരുന്നു. ആരോപണം അന്വേഷിക്കാന്‍ റിട്ടയേഡ് ജസ്റ്റിസ് എ പി ഷായെ നിയോഗിച്ചു. സംഗതി ഉള്ളത് തന്നെയെന്ന് കമ്മീഷന്‍ കണ്ടെത്തി. 11,000 കോടി രൂപ പിഴയായി റിലയന്‍സില്‍ നിന്ന് ഈടാക്കണമെന്ന് നിര്‍ദേശിച്ചു. 155 കോടി ഡോളര്‍ (ഏതാണ്ട് 11,000 കോടി രൂപ) പിഴയായി നല്‍കാന്‍ പെട്രോളിയം മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. ഇതിലും തര്‍ക്കമുണ്ടായി മുകേഷ് അംബാനിക്ക്. അദ്ദേഹം തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചു. അതങ്ങനെ തുടരുകയാണ്.


കെ ജി ബേസിനിലെ ഡി - 6ല്‍ പ്രകൃതി വാതക ഖനനം നടത്തിയതിലെ അഴിമതിയും തട്ടിപ്പും സംബന്ധിച്ച് സുപ്രീം കോടതിയിലും തര്‍ക്ക പരിഹാര ഫോറത്തിലും കേസ് നിലനില്‍ക്കുന്നുവെന്നത് വസ്തുത. അതങ്ങനെ നില്‍ക്കുമ്പോഴാണ് ബ്രിട്ടീഷ് പെട്രോളിയത്തെ കൂട്ടുപിടിച്ച് 40,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി മുകേഷ് അംബാനി വീണ്ടും വരുന്നത്. നിക്ഷേപം പെരുപ്പിച്ച് കാട്ടിയും വാഗ്ദാനം ചെയ്ത ഉത്പാദനം നടത്താതെയും പൊതുഖജനാവിന് വരുത്തിയ നഷ്ടം നികത്തുകയും ഒ എന്‍ ജി സിയുടെ പാടം ചോര്‍ത്തിയ വകയില്‍ നല്‍കേണ്ട പിഴ ഒടുക്കുകയും ചെയ്തതിന് ശേഷം പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കാമെന്നതാണ് സാധാരണ നിലക്കുള്ള രാജ്യസ്‌നേഹം. ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്നത് പോലുള്ള രാജ്യസ്‌നേഹമില്ലാതെ, കച്ചവടം നടത്താന്‍ തുനിയുന്നവര്‍ പോലും പഴയ കണക്കുകള്‍ തീര്‍ത്തിട്ട് പുതിയത് ആലോചിക്കാമെന്നേ പറയൂ. അങ്ങനെ ചിന്തിച്ച്, അംബാനിക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതിയും ഇല്ലാതാക്കുന്നതല്ല രാജ്യസ്‌നേഹം.


റിലയന്‍സ് - ബി പി സംയുക്തം പ്രകൃതി വാതകം കുഴിച്ചെടുത്താല്‍ ഊര്‍ജമേഖലയിലുണ്ടാകുന്ന കുതിപ്പ് ഗംഭീരമായിരിക്കും. അതുവഴി വ്യാവസായിക ഉത്പാദനം വര്‍ധിക്കും, തൊഴിലസവരം കൂടും, പ്രതിശീര്‍ഷ വരുമാനമുയരും അങ്ങനെ നേട്ടങ്ങള്‍ പലതുണ്ട്. അങ്ങനെയാകുമ്പോള്‍ അംബാനി - ബി പി സംയുക്തത്തിന് പരവതാനി വിരിക്കുകയാണ് രാജ്യസ്‌നേഹി ചെയ്യേണ്ടത്. പഴയ കണക്കുകള്‍ എഴുതിത്തള്ളി രാജ്യസ്‌നേഹം തീവ്രമാക്കുകയും ആകാം.


സര്‍ക്കാറിനെ വെട്ടിച്ചുണ്ടാക്കുന്ന പണം കള്ളപ്പണമാണെന്നാണ് വെപ്പ്. അതൊക്കെ തടയാനുദ്ദേശിച്ചാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ച് ജനത്തെ മുഴുവന്‍ എ ടി എമ്മിനും ബാങ്കിനും മുന്നില്‍ വരി നിര്‍ത്തി അനുസരണം പഠിപ്പിച്ചത്. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതും ബാങ്ക് അക്കൗണ്ടുകള്‍ക്ക് മുഴുവന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതുമൊക്കെ അതിനാണ്. അതൊന്നും പക്ഷേ അംബാനിമാര്‍ക്ക് ബാധകമല്ല. സര്‍ക്കാറിനെ വെട്ടിച്ച് അവരുണ്ടാക്കിയത് മുഴുവന്‍, പുതിയ നിക്ഷേപം നടത്തി രാജ്യത്തെ സമ്പല്‍ സമൃദ്ധിയിലേക്ക് നയിക്കാനുള്ള പണമാണ്. ആകയാല്‍ അത് വെള്ളപ്പണമാണെന്ന് രാജ്യസ്‌നേഹികള്‍ക്കൊക്കെ ബോധ്യപ്പെടും. ആര്‍ക്കെങ്കിലും ബോധ്യപ്പെടാതെയുണ്ടെങ്കില്‍ അവരുടെ രാജ്യക്കൂറ് സംശയാസ്പദം തന്നെ.


കൃഷ്ണ ഗോദാവരി ബേസിനിലെ വാതക നിക്ഷേപം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (ജി എസ് പി സി) പൊതുപണം 20,000 കോടി രൂപ കടലില്‍ കലക്കിയപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2,20,000 കോടി രൂപ മൂല്യം വരുന്ന വാതക നിക്ഷേപം ജി എസ് പി സി കണ്ടെത്തിയെന്ന വിടുവായത്തം അന്ന് വിളിച്ചുപറഞ്ഞതും മറ്റാരുമല്ല. കോടികള്‍ ഗ്യാസാക്കി, രാജ്യസ്‌നേഹം പ്രകടിപ്പിച്ച് മുന്‍പരിചയമുള്ള സ്ഥിതിക്ക് അംബാനി - ബി പി സംയുക്തം വരുമ്പോള്‍ അതൊട്ടും കുറക്കേണ്ടതില്ല.

No comments:

Post a Comment