2017-07-10

മാരീചന്‍ (ഐ പി എസ്)


നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും പൊലീസ് ചോദ്യംചെയ്തപ്പോള്‍ സംസ്ഥാന പോലീസ് സേനയുടെ മേധാവിയായിരുന്നു ടി പി സെന്‍കുമാര്‍. ഈ കേസില്‍ അന്വേഷണ സംഘത്തില്‍ വേണ്ടത്ര ഏകോപനമില്ലെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐ ജി ദിനേന്ദ്ര കശ്യപിനെ മാറ്റി നിര്‍ത്തി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ ഡി ജി പി, ബി സന്ധ്യ നടപടികള്‍ സ്വീകരിച്ചത് ശരിയായില്ലെന്നും പോലീസ് മേധാവി സ്ഥാനത്തിരിക്കെ സെന്‍കുമാര്‍ പറഞ്ഞിരുന്നു. അന്വേഷണ സംഘത്തിന് വേണ്ടത്ര ഏകോപനം വേണമെന്ന് കാണിച്ച് പ്രത്യേക സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. പ്രമുഖ നടനെയും തോഴനായ സംവിധായകനെയും ചോദ്യംചെയ്തതോടെ വാര്‍ത്തകളുടെ വലുപ്പം വര്‍ധിച്ചു. വസ്തുതകളും നിറം ചേര്‍ത്ത ഭാവനകളും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ അതൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനിടെ പൊലീസ് മേധാവി നടത്തിയ പ്രസ്താവന ഫലത്തില്‍, അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതായിരുന്നു.


പൊലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചതിന് ശേഷം സെന്‍കുമാര്‍ തുടര്‍ച്ചയായി നല്‍കിയ അഭിമുഖങ്ങളിലെല്ലാം നേരത്തെ നടത്തിയ പരാമര്‍ശങ്ങളെ സാധൂകരിക്കും വിധത്തില്‍ സംസാരിച്ചു. നടനെയും സംവിധായകനെയും ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍, കേസ് കോടതിയില്‍ തെളിയിക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടായിരുന്നില്ലെന്നും അതാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും പിന്നീട് വിശദീകരിക്കുകയും ചെയ്തു. നടിക്കു നേര്‍ക്കുണ്ടായ അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ നടനും സംവിധായകനും പങ്കുണ്ടോ ഇല്ലയോ എന്നതൊക്കെ അന്വേഷണത്തിലൂടെയും കോടതി നടപടികളിലൂടെയും തിരിയേണ്ടതാണെന്നതിനാല്‍ അത് മാറ്റിവെക്കാം. അന്വേഷണം സത്യസന്ധമായി നടക്കുമോ എന്ന സംശയവും നിലനിര്‍ത്താം. പക്ഷേ, അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ അതിന് നേതൃത്വം നല്‍കുന്ന സംഘത്തിന്റെ വിശ്വാസ്യത പരസ്യമായി ചോദ്യംചെയ്യാന്‍ തയ്യാറാകുന്ന പൊലീസ് മേധാവിയുടെ ഉദ്ദേശ്യത്തെ എങ്ങനെ പരിഗണിക്കണമെന്നത് പ്രധാന ചോദ്യമാണ്.


എറണാകുളം ജില്ലയിലെ പുതുവൈപ്പില്‍ സ്ഥാപിക്കുന്ന ദ്രവീകൃത പെട്രോളിയം വാകത്തിന്റെ സംഭരണി ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്നുവെന്ന് കാണിച്ച് സമരത്തിനിറങ്ങിയ നാട്ടുകാരെ പൊലീസ് തല്ലിച്ചതച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ജനം മുഴുവന്‍ കണ്ടതാണ്. അതിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് മേധാവി സ്ഥാനത്തിരിക്കെ, ആ ദൃശ്യങ്ങള്‍ പരിശോധിച്ച സെന്‍കുമാറിന് പക്ഷേ, പൊലീസ് എന്തെങ്കങ്കിലം അതിക്രമം കാട്ടിയതായി തോന്നിയതേയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ അതിക്രമം കാട്ടിയതിന്റെ ഒരു തെളിവ് കാട്ടിത്തരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.


ഏതാനും വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ എം ജി കോളജില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് ക്യാംപസിനകത്തു കടന്ന് വിദ്യാര്‍ഥികളെ നേരിടുകയും ചെയ്തപ്പോള്‍ കണ്ട സെന്‍കുമാര്‍ ഇതായിരുന്നില്ല. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന് (എ ബി വി പി) സ്വാധീനമുള്ള കോളജാണ് എം ജി. അവിടെ കയറി വിദ്യാര്‍ഥികളെ തല്ലിയ പൊലീസ് ഉദ്യോഗസ്ഥനെ കോളറിന് കുത്തിപ്പിടിച്ച് ശകാരിക്കുകയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്ന സെന്‍കുമാറിന്റെ ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


അതില്‍ നിന്ന് വേണം പുതുവൈപ്പിലെ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന സെന്‍കുമാറിനെ കാണാന്‍. പുതുവൈപ്പിലെ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടെന്ന അദ്ദേഹത്തിന്റെ വിശദീകരണം വായിക്കാന്‍. മെട്രോ ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രിക്കു നേര്‍ക്ക് ഭീകരവാദ ഭീഷണിയുണ്ടായിരുന്നുവെന്നും ആക്രമണം സംഘടിപ്പിക്കാനുള്ള 'ടെറര്‍ മൊഡ്യൂള്‍' കൊച്ചിയിലുണ്ടായിരുന്നുവെന്നുമുള്ള അന്നത്തെ പൊലീസ് മേധാവിയുടെ വാക്കുകളെ കേള്‍ക്കാന്‍.  'നാഷനല്‍ സ്പിരിറ്റി'ന് (ദേശീയ വികാരം) എതിരായിട്ട് പോകുന്ന തീവ്രവാദത്തെയാണ് ഇല്ലായ്മ ചെയ്യേണ്ടത് എന്ന ഉറച്ച ബോധ്യം സെന്‍കുമാറിന് മുമ്പേയുണ്ട്. അതുകൊണ്ടാണ് എ ബി വി പിക്ക് സ്വാധീനമുള്ള കോളജില്‍ വിദ്യാര്‍ഥികളെ തല്ലിയ പൊലീസുകാരനെ കൈകാര്യം ചെയ്യാന്‍ മടിക്കാതിരുന്ന സെന്‍കുമാര്‍, പുതുവൈപ്പിലെ സമരക്കാരെ പൊലീസ് നേരിട്ടതിനെ ന്യായീകരിക്കുന്നത്. ജീവനും സ്വത്തിനുമുള്ള ഭീഷണി ചൂണ്ടിക്കാട്ടി സമരത്തിനിറങ്ങിയ നാട്ടുകാരുടെ വിശ്വാസ്യതയെ, തീവ്രവാദത്തിന്റെ പേരുപറഞ്ഞ് ഇല്ലാതാക്കുകയായിരുന്നു പൊലീസ് മേധാവി. നാടിന്റെ വികസനം ലാക്കാക്കി ഭരണകൂടം ആസൂത്രണം ചെയ്യുന്ന പദ്ധതികളെ എതിര്‍ക്കുക എന്നാല്‍ 'നാഷനല്‍ സ്പിരിറ്റി'ന് വിരുദ്ധം തന്നെ!


2015 മെയില്‍ സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ സെന്‍കുമാറിനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ടുതന്നെ എല്‍ ഡി എഫിന്റെ നയങ്ങള്‍ക്കനുസരിച്ച് പൊലീസിനെ ചലിപ്പിക്കാനുള്ള കരുത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയ പിണറായി വിജയന്‍ കാണിക്കാതിരുന്നത് (പകരം നിയമിച്ച ലോക്‌നാഥ് ബഹ്‌റ എല്‍ ഡി എഫിന്റെ നയങ്ങള്‍ക്കനുസരിച്ചാണോ പൊലീസിനെ നയിച്ചത് എന്ന ചോദ്യം നിലനില്‍ക്കെത്തന്നെ) ചെറുതല്ലാത്ത അവസരം സെന്‍കുമാറിന് മുന്നില്‍ തുറന്നുനല്‍കി. സി പി എമ്മിന്റെ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ശ്രമം എതിര്‍ക്കാന്‍ ഇടയുള്ള ഉദ്യോഗസ്ഥനെന്ന പ്രതിച്ഛായ. സെന്‍കുമാറിനെ മാറ്റിയത്, സര്‍ക്കാറിനെ അടിക്കാനുള്ള വടിയായി എതിര്‍ചേരി ഉപയോഗിക്കുക കൂടി ചെയ്തതോടെ ആ പ്രതിച്ഛായ ഉറച്ചു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടി പൊലീസ് മേധാവി സ്ഥാനത്ത് സെന്‍കുമാര്‍ തിരിച്ചെത്തിയതോടെ ആ പ്രതിച്ഛായക്ക് വിശ്വാസ്യതയുടെ ആവരണം കൂടി കിട്ടി. മറുഭാഗത്ത് സര്‍ക്കാറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.


ദീര്‍ഘകാലം പൊലീസിലുണ്ടായിരുന്ന, അതിന്റെ മേധാവി സ്ഥാനം അലങ്കരിച്ച, കേസന്വേഷണത്തില്‍ കീഴുദ്യോഗസ്ഥരുടെ വീഴ്ച തുറന്നുപറയാന്‍ മടിക്കാത്ത, സമരവേദികളിലെ തീവ്രവാദ സാന്നിധ്യത്തെക്കുറിച്ച് ബോധ്യമുള്ള, പ്രധാനമന്ത്രിയെ അപായപ്പെടുത്താനെത്തിയ ഭീകരവാദ മൊഡ്യൂളിനെ തടയാന്‍ പാകത്തില്‍ സുരക്ഷയൊരുക്കിയ നായകന്‍. താനാണ് ശരിയെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കെ, പറയുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത ഏറുമെന്ന ഉറപ്പുണ്ട് അദ്ദേഹത്തിന്. ദേശീയതയെ കേന്ദ്രബിന്ദുവാക്കി തീവ്ര ഹിന്ദുത്വ വികാരമുണര്‍ത്തുമ്പോള്‍ വസ്തുതകള്‍ അപ്രസക്തമാകുന്ന കാഴ്ച രാജ്യം കണ്ടുകൊണ്ടിരിക്കെ പ്രത്യേകിച്ചും.


''മതതീവ്രവാദത്തെക്കുറിച്ച് പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍ എസ് എസ് ഇല്ലേ എന്ന്. ഈ താരതമ്യമാണ് പ്രശ്‌നം. ആര്‍ എസ് എസ്സും ഐ എസ്സും തമ്മില്‍ താരതമ്യമില്ല. നാഷനല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്''  - സെന്‍കുമാറിന്റേതായി വന്ന അഭിപ്രായപ്രകടനങ്ങളിലൊന്ന് ഇതാണ്. ഐ എസ്, അല്‍ഖാഇദ എന്നു തുടങ്ങി പരദശം പേരുകളില്‍ അറിയപ്പെടുന്ന മതതീവ്രവാദ (ഭീകരവാദ) പ്രസ്ഥാനങ്ങള്‍ക്കെല്ലാം മുമ്പേയുണ്ട് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്). ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ പോയി, നാസി പാര്‍ട്ടിയുടെ കാര്യങ്ങള്‍ നേരിട്ട് പഠിച്ച് സാംസ്‌കാരിക ദേശീയതയെ അടിസ്ഥാന ആശയമാക്കി പ്രവര്‍ത്തന പദ്ധതിയുണ്ടാക്കിയ സംഘടന. അന്നു മുതല്‍ മതതീവ്രവാദമായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഹിന്ദുരാഷ്ട്രവും അതിന്‍മേല്‍ സവര്‍ണര്‍ക്കുള്ള അധികാര സ്ഥാപനവുമായിരുന്നു ലക്ഷ്യം. വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല ഇക്കാലം വരെ. രാഷ്ട്രപിതാവിന്റെ ഹത്യ മുതല്‍ പശുമാംസത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന കൊലകളില്‍ വരെ ആരോപണവിധേയരായി നില്‍ക്കുന്നു. ഇതൊക്കെ 'നാഷനല്‍ സ്പിരിറ്റി'ന് യോജിച്ചതാണോ എന്ന് ആലോചിക്കാനുള്ള ബുദ്ധിയുണ്ടാകാതിരിക്കുമോ സംസ്ഥാന പൊലീസ് മേധാവിയായി വിരമിച്ച ഐ പി എസ്സുകാരന്? ബുദ്ധിയില്ലാത്തതല്ല, അടിസ്ഥാനം വര്‍ഗീയമായതാണ് പ്രശ്‌നം. ഇത്രയുംകാലം അതൊളിച്ചുവെക്കേണ്ടതുണ്ടായിരുന്നുവെന്ന് മാത്രം.


''പശുവിന് വേണ്ടി മനുഷ്യരെക്കൊല്ലുകയാണെന്ന റമസാന്‍ പ്രസംഗത്തിന്റെ ക്ലിപ്പിംഗ് കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും....'' - സെന്‍കുമാര്‍ തുടരുന്നു. പശുവിറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച്, കന്നുകാലികളെ കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച്, പശുവിറച്ചി കഴിക്കുന്നവരെന്ന് ആരോപിച്ച് ഒക്കെ രാജ്യത്ത് ആളുകളെ കൊല്ലുമ്പോള്‍ അങ്ങനെ സംഭവിക്കുന്നുണ്ട് എന്ന് പറയുന്നതും അത് ശരിയല്ല എന്ന് പറയുന്നതും തെറ്റാണെന്ന് കരുതുന്നയാള്‍ ഇത്രനാള്‍ നിയമപാലകനായിരുന്നു! നിയമപാലകരുടെ മേധാവിയായിരുന്നു!


ലൗ ജിഹാദ് നടക്കുന്നുവെന്ന ആരോപണമുയര്‍ന്നത് കേരളത്തില്‍ മാത്രമയിരുന്നില്ല. കര്‍ണാടകത്തില്‍, മഹാരാഷ്ട്രയില്‍, ഉത്തര്‍ പ്രദേശില്‍ ഒക്കെയുണ്ടായിരുന്നു. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഏതെങ്കിലും ഒരിടത്ത് തെളിയിക്കപ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. കേരളത്തിലെ എല്ലാ ജില്ലകളിലെയും പോലീസ് മേധാവിമാരോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു കേരള ഹൈക്കോടതി. ലൗ ജിഹാദെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് എല്ലാവരും നല്‍കിയ റിപ്പോര്‍ട്ട്. അന്ന് കേരളത്തിലെ പൊലീസ് സേനയില്‍ ചെറുതല്ലാത്ത പദവിയിലുണ്ടായിരുന്നു ടി പി സെന്‍കുമാര്‍. തെളിവുള്ള ഏതെങ്കിലുമൊരു കേസ് ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കാമായിരുന്നു. 2015 മെയ് മുതല്‍ 2016 മെയ് വരെ ക്രമസമാധാന പാലനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ചുമതലയുള്ള പൊലീസ് മേധാവിയായിരുന്നുവല്ലോ? ലൗ ജിഹാദിന്റെ ഒരു കേസെങ്കിലും തെളിയിച്ചെടുക്കാമായിരുന്നുവല്ലോ? (നടിയുടെ കേസില്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഉപയോഗിച്ച ന്യായം, കോടതിയില്‍ തെളിയിക്കാന്‍ പാകത്തിലുള്ള തെളിവുകളൊന്നും കിട്ടിയില്ലെന്ന് വേണമെങ്കില്‍ പറയാം)


1971ല്‍ തലശ്ശേരിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ അന്നത്തെ പൊലീസിന്റെ നടപടികളെ വിലയിരുത്തുന്നുണ്ട്. ''അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. പൊലീസ് സേനാംഗങ്ങളില്‍ വര്‍ഗീയതയുടെ അണുബാധയുണ്ട്'' എന്നാണ് അന്ന് കമ്മീഷന്‍ പറഞ്ഞുവെച്ചത്. വര്‍ഗീയതയുടെ അണുബാധയില്‍ നിന്ന് പൊലീസിനെ മുക്തമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശമുള്ള ഒരു ഡസന്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടുകളെങ്കിലും രാജ്യത്തുണ്ട്. ആ അന്വേഷണങ്ങള്‍ക്ക് ആധാരമായ വര്‍ഗീയ കലാപങ്ങളില്‍ ആര്‍ എസ് എസ്സിന്റെ പങ്ക് കമ്മീഷനുകള്‍ കണ്ടെത്തുന്നുമുണ്ട്. സെന്‍കുമാറിന് വേണമെങ്കില്‍ പരിശോധിച്ച് ബോധ്യപ്പെടാം. ഇത്രയും അന്വേഷണങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും ശേഷവും പൊലീസ് സേനയില്‍ വര്‍ഗീയതയുടെ അണുബാധ നിലനില്‍ക്കുകയും വര്‍ധിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ സെന്‍കുമാറിനെപ്പോലുള്ള മേലുദ്യോഗസ്ഥര്‍ക്കുള്ള പങ്ക് ചെറുതാകാന്‍ ഇടയില്ല.

No comments:

Post a Comment