2017-07-30

പശു, കൂടാരം, ബിഹാറി


'ഒന്നിന് പിറകെ ഒന്നായി തുടച്ചുനീക്കൂ എന്നാണ് നിങ്ങള്‍ (നരേന്ദ്ര മോദി) ജനങ്ങളോട് പറയുന്നത്. നിങ്ങള്‍ വോട്ട് നേടി ജയിക്കണം, തുടച്ചുനീക്കിയല്ല. ഇത് ഏകാധിപത്യം മാത്രമല്ല, ഫാസിസം കൂടിയാണ്. ഫാസിസത്തില്‍ വിശ്വസിക്കുന്നവരുടെ ബിംബം ഹിറ്റ്‌ലറാണ്. ഹിറ്റ്‌ലര്‍ ചെയ്തത് അവരും ചെയ്യും... ഫാസിസത്തിന്റെ ഭാഷ ജനാധിപത്യത്തില്‍ ഫലം കാണില്ല'- ജെ ഡി (യു) നേതാവ് നിതീഷ് കുമാര്‍ 2013ല്‍ പറഞ്ഞതാണിത്. ഗുജറാത്തിലെ വംശഹത്യാ ശ്രമത്തിന് അധ്യക്ഷതവഹിച്ചയാളെന്ന ആരോപണം നേരിടുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പിയുമായുള്ള 17 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചതിന് പിറകെയായിരുന്നു ഈ വാക്കുകള്‍.


മതനിരപേക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ബീഹാറില്‍ ഭരണം തുടര്‍ന്ന നിതീഷ്, 2015ല്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും (ആര്‍ ജെ ഡി) കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ട്, വലിയ വിജയം നേടി. ആ ഫലത്തില്‍  കൂടുതല്‍ ശ്രദ്ധേയമായത് ലാലു പ്രസാദ് യാദവിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു. 80 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ ആര്‍ ജെ ഡിക്ക് സാധിച്ചു. മഹാസഖ്യത്തിന്റെ യഥാര്‍ഥ നേതാവ് ലാലുവാണെന്ന, പ്രചാരണഘട്ടത്തില്‍ തന്നെ സൃഷ്ടിക്കപ്പെട്ട പ്രതീതിക്ക് ബലമേകുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. മഹാസഖ്യത്തിന്റെ ആയുസ്സിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അന്ന് തന്നെ ഉയരാന്‍ കാരണങ്ങളിലൊന്ന് ഇതായിരുന്നു. കഴിഞ്ഞ ദിവസം സഖ്യം ഇല്ലാതായപ്പോള്‍ അതിന് പെട്ടെന്നുള്ള കാരണമായി ലാലു യാദവിന്റെ മകന്‍ തേജസ്വി യാദവിനെതിരായ അഴിമതി ആരോപണം മാറിയെന്ന് മാത്രം.


അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത് ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ നിതീഷ്, എക്കാലവും ജനതാ പരിവാറിന്റെ ഭാഗമായിരുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊണ്ട നേതാവുമായിരുന്നു, അധികാരമോഹത്തിന്റെ കാറ്റേല്‍ക്കും വരെ. 1996ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസും നിതീഷ് കുമാറും അടക്കമുള്ള നേതാക്കള്‍ ബി ജെ പിയുടെ സഖ്യകക്ഷിയാകുമ്പോള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് നാല് വര്‍ഷമേ ആയിരുന്നുള്ളൂ. മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിറകെ, തീവ്ര ഹിന്ദുത്വ അജന്‍ഡകളുയര്‍ത്തി, വര്‍ഗീയധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയായിരുന്നു സംഘ്പരിവാരം. അയോധ്യയിലേക്കുള്ള രഥയാത്രയുടെ പാര്‍ശ്വങ്ങളില്‍ അരങ്ങേറിയ വലുതും ചെറുതുമായ കലാപങ്ങളുടെ ഒക്കെ പരോക്ഷ ഉത്തരവാദിത്തമുണ്ടായിരുന്ന, ഹിന്ദുത്വത്തിന്റെ തീവ്ര മുഖമായി എല്‍ കെ അഡ്വാനി നേതൃത്വത്തിലുണ്ടായിരുന്നു. ജനാധിപത്യ സങ്കല്‍പ്പമോ, സംഘ്പരിവാരം ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയോ ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ളവര്‍ ബി ജെ പിയുമായി കൈകോര്‍ക്കുമ്പോള്‍ സംഘ്പരിവാരത്തിന് ഉണ്ടാകാന്‍ ഇടയുള്ള ജനകീയ മുഖംമൂടിയെക്കുറിച്ചോ നിതീഷ് അടക്കമുള്ളവര്‍ക്ക് ചിന്തയേ ഉണ്ടായിരുന്നില്ല.


2002 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്ത് വംശഹത്യാ ശ്രമത്തിന്റെ അരങ്ങാകുകയും പോലീസിനെ നിര്‍വീര്യമാക്കി നരേന്ദ്ര മോദിയും പട്ടാളത്തെ അയക്കുന്നത് വൈകിപ്പിച്ച് എ ബി വാജ്പയിയും അക്രമികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തപ്പോഴും ചോരയില്‍ മുങ്ങിയ കൈകളിലാണ് തങ്ങള്‍ കൈ ചേര്‍ത്തുവെച്ചിരിക്കുന്നത് എന്ന  തോന്നല്‍ നിതീഷിനും സംഘത്തിനും ഉണ്ടായതുമില്ല.


ആ നിതീഷാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി ബന്ധം ഉപേക്ഷിച്ചത്. ഒരു ദശകം നീണ്ട ഭരണത്തിനെതിരെ സ്വാഭാവികമായി ഉയരാനിടയുള്ള ജനരോഷത്തെ മറികടക്കാനൊരു തന്ത്രം മാത്രമായിരുന്നു അതെന്ന് മതനിരപേക്ഷ മനസ്സുള്ളവര്‍ തിരിച്ചറിയുന്നത് ഇപ്പോഴാണെന്നേയുള്ളൂ. നരേന്ദ്ര മോദിക്കെതിരായ നിലപാടും ഫാസിസത്തിന്റെ ഭാഷ ജനാധിപത്യത്തില്‍ ഫലം കാണില്ലെന്ന പ്രസ്താവനയുമൊക്കെ അന്ന് വിളവെടുപ്പ് നടത്താനുള്ള രാഷ്ട്രീയം മാത്രമായിരുന്നു നിതീഷിന്. ഇപ്പോള്‍ ബി ജെ പിയുമായി ചേരുന്നതിലൂടെ അടുത്ത ടേമിലും ബീഹാറിന്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാനാകുമെന്ന കണക്കുകൂട്ടല്‍ അദ്ദേഹത്തിനുണ്ടാകണം. തേജസ്വി യാദവ് മാത്രമല്ല, ലാലു പ്രസാദ് യാദവിന്റെ മറ്റു മക്കളും അഴിമതി ആരോപണം നേരിടുന്നുണ്ട്. അഴിമതിക്കും സഖ്യകക്ഷിയിലെ കുടുംബവാഴ്ചക്കുമെതിരെ നിലപാടെടുത്തത് തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.


ഈ അവസരം നിതീഷിന് സമ്മാനിക്കാനാണ് ലാലുവിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. യജമാനന്‍ കല്‍പ്പിച്ചത് അടിമകള്‍ വേണ്ടവിധം ചെയ്തുകൊടുത്തു. ലാലു യാദവും കുടുംബാംഗങ്ങളും അഴിമതിക്കാരാണോ എന്നത് വേറെ വിഷയമായി കാണേണ്ടിവരുന്നത്, അന്വേഷണ ഏജന്‍സികളുടെ ഇടപെടലുണ്ടായത്, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്ര മോദിയുടെ നടപടിയെ നിതീഷ് കുമാര്‍ സ്വാഗതം ചെയ്തതിന് ശേഷമായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കണം.


വംശഹത്യാ ശ്രമത്തിന് അധ്യക്ഷത വഹിച്ചുവെന്ന ആരോപണം താന്‍ മറന്നുകഴിഞ്ഞുവെന്നും അധീശത്വം അംഗീകരിച്ച് സാമന്തനാകാന്‍ തയ്യാറാണെന്നുമാണ്, ജനത്തെയാകെ വലയ്ക്കുകയും സാമ്പത്തിക മേഖലയെ മാന്ദ്യത്തിലേക്ക് നയിക്കുകയും സ്വതേ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ ആഴത്തിലേക്ക് തള്ളിയിടുകയും ചെയ്ത നോട്ട് പിന്‍വലിക്കലിനെ പ്രകീര്‍ത്തിച്ചപ്പോള്‍, നിതീഷ് അറിയിച്ചത്. (ഗുജറാത്ത് വംശഹത്യയിലെ പങ്ക് സംബന്ധിച്ച ആരോപണങ്ങള്‍ 2014ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നെഗറ്റീവ് പബ്ലിസിറ്റിയായി നരേന്ദ്ര മോദി ഉപയോഗപ്പെടുത്തിയതോടെ ഈ വിഷയം ഇനിയുമുന്നയിക്കുന്നതില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. വൈകാതെ അവയില്‍ പലതും ഇക്കാര്യം  ഓര്‍ത്തതേയില്ല. വംശഹത്യാകാലത്ത് ബി ജെ പി ബന്ധത്തിലായിരുന്ന നിതീഷിന് ഇത് മറക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു)


പിന്നീടങ്ങോട്ട് കാര്യങ്ങള്‍ സുഗമമായിരുന്നു. നിതീഷിനെ പ്രശംസിക്കാനുള്ള അവസരങ്ങള്‍ മോദി പാഴാക്കിയില്ല. തിരിച്ചും. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പൊതു സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിപ്പണിയുടെ തിരക്കില്‍ അമര്‍ന്ന നിതീഷ്, പിറ്റേദിവസം വിദേശരാഷ്ട്ര പ്രതിനിധിക്ക് നരേന്ദ്ര മോദിയൊരുക്കിയ വിരുന്നില്‍ ഹാജര്‍ വെച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മോദിയുടെ നോമിനിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറല്‍ വൈകില്ലെന്ന് ജനത്തെ അറിയിച്ചു. ഇതിനൊക്കെ സമാന്തരമായാണ് അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിത്യാദി ആരോപണങ്ങളുടെ പേരില്‍ ലാലുവിന്റെ മക്കള്‍ക്കെതിരെ അന്വേഷണവും കേസുകളുമുണ്ടായത്. നടപടികള്‍ക്ക് വേഗം കൂടിയത്. അനധികൃത സ്വത്ത് സമ്പാദനമെന്നത്, രാഷ്ട്രീയ നേതാക്കളെയും എതിര്‍ പാര്‍ട്ടികളെയും വരുതിയില്‍ നിര്‍ത്താനുള്ള ആയുധമായി പ്രയോഗിച്ച അനുഭവം രാജ്യത്ത് പലതുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറുകളും എ ബി വാജ്പയിയുടെ എന്‍ ഡി എ സര്‍ക്കാറും ഇതുപയോഗിച്ചിട്ടുണ്ട്. ആ കളി ആവര്‍ത്തിക്കുകയാണ് ബീഹാറില്‍. ഇതിലൂടെ ആര്‍ ജെ ഡിയുടെ നേതൃത്വത്തെ
പ്രതിസന്ധിയിലാക്കാമെന്നും അധികാരമോഹികളായ എം എല്‍ എമാരെ മറുകണ്ടം ചാടിച്ച് ആ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കാമെന്നും നിതീഷും ബി ജെ പിയും കരുതുന്നുണ്ട്.


രാഷ്ട്രീയ പ്രതിസന്ധി നിതീഷിനെയും കാത്തിരിക്കുന്നു. ജെ ഡി (യു) പ്രസിഡന്റ് ശരദ് യാദവ് അടക്കം ഒരുകൂട്ടം നേതാക്കള്‍ നിതീഷിന്റെ ബി ജെ പി ബാന്ധവത്തെ എതിര്‍ക്കുന്നുണ്ട്. മുസ്‌ലിംകളുടെ പിന്തുണയില്‍ ജയിച്ച് നിയമസഭയിലെത്തിയ ജെ ഡി (യു) നേതാക്കള്‍ക്കൊന്നും സ്വന്തം മണ്ഡലത്തില്‍ നിന്ന് ഇനിയൊരു ജയം പ്രതീക്ഷിക്കാനാകില്ല. 1989ലെ ഭഗല്‍പൂര്‍ കലാപത്തിന്റെ ഉത്തരവാദികളെ രണ്ട് ദശകത്തിന് ശേഷം നിയമത്തിന് മുന്നിലെത്തിച്ച് ഇരകളായ മുസ്‌ലിംകള്‍ക്ക് നീതിയുറപ്പാക്കിയ നേതാവെന്ന പ്രതിച്ഛായ ആ സമുദായത്തിലെ വലിയൊരു വിഭാഗത്തെ നിതീഷിന്റെ ഉറച്ച പിന്തുണക്കാരാക്കിയിരുന്നു. അതൊക്കെ പുതിയ തീരുമാനത്തോടെ ഇല്ലാതാകും. ആര്‍ ജെ ഡിക്കാകും ഇതിന്റെ നേട്ടം. 1996ലെ ബി ജെ പിയല്ല, 2014ന് ശേഷമുള്ളത് എന്നതും എ ബി വാജ്പയിയല്ല നരേന്ദ്ര മോദിയെന്നതും നിതീഷിന് വെല്ലുവിളിയാകും.


കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം കിട്ടിയതിന് ശേഷം നടന്ന മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അതുവരെ സഖ്യത്തിലെ മുഖ്യകക്ഷിയായിരുന്ന ശിവസേനയെ വീട്ടില്‍ നിന്ന് തൊഴുത്തിലേക്ക് മാറ്റിക്കെട്ടാന്‍ ബി ജെ പിക്ക് പ്രയാസമൊന്നുമുണ്ടായില്ലെന്നത് നിതീഷിന് ഇപ്പോഴേ പഠിച്ചുവെക്കാം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ വലിയ അധികാരമൊന്നുമില്ലാത്ത രണ്ടാംകക്ഷിയായ ശിവസേനയെ, എങ്ങനെയാണ് ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതും ഓര്‍ത്തുവെക്കാം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷിന്റെയും ജെ ഡി (യു) വിന്റെയും മേല്‍ക്കോയ്മ ഇല്ലാതാക്കാന്‍ ബി ജെ പി ശ്രമം തുടങ്ങും. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ അവരത് പൂര്‍ത്തിയാക്കുകയും ചെയ്യും. പശുവിന് കൂടാരത്തില്‍ തല കടത്താന്‍ അനുവാദം നല്‍കിയ ബീഹാറി, പശു കൂടാരം കൈയടക്കിയതുകണ്ട്  'സന്തോഷം' പ്രകടിപ്പിച്ച് നിസ്സഹായനായി പുറത്തുനില്‍ക്കുന്ന കാഴ്ച അധികം ദൂരെയല്ല.


പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ ഉയര്‍ത്തിക്കാട്ടാന്‍ പാകത്തില്‍ വലുപ്പമാര്‍ജിച്ച, പ്രധാനമന്ത്രി പദം മോഹിക്കുന്നതില്‍ എന്താണ് തെറ്റെന്ന് പരസ്യമായി ചോദിച്ച, നിതീഷ്‌കുമാര്‍, കുഴി കുഴിക്കുകയാണ്, സ്വയം വീഴാന്‍. നിതീഷിനൊപ്പം ജെ ഡി (യു) എന്ന പാര്‍ട്ടി കൂടി ഇല്ലാതാകും. ദീര്‍ഘനാളത്തെ ബി ജെ പി ബാന്ധവം, ആ പാര്‍ട്ടിയിലെ അണികളെ സംഘ് ശീലങ്ങള്‍ പരിചയിക്കാന്‍ സഹായിച്ചിട്ടുണ്ട്. അവര്‍ക്ക് ജെ ഡി (യു)വില്‍ നിന്ന് ബി ജെ പിയിലേക്കുള്ള മാറ്റം നിതീഷിന് ഇന്നലെ ഉറങ്ങി ഇന്ന് എഴുന്നേറ്റപ്പോഴുണ്ടായ മാറ്റത്തേക്കാള്‍ എളുപ്പമായിരിക്കും.


വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതിപക്ഷ ഐക്യനിര എന്ന സങ്കല്‍പ്പത്തിന് ശേഷിച്ചിരുന്ന വിശ്വാസ്യത കൂടി ഇല്ലാതാക്കി എന്നതാണ് ഈ തീരുമാനത്തിലൂടെ നിതീഷ് ഇന്ത്യന്‍ യൂണിയനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. ഇത്തരം സഖ്യങ്ങള്‍ ഈടില്ലാത്തവയാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍, ഭാവിയില്‍ ഇത്തരം സഖ്യങ്ങളുടെ സാധ്യത പോലും ഇല്ലാതാക്കുകയാണ്. അതിനെ നേരിടാനും വിശ്വാസമാര്‍ജിക്കാവുന്ന ഐക്യനിരയുണ്ടാക്കാനും തത്കാലം ആര്‍ക്കും ത്രാണിയില്ലെന്നതാണ് യാഥാര്‍ഥ്യം.


'ഒന്നിന് പിറകെ ഒന്നായി തുടച്ചു നീക്കൂ എന്നാണ് നിങ്ങള്‍ (നരേന്ദ്ര മോദി) ജനങ്ങളോട് പറയുന്നത്' എന്ന് 2013ല്‍ പറഞ്ഞ നിതീഷ് തുടച്ചുനീക്കപ്പെടാന്‍ കഴുത്ത് നീട്ടിക്കൊടുക്കുകയാണ് ഞാനും എന്റെ പാര്‍ട്ടിയും എന്നാണ് ഇപ്പോള്‍ പറയുന്നത്. മോദി കാലത്ത് ഫാസിസത്തിന്റെ ഭാഷയാണ് ജനാധിപത്യത്തില്‍ ഫലം കാണുക എന്ന് തിരിച്ചറിഞ്ഞുകൊണ്ട്.

No comments:

Post a Comment