2017-10-23

സര്‍വം ശിവമ(ാ)യം!


കൊളീജിയറ്റ് ചര്‍ച്ച് ഓഫ് സെന്റ് പീറ്റര്‍ എന്ന വെസ്റ്റ്മിനിസ്റ്റര്‍ ആബെ ലോകത്തെ തന്നെ പ്രധാനപ്പെട്ട മത കേന്ദ്രങ്ങളില്‍ ഒന്നാണ്. കത്തോലിക്ക സഭയുടെ ഈ പള്ളിയില്‍ ആരാധന പത്താം നൂറ്റാണ്ടില്‍ ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രം. മതത്തെ സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമല്ല, ബ്രീട്ടന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളിലും പ്രാമുഖ്യമുണ്ട് വെസ്റ്റ്മിനിസ്റ്റര്‍ ആബെയ്ക്ക്. പരിഷ്‌കൃത ജനാധിപത്യത്തിലും രാജാധികാരത്തിന് സ്ഥാനമുള്ള ബ്രിട്ടനില്‍, കിരീടധാരണച്ചടങ്ങില്‍ ഈ പള്ളിക്കും പങ്കുണ്ട്. ഹെന്‍ട്രി ഏഴാമന്‍ സ്ഥാപിച്ച ഈ സുപ്രസിദ്ധ മതകേന്ദ്രം മുമ്പൊരു ശിവ ക്ഷേത്രമായിരുന്നുവെന്ന് ആരെങ്കിലും വാദിക്കുമോ? ഹിന്ദുത്വ ഏഴുത്തുകാരനായിരുന്ന പുരുഷോത്തം നാഗേഷ് ഓക് വാദിച്ച് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് ഇതായിരുന്നു.


ഇറ്റലി ഒരു കാലത്ത് ഹിന്ദുക്കളുടെ അധീശത്വത്തിലായിരുന്നുവെന്നും വത്തിക്കാന്‍ സിറ്റി, വേദകാലത്തെ സൃഷ്ടിയിരുന്നുവെന്നും കത്തോലിക്കരുടെ പരമോന്നത ആത്മീയ നേതാവായ മാര്‍പ്പാപ്പ, യഥാര്‍ഥത്തില്‍ വേദ നിര്‍വചനങ്ങളനുസരിച്ചുള്ള പുരോഹിതനാണെന്നും അദ്ദേഹം വാദിച്ചു. മക്കയിലെ കഅ്ബക്കു മേലുമുണ്ടായിരുന്നു ഓകിന്റെ അവകാശവാദം. കഅ്ബ യഥാര്‍ഥത്തില്‍ ശിവലിംഗമായിരുന്നുവെന്നാണ് ഓക് സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും ഹിന്ദു മതത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന വിശാലമായ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ വാദങ്ങള്‍.


യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതും കാലഗണനയോട് ചേരാത്തതുമായ കാര്യങ്ങള്‍ ആലോചിക്കുന്നതിനും അതിന് തെളിവെന്ന പേരില്‍ അബദ്ധങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള അവകാശത്തെ ചോദ്യംചെയ്യുന്നില്ല. പക്ഷേ, അതൊക്കെ വസ്തുതകളാണെന്ന മട്ടില്‍ പിന്നീട് അവതരിപ്പിക്കപ്പെടുകയും അധികാര സ്ഥാപനത്തിനും ചില വിഭാഗങ്ങളെ നിഷ്‌കാസനം ചെയ്യാനുമുള്ള ആയുധങ്ങളായി ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഗൗരവം കൈവരും. അതൊരുപക്ഷേ, ആസൂത്രിതവും സംഘടിതവുമായി നടക്കുന്നത് ഇന്ത്യന്‍ യൂനിയനിലാണ്. ചരിത്രത്തെ, വിശ്വാസം കൊണ്ട് ആദേശം ചെയ്ത്, അജണ്ടകള്‍ നിര്‍മിച്ചെടുക്കുന്നത് ഹ്രസ്വ - ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ്. അതിന് തെളിവാണ് ബാബ്‌രി മസ്ജിദ്.


മുംതാസിനോടുള്ള പ്രണയത്തിന്റെ സ്മാരകമായി മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതാണ് താജ് മഹല്‍ എന്നതായിരുന്നു പഠിച്ചുവന്ന ലളിതമായ ചരിത്രം. ലോക മഹാത്ഭുതങ്ങളിലൊന്നാണ് ഈ അത്യപൂര്‍വ നിര്‍മാണമെന്നും. ചക്രവര്‍ത്തിയെന്ന അധികാര സ്വരൂപത്തെയും അദ്ദേഹത്തിന്റെ പ്രണയത്തെയുമല്ല, വിയര്‍പ്പൊഴുക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത ആയിരക്കണക്കിന് തൊഴിലാളികളെയാണ് താജ് മഹല്‍ ഓര്‍മിപ്പിക്കേണ്ടത് എന്ന് വിദ്യാര്‍ഥി രാഷ്ട്രീയ കാലത്ത് വര്‍ഗ വിശകലനം കേട്ടു. ഇന്നിപ്പോള്‍ താജ് മഹല്‍, തേജോ മഹാലയ എന്ന ശിവ ക്ഷേത്രമായിരുന്നുവെന്ന വാദത്തിന് ഊര്‍ജം നല്‍കാനുള്ള ശ്രമം നടക്കുകയാണ്. പുരുഷോത്തം നാഗേഷ് ഓക് തന്നെയാണ് ഈ വാദം ആദ്യം ഉന്നയിച്ച വ്യക്തികളില്‍ ഒരാള്‍. ജയ്പൂര്‍ രാജാവായിരുന്ന ജയ് സിംഗില്‍ നിന്ന് തേജോ മഹാലയം, ഷാജഹാന്‍ സ്വന്തമാക്കുകയും മുംതാസിന്റെ ഖബറിടമാക്കുകയും ചെയ്തുവെന്നാണ് ഓക് വിവരിച്ചത്. ക്ഷേത്രങ്ങളും ഹിന്ദു രാജാക്കന്‍മാരുടെ കൈവശമുണ്ടായിരുന്ന കൊട്ടാരങ്ങളും കൈയടക്കി ഖബറിടങ്ങളാക്കി മാറ്റുക എന്നത് മുസ്‌ലിം രാജാക്കന്‍മാരുടെ രീതിയായിരുന്നുവെന്നും ഓക് പറഞ്ഞുവെച്ചു.


ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിലെ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ, സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ് മഹല്‍ ഒഴിവാക്കപ്പെട്ടപ്പോഴാണ് ഇതേച്ചൊല്ലിയുള്ള ആദ്യത്തെ തര്‍ക്കമുയര്‍ന്നത്. ഉദ്യോഗസ്ഥ തലത്തിലുണ്ടായ നോട്ടക്കുറവ് എന്ന് ഇത് വിശദീകരിക്കപ്പെട്ടു. 'അധിനിവേശ മുഗളന്‍'മാരുടെ നിര്‍മാണങ്ങളെ സംരക്ഷിക്കേണ്ടതില്ലെന്നും സംരക്ഷിക്കപ്പെടേണ്ടത് ഹിന്ദു രാജാക്കന്‍മാരുടെ നിര്‍മാണങ്ങളാണെന്നുമുള്ള വാദം ബി ജെ പിയില്‍ നിന്നും സംഘ്പരിവാറിലെ ഇതര സംഘടനകളില്‍ നിന്നുമുയര്‍ന്നതോടെ ഒഴിവാക്കല്‍ സംഘ പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമായി. ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചയാളാണ് ഷാജഹാനെന്നും അതിനാല്‍ താജ് മഹലിന് സര്‍ക്കാര്‍ ഫണ്ട് നല്‍കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ട് ബി ജെ പി നേതാവും ഉത്തര്‍ പ്രദേശ് നിയമസഭാംഗവുമായ സംഗീത് സോം രംഗത്തുവരികയും ചെയ്തു. 2013ല്‍ ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിലും അത് വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ചയാളാണ് സംഗീത് സോം.


ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോയി വെച്ച്, രാമക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമം നടന്നതിനൊപ്പം കോടതി വ്യവഹാരവും തുടങ്ങിയിരുന്നു. ആ കേസിലെ ആദ്യത്തെ വാദി ശിശുവായ ശ്രീരാമന്‍. താജ്മഹലിന്റെ കാര്യത്തിലും വ്യവഹാര സാധ്യതകള്‍ പരതുന്നുണ്ട് സംഘ ബന്ധുക്കള്‍. ഇത്തരം ഹരജികള്‍ നിരുത്സാഹപ്പെടുത്തുകയാണ് ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും സുപ്രീം കോടതിയും മുന്‍കാലത്ത് ചെയ്തത്. എന്നാല്‍ ആഗ്രയിലെ വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി, സംഗതി സജീവമാക്കി നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. 2015ല്‍ ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹരജി തള്ളിപ്പോയിരുന്നു. ഇപ്പോള്‍ മറ്റൊരു കോടതിയില്‍ ഹരജി നിലവിലുണ്ട്. ഓകിന്റെ വാദങ്ങള്‍ തന്നെയാണ് ഹരജികളുടെ ഉള്ളടക്കം.


ഈ വാദങ്ങളെ പരോക്ഷമായി പിന്തുണക്കും വിധത്തില്‍ ചില ചരിത്രകാരന്‍മാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. 'താജ് മഹലിരിക്കുന്ന സ്ഥലം ജയ് സിംഗില്‍ നിന്ന് ഷാജഹാന്‍ വാങ്ങിയതാണെന്നത് വസ്തുതയാണ്. ഇതിന് പകരം സ്ഥലം നല്‍കിയിരുന്നു. പക്ഷേ, അവിടെ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന വാദം വിശ്വസനീയമല്ല. പക്ഷേ, ഹിന്ദു രാജാക്കന്‍മാരുടെ കൊട്ടാരങ്ങളോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ ഉണ്ടാകാറുണ്ട്. അങ്ങനെ എന്തെങ്കിലും ഇവിടെയുമുണ്ടായിട്ടുണ്ടാകാം.' എന്നിങ്ങനെയാണ് ചില ചരിത്രകാരന്‍മാരുടെ അഭിപ്രായം. പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ വാദത്തെ തള്ളുന്നുവെന്ന് തോന്നുമെങ്കിലും അറിഞ്ഞോ അറിയാതെയോ പരോക്ഷമായി അതിനെ തുണയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്,


2015ല്‍ ആഗ്ര കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ട സമയത്ത് ബി ജെ പിയുടെ ഉത്തര്‍ പ്രദേശ് ഘടകം പ്രസിഡന്റായിരുന്ന ലക്ഷ്മികാന്ത് ബാജ്‌പേയി, തേജോ മഹാലയത്തിന്റെ കഥയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്രത്തോളം പ്രചാരം അന്ന് ലഭിച്ചിരുന്നില്ല. ഓരോ തവണയും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നുണ്ട് എന്നതൊരു അപായ സൂചനയാണ്. ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ദശകങ്ങളെടുത്ത് സാധിച്ചത്, ആശയ വിനിമയത്തിന്റെ പുതിയ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ വര്‍ഷങ്ങള്‍ കൊണ്ട് സാധിക്കാന്‍ സംഘ്പരിവാരത്തിന് കഴിഞ്ഞേക്കും. ശിവക്ഷേത്രമുണ്ടായിരുന്നോ എന്ന് പുരാവസ്തു ഗവേഷണ വകുപ്പ് പരിശോധിക്കട്ടെ എന്ന് ഏതെങ്കിലുമൊരു കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവ് നേടാന്‍ സാധിച്ചാല്‍, കെട്ടുകഥകള്‍ക്ക് വിശ്വാസ്യതയുടെ ആവരണം ചാര്‍ത്താന്‍ അവസരമൊരുങ്ങും.


ഇപ്പോഴത്തെ തര്‍ക്കങ്ങളോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. തീവ്ര നിലപാടുകളെ തള്ളിക്കളയുന്നതാണ് ഈ പ്രസ്താവനകളെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുക. ഇന്ത്യക്കാര്‍ നിര്‍മിച്ച താജ് മഹല്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ചരിത്രത്തിലുള്ള സംശയം നിലനിര്‍ത്തുന്നു യോഗി. സ്വന്തം ചരിത്രത്തിലും സംസ്‌കാരത്തിലും അഭിമാനം തോന്നാതെ രാജ്യത്തിന് മുന്നേറാനാകില്ലെന്നും ആ വിശ്വാസമില്ലാതായാല്‍ വ്യക്തിത്വം നഷ്ടപ്പെടുമെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. ഏത് ചരിത്രത്തിലും സംസ്‌കാരത്തിലുമാണ് അഭിമാനം തോന്നേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല അദ്ദേഹം. അവിശ്വാസ്യതയുടെ അന്തരീക്ഷം സൃഷ്ടിക്കും വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന് ആരോടും പറയുന്നില്ല രണ്ട് ഭരണാധികാരികളും. മുഗള്‍ രാജാവായ ഷാജഹാനാണ് താജ് മഹല്‍ നിര്‍മിച്ചത് എന്ന ചരിത്ര വസ്തുതയാണ് തങ്ങള്‍ അംഗീകരിക്കുന്നത് എന്നും പറയുന്നില്ല. അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അവസരം തുറന്നിട്ടു കൊണ്ട്, ഔപചാരിക ഭാഷണം നടത്തുകയാണ് ഭരണാധികാരികള്‍.


ഹൈദരാബാദിലെ ചാര്‍മിനാറിന്റെ കാര്യം ഇവിടെ ഓര്‍ക്കണം. രാജ്യത്തെ ഗ്രസിച്ച പ്ലേഗ് ഒഴിഞ്ഞുപോയതിന്റെ സന്തോഷത്തില്‍ മുഹമ്മദ് ഖുലി ഖുത്തബ് ഷാ, 1591ല്‍ സ്ഥാപിച്ച ചാര്‍മിനാറിനോട് ചേര്‍ന്ന് ഭാഗ്യലക്ഷ്മി ക്ഷേത്രമുണ്ടെന്ന വാദം 1979ലാണ് ആദ്യമായി സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. മസ്ജിദും മദ്‌റസയുമൊക്കെ പ്രവര്‍ത്തിക്കുന്ന ചാര്‍മിനാറിനോട് ചേര്‍ന്ന് ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ നടന്ന ശ്രമം ചോദ്യം ചെയ്യപ്പെട്ടതായിരുന്നു സംഘര്‍ഷത്തിന്റെ കാരണം. അന്നോളം അങ്ങനെയൊരു ക്ഷേത്രത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു ചരിത്ര രേഖയിലും അങ്ങനെയൊന്നിനെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ചാര്‍മിനാറിനോട് ചേര്‍ന്നൊരു ക്ഷേത്രമുണ്ടെന്ന വാദമുയര്‍ത്തിയാല്‍, മറ്റൊരു പ്ലേഗിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയവരുടെ ഗൂഢ തന്ത്രം, പഴയ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ നടപ്പാക്കപ്പെട്ടു, അവിടെയൊരു താത്കാലിക ക്ഷേത്രമുണ്ടായി. താത്കാലിക ക്ഷേത്രത്തിന് മേല്‍ക്കൂര പണിയാന്‍ ഏതാനും വര്‍ഷം മുമ്പ് ശ്രമമുണ്ടായപ്പോള്‍ വര്‍ഗീയ കാലുഷ്യം വീണ്ടും സൃഷ്ടിക്കപ്പെട്ടു. എപ്പോള്‍ വേണമെങ്കിലും പുണ്ണാക്കാവുന്ന മുറിവായി അതവിടെ നില്‍ക്കുന്നു.


പുണ്ണാക്കി മാറ്റാവുന്ന മുറിവുകള്‍ കൂടുതലുണ്ടാക്കുക എന്നതാണ് സംഘപരിവാരത്തിന്റെ ഉദ്ദേശ്യം. അതിലേക്ക് താജ് മഹലിനെക്കൂടി കൊണ്ടുവരാനുള്ള ശ്രമം കുറേക്കൂടി ഊര്‍ജിതമായിരിക്കുന്നു, ഉത്തര്‍ പ്രദേശില്‍ വലിയ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തിയ സാഹചര്യത്തില്‍. നിലനിന്നിരുന്ന സംസ്‌കൃതിയെയും അതിന്റെ പ്രതീകങ്ങളെയും നശിപ്പിച്ചവരുടെ പിന്‍മുറക്കാരാണ് രാജ്യത്തെ മുസ്‌ലിംകളെന്ന് പ്രചരിപ്പിക്കാന്‍ പുതിയൊരു ആയുധം. ഹൈന്ദവ പാരമ്പര്യത്തിന്റെ തുടര്‍ച്ച മാത്രമേ രാജ്യത്തുള്ളൂവെന്ന് വരുത്തി, ഏകധ്രുവ സമൂഹമെന്ന സങ്കല്‍പ്പത്തിന് ന്യായം തീര്‍ക്കാനുള്ള ഉപായം.

No comments:

Post a Comment